ADVERTISEMENT

മേൽവിലാസം (കഥ)

ഞാനന്നവിടെ എത്തിയ ദിവസം. കരുവാളിച്ച മുഖത്ത് വാടിയ ചിരിയുള്ള ഒരു മനുഷ്യൻ കണാരേട്ടൻ. ഇങ്ങനൊരു വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സകലതും നഷ്ടപ്പെടും എന്നായപ്പോഴാണ് അവിടം  വിട്ടിറയങ്ങിയത്. ചുറ്റുപാടുകളൊന്നും ശരിയല്ലാതായിരുന്നിട്ടും അവിടെ കടിച്ചു തൂങ്ങി കിടന്ന് എന്തിനാണ്..? വേണ്ടപ്പെട്ട ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ! ചോദ്യങ്ങൾ ഒരുപാടുണ്ട്. പലതും മറക്കാൻ ആയിരിക്കണം ഇവിടെയെത്തിയത്.

 

‘‘മോൾക്ക് വീട് ഇഷ്ട്ടപ്പെട്ടോ?’’

 

മുറിയുടെ വാതിൽ തുറക്കുന്നതിനിടെ കണാരേട്ടൻ ചോദിച്ചു. 

‘‘ഉം... ’’

 

ഒറ്റമുറിയുള്ള ഒരു ചെറിയ വീട്. കണാരേട്ടനാണ് അവിടെ താമസം. എങ്ങോട്ട് പോകണമെന്നറിയാതെ സ്റ്റേഷനിൽ ഇരിക്കുമ്പോഴാണ് വാടിയ ചിരിയുള്ള ആ മനുഷ്യനെ കാണുന്നത്. പെട്ടന്ന് അച്ഛനെ ഓർത്തു.

വളരെ തിരക്കു കുറഞ്ഞ ഒരു സ്റ്റേഷൻ. ‘ടിക്കറ്റ് എടുക്കാതെ ട്രെയിൻ യാത്ര ശിക്ഷാർഹമാണ്.' അതുക്കൊണ്ടായിരിക്കാം TTR ഇവിടെ ഇറക്കിയത്. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. കണ്ണുനീര് മറയ്ക്കാൻ എന്ന വിധം കണ്ണുകൾ മറ്റെന്തോ പരതിക്കൊണ്ടിരുന്നു.

 

 അയാളുടെ കാലുകൾ എന്റെ നേരേ ചലിച്ചു.

 

‘‘മോൾക്ക് എങ്ങട്ടാ പോണ്ടേ? ഈ സമയത്തിനി വണ്ടി ഒന്നും വരാനില്ലല്ലോ!’’ ഞാനൊന്നും മിണ്ടിയില്ല നിസ്സാഹയയായി അയാളെ ഒന്ന് നോക്കുക മാത്രം ചെയ്തു. ഞാനാരെയോ കാത്തു നിൽക്കുകയാണെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവണം ചുറ്റുപാടുമൊന്നു നോക്കിയ ശേഷം അയാൾ പറഞ്ഞു.

‘‘ഈ സമയത്തിവിടെ തനിച്ചിരിക്കണ്ട. ഇവിടം അത്ര നല്ലതല്ല, ന്റെ കൂടെ വരു.’’ ഒന്നും മിണ്ടാതെ ഞാൻ അയാളെ പിൻതുടർന്നു.

സ്റ്റേഷന് അടുത്താണ് ആ വീട്, പോകുന്ന വഴിക്ക് അയാൾ എന്നോട് ചോദിച്ചു.

‘‘മോൾടെവസ്ത്രത്തിന് എന്തു പറ്റിയതാ?’’

 

ശരീരത്തെപ്പറ്റി അപ്പോഴാണ് ഞാൻ ഓർത്തത്. കൈമുട്ട് കീറിയിട്ടുണ്ട്. അവിടിവിടങ്ങളിലായി ചെളി പറ്റിയിട്ടുണ്ട്. വീഴ്ചയിൽ സംഭവിച്ചതായിരിക്കണം. ഞാൻ ഒന്നും മിണ്ടിയില്ല. തൊണ്ട വരണ്ടതു പോലെ തോന്നി.

അയാൾ നിർത്താതെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

‘‘മോള് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലായി. ഇപ്പോ ഒന്നും ആലോചിക്കേണ്ട നന്നായി ഒന്നുറങ്ങ്. നേരം വെളുത്തിട്ട് നമുക്ക് വേണ്ടതുപോലെ ചെയ്യാം. കേട്ടോ മോളെ ..!’’

ഏതോ ചിന്തയിൽ നിന്ന് ഉണർന്നപോലെ ഞാൻ തലയാട്ടി.

 

‘‘മോള് ’’ ഇതിനു മുൻപ് തന്നെ ആരെങ്കിലും അങ്ങനെ വിളിച്ചിരുന്നോ.! വല്ലാത്ത ഒരു വിങ്ങൽ അനുഭപ്പെട്ടു.

