ADVERTISEMENT

ചുമതല (കഥ)

 

വീടിന്റ മുറ്റത്തിരുന്ന് പേനയുടെ മഷി തീർന്ന റീഫില്ലർ മാറ്റി പുതിയ റീഫില്ലർ ഇട്ട ശേഷം സതീശൻ പഴയ ന്യൂസ് പേപ്പറിൽ വെറുതേ ഒന്നു വരച്ചു നോക്കി.. അപ്പോഴാണ്, മീൻകാരൻ പൗലോസ് വീടിന്റ ഗേറ്റിനു മുന്നിൽ നിന്ന് സൈക്കിളിന്റ ബെല്ല് അടിച്ചത്...

 

‘‘സതീശേട്ടാ, അറിഞ്ഞാ... നമ്മുടെ ലക്ഷ്മി ടീച്ചറ് പോയി... കാൻസറായിരുന്ന് ..’’ കൈ അറിയാതെ ചായ ഗ്ലാസിലേക്ക് തട്ടി.. ചൂട് ചായ നിലത്ത് പടർന്നു. സതീശൻ മെല്ലെ എഴുന്നേറ്റു... വലത്തേ കൈയിൽ പേന മുറുക്കി പിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു. അലമാരയുടെ മുകളിൽ വച്ചിരിക്കുന്ന ചെറിയ പെട്ടി തുറന്നു നീല ഫൈലിൽ നിന്ന് ഒരു പേപ്പർ എടുത്തു. അത് ശൂന്യമായിരുന്നില്ല.. ഒരുപാട് ചെറുകഥകളും നോവലകളും ലേഖനങ്ങളും എഴുതി തന്റെ എഴുത്തിന് ഏതൊരു വായനക്കാരനെയും പിടിച്ചിരുത്തുവാൻ കഴിയുമെന്ന് തെളിയിച്ച എഴുത്തുകാരൻ... തല ചോറിൽ ജനിക്കുന്ന ചിന്തകളും ആശയങ്ങളും കഥകളും ഹൃദയത്തെ സ്പർശിക്കും വിധം എഴുത്തി ഫലപ്പിക്കുവാൻ അയാൾക്ക് കഴിഞ്ഞു... ‘‘നല്ല എഴുത്താണ്... നീ എഴുതണം... എഴുതികൊണ്ടിരിക്കണം’’ പണ്ട് സ്കൂളിൽ പഠിപ്പിക്കുമ്പോൾ ലക്ഷ്മി ടീച്ചർ പറഞ്ഞ ഈ വാക്കുകൾ സതീശനെ തുടർന്നെഴുതാൻ പ്രേരണയായി.. ധൈര്യമായി... ആ പേപ്പർ നെഞ്ചിലേക്ക് വച്ച് ചാരു കസാരയിൽ ഇരുന്ന് സതീശൻ മെല്ലെ കണ്ണടച്ചു... അധികം പഴക്കമില്ലാത്ത ഓർമ്മകളിലേക്ക് സതീശന്റെ മനസ്സ് നിശബ്ദമായി പുറകോട്ട് ഒന്നു സഞ്ചരിച്ചു...   

 

കനത്ത മഴയുള്ള ദിവസമായിരുന്നു അന്ന്... പുതിയ കഥ മനസ്സിൽ മുഴുവനായി രൂപപ്പെട്ടപ്പോൾ അത് പേപ്പറിൽ പകർത്തി എഴുതാനുള്ള തയാറെടുപ്പില്ലായിരുന്നു സതീശൻ.. പോരാത്തതിന് ആ ഇരുണ്ട അന്തരീക്ഷം സതീശന് എഴുതാനുള്ള മാനസികാവസ്ഥ സൃഷ്ടിച്ചു... എഴുത്തിനു മുന്നേ സതീശൻ കണ്ണടച്ചു അച്ഛനെയും അമ്മയേയും സർവ്വ ഗുരുക്കന്മാരേയും, തന്റെ തലവര എഴുതിയ ആ പ്രപഞ്ച ശക്തിയേയും പ്രാർത്ഥിച്ചു.. എഴുതാൻ പേനയെടുത്തപ്പോഴാണ് ഭാര്യ കതകിന് തട്ടുന്നത്... ‘‘ഏട്ടാ, ഏട്ടനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്...’’

