ADVERTISEMENT

അടുക്കള യന്ത്രം (കഥ)

വീടിന്റെ വലിയ വരാന്തയിലെ സോഫയിൽ ചാരിക്കിടന്നു ഹൃദയ സ്പർശിയായ സിനിമ ഗോവർധൻ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു നിമിഷം അയാൾ ഗതകാലത്തിലേക്കു ആണ്ട് പോയി. ബാല്യകാലത്തിലെ വൈകാരിക നിമിഷങ്ങൾ അയാളുടെ ഉള്ളിലേക്ക് തിരയിളക്കി കടന്നു വന്നു.. അവിടെ അമ്മയുണ്ടാക്കി തരുന്ന ഇലയടയുടെയും കുമ്പിളപ്പത്തിന്റെയും രുചിയും ഗന്ധവും ഓർമകളിലേക്ക് അയാളറിയാതെ അരിച്ചെത്തി. മാവിന്റെ ഉയരങ്ങളിൽ പഴുത്തു നിൽക്കുന്ന മാങ്ങകൾ ഇടവേളകളിൽ കടന്നെത്തുന്ന ഇളം കാറ്റിൽ പോലും പൊഴിയുന്നവ പെറുക്കിക്കൂട്ടാൻ മത്സരിക്കുന്ന കുട്ടികളിൽ ഒരാളായി അയാളും... ഇടയ്ക്കിടെ അടുക്കളതലത്തിൽ നിന്നും പ്രത്യക്ഷപ്പെടുന്ന അമ്മ. എന്ത് തിരക്കായാലും ഇടയ്ക്കിടയ്ക്ക് അമ്മയുടെ ഒരു കണ്ണുണ്ടാവും കുട്ടികളുടെ പിറകെ.

 

അവൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇതെങ്ങനെ അമ്മയ്ക്ക് കഴിയുന്നു. എല്ലാറ്റിലും ഒരു ശ്രദ്ധ അമ്മയ്ക്കുണ്ട്... അമ്മമാർക്ക് മാത്രമേ അവൻ അത് കണ്ടിട്ടുമുള്ളു... അമ്മ എപ്പോഴും തിരക്കിലായിരിക്കും. പഴയ വീടിന്റെ അകത്തളത്തിൽ ഒരുപാട് പേരുണ്ടാകും ഊണ് കഴിക്കാൻ. അമ്മയാണ് അവർക്കെല്ലാം വെച്ച് വിളമ്പുന്നത്... മരിക്കുന്നതു വരെ ആഹാരം ഉണ്ടാക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് അവർ പരാതി പറയുന്നത് താൻ കേട്ടിട്ടുമില്ല. താൻ മാത്രമല്ല ഒരു പക്ഷേ ആരും ശ്രദ്ധിച്ചിരുന്നില്ല…..

 

ഭാര്യ ആവിപറക്കുന്ന ചൂട് വെള്ളം ടീപ്പോയിൽ വെച്ചിട്ട് വീണ്ടും അടുക്കളയിലേക്ക് പോയിരിക്കുന്നു. അവിടെ അവൾക്ക് പിടിപ്പതു പണി ഉണ്ടല്ലോ... വളരെ അപ്രതീക്ഷിത നിമിഷത്തിൽ അയാൾ തന്റെ ഭാര്യയെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി. അടുക്കളയിലും തൊടിയിലുമായി ദിവസത്തിന്റെ ഭൂരിഭാഗം സമയവും ഹോമിക്കുന്ന അവൾ വിശ്രമം ആഗ്രഹിക്കുന്നില്ലേ... നിരന്തരമായ ജോലിയുമായി സമരസപ്പെട്ടു ജീവിക്കുന്ന അവൾ അല്പം വിശ്രമം മോഹിക്കുണ്ടാകും.. തീർച്ച.

 

എപ്പോഴായിരിക്കണം അവൾ കാലത്ത് എഴുന്നേറ്റത്... ഓർമ്മയില്ല. കാലത്തു തുടങ്ങി ഇത്രയും വരെ അവൾക്കു വിശ്രമമുണ്ടായിരുന്നോ.. എന്തെല്ലാം പണികൾ അവൾ ഇന്നൊരു ദിവസം ഒറ്റയ്ക്ക് ചെയ്തിരിക്കണം... പണ്ട്, അമ്മ - ഇപ്പോൾ ഭാര്യ.

 

ഇടതടവില്ലാതെ പെയ്യുന്ന പെരുമഴപോലെ തുടർച്ചയായ വീട്ടു ജോലികളിൽ നിന്നും ഒരിക്കലും  മോചനമില്ലാത്തവർ ... ഓഫ് ഡേ ആയ താൻ ഇന്ന് ഇതുവരെ ഈ വീടിനുവേണ്ടി എന്ത് ചെയ്തു... ഉള്ളിൽ നിന്നും സ്വയം നിർഗ്ഗളിച്ച ചോദ്യശരങ്ങൾക്കു ഉത്തരം കാണാനാവാതെ ഗോവർധൻ കുഴങ്ങി.

