ADVERTISEMENT

ചിലർ (കഥ)

 

രാത്രിയുടെ ഇരുണ്ട മൂകതയിൽ റെയിൽവെ സ്റ്റേഷന്റെ മുന്നിൽ വണ്ടിയിൽ ഇരുന്ന് പാട്ട് കേൾക്കുമായിരുന്നു കിഷോർ. കിഷോർ ഒരു ടാക്സി ഡ്രൈവർ ആണ്. കൊറോണ വന്നതിൽ പിന്നെ വലിയ ഓട്ടങ്ങൾ ഒന്നും കിഷോറിന് കിട്ടിയിട്ടില്ല. ട്രെയിനുകൾ കുറഞ്ഞതും ആൾക്കാർ യാത്ര ചെയ്യാൻ കുറഞ്ഞതുമൊക്കെ ആണ് കാര്യം. പാട്ട് കേട്ട് പാതി ഉറക്കത്തിലാണ് അവൻ. കൊതുക്പാട്ടിനൊപ്പം അവന്റെ ചെവിയിൽ മൂളുകയും ചെയ്യുന്നുണ്ട്. ഒന്ന് കണ്ണടഞ്ഞു വന്നപ്പോൾ അവന് ഒരു കോൾ വന്നു. അവന്റെ കൂട്ടുകാരൻ സിബിൻ ആയിരുന്നു.

‘ഹലോ’ കിഷോർ കോൾ അറ്റൻഡ് ചെയ്തു.

‘ഡാ ഞാൻ ആണ് സിബി’ അപ്പുറത്ത് നിന്നും പറഞ്ഞു. ‘എനിക്ക് മനസിലായി. എന്താടാ വിളിച്ചെ’ കിഷോർചോദിച്ചു.

‘ഡാ ഒരു ഓട്ടം ഉണ്ട്’ സിബി പറഞ്ഞ് തീർക്കുന്നതിന് മുന്നെ കിഷോർ ചാടിക്കേറി പറഞ്ഞു,

‘‘വല്ല ഹോട്ടലിൽ നിന്നും ആരേലും വീട്ടിൽ ആക്കുന്നപരിപാടി ആണേ സിബി നടക്കത്തില്ല. ഞാൻ അത് നിർത്തി. നീ വേറെ ആരേലും വിളിക്ക്’’

 

‘‘എടാ വേറെ ആളെ കിട്ടാത്ത കൊണ്ടാണോ. നിനക്ക് എന്തേലും കിട്ടിക്കോട്ടെ എന്ന് വെച്ച് ആണ് നിന്നെ തന്നെവിളിക്കുന്നത്. നിന്റെ അവസ്ഥ ഒക്കെ എനിക്ക് അറിയാവുന്നകൊണ്ട്. നീ രാത്രി ഓടുന്നതിന്റെ ഇരട്ടികിട്ടുമല്ലോ. പിന്നെന്താ?’’ സിബി പറഞ്ഞു.

 

‘‘സിബി അതൊക്കെ ശരിയാണ്. പക്ഷേ എനിക്ക് എന്തോ അതൊരു നല്ല ഏർപ്പാടായി തോന്നുന്നില്ല. നിനക്ക് ഇതൊക്കെ ഒന്ന് നിർത്തിക്കൂടെ സിബി’’ കിഷോർ സിബിയോട് ദയനീയമായി ചോദിച്ചു.

 

‘‘ഡാ അങ്ങനെ ഒന്നും നിർത്താൻ പറ്റില്ല. നീ വാ സമയംപോകുന്നു. ഇത് ലാസ്റ്റ്. ഇനി വേണ്ട നിനക്ക് ഓക്കെ അല്ലെങ്കിൽ.’’ സിബി പറഞ്ഞു. ‘‘ഉം ഞാൻവരാം. എവിടേക്കാണ്’’. നിന്നെ ഞാൻ വിളിച്ച്പറയാം. എന്തായാലും നീ മറൈൻ ഡ്രൈവിലോട്ട് വണ്ടി എടുത്തോ. ‘ഉം ഞാൻ വരാം’. സിബി പറഞ്ഞു

 

പാട്ടിന്റെ വോളിയം ഒന്ന് കുറച്ച്, മുഖം കഴുകി കിഷോർ വണ്ടി എടുത്തു. നേരത്തെ പെയ്ത മഴയിൽ റോഡിലൊക്കെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കിഷോർ വണ്ടി മെല്ലെ ഓടിച്ചു. എംജി റോഡ് വഴി മറൈൻ ഡ്രൈവിലേക്ക് വിട്ടു. അവന്റെ ഫോൺ അപ്പോൾ പിന്നെയും റിങ് ചെയ്തു. ‘‘ഡാ ലാൻഡ്സ് ഹോട്ടലിന്റെ അവിടെ ചെന്ന് നിന്നാൽ മതി. ആൾ നിന്റെ അടുത്തോട്ട് വന്നോളും.’’ 

