ADVERTISEMENT

പിതൃബലി (കഥ)

അച്ഛൻ വീണു. ഓർമകൾക്ക് വീഴ്ച പറ്റി ക്ഷതമേറ്റു വിശ്രമത്തിലായിരിക്കെ, അച്ഛൻ പിന്നെയും വീണു. കാലു തെന്നി, കൈ മടങ്ങി, തലയിടിച്ചു മലർന്നു തന്നെ വീണു. ആദ്യ നോട്ടത്തിൽ ചുവരിൽ നിന്നും നിലംപതിച്ച ഒരു പല്ലിയെയാണെനിക്ക് ഓർമ വന്നത്. അറപ്പു തോന്നി. എന്തോ പണ്ട് മുതൽക്കേ ആ ജീവിയോട് എനിക്ക് വെറുപ്പാണ്. അറിയാതെങ്ങാനും മുന്നിൽ വന്നു പതിച്ചാൽ അറപ്പും വെറുപ്പും നുര പൊക്കി തിളയ്ക്കും. അതങ്ങനെയാണ്. ആ ജീവിയെ സാദൃശ്യപെടുത്തിയതു കൊണ്ടോ എന്തോ അവസരോചിതമായി പിടിച്ചെഴുന്നേൽപ്പിക്കാൻ പോലും തുനിയാതെ അതെ നിൽപ്പ് നിന്നു. പെട്ടെന്ന് സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് ഓർത്തത്, അച്ഛനാണ്. 

 

രമ കുഞ്ഞിന് മുലയൂട്ടുകയായിരുന്നു. വിശന്നു കരയുന്ന കുഞ്ഞിന്റെ അന്നം മുടക്കുന്നതെങ്ങനെ. വിളിച്ചില്ല. ഇനി തനിയെ പിടിക്കണം. പതിയെ പിടിച്ചുയർത്തി. ‘അച്ഛാ’ എന്ന് രണ്ടു തീരെ വിളിച്ചു. വിളി കേൾക്കാനല്ല. ആ പ്രതീക്ഷയുമില്ല. വീണു കിടക്കുന്നത് ചിലച്ചെന്റെ കാതു തുളയ്ക്കാറുള്ള ആ ജീവിയല്ലെന്ന് ഉറപ്പിക്കാനാണ്. അല്ല ഇതെന്റെ അച്ഛനാണ്. കട്ടിലിലേക്ക് എടുത്തു കിടത്തുന്നതിനിടയിലാണ് കൈയ്യിൽ നനവ് തട്ടുന്നത്. പിന്നെയും!

 

അയയിൽ തൂങ്ങി നിന്ന പുതിയൊരു കാവി മുണ്ടെടുത്തു. അയഞ്ഞ അരക്കെട്ടോട് ചേർത്ത് തിരുകി ഉടുപ്പിച്ചു. വീഴ്ചയുടെ ആഘാതമൊന്നും ശരീരത്തെ തൊട്ടിട്ടില്ല. ബോധം ഇടയ്‌ക്കൊരതിഥിയെ പോലെ വന്നു പോകുന്നുണ്ട്. നുറുങ്ങിയ വാക്കുകൾ. ഇടയ്ക്ക് മുഴുവനാക്കാതെ ‘വേണു’ എന്ന് വിളിക്കുന്നുണ്ട്. എന്റെ പേര് അച്ഛൻ മറന്നിട്ടില്ല. എങ്ങനെ മറക്കും അമ്മയോട് തർക്കിച്ചു വേണു എന്നെനിക്ക് പേരിട്ടത് അച്ഛനാണ്. 

 

തലയ്ക്കൽ ഒരു തലയിണ ചാരി വെച്ച് കിടത്തി. ഉടുമുണ്ടിൽ പിന്നെയും ഒരു നനവിന്റെ  വട്ടം വന്നെത്തി നോക്കുന്നുവോ ?

കുഞ്ഞുണ്ണിയെ മടിയിലിരുത്തി കളിപ്പിക്കാൻ നേരം ‘വേണു’ ന്നു പിന്നെയും വിളി കേട്ടു. ഈ ഇടെയായി അതുമാത്രമാണ് ആവർത്തിക്കാറ്. മൂത്രമൊഴിച്ചിട്ടുണ്ടാകുമെന്നോർത്തു പുതിയൊരു മുണ്ടുമെടുത്താണ് അകത്തേക്ക് ചെന്നത്. ഇല്ല, നനഞ്ഞിട്ടില്ല. 

‘എന്തെ, അച്ഛാ ?’

‘ചോറ് വേണം’

 

അതിശയമാണല്ലോ. ഈയടുത്തു ഇത്രയുമോർത്തു ഈ മനുഷ്യൻ ഒന്നും പറഞ്ഞിട്ടുണ്ടാവില്ല. മുഖത്തു നിറവിന്റെ ഒരു ചിരി മിന്നി മാഞ്ഞു. ‘ഇപ്പോൾ കൊണ്ടുവരാം’ എന്ന മറുപടി പോലും മുഴുവനാക്കാതെ അടുക്കളയിലേക്കോടി. വിഭവസമൃദ്ധമല്ലെങ്കിലും വെള്ള കാണാത്ത വിധമൊരു പാത്രവും നിറച്ചു ഞാൻ അച്ഛന്റെ അരികിലേക്ക് പാഞ്ഞു. അച്ഛനെ പിടിച്ചിരുത്തി വായ കഴുകിച്ച് ആദ്യത്തെയുരുളയുരുട്ടി നീട്ടി. കൈയ്യിലേക്കച്ചൻ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇനിയെന്തെങ്കിലും കുറഞ്ഞു പോയോ ?

 

ഏയ്യ്‌, അച്ഛനിഷ്ടമുള്ള ഉപ്പിലിട്ടതും, പപ്പടവും, കാച്ചുമോരും ഒക്കെയുണ്ട്. പിന്നെന്തേ ? 

ഞാൻ പിന്നെയുമാ ഉരുള നീട്ടി. അച്ഛനെന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ചുണ്ടിന്റെ അനക്കത്തിനു ഞാൻ കാതു കൂർപ്പിച്ചു. 

‘എള്ളെവിടെ ?’

‘എള്ളോ, അതെന്തിനാണച്ഛാ ?’

അച്ഛൻ പിന്നെയുമെന്തോ പറയുന്നുണ്ടായിരുന്നു. ഉയർന്നു താണു കൊണ്ടിരിക്കുന്ന ആ ചുണ്ടിലേക്ക് ഞാൻ പിന്നെയും ശ്രദ്ധ കൊടുത്തു. 

‘എള്ളില്ലാതെയാണോ ബലിയിടണെ... ?’

 

എന്റെ തൊണ്ടയിടറി. കാതുകളെ വിശ്വസിക്കാനായില്ല. ഞാനെന്താണ് കേട്ടത്? . ഉമിനീര് വറ്റി. കൈകാലുകൾ വിറയ്ക്കുന്നുണ്ട്. പൊള്ളുന്ന പകലിലും എന്റെ കാഴ്ച മങ്ങുന്നു, കണ്ണിലിരുട്ടു കയറുന്നു. മുന്നിലിരിക്കുന്ന മനുഷ്യനെ ഞാൻ ഒന്ന് കൂടി നോക്കി. നിറം മങ്ങിയിരിക്കുന്നു. മേലാകെ തൂവലുകൾ. വിറങ്ങലിച്ച ചുണ്ടുകൾ കൊക്കുകളായി രൂപാന്തരപ്പെടുന്നുവോ…. ?

 

English Summary: Pithrubali, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com