ADVERTISEMENT

കമ്രാംഗി (കഥ)

രായിപ്പെണ്ണിന്റെ കല്യാണം ഒരു കഥയാണ്. വെള്ളിയാങ്കല്ല് ദേശത്തെ നടുക്കിയ കഥ ! കരപ്പറമ്പിനോടു ചേർന്നു നിൽക്കുന്ന മാടപ്പുരകളിലെ സ്ത്രീകളെ അത്ഭുത സ്തബ്ധരാക്കിയ കഥ ! തച്ചിച്ചി പത്മത്തിന് പറഞ്ഞു ചിരിക്കുവാനുള്ള കഥ !

ഒടുവിൽ മണവാളന്റെയും മണവാട്ടിയുടെയും കുടിവരവിൽ രായിപ്പെണ്ണ് ഏറെ കമ്രാംഗിയുമായ കഥ !

 

ഇതിലേതാണ് ആദ്യം എഴുതേണ്ടത് ?

 

വെള്ളിയാങ്കല്ല് ദേശം നടുങ്ങിയ കഥ തന്നെ ആദ്യം പറയാം.

 

കാടോടിയായിരുന്ന കൂരൻ കുറുഞ്ഞി മലയിലുള്ള കൊടുങ്കാട്ടിലാണ് മാടം കെട്ടി ജീവിച്ചിരുന്നത്. കൂരന്റെ ദേശം ഏതെന്നോ, കൂരന്റപ്പനും അമ്മയും ആരെന്നോ ആർക്കുമറിയില്ല. കൂരനുമറിയില്ലെന്നുള്ളതാണ് വിചിത്രം !

 

വന്യമൃഗങ്ങളുമായി ഇണങ്ങിച്ചേർന്നതായിരുന്നു ജീവിത രീതി എന്നാണ് കേട്ടുകേൾവി. വെള്ളിയാങ്കല്ല് ദേശത്തുള്ളവർ, ചുവന്ന കണ്ണുകളും നീണ്ട മരക്കൊമ്പുകൾ പോലെയുള്ള ബാഹുക്കളും പച്ചിരുമ്പിന്റെ ശരീര ബലവും ഉറച്ച മാംസപേശിയുമുള്ള കൂരനെ കാട്ടുജന്തുവിനോടുപമിക്കാറുണ്ടായിരുന്നു. കുറിയവനെങ്കിലും കണ്ടാൽ ഭയം തോന്നുമായിരുന്നത്രേ ! കൂരന്റെ വേഷം പുലിത്തോൽ ആയിരുന്നുവെന്നതാണ് അത്യാശ്ചര്യം! 

 

മൂന്നു മാസത്തിലൊരിക്കൽ അയാൾ വെള്ളിയാങ്കല്ല് ഗ്രാമത്തിലെത്തും. കണിയാരം കുളത്തിൽ മുങ്ങി നിവർന്ന് വീണ്ടും മലയിലേക്ക് ഒരു പോക്കു പോകുമത്രെ. വേട്ടയാടി പിടിച്ച കാട്ടുപന്നി, മുയൽ തുടങ്ങിയ മൃഗങ്ങളുടെ മാംസവും കുറുഞ്ഞി മലയിലെ കായ്കനികളും ഭക്ഷിക്കാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  വായ്മൊഴിയായി പ്രചരിച്ച കൂരന്റെ കഥയിൽ കുറച്ചൊക്കെ അതിശയോക്തി കലർന്നിട്ടുണ്ടാവാം. അയാൾ പുലിത്തോൽ ധരിച്ച് ചൂടും തണുപ്പും അകറ്റി, കാട്ടരുവികളിലെ വെള്ളം കുടിച്ച് ദാഹം ശമിപ്പിച്ചു. 

 

 

ഒരിക്കൽ കൂരൻ, കണിയാരം കുളത്തിൽ മുങ്ങി നിവർന്നപ്പോൾ കുളത്തിനു നടുവിൽ സുന്ദരിയായ വനദേവത പ്രത്യക്ഷപ്പെട്ടുവത്രെ! അടുത്തു പോയി വനദേവതയെ തൊട്ടപ്പോൾ ദേവത അതീവ സുന്ദരിയായി കൂരന് തോന്നി. കൊടുങ്കാട്ടിൽ തനിക്ക് കൂട്ടായി ദേവതയെ കിട്ടിയാൽ നന്നെന്നു കരുതി കുളത്തിന്റെ നടുവിൽ വിടർന്ന ആ സുന്ദരിയേയും ചുമന്ന് അയാൾ മലയിലേക്കു കയറി.

 

ചെള്ളിയുടെയും പേച്ചിയുടെയും മകൾ മനോഹരിയായ രായിപ്പെണ്ണിനെ കാണാതായ വാർത്ത വെള്ളിയാങ്കല്ല് ദേശത്ത് കാട്ടുതീ പോലെ പരന്നു. നാടായ നാടും കാടായ കാടും തിരഞ്ഞു. രായിപ്പെണ്ണിന്റെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞില്ല.

