‘14 വർഷം ഒന്നിച്ചു ജീവിച്ചു, ഇപ്പോഴാണോ എന്നെ പ്രണയിക്കാൻ കൊള്ളില്ലെന്ന് നിങ്ങൾക്ക് തോന്നുന്നത്?’

sad-couple-in-home
Representative Image. Photo Credit : Rido / Shutterstock.com
SHARE

ഒരൊറ്റ രാത്രി കൊണ്ട് (കഥ)

പതിനാല് വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു രാത്രി കടന്നുപോകുകയാണ്. പുറത്ത് കാവൽ നിൽക്കുന്ന മനുഷ്യർക്ക് മടുക്കാം. അവർക്ക് ഉറങ്ങുകയോ ഉറങ്ങാതിരിക്കുകയോ ചെയ്യാം. 

പക്ഷേ ഈ ഒരൊറ്റ രാത്രി കൊണ്ട് രണ്ട് മനുഷ്യർക്ക് പതിനാല് വർഷങ്ങൾ ജീവിച്ചു തീർത്തതിന്റെ ശിഷ്ടം കണ്ടെത്തണം. ഒരേ കട്ടിലിന്റെ രണ്ട് ഭാഗങ്ങളിലായി പരസ്പരം സംസാരിക്കാനില്ലാത്ത നിഴലുകൾ പോലെയവർ ഇരിക്കുകയാണ്. 

വർഷങ്ങളോളം പങ്കിട്ടെടുത്ത ദാമ്പത്യ ഭാരത്തിന്റെ വിഴുപ്പ് ആരാണ് ആദ്യം അലക്കേണ്ടത്? ആ കാര്യത്തിൽ ഒരു തീരുമാനമാകുന്നത് വരെ ഈ ഇരിപ്പ് തുടരാം. അവരുടെ ഇരിപ്പിലേക്ക് കണ്ണും നട്ട് ചുമരിൽ രണ്ട് പല്ലികളും ഇരുന്നു. അവരും ദമ്പതികളാണ്.... 

പുറത്ത് കാവൽ നിൽക്കുന്ന മനുഷ്യരിൽ ആരോ ആഞ്ഞു വലിച്ചു വിട്ട ബീഡി പുകയുടെ മണം തണുത്ത കാറ്റിനൊപ്പം മുറിയിലേക്ക് അരിച്ചു കയറുന്നു. 

അവൾക്ക് ശ്വാസംമുട്ടി. അയാളപ്പോഴും തലയും താഴ്ത്തിയിരുന്നു. മക്കളെ കാണണ്ടേ...? അവളുടെ ശബ്ദത്തിന്‌ നേരിയ ഇടർച്ചയുണ്ടായിരുന്നു. 

അയാൾ മറുപടി പറഞ്ഞില്ല തലയും താഴ്ത്തി ഇരിപ്പ് തുടർന്നു. മക്കൾ എന്നും ചോദിക്കും. എത്ര കാലമായി ഒന്ന് കണ്ടിട്ട്, നിങ്ങൾ ക്ഷീണിച്ചു. അയാൾക്ക് അതിനും മറുപടിയുണ്ടായിരുന്നില്ല. 

എന്തെങ്കിലും സംസാരിക്കു...?

അവളോർമിപ്പിച്ചു. 

എന്ത്..?

ഒന്നും സംസാരിക്കാൻ ഇല്ലേ 

ഇല്ല...

ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടില്ലേ, ഞാൻ നിങ്ങൾക്ക് കുഞ്ഞുങ്ങളെ തന്നില്ലേ, ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടില്ലേ.. 

അയാൾ അതിനും മറുപടി പറഞ്ഞില്ല. 

എന്തെങ്കിലും പറയു..

എന്ത് പറയണം. മക്കളെ തന്നു, സ്നേഹിച്ചു, സന്തോഷിപ്പിച്ചു... സമ്മതിച്ചു. അതിനുള്ള കണക്ക് ആയിട്ടാണോ ആങ്ങളയെയും സംഘത്തെയും ഒരു കള്ളനെന്ന മുദ്രകുത്തി എന്നെ പിടിച്ചുവരാൻ പറഞ്ഞയച്ചത്... 

അവൾക്ക് ചിരി വന്നു, 

ഞാൻ ആരേയും പറഞ്ഞയച്ചില്ല.. 

