ADVERTISEMENT

1989 ഓഗസ്റ്റിലായിരുന്നു എന്റെ പ്രവാസ ജീവിതം തുടങ്ങുന്നത്. ഗൾഫിന്റെ പളപളപ്പുകൾ മങ്ങി തുടങ്ങിയിട്ടില്ല അന്നും. പൊതുവെ ഗൃഹാതുരത്വവും സെന്റിമെന്റ്സും ഏറെയുള്ള ഞാൻ കൃത്യം പതിനൊന്ന് മാസം തികയുന്ന ദിവസം നോക്കിയിരുന്ന് ഒരു മാസത്തെ ലീവിന് നാട്ടിലെത്തി. കൂട്ടുകുടുംബത്തിലെ ജീവിതത്തിൽ നിന്നും ഒരു വിടുതൽ വേണമെന്ന ജീവിത പങ്കാളിയുടെ ആഗ്രഹത്തിന് സാഫല്യമേകാൻ അക്കുറി എനിക്കായില്ലെങ്കിലും അതൊരു അവശ്യ ഘടകമായി എന്റെ മനസ്സിനെയും മഥിച്ചിരുന്നു. 

 

അങ്ങനെയാണ്  കൊടുങ്ങല്ലൂരിൽ ഒരു വീട് വാങ്ങുന്നത്. നാല് സെന്റിൽ ഓട് മേഞ്ഞ ഒരു കുഞ്ഞു വീട്. 92 ലാണ് ഇത് സംഭവിക്കുന്നത്. രണ്ട് കൊല്ലം ഒരു ഡോക്ടറും ഭാര്യയും അവിടെ വാടകക്ക് താമസിച്ചു. പിന്നീട് വീട് പുതുതായി പണിത ശേഷം 95 മുതൽ 19 വർഷം ഞങ്ങൾ അവിടെ താമസിച്ചിരുന്നു. ടൗൺ ഹാളിന് നേരെ മുമ്പിലുള്ള ഡോക്ടർ സോമപാലന്റെ വീടിന്റെ തൊട്ടുപിറകിലായിട്ടായിരുന്നു ഈ വീട് .

 

അവിടെ താമസം തുടങ്ങിയതിനെ തുടർന്നുള്ള വർഷങ്ങളിൽ ഓരോ മൂന്ന് മാസം  കൂടുമ്പോഴും നാട്ടിൽ വന്ന് പോകുമായിരുന്നു. കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത് കിടക്കട്ടെ എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. അത് പോലെ, ശമ്പളം കുറവായിരുന്നെങ്കിലും യാത്രക്ക് ഒരു മുട്ടും ഉണ്ടായിരുന്നില്ല. ബോംബെ വഴിയാണെങ്കിൽ കൂടിയും ഫ്ലൈറ്റിൽ സീറ്റ് കാലിയുള്ളത് നോക്കി യാത്ര ചെയ്യാനുള്ള ഒരു സാഹചര്യം നില നിന്നിരുന്നു. എയർലൈൻ കമ്പനിയിലായിരുന്നു ജോലിയെന്നത് കൊണ്ട് ടിക്കറ്റൊരു പ്രശ്നമല്ല. ഏത് ഫ്ലൈറ്റിലും യാത്ര ചെയ്യാം. ഒന്നിൽ സീറ്റില്ലെങ്കിൽ വേറൊന്നിൽ. ഗൾഫിലാണ് ജോലി എന്ന് അക്കാലങ്ങളിൽ ഒരു തോന്നലും ഇല്ലായിരുന്നു. നാട്ടുകാരും അങ്ങനെ സംശയിച്ചിരുന്നു.

 

ഇക്കാലത്താണ് ശനിയാഴ്ച തള്ളയെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് കൊടുങ്ങല്ലൂർ ടൗണിലും പരിസരങ്ങളിലും ഭിക്ഷാടനം അനുവദിച്ചിരുന്നത് ശനിയാഴ്ചകളിൽ മാത്രമാണ്.  ഇളം കറുപ്പിൽ മെലിഞ്ഞ് അഞ്ചരയടിക്ക് മേലെ ഉയരമുള്ള അൻപത് വയസ്സോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. മൂക്കിൽ ചുവന്ന കല്ല് വെച്ച തിളങ്ങുന്ന ഒരു മൂക്കുത്തി. കൈനിറയെ അഴകാർന്ന നിറങ്ങളിലുള്ള വളകൾ. തള്ള എന്ന് വിളിക്കാൻ മാത്രം പ്രായം അവർക്ക് തോന്നില്ലെങ്കിലും, ആ ഭാഗത്തുള്ളവർ അവർക്ക് ചാർത്തിക്കൊടുത്ത ഒരു വിശേഷണമാണ് അതെന്ന് വ്യക്തം. അവരുടെ കൂടെ എട്ട്, പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഉണ്ടാവും. ഭിക്ഷാടനമാണ് തൊഴിലെങ്കിലും വേഷത്തിലും രൂപത്തിലും വൃത്തിയും മാന്യതയും പ്രകടം. 

 

ഒന്നു രണ്ട് വർഷങ്ങളിലെ നിരന്തര സമ്പർക്കത്തിലൂടെ എന്റെ ഭാര്യയുമായി നല്ല ചങ്ങാത്തത്തിലാണ് കക്ഷി. വീട്ടിലെത്തിയാൽ വരാന്തയിലിരുന്ന് മലയാളവും തമിഴും കലർന്ന മിശ്രിതത്തിൽ അവർ ഭാര്യയോട് പേശും. മിക്കവാറും ഭക്ഷണ സമയത്താണ് വരവ്. അവർക്കുള്ള പ്ലേറ്റും കറി പാത്രങ്ങളും അടുക്കളയിൽ തന്നെ ഒരു പ്രത്യേക സ്ഥലത്ത് ഭാര്യ സൂക്ഷിച്ചിട്ടുണ്ട്. അതിൽ വിളമ്പിക്കൊടുത്താൽ കഴിക്കുന്ന സമയമത്രയും നിശ്ശബ്ദയായിരിക്കും അവർ. വിശപ്പടങ്ങിയാൽ മെല്ലെ മടിയിൽ നിന്നും മുറുക്കാൻ പൊതിയെടുക്കയായി. അത് ചവച്ചാസ്വദിച്ച് മുറ്റത്തിന്റെ ദൂരെ കോണിൽ പോയി തുപ്പിക്കളഞ്ഞ് വായ് വൃത്തിയാക്കി വന്നിട്ട് അവർ കഥകളുടെ കെട്ടഴിക്കാൻ തുടങ്ങും. ആദ്യമാദ്യം ഞാനവരെ ശ്രദ്ധിക്കാറില്ലായിരുന്നു. പിന്നീടെപ്പോഴോ കുറഞ്ഞ സമയം കൊണ്ട് അവർ ഞാനുമായും നല്ല അടുപ്പത്തിലായി.

 

ശനിയാഴ്ചകളായിരുന്നു മുനിസിപ്പാലിറ്റി അവർക്കായി അനുവദിച്ചിരുന്ന ദിവസമെങ്കിലും തിങ്കൾ വ്യാഴം എന്നീ ദിവസങ്ങളിലും അവർ മുടങ്ങാതെ എത്തുമായിരുന്നു. ആ ദിവസങ്ങളിൽ സമീപത്തുള്ള വീടുകളിലെ സ്ത്രീകളും അവിടെ സന്നിഹിഹിതരാകും.

 

തിങ്കൾ വ്യാഴം ദിവസങ്ങളിൽ കോട്ടപ്പുറം ചന്തയിൽ നിന്നായിരിക്കും അവർ എത്തുന്നത്. കൂടെയുള്ള പെൺകുട്ടിയുടെയും അവരുടെയും തലയിൽ വലിയ കുട്ടകളുമായിട്ടായിരിക്കും ഈ വരവ്. കുട്ടകളിൽ നിറയെ പച്ചക്കായ, പയർ, പാവക്ക തുടങ്ങി പല ഇനം പച്ചക്കറികളായിരിക്കും. ചന്ത ദിവസങ്ങളിൽ കോട്ടപ്പുറത്തെത്തുന്ന തമിഴ്നാട് ലോറികളിൽ നിന്നും ചരക്കിറക്കിക്കഴിയുമ്പോൾ അത് വൃത്തിയാക്കിക്കൊടുക്കുന്ന പണിയായിരുന്നു ആ ദിവസങ്ങളിൽ. കൂലിക്ക് പുറമേ പലയിനം പച്ചക്കറികളും ഉടമയുടെ അനുവാദത്തോടെ ഇവർ കുറെശ്ശെ എടുക്കുമായിരുന്നു. അവ നിറച്ച കുട്ടകളുമായിട്ടായിരുന്നു ഇട ദിവസങ്ങളിലെ ഈ വരവ്.

 

അക്കാലങ്ങളിൽ കടകളിൽ നിന്നു പച്ചക്കറി വാങ്ങുന്ന പതിവേ ഇല്ലായിരുന്നു ഞങ്ങൾക്കും തൊട്ടയൽവാസികൾക്കും. അവർ കൊണ്ട് വരുന്ന പച്ചക്കറികളിൽ മികച്ചവയെല്ലാം ഞങ്ങൾക്ക് വേണ്ടി അവർ നേരത്തെ മാറ്റി വെച്ചിട്ടുണ്ടാകും. അത് മറ്റുള്ളവരെ കാണിക്കാതെയായിരിക്കും ബാക്കിയുള്ളവ വീതം വെക്കുക. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മുടങ്ങാതെ അന്നം നല്കിയിരുന്ന എന്റെ ഭാര്യയോട് അവർക്ക് ഒരു മകളോടെന്ന പോലെയുള്ള സ്നേഹമായിരുന്നു. (പക്ഷേ, പച്ചക്കറിക്ക് എല്ലാവരും ഒരു നിശ്ചിത തുക വീതം നിശ്ചയമായും കൊടുക്കണമായിരുന്നു).

 

ഭാര്യയും അവരും തമ്മിലുള്ള ക്രയവിക്രയങ്ങളിൽ പച്ചക്കറികളും അന്നവും തമിഴ് പേശും മാത്രമായിരുന്നില്ല. അവരുടെ ബാങ്ക് കൂടിയായിരുന്നു എന്റെ ഭാര്യ. ആദ്യകാലങ്ങളിൽ ഭാര്യാ സഹോദരിയായിരുന്നു അവരുടെ ബാങ്ക്. ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലായിരുന്ന അവർ ആ വീട് വിറ്റ് പോയതോടെ പുതിയ ബ്രാഞ്ചിൽ  അക്കൗണ്ട് ഓപ്പൺ ചെയ്യുകയായിരുന്നു. ഭിക്ഷാടനം ആഴ്ചയിലൊരിക്കൽ മാത്രമാക്കുന്നതിന് മുമ്പ് നിത്യേന 300 രൂപവരെ അവർക്ക് കിട്ടുമായിരുന്നത്രേ ! ആഴ്ചയിലൊരിക്കൽ എന്റെ ഭാര്യ ആ പണം ബാങ്കിലിടുകയും മാസാവസാനം ഒന്നിച്ചെടുത്ത് വെല്ലൂർ മെഡിക്കൽ കോളേജിൽ പഠിക്കുന്ന അവരുടെ പേരമകൾക്ക് അയക്കുകയുമായിരുന്നു പതിവ്!!

 

പൈസ അവിടെ കിട്ടിയാലുടനെ ആ കുട്ടി എന്റെ ഭാര്യയെ വിളിക്കുകയും മുത്തശ്ശി വരുന്ന സമയം ചോദിച്ചറിഞ്ഞ് വീണ്ടും വിളിച്ച് പണം കിട്ടിയ വിവരം പറയുകയുമായിരുന്നു പതിവ്. പേരമകളുമായി സാമാന്യം നീണ്ട പേച്ചുകളിൽ ഏർപ്പെടും. ചെന്തമിഴിന്റെ കാവ്യാത്മകത മുറ്റിനില്ക്കുന്ന ശൈലിയിൽ അവർ പരിസരം മറന്ന് സംസാരിക്കും. താൻ പണ്ട് പേശിയിരുന്ന സ്വന്തം ഭാഷയിൽ ആശയ വിനിമയം നടത്തുമ്പോൾ കിട്ടുന്ന ആനന്ദം ആ മുഖത്ത് പ്രകാശ രേണുക്കളായി തെളിയും. കൊച്ചു മകളോടൊത്തുള്ള ഓരോ പേച്ചിന്നൊടുവിലും അവരുടെ കവിളിലൂടെ  ആനന്ദാശ്രുക്കൾ ഒഴുകിപ്പരക്കാനും തുടങ്ങുമായിരുന്നെന്ന് എന്റെ ഭാര്യ  പറയുമായിരുന്നു.

 

ഒരു പേരമകളെ ഡോക്ടറായി കാണാനാഗ്രഹിക്കുന്ന അവർക്ക് കൂടെയുള്ള കുട്ടിയെ ഇങ്ങനെ കൊണ്ട് നടക്കുന്നതിലെ ഉത്തരവാദിത്വമില്ലായ്മയെ പറ്റി ഞാനവരോട് ചോദിച്ചിട്ടുണ്ട്. അവളെ സ്കൂളിലാക്കാൻ അവർ ആവതും ശ്രമിച്ചതാണെന്നും പഠിക്കാൻ തീരെ താത്പര്യമില്ലാഞ്ഞിട്ടാണ് കൂടെ വരുന്നതെന്നും അവർ പറഞ്ഞു. പക്ഷേ, അപ്പോൾ എട്ട് വയസ്സുള്ള അവളെ അടുത്ത വർഷം നിർബന്ധമായും സ്കൂളിലയക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട് എന്നും കൂട്ടിച്ചേർത്തു. രാത്രി കാലങ്ങളിലെ അവളുടെ സുരക്ഷിതത്വവും തനിക്കൊരു ബാദ്ധ്യതയായി വരുന്നെന്നും അവർ പറഞ്ഞു.

 

സീതാമ്മാൾ എന്നായിരുന്നു അവരുടെ പേര്. രാമനാഥപുരം ജില്ലയിലെ ഒരു അഗ്രഹാരത്തിലായിരുന്നു അവരുടെ ജനനം എന്നറിഞ്ഞ ഞാൻ ഏറെ അമ്പരന്ന് പോയി. എണ്ണക്കറുപ്പാണ് നിറമെങ്കിലും, കുലീനത നിറഞ്ഞു നില്ക്കുന്ന പ്രസരിപ്പുള്ള മുഖഭാവം. എങ്കിലും, ചില നേരങ്ങളിൽ ജീവിതം ചാർത്തിക്കൊടുത്ത വേദനയിറ്റുന്ന അനുഭവങ്ങൾ മുഖത്ത് മിന്നിമറയുന്നതും കാണാം. നൊടിയിടയിൽ മാറി മറിയുന്ന വ്യത്യസ്ത ഭാവങ്ങൾ. സൂക്ഷിച്ച് നോക്കിയാൽ പണ്ട് ഒരു സുന്ദരിയായിരുന്നതിന്റെ ബാക്കിപത്രം ആ ശരീര ഭാഷയിൽ നിറഞ്ഞൊഴുകുന്നുണ്ടെന്നത് വ്യക്തം. എങ്കിലും, സ്ഥായിയായി ഇത്ര കണ്ട് ദൈന്യതയുറ്റ ഭാവം പേറാൻ കാരണം ദുരിതങ്ങളും അലച്ചിലുകളും ജീവിതത്തിന് മേൽ വലിച്ചിട്ട ഭാരങ്ങളായിരിക്കാം എന്ന് ഞാനോർത്തുപോയി. 

 

പറയാൻ ഏറെ മടിയുണ്ടായിരുന്നു സീതാമ്മാൾക്ക്. എങ്കിലും എന്റെ നിരന്തരമായ ആവശ്യത്തെ തുടർന്ന് പല സന്ദർഭങ്ങളിലായി അവർ തന്റെ ജീവിതാനുഭവങ്ങൾ തുറന്ന് വെക്കുകയായിരുന്നു.

 

ജീവിതം എന്താണെന്ന് കണ്ട് തുടങ്ങുന്നത് പതിമൂന്നാം വയസ്സു മുതലാണ്. അഗ്രഹാരത്തിന്റെ ഇരുണ്ട അകത്തളങ്ങളിൽ നിന്നുള്ള മോചനം ഏഴാം ക്ലാസ്സു വരെയുള്ള സ്കൂൾ പഠന കാലം തന്നെയായിരുന്നു. അതും യാഥാസ്ഥിതികരായ കുടുംബാഗങ്ങളോട് പൊരുതി നേടിയത്. അക്കാലങ്ങളിൽ താൻ സർവതന്ത്ര സ്വതന്ത്രയായിരുന്നു. എന്തിനും ഏതിനും വിലക്കുകളുള്ള കാലമായിരുന്നിട്ടും തനിക്കതൊന്നും ബാധകമായിരുന്നില്ല. എങ്കിലും അവ്യാഖേയമായ ഒരു ദുഃഖം തന്റെ ഉള്ളിന്റെ ഉള്ളിൽ ഘനീഭവിച്ചു കിടന്നിരുന്നു. കൗമാരത്തിലേക്ക് കാലെടുത്ത് വെച്ച ഒരു കുട്ടിയുടെ മനസ്സിൽ രൂപപ്പെടാൻ സാധ്യതയില്ലാത്ത, വിവക്ഷിക്കാനാവാത്ത തരം ഒരു വികാരം. അതെന്തായിരുന്നെന്നോ എന്നാണത് തന്റെ സന്തത സഹചാരിയായതെന്നോ ഒരിക്കലും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

 

അഞ്ചാം ക്ലാസ്സിന് ശേഷം പഠിപ്പിക്കാൻ വിടേണ്ട എന്ന തീരുമാനം അപ്പാ നേരത്തെ ഉറപ്പിച്ചു വെച്ചിരിക്കയായിരുന്നു. ജ്യേഷ്ടത്തിമാരായ സുബ്ബലക്ഷ്മിയോ കനകാംബാളോ സ്കൂൾ പടി കണ്ടിട്ടില്ല. പക്ഷേ, ആ തീരുമാനത്തിന് മുന്നിൽ തോറ്റു കൊടുക്കാൻ താൻ തയാറാവില്ല എന്ന് കണ്ട അപ്പാ തന്റെ ഇഷ്ടത്തിന് കൂട്ട് നില്ക്കായിരുന്നു. ‘വെങ്കിടി ഒരാൾക്ക് മുന്നിലേ തോറ്റിട്ടുള്ളു. അത് ഉനക്ക് മുന്നാടി താൻ’ എന്ന് സ്നേഹപൂർവം പറഞ്ഞ് ചേർത്ത് നിർത്താറുണ്ടായിരുന്നു അപ്പാ.

 

ഇവിടെയാണ് ഇന്നിവിടെ വരെയെത്തിയിട്ടുള്ള ജീവിതത്തിന്റെ രണ്ടാം ഘട്ടം. സ്കൂൾ പഠനത്തിന് അനുമതിയുണ്ടെങ്കിലും അതിന് ഒട്ടേറെ നിഷ്കർഷതകളുടെ അകമ്പടിയുണ്ടായിരുന്നു. കൂട്ടുകാരായുണ്ടായിരുന്നത് ലളിതയും ജനനിയുമായിരുന്നു. അവർ വേറെ സ്ഥലത്ത് നിന്നുമായിരുന്നു വന്നിരുന്നത്. അവരൊക്കെയും ഇപ്പോൾ എവിടെയാണാവോ? എന്തായാലും തന്റെ പോലെയുള്ള ഗതി അവർക്ക് വന്നിരിക്കാനിടയില്ല. അല്ലെങ്കിലും വരാതിരിക്കാൻ ഇടയാവട്ടെ എന്ന പ്രാർത്ഥനയേയുള്ളു. 

 

പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളെ തെറ്റിച്ചു കൊണ്ടുള്ള സ്കൂൾ പഠനം കുല - വംശ നാശങ്ങൾക്ക് ഹേതുവാകുമെന്ന് അപ്പാവെ മറ്റ് ബന്ധുക്കളും കുടുംബക്കാരും നിരന്തരം ഓർമ്മിപ്പിച്ചു. തന്നോടുള്ള അമിത സ്നേഹത്തിന്റെയും ബന്ധുക്കളുടെ നിർബ്ബന്ധ ബുദ്ധികളുടെയും ഇടയിൽ അപ്പാ കിടന്നു നീറി. എങ്കിലും തന്റെ ആവശ്യങ്ങൾക്ക് മുൻതൂക്കം നല്കുകയായിരുന്നു അപ്പാ ചെയ്തത്. അപ്പോഴും സമുദായത്തിന്റെ മുഴുവൻ കഴുകൻ കണ്ണുകളും തന്റെ മേൽ നിരീക്ഷണത്തിലുണ്ടായിരുന്നതായി സീതാമ്മാൾ ഓർത്തെടുക്കുന്നു.

 

സ്കൂൾ ജീവിതവും മറ്റ് കുട്ടികളുമായുള്ള ഇടപഴകലുകളും ജീവിതത്തിൽ പുതിയ അനുഭവങ്ങൾ കൊണ്ട് വരികയായിരുന്നു. സ്വന്തം സമുദായത്തിലെ കുട്ടികൾ മാത്രമല്ല അവിടെ പഠിച്ചിരുന്നത്. തങ്ങൾക്ക് മാത്രമായി ഉണ്ടായിരുന്ന സ്കൂളിൽ ഏതോ സമരത്തെ തുടർന്ന് മറ്റ് മതസ്ഥർക്കും പ്രവേശനം നല്കുകയായിരുന്നു. തങ്ങൾക്ക് മാത്രമായി സ്കൂളിൽ പ്രത്യേക ഭാഗം വേർതിരിച്ചിരുന്നു. പക്ഷേ, അത്തരം വിവേചനങ്ങളെ ഉൾക്കൊള്ളാനോ മറ്റുള്ളവരുമായി അകലം പാലിക്കാനോ ഞങ്ങളിൽ ചിലരെങ്കിലും തയാറായിരുന്നില്ല.

 

സ്കൂളിലേക്കും തിരിച്ചും തനിക്ക് അകമ്പടിയായി ഹരിനാരായണൻ എന്ന സഹോദരൻ ഉണ്ടാവുമായിരുന്നു.

 

ഹരിക്കും ആ കാലങ്ങളിൽ അഗ്രഹാരത്തിന് വെളിയിൽ അധികം ചുറ്റിയടിക്കാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ തനിക്ക് അകമ്പടി പോരുന്നതിൽ ആൾ വലിയ ഉത്സുകനായിരുന്നു. പക്ഷേ ആദ്യ ദിവസങ്ങളുടെ കാർക്കശ്യം അയഞ്ഞു തുടങ്ങിയതായി തുടർ ദിവസങ്ങളിൽ താനറിയാൻ തുടങ്ങി. പുള്ളിക്കാരന് കിട്ടിയ സന്ദർഭം ആസ്വദിക്കാനായി തീരുമാനിച്ചുറച്ച പോലായിരുന്നു പിന്നീടങ്ങോട്ട്. തന്റെ ഒപ്പം വന്നിരുന്ന ഹരി പിന്നീട് കുറെ അകലത്തിലായി നടത്തം. ഏതെങ്കിലും കടയിൽ കയറി എന്തോ ഒക്കെ വാങ്ങുന്നതായി തോന്നിയിരുന്നു. പിന്നീട് പലപ്പോഴും, അലമേലു പൊയ്ക്കോ ഞാനിവിടെ നിന്ന് നോക്കിക്കോളാം എന്ന് പറയുന്നിടം വരെയെത്തി സെക്യൂരിറ്റി.

 

സ്കൂളിലേക്കുള്ള വഴിയത്രയും മൂകമായും ചുറ്റുപാടുകൾ വീക്ഷിക്കാതെയുമാണ് താൻ പോയ്ക്കൊണ്ടിരുന്നത്. എങ്കിലും എപ്പോഴാണോ താനാ കണ്ണുകളുമായി കൂട്ടിമുട്ടുന്നത് എന്ന് തനിക്ക് ഇപ്പോഴുമറിയില്ല എന്നതാണ് സത്യം. ഹരി കൂടെ വരാതായത് മുതലാണോ അതിന് മുമ്പാണോ താനാ ചെറുപ്പക്കാരനെ കാണുന്നത് ? എന്തായാലും ജീവിതത്തിന്റെ ഗതിവിഗതികൾക്ക് പുതിയൊരു മാനം കൈവരികയായിരുന്നു ദിനകരൻ എന്ന ആ യുവാവിലൂടെ.

 

യഥാർത്ഥത്തിൽ ആ മനുഷ്യൻ ആരായിരുന്നു? തന്റെ  ജീവിതത്തിന്റെ നിറം മങ്ങിയ പുറംചുമരുകളിൽ വർണ്ണാഭമായ ചിത്രം പോലെ നിറഞ്ഞു നില്ക്കാനായി എവിടന്ന് അവതരിച്ചവനായിരുന്നു അയാൾ ? അറിയില്ല. ഇപ്പോളിത് പറയുമ്പോൾ പോലും അഞ്ജേയമായ ഒരു കടംകഥ പോലെ മനസ്സിന് ചുറ്റും ഈ ചോദ്യങ്ങൾ വട്ടമിട്ടു പറക്കുന്നു. വംശവും കുലവും നശിച്ചു പോകും എന്ന പ്രപിതാക്കളുടെ ശാപങ്ങൾ തന്റെ ജീവിതത്തിന്  മേൽ ഒരു അശനിപാതം പോലെ വന്ന് വീഴുകയാണോ ഉണ്ടായത് ?

 

പിന്നീടെപ്പോഴോ ദിനകരൻ എന്ന പതിനേഴുകാരൻ തന്റെ ജീവിതത്തിലേക്ക് നേരിട്ട് കടന്നുവരികയായിരുന്നു. സ്കൂളിലേക്കുള്ള വഴിയിലെ ഒരു വെളിച്ചെണ്ണ മില്ലിലെ കണക്കെഴുത്തുകാരനായിരുന്നു അയാൾ. ജോലി കണക്കെഴുത്തായിരുന്നെങ്കിലും എല്ലാ ജോലികളും ചെയ്യുമായിരുന്ന ഊർജ്ജസ്വലനായ ഒരു ചെറുപ്പക്കാരൻ. ചുരുണ്ട മുടിയും സ്വപ്നങ്ങൾ മയങ്ങുന്ന കണ്ണകളും മേൽ ചുണ്ടിന് മീതെ വിരിഞ്ഞുയരുന്ന പൊടിമീശയും. കൗമാര സ്വപ്നങ്ങളിലേക്ക് ചിറക് വിരിച്ച് പറന്നിറങ്ങുന്ന ദേവകുമാരനായി അയാൾ തനിക്ക് അനുഭവപ്പെട്ടു. വഴിയിലൂടത്രയും തനിക്കൊപ്പമോ പിറകിലോ ആയി അയാൾ പിന്തുടരാൻ തുടങ്ങി.

 

തുടർന്ന് സംഭവിച്ചതെല്ലാം  അത്ഭുതാവഹമായിരുന്നു. താൻ വായിച്ചതും കേട്ടിട്ടുള്ളതുമായ കഥകളിൽ പോലും ഇത്ര പെട്ടെന്നൊരു പരിണാമഗുപ്തി കാണാനായിട്ടില്ല. കണ്ണടച്ച് തുറക്കും മുമ്പേ എന്ന് പറയുമ്പോലെ . അത്രക്ക് ത്വരിതഗതിയിലായിരുന്നു പ്രണയ നദിയുടെ ഒഴുക്ക്. ഒന്നു നേരെ ചൊവ്വേ മിണ്ടുകയോ പറയുകയോ പോലും ചെയ്തിട്ടില്ലെങ്കിൽ പോലും ഏതോ മാന്ത്രിക കൊളുത്ത് തന്റെ ഹൃദയ ഭിത്തികളെ വലിച്ച് പറിക്കുന്നത് പോലെയുള്ള അനുഭവം. വെറും പതിമൂന്ന് വയസ്സിന്റെ അപക്വമായ, ഉദ്വേഗം നിറഞ്ഞ ചിന്തകളിൽ, എതിർലിംഗത്തിനോടുള്ള വെറുമൊരു ആകർഷണം മാത്രമായിരുന്നോ തന്റെ നിലപാടുകൾക്ക് ആധാരമായി നിലകൊണ്ടത് ? ഒന്നും വ്യക്തമായി അറിയില്ലായിരുന്നു.

 

ആ ദിവസങ്ങളിൽ, തന്നെ പിന്തുടർന്നുള്ള അയാളുടെ യാത്രകളിലെവിടെയോ വെച്ച് തനിക്കയാളോട് സ്നേഹം തോന്നി. പിന്നീടത് പ്രേമമായി. ഞങ്ങൾ ഏറെയൊന്നും സംസാരിച്ചിട്ടില്ലായിരുന്നു. എങ്കിലും മനസ്സുകൾ തമ്മിൽ പരസ്പരം സംവദിക്കുന്നുണ്ടായിരുന്നു. ഒടുവിലൊരുനാൾ കുലത്തിന്റെയോ വംശത്തിന്റെയോ നാശത്തെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ ആ പതിമൂന്നുകാരി അയാളുമായി നാടുവിടുകയായിരുന്നു.

 

സീതാമ്മാൾ അതെക്കുറിച്ചോർത്തിട്ടാവണം ദീർഘമായി ഒന്ന് നിശ്വസിച്ചു. കൂടെയുള്ള പെൺകുട്ടി ചുമരിൽ ചാരിയിരുന്ന് മയങ്ങി തുടങ്ങിയിരുന്നു. സീതാമ്മാളും കഥ പറച്ചിലിന്റെ ആലസ്യത്തിൽ പരീക്ഷീണയായി കാണപ്പെട്ടു. ചാഞ്ഞു പോകുന്ന സൂര്യന്റെ കിരണങ്ങൾ അവരുടെ മൂക്കുത്തിയിൽ തട്ടി പ്രതിഫലിച്ചു. കുറച്ചു ചായയുണ്ടാക്കി വരാനായി ഞാൻ ഭാര്യയെ ശട്ടം കെട്ടി.

 

ഒരുപാട് നാടുകൾ താൻ കണ്ടു കഴിഞ്ഞു. ഇന്ന് താൻ രാമനാഥപുരത്തുകാരിയോ, ദിനകരന്റെ നാടായ കന്യാകുമാരിക്കാരിയോ അല്ല. ഇന്ന് കണ്ണകി നാട്ടുകാരി താൻ നാൻ. കൊടുങ്ങല്ലൂർക്കാരിയാണ് താൻ. തന്റെ മണ്ണും ഇവിടെയായിരിക്കും.

 

അത് പറയുമ്പോൾ അവരുടെ കണ്ണകൾ തിളങ്ങുന്നുണ്ടായിരുന്നു. ഞാൻ കരുതി പഴയ കാര്യങ്ങളോർത്ത് അവർ വിതുമ്പിയേക്കും എന്ന്. പക്ഷേ, നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന ഒരു മുഖഭാവമായിരുന്നു അവർക്ക്. 

 

ഞാൻ കാണുന്നതിനും ഒരു വ്യാഴവട്ടം മുമ്പേയായിരുന്നു അവർ കൊടുങ്ങല്ലൂരിലെത്തിയത്.  അതിനു മുമ്പ് തിരുവല്ല ടൗണിലും കൊല്ലത്ത് ചിന്നക്കടയിലുമായി ഏഴെട്ടു വർഷങ്ങൾ ഉണ്ടായിരുന്നു. അതിനും മുമ്പേ... അവർ വീണ്ടും വാചാലയാവാൻ തുടങ്ങി. പഴയ കാര്യങ്ങളിലേക്ക് ഊളിയിട്ടിറങ്ങുമ്പോൾ അത് കേൾക്കാൻ ഉത്സുകനായിരിക്കുന്ന എന്നെ കാണുന്ന അവർക്ക് ഊർജ്ജവും ആവേശവും കൂടിവരുന്നതായി തോന്നി. 

 

ദിനകരനുമായി രാമനാഥപുരത്ത് നിന്നും പുറപ്പെടുന്ന ദിവസവും താൻ സ്കൂളിൽ പോയി. പക്ഷേ, ആ ദിവസമത്രയും തന്റെ മനസ്സ് വേവലാതിയിലായിരുന്നു. ഇന്ന് താനീ  നാട്ടിൽ നിന്നും പോവുകയാണല്ലോ എന്നോർത്തപ്പോൾ എന്തൊക്കെ വികാര വിചാരങ്ങളാണ്  മനസ്സിലൂടെ കടന്ന് പോയതെന്ന് തനിക്കറിയില്ലായിരുന്നു. അമ്മ, അപ്പ, ഹരി പിന്നെ ചേച്ചിമാർ എല്ലാവരെയും ഉപേക്ഷിച്ചാണ് താനീ നാട്ടിൽ നിന്നും പോകുന്നത്. ഒരു പതിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലായ്മക്കു മുമ്പിൽ ദിനകരന്റെ സ്നേഹം വിജയക്കൊടി നാട്ടുകയായിരുന്നു.

 

എന്ത് കൊണ്ടാണ് താൻ കൗമാരത്തിലേക്ക് കാലെടുത്തു വെച്ചപ്പോഴേ അത്തരമൊരു പക്വതയില്ലാത്ത തീരുമാനമെടുത്തതെന്ന് പിന്നീട് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും തനിക്ക് അഹിതമായി ഒന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല. മറ്റാർക്കും കിട്ടാത്ത സ്വാതന്ത്ര്യവും തനിക്ക് ലഭ്യമായിരുന്നു. എന്നിട്ടും താനിതെന്തിന് ചെയ്തു. അതിനൊരുത്തരം ഇന്ന് വരെ തനിക്ക് ലഭിച്ചിട്ടില്ല. ഏതോ മായിക ലോകത്ത് എത്തിപ്പെട്ട് പരിഭ്രാന്തയായി ചുറ്റിത്തിരിയുന്ന ഒരവസ്ഥ പോലെയായിരുന്നു അന്ന്. ആശ്വാസത്തിനായി തിരഞ്ഞ് ആശ്രയം കണ്ടെത്തിയത് ദിനകരനിലായിരുന്നു.

 

തിരുവട്ടാർ എന്ന ഗ്രാമത്തിലെ ജീവിതവുമായി പെട്ടെന്നിണങ്ങിച്ചേർന്നെങ്കിലും അമ്മയെയും അപ്പായെയും കുറിച്ചോർത്ത് വേവലാതിപ്പെടാത്ത ദിവസങ്ങളുണ്ടായില്ല. തിരുപ്പുല്ലാനിയിലെ അഗ്രഹാരത്തിലെ മരച്ചുവരുകളാൽ നിർമ്മിതമായ തന്റെ മുറിയും അവിടെ കഴിഞ്ഞുകൂടിയ കാലവും അക്കാമാരും ഹരിയും എല്ലാം ഓർമകളെ വേട്ടയാടി. അന്യമതസ്ഥയായ ചിന്നക്കുളന്തയെ കൂട്ടി വന്നതിൽ ദിനകരന്റെ മാതാപിതാക്കൾക്ക് ആദ്യമൊക്കെ ചെറിയ പേടിയായിരുന്നു. മത്സ്യബന്ധന തൊഴിലിലേർപ്പെട്ട് ജീവിതം നയിച്ചിരുന്ന ഒരു ക്രിസ്ത്യൻ കുടുംബമായിരുന്നു അത്. അക്കാര്യം തിരുവട്ടാറിൽ ദിനകരന്റെ വീട്ടിലെത്തിയ ശേഷമാണ് താൻ മനസ്സിലാക്കിയത്. നേരത്തെ അറിഞ്ഞിരുന്നാലും തന്റെ തീരുമാനം വേറൊന്നാകില്ലായിരുന്നെന്ന് തനിക്കുറപ്പായിരുന്നു. ബ്രാഹ്മണ കുട്ടിയായിരുന്ന തന്നോട് വലിയ മതിപ്പും സ്നേഹവും തന്നെയായിരുന്നു അവർക്ക്. 

 

പുതിയ ജീവിതവുമായി സമരസപ്പെട്ടുവരാൻ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയിരുന്നില്ല. മത്സ്യമാംസാദികളെ വീടിനകത്ത് ആദ്യം കണ്ട നാളുകളിൽ  ഉണ്ടായിരുന്ന അറപ്പും വെറുപ്പും എല്ലാം എവിടെ പോയ് മറഞ്ഞു എന്നത് തന്നെ അത്ഭുതമായിരുന്നു. ആദ്യനാളുകളിൽ അവർ തനിക്ക് മാത്രമായി പ്രത്യേക വിഭവങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നെങ്കിലും ആ കുടുംബത്തിന്റെ ദരിദ്രാവസ്ഥ നേർക്കാഴ്ചയായി കണ്ണിൽ പതിയവെ താനതിൽ നിന്നും സ്വയം വിടുതൽ നേടുകയായിരുന്നു. എങ്കിലും ചില വിശേഷാവസരങ്ങളിൽ അവർ തന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നല്കിയിരുന്നു.

 

താനടക്കം ഇപ്പോൾ ഏഴംഗങ്ങളുള്ള ആ കുടുംബത്തെ പോറ്റാൻ ദിനകരന്റെ അപ്പായുടെ വരുമാനം മാത്രം പോരായിരുന്നു. പക്ഷേ, ഒരു സ്ഥിര വരുമാനമുള്ള ജോലിക്കായി ദിനകരൻ മുട്ടിയ വാതിലുകളൊന്നും തന്നെ തുറക്കപ്പെട്ടില്ല. താഴെയുള്ള കുഞ്ഞുങ്ങളുടെ പഠിപ്പിനും നിത്യചെലവുകൾക്കുമായി വേറെന്ത് വഴി എന്നാലോചിച്ച് ഉഴറിയ നാളുകൾ. താനവിടെ എത്തിയതിന്റെ ആദ്യനാളുകളിൽ ഒരു തിരിച്ചു പോക്കിനുള്ള സാധ്യതകളെ പറ്റി ദിനകരന്റെ തീർത്തും സാധുവായ അമ്മ കൂടെ കൂടെ പറയുമായിരുന്നു. അഗ്രഹാരത്തിന്റെ അതി സങ്കീർണ്ണവും മനുഷ്യത്വ വിരുദ്ധവുമായ നിയമങ്ങളൊന്നും അറിയാത്ത ആ പാവം സ്ത്രീ അതെക്കുറിച്ചറിഞ്ഞപ്പോൾ പിന്നെ ഒന്നും പറയാതായി. എങ്കിലും തന്റെ ദുർവിധിയിൽ അവർ പരിതപിച്ചു കൊണ്ടേയിരുന്നു. വേളാങ്കണ്ണി മാതാവിന്റെ കൃപയാൽ എല്ലാം ഒരു ദിനം ശരിയായി വരും എന്ന് എന്നോടവർ എപ്പോഴും പറഞ്ഞു കൊണ്ടേയിരുന്നു.

 

പക്ഷേ, ഒന്നും ശരിയാകാതെ പോയ നാളുകളിലൊന്നിലാണ് മേരി പിറന്ന് വീണത്. കുഞ്ഞിന് തനിക്കിഷ്ടമുള്ള പേരിടാൻ അവരോരോരുത്തരും തനിക്കവകാശം തന്നെങ്കിലും താനതവർക്ക് തന്നെ തിരിച്ചു നല്കി. കുടുംബത്തിന്റെ കാവൽ ദൈവമായ വേളാങ്കണ്ണി മാതാവിന്റെ പേര് തന്നെ അവർ അവൾക്ക് നല്കി. അങ്ങനെ കണ്ണീരും കയ്പും നിറഞ്ഞ ജീവിതത്തിലേക്ക് എട്ടാമതൊരാൾ കൂടി പിറവി കൊണ്ടു. 

 

ആയിടക്കാണ് തിരുവട്ടാറിൽ നിന്നും ആറേഴ് കിലോ മീറ്റർ ദൂരെ മാർത്താണ്ഡത്ത് ദിനകരന് ഒരു ജോലി കിട്ടിയത്. പക്ഷേ, അപ്പോഴേക്കും, ഒരു തോണിയപകടത്തിൽ കോതപ്പുഴയുടെ ആഴങ്ങളിൽ നഷ്ടപ്പെട്ട ദിനകരന്റെ അപ്പന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തെ വീണ്ടും തളർത്തി കളഞ്ഞു. നിത്യവൃത്തിക്കായി ഒരു മാർഗ്ഗവും കാണാതായതോടെ ദിനകരന്റെ അനുജൻ എങ്ങോട്ടോ നാട് വിട്ടു പോയി.

 

ദിനകരന്റെ ചെറിയ വരുമാനത്തിൽ ജീവിതം ഉന്തിത്തള്ളി നീങ്ങുകയായിരുന്നു. ഞങ്ങൾ ആറ് പേരുടെ ജീവിതത്തിന് ആ വരുമാനം തികയുമായിരുന്നില്ലെങ്കിലും, ജീവിതത്തിൽ ഏറെ സംതൃപ്തി തോന്നിയ നാളുകൾ ആയിരുന്നു അതെന്ന് സീതാമ്മാൾ ഓർത്തെടുക്കുന്നു. മേരി വളരുകയായിരുന്നു. അവളുടെ ആവശ്യങ്ങളും അവളോടൊപ്പം വളരുകയായിരുന്നു.

 

പിന്നീടുള്ള ജീവിതം മേരിക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. പക്ഷേ.. അതും അധിക നാൾ തുടരാനായില്ല. ചെറുപ്പത്തിലേ കേട്ടുശീലിച്ച ശാപ വചസ്സുകൾ. കുലവും വംശവും നശിച്ചു പോകും എന്നത് തന്റെ വിധിയായി മാറിയോ എന്ന് സംശയിക്കത്തക്ക നിലയിലായി കാര്യങ്ങൾ. അഞ്ച് വയസ്സുകാരി മേരിയെയും തന്നെയും തനിച്ചാക്കി ഓരോരുത്തരായി രംഗം വിട്ടൊഴിയുകയായിരുന്നു.

 

ദിനകരനെ കൂടാതെ അമ്മയും രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നല്ലോ. അവർക്കൊക്കെയും എന്ത് പറ്റി ?

 

അവർ മടിയിലെ  വെറ്റില പൊതിയിൽ നിന്നും ഒന്നെടുത്ത് അതിൽ ചുണ്ണാമ്പ് തേച്ച് പിടിപ്പിച്ചു.

 

അപ്പായുടെ മരണത്തോടെ ദിനകരന്റെ അമ്മ തീർത്തും രോഗിണിയായി മാറി. ഒന്നുമേ ഓർമ്മയില്ലാത്തപോലെ. അങ്ങനെ കുറെനാൾ കിടന്നു. ഒടുവിൽ പോയി. താഴെയുണ്ടായിരുന്ന രണ്ട് പെൺകുട്ടികളെയും അകന്ന ബന്ധത്തിലുള്ള ഒരാൾ വന്ന് കൂട്ടിക്കൊണ്ട് പോയി. അവരവിടെ വീട്ട് ജോലികൾ ചെയ്ത് കഴിഞ്ഞു കൂടാൻ തുടങ്ങി. ഇപ്പോൾ ഞങ്ങൾ മൂന്നാൾ മാത്രമായി ചുരുങ്ങി. ഇരുപത് വയസ്സെത്തിയിട്ടില്ലെങ്കിലും ചിലപ്പോളെങ്കിലും അതിന്റെ ഇരട്ടി വയസ്സ് തോന്നിപ്പിക്കും വിധം താൻ രൂപാന്തരപ്പെട്ടു. അതിൽ തനിക്ക് തെല്ലും വിഷമമുണ്ടായില്ല. മറിച്ച് ഞങ്ങളുടെ മോളുടെ ഭാവിയോർത്തുണ്ടായ ആകുലതകളായിരുന്നു തന്റെ മനസ്സിനെ വേവലാതിപ്പെടുത്തിയത്.

 

ദിനരാത്രങ്ങൾ യുഗങ്ങളെ പോലെ നീങ്ങാൻ തുടങ്ങി. ദിനകരന്റെ ജോലിയിൽ നിന്നുള്ള വരുമാനത്തിന്റെ മുഖ്യപങ്കും മദ്യപാനത്തിനായി മാറ്റിവെക്കുകയായിരുന്നെന്ന് ഏറെ വൈകാതെ താൻ മനസ്സിലാക്കുകയായിരുന്നു. കുടുംബത്തിനോട് വേണ്ടുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ തയാറാകാത്തപ്പോളും തന്നെയും മോളേയും അളവറ്റു സ്നേഹിക്കുന്നുണ്ടായിരുന്നു. അത്തരം സ്നേഹത്തിന് എന്തടിസ്ഥാനം ആണുള്ളത് ? ഇരുപത്തേഴ് വയസ്സായപ്പോഴേക്കും ജീവിതത്തിന്റെ ക്രൂരഭാവങ്ങളെ നേരിടാനുള്ള കരുത്ത് എവിടെയോ നഷ്ടപ്പെട്ട് സ്വയം പരിഹാസ്യനായി മാറുകയായിരുന്നു ദിനകരൻ.

 

മോളെ അടുത്തുള്ള സ്കൂളിൽ ചേർത്തതോടെ പിന്നെ വീട്ടിൽ തനിച്ചായി താൻ. ദിനകരൻ രാവിലെ എഴുന്നേറ്റ് പുറത്തേക്ക് പോയാൽ പിന്നെ രാത്രി ഏറെ വൈകിയായിരിക്കും തിരിച്ചെത്തുക. നിത്യജീവിത പ്രശ്നങ്ങൾക്ക് ഒരു സഹായകമെന്നോണം ദിനകരൻ അറിയാതെ തന്നെ അടുത്തൊരു വീട്ടിൽ താൻ ജോലിക്ക് പോയി തുടങ്ങി.

 

അവിടെ തുടരുന്നതിനിടെയാണ്, തുടർച്ചയായ മദ്യപാനം മൂലം കരൾ രോഗബാധിതനായി ദിനകരൻ ആസ്പത്രിയിലാവുന്നത്. ജോലി ചെയ്തിരുന്ന വീട്ടിലെ സാറിന്റെയും കൊച്ചമ്മയുടെയും സഹായങ്ങൾ പരമാവധി ഈ ഘട്ടത്തിൽ നല്കുകയുണ്ടായെങ്കിലും ഒരു മാസത്തെ ആസ്പത്രിവാസത്തിനൊടുവിൽ ദിനകരന്റെ ജീവനും ഞങ്ങളെ വിട്ടു പോവുകയാണുണ്ടായത്.

 

ജീവിതത്തിൽ ഏറ്റവുമധികം നിരാശ തോന്നിയ ഒരു ഘട്ടം അത് പോലെ തന്നെ തേടി വന്നിട്ടില്ല. തനിക്കപ്പോൾ അമ്മയെയും അപ്പയെയും കാണണമെന്ന് തോന്നി. പക്ഷേ, അടുത്ത നിമിഷം തന്നെ ആ ചിന്ത താനുപേക്ഷിച്ചു. അല്ലെങ്കിൽ, അതൊട്ടും പ്രാവർത്തികമാകാത്ത കാര്യമാണെന്ന ചിന്ത തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു എന്ന് വേണം പറയാൻ. ആശ്രയം അറ്റപ്പോൾ അവരെ കാണണമെന്ന് തോന്നിയ തന്നോട് തനിക്ക് തന്നെ പുച്ഛം തോന്നി. കുലവും വംശവും നശിപ്പിക്കാനായി ഇറങ്ങിത്തിരിച്ചവൾ ആ ദേശത്തിന് തന്നെ വെറുക്കപ്പെട്ടവളായി കഴിഞ്ഞിരിക്കണം ഇപ്പോൾ എന്ന തിരിച്ചറിവ് എന്തിനെയും നേരിടാൻ തന്നെ പ്രാപ്തയാക്കി. കൗമാരം വിടും മുമ്പേ ദിനകരൻ തനിക്കായി സമ്മാനിച്ച മേരിയെ മാറോട് ചേർത്ത് പിടിച്ച് ലോകത്തോട് പൊരുതാൻ തന്നെ താൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ താൻ എത്തിപ്പെട്ട ഈ നഗരത്തിന്റെ കെടാവിളക്കായ കണ്ണകിയാണ് എന്നും തന്റെ മാതൃക.

 

താൻ ജോലി ചെയ്തിരുന്ന വീട്ടിലെ സാറിന്റെ സഹായത്തോടെ മേരിയെ സ്കൂളിലയക്കാൻ തുടങ്ങി. രാത്രികാലങ്ങളിൽ മകളെയും കെട്ടിപ്പിടിച്ച് ഒട്ടും സുരക്ഷിതത്വമില്ലാത്ത ആ വീട്ടിൽ കഴിയേണ്ടി വന്ന നാളുകൾ തീർത്തും ഭീതിദമായിരുന്നു. ദുരിതങ്ങൾ തനിക്കേറെ പ്രായക്കൂടുതൽ തോന്നിപ്പിച്ചിരുന്നുവെങ്കിലും ഇനിയും ബാക്കിയായി നില്ക്കുന്ന അല്പം യൗവ്വനകാന്തി പലരെയും മോഹിപ്പിച്ചിരുന്നു.

 

ഒടുവിൽ പട്ടയമില്ലാത്ത ഭൂമിയെന്ന് സർക്കാരും ജന്മിമാരും ഒരേ സ്വരത്തിൽ പറഞ്ഞ് ഞങ്ങളെയും സമീപവാസികളെയും ഇറക്കിവിടുന്നത് വരെയും ആർക്കും വശംവദയാകാതെയും നേരും നെറിയും കൈവിടാതെയും കൊച്ചുമോളേയും കെട്ടിപ്പിടിച്ച് അവിടെ തന്നെ അന്തിയുറങ്ങുകയായിരുന്നു. പക്ഷേ, പിന്നീട് പോകാനൊരിടമില്ലാതാകുന്നതോടെ പകച്ചു നിന്ന തനിക്കും മോൾക്കും ജോലി ചെയ്തിരുന്ന വീട്ടിലെ സാറിന്റെ കാരുണ്യം ഒരു തുണയായി. എങ്കിലും അത് അധിക നാൾ തുടരാനായില്ല. ജോലി മാറി ദൂരദേശത്തേക്ക് പോകേണ്ടി വന്ന അവർക്ക് ഞങ്ങളെ അവിടെ ഉപേക്ഷിച്ചു പോകാനേ കഴിഞ്ഞുള്ളു. പക്ഷേ പോകുന്നതിന് മുമ്പേ എന്റെ അനുവാദത്തോടെ മേരിയെ ഒരു അനാഥാലയത്തിൽ ആക്കി തരാനുള്ള സന്മനസ്സ് അവർ കാണിച്ചു.

 

ജീവിതത്തിലെ ഓരോ ഘട്ടങ്ങളും അങ്ങനെ വിചിത്രമായ അനുഭവങ്ങളിലൂടെ കടന്ന് പോവുകയായിരുന്നു. മോളുടെ കാര്യം ഏകദേശം സുരക്ഷിതമായി എങ്കിലും താൻ തീർത്തും ഒറ്റപ്പെട്ടെന്നും അരക്ഷിതയായി തീർന്നിരിക്കുന്നുവെന്നും മനസ്സിലായി. പല വീടുകളിലും ജോലിക്കായി ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല.

 

ഏറെ അലച്ചിലിന് ശേഷംനീണ്ട പതിനാല് വർഷം പാറശ്ശാലയിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടിൽ ജോലിക്കായി നിന്നു. ഇടക്കിടെ നാഗർകോവിലിലെ അനാഥാലയത്തിൽ പോയി മേരിയെ കാണാൻ കഴിയുമായിരുന്നു. മക്കളില്ലാത്ത ആ ബാങ്ക് ഉദ്യോഗസ്ഥനും ഭാര്യക്കും തന്നോട് അനുകമ്പയും മേരി മോളോട് അളവറ്റ സ്നേഹവുമായിരുന്നു. അവർ അവളെ ദത്ത് എടുത്തില്ലെന്ന് മാത്രമേ ഉള്ളു. മറിച്ച് അവളുടെ എല്ലാ ആവശ്യങ്ങൾക്കും അവരായിരുന്നു മുൻപന്തിയിൽ. മേരിയുടെ വിവാഹകാര്യങ്ങളിൽ വരെ അവർ കാണിച്ച നിഷ്കർഷ സ്വന്തം മക്കളോട് പോലും ചിലർ അനുവർത്തിക്കുന്നതിനും അപ്പുറമാണ്. സ്വന്തമായി ഒരു ചെറുകിട വ്യവസായ യൂണിറ്റിനുടമയായ ഒരു മലയാളി പയ്യനാണ് മേരിയെ വിവാഹം ചെയ്തത്. അവർ സന്തുഷ്ടരായി കഴിയുന്നുണ്ട്. തന്നെ ഒപ്പം കൂട്ടാൻ, ശുശ്രൂഷിക്കാൻ എല്ലാറ്റിനും അവർ ഒരുക്കമാണ്. പക്ഷേ അതൊക്കെയും അവഗണിച്ച് താൻ സ്വയം തെരഞ്ഞെടുത്തതാണ് ഈ വഴി. ജീവിതത്തിലുടനീളം താൻ പിന്തുടർന്ന വിചിത്രമായ ചില ശീലങ്ങളുടെ തുടർച്ച തന്നെയാണ് ഇതും.

 

ഇനി ഇവളെ കൂടി ഒന്നു കരക്കടുപ്പിക്കണം. അതിനെങ്ങനെ പറഞ്ഞാൽ കേൾക്കണ്ടേ. മയക്കത്തിലായിരുന്ന കുട്ടിയുടെ ചെവിയിൽ സ്നേഹപൂർവം തിരുമ്മിക്കൊണ്ട് അവർ പറഞ്ഞു. ചിന്നക്കടയിൽ നിന്നും ആറ് മാസം പ്രായമുള്ളപ്പോൾ കിട്ടിയതാണിവളെ . കണ്ണ് കുത്തിപ്പൊട്ടിക്കാനോ കൈകാലുകൾ ഒടിച്ചിടാനോ തനിക്കായില്ല. പകരം താനിവളെ  ജീവനെപ്പോലെ വളർത്തി. ഇപ്പോൾ തനിക്ക് ഭയമേറുകയാണ്. ഇവൾ വളരുകയാണ്. കടത്തിണ്ണകളിലെ രാത്രിയുറക്കം തനിക്ക് പോലും സുരക്ഷിതമായി തോന്നുന്നില്ല. ഞങ്ങളിപ്പോൾ ഒരു വീട് വാടകക്ക് എടുത്ത് അവിടെയാണ് താമസം. അടുത്തവർഷം സ്കൂളിലയക്കണം.

 

ഇനി ആഗ്രഹങ്ങളധികമൊന്നുമില്ല. രജനിമോൾ ഡോക്ടറാവാൻ ഇനി രണ്ട് വർഷമേയുള്ളു. അത് കാണണം. ഈ കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണം.

 

ആണ്ടവൻ കനിഞ്ഞിടും

ആണ്ടവൻ കനിഞ്ഞിടും ....

 

English Summary: Memoir written by Muhammad Najib

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com