ADVERTISEMENT

എന്റെ പ്രണയം (കഥ)

 ‘‘എന്നെ ഒന്നു പ്രണയിക്കാമോ’’

 

‘‘ശ്രീ... നിനക്കെന്താ പറ്റിയത്’’

 

‘‘കിഷോർ ഒരു മാസത്തേക്ക് മതി’’

 

‘‘നീയെന്തൊക്കെയാ പറയുന്നതെന്ന് ബോധം വല്ലതുമുണ്ടോ... പ്രണയം അങ്ങനെ ഒന്നാണോ ശ്രീ’’

 

‘‘ഞാൻ നല്ല ബോധത്തോടെ തന്നെയാ ചോദിക്കുന്നത്.. ആ പഴയ ഇഷ്ടം എന്നോട് ഇപ്പോഴുമുണ്ടോ’’

 

‘‘നിന്റെ കഥകളിൽ ഞാൻ വായിച്ചറിഞ്ഞ പ്രണയം ഇതല്ല.. ഒരു മാസത്തെ സമയ പരിമിതി നിർണയിക്കാനോ അതാണോ ഈ പ്രണയം’’

 

‘‘കിഷോർ എന്നോട് ദേഷ്യപ്പെടല്ലേ... ഒരു മാസത്തിൽ കൂടുതൽ കിഷോറിന് എന്നെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല... പ്രണയം എന്താണെന്ന് ഞാൻ അറിഞ്ഞിട്ടില്ല... അതിനേക്കാളേറെ പ്രണയത്തിന്റെ സ്നേഹത്തോടെയുള്ള കരുതൽ... ഇതൊക്കെ ഒന്ന് അറിയണമെന്നു തോന്നി...’’

 

‘‘എനിക്കൊന്നും മനസിലാകുന്നില്ല ശ്രീ’’

 

‘‘പ്രണയിക്കാൻ പറ്റുമോ ഇല്ലയോ... ഇനി ഒറ്റയ്ക്ക് വയ്യ.... ഇങ്ങനെ ഒരു ആഗ്രഹം തോന്നിയപ്പോൾ ആദ്യം മനസ്സിൽ വന്നത് കിഷോറിന്റെ മുഖമാണ്’’

 

‘‘വർഷങ്ങൾക്കു മുൻപ് എന്റെ മനസിലുള്ള ഇഷ്ടം നിന്നോട് തുറന്നു പറഞ്ഞപ്പോൾ അംഗീകരിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു... അന്നും ഇതുപോലെ അസ്തമയസൂര്യനും തീരവും സാക്ഷിയായിരുന്നു... നിനക്ക് ഓർമ്മയുണ്ടോ’’

 

‘‘തീരം തിരയെ തഴുകുന്ന പോലെ ആ ഓർമ്മകൾ എന്നുമെന്നെ ചുട്ടുപൊള്ളിക്കുന്നവയാണ്’’

 

‘‘നിന്റെ സാഹിത്യമൊന്നും എനിക്ക് മനസിലാകില്ല... അതൊന്നും പറയാനും അറിയില്ല’’

 

‘‘കുറച്ചു മുൻപ് കിഷോർ പറഞ്ഞത് ഞാൻ എഴുതാറുള്ള പോലെ കുറച്ചു സാഹിത്യം കലർന്ന വാക്കുകളായിരുന്നു....’’ എന്നു പറഞ്ഞിട്ടവൾ ഒരു മധുരമായ ചിരിയും.

 

കിഷോർ ഒന്നും മിണ്ടാതെ അവൾക്ക് എതിരായി കുറച്ചു മാറി തീരത്തോട് ചേർന്നു തന്നെ ആ മണലിലേക്ക് ഇരുന്നു.

 

ഓരോ തിരയും അവന്റെ കാലുകളോട് കിന്നാരം പറഞ്ഞു..

 

അതുകണ്ടു കൊതിയോടെ അവളും അവനോടു ചേർന്നു വന്നിരുന്നു..

 

അവന്റെ തോളിൽ ചെരിഞ്ഞു. കൈയിൽ പിടിക്കാനായി ആഞ്ഞ അവളുടെ കൈ തട്ടി മാറ്റി അവൻ ഉടനെ തന്നെ ചാടി എഴുന്നേറ്റു...

