ADVERTISEMENT

ഞാൻ അടക്കമുള്ള സ്ത്രീകളോടാണ് എന്റെ ഈ ചോദ്യം. സ്വന്തം മാതാപിതാക്കൾ കഷ്ടപ്പെട്ട് സമ്പാദിച്ച് തരുന്ന പണവും സ്വർണ്ണവും ആണായതിന്റെ പേരിൽ മാത്രം ഒരു അഭിമാനവും ഇല്ലാതെ വാങ്ങി അത് കുറഞ്ഞ് പോയി എന്നതിന്റെ പേരിൽ ഉപദ്രവിക്കാൻ വരുന്നവന്റെ മുന്നിൽ തല കുനിച്ച് നിൽക്കാൻ ആണോ കഷ്ടപ്പെട്ട് പഠിച്ച് ഒരു നല്ല നിലയിൽ ആവുന്നത്? അതോ ഒരു ജോലി  മാത്രം ആണോ വിദ്യാഭ്യാസം കൊണ്ട് നിങ്ങൾ ലക്ഷ്യമാക്കുന്നത്? അറിവിലൂടെ സംസ്ക്കാരവും നല്ല വ്യക്തിത്വവും ആത്മവിശ്വാസവും  ലഭിക്കണം പുരുഷനും സ്ത്രീക്കും. അതിനൊപ്പം തന്നെ മറ്റൊരാളെ സാമ്പത്തികമായി ആശ്രയിക്കാതെ ജീവിക്കാൻ കഴിയും എന്ന ധൈര്യവും വേണം. എന്നാലെ ആ വിദ്യാഭ്യാസത്തിന് മൂല്യം ഉണ്ടാകുന്നുള്ളു.  

 

ക്ഷമ, സഹനം എല്ലാം ഒരു മനുഷ്യനു വേണ്ട നല്ല ഗുണങ്ങൾ ആണ്. അത് കുടുംബ ബന്ധങ്ങളിൽ ആവശ്യവുമാണ്. പക്ഷേ തെറ്റും അനീതിയും സഹിക്കുന്നത് അതിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. പിന്നെ സ്ത്രീ ആയത് കൊണ്ട് എന്ത് നെറിക്കേടും സഹിക്കണം എന്ന് എവിടെയും എഴുതി വെച്ചിട്ടില്ല. പറയുന്നത് പോലെ എളുപ്പമല്ല എന്ന് അറിയാം. പക്ഷേ ഏത് നേരവും ഏത് തരം ക്രൂരതയും പ്രതീക്ഷക്കാവുന്ന ഒരാളുടെ കൂടെ ജീവിക്കുന്നതിന്റെ പകുതി ധൈര്യം മതി പൊരുതി രക്ഷപ്പെട്ട് ഒറ്റയ്ക്ക് തന്റേടത്തോടെ ജീവിക്കാൻ. സമൂഹത്തെ ഭയന്നാണ് പലരും അതിന് മുതിരാത്തത്. നമ്മൾ മദർ തെരേസ ആയാലും സമൂഹം നമ്മളെ കുറിച്ച് നല്ലത് പറയാൻ പോകുന്നില്ല. പിന്നെ എന്തിന് വേണ്ടി ...? ഓർക്കുക ഇങ്ങനെ സഹിക്കുമ്പോൾ  നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രം...

 

ഇനി സ്ത്രീ ധനത്തിന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാരോട്- ജോലിക്കും വിദ്യാഭ്യാസത്തിനും അനുസരിച്ച്  ഒരു വിലയിട്ട് സ്വയം ഒരു വിൽപന ചരക്കായി വില പേശാൻ നിങ്ങൾക്ക് അഭിമാനത്തിന്റെ ഒരു അംശം പോലുമില്ലേ. അഭിമാനവും മനുഷ്യത്വവും സംസ്കാരവും ഒന്നുമില്ലാതെ ഭാര്യയുടെ മാതാപിതാക്കൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് സുഖമായി ജീവിക്കാൻ വേണ്ടി കല്യാണം കഴിക്കുന്ന ഈ ചെറുപ്പക്കാരെ എന്ത് വിളിക്കണം? മാതാപിതാക്കൾ തന്റെ മകൾക്ക്  കൊടുക്കുന്ന കരുതൽ ധനം ആണ് വിവാഹത്തിന് കൊടുക്കുന്ന സ്വർണ്ണം. അതിൽ അവരുടെ വിയർപ്പിന്റെ അംശം, സ്നേഹത്തിന്റെ ഗന്ധം എല്ലാം അടങ്ങിയിട്ടുണ്ട്. നിങ്ങളെ പോലെ ഉള്ളവർക്ക് അതിൽ പണത്തിന്റെ മൂല്യം മാത്രമേ കാണാൻ ആവുകയുള്ളു. പക്ഷേ ഒരു മകൾക്ക്  ആയിരം പവൻ കിട്ടിയാലും മാതാപിതാക്കൾ തന്ന ഒരു പവനു പകരം ആവില്ല....! നിങ്ങൾക്ക് ധൂർത്തടിക്കാനും സ്വയം വരുത്തി വെച്ച സാമ്പത്തിക പരാധീനതകൾ തീർക്കാനുമുള്ള ഒരു വെറും വസ്തുവായി അതിനെ കാണരുത്.

 

ഇനി  മാതാപിതാക്കളോട്- ആൺകുഞ്ഞ് ആയാലും പെൺകുഞ്ഞായാലും അവരെ നല്ല വ്യക്തികളായി വളർത്തി സ്വയം പര്യാപ്തരാക്കി ജീവിതത്തിന്റെ  ഓരോ ഘട്ടത്തിലും അവർക്ക് ആവശ്യമുള്ള തണലും വെളിച്ചവും ആവശ്യമുള്ളിടത്ത് ശാസനയും ശിക്ഷയും നൽകേണ്ടവരാണ് നിങ്ങൾ. സമൂഹത്തിനെ ബോധ്യപ്പെടുത്താൻ സ്ത്രീധനം പോലുള്ള അനീതികളെ പ്രോത്സാഹിപ്പിക്കരുത്. സമൂഹത്തെ ഭയന്ന് സ്വന്തം പെൺമക്കളെ കുരുതി കൊടുക്കരുത്. ജീവിതത്തിൽ ആത്യന്തികമായി വേണ്ടത് സന്തോഷവും സമാധാനവും ആണ്. അത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉറപ്പ് വരുത്തുക. പണം കൂടുതൽ കൊടുത്താൽ കിട്ടുന്നതല്ല ഇത് രണ്ടും എന്ന് പെൺ മക്കളുടെ മാതാപിതാക്കൾ ദയവു ചെയ്തു മനസ്സിലാക്കു. 

 

ആണായാലും പെണ്ണായാലും സ്വന്തം അധ്വാനത്തിന്റെ ഫലം കൊണ്ട് ജീവിക്കാൻ മക്കളെ പഠിപ്പിക്കുക, അതിന് പ്രാപ്തരാക്കുക. അവരുടെ തെറ്റുകൾക്ക് കൂട്ടു നിൽക്കരുത്. അനീതി സഹിക്കാനും അവരെ അനുവദിക്കരുത്. ഇനി ഒരു സ്ത്രീ ധന മരണം നമ്മുടെ നാട്ടിൽ നടക്കാതെ ഇരിക്കട്ടെ...!

 

English Summary : Dowry deaths reveal the true picture of gender relations in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com