ADVERTISEMENT

നീ... (കഥ)

സൗഹൃദത്തിന്റെയും, പ്രണയത്തിന്റെയും, മഴച്ചാറ്റലേറ്റുവാങ്ങിയ മനസ്സിന്റെ നടവഴി ചെന്നവസാനിക്കുന്ന പിരിയൻഗോവണിയുടെ  അടർന്നുമാറിയ ആദ്യ പടി... 

പച്ചയായ സൗഹൃദത്തിനും.. ഹൃദയത്തിൽ തൊട്ട പ്രണയത്തിനും അപ്പുറം മറ്റേതു ഭാഷയിലാണ് എനിക്ക് നിന്നെ എഴുതാനാകുക.... 

 

അപരിചിതത്വത്തിന്റെ ഇന്നലകൾക്കും, വേർപിരിയലുകളുടെ നാളെക്കും മധ്യേ ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുന്നു.... അസ്തിത്വത്തിൽ തൊട്ടുകൊണ്ട്  പ്രണയിക്കുന്നു.... 

വരികളിലെവിടെയൊക്കെയോ അറിയാതെ നീ കടന്നുവരുമ്പോൾ നിലംപറ്റി പൂവിനെപോലെ ഞാൻ പുഞ്ചിരിക്കുന്നു. പ്രണയലേഖനങ്ങൾക്കപ്പുറം നാളെ ഓർമക്കുറിപ്പിലെ രണ്ടു വരിയായേക്കാവുന്ന നീ...

 

ഇന്നലകളിൽ ഒരിക്കൽ പോലും പരസ്പരം ഒന്ന് പുഞ്ചിരിക്കാതെ... നേർക്കുനേർ കണ്ണുകളാൽ ഉടക്കാതെ... നേരിട്ട് ഒരു സുദിനം പോലും നേരാതേ.. ചേർന്നിരിക്കാതെ... 

ഒരിക്കൽപോലും ഒന്ന് കെട്ടിപുണരാതെ.. അങ്ങിനെ... ഒന്നിച്ചൊരു ഇന്നലെകൾ പോലുമില്ലാതെ  സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു... എന്നെങ്കിലും ഒന്നിച്ചൊരു മഴനനയാനും, കൈകോർത്തുനടക്കാനും, പപ്പേട്ടൻ സിനിമയും, ഇളയരാജ സംഗീതവും ഒന്നിച്ചു ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ച നീ.. 

 

നട്ടെലുള്ളവനോട് തോന്നിയ ആരാധന, സുഹൃത്തിനോട് തോന്നിയ സ്നേഹം... തുറന്നുപറച്ചിലുകാരനോട് തോന്നിയ വിശ്വാസം... 

അങ്ങിനെ......

എന്നോ ഇഷ്ടമായി മാറിയ നീ.. 

ഞാനായി മാറിയ നീ.. 

എവിടെയോ നിഴലായും... 

എന്നെങ്കിലും ഓർമയായും, നോവുന്ന വിരഹമാരും മാറുമെന്നുറപ്പുള്ള നീ..

തുരുമ്പുപിടിച്ച ഘടികാരത്തിന്റെ ചലനമറ്റ സൂചിയെ പിന്നിലാക്കി നാഴികകളിലോരോന്നിലും ഞാൻ നിനക്കായി സ്പന്ദിക്കുന്നു.... 

 

ഉയർന്നചിന്താഗതിക്കാരനെ സ്നേഹിച്ച പൊട്ടിപെണ്ണായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാറ്റങ്ങൾ തലയിൽ കയറാഞ്ഞിട്ടും, കൊഴിഞ്ഞ നാളുകളിൽ ജീവിച്ചെങ്കിലും ഞാൻ നിന്നെ അറിയുന്നു... 

 

ചോദിച്ച ഓരോ ചുംബനങ്ങൾക്കും, നൽകാൻ മടിച്ച ആലിങ്കനങ്ങൾക്കുമൊടുവിൽ ഉരുകിയ ശിശിരം പോലെ ഞാനും നീയും രണ്ടു പുഴയായി ഒഴുകും... എങ്കിലും തിരക്കുകൾക്കൊടുവിൽ ഏതെങ്കിലുമൊരു രാത്രിയിൽ ചാറ്റൽ മഴക്കൊപ്പം നീയെന്നെ ഓർക്കും... കൊഴിഞ്ഞുപോയ ഒരു ഇതളായി ഞാനന്ന് അഴുകുന്നുണ്ടാകും....

 

English Summary: Nee, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com