ADVERTISEMENT

മിഴികൾ മൊഴിയും പ്രണയം (കഥ)

‘‘നിനക്ക് സിനിമ ഇഷ്ടപ്പെട്ടോ ?’’

 

കിഷോറിന്റെ ചോദ്യത്തിനേക്കാൾ ആഴം അവന്റെ ആ കണ്ണുകൾക്കുണ്ടായിരുന്നു. എന്നാൽ രാവിന്റെ നിശബ്ദതയിൽ അവൾ, നന്ദന ആ ചോദ്യം മാത്രമേ കേട്ടുള്ളൂ.

 

‘‘മോശമല്ല , കാശ് നഷ്ടമായില്ല.’’

 

അവൻ ഒരു ദീർഘനിശ്വാസമുതിർത്തു.

 

‘‘നമുക്കൊരു ഐസ് ക്രീം കഴിച്ച് പിരിഞ്ഞാലോ?’’

 

അവന്റെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് അവൾ എതിർവശത്തെ തട്ടുകടയിലേക്ക് വിരൽ ചൂണ്ടി.

 

‘‘ചൂടു ദോശയും കട്ടൻചായയും!’’ -നിലവിളിച്ചുകൊണ്ടവൾ തിരിഞ്ഞുനോക്കാതെ കടയിലേക്കോടി. ഒരു നിശ്വാസം! ഒരു ചെറുപുഞ്ചിരി! അവൻ പിന്നാലെ ഓടി.

 

നന്ദന താൻ കഷണങ്ങളാക്കിയ ദോശയെ ചട്ണിയിൽ മുക്കിക്കൊല്ലുമ്പോൾ കിഷോർ പാത്രത്തിൽ വിരലുകൾ കൊണ്ട് ചിത്രം വരയ്ക്കുകയായിരുന്നു.

 

‘‘നായകൻ നന്നായിട്ടുണ്ട് അല്ലേ?.’’

 

പ്രതികരണം ഒന്നും ലഭിക്കാതെ വന്നപ്പോൾ അവൻ മുഖമുയർത്തി.

 

‘‘നന്ദേ, ഞാൻ ചോദിച്ചത് കേട്ടില്ലേ ?’’

 

‘‘കൊള്ളാം, ദോശ ഗംഭീരം! പറയാതെ വയ്യ.’’

 

അവൾ ആരോടെന്നില്ലാതെ പറഞ്ഞു. ചൂടു കട്ടൻചായയുടെ രുചി നാവിൽ തട്ടിയപ്പോൾ അവൾ ഉറക്കെ പറഞ്ഞു- ‘‘ഹൗ!’’

 

‘‘നായകൻ നായികയെ പ്രണയിക്കുന്നതായി നിനക്ക് തോന്നിയതെപ്പോഴാണ് ?’’

 

കിഷോർ സിനിമയിലേക്ക് തന്നെ അവളെ തളച്ചിടാൻ ശ്രമിച്ചു .

 

‘‘അങ്ങനെ ഒന്നുണ്ടോ? നീ ദോശ കഴിക്കാതെ.... എന്താണ് ?’’

 

അവൾ പുരികക്കൊടികൾ വളച്ച് ആസ്വാദനത്തിന്റെ അവസാനതുള്ളിയും അകത്താക്കി.

 

‘‘നായകന്റെ കണ്ണുകളാണ് ഈ സിനിമയിൽ ഏറെയും സംസാരിക്കുന്നത്. നായിക തന്റെ സുഹൃത്തിനോടൊപ്പം സംസാരിക്കുന്നത് ഓർക്കുന്നില്ലേ ? അപ്പോൾ അയാളുടെ കണ്ണുകളിലെ അസൂയയും പരിഭവവും, പ്രണയവും -ഹോ! എന്തു ഭംഗിയാണ് നന്ദേ !’’

 

അവൻ നന്ദനയെ ഒളികണ്ണാൽ നോക്കി. അവളിൽ ഒരു അമ്പരപ്പ് .

 

‘‘ഞാൻ ഒന്നും കണ്ടില്ലല്ലോ കണ്ണുകളിൽ , വെറുതെ ഓരോന്ന് പറയാതെ കിഷോർ ’’

 

‘‘സത്യമാണ്, ഇത്രകണ്ട് വാചാലമായ മിഴികൾ ഞാൻ കണ്ടിട്ടില്ല. ആ കണ്ണുകളിൽ മുഴുവൻ പ്രണയമാണ് : അവളെ കാണുമ്പോൾ മാത്രം.’’