ഈ ഒറ്റമുറി വീട്ടിൽ ഇയാൾ തനിച്ചാണോ?, ഇയാളുടെ കുടുംബം, കുട്ടികൾ? അധികം ആലോചിക്കുന്നതിന് മുന്നേ എനിക്ക് തലചുറ്റൽ അനുഭവപ്പെട്ടു. മോള് കിടന്നോ. നമുക്ക് രാവിലെ സംസാരിക്കാം എന്നും പറഞ്ഞു കൊണ്ട് ഒരു ഗ്ലാസ് വെള്ളം മുറിക്കകത്ത് വച്ച് കതക് ചാരി അയാൾ ഇരുട്ടിലൂടെ പുറത്തേക്ക് നടന്നു.

 

സ്വപ്നത്തിൽ ആ സ്ത്രീയുണ്ട്.

 

ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛൻ വേറെ വിവാഹം കഴിക്കുന്നത്. അമ്മ മരിച്ചിട്ട് ഏഴുവർഷത്തോളം അച്ഛൻ തനിച്ചായിരുന്നു. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. വല്ലപ്പോഴും വരാറുണ്ടായിരുന്ന നെഞ്ചുവേദന വരവ് പതിവാക്കിയ നേരത്താണ് ആ സ്ത്രീ അച്ഛനിലേക്ക് എത്തിയത്. അതൊരു പുനർവിവാഹം ആയിരുന്നില്ല. ആ സ്ത്രീ എനിക്ക് അമ്മയും ആയിരുന്നില്ല. എന്റെ സംരക്ഷണം മാത്രമായിരുന്നു അച്ഛന്റെ ഉള്ളിൽ. മരണം അച്ഛൻ മുന്നിൽ കണ്ടുകാണണം.

 

സംരക്ഷണത്തിന്റെ മുഖംമൂടി അണിഞ്ഞ ആ സ്ത്രീ അച്ഛന്റെ മരണദിവസം രാത്രി എന്റെ കിടപ്പുമുറിയിലേക്ക് വിട്ടയച്ച അയാൾ ആരായിരുന്നു.!

പെണ്ണിനെ അവളുടെ സമ്മതമില്ലാതെ ഭോഗിക്കുന്നതിലും ദുഷ്കരമായി മറ്റെന്താണുള്ളത്. അവിടെ നിന്ന് രക്ഷപ്പെട്ടോടിയതാണ്. ഇന്നിവിടെ ഈ മുറിയിൽ. കൈമുട്ട് ചെറുതായൊന്ന് മുറിഞ്ഞിട്ടുണ്ട്. ഇന്നലെ ആ നീറ്റൽ അറിഞ്ഞിരുന്നില്ല. എഴുന്നേറ്റിരുന്ന് കീറിയതുണി അൽപം ഒന്ന് നീക്കി മുറിഞ്ഞ ഭാഗം നോക്കി.

 

‘‘ഹാ.. മോള് എണീറ്റോ.! ചെന്ന് കുളിച്ചാട്ടെ, വല്ലതും കഴിക്കാം.’’

 

ദീർഘകാലത്തെ പരിചയമുള്ളതു പോലെ അയാളെന്നോട് സംസാരിച്ചു. ഞാൻ അയാളെ തന്നെ നോക്കി നിന്നു.

അയാൾ എന്തോ ഓർത്തിട്ടെന്നവണ്ണം പഴയ പൊടി പിടിച്ച പെട്ടി തുറന്നു. ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന ഒരു പെട്ടിയാണെന്ന് കണ്ടമാത്രയിൽ മനസിലായി. പെട്ടിയുടെ മുകളിലായ് വിതറിയ പൂക്കൾ ശ്രദ്ധാപൂർവം എടുത്ത് മാറ്റി, ഇളം നീല കളറുള്ള ഒരു സാരി എനിക്ക് നേരെ വച്ചു നീട്ടി. അയാൾ എന്നെ അൽഭുതപ്പെടുത്തുകയാണ്.

 

‘‘മോൾക്ക് പാകാവാതിരിക്കില്ല, വളരെ പഴയതാണ്. എന്നാലും മോള് വസ്ത്രം മാറി വരു.’’ ഞാനൊന്നും മിണ്ടാതെ സാരി വാങ്ങി തിരിഞ്ഞ് നടന്നു. അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

ഊഹം ശരിയാണ് ഇതെനിക്ക് പാകമാണ്. ഞാൻ ഉമ്മറത്തേക്ക് ചെന്നു.

 

‘‘മോളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.’’

 

എന്നെയോ? എവിടെ വെച്ച്.? മനസ്സ് ചോദിച്ചു ശബ്ദം പുറത്തുവന്നില്ല. അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്ക് ഞാൻ കണ്ണോടിച്ചു.

അതെന്റെ കവിതയാണ്. കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ആഴ്ചപതിപ്പിലേക്ക് അയച്ചതാണ്. കവിതയുടെ വലതു വശത്ത് താഴെ ഒരു ഫോട്ടോയും പേരും ഉണ്ട്.

കവിത വായിച്ച ഉടനെ അയാൾ എന്തോ ചിന്തയിലാണ്ടുപോയി പെട്ടെന്ന് എന്നെ നോക്കി ചോദിച്ചു. ‘‘ഗൗരി എന്നാണല്ലേ പേര് ?’’

