‘ജീവിതത്തില്‍ ഒരു സ്ത്രീയുടെ തുണ വേണമായിരുന്നു, പാപ്പിയൊണിന്റെ ഗുണഗണങ്ങളുള്ള ഒരു സ്ത്രീ’

papillon-dog
Representative Image. Photo Credit : yykkaa / Shutterstock.com
SHARE

ശലഭച്ചിറകുള്ള ലാപ്‌ഡോഗ്‌ (കഥ)

ഒരു പുതുവത്സരത്തലേന്നാണ് അയാളും പട്ടിയും ആ ഫ്‌ളാറ്റില്‍ താമസം തുടങ്ങിയത്. രണ്ട് മുറികളുള്ള ഫ്‌ളാറ്റ്. ഒന്ന് അയാള്‍ക്കും മറ്റേത് പട്ടിയ്ക്കും. ഹാള്‍, കിച്ചന്‍, അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, ഇതിനൊക്കെ പുറമേ സീ വ്യൂ ബാല്‍ക്കണിയും  

പതിനേഴാമത്തെ നിലയിലെ ആ ഫ്‌ളാറ്റിലേക്ക് ആദ്യമായി എത്തിയ താമസക്കാരും അവരാണ്. റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റില്‍ ഒന്നരക്കോടി രൂപ വില വരുന്ന ഫ്‌ളാറ്റ്, പ്രവാസം മതിയാക്കി മടങ്ങിയെത്തിയ അയാള്‍ വാങ്ങിച്ചത് മോഹ വിലയക്കാണെന്നാണ് പൊതുവെ സംസാരം. യഥാര്‍ത്ഥ വില അയാള്‍ ആരോടും പറഞ്ഞിരുന്നില്ല. വിദേശത്ത് നിന്നും കൊണ്ടു വന്ന ആഡംബര സാമഗ്രികളില്‍ 103 ഇഞ്ച് വലുപ്പമുള്ള പ്ലാസ്മ ഹൈ റെസലൂഷന്‍ ടിവിയും ഉണ്ടായിരുന്നു. ഹോളിവുഡ് സിനിമകളെ ഇഷ്ടപ്പെടുന്ന അയാള്‍ക്ക് ആനിമേഷന്‍ ചിത്രങ്ങള്‍ ഹരമായിരുന്നു. 

മനുഷ്യനും പട്ടിയും തമ്മില്‍ ഒരു വേര്‍തിരിവും ഇല്ലാത്ത ഇടമാണ് ഫ്‌ളാറ്റുകള്‍. ചതുരശ്ര അടിക്കണക്കിന് തിരിച്ചിട്ട കുറെ കൂടുകളാണ് ഒരോ മുറിയും. താഴേക്ക് നോക്കിയാല്‍ ടൈല്‍സ്, മുകളിലേക്ക് നോക്കിയാല്‍ കോണ്‍ക്രീറ്റ്. വശങ്ങളിലെല്ലാം വര്‍ണ്ണച്ചായം പൂശിയ ഭിത്തികള്‍. നാലോ അഞ്ചോ ഇഞ്ച് കനത്തിനപ്പുറം മറ്റൊരുവന്റെ കൂട്. അവന്‍ ആരെന്നോ ഏതെന്നോ ഒരു എത്തും പിടിയുമില്ല. ഇനി അവിടെ ആരാനും ഉണ്ടോ എന്നും അറിയില്ല. 

രണ്ടു പതിറ്റാണ്ടായി യൂറോപ്പിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ സൈക്കോളജി പ്രഫസറായി സേവനം അനുഷ്ഠിച്ച ശേഷം അയാള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിവാഹിതനായ അയാള്‍ക്ക് എന്നും കൂട്ടായിരുന്നത് പലതരം പട്ടികളാണ്. കുട്ടിയായിരിക്കുമ്പൊഴെ വാങ്ങിക്കും .

കുറച്ചു നാള്‍ കൂടെ കൂട്ടും. ചില പട്ടികളെയൊന്നും അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിനെയൊക്കെ അയാള്‍ ബീച്ചിലോ വഴിയിലോ ഉപേക്ഷിച്ചു.