 

സതീശൻ റൂമിൽ നിന്ന് പുറത്തേയ്ക്ക് വന്നപ്പോൾ വരാന്തയിൽ ലക്ഷ്മി ടീച്ചർ.. ‘‘ടീച്ചറേ, എത്ര നാളായി കണ്ടിട്ട് ?.. ഷീജേ ചായ എടുത്തേ...’’

‘‘ സതീശാ... എനിക്ക് നിന്റെ സഹായം വേണം.. ’’

‘‘ എന്താ ടീച്ചറേ...?’’

‘‘ ഞാൻ പറയുന്ന കാര്യങ്ങൾ അതേ പടി ഒരു പേപ്പറിൽ നീ എഴുതണം.. നീ എഴുതുമ്പോ അതിന് ഒരു ജീവൻ ഉണ്ടാവും..’’ ടീച്ചർ മനസ്സിൽ കുറച്ചിട്ട വാക്കുകൾ സതീശൻ ഒരു പേപ്പറിൽ പകർത്തി...

 

‘‘ഞാൻ ഇപ്പോ ഒറ്റക്കാ... വർഷങ്ങളായി എന്റെ മകൻ നാട്ടിൽ വന്നിട്ട് ... ഒരു പക്ഷേ അവൻ എന്നെ കാണാൻ വരുമ്പോഴേക്കും എന്റ ആയുസ്സ് കഴിഞ്ഞിട്ടുണ്ടങ്കില്ലോ .. അവനോട് നേരിട്ട് പറയാൻ വച്ച കാര്യങ്ങൾ പറയാൻ പറ്റീലങ്കിലോ... അങ്ങനെ എങ്ങാനും നടന്നാൽ,  അവസാനമായി എന്നെ കാണാൻ ന്റെ മകൻ വന്നാൽ അവന്റ കൈയിലേക്ക് നീ ഇത് കൊടുക്കണം...’’ ഇത്രയും പറഞ്ഞ് ലക്ഷ്മി ടീച്ചർ പടിയിറങ്ങി.. 

 

സതീശൻ ഓർമ്മയിൽ നിന്നുണർന്നു..

ചാരു കസേരയിൽ നിന്ന് എഴുന്നേറ്റു.. ശേഷം ആ പേപ്പർ വലത്തേ പോക്കറ്റിൽ ഇട്ട് സതീശൻ ലക്ഷ്മി ടീച്ചറുടെ വീട്ടിലേക്ക് നടന്നു... ചെയ്തു കൊടുക്കേണ്ടത് സഹായമല്ല ചുമതലയാണെന്ന യാഥാർഥ്യം  സതീശൻ തിരിച്ചറിഞ്ഞിരുന്നു...

ലക്ഷ്മി ടീച്ചറിന്റ വീടിന്റെ മുറ്റത്ത് ആൾക്കാർ കൂടിനിൽക്കുന്നു...

 

വീട്ടിന്റെ വരാന്തയിൽ നിലത്ത് വിരിച്ച പായിൽ വെള്ള തുണി കൊണ്ട് മൂടിയ ആത്മാവ് വിട്ടു പിരിഞ്ഞ ലക്ഷ്മി ടീച്ചറെ സതീശൻ അവസാനമായി നോക്കി... ആ ചുളുങ്ങിയ മുഖം സതീശനേ ആ ചുമതല വീണ്ടും ഓർമ്മിപ്പിച്ചു...

 

‘‘ഡൽഹിന്ന് ടീച്ചറുടെ മോൻ ഇന്ന് ഉച്ചക്കത്തേ ഫ്ലൈറ്റിൽ വരുമെന്നാ രാവിലെ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചപ്പോ പറഞ്ഞേ...’’ കൂട്ടത്തിലൊരാൾ പറയുന്നത് സതീശൻ കേട്ടു..