 

‘‘ഇല്ല, അങ്ങനെ ഒന്നില്ല. അതെങ്ങനെയാണ് മിഴികളിൽ പ്രണയം ഒളിപ്പിക്കുന്നത്!’’

 

നന്ദനയുടെ മുഖത്തു വാശി. അവൾ എഴുന്നേറ്റ് കൈകഴുകി.

 

‘‘മിഴികളോളം പ്രണയത്തെ വർണിക്കാൻ തക്ക വേറെന്തുണ്ടീ ഭൂമിയിൽ ? കണ്ണുകളുടെ ഭാഷ! അതൊരിക്കൽ അറിഞ്ഞാൽ ആ ഭാഷയിൽ നാം സംസാരിക്കും.’’

 

അവൻ നന്ദനയുടെ കണ്ണുകളിൽ നോക്കിയാണത് പറഞ്ഞത്. എന്നാൽ അവൾ കഴിച്ചതിന്റെ കാശ് കൊടുക്കുന്ന തിരക്കിലായിരുന്നു.

 

‘‘കണ്ണുകളുടെ ഭാഷ!  അങ്ങനെ ഒന്നും തന്നെ ആ സിനിമയിലില്ല, നീ പറഞ്ഞത് നുണയാണെന്ന് ഞാൻ തെളിയിക്കും.’’ 

 

അവൾ ദേഷ്യത്തോടെ പോയി, തിരിഞ്ഞുപോലും നോക്കാതെ .

 

‘‘ഇനി ഈ സിനിമ വീണ്ടും വീണ്ടും കാണും, എന്റെ കാഴ്ചപ്പാട് തെറ്റെന്നു സമർത്ഥിക്കാൻ.’’

 

അവൻ തനിയെ പുഞ്ചിരിച്ചു. ഉറങ്ങാൻ കിടക്കുമ്പോഴും കിഷോർ പറഞ്ഞതാണ് നന്ദന ഓർത്തത്. ആ കണ്ണുകളിൽ താൻ ഒന്നും കണ്ടില്ലല്ലോ. അതെന്താണങ്ങനെ? ഒന്നുകൂടി ആ സിനിമ കാണണം. അവൾ മനസ്സിലുറപ്പിച്ചു. മൂന്നിലധികം തവണ സിനിമ കണ്ടിട്ടും കിഷോർ പറഞ്ഞ പ്രണയം തുളുമ്പുന്ന മിഴികൾ അവൾക്ക് കാണാൻ കഴിഞ്ഞില്ല. അങ്ങനെ ഒരാഴ്ചയ്ക്ക് ശേഷം കിഷോറിനെ തേടി നന്ദനയുടെ ഫോൺവിളിയെത്തി- ഔപചാരികത തീരെയില്ലാതെ.

 

‘‘ഒരേ സിനിമ അഞ്ചുതവണ കാണുന്നത് എത്ര വിരസമാണെന്നോ ! എന്നിട്ടും ഞാൻ കണ്ടു , നീ പറഞ്ഞ കള്ളം തെളിയിക്കാൻ.’’

 

അവളുടെ അന്നേരത്തെ മുഖം അവന് ഊഹിക്കാൻ കഴിയുമായിരുന്നു. ദേഷ്യം കൊണ്ട് ആ മുഖം ചുവന്നിട്ടുണ്ടാവും, വിരലുകളിലിട്ട് മുടി ചുരുട്ടുന്നുണ്ടാവാം. അവൻ ഊറിച്ചിരിച്ചു .

 

‘‘ദേഷ്യപ്പെടാതെ നന്ദാ, ഞാൻ പറഞ്ഞതിൽ കള്ളമില്ല. അത് തെറ്റായി കാട്ടണമെന്ന് എന്താണിത്ര വാശി? കണ്ണുകൾക്ക് പ്രണയം പറഞ്ഞുകൂടേ.’’

 

മറുതലയ്ക്കൽ ഫോൺ വച്ചുകഴിഞ്ഞിരുന്നു.