അങ്ങിനെ പല പട്ടികള്‍ അയാളുടെ ജീവിതത്തില്‍ കടന്നു വന്നു. ഏറ്റവും ഒടുവില്‍ അയാള്‍ വലിയ വില കൊടുത്ത് വാങ്ങിച്ച പട്ടിയാണ് ഇപ്പോള്‍ ആറു വര്‍ഷത്തോളമായി കൂട്ടിനുള്ളത്. ഇത് ഒരു സാധാരണ പട്ടിയല്ല. ജനുസ് വേറെയാണ്. ഐക്യു, ഇക്യു, എന്നു വേണ്ട എല്ലാ ക്യൂകളും ആവശ്യത്തിലേറെയുള്ള ജെനിറ്റിക്കലി മോഡിഫൈഡ് ലാപ് ഡോഗ്. 

ആ ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ മറ്റു കൂടുകളില്‍ കുടുങ്ങിയ ജീവതങ്ങളില്‍ ആരും തന്നെ ഒരു പട്ടിയുടെ കുര കേട്ടിട്ടില്ല. അവിടെ മറ്റു പട്ടികളുമില്ല. ആകെയുള്ളത് സിവിലൈസ്ഡ് ആയ ഒരേ ഒരുവൻ മാത്രം. 

പതിവു നടത്തത്തിന്നിടയില്‍ അടുത്തുകൂടെ ആരാനും പോയാല്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ ചെറിയ മുരക്കം. മനുഷ്യന്റെ ചേഷ്ടകളാണ് ഏറെയും. നടപ്പ്, കിടപ്പ്, പെടുപ്പ് എല്ലാം ഒരു പ്രത്യേക രീതിയില്‍. അയാള്‍ ട്രെയിനിംഗ്‌ ഒന്നും നല്‍കിയിരുന്നില്ല. പലതും അയാളില്‍ നിന്നും പട്ടി കണ്ടു പഠിച്ചു. ഫ്‌ളാറ്റില്‍ പട്ടിയെ വളര്‍ത്താന്‍ അനുമതിയില്ലാത്തതാണ്. റസിഡന്‍സ് 

അസോസിയേഷന്‍ പ്രത്യേക പെര്‍മിഷന്‍ നല്‍കിയിട്ടുണ്ട്. പുറത്തിറക്കാന്‍ പ്രത്യേക സമയം തന്നിട്ടുണ്ട്. ഫ്‌ളാറ്റിനുള്ളിലെ സ്വാതന്ത്ര്യം പുറത്തില്ല. കുട്ടികള്‍ക്ക് കളിക്കാനും മറ്റുള്ളവര്‍ക്ക് നടക്കാനും നിര്‍മിച്ച പാര്‍ക്കില്‍ എത്തിയാല്‍ പട്ടിക്ക് കഴുത്തില്‍ വളയവും അതിനൊരു കടിഞ്ഞാണ്‍ പോലെ നീളത്തില്‍ ഒരു ഫൈബര്‍ നൂലും ഉണ്ട്. പട്ടി ഓടിയാലും അധികം ദൂരം പോവില്ല. ചരടിന്റെ മറ്റേയറ്റം അയാളുടെ കൈകളില്‍ ഭദ്രം. 

അസോസിയേഷന്‍ സെക്രട്ടറി ഡോ. സൂസന്‍ റൊബിഡ്യുക്‌സ് പട്ടിയുമായി നേരിട്ട് നടത്തിയ അഭിമുഖത്തിനു ശേഷമാണ് ഗേറ്റഡ് കമ്യൂണിറ്റിയുടെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് അനുസരിച്ച് ജീവിക്കുമെന്ന സത്യപ്രസ്താവനയില്‍ ഒപ്പിട്ട് നല്‍കി അനുമതി തന്നത്. നിയമലംഘനങ്ങള്‍ക്ക് പിഴയും ആവര്‍ത്തിച്ചാല്‍ പടിയടച്ച് പിണ്ഡം വെയ്ക്കലുമാണ് ശിക്ഷയെന്ന് അവര്‍ വാണിംഗ് തന്നിരുന്നു. 

പെട്ടെന്ന് ഇറിറ്റേറ്റഡ് ആകുമെങ്കിലും എല്ലാം ചെറിയ ഒരു മുരളില്‍ ഒതുക്കുന്ന പട്ടിയെ അവര്‍ ഗുഡ്ബുക്കില്‍ പെടുത്തി. ഇവിടെയുള്ള പല കുട്ടികളേക്കാളും ഈ പട്ടി ഭേദമായിരിക്കുമെന്ന് ഡോ സൂസന് അയാൾ ഉറപ്പു നല്‍കി. 

ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പിന്നിലെ പാര്‍ക്കിലെ നടപ്പുപാതയിലൂടെ ഒരു അരമണിക്കൂര്‍ സമയം പട്ടിക്കൊപ്പം അയാളും നടക്കും. ഒരു ഡയപ്പര്‍ പട്ടിയുടെ പിന്നില്‍ കെട്ടിയിട്ടുണ്ട്. വിസര്‍ജ്ജ്യം  പുറത്തുവരാന്‍ പാടില്ല. അതിന് രണ്ടായിരം രൂപയാണ് പിഴ. രണ്ടാം വട്ടം അയ്യായിരം. പിന്നെ പതിനായിരം അങ്ങിനെയാണ് പിഴശിക്ഷയുടെ ഗുണിതങ്ങള്‍. ഡയപ്പറിന് പത്തു രൂപയെയുള്ളു. അത് രണ്ടെണ്ണം വാരിക്കെട്ടിയാലും നഷ്ടമില്ലെന്ന് അയാള്‍ക്ക് തോന്നി. 

പട്ടിക്കും അയാള്‍ക്കുമുള്ള ഭക്ഷണങ്ങള്‍ പുറത്തു നിന്നുമാണ് ഓര്‍ഡര്‍ ചെയ്യുക. 

ഫ്‌ളാറ്റില്‍ ഡെലിവറി. ചിക് പീയും ലൈമും ഉള്ള ഹോട്ട് ഡോഗ് -അതാണ് അയാളുടെ ഇഷ്ട മെനു. ഗ്രെയിന്‍ ഫ്രീ ഹൈ പ്രോട്ടീന്‍ ഡ്രൈ ഡോഗ് ഫുഡ് പട്ടിക്കും. ടേസ്റ്റ് ഓഫ് ദി വൈല്‍ഡാണ് പട്ടിയുടെ ഇഷ്ട ബ്രാന്‍ഡ്. അയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പട്ടിയുടെ ഊഴമാണ്. മൊബൈല്‍ ആപില്‍ നിന്ന് ഇഷ്ടമുള്ള വിഭവം സെലക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം അയാള്‍ പട്ടിക്ക് നല്‍കിയിട്ടുണ്ട്. 

ഒരു ദിവസം ഫുഡ് ഓര്‍ഡര്‍ ചെയ്ത് ബോറടിച്ചിരിക്കുന്നതിനിടെ ഗൂഗിളില്‍ പരതിയപ്പോഴാണ് പട്ടി തന്റെ സ്വത്വം തിരിച്ചറിഞ്ഞത്. പാപ്പിയോണ്‍ എന്ന ജാതിയാണെന്നും താനൊരു ടോയ് ബ്രീഡാണെന്നുമുള്ള തിരിച്ചറിവ്. ചിത്രശലഭത്തിന്റെ ഫ്രഞ്ച് പദത്തില്‍ നിന്നാണ് പാപ്പിയോണ്‍ എന്ന പേരു തന്റെ ജാതിക്കാര്‍ക്ക് കിട്ടിയതെന്ന് കണ്ടതോടെ പട്ടിക്ക് വരേണ്യ ബോധം ലഭിച്ചു. 

ഒരിയ്ക്കല്‍, പാര്‍ക്കിലെ നടവഴിയില്‍ കൂടി നടക്കവെ ഒരു ചിത്രശലഭം പറന്നു പോകുന്നത് കണ്ട് പട്ടി പിന്നാലെ പാഞ്ഞു. നൂല്‍ത്തൊങ്ങലുകള്‍ പോലെ ഞാന്നു കിടക്കുന്ന ചെവികള്‍ ചിറകുകളായി മാറിയെന്നും താന്‍ പറക്കുകയാണെന്നും പട്ടിക്ക് തോന്നി. പാര്‍ക്കിലെ മനോഹരമായ ഗാര്‍ഡനിലെ ഒരു ഓര്‍ക്കിഡ് പൂവിനു മുന്നില്‍ പോയി ആ ചിത്രശലഭത്തെ ഏറെ നേരം നോക്കിനിന്നു.!

‘സ്വീറ്റി’ എന്ന വിളി കേട്ടപ്പോഴാണ് താന്‍ ഒരു ചിത്രശലഭമല്ലെന്നും പട്ടിയാണെന്നുമുള്ള ബോധം തിരിച്ചു കിട്ടിയത്. കുറെ നാളുകള്‍ കൂടിയാണ് അയാള്‍ പട്ടിയെ പേര് വിളിക്കുന്നത്. വിസ്‌കിയില്‍ മയങ്ങിയിരിക്കുന്ന മറ്റു സമയങ്ങളില്‍ അയാള്‍ മൗനിയാണ്. പട്ടിയും അയാളെ പോലെ മിണ്ടാതെ കിടക്കും. രാവിലെ ഉണരുന്നതു മുതല്‍ കിടക്കുന്നതുവരെ ഓരോരോ കാര്യങ്ങള്‍ക്ക് ഓണ്‍ലൈനില്‍ സെറ്റ് ചെയ്ത് വെച്ച അലാം ഉണ്ട്. അതനുസരിച്ച് എല്ലാം ക്രമപ്പെടുത്തിയിട്ടുണ്ട്. സിവിലൈസ്ഡ് ആയി ജീവിക്കുക എന്നത് വളരെ വലിയ ഒരു സൗഭാഗ്യമാണ്‌. ജീവിതത്തില്‍ അടുക്കും ചിട്ടയും വേണമെന്ന് എപ്പഴൊ ലഭിച്ച ഉപദേശം അയാള്‍ അണുവിട വ്യതിചലിക്കാതെ പാലിക്കുന്നു. ഇങ്ങിനെയൊരു ലൈഫ് സ്റ്റൈലിനിണങ്ങിയ സഹജീവിയെ ലഭിക്കുമോന്ന് അയാള്‍ക്ക് ഉറപ്പില്ലായിരുന്നു. അതിനാലാണ് വിവാഹത്തിന് മുതിരാതിരുന്നത്. കൂട്ടിന് പട്ടിയെന്ന ആശയം അങ്ങനെ അയാളില്‍ ഉടലെടുത്തു. ഒരു പട്ടിയുമൊത്തുള്ള ലിവിംഗ് ടുഗെദര്‍.

ശാന്തത, സഹിഷ്ണുത. വകതിരിവ്, സര്‍വ്വോപരി അടിമ മനോഭാവം മുറ്റിനില്‍ക്കുന്ന യജമാന സ്‌നേഹം .. ഒരു നല്ല പട്ടിക്ക് വേണ്ട സര്‍വ്വഗുണസമ്പത്തും നിറഞ്ഞ ഇനത്തെയാണ് അയാള്‍ തേടിയിരുന്നത്. സൈക്കോളജി ഡിപ്പാര്‍ട്ടുമെന്റിലെ ഹെഡ്‌ ആണ് ഈ പാപ്പിയോണ്‍ പപ്പിയെ ഇയാള്‍ക്ക് കൈമാറിയത്. രണ്ടായിരം ഡോളര്‍ കെന്നല്‍ മാര്‍ക്കറ്റില്‍ വിലയുണ്ട്. പക്ഷേ വില്‍ക്കാനൊന്നും പ്ലാനില്ല എന്ന് ഹെഡ്ഡ് പറഞ്ഞപ്പോള്‍ മോഹ വില നല്‍കി പപ്പിയെ അയാള്‍ സ്വന്തമാക്കുകയായിരുന്നു. 

അവിവാഹിതനായ അയാള്‍ക്ക്, പറഞ്ഞാല്‍ എല്ലാം അനുസരിക്കുന്ന, തിരിച്ചൊന്നും പറയാത്ത, യജമാന സ്‌നേഹമുള്ള ഒരു സഹജീവിയെ വേണമായിരുന്നു. ആ അന്വേഷണമാണ് ലാപ്‌ഡോഗുകളില്‍ ചെന്ന് അവസാനിച്ചത്. സര്‍വ്വ ഗുണ സമ്പന്നരായിരുന്നിട്ടുകൂടിയും ചില പട്ടികളെ അയാള്‍ നിഷ്‌കരുണം നടതളളിയിട്ടുണ്ട്. ഒരിയ്ക്കല്‍ ഒരു ഇനത്തെ ബീച്ചില്‍ ഉപേക്ഷിച്ചതിന് കാരണം പ്ലീസിംഗ് അല്ലാത്ത മുഖഭാവവും ചിലസമയത്തെ ബോഡി ലാംഗ്വേജുകളും ആയിരുന്നു. 

തന്നെ കാണുമ്പോള്‍ മുന്‍കൈകള്‍ നീട്ടിവെച്ച് നടുവളച്ച് നമസ്‌കരിക്കണമെന്ന് അയാള്‍ പറയുമായിരുന്നു. വാലാട്ടുകയും വേണം. ഇത്തരത്തില്‍ യജമാനസ്‌നേഹവും ദാസ്യഭാവവും ഇല്ലാത്തവയെ അയാള്‍ റോഡിലോ ബിച്ചിലോ  കണ്ണുകെട്ടിയ ശേഷം ചെയിനോടെ ഉപേക്ഷിക്കും. വില കൂടിയ പട്ടികളായതിനാല്‍ അതിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയും ചെയ്യും. ഇതൊക്കെ മാറിനിന്ന് വീക്ഷിച്ച് പട്ടി പിന്തുടർന്ന് വരുന്നില്ലെന്ന് ഉറപ്പും വരുത്തും. 

പതിനാറ് പട്ടികളെ ഇത്തരത്തില്‍ ഇയാള്‍ ഉപേക്ഷിച്ചിട്ടുണ്ട്. കൂടെക്കഴിയുന്ന പതിനേഴാമത്ത പട്ടിയാണ് സ്വീറ്റി. 

കുരയ്ക്കാത്ത ഇനമാണ് പാപ്പിയോണ്‍. കടിക്കുകയുമില്ല. വാത്സല്യവും സ്‌നേഹവും പരിലാളനവും നല്‍കാന്‍ മാത്രമുള്ള പട്ടിവര്‍ഗം. അതാണ് ജനിറ്റിക്കലി മോഡിഫൈഡ് പാപ്പിയോണ്‍. 

യജമാനന്റെ മാനറിസങ്ങളെ പകര്‍ത്തുന്ന സ്വഭാവസവിശേഷത കുട്ടികളെ പോലെ പെരുമാറുന്ന ഇവറ്റകള്‍ക്ക് ഉണ്ടെന്ന് ഏഴു വർഷത്തെ സഹജീവിതത്തിന്നിടയിൽ അയാൾ കണ്ടെത്തി.

പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് മാടമ്പിമാരുടെ ബംഗ്ലാവുകളിലെ സ്റ്റാറ്റസ് സിംബലായിരുന്ന പാപ്പിയോണിനെ തന്റെ ഫ്‌ളാറ്റിലെ സ്റ്റാറ്റസ് സിംബലാക്കി അയാള്‍ മാറ്റി. 

വെറുതെ ഇരിക്കുന്ന സമയങ്ങളിൽ അയാള്‍ക്കൊപ്പം പട്ടിയും സിനിമകള്‍ കാണുമായിരുന്നു. ഫോക്‌സ് ടിവിയില്‍ വന്നിരുന്ന ‘ഫ്രിഞ്ച്’ എന്ന സീരിയല്‍ ഒരു എപിസോഡു പോലും വിടാതെ ഇവര്‍ ഒരുമിച്ചിരുന്ന് കണ്ടു. പാരലല്‍ യൂണിവേഴ്‌സിനെ ചുറ്റിപ്പറ്റിയുള്ള സയന്‍സ് ഫിക്ഷന്‍ കണ്ടായിരിക്കാം പട്ടിക്കും അയാള്‍ക്കും മനുഷ്യരോട് വെറുപ്പായിരുന്നു. കൗണ്ടര്‍ ഫാക്ചല്‍ ഹിസ്റ്ററിയും ആള്‍ട്ടര്‍നേറ്റ് ടൈം ലൈനും-,എല്ലാം ചേര്‍ന്ന ഒരു മാസ്മരിക ലോകം. 

ഫ്രീഞ്ച് കണ്ട് അതിലെ സീനുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവനകള്‍ ചിറകു വിടര്‍ത്തും.  വിസ്‌കി കുപ്പിയുടെ അടപ്പ് തുറന്നാല്‍ മതി, പിന്നെ പാരലല്‍ യൂണിവേഴ്‌സിലേക്ക് പറക്കുകയായി. റിസണന്‍സ് എന്ന പ്രതിഭാസം വര്‍ക്ക് ഔട്ടാവുന്നതിനാല്‍ പട്ടിക്കും പാരലല്‍ യൂണിവേഴ്‌സ് എക്‌സ്പീരിയന്‍സ് ചെയ്യാനാകുമായിരുന്നു. ഇവരുടെ ലോകമാകുന്ന ആ ഫ്ളാറ്റിലേക്ക് ആരും തന്നെ വിരുന്നുകാരായി വരാറില്ലായിരുന്നു. 

ഒരിക്കല്‍ ഫ്‌ളാറ്റിലെ എസി മെയിന്റന്‍സിനായി എത്തിയ രണ്ടു ബംഗാളികളെ കണ്ട് പട്ടി മുരണ്ടു. കൂര്‍ത്ത പല്ലുകള്‍ കാലിലെ എല്ലു കടിച്ചു മുറിക്കാനാകുമെന്നൊരു ഷോ നടത്തി ശൗര്യം പുറത്തുകാട്ടി, മറ്റൊരിക്കല്‍, കാനേഷുമാരിക്കെത്തിയ അംഗനാവാടി ടീച്ചറെ കണ്ടപ്പോള്‍ ഓടിയെത്തി മടിയില്‍ക്കയറി ഇരുന്നു. 

നിമിഷങ്ങള്‍ക്കുള്ളില്‍ അവരുമായി ഇണങ്ങിയ പട്ടി കണക്കെടുപ്പു തീരും വരെ അവരുടെ മടിയില്‍ നിന്ന് അനങ്ങിയില്ല. അയാളല്ലാതെ മറ്റൊരു മനുഷ്യ രൂപത്തിന്റെ സ്പര്‍ശം ഏല്‍ക്കുന്നതു പോലും അതാദ്യമായിരുന്നു. പോവാന്‍ നേരം അംഗന വാടി ടീച്ചര്‍ പട്ടിയെ കെട്ടിപ്പിടിച്ച് മുത്തം നല്‍കിയാണ് പിരിഞ്ഞത്. 

തന്നോടു പോലും ഇതേവരെ കാണിക്കാത്ത സ്‌നേഹം അന്നുവന്നുകയറിയ ഒരു സ്ത്രീയോട് കാണിക്കുന്നത് കണ്ട് അയാള്‍ക്ക് പട്ടിയോട് വെറുപ്പു തോന്നി. ഉടുത്ത് ഒരുങ്ങി വന്ന ഒരു സ്ത്രീയോട് ഇത്തരത്തില്‍ സ്വീറ്റിക്ക് സ്‌നേഹം തോന്നാനുള്ള കാരണം എന്തെന്ന് ആലോചിച്ച് സമയം പോയതിനാല്‍ അയാള്‍ അന്നത്തെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ മറന്നു. എന്നാല്‍, പതിവു സമയത്ത് ഡോര്‍ ബെല്‍ തുറന്നപ്പോള്‍ ഫുഡ് ഡെലിവറി ബോയി പാഴ്‌സലുമായി എത്തിയിരിക്കുന്നു. വാലാട്ടി, നടുവളച്ച് മുന്നില്‍ നിന്ന സ്വീറ്റിയെ അയാള്‍ അതിരൂക്ഷമായി നോക്കി. ഉത്തരവാദിത്തത്തോടെ ഒരു കര്‍ത്തവ്യം നിര്‍വഹിച്ചിട്ടും യജമാനന്റെ മനസ്സ് കലുഷിതമായത് എന്തെന്ന ചിന്തയിലായിരുന്നു സ്വീറ്റി. 

കുറേ നാളുകള്‍ക്ക് ശേഷമാണ് അയാള്‍ ഒരു സ്ത്രീയുമായി സംസാരിക്കുന്നത് തന്നെ. താന്‍ അവിവാഹിതനാണെന്ന് പറഞ്ഞപ്പോള്‍, വയസ്സാകുമ്പോള്‍ ഒരു തുണവേണ്ടേ. ? വയ്യായ്ക വന്നാല്‍ പട്ടി മരുന്നെടുത്ത് തരുമോ..? തലകറങ്ങി വീണാല്‍ പട്ടി ആംബുലന്‍സിനെ വിളിക്കുമോ. ? എന്നെല്ലാം അവര്‍ ചോദിച്ചു.

പട്ടിയെ അതിന് പരിശീലിപ്പിച്ചിട്ടില്ല പരിശീലിപ്പിച്ചാല്‍ അതൊക്കെ ചെയ്യുമായിരിക്കുമെന്ന് അയാൾ മറുപടി പറഞ്ഞു. പട്ടി ഫുഡ് ഓര്‍ഡര്‍ ചെയ്യുമെന്ന് പറഞ്ഞതു കേട്ടപ്പോള്‍ അവര്‍ മൂക്കത്തു വിരല്‍ വെച്ചു. അതിശയം. തന്നെ ഇതൊക്കെ എന്ന് പറഞ്ഞാണ് അവര്‍ മടങ്ങിയത്. പട്ടിയൊടൊപ്പം ഒരു സെല്‍ഫിയ്ക്കും അവര്‍ അനുമതി ചോദിച്ചു. അവരെ വെറുതെ മുഷിപ്പിക്കേണ്ടെന്ന് കരുതി അയാള്‍ അതിന് അനുവാദവും മൂളി. 

ജീവിതത്തില്‍ ഒരു സ്ത്രീയുടെ തുണ വേണമായിരുന്നുവെന്ന തോന്നലിന് ആ സംഭവം വിത്തുപാകി. പാപ്പിയൊണിന്റെ ഗുണഗണങ്ങളുള്ള ഒരു സ്ത്രീ. !! ഒരറവുകാരന്റെ വെട്ടുകത്തിയുടെ മുനയുള്ള നോട്ടം അയാള്‍ സ്വീറ്റിക്ക് സമ്മാനിച്ചു. സ്വീറ്റി.. അവള്‍ വിവാഹ വസ്ത്രം അണിഞ്ഞ് അതിസുന്ദരിയായി നില്‍ക്കുന്നു. 

അന്ന്. പുതുവത്സരരാത്രിയായിരുന്നു. പതിവിലേറെ വിസ്‌കി അയാള്‍ അകത്താക്കിയിരുന്നു. ഫ്‌ളാറ്റ് വാസത്തിന്റെ ഏഴാം വാര്‍ഷികം. കടല്‍ക്കാറ്റിനൊപ്പം എത്തിയ തണുപ്പ് ബാല്‍ക്കണിയിലൂടെ ഫ്‌ളാറ്റിലാകെ വന്നു നിറഞ്ഞു. 1926 ല്‍ ഡിസ്റ്റില്‍ ചെയ്ത ഡാല്‍മോര്‍ 64 എന്ന വിസ്‌കി അയാള്‍ തന്റെ സ്വകാര്യ ബാര്‍ ഷെല്‍ഫില്‍ നിന്നും എടുത്തു. ഐസ് കഷ്ണങ്ങള്‍ ഫ്രീസറില്‍ നിന്ന് കൈ കൊണ്ട് വാരി ഗ്ലാസിലിട്ടു. ബാൽക്കണിയിലേക്ക് നടന്നു.  

ഹാപ്പി ന്യൂ ഇയര്‍ എന്നുള്ള ചില ശബ്ദങ്ങള്‍ താഴെ സ്വിമ്മിംഗ് പൂളിനടുത്തുള്ള ക്ലബ്ഹൗസിലും പാര്‍ക്കിലും മറ്റും കേള്‍ക്കാം. 

കടലില്‍ നിന്നും വീശി അടിക്കുന്ന തണുത്തകാറ്റിനൊപ്പം ലഹരിയുടെ വിരലുകള്‍ ശരീരമാകെ അള്ളിപ്പിടിച്ചു കയറുകയാണെന്ന് അയാള്‍ക്ക് തോന്നി. സ്‌കോട്‌ലാന്‍ഡിലെ ഏതോ ഡിസ്റ്റലറിയുടെ ഗുദാമുകളിലെ ഇരുളറകളില്‍ പതിറ്റാണ്ടുകള്‍ ഒളിച്ചിരുന്ന വിസ്‌കിയുടെ വീര്യം അയാളുടെ തലച്ചോറിലെ ഞരമ്പുകളിലാകെ പരതി നടന്നു.

‘സ്വീറ്റി…’ അയാള്‍ വിളിച്ചു. വല്ലപ്പോഴും തന്റെ യജമാനന്‍ വിളിക്കുന്ന വിളിയാണത്. തൊങ്ങലുപോലെ തൂങ്ങിയാടുന്ന ചെവികള്‍ വീശി ഒരു ചിത്രശലഭം പോലെ സ്വീറ്റി പറന്നു വന്നു. 

നീ നോക്ക്  !

ദൂരെ കടലിലിലൂടെ ഒഴുകുന്ന ചുവന്ന വെളിച്ചങ്ങള്‍ കണ്ടോ ?

നീ ഈ ഫ്‌ളാറ്റില്‍ ഇങ്ങിനെ അടയിരുന്നാല്‍ മതിയോ ?

നിനക്കും ഇല്ലേ ഇതൊക്കെ കാണണമെന്ന ആശ?.. 

പുക മഞ്ഞ് മൂടിയിട്ടുണ്ടെങ്കിലും പുതുവത്സരത്തിന്റെ മാസ്മരികമായ ഒരു അന്തരീക്ഷം പട്ടിക്ക് അനുഭവവേദ്യമായി.

സ്വീറ്റി..

നോക്കു. നിന്റെ ഈ ചിറകുകള്‍. !

അയാള്‍ പട്ടിയെ കൈകളില്‍ വാരിയെടുത്തു. അങ്ങിനെയൊരു പതിവ് അയാള്‍ക്കില്ലാത്തതാണ്. 

നൂല്‍ത്തൊങ്ങലുകള്‍ പോലെ ഞാന്നു കിടക്കുന്ന ചെവികളെ തലോടി. ഗാഢമായി പുണര്‍ന്നു.

അയാള്‍ പറഞ്ഞു.

നീ ഒരു ചിത്രശലഭമാണ്. 

വര്‍ണ്ണച്ചിറകുകള്‍ വീശിപ്പിക്കുന്ന മനോഹരമായ ഒരു ചിത്രശലഭം..! 

നീ പറക്കു. 

പുതുവത്സരത്തിന്റെ ഊഷ്മളത നീയും നുകരു.. 

നീ പറക്കു..സ്വീറ്റി !  

ബാല്‍ക്കണിയിലെ ക്രിസ്തുമസ് ട്രീയെ വിറപ്പിച്ചെത്തിയ ശക്തമായ ഒരു കാറ്റ്. ആ കാറ്റിന്റെ തോളിലേറി സ്വീറ്റി പറന്നു.. ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെ വീശിയാടുന്ന ചെവികള്‍ ഇരുട്ടിലും അയാള്‍ക്ക് കാണാമായിരുന്നു.

English Summary: Salabhachirakulla Lap dog, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;