ADVERTISEMENT

എല്ലായ്പ്പോഴും നെഗറ്റീവായി ഇരിക്കട്ടെ (കഥ)

’’ബെഡ് ഷീറ്റിൽ നോക്കി ആഴ്ച കണ്ടുപിടിക്കുന്നതു വാച്ച്കടയിൽ സമയം നോക്കുന്ന പോലെയാണ് കേട്ടോ’’ ഷീറ്റ് വിരിച്ചു കൊണ്ട് അമൽ പറഞ്ഞു. മാസ്കിനിടയിൽ നിന്നു ചിതറി വീഴുന്ന തമാശ പൂർണമായും സമതയ്ക്കു മനസിലായില്ല.

വെള്ള നിറമുള്ള ബെഡ് ഷീറ്റിൽ ചുവന്ന അക്ഷരത്തിൽ എഴുതിയ ചൊവ്വാഴ്ച ദിനത്തിലേക്കു മാത്രമായിരുന്നു അവളുടെ നോട്ടം.

കോവിഡ് ചികിത്സ ദിവസങ്ങൾ കഴിയുമ്പോഴും നെഗറ്റീവ് ആകാതിരിക്കുന്നതിലെ ആശങ്കയും അവളുടെ കണ്ണിൽനിന്ന് അമൽ വായിച്ചെടുത്തു.

അടുത്ത ടെസ്റ്റിൽ നെഗറ്റീവ് ആകുമെന്ന് ആശ്വസിപ്പിച്ചു തുണിയും തലയണ ഉറയും ട്രോളിയിലേക്കു മടക്കി ഇട്ടു. ഒരു വർഷം മുൻപ് എല്ലാവരും പോസിറ്റീവ് ആയിരിക്കാൻ ആശ്വസിപ്പിക്കുന്നവർക്ക് ഇപ്പോൾ ആ വാചകം പോലും പേടിയായി. വർക്കിങ് സ്റ്റേറ്റസ് എഴുതി ഒപ്പിട്ടു കഴുത്തിൽ ചാർത്തിയ ഓക്സിജൻ സിലിണ്ടർ ഒരു ഭാഗത്തേക്കു ചെരിച്ചു വച്ചു കൈപ്പിടിയിൽ തള്ളിക്കൊടുത്തു. രണ്ടു വീലുകളിലും ജീവപേടകം പതുക്കെ ഉരുണ്ടു തുടങ്ങി. ഓക്സിജൻ രാജ്യത്തു കിട്ടാക്കനി ആകുമെന്നു സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. ഓക്സിജൻ സിലിണ്ടർ കണ്ടപ്പോൾ അടുക്കളയിൽ ഗ്യാസ് സിലിണ്ടറിനു സർക്കാർ ഇങ്ങനെ വീല് പിടിപ്പിച്ചാൽ എത്ര നന്നായിരുന്നു എന്നാണ് അവൾ ഓർത്തത്. ഗ്യാസ് കുറ്റി പൊക്കാൻ ആണിന്റെ മസിൽ വേണമെന്ന ഫെയ്സ്ബുക് പോസ്റ്റ് ഓർത്തപ്പോൾ നിരാശയ്ക്കിടയിലും ചെറിയ ചിരിയുടെ മുള അവളുടെ ചുണ്ടിൽ വിരിഞ്ഞു.

ക്ഷീണിതയായി കിടക്കുമ്പോഴും കണ്ണിൽ മാത്രം നോക്കിയെറിയുന്ന ആ ചിരി അമലിലേക്കു ചൂഴ്ന്നു കയറി. സത്യം പറഞ്ഞാൽ ഈ ചിരിക്കു വേണ്ടിയാണ് അവൻ തമാശ പറഞ്ഞു തുടങ്ങിയത്.

നഴ്സിങ് പഠനം അച്ഛന്റെ മരണത്തെ തുടർന്ന് ഉപേക്ഷിച്ചതും വിട്ടുപോകാത്ത നഴ്സിങ് സ്വപ്നവുമെല്ലാം പറയാവുന്ന ആളാണ് സമത എന്ന് അവനു തോന്നി. പക്ഷേ, എവിടെ നിന്നു തുടങ്ങണമെന്നു അറിയില്ല.

