ADVERTISEMENT

ഒരു തൽക്ഷണ സാമൂഹിക പരിഷ്‌കർത്താവ് (കഥ)

 

അയാളൊരു പൊതുപ്രവർത്തകൻ ആണ്. നേതൃത്വം കൊടുക്കാൻ അയാൾ എവിടെയും ഉണ്ടാകും, വിളിക്കാതെ തന്നെ. പുരോഗമന ആശയങ്ങൾ പ്രസംഗിച്ച് ഒരു ഭൂരിപക്ഷ ജനതയെ അയാൾ കൈയ്യിലെടുത്തു.  

 

‘പിടിപാടുകൾ’ അങ്ങേയറ്റം ബഹുമാനം നേടിയെടുക്കാൻ അയാളെ സഹായിച്ചു. നാലാള് കൂടുന്നിടത്തൊക്കെ മുൻപന്തിയിലെ കസേര അയാൾക്ക് ഉള്ളതാണ്. സമത്വവും, നീതിയും ഉൾകൊള്ളുന്ന വിഷയങ്ങൾ പറഞ്ഞ്, പറഞ്ഞ്, വാക്കുകൾ കൊണ്ട് അയാൾ ഒരു ‘നീതിമാൻ’ ആയി. ജാതി മത വിവേചനങ്ങളെയും, സ്ത്രീധനം പോലെ ഉള്ള സ്ത്രീ-പുരുഷ ജീവിതങ്ങൾക്കിടയിലെ അസമത്വങ്ങളും, പാവപ്പെട്ടവന്റെ കഞ്ഞികുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പോലും രണ്ട് വിഭാങ്ങൾക്കിടയിലെ മധ്യസ്ഥൻ എന്ന സ്ഥാനം അയാൾ, ആധുനിക ചിന്തകൾ വാരി വിതറി കൊണ്ട് നന്നായി ഉപയോഗിച്ചു. പഴഞ്ചൻ ആയ ചില ആചാരങ്ങളെ ഉപേക്ഷിക്കണം എന്ന ഉപദേശവും ഓരോ ഇടങ്ങളിലും നൽകി. ഒരു കൊടിയുടെയും പിൻബലം ഇല്ലാതെ ആ വ്യക്തി എല്ലാ അർത്ഥത്തിലും വളർന്നു. 

 

ഇന്ന് അയാളുടെ മകളുടെ വിവാഹമാണ്, ആഡംബരപൂർണ്ണമായ ഒരു ചടങ്ങിനു വേണ്ട എല്ലാ ഒരുക്കങ്ങളും നടന്നു. നാട്ടിലെ മുഴുവൻ ആളുകളെയും ക്ഷണിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ശ്രേണിയിൽ ഉന്നതർ ആയി കണക്കാക്കപ്പെട്ടവർക്ക് പ്രത്യേക വിരുന്ന്. കല്യാണ സദ്യ കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ നേതാവിന്റെ അണികളിൽ ഒരാൾ മറ്റൊരാളോട് ചോദിച്ചു,

‘ആർഭാടങ്ങളെയും, സ്ത്രീധനത്തെയും എതിർത്ത്, മനുഷ്യരെ രണ്ട് തരക്കാരായി കാണരുത് എന്നല്ലേ അയാൾ നമ്മളോട് പറഞ്ഞത്, ഇവിടെ ഇപ്പോൾ എന്താ നടക്കുന്നേ?’

മറുപടി ഇങ്ങനെ ‘‘അത് പിന്നെ, നേതാവിന് അയാളുടെ ‘അന്തസ്സ്’ നോക്കണ്ടേ, വല്യ ആളല്ലേ’’

‘അപ്പോ നമുക്ക് അന്തസ്സ് ഇല്ലേ?’ വീണ്ടും ചോദ്യം.

‘അങ്ങനെ അല്ല.’

‘പിന്നെ?’.

‘ഓ ഒന്നുമില്ല.’

അവിടെ കൂടിയ ഒത്തിരി പേർക്കിടയിലെ ചോദ്യങ്ങൾ ആയിരുന്നു ഇത്.

‘‘ഒന്നുമില്ലായ്കയില്ല, അയാൾ പെട്ടെന്ന് ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഒരു, Instant social reformer (തൽക്ഷണ സാമൂഹിക പരിഷ്‌കർത്താവ്) ആയി സ്വയം മാറുന്നു, മുഖച്ചായ മിനുക്കാൻ സാഹചര്യങ്ങളെ മുതലെടുക്കുന്ന പരിഷ്കർത്താവ്. സമൂഹത്തിൽ രണ്ട് തരത്തിൽ ഉള്ള അന്തസ്സ് ഉണ്ട്, ഒന്ന് ചോദ്യം ചെയ്യപ്പെടുന്നതും, മറ്റേത് ആരാലും ചോദ്യം ചെയ്യപ്പെടാത്തതും.’’

 

വിളമ്പിയ ഭക്ഷണം കഴിച്ച് കഴിഞ്ഞ്, ഇങ്ങനെ ഒരു ഉത്തരം കിട്ടിയ, ചിലർ  അവിടെ നിന്ന് സ്വന്തം വഴിക്ക് ഇറങ്ങി നടന്നു, മറ്റ് ചിലർ അവിടെ തന്നെ നിന്നു ‘ഇത് കൊള്ളാവല്ലോ,പുതിയ ഒരു നേതാവാകാൻ’എന്ന് ചിന്തിച്ച്.  

 

English Summary: An instant social reformer, Malayalam Short Story                              

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com