‘ഞാൻ ഇപ്പോൾ അയാളെ വെറുക്കുന്നു, എന്റെ കുഞ്ഞിന്റെ മുൻപിൽ വെച്ചാണ് അയാൾ പലപ്പോഴും എന്നെ..’

middle-aged-housewife-crying
Representative Image. Photo Credit : pikswow / Shutterstock.com
SHARE

വിശപ്പിന്റെ തേങ്ങൽ (കഥ)

‘‘അച്ഛൻ ചോറുകലം എടുത്തെറിഞ്ഞിട്ട് അമ്മയെ ഉപദ്രവിച്ചു. അമ്മയുടെ ദേഹത്ത് കയറി ഇരുന്നിട്ട് അമ്മയെ എന്തൊക്കെയോ ചെയ്തു..’’

ആ എട്ടു വയസുകാരി പെൺകുട്ടിയുടെ വാക്കുകൾ എന്റെ ഹൃദയം കീറിമുറിച്ചു.. അവളുടെ മുൻപിൽ ഞാൻ വല്ലാതെ ചെറുതായി പോയപോലെ..

ലോക് ഡൗൺ കാലത്ത് വെറുതെ വീട്ടിൽ ഇരുന്നപ്പോൾ അടുത്ത വീടുകളിലെ രണ്ടുമൂന്ന് പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ ട്യൂഷൻ എന്നൊരു ആശയം മനസ്സിൽ തോന്നി. അങ്ങനെയാണ് നീതുമോൾ എന്റെ അടുത്ത് എത്തിയത്.

തീരെ നിവൃത്തി ഇല്ലാത്ത കുട്ടിയാണ് അവൾ. പഠിക്കാൻ മിടുക്കി ആണെങ്കിലും വല്ലാത്തൊരു മൂകത അവൾക്കെപ്പോഴും ഉണ്ട്. അവളുടെ അച്ഛൻ ഒരു മദ്യപാനി ആണ്. അമ്മ എവിടെയോ വീട്ടുജോലിക്ക് പോയാണ് കാര്യങ്ങൾ നടക്കുന്നത് എന്ന് മാത്രം അറിയാം. കൂടുതൽ തിരക്കാൻ തോന്നിയില്ല.

ഇന്ന് രാവിലെ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് പതിവിലും കൂടിയ മൂകത.. കണ്ണീർച്ചാലുകൾ ഒഴുകിയ പോലെ കവിൾത്തടങ്ങൾ. ഇടയ്ക്കിടെ അവൾ വയർ ഞെക്കി പിടിക്കുന്നു.... അവളുടെ ഉള്ളിൽ എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടെന്നു എനിക്കുറപ്പായി . അതുകൊണ്ടാണ് മറ്റ് കുട്ടികളുടെ കൂട്ടത്തിൽ നിന്നും മാറ്റിനിർത്തി ഞാൻ അവളോട് ചോദിച്ചത്..

‘‘നീതുക്കുട്ടി.. രാവിലെ ഒന്നും കഴിച്ചില്ലേ...’’

‘‘ഇല്ല.. ഇന്നലെ വൈകിട്ടും കഴിച്ചില്ല..’’

എന്റെ ഉള്ളൊന്നു പിടഞ്ഞു.. ഈ വിശന്നു പൊരിയുന്ന എട്ടു വയസുകാരിയുടെ മുൻപിൽ ഗണിതവും ഗുണിതവും ഒക്കെ പറഞ്ഞിരുന്ന എന്റെ ഉള്ളിൽ വല്ലാത്തൊരു നൊമ്പരമുണ്ടായി..

എന്താ മോളൊന്നും കഴിക്കാഞ്ഞത്.. അമ്മ ഒന്നും ഉണ്ടാക്കിയില്ലേ.

അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന ചൂട് കണ്ണീർ തുള്ളികൾ എന്നെ കൊഞ്ഞനം കുത്തുന്നപോലെ. ഉച്ചയ്ക്ക് കഴിക്കാൻ ഉണ്ടാക്കി വെച്ച ചിക്കൻ ബിരിയാണി എന്നെ പരിഹസിച്ചു ചിരിക്കുന്ന പോലെ..

കാര്യങ്ങൾ പിന്നെ ചോദിച്ചറിയാം.. തത്കാലം അവളുടെ വിശപ്പ് മാറ്റാം എന്ന് തീരുമാനിച്ച് ഞാൻ അവളെയും കൂട്ടി അകത്തേയ്ക്ക് നടന്നു. എന്റെ മനസ്സിൽ ആകെ അസ്വസ്ഥത തോന്നി.. ബാക്കി കുട്ടികളെ പറഞ്ഞു വീട്ടിൽ വിട്ടിട്ട് ഞാൻ അവൾക്ക് ഒപ്പം ഇരുന്നു.

വിളമ്പി കൊടുത്ത ബിരിയാണി അവൾ കഴിക്കുന്നത് ഞാൻ നോക്കിയിരുന്നു.. ഇന്നലെ മുതൽ പട്ടിണി ആയിരുന്നിട്ടുമതിന്റെ ആക്രാന്തം ഒന്നുമില്ല.. ശാന്തമായി അവൾ കഴിക്കുന്നു.. ഞാൻ അവളുടെ അടുത്തിരുന്നു പതിയെ അവളുടെ തലയിൽ തലോടി..

‘ടീച്ചർ.. അമ്മ ഒന്നും കഴിച്ചില്ല... അമ്മയ്ക്കും  വിശക്കുന്നുണ്ടാവും.’ അവൾ എന്നെ നോക്കി..

ഇപ്പോൾ മോളു കഴിയ്ക്ക്.. അമ്മയ്ക്കുള്ളത് നമ്മൾക്ക് കൊണ്ടുപോയി കൊടുക്കാം.. മോളു വിഷമിക്കണ്ടാട്ടോ..

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ നേരിയ ഒരു ചിരി ആ കുഞ്ഞു മുഖത്ത് ഉണ്ടായി. അവൾ കഴിച്ചെഴുന്നേറ്റപ്പോൾ ഞാൻ അവളെ വിളിച്ച് അടുത്ത് ഇരുത്തി. മോളെന്താ ഒന്നും കഴിക്കാഞ്ഞേ.. അമ്മ ഇന്നലെ ഒന്നും ഉണ്ടാക്കിയില്ലേ...

അമ്മ ചോറ് വെച്ചു.. അച്ചാറു മാത്രമേ കൂട്ടാൻ ഉണ്ടായിരുന്നുള്ളൂ... ഞാൻ കഴിക്കാൻ ഇരുന്നപ്പോഴാ അച്ഛൻ കയറി വന്നത്.. ഞാൻ നിലത്തിരുന്ന് കഴിക്കുന്ന കണ്ടപ്പോൾ അച്ഛൻ അലറി.

എവിടെടി നിന്റെ അമ്മ...

അമ്മ ഓടി വന്നപ്പോൾ അച്ഛൻ എന്തൊക്കെയോ പറഞ്ഞു.. അമ്മ വേറെ വീട്ടിൽ ജോലിക്ക് പോയതിനെചൊല്ലി..

‘ഞാൻ വേറെ വീട്ടിൽ ജോലിക്ക് പോയത് കൊണ്ടല്ലേ.. ഇപ്പോൾ മോള് കഴിക്കുന്നത്.. അല്ലാതെ നിങ്ങൾ പണിക്ക് പോയിട്ടല്ലല്ലോ..’

‘എടി നിന്നെ ഞാൻ. അങ്ങനെ വല്ലവന്റേം കൂടെ പോയിട്ട് കിട്ടുന്നത് കൊണ്ടു ഇവള് തിന്നണ്ടടി.. നിനക്ക് ഞാൻ പോരല്ലേടി.. നിന്നെ ഇന്ന് ഞാൻ.... എന്നും പറഞ്ഞു  അച്ഛൻ അമ്മയുടെ മുടിയിൽ കുത്തി പിടിച്ചു, എന്റെ ചോറ് പാത്രം തൊഴിച്ചെറിഞ്ഞു’ 

ആ കുഞ്ഞിന്റെ മുൻപിൽ ഇരുന്ന ചോറ് പാത്രം തെറിച്ചു പോകുന്നത് ഞാൻ ഓർത്തു.. അവളുടെ അപ്പോഴത്തെ അവസ്ഥയും..

എന്നിട്ട് വേറെ ചോറില്ലാരുന്നോ.. മോളെ.

അച്ഛൻ അമ്മയെ വലിച്ചോണ്ട് അടുക്കളയിൽ പോയി.. എന്നിട്ട് ചോറുകലം എടുത്തു മുറ്റത്തേയ്ക്ക് എറിഞ്ഞു.. ആകെ കുറച്ചു ചോറെ ഉണ്ടായിരുന്നുള്ളൂ..

എന്നിട്ടോ.. പിന്നെയും അമ്മയെ  ഉപദ്രവിച്ചോ അച്ഛൻ...

ചോറുകലം എടുത്തെറിഞ്ഞിട്ട് അച്ഛൻ അമ്മയെ വലിച്ചോണ്ട് കട്ടിലിൽ കൊണ്ടുപോയി.. എന്നിട്ട് അമ്മയുടെ മേളിൽ കേറി ഇരുന്നു നൈറ്റി ഒക്കെ കീറി എന്തൊക്കെയോ ഉപദ്രവിച്ചു. അങ്ങോട്ട് ചെന്ന എന്നെ കണ്ടപ്പോൾ.. അമ്മ നിലവിളിച്ചു.

‘‘മോളെ.. മോളു മാറിപ്പോ.. എന്നും പറഞ്ഞു കാറി..’’

ഞാൻ ആണാടി.. നിനക്ക് ഞാൻ പോരല്ലേ.. അതിനാണോ നീ വീട്ടു ജോലിക്ക് പോകുന്നെ എന്ന് ചോദിച്ചു.. അമ്മയെ ഉപദ്രവിച്ചു. ഞാൻ പേടിച്ചു അടുക്കളയിൽ പോയി പമ്മി ഇരുന്നു..

എന്റെ തല കറങ്ങുന്ന പോലെ എനിക്ക് തോന്നി. ഞാൻ അവളെ മുറുകെ പിടിച്ചു.. ശ്വാസം മുട്ടുന്നപോലെ.. പാവം കുട്ടി..

മദ്യം അകത്തു ചെന്നാൽ മക്കളെ പോലും മാനിക്കാത്ത ആ വേട്ട മൃഗത്തെ കൊല്ലാൻ തോന്നി. കുടിച്ചു കഴിഞ്ഞു ആണത്തം കാട്ടാൻ.. ഉള്ള ചോറ് എറിഞ്ഞു കളഞ്ഞിട്ട്. സ്വന്തം കുഞ്ഞിന്റെ കണ്മുന്നിൽ.. കഷ്ടം..

മദ്യപിച്ചാലും കുടുംബം നോക്കുന്ന എത്രയോ പേരുണ്ട്.. ഇത്തിരി അകത്തുചെന്നാൽ മക്കളെ ഒരുപാട് കൊഞ്ചിക്കുന്നവരും ഉണ്ട്.. ഇവിടെ.. എന്തൊരു മനുഷ്യൻ ആണയാൾ..

കുറച്ചു നേരം.. നിശബ്ദമായ നിമിഷങ്ങൾ.. എന്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ തുള്ളികൾ ഒഴുകുന്നത് ഞാൻ അറിഞ്ഞു..

മോളെ.. അമ്മ രാവിലെ എഴുന്നേറ്റില്ലേ..

എഴുന്നേറ്റ് കട്ടൻ ചായ തിളപ്പിച്ച്‌ തന്നു.. എന്നെ നോക്കിയില്ല.. ഞാൻ പുറകെ ചെന്നപ്പോൾ. എന്നോട് അപ്പുറത്തു പോയി ഇരിക്കാൻ പറഞ്ഞു.. അമ്മയുടെ ചുണ്ടൊക്കെ പൊട്ടി വീർത്തിരിക്കുവാ..