 

കുറച്ചു ദൂരം കടലിനെ ലക്ഷ്യമാക്കി നടന്നു.... അവന്റെ നെഞ്ചോളം വെള്ളം എത്തിയപ്പോളാണ് എവിടെയാണ് നിൽക്കുന്നതെന്ന ബോധം വീണത്...

 

പെട്ടെന്ന് തന്നെ തിരിഞ്ഞു നടക്കാനായി ശ്രമിച്ചു... എങ്ങനെ ഇവിടെ വരെ എത്തിയെന്നു മനസിലാകുന്നില്ല.

 

അവളെ അവിടെയെങ്ങും കാണുന്നുമില്ല... പെട്ടെന്ന് ഒരു പേടി മനസിലെങ്ങും നിറഞ്ഞു..

 

എങ്ങനെയോ തീരത്ത് എത്തിയപ്പോഴേക്കും നടക്കാൻ ആവാത്ത വിധം അവൻ അവിടേയ്ക്ക് വീഴുകയായിരുന്നു...

 

കുറച്ചു നേരം അനങ്ങാൻ കഴിയാതെ അവിടെ തന്നെ കിടന്നു. പിന്നെ പതിയെ എഴുന്നേറ്റു ബാഗ് വെച്ചിരുന്നിടത്തേക്ക് നടന്നു...

 

ഓഫീസിൽ നിന്നിറങ്ങുമ്പോൾ എന്തോ ഭാഗ്യത്തിനാണ് ഫോൺ ബാഗിൽ വെയ്ക്കാൻ തോന്നിയത്... അല്ലായിരുന്നുവെങ്കിൽ ഇപ്പൊ അതിന്റെ കാര്യത്തിൽ തീരുമാനം ആയേനെ....

 

പെട്ടെന്ന് ഫോണെടുത്തു ശ്രീയെ വിളിച്ചു... ഉടനെ അവൾ കട്ട്‌ ചെയ്തു...

 

ചെറിയൊരു ആശ്വാസം തോന്നി... എന്റെ അപ്പോഴത്തെ പ്രവൃത്തിയിൽ അവൾക്ക് അവിവേകം ഒന്നും  തോന്നാഞ്ഞത് ഭാഗ്യം... അവളാകെ മാറിയിരിക്കുന്നു...

 

വൈകിട്ടു കാണണമെന്നു പറയുമ്പോൾ ഈ ഭ്രാന്ത് പറയാനാകുമെന്ന് വിചാരിച്ചതേയില്ല..

 

അവളുടെ ആദ്യത്തെ കഥ മനോരമയുടെ സപ്ലിമെന്റിൽ അച്ചടി മഷി  പുരണ്ട അന്നാണ് അവളോട്‌ മിണ്ടുന്നത്.... അതും അവിചാരിതമായി

 

കോളജിലെ വാകമരച്ചോട്ടിൽ  പുസ്തകവും തുറന്ന് ഇരിക്കുന്ന അവളെ ആദ്യമൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല....

 

കൂട്ടുകാരോടൊപ്പം ഉച്ചക്ക് ചോറ് കഴിക്കാനായി പൊതി തുറന്നപ്പോൾ പേപ്പറും ഇലയും കീറിയ അവസ്ഥയിലായിരുന്നു... ഒരു പൊതിയിൽ നാലു പേർക്ക് ആക്രമണം നടത്താൻ കഴിയാതെ വന്നപ്പോൾ ആഷിഖാണ് പറഞ്ഞത്

 

‘‘ ടാ..  ആ കൊച്ചിന്റെ കൈയിൽ പത്രപേപ്പറിരിക്കുന്നുണ്ട്... നീ വാങ്ങിയിട്ട് വാ’’

 

വാകമരച്ചോട്ടിൽ ഇരിക്കുന്ന ശ്രീയെ ചൂണ്ടി കാണിച്ചവൻ പറഞ്ഞതും ഞാൻ അവളുടെ അടുത്ത് ചെന്ന് പേപ്പറും എടുത്തു തിരികെയെത്തി.... അവൾ അതൊന്നും അറിഞ്ഞില്ല....