‘‘ഉം ശരി.’’ 

‘‘ഡാ നീ അവളോട് ദേഷ്യം ഒന്നും കാണിക്കരുത് കഴിഞ്ഞ തവണത്തെ പോലെ.’’ 

‘ഇല്ല’. വണ്ടി ലാൻഡ്സ് ഹോട്ടലിലോട്ട് കേറി. പാർക്കിങ്ങിൽ കിഷോർ വെയിറ്റ് ചെയ്തു.

‘‘ഒരു തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ

തുളസി കതിരില ചൂടി...’’

 

പാട്ട് കേട്ടു കൊണ്ടിരുന്നപ്പോൾ അവൾ ലിഫ്റ്റ് തുറന്ന് പാർകിങ്ങിലോട്ട് നടന്ന് വന്നു, അർച്ചന.. രാത്രിയുടെ തണുപ്പിൽ നഗരത്തിലെ പ്രമാണിമാർ കൂട്ടിനായി വിളിക്കുന്നവൾ. അവരുടെ കാമലീലകൾ ഒരുപാട് അനുഭവിച്ചിട്ടുള്ളവൾ. പകൽമാന്യനായി നടന്ന് രാത്രിമൃഗമായി മാറുന്ന ഒരുപാട് പേരെ കണ്ടിട്ടുള്ളവൾ. ആദ്യമായി അവളെ ഒരു ഹോട്ടലിൽ എത്തിച്ചപ്പോൾ തന്നെ കിഷോറിന് അവളോട് പ്രണയം തോന്നി തുടങ്ങിയിരുന്നു.

 

അർച്ചന നടന്ന് വന്ന് കാറിന്റെ ഡോർ തുറന്ന് ഫ്രണ്ടിലെ സീറ്റിൽ ഇരുന്നു. എന്നിട്ട് പേഴ്സ് തുറന്ന് പൈസ എണ്ണി. ആസമയം കിഷോർ പാർക്കിങ്ങിൽ നിന്നും വണ്ടി എടുത്തു. ‘‘ഇന്ന് വീട്ടിലോട്ട് വേണ്ട. എന്നെ ഇടപ്പള്ളിയിൽ ഇറക്കിയാൽമതി.’’ അവൾ പറഞ്ഞു. കിഷോർ ഒന്ന് മൂളി. എന്നിട്ട് പാട്ടിന്റെ ശബ്ദം കൂട്ടി. അർച്ചന പൈസ എണ്ണിക്കൊണ്ട് തന്നെ അവനെനോക്കി. എന്നിട്ട് വോളിയം കുറച്ചു. ‘‘ഇന്ന് ആരായിരുന്നു.’’ കിഷോർ അവളെ നോക്കാതെ ചോദിച്ചു. ‘‘പെണ്ണിന്റെ ശരീരത്തോട് യാതൊരു ബഹുമാനവും കാണിക്കാത്ത ഒരു കാശുള്ളവൻ.’’ ചെറിയ പുച്ഛത്തോടെ അർച്ചന പറഞ്ഞു. വണ്ടിയിലും റോഡിലും ഒരുപോലെ നിശബ്ദത. 

‘‘നിർത്തിക്കൂടെ.’’ കിഷോർ ചോദിച്ചു. ‘‘പറ്റില്ലകുടുംബം പട്ടിണി ആകും.’’ അവൾ പറഞ്ഞു. കിഷോർ ഒരുനെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു.

‘‘നാട്ടിൽ എത്രയോ നല്ല ജോലികൾ ഉണ്ട്. പിന്നെന്തിനാണ് ഇത്. അന്വേഷിച്ച് നോക്ക്.’’ ‘‘ഒന്ന് അന്വേഷിച്ച് ഇറങ്ങിയകൊണ്ടാണ് ഈ അവസ്ഥ എനിക്ക് ഉണ്ടായത്.’’ അർച്ചനയുടെകണ്ണിൽ നിന്നും വെള്ളം വന്നു. അവൾ അത് കയ്യിൽ ഉളള കർച്ചീഫ് വെച്ച് തുടച്ചു കൊണ്ട് പാട്ടിന്റെ വോളിയം കൂട്ടി.

 

‘‘അർച്ചനാ’’. കിഷോർ വിളിച്ചു. 