കൊറോണ ലോകത്തിനു മുന്നിൽ വാതിൽ കൊട്ടിയടച്ചപ്പോൾ കുറച്ചു പേർക്കു താൽക്കാലിക ജോലി എന്ന കിളിവാതിൽ തുറന്നു വച്ചു. ഈ അഴികളിലൂടെയാണ് അമൽ ഉൾപ്പെടെ 15 പേർ ആശുപത്രി ജീവനക്കാരായത്. അസുഖം പോലും പലർക്കും സുഖം തരുമെന്നതു സത്യമെന്നു തോന്നി.

‘‘ആൺ കൊറോണയും പെൺ കൊറോണയും ഉണ്ടെന്നു തോന്നിയിട്ടുണ്ട്.’’

ജനലിന്റെ പുറത്തേക്കു നോക്കിയിരുന്ന സമത അദ്ഭുതത്തോടെ അമലിന്റെ മുഖത്തേക്കു നോക്കി.

പെണ്ണുങ്ങളിൽ ഉണ്ടാകുന്ന കൊറോണ ഉള്ളിലെ സംശയങ്ങളെ വൈറസ് പോലെ പെരുപ്പിക്കും. എവിടെ നിന്നാകും പകർന്നിരിക്കുക, എവിടെ നിന്നു പകർന്നെന്നു മറ്റുള്ളവർ കരുതും, ആർക്കൊക്കെ ഇതിനകം നൽകിക്കാണും, അവരെന്തു കരുതും, ബന്ധുക്കൾ കുറ്റപ്പെടുത്തിക്കാണുമോ തുടങ്ങി ആയിരം ആശങ്കകളാണ് ഇവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്ന പെൺ രോഗികളെക്കൊണ്ടു കൊറോണ ചിന്തിപ്പിക്കുന്നത്.

എവിടെ നിന്നു കിട്ടിയെന്ന് ആൺ കൊറോണകൾ ആശങ്കപ്പെടാറില്ല. എവിടെ നിന്നു വേണമെങ്കിലും അവർക്കു കിട്ടാമെന്നും ആർക്കൊക്കെ കൊടുത്തിരിക്കും എന്നൊന്നും അവർ ആലോചിക്കാറേയില്ല. ആശുപത്രി വാസം കഴിഞ്ഞാലും ഏഴു ദിവസം ക്വാറന്റീൻ ഉണ്ട്. എങ്ങനെ കടന്നു പോകുമെന്നോ അതു കഴിഞ്ഞ് എങ്ങനെ കാര്യങ്ങൾ ചെയ്യണമെന്നോ ഒക്കെയാവും ആണുങ്ങൾ ആലോചിക്കുന്നത്‍.

പെണ്ണുങ്ങളുടെ ഹൃദയത്തിലും ആണുങ്ങളുടെ തലച്ചോറിലും കൊറോണ ജോലി തുടരുന്നു എന്ന അമലിന്റെ വാചകം അവളെ അമ്പരപ്പിച്ചു കളഞ്ഞു.

അമലിനു തന്നെക്കാൾ ഇരുപതു വയസ്സെങ്കിലും കുറവായിരിക്കും. വിവാഹം മറന്നുപോയതു കൊണ്ടാവും നാൽപത്തിയഞ്ചിലും നരയ്ക്കാൻ മുടിയും മറന്നു. പുതിയ തലമുറ എത്ര മനോഹരമായിട്ടാണു ചിന്തിക്കുന്നതെന്നു അവളോർത്തു. സ്റ്റീറോയ്ഡ് ഇൻജക്‌ഷൻ എടുത്തു രണ്ടു കൈകളിലും തിണിർത്ത പാടുകളും സ്രവമെടുക്കാൻ മൂക്കിൽ തൂവൽ പോലെ നീണ്ട നീഡിൽ ഇളക്കിയതും ഓർത്തു തുടങ്ങിയ അസ്വസ്ഥത പതുക്കെ വിട്ടകലുകയാണ്.

സ്ത്രീകൾ എപ്പോഴും മറ്റുള്ളവരെക്കുറിച്ചായിരിക്കും ആകുലപ്പെടുക. നീണ്ട ഇരുപതു വർഷം ഗൾഫിൽ ജോലി ചെയ്തപ്പോഴും അനിയത്തിമാർക്കു ജീവിതം ഒരുക്കിക്കൊടുക്കുകയായിരുന്നല്ലോ എന്നു സമതയോർത്തു.