 

കൈ കഴുകി തിരികെ എത്തിയപ്പോൾ ബാക്കി പേപ്പറുമായി അവളുടെ അടുത്തേക്ക് ചെന്നു...

 

ഞാൻ എന്തോ മഹാപരാധം ചെയ്ത പോലെ എന്നെ നോക്കിയിട്ട് വെപ്രാളപെട്ട് ഓരോ പേപ്പറും മറിക്കാൻ തുടങ്ങി...

 

പെട്ടെന്ന് ആ മിഴികൾ നിറയാനും..... ഒന്നും മനസിലാകാതെ ഞാൻ അന്തംവിട്ടു നിന്നു...

 

കണ്ണു തുടച്ചു ഒന്നും പറയാതെ അവൾ ബുക്കുമെടുത്തു ക്ലാസ്സ്‌ മുറിയിലേക്കും പോയി...

 

അവളുടെ പിറകെ ക്ലാസ്സിൽ എത്തിയപ്പോഴാണ് സത്യാവസ്ഥ എനിക്ക് മനസിലായത്.... അവളുടെ  കഥ അച്ചടിച്ച പേജിലാണ് ഞങ്ങൾ നാലും കൂടി ചോറുണ്ടത്...

 

അവളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ എനിക്ക് തന്നെ ഒരു അടി കൊടുത്തേനെ..... ഇവളെന്താ ഒന്നും മിണ്ടാതെ പോയത്...

 

ദൂരേയ്ക്ക് എവിടെയോ നോക്കി ഇരിക്കുന്ന അവളെ കണ്ടപ്പോൾ മനസ്സൊന്നു പിടഞ്ഞു....

 

ആഷിഖിനെയും കൂട്ടി പുറത്തു പോയി ഇന്നലത്തെ മനോരമയും വാങ്ങി അവളെയും കാത്തു വാകമരച്ചോട്ടിൽ തന്നെ ഇരുന്നു....

 

വായിക്കാൻ ഇഷ്ടമില്ലാത്ത ഞാൻ താളുകൾ മറിച്ച് അവളുടെ കഥ വായിച്ചു...

 

ഓരോ വരികൾക്കും എന്തോ കാന്തികശക്തിയുള്ള പോലെ... ആദ്യമായിട്ട് വായിക്കുന്ന കൊണ്ടാണോ എന്തോ എനിക്ക് ഒരു വല്ലായ്മ പോലെ തോന്നി...

 

ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങി വന്നവൾ എന്നെ കണ്ട് അവിടെ തന്നെ നിന്നു... അടുത്തോട്ടു ചെന്നു പേപ്പർ അവളുടെ കൈയിൽ കൊടുത്തു...

 

‘‘അറിയാതെ ചെയ്തതാ കുട്ടി, ക്ഷമിക്കണം..’’

 

ഒന്നും മിണ്ടാതെ പേപ്പർ വാങ്ങുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ഒന്നു കാണേണ്ടതു തന്നെയായിരുന്നു... ഒന്നു ചിരിക്കാൻ പോലും നിൽക്കാതെ അവൾ നടന്നകന്നു...

 

ഒന്നു മിണ്ടാൻ എന്റെ മനസ്സ് ഏറെ കൊതിച്ചു...

 

എന്താണെന്നറിയില്ല... അവളോടൊരു അടുപ്പം പോലെ... ശരിക്കും അവളോടല്ല.. അവളുടെ എഴുത്തിനോടായിരുന്നു...

 

ഉറങ്ങാൻ കിടന്നപ്പോളും അവളുടെ കഥ തന്നെ മനസ്സിലെങ്ങും തങ്ങി നിന്നു... നാളെ അവളോട്‌ മിണ്ടണം എന്ന് ഉറപ്പിച്ചു..

 

രാവിലെ അവളെയും കാത്തു വാകമരച്ചോട്ടിൽ തന്നെ ഇരിപ്പുറപ്പിച്ചു... കുറച്ചു കഴിഞ്ഞ് അവളും എന്റെ അടുത്ത് ഇരുന്നു...

