‘എന്റെ തെറ്റുകൾ നിന്നെ അത്രമേൽ വേദനിപ്പിക്കുന്നതായി മനസ്സിലാക്കാൻ സമയമെടുത്തു’

sad-man-alone
Representative Image. Photo Credit : Sunti / Shutterstock.com
SHARE

കടലിരമ്പം (കഥ)

‘മെർലിൻ’ 

ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു, അവൾ അലക്ഷ്യമായി എങ്ങോ നോക്കുന്നതിനിടയിൽ ഒന്നു മൂളി

‘ഉം’

നിശബ്ദത തളം കെട്ടിനിന്നിരുന്ന നമുക്കിടയിൽ ആ മൂളൽ ഒരു കാതടപ്പിക്കുന്ന ശബ്ദം പോലെ ഏറെനേരം അവിടെ തങ്ങി നിന്നു. പരസ്പരം എന്തു പറയണം എന്നറിയാതെ ആ വിജനമായ കടൽത്തീരത്ത് അറ്റമില്ലാത്ത ഓളപ്പരപ്പിലേക്ക് കണ്ണുകളയച്ചു രണ്ടുപേരും നിർനിമേഷരായി അവിടെത്തന്നെ നിന്നു.

പലവിധ വർണങ്ങളാൽ ഒരു ചിത്രകാരന്റെ ക്യാൻവാസ് പോലെ തോന്നിതുടങ്ങിയ പടിഞ്ഞാറൻ ചക്രവാളത്തെ സാക്ഷി നിർത്തി ഞാൻ പിന്നെയും അവളെ വിളിച്ചു

‘മെർലിൻ’

ദുഃഖത്തിന്റെ ഭാരം കണ്ണുകളിൽ തളം കെട്ടികിടന്ന, ഒട്ടും പ്രകാശിതമല്ലാത്ത മുഖം എന്റെ നേരെ തിരിച്ചു അവൾ വീണ്ടും മൂളുക മാത്രം ചെയ്തു.

ഞാൻ ചോദിച്ചു, ഇനിയൊരു തിരിച്ചു പോക്കുണ്ടോ?

അവൾ ഒന്നും പറയാതെ നിർവികരയായി അസ്തമയത്തെ നോക്കി നിന്നു

ഞാൻ പുഞ്ചിരിച്ചു!

ഉപ്പുരസമുള്ള പടിഞ്ഞാറൻ കാറ്റ് നമ്മെ തഴുകി കൂടണയാനായി കരയിലേക്ക് ധൃതിയിൽ കടന്നു പോയി, മുഖത്തേക്ക് വീണ മുടിയിഴകൾ പിറകിലേക്ക് ഒതുക്കി വെച്ച് അവൾ എന്നെ നോക്കി ഒന്നു ദൈന്യതയോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്തോ പറയാൻ ഉണ്ടെന്നവണ്ണം ചുണ്ടുകൾ നനച്ച്, മിഴികൾ പാതി വിടർത്തി അവൾ. സന്തോഷകരമായ എന്തോ പ്രതീക്ഷിച്ചു ആകാംക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് ഞാൻ നോക്കി നിന്നു.

ഇപ്പോഴും ഒന്നും പറഞ്ഞില്ല, തികട്ടി വന്ന വാക്കുകളെ അവൾ പണിപ്പെട്ട് മറച്ചു പിടിക്കുന്നതായി എനിക്ക് തോന്നി. മൗനത്തിന്റെ കനം കൂടി കൂടി വരുന്നത് നമ്മളറിഞ്ഞു. ഞങ്ങൾ പരസ്പരം എത്രയോ അകന്നു പോയിരിക്കുന്നു എന്നെനിക്ക് തോന്നി. പണ്ടെങ്ങോ ഒറ്റയായിപ്പോയ ഒരു പഴയ ചിപ്പിയുടെ തോട് എടുത്തു ഞാൻ കടലിലേക്ക് നീട്ടിയെറിഞ്ഞു. കടലിലെത്താതെ കരയിലെങ്ങോ ചെന്ന് അതു തറച്ചു. പക്ഷേ കൂട്ടം തെറ്റി വന്ന ഒരു കരുത്തൻ തിരമാല അതിന്റെ മുകളിൽ കൂടെ കടന്നുപോയി. ആ മണൽ തരിയിൽ ആ ചിപ്പി അപ്രത്യക്ഷമായി.

ഏറെനേരെത്തെ മൗനത്തിനു വിരാമമിട്ടുകൊണ്ട് ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി

‘‘നീയില്ലാത്ത അവസ്ഥയെകുറിച്ചു ചിന്തിക്കാൻ എനിക്ക് ഒരിക്കലും പറ്റുമായിരുന്നില്ല, ഈ അവസ്ഥയിൽ പോലും അങ്ങനെ തന്നെ. ഞാൻ ചെയ്ത തെറ്റുകൾ നിന്നെ അത്രമേൽ വേദനിപ്പിക്കുന്നതായി മനസ്സിലാക്കാൻ സമയമെടുത്തു, എന്റെ ശരികൾ എനിക്ക് മാത്രമായിരുന്നു ശരിയെന്നും നിന്റെ ശരികൾ അതായിരുന്നില്ല എന്നും തിരിച്ചറിയാനും.