രാവിലെ ഒന്നും ഉണ്ടാക്കിയില്ലേ.. അമ്മ..

അരി ഇല്ല.. മോളു ട്യൂഷന് പോയിട്ട് വരുമ്പോൾ അമ്മ എവിടുന്നെങ്കിലും എന്തെങ്കിലും വാങ്ങി ഉണ്ടാക്കി തരാം എന്ന് പറഞ്ഞ് ആണ് വിട്ടേ. ഞാൻ ഇവിടുന്നു കഴിച്ചല്ലോ.. അതുകൊണ്ട് അവിടെ ഉണ്ടാക്കുന്നത് ഇന്ന് അമ്മയ്ക്ക് കഴിക്കാല്ലോ.. ചിലപ്പോൾ എനിക്ക് തന്നാൽ അമ്മയ്ക്ക് കഴിക്കാൻ കാണില്ലാരിക്കും..

എന്റെ അമ്മ പാവം ആണ് ടീച്ചറെ.. ചിലപ്പോൾ എനിക്ക് ചോറ് തന്നിട്ട് അമ്മ കഞ്ഞിവെള്ളം കുടിക്കും.. അമ്മയ്ക്ക് വിശന്നാലും അമ്മ കഴിക്കാതെ എനിക്ക് തരും..

ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കിയിരുന്നു.. പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ടവൾ.. അച്ഛന്റെയും അമ്മയുടെയും നെഞ്ചിൽ കയറി കൊഞ്ചി.. അവരുടെ കൈ പിടിച്ചു കളിച്ചു നടക്കേണ്ടവൾ.. ഇവളുടെ ബാല്യത്തെ എങ്ങനെ ആണ് രക്ഷിക്കുക എന്ന് അറിയാൻ പറ്റുന്നില്ല..

ഞാൻ അലമാര തുറന്നു അതിൽ ഈ മാസത്തെ ലോൺ അടയ്ക്കാൻ ഇരുന്ന പൈസ എടുത്തു. കുറച്ചു ബിരിയാണിയും..

എന്നിട്ട് അവളെയും കൂട്ടി നടന്നു..

അവളുടെ അമ്മയ്ക്ക് ഒരു ചെറിയ ആശ്വാസം ആകാൻ മാത്രമേ എനിക്ക് ആകൂ എന്നെനിക്കറിയാം.. എങ്കിലും ഇപ്പോൾ ഇതാവട്ടെ.. ബാക്കി കാര്യങ്ങൾ പിന്നെ ആലോചിക്കാം..

എന്ത് ചെയ്യാൻ ആകും എനിക്ക്.... അത് മാത്രം ആയിരുന്നു എന്റെ മനസ്സിൽ....

എന്നെ കണ്ടതും നീതുവിന്റെ അമ്മ. വല്ലാതെ ആയി. ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി.. കരഞ്ഞു വീർത്ത മുഖം.. നീതു പറഞ്ഞത് പോലെ ചുണ്ടൊക്കെ പൊട്ടി.. വെളുത്തു മെലിഞ്ഞ അവൾക്ക് ഏറിയാൽ മുപ്പത്തഞ്ചു വയസ് ഉണ്ടാവും.

നീതുവിന്റെ അച്ഛൻ എവിടെ....? 

അയാളോട് പേടിയോ വെറുപ്പോ ഒക്കെ ആയിരുന്നു എന്റെ മനസ്സിൽ..

രാവിലെ പോകും.. രാത്രി എപ്പോഴെങ്കിലും കയറി വരും.. ബാറുകൾ അടച്ചതുകൊണ്ടും കാര്യമൊന്നുമില്ല.. വാറ്റുകാർ കാശുണ്ടാക്കും എന്നല്ലാതെ .. അത്രയും പറഞ്ഞിട്ട്.. അവൾ.. നിമ്മി എന്നെ നോക്കി.. പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

മോളെല്ലാം പറഞ്ഞു അല്ലേ..

