ADVERTISEMENT

മേരി തോമസ്സിനോടുള്ള പ്രതികാരം 2 (കഥ)

 

ഒരു ഞാറാഴ്ച രാത്രി പത്ത് ഇരുപത്തി നാലിന് ഞാൻ ഫോണെടുത്ത് നോക്കിയപ്പോഴാ ഹരിയുടെ പതിനാല് മിസ്ഡ് കാൾസ് കണ്ടത്... തിരിച്ചു വിളച്ചപ്പോ ഒറ്റ റിംഗിൽ അവൻ ഫോണെടുത്തു. ഇങ്ങോട്ട് തിരിച്ച് ഹലോ പോലും പറയാതെ ഹരി കാര്യം പറഞ്ഞു തുടങ്ങി. ‘‘എടാ, എന്നാലും ഞാൻ അന്ന് അവളോട് അങ്ങനെ ഒന്നും സംസാരിക്കണ്ടായിരുന്നല്ലേ ... ശ്ശേ! ഇനി അവൾടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും. മാങ്ങ പറിക്കാൻ പ്ലാവിൽ കയറിയവന് മാങ്ങാണ്ടി കിട്ടിയ അവസ്ഥയാ..!. എല്ലാത്തിനും കാരണം ആ ചങ്ങല മാടൻ ചന്ദ്രബോസാ ... പാവം, എന്റെ മേരിയേ ഞാൻ തെറ്റിധരിച്ചൂ ... അവള് പാവ്വാ..‘‘

 

ഞാൻ- ‘‘എടാ, കാര്യം ഇനി വർക്ക് ഔട്ട് ആവൂന്ന് എനിക്ക് തോന്നുന്നില്ല... ഇത് വിടുന്നതാ ബുദ്ധി.’’

ഹരി- ‘‘നീ പറയുന്നതും ശരിയാ... സാധാരാണ ക്ലീഷേ വഴികൾ നോക്കീട്ട് ഇനി കാര്യമില്ല.. അവളുടെ ഹൃദയത്തിൽ എന്നെ പ്രതിഷ്ഠിക്കാനുള്ള ഒരു സൈക്കോളജിക്കൽ ഐഡിയ എന്റടുത്ത് ഉണ്ട് ... ഇത് കൊളുത്തും ഉറപ്പാ .’’

ഞാൻ- ഹേ ..എന്ത് ഐഡിയാ..?.

ഹരി- ‘‘അതൊക്കെ ഉണ്ട് .... നീ ആ ഒഴുക്കിൽ അറിഞ്ഞാ മതി..’’

രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടുള്ള ഒരു ദിവസം... ഞാനും ഹരിയും ട്യൂഷൻ ക്ലാസ്സിൽ പതിവ് പോലെ താമസ്സിച്ചെത്തിയപ്പോഴാ ഞങ്ങൾ ആ കാഴ്ച്ച കണ്ടേ ...

മേരി തോമസ്സിന്റ ചുറ്റും എല്ലാവരും കൂടി നിൽക്കുന്നു...

 

അടുത്ത് ചെന്ന് നോക്കിയപ്പോഴാ ഞങ്ങൾ ഞട്ടിയത്... മേരി തോമസ്സ് കരയുന്നു... കണ്ണീർപാടം എന്ന മെഗാ ഹിറ്റ് സീരിയലിന്റെ മുഴുവൻ എപ്പിസോട്‌സും കണ്ടു തീർത്ത എന്റെ അമ്മൂമ്മ പോലും ഇത്രയും കരിഞ്ഞിട്ടില്ല... അമ്മാതിരി കരച്ചൽ..! ആ കാഴ്ച്ച കണ്ടത്തോടെ സംഭവം എന്തോ സീരിയസാന്ന് മനസ്സിലായി... രണ്ടു മിനിറ്റ് കഴിഞ്ഞാ എന്താ കാര്യമെന്ന്  അറിഞ്ഞേ... മേരി തോമസ്സിന്റ ഫിസിക്സ് നോട്ട് ബുക്ക് കാൺമാനില്ല... എല്ലാ പരീക്ഷക്കും ഉണ്ടയും  മൈനസ് മാർക്കും വാങ്ങുന്ന സെന്നിസ് അവളുടെ കരച്ചൽ കണ്ടിട്ട് മറിഞ്ഞ് കിടന്ന് ചിരിക്കുവായിരുന്നു...                 

