ADVERTISEMENT

ഓട്ട നാണയങ്ങള്‍ (കഥ)

കടല്‍ ശാന്തമാണ്, മായ്ച്ചു കളയുവാന്‍ തീരത്ത് കാല്‍പ്പാടുകള്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ കടല്‍ അങ്ങനെയാണ്. അലകളെ മാറിലൊതുക്കി തികച്ചും നിസംഗതയോടെ മാനം നോക്കി കിടക്കും. കൈകോര്‍ത്ത് നടക്കുന്ന പ്രണയ ജോടികളില്ല, കുഞ്ഞലകളുമായി തൊട്ടു കളിക്കാന്‍ വരുന്ന കുരുന്നുകളില്ല, അസ്തമയത്തിന് കാഴ്ച്ചക്കാരില്ല. മനുഷ്യരൊക്കെ എവിടെയോ പോയി മറഞ്ഞിരിക്കുന്നു. പ്രകൃതിക്ക് മനുഷ്യന്റെ ചിരി മടുത്തിരിക്കുന്നു. മൂക്കും വായും തുണികൊണ്ട് വരിഞ്ഞു മുറുക്കി കണ്ണുകളില്‍ ഭീതി കുത്തി നിറച്ചു, മനുഷ്യന്‍ മനുഷ്യനില്‍ നിന്നകന്നു പോകുന്നു!   

 

‘കുറിയന്‍’ എന്നത് അയാള്‍ക്ക് നാട്ടുകാര്‍ നല്‍കിയ പേരാണ്. മാതാപിതാക്കള്‍ ഇട്ട പേര് എന്തെന്ന് അയാള്‍ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു. നാലടിയില്‍ താഴെ ഉയരവും ശരീരഭാരം താങ്ങാന്‍ ആവാതെ വശങ്ങളിലേക്ക് വളഞ്ഞ കാലുകളും, വലിയൊരു മുഖവും, അതാണ്‌ കുറിയന്‍. അവിടെവിടെ പിന്നി തുടങ്ങിയ കള്ളി ഷര്‍ട്ടും നിറം മങ്ങിയ ഒരു വെള്ളമുണ്ടും ആണ് അയാളുടെ വേഷം. ഒരു ചെറിയ തകരപ്പെട്ടിയുടെ മുകളില്‍, കുപ്പി ഭരണിയില്‍ ഇട്ടു വെച്ച കുറച്ചു നെല്ലിക്ക, മാങ്ങ പൂളിയത്, കൈതച്ചക്കയുടെ കഷ്ണങ്ങള്‍. രണ്ടു ചെറിയ പാത്രങ്ങളില്‍ ഉപ്പും മുളക് പൊടിയും നിരത്തി അയാള്‍ കടല്‍ക്കരയുടെ രണ്ടറ്റത്തേക്കും പ്രതീക്ഷയോടെ മാറി മാറി നോക്കി നില്‍ക്കുന്നു. 

സൂര്യന്‍ അസ്തമിക്കുകയാണ്, തകരപ്പെട്ടിയുടെ മുകളില്‍ നിരത്തിയിരിക്കുന്ന കുപ്പി ഭരണികളില്‍ ഒന്നു പോലും ഇന്ന് തുറന്നില്ല. കുറിയന് സങ്കടമില്ല, കുറേ മാസങ്ങളായി പല ദിവസങ്ങളിലും അവ തുറക്കാറില്ല.  എങ്കിലും ഒരു തൊഴില്‍ എന്ന രീതിയില്‍ കൊണ്ട് നടക്കാന്‍ വേറെ ഒന്നില്ല. അതുകൊണ്ട് ഒരു ചടങ്ങെന്ന പോലെ തന്റെ രണ്ടു ചക്രവും ഉള്ള വണ്ടിയും ഉന്തി എന്നും വീട്ടില്‍ നിന്ന് ഇറങ്ങും, വൈകുന്നേരമായാല്‍ തിരിച്ചു വീട്ടിലേക്ക്. മക്കള്‍ക്ക് ഒരു പൊതി കടലയോ രാത്രിയിലെ കറിയ്ക്ക് അരക്കിലോ മത്തിയോ ചിലപ്പോള്‍ കയ്യില്‍ ഉണ്ടാകും. ചില ദിവസങ്ങളില്‍ അതും വാങ്ങാന്‍ കഴിയാറില്ല...