 

സതീശൻ കാത്തുനിന്നു. ഉച്ച കഴിഞ്ഞപ്പോൾ വീടിന്റ മുന്നിൽ ഇന്നോവ കാർ എത്തി... എന്നാൽ, കോട്ടും സ്യൂട്ടും ധരിച്ച അയാൾ ലക്ഷ്മി ടീച്ചറുടെ മകനായിരുന്നില്ല... മകന്റെ ബിസിനസ്സ് കാര്യങ്ങൾ നോക്കുന്ന പേഴ്സണൽ അസിസ്റ്റന്റ് ... 

 

‘‘സാറിന്, ഇന്ന് വൈകിട്ട് ഒരു പ്രധാനപ്പെട്ട ബിസിനസ് കോൺഫറൻസ് മീറ്റിങ് ഫിക്സ് ആയി.. അതുകൊണ്ടാ കാര്യങ്ങൾ നടത്താൻ എന്നെ ആയച്ചേ ..’’

 

ആ ഒമ്നി ആൻമ്പുലൻസിന്റ സൈറൻ അലാറം വീണ്ടും മുഴങ്ങി... ആ ആമ്പുലൻസ് നേരേ ഇലക്ട്രിക് ശ്മശാനത്തേ ലക്ഷ്യമാക്കി ഓടി തുടങ്ങി... പിന്നിൽ, മകന്റെ പേർസണൽ അസിസ്റ്റന്റിന്റെ ഇന്നോവ കാറും... ആൾക്കാർ മെല്ലെ ഒഴിഞ്ഞു തുടങ്ങി... സതീശൻ ലക്ഷ്മി ടീച്ചറുടെ വീടിന്റെ മുറ്റത്തിരുന്നു... സമയം വേഗത്തിൽ നീങ്ങി... രാത്രിയുടെ തണുത്ത കാറ്റ് വീശുന്നുണ്ട്.. ആകാശത്ത് ഇളം മഞ്ഞ നിറത്തോടെ പൂർണ ചന്ദ്രൻ... 

‘‘ആരാ അത്?.’’

ബ്രോക്കർ രവിയേട്ടൻ നോക്കിയ കീപാട് ഫോണിന്റ ടോർജ് ലൈറ്റ് ഓണാക്കി സതീശന്റെ മുഖത്ത് വെളിച്ചമടിച്ച ശേഷം ..

‘‘എഴുത്തുകാരനോ .. സമയം ഇത്രയുമായിട്ട് പോയില്ലേ..’’ സതീശൻ അനങ്ങിയില്ല... 

രവിയേട്ടൻ തുടർന്നു..

 

‘‘ഞാനീ ഗേറ്റ് പൂട്ടാൻ വന്നതാ... ഒരു മാസത്തിനകം വീട് വിറ്റ് കൊടുക്കണമെന്നാ പറഞ്ഞേ.. അഡ്വാൻസും കിട്ടി.. ഇതൊന്ന് പെട്ടന്ന് നടന്ന് കിട്ടിയാ ലോട്ടറിയാ! ..’’

 

സതീശൻ മെല്ലെ എഴുന്നേറ്റു പുറത്തേക്ക് നടന്നു...  ആ വഴിയുടെ വളവെത്തിയപ്പോൾ  സതീശൻ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി... വീടിന്റെ ഗേറ്റ് പുതിയ പൂട്ടിട്ടു പൂട്ടുന്ന ബ്രോക്കർ ദിവാകരേട്ടൻ ... സ്ട്രീറ്റ് ലൈറ്റിന്റ വെളിച്ചത്തിൽ പോസ്റ്റിൽ കെട്ടിയിരിക്കുന്ന ആ കറുത്ത കൊടി കാറ്റിൽ ആടുന്നത് സതീശന് വ്യക്തമായി കാണാമായിരുന്നു... വലത്തേ പോക്കറ്റിലേ ആ പേപ്പർ സതീശന്റ വിയർപ്പിൽ കുതിർന്നിരുന്നു... അകാശത്ത്, ചുവപ്പും പച്ചയും ലൈറ്റ് മിന്നിച്ച് ഒരു വിമാനം  കടന്നു പോകുന്നുണ്ടായിരുന്നു..

 

English Summary: Chumathala, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com