 

‘‘എന്തുകൊണ്ടാണ് നന്ദേ നിനക്കീ പ്രണയം തുളുമ്പുന്ന കണ്ണുകൾ കാണാൻ കഴിയാത്തത് ? എത്ര നാളായി ഞാൻ പറയുന്നു ,എന്നിട്ടും നീയെന്തേ കാണുന്നില്ല ? ഇനിയും ആ സിനിമ നീ കാണും, പ്രണയം കണ്ടില്ല എന്നുപറയും . എത്രനാളായി ഈ ഒളിച്ചുകളി തുടങ്ങിയിട്ട് !’’

 

കിഷോർ നിരാശയോടെ കണ്ണുകളടച്ചു .

 

‘‘സിനിമ എങ്ങനെയുണ്ട് ?’’

 

ഓഫിസിൽ എത്തി ഇരിപ്പിടത്തിൽ ഇരുന്നപ്പോൾ തന്നെ സുഗന്ധി നന്ദനയെ തോണ്ടി .

 

‘‘കൊള്ളാം.’’ അവൾ അലസമായി മറുപടി പറഞ്ഞു.

 

‘‘അവധിയെടുത്ത് ഒരുപാട് തവണ കാണണമെങ്കിൽ സിനിമ വേറെ തന്നെ ഒരു അനുഭവമായിരിക്കുമല്ലോ. എന്തായാലും ഞാൻ ഇന്ന് രാത്രി കാണാൻ പോകുന്നുണ്ട് , വരുന്നുണ്ടോ ?’’

 

സുഗന്ധി പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. നന്ദനയ്ക്ക് ദേഷ്യം വന്നു.

 

‘‘ഞാൻ വരുന്നില്ല. പക്ഷേ അതിൽ നായകന്റെ കണ്ണുകളിൽ പ്രണയമുണ്ടോ എന്ന് നീ കണ്ടിട്ട്  പറയണം.’’

 

സുഗന്ധിയ്‌ക്കൊന്നും മനസ്സിലായില്ലെങ്കിലും അവൾ തലയാട്ടി. അടുത്ത ദിവസം രാവിലെ നന്ദന സുഗന്ധിയെ തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . കണ്ടപ്പോഴേ നന്ദന തിരക്കി- ‘‘കണ്ടോ സിനിമ ? ഞാൻ പറഞ്ഞത് എന്തെങ്കിലും ഉണ്ടോ?’’

 

അവളുടെ ധൃതി കണ്ടപ്പോൾ സുഗന്ധി അതിശയിച്ചു.

 

‘‘എന്താണ് ഇത് അറിയാൻ ഇത്ര താല്പര്യം?’’

 

‘‘കിഷോർ- അവന്റെ കണ്ടുപിടിത്തമാണ് . അങ്ങനെ ഒന്നുമില്ല ആ സിനിമയിൽ. വെറുതെ ഓരോന്ന് പറയുകയാണ് . ഇല്ലെന്നു നീ പറഞ്ഞാൽ ധൈര്യമായി എനിക്കവനെ വെല്ലുവിളിക്കാം.’’

 

സുഗന്ധി ഒരു നിമിഷം നന്ദനയെ നോക്കി നിന്നു.

 

‘‘കിഷോർ പറഞ്ഞത് ശരിയാണ് നന്ദേ. നായകന്റെ കണ്ണുകളിലെ പ്രണയം വ്യക്തമായി തന്നെ നമുക്കറിയാൻ കഴിയും- നായിക സുഹൃത്തിനോട് സംസാരിക്കുന്ന അവസരത്തിൽ. ആ കണ്ണുകളിലെ പരിഭവം പ്രണയം കൊണ്ടല്ലാതെ മറ്റെന്തിനാൽ  വരാനാണ് ! കണ്ണുകൾ നിറയെ പ്രണയം ! ഹാ എന്തു മനോഹരം !’’

 

നന്ദന പരാജിതയെപ്പോലെ ഇരുന്നു .

 

‘‘എനിക്കു മാത്രം എന്താണത് മനസ്സിലാക്കാൻ കഴിയാത്തത്, അങ്ങനെയൊന്ന് കാണാൻ കഴിയാത്തത് ?’’

 

‘മിഴികളുടെ പ്രണയം മിഴികൾക്കേ അറിയൂ. നീ ആ മിഴികളിലേക്ക് നോക്കൂ , നിനക്ക് തീർച്ചയായും പ്രണയം കാണാൻ കഴിയും.’’

