ത്രിപ്പിള്‍ ലോക്ഡൗൺ കാലത്തെ ചിക്കൻ കൊതി !

chicken-illustration
SHARE

കോഴിക്കറി (കഥ)

‘സ്കോർപ്പിയോൺ കിക്ക്’

ഏഴാമത്തെ തവണയും ലോഡായ വീഡിയോയിലേക്ക് ആദ്യത്തെ അതേ കൗതുകത്തോടെ വസന്ത ഇടിച്ചുകയറി. തോളിലേക്ക് പരത്തിയിട്ട ചുരുളൻ മുടികൾ ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ചുകൊണ്ട് ഉയർന്നു, പിന്നെ പരാജയപ്പെട്ട് ബലിഷ്ഠമായ ചുമലിൽ തട്ടിച്ചിതറി.

‘ഹിഗ്വിറ്റ…’

ആദ്യത്തെ അതേ ആവേശത്തോടെ അവർ പുളകം കൊണ്ടു. ഗോൾ പോസ്റ്റിൽ നിന്ന് ഓടി കളിക്കളത്തിലിറങ്ങി ഹിഗ്വിറ്റ പന്തുകൾ അടിച്ച് പറത്തിക്കൊണ്ടിരുന്നു. പത്താമത്തെ തവണയും ഹിഗ്വിറ്റയുടെ പ്രകടനം കണ്ടപ്പോൾ അവർ ഉറപ്പിച്ചു. ഇനിയും മടിച്ചിരുന്നിട്ട് കാര്യമില്ല. മുറിയിൽ ഇരുന്നാൽ യൂണിവേഴസ് കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. പന്ത് ഗോൾ പോസ്റ്റിൽ വന്നില്ലെങ്കിൽ കളത്തിലിറങ്ങി കിക്ക് ചെയ്യണം. ചോദിക്കണം... പുറത്തിറങ്ങി ചോദിക്കണം... കസേരക്കരികിൽ ചാരി വച്ചിരുന്ന വാക്കിങ് സ്റ്റിക്ക് വലിച്ചെടുത്ത് വസന്ത മുറിവിട്ടിറങ്ങി. കോർണർ സോഫയിൽ മടങ്ങിയൊടിഞ്ഞ് കിടന്ന് ഐപിഎല്ലിന്റെ റീടെലികാസ്റ്റ് നൂറ്റമ്പതാമത് തവണ കാണുന്ന പേരക്കുട്ടിയുടെ അടുത്ത് വസന്ത ചെന്നിരുന്നു. അവൻ മൈൻഡ് ചെയ്യുന്നില്ല. അവർ പുറത്തേക്ക് പാളി നോക്കി. ചക്കയും തോളിലെടുത്ത് കൊണ്ട് പോകുന്ന മരുമകന്റെ ക്ലോസ് അപ്പ് ഷോട്ടിൽ വസന്ത വസന്തയല്ലാതായി…

‘എടീ ലീനേ…’

പ്രതികരണമില്ലാത്തതിൽ അരിശം കൊണ്ട് വസന്ത വീണ്ടും അലറി.

‘എടീ ലീനേ... ഇവിടെ വരാൻ…’

രണ്ടാമത്തെ അലർച്ച കഴിഞ്ഞ് ഒരു മിനിറ്റ് തികയുന്നതിന് ഒരു സെക്കന്റ് മുൻപേ ലീന തീരെ തിടുക്കമില്ലാതെ രംഗപ്രവേശം ചെയ്തു.

‘ഇന്ന് ഉച്ചയ്ക്ക് ഊണിനെന്തോന്ന് കറി…?’

‘അത് ചക്…’

‘എനിക്ക് വേണ്ട... എനിക്ക് ചിക്കമ്മതി…’

‘അതിന് ഞാനെവിടെപ്പോയി കൊണ്ടുവരും ചിക്കൻ!’

‘കടയില് പോയി കൊണ്ടുവരണം.’

‘ഈ ലോക്ക്ഡൗണിനെവിടെ കട..!’

‘അതെനിക്കറിയണ്ട... നീ അവനെ വിളി…’

‘രാജേഷണ്ണാ ഒന്നിങ്ങോട്ട് വാ…’

ചക്കയരക്ക് ഒട്ടിയ കൈയിൽ എണ്ണ തുടച്ച് കൊണ്ട് രാജേഷ് ഹാളിലേക്ക് കയറി വന്നു.

‘അമ്മയ്ക്ക് ചിക്കൻ വേണമെന്ന്…’

‘ഏ… ചിക്കനാ... എവിട്ന്ന്!’

‘എവിടുന്നെങ്കിലും നീ പോയി കൊണ്ട് വാ... പൈസ ഞാൻ തരാം…’

‘പൈസയൊക്കെ എന്റെ കൈയിലുണ്ട്... ചിക്കന് കട തൊറക്കണ്ടേ…’

‘തൊറന്നില്ലെങ്കി തൊറപ്പിച്ച് കൊണ്ട് വാ... ചിക്കനില്ലെങ്കിൽ എനിക്കിനി ചോറ് വേണ്ടാ…’

‘അമ്മാ... അങ്ങനെ പറഞ്ഞാ എന്ത് ചെയ്യും…’

‘നീ നിർത്ത്... മക്കളേ രാജേഷേ... നീ പോയി കൊണ്ട് വാ…’

‘ഞാനെവിടെപ്പോയി…!’