‘എനിക്ക്‌ നിന്നെ വേണ്ട....’

അയാൾ വിശ്വവിഖ്യാതമായ ആ തീരുമാനം പറഞ്ഞു. ചുമരിലെ ദമ്പതികളായ പല്ലികളിൽ ഒന്ന് താഴെ വീണു. അത് വാൽ മുറിച്ചിട്ട് മുന്നിലേക്കോടി വീണ്ടും ചുമരിലൂടെ കയറി മച്ചിനുള്ളിലേക്ക് നൂണ്ട് പോയി. 

എങ്കിൽ ഇത് പറയാൻ എന്തിനെന്റെ പതിനാല് വർഷങ്ങളെ അപഹരിച്ചു. ഒരു കോപ്പ നിറച്ചും ചായയുമായി ഞാൻ നിങ്ങൾക്ക് മുന്നിൽ വന്നു നിന്ന ദിവസം നിങ്ങൾക്കിത് പറയാമായിരുന്നു.. 

അയാൾ അവഗണനയോടെ അവളെ നോക്കി. അവൾ തുടർന്നു. 

‘മക്കളോട് ഞാൻ എന്ത് പറയണം. അവരെ വേണ്ടെന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ?’ അയാൾ മൗനം പാലിച്ചു. 

ഇവിടെ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ ഒരു തീരുമാനം പറയണം. അവൾ ഓർമിപ്പിച്ചു.

എന്റെ തീരുമാനം ഞാൻ പറഞ്ഞു കഴിഞ്ഞു. എനിക്ക്‌ നിന്നെ വേണ്ട. ഈ ശ്വാസം മുട്ടലിൽ നിന്നും എനിക്ക് മോചനം വേണം. നീ സന്തോഷിപ്പിച്ച കണക്ക് പറയുന്നു. ഞാനും നിന്നെ സന്തോഷിപ്പിച്ചില്ലേ. ഒറ്റക്ക് ആയിരുന്നില്ല ഒന്നും..

ഹാ.. സന്തോഷം. നിങ്ങൾ എന്നും ആവർത്തിക്കാറുള്ള സന്തോഷമെന്ന വാക്കിന് അർത്ഥം ഇതുവരെയും എനിക്ക്‌ മനസ്സിലായിട്ടില്ല..? ഒരിക്കൽ പോലും ഞാൻ പുറമേ കാണിച്ചിട്ടില്ലാത്ത സങ്കടങ്ങൾക്ക് നിങ്ങൾ കൊടുത്ത വ്യാഖ്യാനം മാത്രമാണത്. 

സമ്മതിച്ചു. എങ്കിൽ എന്തിന് വേണ്ടി നീ ഈ സങ്കടങ്ങളിൽ കടിച്ചു തൂങ്ങണം. ഇറങ്ങി പോകാത്തതെന്ത്..? 

രണ്ട് മനുഷ്യർ മക്കളെന്ന ബാധ്യതയുടെ പുറത്ത് ഒട്ടും പ്രണയം ഇല്ലാതെ ജീവിച്ചു പോകുന്നതിനോട് എനിക്ക്‌ യോജിപ്പില്ല. 

ബാധ്യതയോ..? 

അയാളുടെ മുഖത്ത് യാതൊരു വികാരവും കണ്ടില്ല. 

ഇപ്പോഴാണോ ഞാൻ പ്രണയിക്കാൻ കൊള്ളില്ലെന്ന് നിങ്ങൾക്ക് തോന്നുന്നത്. എങ്കിൽ പുതുമ മാറുമ്പോൾ നിങ്ങളുടെ ഇപ്പോഴുള്ള പ്രണയിനിക്ക് പ്രണയം വറ്റില്ലെന്ന് ഉറപ്പുണ്ടോ...? 

മാസം അഞ്ച് കഴിയുന്നു. നിങ്ങൾ എവിടെയെന്നറിയില്ല. ഫോൺ എടുക്കില്ല. പലപ്പോഴും ഓഫ്. ഞാനും മക്കളും എന്നും പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ഒന്നും വരുത്തല്ലേ എന്ന് മാത്രം ആഗ്രഹിച്ചു. ഏതോ വീട്ടിൽ ഏതോ ഒരുത്തിക്കൊപ്പം നിങ്ങൾ കഴിയുന്നെന്ന് അറിഞ്ഞപ്പോഴും ഒന്നും തോന്നിയില്ല. സുരക്ഷിതൻ ആണല്ലോ എന്നാശ്വസിച്ചു. 