 

സുഗന്ധി അവളെ തന്നെ നോക്കിയിരുന്നു. പതിയെ തന്റെ കൈ നന്ദനയുടെ കൈയ്ക്ക് മുകളിൽ വച്ചു.

 

‘‘നീ എപ്പോഴെങ്കിലും കിഷോറിന്റെ കണ്ണുകളിലേക്ക് നോക്കിയിട്ടുണ്ടോ? എനിക്ക് ഉറപ്പാണ് നോക്കിയിട്ടുണ്ടാവില്ല. അവന്റെ കണ്ണുകളിലേക്ക് നോക്കിയാൽ നിനക്ക് അറിയാൻ കഴിയും, തീർച്ചയാണ്.’’

 

നന്ദന അമ്പരന്നു സുഗന്ധിയെ നോക്കി. പിന്നീട് അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ, അവയിലെ അപേക്ഷ കണ്ടപ്പോൾ ഒരു അവിശ്വസനീയത... അവളാകെ ഉലഞ്ഞുപോയി.

 

റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയ്ക്കായുള്ള കാത്തിരിപ്പ് !

 

‘‘എന്റെ അവസാന ശ്രമം ആയിരുന്നു ആ സിനിമ. നിന്നോട് നേരിട്ട് പറയാൻ എനിക്ക് ധൈര്യമില്ല നന്ദാ. ഒരു തവണ പോലും നീയെന്റെ കണ്ണുകളിലേക്ക് നോക്കാത്തതെന്തേ? ഒരു നിമിഷത്തേക്കെങ്കിലും ... അവയുടെ ആഴങ്ങളിൽ ഞാൻ ഒളിപ്പിച്ചു വച്ച പ്രണയം നിനക്ക് കാണാമായിരുന്നല്ലോ. ഇത്തവണയെങ്കിലും നാട്ടിൽ പോകുമ്പോൾ അമ്മയോട് പറയാൻ കഴിയുമെന്ന് ആഗ്രഹിച്ചത് വെറുതെ.’’ കിഷോർ തനിയെ പിറുപിറുത്തു. ‘‘തീവണ്ടിയിൽ കയറി പുറപ്പെട്ടു കഴിഞ്ഞ് അഞ്ചാംനിമിഷത്തിൽ തന്നെ നിന്റെ വിളി എന്നെ തേടിയെത്തും, എന്റെ അവസാനശ്രമവും പരാജയപ്പെട്ടെന്ന് ഉറപ്പിക്കാൻ. ആ കലഹപ്രിയയുടെ അരിശവും തീർത്ത് വീണ്ടുമൊരു ഏകാന്ത യാത്ര! എല്ലാം പതിവുപോലെ തന്നെ. എന്റെ മനസ്സുപോലും! അഞ്ചുമിനിറ്റ് കൂടി മാത്രം... നാട്ടിലേക്ക്. ഒരാഴ്ച അവിടെ. തിരികെ വന്നീ നന്ദയുടെ സുഹൃത്തായി വീണ്ടും വേഷം കെട്ടണം. ഒരു തുറന്നുപറച്ചിലൂടെ.... വേണ്ട. ആ വേഷമെങ്കിലും ഉണ്ടാകുമല്ലോ.’’ അവൻ തല കുനിച്ചു.

 

ആരുടെയോ കൈകൾ തോളിൽ... ഇല്ല, പ്രിയസ്പർശനം അറിയാതെ വരുമോ? മുന്നിൽ അവൾ നന്ദന ! തന്റെ കണ്ണുകളിലേക്ക് മാത്രം നോക്കി.

 

‘‘നായകന്റെ കണ്ണുകളിലെ പ്രണയം എനിക്ക് കാണാൻ കഴിയുന്നുണ്ട്, നായികയെ കാണുമ്പോൾ മാത്രം തുളുമ്പുന്ന പ്രണയത്തിന്റെ പാനപാത്രങ്ങൾ ! ആ കണ്ണുകൾ ഇതല്ലാതെ വേറെ ഏതാണ് ?’’

 

കിഷോറിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

 

English Summary: Mizhikal mozhiyum prenayam, Malayalam short story

 

              

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com