 

സ്വന്തം അപ്പച്ചനെ പുന്നപ്പുറം തോട്ടിൽ  കളഞ്ഞാലും മേരി തോമസ്സ് തന്റെ ഫിസിക്സ്  നോട്ട് എവിടെയും കൊണ്ട് കളയില്ലാന്ന് എല്ലാവർക്കും അറിയായിരുന്നു... ‘‘എന്റ ബുക്ക് ആരോ കട്ടതാ..’’ മേരി തോമസ്സ് അലറി കൊണ്ട് പറഞ്ഞു... ഒരു കാര്യം ഉറപ്പായിരുന്നു.. എന്നേലും കട്ട ആളെ മേരി തോമസ്സിന്റ കൈയിൽ കിട്ടുവാണേൽ അയാളെ തട്ടികളയാൻ പോലും അവൾ മടിക്കില്ലാന്ന്.... അവളുടെ കരിച്ചലിന്റ ശബ്ദം കേട്ട് കെമസ്ട്രി ലാബിന്റ അരികിലെ ഫിഷ് ടാങ്കിലേ മീനുകൾക്ക് തീറ്റ കൊടുത്തു കൊണ്ടിരുന്ന ശ്രീ. ചന്ദ്രബോസ് സാർ ഓടി പിടിച്ച് ഞങ്ങടെ ക്ലാസ്സിലേക്ക് വന്നു... കാര്യം അറഞ്ഞ പാടേ അദ്ദേഹം എല്ലാരോടുമായി പറഞ്ഞു ‘‘മേരി തോമസ്സിന്റ ബുക്ക് എടുത്തത് ആരാണെങ്കിലും എത്രയും വേഗം തിരിച്ച് കൊടുത്തേക്കണം... പിന്നെ, ഈ മാസത്തെ ഫീസ് തരാത്തവരും എത്രയും വേഗം എന്റടുത്ത് കൊണ്ട് തന്നേക്കണം..’’ ഇത്രയും പറഞ്ഞ് ശ്രീ ചന്ദ്രബോസ് സാറ് സ്ഥലം കാലിയാക്കി..

 

അന്നത്തെ ക്ലാസ്സ് കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോൾ ഹരി പെട്ടന്ന് പൊട്ടി ചിരിച്ചു... ഞാൻ-  ‘‘എന്താടാ ... ?’’

ഹരി- ‘‘എങ്ങനെയുണ്ട് ...സംഭവം ഏറ്റല്ലേ .?.’’

ഞാൻ- ‘‘എന്ത്?’’

ഹരി- ‘‘എടാ, തോമസ്സ് മേരിയുടെ നോട്ട് ബുക്ക് കട്ടത് ഞാനാ’’

ഞാൻ- ‘‘നീയോ !!! എടാ നീ എന്നോതിന്നാ അവൾടെ ബുക്ക് കട്ടേ?’’

ഹരി- ‘‘പ്ലാൻ ... മാസ്റ്റർ പ്ലാൻ ... എന്റെ മേക്സിമം ഐ ക്യൂ ലെവൽ ഉപ്പയോഗിച്ച് ഞാൻ സ്വയം തയ്യാറാക്കിയ പ്ലാൻ..’’

ഞാൻ- ‘‘എന്ത് പ്ലാൻ?’’