‘വേണ്ട... നിന്റെ അമ്മയ്ക്കായിരുന്നെങ്കിൽ നീ പോയി കൊണ്ട് വന്നേനെ...’

അത്രയും പറഞ്ഞ് വസന്ത കണ്ണീർ തുടച്ചു. അവസാനത്തെ ഗോളിൽ തട്ടിവീണ രാജേഷ് പിടഞ്ഞെഴുന്നേറ്റ് ഷർട്ടെടുത്തിട്ടു. മാസ്കും സത്യവാങ്മൂലവും പോക്കറ്റിലിട്ട് ഇറങ്ങി. ജംഗ്ഷനിലെ കോഴിക്കട വരെ പോയി നോക്കാനുറച്ച് അയാൾ നടന്നു. വളവ് തിരിഞ്ഞ് പൊലീസുകാരെ കണ്ടയുടനെ മാസ്ക് എടുത്ത് വച്ച് അയാൾ നടത്തത്തിന് സ്പീഡ് കൂട്ടി. പൂട്ടിക്കിടന്ന കോഴിക്കട കണ്ട് നിയന്ത്രണം വിട്ട അയാൾ വലത് കൈയിൽ ചുരുട്ടിപ്പിടിച്ച പച്ച പ്ലാസ്റ്റിക് കവർ ഞെരിച്ച് വീണ്ടും നടന്നു. അനന്തരം പൂട്ടിക്കിടക്കുന്ന രണ്ട് കോഴിക്കടകളും ഒഴിഞ്ഞ ചന്തയും കടന്ന് അയാൾ തോട്ട് വക്കിലെ വരമ്പിലിറങ്ങിനിന്ന് വിയർപ്പ് തുടച്ചു. ഇനി തിരിച്ച് പോയേക്കാമെന്നുറച്ച നിമിഷം അമ്മായിയമ്മയുടെ തിളയ്ക്കുന്ന കണ്ണുകളുടെ ഓർമയിൽ അയാൾ ഞെട്ടിത്തരിച്ചു. പാറമുകളിലെ മുട്ടക്കച്ചവടക്കാരി ദാനമ്മയുടെ വീട് വരെ പോയി നോക്കാമെന്ന് അയാൾക്ക് തോന്നി. പതിനൊന്നര മണിക്ക് പാറമുകളിലേക്കുള്ള കയറ്റം കയറിത്തുടങ്ങിയ അയാൾ പതിനൊന്നേമുക്കാലിന് ദാനമ്മയുടെ വീട്ടിലെത്തി നെടുവീർപ്പിട്ടു.

‘ദാനമ്മ ചേച്ചീ നിങ്ങള് കോഴിയെ കൊടുക്കോ?’

‘ഓ... ഒരു പൂവനുണ്ട്…’

‘അമ്മായിക്ക് കോഴി തിന്നാൻ കൊതി... എട്ത്തോ...’

‘പാവം… ഇന്നാ മക്കളേ... അഞ്ഞൂറ്…’

‘ഏഹ്…!’

‘കോഴിക്കെക്കെ ഇപ്പ ഭയങ്കര വെലയാണ് മക്കളേ…’

‘മ്ം... ശരി’

കൈയും കാലും ഇല്ലാത്ത പെട്രോളിന് സെഞ്ചുറിയടിക്കാമെങ്കിൽ കോഴിക്കായിക്കൂടെ എന്നോർത്ത് പൂവൻകോഴിയെ ഓടിച്ചിട്ട് പിടിച്ച് കാലിൽ തൂക്കിയെടുത്ത് അയാൾ കുന്നിറങ്ങി…

എതിരെ വന്ന പൊലീസ് ജീപ്പിൽ നിന്ന് എസ് ഐ തല പുറത്തിട്ട് തുറിച്ച് നോക്കി…

പതറിപ്പോയ രാജേഷിന്റെ പിടി വിട്ട് കോഴി ഇറങ്ങിയോടി…

കോഴി പാറമുകളിലെ ടാറ് റോഡും പണവരമ്പും തോട്ട് വക്കും പിന്നിട്ട് ജംഗ്ഷൻ ലക്ഷ്യമാക്കിയോടി... വീണും മുട്ട് തൊലിഞ്ഞും രാജേഷ് പിറകേയോടി... ചന്തയിലേക്കുള്ള വളവിലിട്ട് ഏകദേശം പന്ത്രണ്ടേകാലോടെ കോഴിയെ രാജേഷ് അതിവിദഗ്ദമായി പിടി കൂടി... വേച്ച് വേച്ച് നടക്കുന്നതിനിടയിൽ ലീനയുടെ ഫോൺകോൾ കണ്ട് അയാൾക്ക് അരിശം കയറി. വല്ല കറിവേപ്പിലയോ തക്കാളിയോ വാങ്ങാനായിരിക്കുമെന്ന് പല്ലിറുമ്മി അയാൾ ഫോണെടുത്തു.

‘രാജേഷണ്ണാ... അമ്മ പോയി…’

‘ങേ…’

‘അമ്മ പോയി... നിങ്ങള് പെട്ടന്ന് വാ… അയ്യോ...’

നുരഞ്ഞ് പൊങ്ങിയ ദേഷ്യത്തിൽ കോഴിയെ ചുഴറ്റിയെറിഞ്ഞ് അയാൾ വീട്ടിലേക്ക് കുതിച്ചു.

English Summary: Kozhikkari, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;