അമലിന്റെ മുഖത്തു നോക്കിയപ്പോൾ ചിരിക്കാതിരിക്കാൻ തോന്നിയില്ല.

ആണുങ്ങളുടെ വാർഡിൽ ചെന്നു നിൽക്കുമ്പോൾ കാര്യങ്ങൾ പിന്നെയും രസമാണ്. കേൾക്കാൻ കാതു കൂർപ്പിക്കും എന്ന് അവന് ഉറപ്പായിരുന്നു. കൊറോണ നെഗറ്റീവ് ആയി ആശുപത്രി വിട്ടുവരുന്നവരെ വീട്ടിലേക്കു കൊണ്ടുപോകാൻ മടിയുള്ള മക്കളുണ്ട്. പോക്കിടം ഇല്ലാത്തവരുണ്ട്. എങ്ങനെ എങ്കിലും കൊറോണ കഴിഞ്ഞു കൊണ്ടുപോകാൻ നേരത്തേ എത്തി മരച്ചുവട്ടിൽ കാത്തു നിൽക്കുന്നവരുണ്ട്.

അറുപത്തിഅഞ്ചു വയസ്സുള്ള പാപ്പുച്ചേട്ടന്റെ കാര്യമാണ് ഏറെ കഷ്ടം. രണ്ടാമത്തെ മകളുടെ വിവാഹം നടത്തിയത് വീടും പറമ്പും വിറ്റാണ്. ടെസ്റ്റിൽ കൊറോണ നെഗറ്റീവായാൽ ആശുപത്രിയിൽനിന്നു കിട്ടുന്ന മേൽക്കൂര സൗകര്യം നഷ്ടപ്പെടുമല്ലോ എന്നാണ് അങ്ങേരുടെ പേടി. ടെസ്റ്റിനു വിളിക്കുമ്പോൾ ബാത്‌റൂമിൽ ഒളിക്കുകയാണു പതിവ്. 

സ്ത്രീകളുടെ വാർഡിൽ നിന്നു കയ്യൊഴിയുന്നവരുടെ എണ്ണം അധികമില്ല എന്നതാണ് ആശ്വാസം. ഇക്കാര്യം പറഞ്ഞു നിൽക്കുമ്പോൾ അമലിന്റെ ഫോൺ ബെല്ലടിച്ചു. ഫോൺ തിരിച്ചു പിടിച്ചു. വിളിക്കുന്ന ആളുടെ പേര് ഷിൻസി ആർ.ജെ. എന്ന് കാണിച്ചു. കൊറോണ കഴിഞ്ഞിട്ടു പോകാൻ വീടില്ലാത്തവരെക്കുറിച്ച് ഇന്നു ചെയ്യൂ എന്നാണ് അമൽ നിർദേശം കൊടുക്കുന്നത്. ഉടൻ തിരിച്ചു വിളിക്കാമെന്നു പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്യുമ്പോഴും ‘‘എടാ വയ്ക്കല്ലേ’’ എന്ന പെൺകുട്ടിയുടെ ശബ്ദം ഫോണിൽ കേട്ടു.

റേഡിയോ ജോക്കി ആയ ഷിൻസി സ്വന്തം പരിപാടിക്കു പുതിയ ഐഡിയ തേടിയാണ് വിളിക്കുന്നത്. ഒരു മാസം മുൻപു കൊറോണയുടെ ചികിൽസയിൽ കഴിയുമ്പോഴാണ് ഷിൻസിയെ അമൽ പരിചയപ്പെടുന്നത്. കോളജിൽ പോയ കാലത്ത് അമ്മ നൽകിയ പൊതിച്ചോർ കളഞ്ഞു ബിരിയാണി വാങ്ങിയതും കാലങ്ങൾ കഴിഞ്ഞ് ഇന്നു പൊതിച്ചോറിന്റെ മണം ഉയരുമ്പോൾ അമ്മയുടെ സ്നേഹവും വിയർപ്പും സങ്കടത്തോടെ ഓർക്കുന്നതും അമൽ റേഡിയോ പരിപാടിയിൽ പങ്കെടുത്തു പറഞ്ഞു. കേൾവിക്കാരുടെ ഹൃദയത്തിന്റെ ഭാഷ ആ റേഡിയോ ജോക്കി മനസ്സിലാക്കി. പാട്ടിനൊപ്പം പറയാനുള്ള വരികൾക്കും ആശയങ്ങൾക്കും അമലിനെ വിളിക്കുക പിന്നീടു ഷിൻസിയുടെ സ്ഥിരം പരിപാടിയായി.