 

ഈശ്വരാ ഇവൾക്ക് മറവി രോഗം വല്ലതുമുണ്ടോ.... എന്നെ കണ്ടിട്ട് മനസ്സിലായില്ലേ...

 

 ‘‘പെൺകുട്ടികളായാൽ ഇത്ര ജാഡ പാടില്ല’’ ഞാൻ അവളോട്‌ പറഞ്ഞു

 

‘‘സോറി...  ഞാൻ ഇങ്ങനെയാ... ആരോടും അധികം മിണ്ടാറില്ല  അതുകൊണ്ടാ ’’

 

‘‘അയ്യോ അറിഞ്ഞില്ല കുട്ടി’’

 

ശോ!! ഞാൻ തെറ്റിദ്ധരിച്ചു...  നമ്മൾ വിചാരിക്കുന്ന പോലെയല്ല പെൺകുട്ടികളൊന്നും.... ഇതിനെയൊക്കെ എങ്ങനെയാ മനസ്സിലാകുന്നത്...

 

അങ്ങനെ വാകമരച്ചോട്ടിലും ഇലഞ്ഞിമരച്ചോട്ടിലും കുറച്ചു വാക്കുകളുമായി ഞങ്ങൾ അടുത്തു തുടങ്ങി..

മിക്കവാറും അവൾ വായിക്കുന്നതും നോക്കി ഞാൻ ഇരിക്കും... ഓരോ എഴുത്തും വായിച്ചു അഭിപ്രായം പറയാൻ തുടങ്ങി... പിന്നെ എന്നെ കാണിച്ച ശേഷമേ വേറൊരാൾക്ക് വായിക്കാൻ കൊടുക്കുമായിരുന്നുള്ളു..

 

ശ്രീയുടെ അച്ഛനുമമ്മയുമായി ഞാൻ പെട്ടെന്ന് തന്നെ അടുത്തു. അവളെക്കുറിച്ച് അവരു പറഞ്ഞത് വേറെ ചില കാര്യങ്ങൾ ആയിരുന്നു....

 

വീട്ടിൽ പോലും ആരോടും അധികം മിണ്ടാറില്ല...  ബാല്യത്തിൽ അവളെ കൂടുതൽ ശ്രദ്ധിക്കാൻ അവർക്ക് കഴിഞ്ഞില്ല... ജോലിതിരക്കുകൾക്കിടയിൽ പലപ്പോഴും അവളെ മറന്നു... ഒറ്റപ്പെടൽ നിഴലിച്ച അവളുടെ മനസ്സിന് അക്ഷരങ്ങൾ മാത്രമായിരുന്നു കൂട്ടുകാർ... ഇപ്പോഴും അങ്ങനെ തന്നെ..  അവളുടെ ലോകം കുറെ പുസ്തകങ്ങളും വായനയും എഴുത്തും മാത്രമാണ്....

 

നിന്റെ ഈ സൗഹൃദം ഞങ്ങൾക്ക് വലിയ ആശ്വാസം തന്നെയാണ് മോനെ എന്ന് പറഞ്ഞു അച്ഛനുമമ്മയും കരയുമ്പോൾ അവളെ പുതിയൊരു ശ്രീയായി മാറ്റിയെടുക്കും എന്നൊരു വാക്കുകൂടി കൊടുത്തിരുന്നു....

 

പിന്നെ ഒരു കുടുംബം പോലെയായിരുന്നു.. അവളെ കല്യാണം കഴിക്കാൻ തയാറാണോ എന്ന് അച്ഛൻ ചോദിക്കുന്ന വരെ. അങ്ങനെയൊരു തോന്നൽ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല...

 

വായിച്ചു വായിച്ച് അവളോട്‌ എന്തോ ഒരിഷ്ടം തോന്നിയിരുന്നു... എന്നാൽ പ്രണയമന്നൊന്നും പറയാൻ കഴിയില്ല...  വേറെ എന്തോ ഒരിഷ്ടം....  അവളുടെ അമ്മയുടെ നിർബന്ധപ്രകാരം അവളോട്‌ ഞാൻ വെറുതെ ഒന്നു പറഞ്ഞു

 

‘‘എനിക്ക് നിന്റെ കഥകളോട് വല്ലാത്തൊരു ഇഷ്ടം തോന്നി... അങ്ങനെ നിന്നോടും..’’