“കിഷോർ വണ്ടി കുറച്ചുകൂടെ വേഗത്തിൽ വിടാമോ.’’ അവൾ ചോദിച്ചു. കിഷോർ പുറത്ത് നോക്കിക്കൊണ്ട് വണ്ടിയുടെ വേഗത കൂട്ടി. ‘‘ഇടപ്പള്ളിയി എന്താണ്.’’ അവൻ ചോദിച്ചു. ‘‘കിഷോർ എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്. എന്നെ ഇറക്കാൻ പറയുന്നിടത്ത് ഇറക്കി വിട്ടാൽ പോരെ.’’ അവൾദേഷ്യത്തോടെ ചോദിച്ചു. 

 

‘‘ലോകത്ത് ഒരു പെണ്ണും സുഖത്തിനുവേണ്ടി ഈ പണി ചെയ്യില്ല. കഷ്ടപ്പാട് കൊണ്ട്, ദാരിദ്ര്യംകൊണ്ട്. ചതിയിൽ പെട്ടോ ഭീഷണി കാരണമോ ഒക്കെയാണ് ഇതിലോട്ട് അവർ എത്തിപ്പെടുക. ഞാൻ എന്റെ സുഖത്തിനുവേണ്ടി പോകുന്നതല്ല. ശവത്തെ ആണ് അവർ എല്ലാം കാമിക്കുന്നത്. വെറും ജഡം. ശ്വസിക്കാൻ കഴിയുന്ന ജഡം.’’ അവൾ ഉച്ചത്തിൽ കരഞ്ഞു വീണ്ടും നിശബ്ദത.  

 

‘‘കിഷോർവണ്ടി ഇവിടെ നിർത്തിയാൽ മതി.’’ ഇടപ്പള്ളി പള്ളിയുടെ വാതിൽക്കൽ വണ്ടി നിന്നു. അവൾ ഡോർ തുറന്ന് പുറത്തിറങ്ങി.

എന്നിട്ട് കിഷോറിനെ നോക്കി പറഞ്ഞു. ‘‘ഒരു രാത്രി എങ്കിലും സ്നേഹം എന്താണെന്ന് ഒന്ന് അറിയണം. എന്നെയും എന്റെ ശരീരത്തെയും സ്നേഹിച്ചു കൊണ്ട് എന്നെ സന്തോഷിപ്പിക്കുന്ന ഒരു രാത്രി എനിക്ക് വേണം. കിഷോറിന് അത് കഴിയുമെന്ന് എനിക്കറിയാം. നിന്റെ കണ്ണിലെ സ്നേഹവും കരുതലും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അത് വേണ്ട. ചീഞ്ഞു കൊണ്ടിരിക്കുന്ന ശരീരത്തെ സ്നേഹിക്കാൻ പാടില്ല.’’ 

 

അവൾ ഉറക്കെ ചിരിച്ചു. എന്നിട്ട് വണ്ടിയുടെ മുന്നിൽകൂടെ നടന്ന് കിഷോറിന്റെ അടുത്ത് വന്നു. അവന്റെ താടിയിൽ പിടിച്ചുകൊണ്ട് അവന്റെ ചുണ്ടിൽ അവൾചുംബിച്ചു. ‘‘ചീഞ്ഞ ശരീരത്തിന്റെ ചൂടുള്ളചുംബനം. എന്നിലെ പാപം എല്ലാം ഒഴുകി പോയ പോലെ. കിഷോർ പോയ്ക്കോളൂ.’’ കിഷോർ ഒന്നും മിണ്ടാതെ വണ്ടി എടുത്തു. മിററിലൂടെ അവളെ നോക്കി. നിസഹായ ആയി, സുന്ദരി ആയി അർച്ചന നടു റോഡിൽ  നിക്കുന്നു. അവളെ നടുവിൽ ആക്കിക്കൊണ്ട് രണ്ട് വെളിച്ചം ദൂരെ നിന്നും വരുന്നു. കിഷോർ വണ്ടി ചവിട്ടി നിർത്തി. ഡോർ തുറന്ന് ഇറങ്ങിയപ്പോൾ ഒരു ലോറി അവളെ ഇടിച്ചു തെറിപ്പിച്ചു. ‘‘അർച്ചനാ’’ അവൻ നിലവിളിച്ചു കൊണ്ട് ഓടി. അവൾതെറിച്ച് പള്ളിയുടെ വാതിൽക്കൽ വീണു. ലോറി മെട്രോപില്ലറിൽ ഇടിച്ചു നിന്നു.

 

കിഷോർ അർച്ചനയെ പൊക്കി എടുത്തു. അവളുടെ വായിൽനിന്നും മൂക്കിൽ നിന്നും തലയിൽ നിന്നും ഒക്കെ രക്തം ഒഴുകി. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ‘‘തീർന്നു’’. കിഷോർഅവളെ ചേർത്തു പിടിച്ച് കരഞ്ഞു...

 

English Summary : Chilar, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com