 

ദിവസേന കുറിയന്‍ തന്നോട് തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നാണ് ഇതൊക്കെ തീരുക? എന്നാണ് മനുഷ്യന്‍ മറയില്ലാതെ ചിരിക്കാന്‍ കഴിയുക? പരസ്പരം പുറത്ത് തട്ടി ഒന്ന് സമാധാനിപ്പിക്കാന്‍, കൈ പിടിച്ച് ഒന്ന് കുലുക്കുവാന്‍ എത്ര കാലമാണ് കാത്തിരിക്കേണ്ടി വരിക...?!

കുപ്പി ഭരണികളിലെ സാധനങ്ങള്‍ പലതും അഴുകി തുടങ്ങിയിരിക്കുന്നു. എല്ലാം മാറ്റി, പുതിയത് നിറയ്ക്കേണ്ട സമയമായി. എവിടുന്നാണ് കുറച്ചു കാശ് കിട്ടുക? ആരോട് ചോദിക്കണം? പരിചയക്കാരില്‍ പലരുടെയും മുഖങ്ങള്‍ മറന്നു തുടങ്ങിയിരിക്കുന്നു. പേര് കൊണ്ടോ ശബ്ദം കൊണ്ടോ ആളുകളെ തിരിച്ചറിയേണ്ട ദുരവസ്ഥ. മുഖമില്ലാത്ത ഈ മനുഷ്യരില്‍ തന്‍റെ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോ? ഭീതി നിറഞ്ഞ കണ്ണുകളില്‍ പരിചയ ഭാവമില്ല, പൂട്ടിക്കെട്ടിയ വായകളില്‍ നിന്ന് ‘കുറിയാ’ എന്ന വിളി കേള്‍ക്കുന്നുമില്ല. പിന്നെ എങ്ങനെ തിരിച്ചറിയും!!

 

വീട്ടിലേക്ക് തിരിയുന്ന ഊട് വഴി എത്തിയപ്പോള്‍ കുറിയന്‍ ഒന്ന് നിന്നു. റോഡിനപ്പുറത്ത് ഗള്‍ഫില്‍ ജോലിയുള്ള സുഹൃത്തിന്റെ വീടാണ്. പണി കഴിഞ്ഞിട്ട് അധികകാലമാവാത്ത സാമാന്യം വലിയ വീട്. ചുറ്റും മതില് കെട്ടി, മുറ്റം ഭംഗിയുള്ള കട്ടകള്‍ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. കുറിയന് രണ്ടു ചക്രമുള്ള ഉന്തുവണ്ടി വാങ്ങി കൊടുത്ത് ഒരു ജീവിത മാര്‍ഗ്ഗം ആക്കി കൊടുത്തത് ആ സുഹൃത്താണ്. അതിനു ശേഷം എന്തെങ്കിലും സഹായം ചോദിച്ചു കുറിയന്‍ അങ്ങോട്ട്‌ ചെല്ലാറില്ല, ചോദിക്കാതെ തന്നെ പലപ്പോഴും സുഹൃത്ത് സഹായിക്കുമെങ്കിലും! ഇപ്പോള്‍ സഹായവും ചോദിച്ചു ആ വീട്ടിലേക്ക് കയറി ചെല്ലാന്‍ കുറിയന് മടിയില്ലാഞ്ഞിട്ടല്ല. വേറെ മാര്‍ഗ്ഗമില്ല, മനസ്സിലോടിയെത്തിയ പരിചിത മുഖങ്ങളില്‍ അഞ്ഞൂറ് രൂപ കടമായി തരാന്‍ കഴിവും മനസ്സും ഉള്ളവര്‍ വേറെ ഇല്ല എന്നതാണ് സത്യം!!   