 

ഭാര്യ ആഹാരം കഴിച്ചോ എന്ന് പോലും താൻ അവളോട് ചോദിച്ചിട്ടില്ല എന്ന് തിരിച്ചറിവ് അയാളിൽ ജാള്യത സൃഷ്ടിച്ചു ....

 

അകത്തു പാത്രങ്ങളുടെ ചിരിയലകൾ അവ്യക്തമായി അയാൾ കേട്ടു... തന്റെ ഭാര്യയെ പരിഗണിക്കാതിരുന്നതിൽ നേരിയ കുറ്റബോധം അയാൾക്ക്‌ തോന്നി. അയാൾക്ക്‌ ജീവിതത്തിൽ ആദ്യമായി തന്നോട് തന്നെ പുച്ഛം തോന്നി... വർഷങ്ങൾക്കു മുമ്പ് തന്നെ മാത്രം വിശ്വസിച്ചു പടിയിറങ്ങിയവൾ, ഇന്നു വരെ അവളുടെ അവളുടെ ഇഷ്ട്ടം എന്താണെന്നു ചോദിക്കാൻ പോലും മിനക്കെടാതിരുന്നതിൽ കടുത്ത വിഷമം ഉള്ളു നീറ്റി.

 

അയാൾ വാതിൽ തുറന്നു പുറത്തേക്കു നോക്കി. വിശാലമായ മുറ്റത്തേക്ക് ആർത്തിയോടെ വൈദ്യുത ബൾബിന്റെ പ്രകാശം അകത്തു നിന്നും പുറത്തേക്കു കുതിച്ചു.. അയാൾ ഒന്നു രണ്ടു വട്ടം മുറ്റത്തൂടെ ഉലാത്തി.

 

‘‘ശേ, കഷ്ടമായിപ്പോയി, ഒരു സിനിമ വേണ്ടി വന്നു തനിക്കു തിരിച്ചറിവുകൾ നൽകാൻ...’’-

പിന്നെ അയാൾ ടി വി ഓഫ് ചെയ്ത് അടുക്കളത്തലത്തിലേക്കു ചെന്നു. അപ്പോൾ സാരി അൽപ്പം പൊക്കിക്കുത്തി അവൾ അടുക്കളയിൽ കൂടിക്കിടക്കുന്ന എച്ചിൽ പാത്രങ്ങൾ കഴുകാനുള്ള തയാറെടുപ്പിലായിരുന്നു.. ഗോവർധനെ  കണ്ടതും അവൾ ചോദിച്ചു...

‘‘എന്താ വെള്ളം വേണമായിരുന്നോ... ഞാൻ കൊണ്ടുവന്നു തരുമായിരുന്നല്ലോ...’’-

അയാൾക്ക്‌ അവളോട് അന്നുവരെയില്ലാത്ത ഒരു സ്‌നേഹവും അനുകമ്പയുമൊക്കെ ഉടലെടുത്തു.. സഹാനുഭൂതിയോടെ ആഴങ്ങളിലേക്ക് ആണ്ടുപോയ അയാൾ നിറഞ്ഞ സ്നേഹവായ്പോടെ ജീവിതത്തിൽ ആദ്യമായി സ്വന്തം ഭാര്യയോട് പതിയെ പറഞ്ഞു ‘‘നീ പോയി വിശ്രമിച്ചോളൂ, ഞാൻ ഈ പാത്രങ്ങൾ കഴുകാം ’’-

 

അവിശ്വനീയമായ എന്തോ കേട്ടത് പോലെ പൊതുവെ അവളുടെ വിടർന്ന മുഴുത്ത കണ്ണുകൾ ഒന്നുകൂടി പുറത്തേക്കുന്തി... സ്ഥലകാല ബോധം വീണ്ടെടുത്ത് അവൾ പറഞ്ഞു 

‘‘കുറച്ചു പാത്രമല്ലേയുള്ളൂ.. ഇത് ഞാൻ പെട്ടെന്ന് കഴുകിയേക്കാം...’’-

ഗോവർധൻ നിർബന്ധിച്ചു അവളെ അകത്തേക്ക് പറഞ്ഞയച്ചു. അയാൾ മുണ്ടു മടക്കിക്കുത്തി പതിയെ പാത്രങ്ങൾ കഴുകാൻ തുടങ്ങി... കറികളെല്ലാം പാത്രങ്ങളിൽ ഉണങ്ങി പറ്റിപ്പിടിച്ചിരിക്കുന്നു... അഴുക്കുകൾ ഒഴിഞ്ഞു പോകാതിരിക്കാൻ കഠിന വ്രതം നോറ്റപോലെ... കഴുകുന്ന പാത്രങ്ങളിൽ അവിടവിടെ ഭക്ഷണ അവശിഷ്ടങ്ങൾ....!