എന്നിട്ടും നിങ്ങളെ കൂട്ടി വരാൻ ഞാൻ ആരേയും ഏൽപ്പിച്ചില്ല. നിങ്ങൾ നമ്മുടെ മക്കളെ സ്നേഹിക്കുന്നുവെന്ന് ഞാൻ വിശ്വസിച്ചു. എന്നെങ്കിലും തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ബാധ്യതകളുടെ കണക്കിലാണ് മക്കളെ നിങ്ങൾ എഴുതി തള്ളിയിരിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. 

നീണ്ട മൗനങ്ങളുടെ ഇടവേളകൾ കടന്നുപോയി. സമയരേഖകളിൽ ദമ്പതികളായ പല്ലികൾ പോയകാല സ്മൃതികളിൽ അമർന്നിരുന്നു. ആൺപല്ലി സങ്കടത്തിൽ കുതിർന്നു. ഉപേക്ഷിച്ചു കളഞ്ഞ മക്കളോട് അവന് സ്നേഹമുണ്ട്. അവർ ഒരു ബാധ്യതയായി തോന്നിയിട്ടുമില്ല. പെൺപല്ലി അവനെ ആശ്വാസിപ്പിച്ചു. 

‘വിഷമിക്കരുത്... ബാധ്യതയെന്ന വാക്ക് മനുഷ്യന്റെ മാത്രം ഉടമസ്ഥതയിൽ ഉള്ളതാണ്. നമുക്ക് അത് ബാധകമല്ല...’

മുറിയുടെ കനത്ത നിശബ്ദതയിൽ വീണ്ടുമവൾ സംസാരിച്ചു തുടങ്ങി.. 

നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയെല്ലാം ഞാൻ എന്നെ മാറ്റിയെടുത്തിരിന്നു. 

എനിക്ക്‌ തോന്നിയിട്ടില്ല. 

അയാളുടെ ശബ്ദം പഴയതിലും നേർത്തതായി. 

ആര് പറഞ്ഞു? 

നിങ്ങൾക്ക് വേണ്ടി ഞാനെന്റെ പഠനം ഉപേക്ഷിച്ചു. നിങ്ങൾക്ക് വേണ്ടി ഞാനെന്റെ സ്വപ്നങ്ങൾ വേണ്ടെന്ന് വച്ചു. നിങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് വേണ്ടി മാത്രം ഞാൻ ഈ ലോകത്തിന്റെ വിശാലതകൾ മറന്നു. എന്റെ ലോകം നിങ്ങളോളം ചെറുതാക്കി. നിങ്ങൾക്ക് ചുറ്റുമായി സന്തോഷങ്ങൾ കണ്ടെത്തി. മറ്റൊന്നിനും ഞാൻ ആഗ്രഹിച്ചില്ല... എന്നിട്ടും ഞാൻ മാറിയില്ലെന്നോ..? 

നീ വീണ്ടും വീണ്ടും നിന്റെ സന്തോഷങ്ങൾ വിട്ടുവീഴ്ചകൾ അതിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഞാനും കുറെ സ്വപ്‌നങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. സന്തോഷങ്ങളെ അവഗണിച്ചിട്ടുണ്ട്. മതിയായിരുന്നു പലതും.. ഇനി കഴിയില്ല. 

എന്ത്...? 

കുറ്റപ്പെടുത്തലുകൾ. കഴിഞ്ഞ കുറെ വർഷങ്ങളായി നിന്റെ കുറ്റപ്പെടുത്തലുകളിലേക്കാണ് ഞാൻ ഉണർന്നിരുന്നത്. ഉറങ്ങിയിരുന്നത്. എന്തിന് ഒരിറ്റ് ഭക്ഷണം ഇറക്കുമ്പോഴും കൂട്ടികുഴച്ചുണ്ടിരുന്നത് നിന്റെ കുറ്റപ്പെടുത്തലുകളാണ്. 