ഉം.. ഞാൻ മൂളി..

എന്ത് ചെയ്യും എന്ന് അറിയില്ല എനിക്ക്.. വീട്ടുകാരെ ഉപേക്ഷിച്ചു ഇഷ്ടപെട്ടവന്റെ ഒപ്പം ഇറങ്ങി പോന്നത് കൊണ്ട് എനിക്ക് ആശ്രയിക്കാൻ ഇപ്പോൾ ആരുമില്ല ടീച്ചർ..

കോളജിൽ പഠിക്കുമ്പോൾ ബസ് ഡ്രൈവർ ആയിരുന്ന ഒരാളെ പ്രേമിച്ചു കല്യാണം നടത്തിയത് മൂലം പഠനം പൂർത്തിയാക്കാനും കഴിഞ്ഞില്ല..

പ്രേമം തലയ്ക്കു പിടിച്ചു നടന്നപ്പോൾ മദ്യപാനം ഉണ്ടായിരുന്നിട്ടും ഞാൻ കൂടെ വന്നാൽ എല്ലാം ശരിയാകും എന്ന വാക്ക് ഞാൻ വിശ്വസിച്ചുപോയി.. പിന്നെ കുറച്ചു നാൾ സന്തോഷമായിരുന്നു..

പതിയെ പതിയെ അയാളുടെ സ്വഭാവം മാറി. പക്ഷേ.. എനിക്ക് കരയാൻ അല്ലാതെ മറ്റൊന്നുമാകില്ല.. കാരണം ആശ്രയിക്കാൻ എനിക്ക് ആരുമില്ലാതെ പോയി.. ഞാൻ ജോലിക്ക് പോകുന്നത് എഴുപത് കഴിഞ്ഞ ഒരാളുടെ വീട്ടിലാണ്.. അതും പുറം പണി.. എല്ലാദിവസവും ഇല്ല താനും.. ആ മനുഷ്യനെ ചേർത്താണ് ഇപ്പോൾ തെറി വിളി.

പ്രേമം... ചതിയന്മാർക്ക് പ്രേമത്തിന്റെ പല വേഷങ്ങൾ കെട്ടാൻ അറിയാം.. അത് വിശ്വസിക്കുന്നവർ വിഡ്‌ഡികൾ ആണ്..

ഉം.. ശരിയാണ് നിമ്മി.. പ്രണയം എന്നത് ചിലർക്കൊരു ആവേശം മാത്രം ആണ്.. ആവേശം കെട്ടടങ്ങിയാൽ ഇഷ്ടവും സ്നേഹവും ഒക്കെ തീരും.

നിമ്മിക്ക് അയാളോട് ഇപ്പോഴു സ്നേഹമുണ്ടോ....?

സ്വന്തം കുഞ്ഞിന്റെ അച്ഛനോട് സ്നേഹം ഉണ്ടാകുമല്ലോ ടീച്ചർ.. പക്ഷേ അതിലേറെ ഞാൻ ഇപ്പോൾ അയാളെ വെറുക്കുന്നു.. എന്റെ കുഞ്ഞിന്റെ മുൻപിൽ വെച്ചാണ് അയാൾ പലപ്പോഴും എന്നെ.. അവളുടെ വാക്കുകൾ മുറിഞ്ഞു 

ഇതുപോലെ എത്രയോ പെൺകുട്ടികൾ ഉണ്ടാകും. വീട്ടുകാരിൽ നിന്നും അകന്നു പോയത് കൊണ്ട് സ്വയം പീഡനമേൽക്കേണ്ടി വരുന്നവർ.. ഞാൻ ആലോചിച്ചു നോക്കി..

നീതുവിന്റെ ഭാവിക്ക് വേണ്ടി എന്തെങ്കിലും ചെയ്തേ പറ്റൂ.. അതെന്നെ കൊണ്ട് ആകും എന്ന് ഉള്ളിൽ ആരോ പറയുന്ന പോലെ...

English Summary: Visappinte thengal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA
;