വീണ്ടും വീണ്ടും അയാൾ കഴുകികൊണ്ടിരുന്നു...

ഇവൾ ഇതെങ്ങനെ കഴുകി ഒപ്പിക്കുന്നു...

 

ഒരു മണിക്കൂറിനകം അയാൾ പാടെ തളർന്നു കഴിഞ്ഞിരുന്നു. കൂടാതെ ശരീരമാകെ എച്ചിലുകളുടെ  പ്രളയ മഴയും... ധരിച്ചിരുന്ന വസ്ത്രങ്ങൾ പാത്രം കഴുകുന്നതിനിടയിൽ നനഞ്ഞു കുതിർന്നിരുന്നു. ഒരുതരത്തിൽ പാത്രങ്ങളെല്ലാം കഴുകി കമഴ്ത്തി... ശരീരമാകെ അവശിഷ്ടങ്ങളുടെ ദുർഗന്ധം.....

ശരിക്കു നടക്കാൻ പറ്റുന്നില്ല... പുറം കൊളുത്തിപ്പിടിക്കുന്ന വേദന..

 

അയാൾ വെറുതെ ഭാര്യയെ കുറിച്ചോർത്തു. അടുക്കളയിലും തൊടിയിലും ഒക്കെ മല്ലടിക്കുന്ന അവളുടെ ശാരrരിക അസ്വസ്ഥതകൾ താൻ കണ്ടില്ലെന്നു നടിക്കുകയായിരുന്നല്ലോ ഇതുവരെ…? അവൾ എന്ത് മാത്രം വേദനയും വിഷമവും അനുഭവിക്കുന്നുണ്ടാകും ...

 

അടുക്കള യന്ത്രമായി മാത്രം മാറിക്കൊണ്ടിരുന്ന തന്റെ ഭാര്യയെ കുറിച്ചോർത്ത് അയാളുടെ ദുഃഖം അണ പൊട്ടിയൊഴുകി. പരാതിയില്ലാതെ പണിയെടുക്കുന്ന പാവം ഭാര്യ... കുറ്റ ബോധത്തിന്റെ പടവുകൾ അയാൾക്ക്‌ മുൻപിൽ ഉയരുകയായിരുന്നു. അതിനെ നിലം പരിശാക്കാനുതകുന്ന യാതൊരു ശരവും അയാളുടെ മനസ്സിനുള്ളിലെ ആവനാഴിയിൽ ശേഷിച്ചിരുന്നില്ല.

ഒടുവിൽ യോദ്ധാ സിനിമയിൽ കാവിലെ ഉത്സവത്തിന് മാമാങ്കത്തിൽ അശോകനോട് തോറ്റ അപ്പുക്കുട്ടനെപ്പോലെ കിടപ്പുമുറിയിലെത്തി... ഭാര്യ മച്ചിലേക്കു നോക്കി കിടക്കുകയായിരുന്നു. അവൾ ഉറങ്ങിയിരുന്നില്ല. 

 

അയാൾ കിടക്കയുടെ ഓരം ചേർന്ന് പതുക്കെ കിടന്നു.. നടുവുളുക്കിയിരിക്കുന്നതുപോലെ... ഇനി ഒരാഴ്ച തന്നെക്കൊണ്ട് ഒരു ജോലിയെടുക്കാനും കഴിയില്ല എന്നയാൾ മനസ്സിലോർത്തു... ശരിക്കു നടക്കാൻ കഴിഞ്ഞാൽ ഭാഗ്യം.

‘‘ലൈറ്റ് അണക്കട്ടെ...’’- ഭാര്യ വിളറിയ  ചിരിയോടെ ചോദിച്ചു...

 

താൻ സാധാരണ ചോദിക്കുന്ന ചോദ്യം അവൾ ഇന്ന് തന്നോട് ചോദിച്ചിരുന്നു… അവളുടെ മുഖത്തേക്ക് അയാൾ പാളി നോക്കി. അടിച്ചമർത്തപ്പെട്ട സ്ത്രീ സമൂഹത്തിന്റെ മുഴുവൻ പരിഭവവും, വിദ്വേഷവും സങ്കടങ്ങളും ആ ചിരിയിലുണ്ടെന്നയാൾക്കു തോന്നി... ഒന്നും പറയാനാവാതെ അവളെ പുണർന്നു ഗോവർധൻ കണ്ണുകളടച്ചു കിടന്നു.

 

English Summary: Adukkalayanthram, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com