മറ്റാരും നിങ്ങളെ കുറ്റപ്പെടുത്തരുതെന്ന് ആഗ്രഹിച്ചത് കൊണ്ടാവണം പലപ്പോഴും എനിക്ക്‌ നിങ്ങളെ കുറ്റപ്പെടുത്തേണ്ടി വന്നത്. 

അവളുടെ തണുത്ത നിശ്വാസം മുറിയിൽ നിറഞ്ഞു. കണ്ണുകളിൽ നിന്നും വഴി തെറ്റിയൊഴുകിയ കണ്ണുനീർ മൂക്കിൻ തുമ്പിൽ നിന്നും താഴേക്ക് പതിച്ചു. 

രാത്രിയുടെ നീളം കുറഞ്ഞു വന്നു.. ഉറങ്ങാത്ത രണ്ട് മനുഷ്യർക്കൊപ്പം പല്ലികൾ ഇരുന്നു. ആൺ പല്ലി ഓർമ്മിച്ചു, നൂറ്റാണ്ടാകൾക്ക് അപ്പുറത്ത് ദിനോസറുകളുടെ കാലമുണ്ടായിരുന്നു. മനുഷ്യർ പറയുന്ന നുണകൾ പെരുകി. ഓരോ നുണകൾക്ക് ശേഷവും ദിനോസറുകൾ ശോഷിച്ചു ശോഷിച്ചു വന്നു. കാലചക്രം തിരിഞ്ഞു ദിനോസറുകൾ തീരെ ചെറുതായി അവ മണ്ണിൽ അമ്പി പോയി. പല്ലികൾ മണ്ണിന്റെ ഏകാന്തതയിൽ നിന്നും പുറത്തുവന്നു. കുറുകിയ ശരീരം കണ്ട് പല്ലികൾ കരഞ്ഞു. ആണും പെണ്ണും പറയുന്ന സത്യങ്ങൾ കേൾക്കാൻ അവർ മനുഷ്യന്റെ സ്വകാര്യനിമിഷങ്ങളിലേക്ക് ഇഴഞ്ഞു ചെന്നു. അടച്ചിട്ട മുറികളിൽ മനുഷ്യൻ സത്യം പറയുമെന്ന് പല്ലികൾ ആഗ്രഹിച്ചു. ഇല്ല മനുഷ്യർ എന്നും കുറച്ച് സത്യങ്ങളും കുറെയേറെ നുണകളും പറഞ്ഞു. പല്ലികൾ വലുതായില്ല. അവർ ചുമരുകളിൽ ഇരുന്ന് കരഞ്ഞു, ഉച്ചത്തിൽ ചിലച്ചു. 

അയാൾ തുടർന്നു. 

നിന്റെ കുറ്റപ്പെടുത്തലുകൾ, അധികാരപ്രയോഗങ്ങൾ, അടിച്ചേൽപ്പിക്കലുകൾ ഇതൊക്കെ ഓരോ ദിവസവും എന്നെ കൊല്ലുകയായിരുന്നു. പുതിയ പ്രണയം തേടി ഓടി പോയതല്ല നീ ഒരിക്കലും തന്നിട്ടില്ലാത്ത സ്നേഹം തിരഞ്ഞു പോയതാണ്. ആശ്വാസം തിരഞ്ഞ്... സ്വസ്ഥത തിരഞ്ഞ്... 

അവൾക്ക് സ്വയം പുച്ഛം തോന്നി.. ഇറ്റ്‌ വീഴുന്ന കണ്ണുനീരിന്റെ ഉപ്പ് തട്ടി ചുണ്ട് നീറി. തൊണ്ടക്കുഴിയിൽ അക്ഷരങ്ങൾ കുരുങ്ങി കിടന്നു. മറുപടികൾ ഇല്ലാതെയല്ല. അവൾ സ്നേഹത്തിന്റെ നിർവചനം മറന്നിരിക്കുന്നു. എങ്കിലും ചിലതെല്ലാം അയാളെ ഓർമ്മിപ്പിക്കണമെന്ന് അവളാഗ്രഹിച്ചു. 