ഹരി- ‘‘എടാ .... അവൾടെ ഞാൻ കട്ടെടുത്ത ആ ഫിസിക്സ് നോട്ടിനു പകരം ഞാൻ തന്നേ  പുതിയ ഒരു നോട്ട്ബുക്ക് വാങ്ങി എല്ലാ പാഠത്തിന്റ നോട്ട്സും എഴുത്തി കംബ്ലീറ്റ് ചെയ്ത് അവൾക്ക് ഗിഫ്റ്റായി കൊണ്ടുകൊടുക്കുന്നു... അവൾടെ വേദന മനസ്സിലാക്കി അവൾക്കായി സമയമെടുത്ത് ഇത്രയും കഷ്ടപ്പെട്ട് ഒരു സഹായം ചെയ്ത എന്നോട് അവൾക്ക്  സ്വാഭാവികമായി  ഇഷ്ടം  തോന്നുന്നു... എങ്ങനെയുണ്ട്?.’’

ഇത് കേട്ടപ്പോൾ ഷാജിപാപ്പന്റെ ഡയലോഗാ ഓർമ്മ വന്നേ ‘‘നിന്നേ കൊണ്ട് ഇതൊകെ എങ്ങനെ സാധിക്കുന്നു ടാ ഉവ്വേ..’’

ഹരി നിർത്തീല്ല . ..

ഹരി- ‘‘എടാ, എന്തുകൊണ്ടാ ഞാൻ അവൾടെ ഫിസിക്സ് നോട്ട് ഉന്നം വച്ചേന്ന് അറിയോ ?’’

ഞാൻ- ‘‘ഇല്ല ?’’

ഹരി- ‘‘ഫിസിക്സാ അവൾടെ ഇഷ്ട സബ്ജക്റ്റ്‌ ..അവള് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതും ഫിസിക്സിനാ ... അതാ ..’’

അന്ന്, എൽ ഈ ടിയല്ല ഡിസ്ചാർജ്ജ് ലാബിനെകാളും വെളിച്ചം അവന്റെ മുഖത്തുണ്ടായിരുന്നു ..

 

സംഭവം ഉടായിപ്പും തെണ്ടിതരവുമാണെങ്കിലും ഹരിയുടെ പ്ലാൻ വൾക്ക് ഔട്ട് ആവാൻ ചാൻസ് കൂടുതലാണെന്ന് എനിക്ക് തോന്നിയായിരുന്നു... 

പിറ്റേ ദിവസം വൈകിട്ട്  അഞ്ചരക്ക്, ട്യൂഷൻ ക്ലാസ്സിൽ ലൂക്കോസ് സാറിന്റെ സാൾട്ട് അനാലിസിസ് ലാബ് ക്ലാസ്സ് ഉണ്ടാർന്നു.. ട്യൂഷൻ ക്ലാസ്സിൽ പോക്കുന്ന വഴിക്കാ അവൻ മേരി തോമസ്സിന് കൊടുക്കാനുള്ള ബുക്ക്.. അല്ല .. ഒരു സൃഷ്ടിയെന്ന് തന്നേ പറയാം.!  എന്നെ കാണിച്ച ആ ബുക്കിന്റ ഡെക്കറേഷൻ എന്നെ ഞെട്ടിച്ചു... ബാഹുബലിക്ക് സെറ്റ് ഇട്ട പോലെയായിരുന്നു ആ ബുക്കിന്റ അവസ്ഥ.. മിനുക്ക് പേപ്പർ കൊണ്ട് മൊത്തം പൊതിഞ്ഞിരിക്കുന്നു.. ഫ്രണ്ട് ബെഞ്ചിൽ നാലഞ്ച് പ്ലാസ്റ്റിക് പൂവ്, പോരാതതിന് ബുക്കിന്റ അകത്ത് ചെറിയ ചുവന്ന എൽ ഈ ടി ലൈറ്റ് എന്നിങ്ങനെ മൊത്തത്തിൽ ഒരു പള്ളി പെരുന്നാൾ എഫക്റ്റ് ആ ബുക്കിന് ഉണ്ടാർന്നു..

ഹരി- ‘‘എങ്ങനെ ഉണ്ട് ??’’