‘‘മ്... ’’ ഞാനൊന്ന് മൂളുക മാത്രം ചെയ്തു.

 

ഗൗരി.. അയാൾ മെല്ലെ മന്ത്രിച്ചു വീണ്ടും നിശബ്ദനായി.

ഇടയ്ക്ക് വന്ന മൗനത്തെ മുറിക്കാൻ എന്ന വിധം ഞാനൊന്ന് ചുമച്ചു.

‘‘മോൾക്ക് പോകാൻ ഒരു ഇടമില്ലെന്ന് അറിയാം. ഇവിടം ഇഷ്ടമാണെങ്കിൽ ഇവിടെ കഴിയാം അല്ലെങ്കിൽ സുരക്ഷിതമായ  മറ്റെവിടെയെങ്കിലും ആക്കാം.’’ എല്ലാമറിഞ്ഞിട്ടെന്ന മട്ടിൽ അയാൾ എന്നോട് പറഞ്ഞു.

അയാൾ എന്നെ വീണ്ടും അത്ഭുതപ്പെടുകയാണ്. ഞാനാരാണെന്നോ, എന്താണെന്നോ അറിയാതെ എന്നെ സംരക്ഷിക്കുന്നു, വാതോരാതെ സംസാരിക്കുന്നു, അൽപ്പം മങ്ങിയത് ആണേലും ഇടയ്ക്കിടെ ചിരിക്കുന്നു. സ്റ്റേഷനിലാണ് അയാൾക്ക് ജോലി.

ഒരീസം പെട്ടിയിലെ വാടിയ പൂക്കളെ കുറിച്ച് ഞാൻ ചോദിച്ചു.

 

‘‘ഓ..! അതോ.. അതവളാ.!’’ എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് അയാൾ വായനയിൽ മുഴുകി. ഇരുപത് വർഷത്തെ പിന്നിലേക്ക് അടുപ്പിച്ചു കെട്ടാൻ പ്രാപ്തി ഉണ്ടായിരുന്നു ആ പൂക്കൾക്ക്. ദൂരെ എവിടെയോ നോക്കി അയാൾ പറഞ്ഞു.

 

‘ചുരുങ്ങിയ കാലത്തെ പ്രണയം. പിന്നീട് വിവാഹം ഒരു ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് വരാൻ നേരമാണ് ഒരു ആൾക്കൂട്ടം കണ്ടത് ട്രെയിൻ തട്ടിയതാണ് എന്നെ കാണാനായി സ്റ്റേഷനിലേക്ക് വന്നതായിരിക്കണം.’

പിന്നീട് ഞാൻ ഒന്നും മിണ്ടിയില്ല. ചോദിക്കേണ്ടായിരുന്നു എന്നു തോന്നിപ്പോയി.

 

പ്രിയപ്പെട്ടവളുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചു വച്ചതൊക്കെയും എന്തിനാണ് തനിക്ക് നൽകിയത്. താനും ഇയാളുമായുള്ള  ബന്ധം.? മനസ്സിൽ ചോദ്യങ്ങൾ ഉയർന്നു കൊണ്ടിരുന്നു. എന്റെ മനസ്സ് വായിച്ചിട്ടെന്ന  മട്ടിൽ അയാൾ മറ്റെന്തോ പറയാൻ തുടങ്ങി.

‘‘അവളുടെ വയറ്റിൽ ഉണ്ടായിരുന്ന എൻറെ കുഞ്ഞിന് ഇപ്പോൾ മോൾടെ പ്രായം കാണണം.’’

അയാൾ മങ്ങിയ ചിരിയോടെ എന്നെ നോക്കി. ഈശ്വരാ... എന്തൊരു ഒരു വിധി.

ചിരിച്ചു കൊണ്ടിരുന്ന ആ മനുഷ്യൻ വീണ്ടും വീണ്ടും എന്നെ  അമ്പരപ്പിച്ചു കൊണ്ടേയിരുന്നു.

ചിലയാളുകൾ അങ്ങനെയാണ്  പലതും ഉള്ളിലൊതുക്കി നിഷ്കളങ്കമായി പുഞ്ചിരിക്കും, ഓർമ്മകളിൽ ജീവിക്കും, അത്ഭുതപ്പെടുത്തികൊണ്ടേരിക്കും.

 

ഇന്ന് എനിക്കൊരു  മേൽവിലാസമുണ്ട്. മൂന്ന് വർഷങ്ങൾക്കിപ്പുറം ഈ  മേൽവിലാസത്തിൽ ഇരുന്നുകൊണ്ട് കണാരേട്ടനെ എഴുതുമ്പോൾ എനിക്ക് ചുറ്റും ആ മനുഷ്യന്റെ പൊട്ടിച്ചിരികളുണ്ട്. സാമീപ്യമുണ്ട്. മരണത്തിനു തൊട്ടുമുമ്പും അയാൾ  പുഞ്ചിരിച്ചിരുന്നു...

 

English Summary: Melvilasam, Malayalam short story             

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT