ADVERTISEMENT

2017 ഓഗസ്റ്റ് 27 ന് ആയിരുന്നു മകളുടെ വിവാഹം. അത് കഴിഞ്ഞ് തിരിച്ച് പോയ  ഞങ്ങൾ വീണ്ടും നവംമ്പർ ഒന്നിന് നാട്ടിലെത്തി. നവമ്പർ അഞ്ചിനായിരുന്നു മകന്റെ വിവാഹം. ആ വരവിൽ കുറച്ചധിക ദിവസങ്ങൾ നാട്ടിൽ ചിലവഴിക്കാനായി. തിരക്കുകളിൽ നിന്നും വിടുതൽ നേടി ഒരു ദിവസം മോൾടെ അടുത്ത് പോകാമെന്ന് കരുതി. കൊടുങ്ങല്ലൂരിൽ നിന്നും 70 കി. മീറ്റർ ദൂരെ പെരുമ്പിലാവിലായിരുന്നു മോൾടെ വീട്. അങ്ങനെ ഒരു ദിവസം ഉച്ചയൂണിന് ശേഷമാണ് പെരുമ്പിലാവിലേക്ക് യാത്രതിരിക്കുന്നത്. 

 

കൊടുങ്ങല്ലൂർ ഗുരുവായൂർ റോഡ് അത്യന്തം ശോചനീയാവസ്ഥയിലായിരുന്നു അക്കാലത്ത്. അക്കാലത്തെന്നല്ല മിക്കവാറും അതെപ്പോഴും അങ്ങനെ തന്നെയായിരുന്നു. അത് കൊണ്ട് ടിപ്പു സുൽത്താൻ റോഡ് വഴി പോകാമെന്ന് അനിയൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ യാത്ര തുടങ്ങി. അനിയന്റെ വണ്ടിയിൽ അവനും ഭാര്യയും പിന്നെ ഞാനും ഭാര്യയും. കുറെ വളവും തിരിവും ഉണ്ടെന്നത് ഒഴിച്ചാൽ യാത്രക്ക് ഏറ്റവും സുഖകരമായ വഴി ഇത് തന്നെയാണെന്ന് മുമ്പും അനുഭവപ്പെട്ടിട്ടുണ്ട്.

 

സ്നേഹതീരം വഴി യാത്ര ചെയ്ത് അവിടെ കുറച്ച് നേരം ചിലവഴിച്ച് കടൽക്കാറ്റിന്റെ സ്നേഹ തലോടലേറ്റ് തിക്കും തിരക്കും കൂടാതെ അലസമായി യാത്രചെയ്യാൻ പറ്റിയ വഴി തന്നെയാണ് ടിപ്പു സുൽത്താൻ റോഡ്. കിഴക്ക് മാറി ദേശീയപാത എന്ന വിളിപ്പേരുള്ള, വീതിയേറെയുണ്ടെങ്കിലും കുണ്ടും കുഴിയും നിറഞ്ഞ റോഡിനേക്കാൾ എത്രയോ ഭേദമാണ് ഈ വഴിയെന്ന് ഒരിക്കൽ യാത്ര ചെയ്തിട്ടുള്ള ഏതൊരാൾക്കും അനുഭവപ്പെടും. 

 

കഴിഞ്ഞ കുറേ ദിവസങ്ങളിലെ വിശ്രമമില്ലാതെയുള്ള ഓട്ടത്തിൽ നിന്നുണ്ടായ ക്ഷീണവും ഉച്ച ഭക്ഷണം നല്കിയ സുഖാലസ്യവും കണ്ണുകളിലേക്ക് ഉറക്കത്തെ മാടി വിളിക്കുന്നുണ്ടായിരുന്നു. എന്റെ ഭാര്യക്ക് അത് നേരത്തെ തന്നെ അനുഭവപ്പെട്ടിരുന്നതിനാൽ അവൾ പിന്നിലിരുന്നുറക്കം തുടങ്ങിയിരുന്നു. അവളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അനിയന്റെ ഭാര്യയും ഉറക്കത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഇനി ഞാൻ കൂടി ഉറങ്ങാൻ തുടങ്ങിയാൽ അത് വണ്ടി ഓടിക്കുന്നയാൾക്ക് ബോറാവില്ലേ എന്ന ചിന്തയിൽ ഞാൻ അവനുമായി സംസാരിച്ചിരുന്നു. 

 

കൂളിമുട്ടം കഴിയുന്നതോടെ പരിചിത മേഖലകൾ കഴിയുകയായി. പിന്നീടങ്ങോട്ട്  കടലിന്റെ സംഗീതവും ആസ്വദിച്ച് ഇരുവശവും പച്ചപ്പ് നിറഞ്ഞ, വൃത്തിയുള്ള,  കറുപ്പഴകിൽ തിളങ്ങുന്ന റോഡിലൂടെ ഞങ്ങൾ അങ്ങനെ നീങ്ങുയാണ്. എവിടെ തട്ടുകട കണ്ടാലും നിറുത്തിക്കോളാൻ ഞാൻ അനിയനെ ശട്ടം കെട്ടി. കാരക്കും സ്നേഹതീരത്തിനുമിടയിൽ മൂന്നിടത്തെങ്കിലും ഞങ്ങൾ വണ്ടി നിറുത്തി ചായ  കുടിച്ചു. തട്ടുകടകളിൽ നിന്നും കിട്ടുന്ന മൊരിഞ്ഞ പരിപ്പുവടകളുടെ കരുകരുപ്പും ഇടയിൽ അറിയാതെ ചവക്കുന്ന പച്ച മുളകിന്റെ എരിവ് ചുടുചായയോട് ചേരുമ്പോഴുണ്ടാകുന്ന ഒരു പ്രത്യേക തരം അനുഭവവും ഒന്ന് വേറെ തന്നെ.

 

ഡിസംബറിന്റെ മദ്ധ്യാഹ്നമായിരുന്നതിനാൽ ചൂട് അധികമനുഭവപ്പെടുന്നില്ലായിരുന്നു. ഗ്രാമം ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ അമർന്നു കിടക്കുന്നു. ഇടവിട്ടുള്ള ഒഴിഞ്ഞ പറമ്പുകളിൽ കുട്ടികൾ ഏതൊക്കെയോ കളികളിൽ ഏർപ്പെട്ടിരിക്കുന്നത് കാണാമായിരുന്നു. കന്നുകാലികളും അല്പ വിശ്രമത്തിനായുള്ള സമയമായി ഇതിനെ കണ്ടെത്തിയിരുന്നു എന്ന് കാഴ്ചകൾ പകർന്നു തന്നു. കടലിൽ നിന്നടിക്കുന്ന കാറ്റ് തീർത്തും നവോന്മേഷം പ്രദാനം ചെയ്യുന്നുണ്ടായിരുന്നു. ഇടക്കിടെ ചായ കുടിച്ചു കൊണ്ടിരുന്നതിനാൽ ക്ഷീണവും ഉറക്കവും എവിടെയോ പോയി മറഞ്ഞു. വല്ലപ്പോഴും എതിർദിശയിൽ നിന്ന് വരുന്ന ഒരു വാഹനമൊഴിച്ചാൽ റോഡ് തീർത്തും ഫ്രീയായി കിടക്കുന്നു. 

 

ഏറെ വൈകാതെ ഞങ്ങൾ സ്നേഹതീരത്തെത്തി. ചക്രവാളച്ചെരിവിലേക്ക് പതിയെ നീങ്ങിക്കൊണ്ടിരിക്കുന്ന സൂര്യൻ. കടൽ തീർത്തും ശാന്തമായിരുന്നു. ദൂരെ പൊട്ടുപോലെ നീങ്ങുന്ന മത്സ്യബന്ധന നൗകകൾ. അലസമായി തീരത്തെ പുണരാനെത്തുന്ന കുഞ്ഞു തിരമാലകൾ. തീരത്തോട് കുശലം പറഞ്ഞ് പാറകളിൽ പൊട്ടിച്ചിതറി അവ നിഷ്ക്രമിക്കുന്നു. കുട്ടികളും മുതിർന്നവരും കച്ചവടക്കാരും കൂടി ഒരു ഉത്‌സവ പ്രതീതി ജനിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവിടെ. വർണ്ണങ്ങളുടെ ഒരു നിറക്കൂട്ട്. അതവിടെ നിന്നും പതിയെ ആകാശച്ചെരിവിലേക്ക് പടരുകയാണോ എന്ന് തോന്നിപ്പോകും. 

 

 

തൃശൂരിന്റെ കടലോരങ്ങളിൽ മുസിരിസ് ബീച്ച് കഴിഞ്ഞാൽ ഏറെ മനോഹാരിത നിറഞ്ഞു കാണുന്നത് ഇവിടെത്തന്നെയാണ്. കുറച്ച് കൂടി സൗകര്യങ്ങൾ ഒരുക്കുകയാണെങ്കിൽ ഇനിയും ഒരു പാട് സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കാനായേക്കും എന്ന് തോന്നി. ഞങ്ങളെത്തുമ്പോൾ തന്നെ മുപ്പതോളം വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു.

 

കുറച്ചു നേരം അവിടെ ചിലവഴിച്ച ശേഷം വീണ്ടും യാത്ര തുടർന്നു പെരുമ്പിലാവിലെത്തി. ആറ് മണിയോടെയാണ് അവിടെ നിന്നും തിരികെ പോരുന്നത്. എട്ട് മണിക്ക് വീട്ടിലെത്താനാകും എന്ന കണക്കു കൂട്ടലിലാണ് യാത്ര. പതിനഞ്ച് മിനിറ്റ് കൊണ്ട് കുന്നംകുളത്തെത്തിക്കാണും. അവിടെ അന്ന് പള്ളി പെരുന്നാളായിരുന്നു. ടൗൺ മുഴുക്കെ ആളും ആരവവും കൊണ്ട് മുഖരിതം. ഘോഷയാത്ര കടന്ന് പോകുന്ന സമയമായതിനാൽ റോഡിൽ ഒരിഞ്ചുപോലും സ്ഥലം കിട്ടാത്ത അവസ്ഥയിൽ ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു ഞങ്ങൾ.

 

ടൗൺ ഒരു വിധം കടന്ന് കിട്ടിയ ആശ്വാസത്തിൽ ഞങ്ങൾ മുന്നോട്ട് നീങ്ങുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്റർ ഗുരുവായൂർ റൂട്ടിലൂടെ പൊയ്ക്കൊണ്ടിരുന്നപ്പോൾ ഠമാർ പടാർ! വണ്ടി പെട്ടെന്ന് പ്രവർത്തനം നിലച്ചു. എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ടാവുന്നില്ല.

 

സന്ധ്യയോടുത്തിരുന്നു സംഭവം നടക്കുമ്പോൾ. പകൽ വെളിച്ചം മുഴുവനായും കെട്ടടങ്ങിയിട്ടില്ല. വണ്ടി സൈഡിലേക്കൊതുക്കിയിട്ട് എന്താ ചെയ്യുക എന്ന ചിന്തയിലായി ഞങ്ങൾ. അടുത്തുള്ള വർക്ക് ഷോപ്പിൽ നിന്നും ആളെ കൊണ്ട് വരിക. മരുമോനെ വിളിച്ച് അവന്റെ വണ്ടിയുമായി വരാൻ പറയുക. ഈ വണ്ടി അവനെ ഏൽപ്പിച്ച് മേൽ നടപടികൾ നടത്തിക്കുക. അവന്റെ വണ്ടിയിൽ ഞങ്ങൾ യാത്ര തുടരുക തുടങ്ങി പല അഭിപ്രായങ്ങൾ ഉയർന്നു വന്നു.

 

അങ്ങനെ നാലു തലകൾ ഒരു പോലെ പുകഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് സ്കൂട്ടറിൽ ഒരു ചെറുപ്പക്കാരൻ അവതരിക്കുന്നത്. വെളുത്ത് സുമുഖനായ എന്ന് പറഞ്ഞാൽ പോരാ, നല്ല ആഢ്യത്വമുള്ള മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ. നന്നായി മുറുക്കിയിട്ടുണ്ട്. നേരെ എന്റെ അടുത്തേക്ക് വന്നു.

‘‘ഹൈ ഇത്പ്പൊ എന്തുട്ട്ണ് പ്രശ്നം. വണ്ടിക്കെന്തണ് പറ്റീത് ?’’ ഞാൻ വിവരം പറഞ്ഞു.

 

‘ചേട്ടായി .’ കുറച്ച് മാറി നിന്ന് വായിലെ ചുവന്ന വെള്ളം ഒന്ന് നീട്ടിത്തുപ്പിയ ശേഷം അയാൾ തുടർന്നു. ‘ഒരു കാര്യം ചെയ് . അല്ലെങ്കി വേണ്ട.’ കക്ഷി ഒരു സൈഡിലേക്ക് വീണ്ടും മാറി നിന്നു. എന്തോ ഗാഢമായി ചിന്തിക്കുന്ന പോലെ. പെട്ടെന്ന് തന്നെ തിരികെ വന്നു. ‘‘വാ കേറ്. ചേട്ടായി പിന്നീൽ ക്ക് കേറ്ന്ന്. ഇതാപ്പൊ ഒരു പ്രശ്നം. മ്മക്ക് ത് സോൾവാക്കാന്ന്.’’ എനിക്ക് പെട്ടെന്നൊന്നും മനസ്സിലായില്ല. എനിക്കെന്നല്ല ഞങ്ങൾക്കാർക്കും ഒന്നും മനസ്സിലായില്ല. ഞങ്ങളുടെ അമ്പരപ്പിലേക്ക് ഒരു ഉറച്ച തീരുമാനമെന്ന പോലെ അയാളുടെ വാക്കുകൾ ഒഴുകി വന്നു. 

 

നിങ്ങൾക്കിനി യാത്ര തുടരണമെങ്കിൽ ഈ വണ്ടി ശരിയാക്കിക്കിട്ടണം. അതിന് ഏതെങ്കിലും വർക്ക് ഷാപ്പിൽ നിന്നും ആളെ കൊണ്ട് വരണം. ഇന്ന് ഞായറാഴ്ചയും പോരാത്തതിന് പള്ളി പെരുന്നാളും. ഒരു കുഞ്ഞും വർക്ക് ഷാപ്പ് തുറക്കാൻ സാധ്യതയില്ല. എങ്കിലും മ്മക്കൊന്ന് ശ്രമിച്ചു നോക്കാം എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട്, അയാൾ സ്വയം സംസാരിക്കാൻ തുടങ്ങി. ദേവസ്യേട്ടന്റെ വീട്ടീ ച്ചെന്നാ കാണ്വായിരിക്കും. ഇല്ലങ്കി ലോനേടെ വീട്ടിപ്പോകാം. ങ്ഹാ! ആരേലും കിട്ടാതിരിക്കില്ല. തുടർന്ന് എന്നോടായി പറഞ്ഞു. ആ നമുക്ക് നോക്കാംന്ന്, ചേട്ടായി വണ്ടീ കേറ്.

 

ആൾ വണ്ടിയിൽ കേറീരുന്ന് എന്നോട് കണ്ണുകൊണ്ട് ആംഗ്യം കാട്ടി. ഞങ്ങൾക്കെല്ലാവർക്കും വലിയ ആശയക്കുഴപ്പമായി. വണ്ടി ശരിയാക്കിക്കിട്ടണം എന്നത് ശരി തന്നെ. പക്ഷേ, ഈ സന്ധ്യ മയങ്ങുന്ന നേരത്ത് തീർത്തും അപരിചിതനായ ഒരാളുമൊത്ത് അപരിചിതമായ സ്ഥലത്തേക്ക് ഞാൻ പോകുന്നതിൽ ഭാര്യക്ക് വൈമുഖ്യമുണ്ടായിരുന്നു. വേണ്ടാ എന്നവൾ കണ്ണകൊണ്ട് വിലക്കി. ഒരു വശത്ത് വണ്ടിയിൽ കേറാൻ അയാളുടെ കണ്ണു കൊണ്ടുള്ള ആംഗ്യം. ഇപ്പുറത്ത് വേണ്ടാന്ന് ഭാര്യയുടെ ആംഗ്യം. ഇതിനിടയിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഈ പെരുവഴിയിൽ പെട്ടുപോകുമല്ലോ എന്ന ചിന്തയിൽ ഞാനും.

 

ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി ഞാനയാളുടെ വണ്ടിയുടെ പിറകിൽ കയറി. അനിയനോട് വിവരം പറഞ്ഞപ്പോൾ അവൻ പോകാമെന്ന് പറഞ്ഞെങ്കിലും ഞാനത് വിലക്കി.

 

ചെറുതായി ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കെ എന്നോടയാൾ സംസാരിക്കാൻ തുടങ്ങി. ആദ്യം അയാൾ സ്വയം പരിചയപ്പെടുത്തി. ജിമ്മി ജോസ് എന്നാണ് പേര്. അപ്പന്റെ പേരാണ് ട്ടാ ജോസ് ന്ന്. മ്മള് ജിമ്മിയാണെങ്കിലും കുന്നോളത്ത് അറീണത് കീരിക്കാടൻന്നാണ്‌ ട്ടാ. മ്മള് വളരെ ഫേമസാണിവിടെ. ന്നാ ച്ചാൽ എല്ലാവരും ഇമ്മളെ അറിയൂംന്ന്. കുന്നോളത്ത് എവിടെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കി അവിടെ നൊമ്മള് എടപെട്ടിരിക്കും. ന്റെ പേര് തന്ന്യാ ഇവ്ടത്ത എസ്സൈക്കും. ആൾക്കും അതറിയാട്ടാ. കുന്നംകുളം ടൗണിൽ ഞാനൊരുപാട് കേസുകൾ കൈകാര്യം ചെയ്തിരിക്കണ്. ഒറ്റണ്ണം ഫ്ലോപ്പായിട്ടില്ലാന്ന്. പിന്നിപ്പ, കല്യാണോക്ക കഴിഞ്ഞ ശേഷം ഇത്തിരി പിൻവലിഞ്ഞേക്കാ.

 

അത് യാത്രയിൽ എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു. എതിരെ വരുന്ന ടൂ വീലറുകാരിലും കാൽ നടക്കാരിലും ചിലരെങ്കിലും കക്ഷിയെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. വായിലുള്ള മുറുക്കാൻ തുപ്പിക്കളയുന്നതിനായി ഇടക്ക് രണ്ട് തവണ വണ്ടി നിറുത്തി. അവിടെ വെച്ച് കണ്ട ആളുകളുമായി കുശലം പറഞ്ഞ് എന്നെ പരിചയപ്പെടുത്താൻ നോക്കി. അവരെല്ലാം തന്നെ എന്നെ ഏറെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. വണ്ടി ഓടി കൊണ്ടിരിക്കെ വീണ്ടും സംസാരം തുടരവെ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി. ആൾ മദ്യപിച്ചിട്ടുണ്ട്. ഈ നേരമത്രയും അതിന്റെ ഒരു സൂചനയും പ്രകടമാകാത്ത രീതിയിലാണ് അയാൾ പെരുമാറിയിരുന്നത്. എനിക്കെന്തോ വല്ലാതെ തോന്നി. വേണ്ടായിരുന്നു ഇയാളോടൊത്തുള്ള യാത്രയെന്നും അയാളുടെ സ്നേഹ വാഗ്ദാനങ്ങൾ നിരസിച്ചാൽ മതിയായിരുന്നെന്നും പെട്ടെന്നെനിക്ക് തോന്നി. പക്ഷേ ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല.

 

തുടർന്ന് അയാളെന്റെ കാര്യങ്ങൾ തിരക്കി. കൊടുങ്ങല്ലൂരാണ് ദേശമെന്നും ടൗണിൽ ഒരു ചെരിപ്പ് കട നടത്തുകയാണെന്നും ഇപ്പോൾ ചങ്ങരംകുളത്ത് ഒരു ബന്ധുവീട്ടിൽ പോയി വരികയാണെന്നും അല്പം വ്യത്യാസപ്പെടുത്തി പറഞ്ഞു. എന്നെ ഒരുപാട് പറയാനനുവദിക്കാതെ കക്ഷി ചറപറാ സംസാരിച്ചു കൊണ്ടിരുന്നു.

 

ദൂരെ ബാന്റ് മേളവും ഇടക്കിടെ പടക്കം പൊട്ടലുമായി പെരുന്നാൾ പൊടിപൊടിക്കുകയാണ്. ഞങ്ങൾ മെയിൻ റോഡിൽ നിന്നും കുത്തനെയുള്ള ഒരു ഇറക്കത്തിലേക്ക് പ്രവേശിച്ചു. ഏറെ ശ്രദ്ധിച്ച് തന്നെയാണ് അയാൾ വണ്ടി ഓടിക്കുന്നതെങ്കിലും എനിക്കാകെ ഒരു ഭയം തോന്നിത്തുടങ്ങിയിരുന്നു. അര കിലോമീറ്ററോളം സഞ്ചരിച്ച് പല വളവുകളും തിരിവുകളും കഴിഞ്ഞ് ഒരു വീടിന്റെ മുമ്പിൽ നിറുത്തി.

 

ഗഡീ, നിങ്ങളിവിടെ നിക്ക്. ദേവസ്യേട്ടന് ണ്ടോന്ന് നോക്കട്ടെന്നും പറഞ്ഞ് കക്ഷി അകത്തേക്ക് പോയി. മതിലിന് വെളിയിലായി നിന്ന ഞാൻ അകത്തെ ആഹ്ളാദാരവങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. മറ്റൊരു പെരുന്നാളിന്റെ പ്രകമ്പനങ്ങൾ എന്നോണം ഒച്ചയും ബഹളവും അവിടെ നിന്നും പുറത്തേക്കൊഴുകാൻ തുടങ്ങിയിരുന്നു. 

 

ഇടക്കിടെ ഒറ്റയും തറ്റയുമായി ആളുകൾ അത് വഴി പോകുന്നുണ്ടായിരുന്നു. എല്ലാവരും എന്നെ ഉറ്റു നോക്കുന്നതായി എനിക്ക് തോന്നി. അഞ്ച് മിനുറ്റ് കഴിഞ്ഞിട്ടും അകത്തേക്ക് പോയ ജിമ്മിയെ കാണാതായ ഞാൻ ആകെ അസ്വസ്ഥനായി. തിരക്കിനിടയിൽ മൊബൈൽ എടുക്കാൻ മറന്ന് പോയ കാര്യം ഞാൻ അപ്പോഴാണ് ഓർത്തത്. തന്നെയല്ല എന്റെ പേഴ്സും ഭാര്യയുടെ ഹാൻഡ് ബാഗിലാണെന്ന ഭീകരസത്യം അന്നേരം എന്നെ ഞെട്ടിച്ചു കളയുകയും ചെയ്തു. തിരികെ പോകാമെന്ന് വെച്ചാൽ തന്നെ അവിടെ നിന്നും ഒരു വണ്ടി കിട്ടുക എളുപ്പമല്ലെന്നും ഒരു വലിയ കയറ്റം കയറി നടന്ന് പോവുക അസാധ്യമാണെന്നും ഞാൻ മനസ്സിലാക്കി. 

 

വീണ്ടും ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞ് കാണും. ഒരു പയ്യൻ വന്ന് എന്നെ അകത്തേക്ക് വിളിച്ചു. മോൻ പോയി ജിമ്മിയേട്ടനോട് പെട്ടെന്ന് വരാൻ പറ എന്ന് പറഞ്ഞ് ചെക്കനെ ഞാൻ തിരിച്ചയച്ചു. രണ്ട് മിനിറ്റിനുള്ളിൽ ജിമ്മി വെളിയിലെത്തി. ഒരു ക്ഷമാപണ ഭാവത്തോടെ അയാൾ പറഞ്ഞു. ദേവസ്യേട്ടൻ എന്ത് കൊടുക്കാന്ന് പറഞ്ഞാലും ഇന്നിനി വരൂല. ത്രേസ്യേടത്തിനെം കൊണ്ട് പള്ളിൽക്കെറങ്ങാൻ നിക്ക്യാ പുള്ളി. എനിക്കാകെ ചൊറിഞ്ഞു വന്നു. അന്നേരത്തെ ആ അസ്വസ്ഥമായ സാഹചര്യത്തിന്റെ മുഷിപ്പിൽ ഞാൻ ചോദിച്ചു. ഇത് പറയാനാണോ ഈ കാൽ മണിക്കൂർ എടുത്തത്. അയാൾ അവിടെയിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് എനിക്കിതിനകം ബോദ്ധ്യമായിരുന്നു. എന്റെ ശരീര ഭാഷയും പെട്ടെന്നുണ്ടായ ചോദ്യവും അയാളെയൊന്നു ഞെട്ടിച്ചു. ഒരു വളിച്ച ചിരിയായിരുന്നു അതിനുള്ള മറുപടി. 

 

മ്മക്കിനി ലോനേട്ടന്റെ വർക്ക് ഷോപ്പിലൂടൊന്നു പോയ് നോക്കാം. ചേട്ടായി വണ്ടീ കേറ്.

 

സത്യത്തിൽ എനിക്കയാളുടെ മട്ടും മാതിരിയും കണ്ട് ഒരു പേടി മനസ്സിൽ കൂടുകൂട്ടാൻ തുടങ്ങിയിരുന്നു. പക്ഷേ, അത് പുറത്ത് കാട്ടാത്ത വിധത്തിൽ ഞാൻ പറഞ്ഞു. ജിമ്മി എന്നെ ഞങ്ങളുടെ വണ്ടി കിടക്കുന്ന സ്ഥലത്ത് തന്നെ വിട്ടാൽ മതി. ഞങ്ങൾ എങ്ങനെയെങ്കിലും പൊയ്ക്കോളാം. പക്ഷേ അത് കേട്ടതായി പോലും ഭാവിക്കാതെ അയാൾ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ആരെയൊക്കെയോ ശപിക്കുകയും, കൂടെക്കൂടെ എന്തൊക്കെയോ പിറുപിറുക്കുകയും ചെയ്തു കൊണ്ടിരിന്നു അയാൾ.

 

മെയിൻ റോഡിൽ എത്തിയ ശേഷം ടൗൺ ലക്ഷ്യമാക്കി നീങ്ങി. കുന്നംകുളം സെന്ററിലേക്ക് കഷ്ടിച്ച് 500 മീറ്റർ കാണും. പെരുന്നാളിന്റെ ബാന്റ് മേളം ഇപ്പോൾ അടുത്തായി കേട്ടു തുടങ്ങി. കാൽനടയായും വാഹനങ്ങളിലും ആളുകൾ പള്ളിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. അതിനിടയിലൂടെ ഒരു അഭ്യാസിയുടെ ചാതുര്യത്തോടെ മുമ്പോട്ടോടിക്കുകയാണ് ജിമ്മി. ഒരു നിമിഷം, എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഇടതരാതെ പെട്ടെന്ന് അയാൾ വന്ന വഴിയിലേക്ക് തന്നെ വണ്ടി തിരിക്കാനായി ശ്രമിക്കുന്നത് കണ്ടു. എതിർഭാഗത്തേക്ക് തിരിക്കാനായി അയാളൊട്ടും ആയാസപ്പെട്ടില്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആൾകൂട്ടത്തെ വകഞ്ഞു മാറ്റിയെന്നോണം അയാൾ വണ്ടി എതിർ ഭാഗത്തെത്തിച്ചു. ഇരുഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ സഡൻ ബ്രേക്കിടുന്നതിന്റെ ശബ്ദം ഒന്നൊന്നായി അവിടെ കേൾക്കുകയായി. കൂടെ അസഭ്യവും ശാപവചനങ്ങളും ഇടകലർന്ന വാമൊഴികളും. പൊടുന്നനെയുള്ള ഈ പ്രവൃത്തിയിൽ പകച്ചു പോയ ഞാൻ എന്താണ് സംഭവിക്കുന്നതെന്നറിയാതെ കുഴങ്ങി.

 

എന്താണ് സംഭവം എന്ന് ചോദിച്ചിട്ട് അയാളൊന്നും പറയുന്നില്ല. എനിക്കാകെ സംഭ്രമമായി. നേരം ശരിക്കും ഇരുട്ടി തുടങ്ങിയിരുന്നു. കുറച്ചോടിയ ശേഷം സ്കൂട്ടർ വീണ്ടും ഒരു ഇറക്കത്തിലേക്ക് തിരിഞ്ഞു. ഒരു ചെങ്കൽ റോഡായിരുന്നു അത്. മങ്ങിയ പ്രകാശം പരത്തുന്ന മഞ്ഞ ബൾബുകൾ. വശങ്ങളിൽ എങ്ങും കാടും പടലും നിറഞ്ഞു നിൽക്കുന്നു. ആദ്യത്തെ നൂറ് മീറ്റർ കഴിഞ്ഞപ്പോൾ റോഡിൽ ഒരു വെളിച്ചുമില്ല. ഇരുട്ട് കട്ട കുത്തി  നിൽക്കുന്നതു പോലെ. സ്കൂട്ടറിന്റെ ഹെഡ് ലൈറ്റിൽ നിന്നും വരുന്ന വെളിച്ചത്തിൽ റോഡ് തീർത്തും വിജനമാണെന്ന് മനസ്സിലായി. 

 

യാത്രികരായി ഒരാളെപ്പോലും ആ വഴിയിലൊന്നും കാണാനില്ല. അയാൾ ആരെയോ കണ്ട് ഭയന്നിട്ടുണ്ടെന്ന് ഞാനൂഹിച്ചു. കരുത്തനായ ആ മനുഷ്യൻ ഏതോ ഭാരമേറിയ ജോലി കഴിഞ്ഞതിന്റെ ബാക്കിയെന്നോണം ശക്തമായി കിതക്കുന്നുണ്ടായിരുന്നു. എന്റെ ഭയപ്പാട് വർദ്ധിച്ചു. ഞരമ്പുകളെല്ലാം വലിഞ്ഞു മുറുകുന്നത് പോലെ എനിക്കനുഭവപ്പെട്ടു. ഒരു വേള, ഓടുന്ന ആ സ്കൂട്ടറിൽ നിന്നും ചാടിയാലോ എന്ന് വരെ ഞാനാലോചിച്ചു. ഭാര്യയുടെ വാക്ക് അവഗണിച്ച് ഞാനിയാളോടൊത്ത് പോരാൻ തുനിഞ്ഞ നിമിഷത്തെയോർത്ത് വ്യാകുലപ്പെട്ടു. ആ നിമിഷത്തെ തീരുമാനത്തെ പേർത്തും പേർത്തും ശപിച്ചു. പൊടുന്നനെ ആരുടെയോ ഭാഗ്യമെന്നോണം മെയിൻ റോഡിന്റെ തന്നെ മറ്റൊരു ഭാഗത്തേക്ക് ഞങ്ങൾ എത്തിച്ചേർന്നു.

 

ഏഴ് മണി കഴിഞ്ഞിരുന്നതിനാലും അല്പാല്പം മഞ്ഞു വീണു തുടങ്ങിയിരുന്നതിനാലും അന്തരീക്ഷത്തിൽ ചെറിയ തണുപ്പനുഭവപ്പെടുന്നുണ്ടാവണം. പക്ഷേ, ഞാനാകെ വിയർത്തിരിക്കുകയായിരുന്നു. വണ്ടി ഇങ്ങനെ ഓടിക്കൊണ്ടിരിക്കയാണ്. ഒരു മദ്യപൻ ഓടിക്കുന്നതിന്റെ വൈഷമ്യം ഒന്നും അനുഭവപ്പെടുന്നില്ലെങ്കിലും, അതൊരു യാഥാർത്ഥ്യമല്ലേ എന്ന ബോധ്യം എന്റെ പേടിയെ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. നഗരമധ്യത്തിലെത്തിയപ്പോഴേക്കും വണ്ടിയുടെ വേഗത കുറക്കാൻ നിർബന്ധിതനായി അയാൾ എന്നത് എനിക്കല്പം ആശ്വാസത്തിനിട നല്കി. എങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം ഒന്നും തരാതെ അയാൾ തൃശൂർ റോഡിലേക്ക് തിരിഞ്ഞു.

 

ഒടുവിൽ അടയ്ക്കാൻ തുടങ്ങുന്ന ഒരു വർക്ക് ഷോപ്പിന്റെ മുന്നിൽ സ്കൂട്ടർ നിറുത്തി അയാളിറങ്ങി. എന്നിട്ട് വിജയഭാവത്തിൽ എന്നെയൊന്ന് നോക്കി. ഞാൻ ഒന്നും പറയാനുള്ള ഒരവസ്ഥയിലായിരുന്നില്ല. നേരെ അകത്തേക്ക് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. മെക്കാനിക്ക് പള്ളിപ്പെരുന്നാളിന്റെ കാര്യം പറഞ്ഞ് ഒഴിയാൻ നോക്കി. ഒടുവിൽ എന്റെ ദയനീയാവസ്ഥ കണ്ട് വരാമെന്ന് സമ്മതിക്കുകയായിരുന്നു.

 

എന്നാപ്പിന്നെ ഞങ്ങൾ മുമ്പേ പോകാം, നിങ്ങൾ സ്കൂട്ടറിൽ പിറകെ വാ എന്നായി ജിമ്മി. പക്ഷേ, വർക്‌ഷോപ്പുകാരൻ ജിമ്മിയെ തന്ത്രപൂർവ്വം ഒഴിവാക്കിക്കൊണ്ട് പറഞ്ഞു. ഞങ്ങൾ രണ്ട് പേരും ഓട്ടോ റിക്ഷയിൽ പൊയ്ക്കോളാം, ജിമ്മി വേണൊങ്കി പൊയ്ക്കോ, പെരുന്നാളൊക്കെയല്ലേ. അതിന് മറുപടിയായി അയാളൊന്നും പറഞ്ഞില്ല. പകരം അവിടെ ചുറ്റിയങ്ങനെ നിന്നതേയുള്ളു. ഇത്രയും നേരം എനിക്കായി ചിലവഴിച്ചതിന്റെ പ്രതിഫലമായി എന്തെങ്കിലും കിട്ടാനായിരിക്കുമോ എന്ന് ഞാൻ ശങ്കിച്ചു.

 

സംഗതി എന്തൊക്കെയായാലും അയാളിത്ര ബുദ്ധിമുട്ടിയതല്ലേ എന്തെങ്കിലും കൊടുക്കാതെ വിടുന്നത് മോശമല്ലേ എന്ന് കരുതി ഞാനാ വർക്ക് ഷോപ്പുകാരന്റെ കയ്യിൽ നിന്നും നൂറ് രൂപ വാങ്ങി ജിമ്മിയുടെ പോക്കറ്റിൽ വെക്കാൻ തുനിഞ്ഞു. പക്ഷേ അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല. എന്നാ ശരി എന്ന് പറഞ്ഞ് ജിമ്മി സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് യാത്രയായി.

 

ഞാനും മെക്കാനിക്കും കൂടി ഒരു ഓട്ടോറിക്ഷയിൽ ഞങ്ങളുടെ വണ്ടി ബ്രേക് ഡൗൺ ആയി കിടക്കുന്നിടത്തേക്ക് നീങ്ങി. ഏകദേശം അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന അയാൾ അത്യാവശ്യം വേണ്ടുന്ന ടൂൾസ് എടുത്തിരുന്നു. അതിനിടെ അയാളുടെ മൊബൈലിൽ നിന്നും അനിയന്റെ മൊബൈലിലേക്ക് വിളിച്ച് ഉടനെ എത്തും എന്ന വിവരം കൊടുത്തു.

 

കുറച്ച് കഴിഞ്ഞ് ഞങ്ങൾ എവിടെ പോയിരുന്നതാണെന്നും ഇനി എങ്ങോട്ടാണെന്നും കാര്യങ്ങൾ തിരക്കി അയാൾ. തുടർന്ന് ജിമ്മിയുമായി എങ്ങനെ പരിചയപ്പെട്ടെന്നും, നേരത്തെ അറിയാമായിരുന്നോന്നും ചോദിച്ചു. ഞാൻ കാര്യങ്ങളെല്ലാം സംക്ഷിപ്തമായി പറഞ്ഞുകേൾപ്പിച്ചു. 

 

അയാൾ വളരെ കൂളായി എല്ലാം കേട്ട ശേഷം പറഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ഈ ഒന്നര മണിക്കൂറോളം നിങ്ങൾ ഒന്നിച്ച് യാത്ര ചെയ്തിരുന്നത് നഗരത്തിലെ കുപ്രസിദ്ധ ക്വട്ടേഷൻ ലീഡർ കീരിക്കാടനുമൊത്തായിരുന്നു. എപ്പൊ വേണേലും എന്തും സംഭവിക്കാവുന്ന തരത്തിലാണ് ഇവറ്റകളുടെ ജീവിതം. പള്ളിപ്പെരുന്നാളും ഉത്സവവുമൊക്കെ ഇല്ലാതാക്കുന്ന ജന്മങ്ങളുടെ പരമ്പരയിൽ ഒരാൾ മാത്രമായി ഒതുങ്ങാനിടയുള്ളവനാണ് അവനും. അവന്റെ ശത്രുക്കളാരെങ്കിലും കണ്ടിരുന്നെങ്കിൽ നിരപരാധിയായ നിങ്ങളും തഥൈവ !

 

ഞാൻ ശരിക്കും ഞെട്ടിയതും വിയർത്തു കുളിച്ചതും ഇപ്പോളായിരുന്നു. കുറച്ച് നേരത്തേക്ക് ഒന്നും പറയാൻ കഴിയാത്ത നിലയിലായി ഞാൻ. ടൗൺ ലക്ഷ്യമാക്കി നീങ്ങിയിരുന്ന സ്കൂട്ടർ പരാക്രമത്തോടെ തിരിച്ചോടിച്ച് വെളിച്ചം കുറഞ്ഞ വഴിയിലേക്ക് നീങ്ങിയ കാര്യം ഞാൻ പെട്ടെന്നോർത്തു. അന്നേരത്തെ അയാളുടെ പരിഭ്രമവും കിതപ്പും കൂടി ഞാൻ വീണ്ടും ഓർത്തെടുത്തു.

 

കുന്നംകുളം പൊതുവേ ശാന്തത പുലർത്തി നിന്നിരുന്ന ഒരു ടൗണായിരുന്നെന്നും അടുത്ത കാലത്തായി പുറമേ നിന്നെത്തിയ ചില ഗുണ്ടാസംഘങ്ങളും ക്വട്ടേഷൻ ടീമുകളും നഗരത്തിൽ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കയാണെന്നും മെക്കാനിക് പറഞ്ഞു. കീരിക്കാടൻ നമ്പർ വൺ ഗുണ്ടയാണെങ്കിലും അയാൾ പാവങ്ങളെ സഹായിക്കുക കൂടി ചെയ്യുന്ന ഒരാളാണെന്നും മെക്കാനിക് കൂട്ടിച്ചേർത്തു. യഥാർത്ഥ സഹായം അർഹിക്കുന്നവരുടെ നേർക്ക് അയാളുടെ സഹായ ഹസ്തം നീണ്ട് ചെല്ലാറുണ്ടെന്നും, ഒരു പക്ഷേ, അത് കൊണ്ടായിരിക്കാം നിങ്ങളെയും കൊണ്ട് ഇത്രയും കറങ്ങിയതെന്നും അയാൾ തുടർന്നു. പക്ഷേ, എന്തൊക്കെപ്പറഞ്ഞിട്ട് എന്താ? ഒരുപാട് ശത്രുക്കളുണ്ട് ഇയാൾക്ക്. എപ്പൊഴാ എന്താ വരൂ ന്ന് ഒരു പിടീല്ലാത്ത ജീവിതാ.

 

കുന്നംകുളത്തെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിലെ അംഗമാണ് ഇയാൾ. ജ്യേഷ്ഠൻ ഡോക്ടറും അനിയൻ എൻജിനീയറുമാണ്. പക്ഷേ, ഇയാൾക്ക് വീട്ടുകാരുമായി ഒരടുപ്പവും ഇല്ലത്രെ. ഈയടുത്ത കാലത്തായി ചങ്ങരംകുളത്ത് നിന്ന് ഒരു പെണ്ണിനെയും കൊണ്ട് വന്ന് പൊറുതി തുടങ്ങിയിട്ടുണ്ടെന്നാണ് കേട്ടുകേൾവിയെന്നും മെക്കാനിക് പറഞ്ഞു.

 

ഞങ്ങൾ വണ്ടിക്കരികിലെത്തി. ഏകദേശം രണ്ട് മണിക്കൂറോളം പെരുവഴിയിലകപ്പെട്ടതിന്റെയും എന്നെ കാണാത്തതിന്റെയും വിഷമത്തിൽ മൂന്ന് പേരും ഏറെ പരിഭ്രാന്തരായിരുന്നു. മരുമകനും അവന്റെ വണ്ടിയുമായി എത്തിയിരുന്നു.

 

മെക്കാനിക്ക് വണ്ടി വിശദമായി പരിശോധിച്ച ശേഷം കാര്യമായ എന്തോ പണിയുണ്ടെന്നും പിക് അപ് വാൻ വിളിച്ച് വർക്ക് ഷോപ്പിലേക്ക് കൊണ്ട് പോകട്ടെയെന്നും ചോദിച്ചു. മറ്റന്നാൾ വന്നാൽ ശരിയായിട്ടുണ്ടാവും എന്നും പറഞ്ഞു. ഞങ്ങൾ മരുമകന്റെ വണ്ടിയിൽ വീണ്ടും കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു.

 

യാത്രയിലുടനീളം അവരെന്നെ സ്നേഹപൂർവമെങ്കിലും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. രണ്ടാമതൊന്നാലോചിക്കാതെ എടുത്ത് ചാടി പുറപ്പെട്ടതിന്റെ കുറ്റബോധം മനസ്സിൽ ഉള്ളിലുള്ളതിനാൽ ഞാൻ മൗനം പൂണ്ടിരുന്നു. അതിലുപരി മെക്കാനിക്കിൽ നിന്നും കിട്ടിയ വിവരങ്ങൾ എന്റെ മനസ്സിൽ തീർത്ത ഭയത്തിന്റെ തീപ്പൊരികൾ ഇനിയും അണഞ്ഞിരുന്നില്ലാ എന്നതാണ് സത്യം. ഞാനവരോട് അത് പങ്കു വെക്കാനും മുതിർന്നില്ല.

 

രണ്ടാം ദിവസം മെക്കാനിക്കിനെ വിളിച്ചു വണ്ടിയുടെ കണ്ടീഷൻ എങ്ങനെ എന്ന് ചോദിച്ചു. ശരിയായിട്ടുണ്ട് പോന്നോളൂ എന്നയാൾ പറഞ്ഞതനുസരിച്ച് ഞാനും അനിയനും മരുമകന്റെ വണ്ടിയിൽ യാത്രയായി. നാല് മണിയോടെ അവിടെയെത്തി. വണ്ടി റെഡിയായിട്ടുണ്ട്. നേരത്തെ പറഞ്ഞതനുസരിച്ച് മരുമകൻ അവിടെ എത്തിയിരുന്നു. അവന്റെ വണ്ടി തിരികെ ഏൽപ്പിച്ച് അവനെ വിട്ടു. അനിയൻ വണ്ടി എടുത്ത് ഒന്ന് ഓടിച്ച് നോക്കാനായി പോയി.

 

ആ സമയത്ത് ആ മെക്കാനിക്ക് എന്നോട് പറഞ്ഞ കാര്യമായിരുന്നു എന്നെ എക്കാലത്തെയും ഏറെ സംഭ്രമിപ്പിച്ച കാര്യം. അതോർക്കുമ്പോൾ ഇതെഴുതുന്ന ഈ നിമിഷത്തിലും എനിക്ക് ഭയപ്പാടേറുന്നു. വിവരണാതീതമായ നിലയിൽ ഭയത്തിന്റെ കൊടുമുടിയിലേക്ക് ഞാൻ വലിച്ചിഴക്കപ്പെടുന്ന പോലെ.

 

മിനിയാന്ന് എന്നെ അവിടെ ഇറക്കിയിട്ട് തിരികെ പോയ ജിമ്മിയെ ടൗണിന്റെ ഇരുട്ട് നിറഞ്ഞ ഏതോ ഭാഗത്തിട്ട് എതിർ സംഘങ്ങൾ വെട്ടി തുണ്ടംതുണ്ടമാക്കിയത്രെ.

 

ഞങ്ങൾ ഒന്നിച്ച് വരാം, നിങ്ങൾ ഞങ്ങളെ ഫോളോ ചെയ്താൽ മതിയെന്ന് ആ മെക്കാനിക്കിനോട് അന്ന് ജിമ്മി പറഞ്ഞതാണ്. പക്ഷേ, മെക്കാനിക് അത് ഒഴിവാക്കി വിടുകയായിരുന്നു. അല്ലെങ്കിലും ഞാൻ തിരികെ അയാളുടെ ഒപ്പം പോവാൻ തയാറായിരുന്നില്ല എന്നത് സത്യം തന്നെ. എങ്കിലും അത്ര നേരവും എനിക്ക് വേണ്ടി ബുദ്ധിമുട്ടിയ (ശരിക്കും അയാൾ എന്നിക്കൊരു ബുദ്ധിമുട്ടായി മാറുകയായിരുന്നു എന്ന വശം കൂടിയുണ്ട് ) ഒരാളെ വിഷമിപ്പിക്കരുതെന്ന ഔചിത്യബോധം എന്നെ അയാളോടൊപ്പം വിട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ എന്നോർത്തപ്പോൾ ഞാനാദ്യം ആ മെക്കാനിക്കിനെ സ്നേഹപൂർവം ആശ്ളേഷം ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ഞാനവിടെ കണ്ട ഒരു സ്റ്റൂളിൽ ഇരുന്നു. കുറച്ച് വെള്ളം കുടിച്ചപ്പോൾ ഒരു വിധം സമാധാനമായി.

 

അപ്പോഴേക്കും അനിയൻ തിരികെയെത്തിയിരുന്നു. മെക്കാനിക്കിനെ കെട്ടിപ്പിടിക്കണ കണ്ടല്ലോ എന്താ അത്രക്കിഷ്ടമായോ അയാളെ. അവൻ ചോദിച്ചു. ഞാനൊന്ന് ചിരിക്കുക മാത്രം ചെയ്തു.

 

രണ്ട് ദിവസം കഴിഞ്ഞ് ഞങ്ങൾ എറണാകുളത്തേക്ക് ഒരാവശ്യത്തിന് പോയ്ക്കൊണ്ടിരുന്നപ്പോൾ മൈക്കിൾ എന്ന ആ മെക്കാനിക്ക് എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. മ്മ്ട ജിമ്മി ഇന്ന് രാവിലെ പടായ്ട്ടാ. നിങ്ങടെ ആയുസ്സിന്റെ ബലം ന്ന് തന്നെ കൂട്ടിക്കോ.

 

ഇപ്പോഴും  ജീവിച്ചിരുപ്പുണ്ടെന്ന് ഉറപ്പ് വരുത്താനായി ഞാൻ വിരൽ മൂക്കിനോട് ചേർത്തു.

 

(ഇതിൽ ചേർത്തിരിക്കുന്ന പേരുകൾ സാങ്കല്പികമാണ്)

 

English Summary: Memoir written by Muhammad Najib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com