എന്നും പ്രണയം പറഞ്ഞിരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനർത്ഥം സ്നേഹിച്ചിട്ടില്ലെന്നാണോ..? ചുറ്റും നൂറ് കുറ്റപ്പെടുത്തലുകൾ കേൾക്കുമ്പോൾ അതിലൊന്നിന്റെ വേദന നിങ്ങളോട് തീർത്തിരിക്കാം. എത്രയോ വേദനകളിൽ ഞാൻ ഒറ്റക്ക് കിടന്ന് മരവിച്ചിട്ടുണ്ട്. നിങ്ങൾ ഉരുകരുതെന്ന് ആഗ്രഹിച്ചു മാത്രം ഒറ്റക്ക് അനുഭവിച്ച വേദനകൾ. പിന്നെ ആശ്വാസം, സ്വസ്ഥത, ഇവയൊക്കെ സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്ന് തേടി പോകാനുള്ള ഒന്നായിരുന്നുവെങ്കിൽ ബന്ധങ്ങൾക്ക് എന്ത് അർഥമാണ് ഉള്ളത്. 

പെൺപല്ലി ചിലച്ചു. അവൾക്ക് കരച്ചിൽ വന്നു. ഉച്ചത്തിൽ കരയരുതെന്ന് ആൺപല്ലി താക്കിത് നൽകി. പഴയതിലും ചേർന്നിരുന്നുകൊണ്ട് അവൾ ആൺപല്ലിയോട് ചോദിച്ചു, നിങ്ങളും എന്നെ ഉപേക്ഷിക്കുമോ..? 

പ്രിയപ്പെട്ടവളെ ഇല്ല.... 

ആൺപല്ലി അവരുടെ വാലുകളെ പരസ്പരം കോർത്ത് വച്ചു. 

അയാളുടെ കണ്ണുകൾ അലക്ഷ്യമായി മുറിയിൽ ചുറ്റി തിരിഞ്ഞെങ്കിലും വഴി തെറ്റിപ്പോലും ഒരു നോട്ടം അവളിലേക്ക് ചെന്നില്ല. അവൾ അതാഗ്രഹിച്ചിരുന്നതാണ്. മറ്റൊരുത്തിക്കൊപ്പം ജീവിച്ചു തുടങ്ങീന്ന് കേട്ടപ്പോൾ ആദ്യം സ്വയം പഴിച്ചിരുന്നു. വർഷങ്ങൾ ചോർത്തിയെടുത്ത സൗന്ദര്യവും അകലാൻ ശ്രമിക്കുന്ന യൗവനവും തിരിച്ചു പിടിക്കാൻ ആവും വിധം പരിശ്രമിച്ചിരുന്നതുമാണ്. പക്ഷേ അതൊക്കെ വെറും കാട്ടിക്കൂട്ടലുകൾ മാത്രമായിരിക്കുന്നു. ഭർത്താവിന് അവളോടുള്ള പ്രണയം പൂർണ്ണമായും നഷ്ടമായിരിക്കുന്നു. മഹാത്ഭുതകൾ ഇനി സംഭവിക്കുകയില്ല. 

കട്ടിലിൽ നിന്നും പതിയെ എഴുന്നേറ്റ് അവൾ അവനോരം ചേർന്ന് നിലത്തേക്ക് ഇരുന്നു. 

ഞാനെന്താ വേണ്ടേ..? 

എനിക്കറിയില്ല.. 

പിരിയുന്നത് ഇത്രക്കും എളുപ്പമാണോ.. 

എനിക്ക്‌ നിന്നെ വേണ്ട.. 

പക്ഷേ ഞാനെന്ത് ചെയ്യും... 

എനിക്കറിയില്ല... 

മക്കൾ..? 

അവർക്കുള്ള ചിലവ് ഞാൻ തരും മുടങ്ങില്ല..

ചിലവ് മാത്രം മതിയോ, സ്നേഹത്തിന് അവരെവിടെ പോകും..? 

അയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല. 

പിരിയാതിരുന്നൂടെ.. കുറ്റപ്പെടുത്തലുകൾ ഇല്ലാതെ ഞാൻ സ്നേഹിച്ചോളാം. സ്വസ്ഥത കളയാതെ പരാതികൾ ഇല്ലാതെ കൂടെയിരുന്നോളാം. 