ഞാൻ- ‘‘എന്നാ പിന്നെ നിനക്കൊരു ഗ്രീറ്റിംഗ് കാർഡ് വാങ്ങി കൊടുത്താ പോരായിരുന്നോ?.’’

ഹരി- ‘‘എടാ, ഗേൾസിന്റെ സൈക്കോളജി അറിയാത്ത് കൊണ്ടാ നീ ഇങ്ങനെ പറയുന്നേ.. അവൾമാർക്കൊകെ ഡെക്കറേഷൻ ഭയങ്കര ഇഷ്ടാ... ’’

അന്നത്തെ ലാബ് ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്ക് വന്ന മേരി തോമസ്സിന്റെ അടുത്ത് ചെന്ന് ഹരി ആ നോട്ട് ബുക്ക് കൊടുത്തു.. അത് മേരി തോമസ്സ് വാങ്ങുകയും ചെയ്തു... ശേഷം ,മേരി തോമസ്സ് ഹരിയേ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു... സംഭവം സക്സസ് ...!!

തങ്കമണിയെ അവസാനം സ്വന്തമാക്കിയ കുഞ്ഞിരാമനെകാളും സന്തോഷത്തിലായിരുന്നു ഹരി അന്ന് ...

 

എന്നാൽ, പിറ്റേ ദിവമായിരുന്നു എന്നെ ഞെട്ടിച്ച ആ സംഭവം നടന്നത്.. ഹരിയേ ട്യൂഷൻ ക്ലാസ്സിൽ നിന്നും സസ്പെൻഡ് ചെയ്തു.. മേരി തോമസ്സിന്റ പരാതിയായിരുന്നു ആ നടപടിയുടെ പിന്നിൽ.. ശ്ശോ!! വീണ്ടും അവൾ അവനെ ചതിച്ചോ... പിന്നീട് കാര്യം  വിശദമായി  തിരക്കിയപ്പോഴാ ആ പരാതി എന്തായിരുന്നു എന്ന് ഞാൻ അറിഞ്ഞേ ... മേരി തോമസ്സിന്റ ഫിസിക്സ് നോട്ട് കട്ടതിന്റെ പേരിലാ ഹരിയേ സസ്പെൻഡ് ചെയ്തത്...

എന്നാലും ആ സത്യം മേരി തോമസ് എങ്ങനെ അറിഞ്ഞു?!  

 

പക്ഷേ ഇവിടെ ട്വിസ്റ്റ് കൊണ്ട് വന്നത് ഹരി തന്നെയായിരുന്നു...  എഴുതാനുള്ള മടി കാരണം ഹരി മേരി തോമസ്സിനു കൊടുക്കാനുള്ള നോട്ട് അവന്റ അമ്മയേ കൊണ്ടാ  മൊത്തം പകർത്തി എഴുത്തിച്ചത്... മേരി തോമസ്സിന്റ ഫിസിക്സ് നോട്ടിന്റ ബേക്ക് പേജിൽ അവൾ സ്കൂൾ മാഗാസിനായി എഴുത്തിയ ചെറു കവിത  ഉൾപ്പടെ  കുത്തും കോമയും വിടാതെ അവന്റ അമ്മ അതേപടി മൊത്തം പകർത്തി എഴുതി കൊടുത്തു... നാലാം ക്ലാസ്സ് ജയിച്ചെങ്കിലും പഠിപ്പ് നിർത്തേണ്ടി വന്ന അവന്റ അമ്മയേ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.. ഇത് മേരി തോമസിനെ ഉണ്ടാക്കിയ സംശയമായിരുന്നു അവസാനം ഹരിയേ കുടിക്കിയത്...

അങ്ങനെ ഹരിയുടെ മൂന്നാമത്തേ പ്രണയവും അവിടെ ഫുൾസ്റ്റോപ്പിട്ടു.!

 

English Summary: Mery Thomasinodulla Prethikaram 2, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com