അപ്പോഴേക്കും ഒരുപാട് വൈകിപ്പോയെന്നു ഞാൻ ഇപ്പോൾ മനസിലാക്കുന്നു, എന്നിൽ നിന്ന് ഒരുപാട് അകലെയാണ് നീ എന്നത് സത്യമാണ്, ആ അകലത്തിന്റെ ദൂരം കുറക്കാൻ നിനക്കിനി പറ്റില്ലെന്നും അറിയാം. ഒന്നിച്ചിരുന്നപ്പോൾ പോലും എനിക്ക് നീ ആരുമല്ലായിരുന്നു എന്ന് ഇപ്പോഴും നിന്റെ മനസ്സിൽ തോന്നുന്നുണ്ടെങ്കിൽ അതു മാത്രം തെറ്റാണ് എന്നു പറയാൻ മാത്രമേ എനിക്ക് കഴിയൂ.’’

ഞാൻ പറഞ്ഞു നിർത്തി.

അപ്പോഴും അവൾ ഒന്നും സംസാരിച്ചില്ല, എങ്ങോ നോക്കി നിന്നു, ഭാരിച്ച അവളുടെ കണ്ണുകൾക്ക് ഉള്ളിലെ ദുഃഖം താങ്ങുവാൻ പറ്റാത്തതായി എനിക്ക് തോന്നി. പ്രണയിച്ച സമയത്തുപോലും അവൾ എനിക്ക് ആരുമല്ലായിരുന്നു എന്നും, അവളെ അവളായി അംഗീകരിക്കാൻ എനിക്ക് പറ്റിയില്ല എന്നൊക്കെ അവൾ എന്നോട് പറഞ്ഞത് പെട്ടന്ന് എന്റെ മനസ്സിലേക്ക് കയറിവന്നു. പതിയെ കണ്ണിൽ നിന്നും കവിൾ തടത്തിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർത്തുള്ളിയെ അവളറിയാതെ മായ്ച്ചു കളയാൻ ഞാൻ നന്നെ പണിപ്പെട്ടു.

‘‘നിന്റെ മനസ്സിൽ ഞാൻ എന്നോ മരിച്ചിരിക്കുന്നു’’ ഞാൻ ആരോടെന്നില്ലാതെ മനസ്സിൽ പറഞ്ഞു.

ആ വൈകുന്നേരത്തെ ചെറിയ കാറ്റിൽ ശരീരം പതിവിലും നന്നായി വിറയ്ക്കുന്നതുപോലെ എനിക്ക് തോന്നി.. ശരീരം മരവിച്ചതുപോലെയും!

ഞാൻ ഒന്ന് ദീർഘശ്വാസം വലിച്ചു. അവളിലേക്ക് ഇത്തിരി ചേർന്നിരുന്നു. അവളുടെ മിനുസമാർന്ന കയ്യിൽ ഞാനെന്റെ കൈയമർത്തി. അതൊന്നു മൃദുവായി ചേർത്തുപിടിച്ചു ഒന്നു പതിയെ ചുംബിച്ചു. അതുവരെ പിടിച്ചു കെട്ടി നിന്ന അവളുടെ കണ്ണുകൾ കാലവർഷംകണക്കെ പെയ്യുന്നതായി എനിക്ക് തോന്നി!

ഞാൻ എഴുന്നേറ്റു.

സൂര്യനെ കടൽ പൂർണ്ണമായും വിഴുങ്ങിയിട്ടില്ല, അങ്ങു ദൂരെ ഒരു നക്ഷത്രം പതിവിലും കൂടുതൽ പ്രകാശിതമായി നിൽക്കുന്നുണ്ടായിരുന്നു...

ഞാൻ മുന്നോട്ട് നടന്നു, എന്റെയുള്ളിലൊരു കടൽ ആഞ്ഞടിക്കുന്നതായി എനിക്ക് തോന്നി. മുന്നോട്ട് നടന്നു. കടൽ എന്നെ കൂടുതൽ ഉള്ളിലേക്ക് വിളിക്കുന്നതായി അനുഭവപ്പെട്ടു. എന്റെ ഉള്ളിലെ കടൽ കൂടുതൽ കലുഷിതമാവുന്നത് ഞാനറിഞ്ഞു. മുന്നോട്ട് നടന്നു ഓരോ കാൽവെപ്പിലും തിരകൾ എന്നെ കൂടുതൽ കൂടുതൽ നനയിച്ചുകൊണ്ടിരിന്നു. ഞാൻ നടന്നു.. തീരത്തുനിന്നും കാണാവുന്നതിലും ദൂരം ഞാൻ വീണ്ടും നടന്നു.. ചെറിയ പൊട്ടുപോലെ.

മുന്നോട്ട്.. മുന്നോട്ട്

പതിയെ ആ കുഞ്ഞുപൊട്ടു കടലിന്റെ ആഴങ്ങളിലേക്ക് അലിഞ്ഞലിഞ്ഞ് ഇല്ലാതായി..

English Summary : Kadalirambam, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA
;