ഇനി അതിന് കഴിയുമെന്ന് എനിക്ക്‌ തോന്നുന്നില്ല... എനിക്ക്‌ നിന്നെ വേണ്ട 

മറുപടികൾ ഇല്ലാത്ത നിശബ്ദതയിലേക്ക് അവളും നടന്നു കയറി. ശിഷ്ടം തെറ്റിയിരിക്കുന്നു. ഇനിയുള്ള മൗനത്തിന്റെ ഇടവേള അയാൾക്ക് ചിന്തിക്കാനുള്ളതാണ്. അവൾക്ക് ഇനി ചിന്തകൾ ഇല്ല. തുണികൾ അടുക്കിപ്പെറുക്കി വച്ച നീളൻ ചുമരലമാരയുടെ അടിത്തട്ടിൽ ഒരു കുപ്പി നിറച്ചും വിഷം ഇരിക്കുന്നു. മച്ചിന്റെ മുകളിൽ കപ്പി കെട്ടാൻ വാങ്ങിച്ചിട്ട കയർ ബാക്കി കിടക്കുന്നു. ബാത്റൂമിന്റെ മുകൾ തട്ടിൽ ഇനിയും തുരുമ്പിക്കാത്ത, മൂർച്ച ചോരാത്ത മൂന്നോ നാലോ ബ്ലൈഡുകൾ ശേഷിക്കുന്നു. അവൾക്ക് മുന്നിൽ തിരഞ്ഞെടുപ്പുകൾ നിരന്നു. മക്കളെ കൊല്ലുന്നതിൽ മാത്രം ഹൃദയം നൊന്തു. അവരെ കൊല്ലുന്നതിന് ഭർത്താവിന്റെ അനുവാദം വാങ്ങിക്കണോ അവൾക്ക് ആശയകുഴപ്പം തോന്നി. 

പല്ലികൾ ചുമരലമാരയിലെ വിഷക്കുപ്പിയിലെക്ക് നോക്കിയിരുന്നു. 

‘അവൾക്ക് അബദ്ധം പിണയുമോ. എനിക്കിത് സഹിക്കാൻ കഴിയുന്നില്ല’... പെൺപല്ലി അടക്കം പറഞ്ഞു. 

ഒന്നോർത്താൽ, മനുഷ്യനോളം ബുദ്ധിശൂന്യമായ മറ്റൊന്നും ഭൂമിയിൽ ഇല്ല. അവർക്ക് സ്വന്തം സൃഷ്‌ടിപ്പിനോട് ബഹുമാനം പോലുമില്ലെന്നതാണ് സത്യം. ദുരന്തങ്ങൾ വരുമ്പോൾ നമ്മൾ വാൽ മുറിച്ചിട്ട് ഓടുന്നു. അതൊരു അവസാനമാണെന്ന് ഒരിക്കലും കരുതുന്നുമില്ല. ഇനിയും കിളിർക്കുന്ന വാലിനെ ഓർത്ത് ദുഃഖിക്കാൻ നമ്മൾ സമയം കളയുന്നുമില്ല. 

ഒന്ന് ചിന്തിച്ചാൽ നാം നഷ്ടപ്പെടുത്തുന്ന വാലിന് സമമാണ് മനുഷ്യന്റെ നഷ്ടങ്ങളും. പക്ഷേ നഷ്ട്ടപ്പെടുന്നതിലും മികച്ചതൊന്ന് കിളിർത്ത് വരുമെന്ന പ്രതീക്ഷയിൽ ജീവിക്കാൻ മനുഷ്യർ പരാജയപ്പെടുന്നു. 

ആൺ പല്ലി അവളെ ആശ്വാസിപ്പിച്ചു. 

കാൽ മുട്ടുകളിലേക്ക് മുഖം ചേർത്ത് വച്ചുകൊണ്ട്, ഏറെ നേരം അവൾ കരഞ്ഞു. കരച്ചിലിന്റെ ശബ്ദം കൂടിയും കുറഞ്ഞും മുറിയിൽ ഒഴുകി നടന്നു. ആ ഒഴുക്കിൽ അക്ഷമനായി അയാളും ഉലാത്തി. 

ജനൽ പലകയുടെ നേരിയ പഴുതിലൂടെ പ്രഭാതത്തിന്റെ ആദ്യവെട്ടം മുറിയിലേക്ക് എത്തിനോക്കി. ആശ്വാസമെന്നോണം അയാൾ നെടുശ്വാസമെടുത്തു. മുട്ടിന് മുകളിൽ നിന്നും മുഖമുയർത്തി അഴിഞ്ഞു കിടക്കുന്ന മുടിയവൾ മുകളിലേക്ക് കെട്ടി വച്ചു. ഉറക്കം ഉപേക്ഷിച്ച വലിയ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. പുറത്ത് നിന്നും താഴിട്ട വാതിലിൽ അവൾ പതിയെ മുട്ടി. അയാളപ്പോൾ സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിയോടാനുള്ള ധൃതിയോടെ വാതിലിനോരം വന്നു നിന്നു. 