 

‘‘അയ്യോ !! പ്രണയിക്കാന്നൊന്നും എനിക്ക് ഇഷ്ടമില്ല കിഷോർ..’’

 

‘‘പ്രണയമൊന്നും അല്ലെടോ.... എന്തോ ഒരിഷ്ടം. പിന്നെ നിന്റെ എഴുത്തുകളിൽ കൂടുതലും പ്രണയമാണല്ലോ.. പ്രണയിക്കാൻ ഇഷ്ടമില്ലാത്ത നീ എങ്ങനെയാ പ്രണയത്തെ ഇത്ര മനോഹരമായി വർണ്ണിക്കുന്നത്’’

 

‘‘അതൊക്കെ വെറുതെ എഴുതുന്നത് മാത്രമല്ലേ.. പിന്നെ സ്വന്തമാകുമെന്ന് ഉറപ്പുള്ളതിനോട് പ്രണയം ആകാം’’

 

‘‘നീയെന്താ ശ്രീ പറയുന്നത്’’

 

‘‘എന്റെ പ്രണയം എന്നോട് തന്നെയാണ്... പിന്നെ പുസ്‌തകങ്ങളോടും യാത്രയോടും പ്രകൃതിയോടും അങ്ങനെ ഒരിക്കലും നഷ്ടമാകില്ലെന്ന് ഉറപ്പുള്ള എല്ലാത്തിനോടും’’

 

‘‘നിനക്കു വട്ടാണോ ’’

 

‘‘പ്രണയം ആത്മാർത്ഥമായിരിക്കണം കിഷോർ... അല്ലെങ്കിൽ പിന്നെ ആ പണിക്കു പോകാതെ ഇരിക്കുന്നതല്ലേ നല്ലത്’’

 

‘‘ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല...  നീ ഒന്നും കേട്ടിട്ടുമില്ല’’

 

അവളോട്‌ സംസാരിക്കുമ്പോൾ എന്തൊക്കെയോ പ്രത്യേകത ഉള്ളപോലെ തോന്നി... ഇടയ്ക്ക് തോന്നും ഇതിന്റെ ഒരു പിരി ലൂസ് ആണോന്ന്... എന്തായാലും അവളെ പോലെ അവൾ മാത്രമേ ഉള്ളു...

 

കോളജ് ജീവിതം അവസാനിച്ച്‌ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് അവളുടെ ശൂന്യത എന്നെ വേട്ടയാടി തുടങ്ങിയത്....

 

പിന്നെ ഒന്നും നോക്കിയില്ല അവളെയും കൂട്ടി അവൾക്കിഷ്ടപ്പെട്ട ഈ സ്ഥലത്ത് വെച്ചു തന്നെ എന്റെ പ്രണയം തുറന്നു പറഞ്ഞു.....

 

അതിൽ പിന്നെ അവളെന്നോട് മനപ്പൂർവം അകന്നു... അകലെ നിന്നാണെങ്കിലും ശ്രീയുടെ എല്ലാ കാര്യങ്ങളും ഞാൻ  അറിയുന്നുമുണ്ടായിരുന്നു.. അതും അവളറിയാതെ തന്നെ....

 

അവളുടെ ഓർമകളിൽ അവളെ തിരയുമ്പോളാണ് പിന്നിൽ നിന്നും എന്നെ ആരോ വിളിക്കുന്ന പോലെ തോന്നിയത്....

 

‘‘കിഷോർ...’’

 

‘‘ശ്രീ നീ പോയില്ലേ’’

 

‘‘പോയിട്ട് വന്നതാ ’’

 

‘‘പിണക്കമില്ലെങ്കിൽ എന്റെ അടുത്ത് വന്നിരിക്കാം’’

 

ഒന്നും മിണ്ടാതെ അവൾ എന്റെ അടുത്തു വന്നിരുന്നു.. പതിയെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞതും എന്റെ കൈകൾ അവളെ ചേർത്തുപിടിക്കാൻ മറന്നില്ല...

 

ഇനി ഒരിക്കലും അവൾ ഒറ്റയ്ക്കല്ല....

 

English Summary: Ente prenayam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com