 

വീട്ടുകാരും നാട്ടുകാരും മടുത്ത് തിരച്ചിൽ നിർത്തി.

 

പിന്നീട് കൂരൻ മൂന്നു മാസത്തിനു ശേഷം കണിയാരം കുളത്തിൽ കുളിക്കാനെത്തി. ചുവന്നുതുടുത്ത് കമ്രാംഗിയായ രായിപ്പെണ്ണും ഒപ്പമുണ്ടായിരുന്നു. ശോഭനങ്ങളായ അവയവങ്ങളെ അവൾ മാൻ തോലണിഞ്ഞ് മറച്ചിരുന്നു. വെള്ളിയാങ്കല്ല് ദേശം നടുങ്ങി .

 

കരപ്പറമ്പിനോടു ചേർന്നുള്ള മാടപ്പുരകളിലെ പെണ്ണുങ്ങൾ കണിയാരം കുളത്തിലേക്ക് പാഞ്ഞു. കുടിവഴക്ക് നിത്യസംഭവമാക്കിയ പേച്ചിയുടെ അഴകുണ്ടായിരുന്ന മകൾ രായിപ്പെണ്ണിന്റെ അവസ്ഥ കാണാൻ കരപ്പറമ്പിലെ പെണ്ണുങ്ങൾക്ക് ആക്രാന്തമായി.  കുളത്തിന്റെ കരയിൽ പുലിത്തോലണിഞ്ഞ കൂരനും മാൻതോലണിഞ്ഞ ഭംഗിയുള്ള രായിപ്പെണ്ണും ! കാട്ടിൽ പൊറുത്തിട്ടും രായിപ്പെണ്ണിന്റെ അഴക് ഒട്ടും കുറഞ്ഞിരുന്നില്ല! മാടപ്പുരകളിലെ സ്ത്രീകൾ അത്ഭുതപരതന്ത്രരായി ! എന്നാലും പെണ്ണിന്റെ ഒരു ചന്തം!

 

വാർത്ത കേട്ട് തച്ചിച്ചി പത്മം തത്രപ്പെട്ട് കണിയാരം കുളക്കരയിലെത്തി. മാൻ തോലണിഞ്ഞ രായിപ്പെണ്ണ്. പേച്ചിയുടെ സന്തതിയല്ലേ ? ഇതും ഇതിലപ്പുറവും വേണം.

 

തച്ചിച്ചി പത്മത്തിന്റെ വട്ടക്കണ്ണുകളും മലച്ച ചുണ്ടും കണ്ട് പേച്ചി ഒരു ദിവസം പരിഹസിച്ച് ചിരിച്ചത്രെ! അങ്ങനെ പുലിത്തോലണിഞ്ഞ കാടൻ കൂരൻ രായിപെണ്ണിനെയും കൊണ്ട് നടക്കുന്ന കഥ പത്മത്തിന് പറഞ്ഞു ചിരിക്കുവാനുള്ള വകയുമായി.

 

അക്കാലത്ത് വെള്ളിയാങ്കല്ല് ദേശത്ത് വന്ന് താമസമാക്കിയ ശരവണനും വടിവേലുവും നാട്ടിലെ എല്ലാവർക്കും വേണ്ടപ്പെട്ടവരായിത്തീർന്നിരുന്നു.

 

രായിപ്പെണ്ണിനേയും അപരിഷ്കൃതനായ കൂരനേയും പേച്ചിയുടെ കുടിയിലേക്കാനയിക്കാൻ ആരും തയ്യാറായില്ല. ചെള്ളിയും പേച്ചിയും മകളെ കാണാൻ കുളക്കരയിൽ വന്നില്ല. എന്തായാലും ഒന്നിച്ചു ജീവിച്ചു. ഇനി കൂരയിൽ കയറ്റണം. 

 

ചെള്ളി ശരവണനെ കൂവി. ശരവണൻ വടിവേലുവിനേയും.

 

ശരവണനും വടിവേലുവും ആളുകൾക്കിടയിലൂടെ ഊർന്ന് രായിപ്പെണ്ണിന്റേം കൂരന്റേം അടുത്തെത്തി. അറിയിച്ചു.

‘‘അപ്പനും തള്ളേം കൂരയിൽ കാത്തിരിക്കണ്... ’’

 

ശരവണനും വടിവേലുവും അന്ന് രായിപെണ്ണിന്റെയും കൂരന്റെയും കുടിവരവിൽ ഒത്തുചേർന്നു.

 

രായിപ്പെണ്ണ് കുടിയിലെത്തി പേച്ചിയുടെ ചുവന്ന പുടവ ചുറ്റി കൂടുതൽ കമ്രാംഗിയായി. കൂരൻ ചെള്ളിയുടെ മുണ്ടുടുത്ത് നാട്ടുവാസിയുമായി.

 

 

കമ്രാംഗി രായിപ്പെണ്ണിന്റെയും കാടോടി കൂരന്റെയും വെള്ളിയാങ്കല്ല് ദേശത്തിന്റെയും കഥ കേട്ടില്ലേ ?

 

English Summary: Kamrangi, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com