പല്ലികൾക്ക് ഉറക്കം വന്നു തുടങ്ങി. 

ആരോ, വാതിൽ തുറന്നു. ഉമ്മറത്തെ നീണ്ട ഉറക്കങ്ങളിൽ നിന്നും കാവൽ നിന്ന മനുഷ്യർ ഉണർന്ന് തുടങ്ങി. ആദ്യമായാണ് പ്രഭാതം കാണുന്നതെന്ന് അവൾക്ക് തോന്നി. യുഗങ്ങളോളം ഇരുട്ട് മുറിയിൽ അടച്ചിടപ്പെട്ടത് പോലെ വെളിച്ചത്തിൽ അവളുടെ കണ്ണുകൾ കൂമ്പി.

എന്ത് തീരുമാനിച്ചു..? 

ആങ്ങളയുടെ പരുപരുത്ത ശബ്ദം ഉയർന്നു. പല്ലികൾ ഉറക്കം മറന്നു, കാതുകൾ കൂർപ്പിച്ചു.

അയാൾ മറുപടി പറയാൻ ആഗ്രഹിച്ചു.പക്ഷേ അവൾ സംസാരിച്ചു തുടങ്ങിയിരുന്നു.

‘എനിക്ക്‌ സ്വാതന്ത്ര്യം വേണം.. എനിക്ക് ഈ സ്നേഹത്തിൽ നിന്നും മോചനം വേണം... എനിക്ക്‌ ആശ്വാസമുള്ളൊരു ജീവിതം വേണം... ’

അയാളുടെ ശബ്ദം പുറത്തേക്ക് വന്നില്ല. 

അവൾ തുടർന്നു. 

‘എനിക്ക് ഈ ബന്ധം ഉപേക്ഷിക്കണം. എനിക്കൊ കുഞ്ഞുങ്ങൾക്കോ ആരിൽ നിന്നും ഒരു ഔദാര്യവും വേണ്ട. ഒരു ബാധ്യതയുടേയും കണക്ക് പറഞ്ഞ് എന്റെ മക്കൾക്ക് അവകാശികൾ ഉണ്ടാവരുത്. എനിക്ക്‌ ജീവിക്കണം, ഈ പ്രഭാതം പോലെ വെളിച്ചമുണ്ടാകണം ഇനിയുള്ള ഓരോ നിമിഷത്തിനും...’

അയാൾ മറുപടി പറയാൻ ആഗ്രഹിച്ചു.. 

അവൾക്കത് കേൾക്കാൻ നേരമുണ്ടായില്ല. അവൾക്ക് ആരുടേയും ഉപദേശങ്ങൾ കേൾക്കാൻ നേരമുണ്ടായില്ല. കുഞ്ഞുങ്ങളെ വിളിച്ചുണർത്തി പ്രഭാതത്തിന്റെ മഞ്ഞ വെളിച്ചത്തിലേക്ക് ഇറങ്ങിയവൾ നടന്നു.. 

പറയാൻ കരുതിവച്ച വലിയ തീരുമാനത്തിൽ നിന്നും ഒരു വാക്ക് പോലും പുറത്തേക്ക് വരാതെ പഴകി ദ്രവിക്കാറായ തൂണും ചാരി അവളെ നോക്കി അയാൾ നിന്നു. 

തിരികെ നോക്കാനില്ലാത്ത ധൃതിയോടെ അവൾ മുന്നോട്ട് നടന്നു...ഉള്ളിൽ പിറുപിറുത്തു, 

‘എനിക്ക്‌ ജീവിക്കണം.’

ചുമരിൽ പല്ലികൾ ആശ്വാസത്തോടെ ആർത്താർത്ത് ചിരിച്ചു. ചിരിയവസാനിപ്പിച്ച് ഏതോ നേരം അവരുറങ്ങി...

English Summary: Otta rathri kond, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;