 

പുറത്തെ ഇരുട്ട് വീട്ടിലേക്കും പടര്‍ന്നിരുന്നു. ഗേറ്റ് പൂട്ടിയിരുന്നില്ലെങ്കിലും വീട്ടില്‍ ആരും ഇല്ലേ എന്ന് ശങ്കിച്ചാണ് കുറിയന്‍ മുറ്റത്തേക്ക് എത്തിയത്. കാളിംഗ് ബെല്ല് അമര്‍ത്തിയിട്ടും ശബ്ദം കേട്ടില്ല. വാതില്‍ കുറെ തവണ മുട്ടി വിളിച്ചപ്പോള്‍ അകത്ത് ആളനക്കം കേട്ടു. മെഴുകുതിരി വെളിച്ചത്തില്‍ കണ്ട സുഹൃത്തിന്റെ ഉമ്മയുടെ മുഖത്തെ ക്ഷീണവും മൗനവും, പിന്നില്‍, എന്തോ പ്രതീക്ഷിച്ച് കുറിയന്റെ കൈകളിലേക്ക് നോക്കി നിരാശപ്പെട്ട് നില്‍ക്കുന്ന സുഹൃത്തിന്‍റെ ഭാര്യയും മക്കളുടേയും തിളക്കം നഷ്ടപ്പെട്ട നോട്ടങ്ങളും ചോദ്യങ്ങള്‍ അപ്രസക്തമാക്കിയ പലതിന്റെയും  ഉത്തരങ്ങള്‍ ആയിരുന്നു.

 

ഒഴുകി കൊണ്ടിരിക്കുന്ന പുഴ പെട്ടന്ന് വറ്റി വരളുമ്പോള്‍ ശ്വാസം മുട്ടി പിടയുന്ന പരല്‍മീനുകള്‍! കണക്കു കൂട്ടലുകള്‍ തെറ്റായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും തിരുത്താനാവാത്ത വിധം ചിതലരിച്ചു പോയ ജീവിതത്തിന്‍റെ എത്രയെത്ര താളുകള്‍! വലിയ വീട്ടിലെ വിശപ്പിന്റെ വിളി തൊണ്ടക്കുഴിയില്‍ മരിച്ചു വീഴുന്നു, ആരും പറയാതെ, ആരും കേള്‍ക്കാതെ, ഒടുവില്‍  അഭിമാനത്തിന്റെ തൂക്കുകയറില്‍ ജീവശ്വാസത്തിനായി പിടഞ്ഞു തീരുന്നു. എത്ര ജീവനുകള്‍ എടുത്താലാണ് ഇതൊന്ന് അവസാനിക്കുക... !!

 

സന്മനസ്സുകള്‍ സമ്മാനിച്ച ഭക്ഷണകിറ്റുകളില്‍ ഒന്നും കയ്യില്‍ ഉള്ള കുറച്ചു മുഷിഞ്ഞ നോട്ടുകളും  ഉമ്മയുടെ കയ്യില്‍ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ ‘കുറിയാ’ എന്ന് മാത്രം വിളിച്ചു ശീലിച്ച ഉമ്മ ആദ്യമായി ‘കര്‍ണ്ണാ നിന്‍റെ വീട്ടിലോ?’ എന്ന് വിളിച്ചു ചോദിച്ചു. ഗേറ്റ് ചാരി, ‘ഇന്ന് നല്ല കച്ചോടമായിരുന്നു ഉമ്മാ, സാധനങ്ങള്‍ ഒക്കെ ഉണ്ട്’ എന്ന് പറഞ്ഞു തിരിഞ്ഞു  നടക്കുമ്പോള്‍, ദൃഷ്ടിയില്‍ നിന്ന് മറയുന്നവരെ, ഉമ്മ, ‘കുറിയന്‍’ എന്ന ആ വലിയ മനുഷ്യനെ നോക്കി നില്‍ക്കുകയായിരുന്നു, നിറഞ്ഞ കണ്ണുകളോടെ...

 

English Summary: Otta Nanayangal, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com