കേൾക്കുന്ന കഥയിൽ, പരിമിതിയില്ലാതെ നമുക്കെന്തും സങ്കൽപിക്കാമെന്നൊരു സൗകര്യമുണ്ട്. കാലത്തെ മുന്നോട്ടോ പിന്നോട്ടോ കൈപിടിച്ചു നടത്താം.

വീടില്ലാത്തവരെക്കുറിച്ച് എന്താണു പറയുന്നത് എന്ന സമതയുടെ ചോദ്യത്തിനു മറുപടിയായി ഒരു നിമിഷം മൗനമായി, ജനലിന്റെ പുറത്തേക്ക് അവൻ നോക്കി. അവൻ ചോദിച്ചു, കുട്ടിക്കാലത്ത് ആദ്യം വരച്ച പടം ഏതാണ്?

എത്ര ആലോചിച്ചു നോക്കിയിട്ടും ഉത്തരം കിട്ടാതെ വന്നപ്പോൾ അമലിന്റെ മുഖത്തേക്കു തന്നെ നോക്കി. അവൻ പറഞ്ഞു തുടങ്ങി.

ആറു വരകൾകൊണ്ടു കടലാസിൽ വരയ്ക്കുന്ന വീടുകളാണ് മിക്ക കുട്ടികളുടെയും ആദ്യ കലാസൃഷ്ടി. പ്രായവും ഭാവനയും വളരും തോറും ഈ വീടിനു വാതിലും ജനലും കിളിവാതിലും അടുത്തു മരവും പുഴയും മരത്തിൽ കിളിയും ദൂരെ മലയും മലകൾക്കിടയിൽ സൂര്യനും അതിനു മേലേ പറവകളും വരച്ചു വീടിനൊപ്പം ഈ ഭൂമിയുടെ നല്ല ദൃശ്യങ്ങൾ എല്ലാം ചേർത്തു വയ്ക്കും. എല്ലാ നല്ല കാഴ്ചകളും നിങ്ങളുടെ വീടിനോടു ചേർത്തു കാണാനായിരിക്കും ഇഷ്ടപ്പെടുക. വീടിനെക്കുറിച്ചു മനസ്സ് നിറയെ സങ്കൽപം ഉണ്ടാകുമെങ്കിലും നാം പണിയുന്ന വീട്ടിൽ ഇതൊന്നും കാണില്ല. വെയിലും മഴയും കൊള്ളാതെ കയറിക്കിടക്കാനുള്ള അടച്ചുറപ്പുള്ള കെട്ടിടം എന്ന ഗുഹാസങ്കൽപത്തിലേക്കു നാം ചുരുങ്ങും. മനസ്സിലെ വീട് അവിടെ മാത്രമായിരിക്കുമെന്നു പറഞ്ഞു നിർത്തിയപ്പോൾ ജീവിതാനുഭവങ്ങളുടെ പേമാരി കടന്നുപോയ ഒരു വൃദ്ധന്റെ മുഖഭാവമാണ് അവൾക്കു തോന്നിയത്.

‘‘നീ ആ റേഡിയോ ജോക്കിയെ വിളിച്ചു തരൂ, എന്റെ വീടിനെക്കുറിച്ചു സംസാരിക്കാം.’’ സമതയുടെ വാക്കുകൾ അമൽ അനുസരിച്ചു.

റേഡിയോ ജോക്കി എന്നു കേൾക്കുമ്പോൾ അടയ്ക്കാ കുരുവിയെയാണ് ഓർമ വരുന്നത്. ഒരിടത്തും അടങ്ങിയിരിക്കാതെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന കുരുവി. പക്ഷേ, ഷിൻസിയെ അങ്ങനെ അല്ല തോന്നിയത്. മറ്റുള്ളവരുടെ മുഖത്തേക്കു തിരിച്ചുവച്ച കണ്ണാടിയാണ്. മറ്റുള്ളവരുടെ സങ്കടത്തിലും സന്തോഷത്തിലും കൂട്ടുവരുന്ന ഒരാൾ. ശ്വാസംമുട്ടൽ ശബ്ദത്തെ പിടിച്ചു ഞെരിക്കുന്നുണ്ട്. മുരടനക്കി പറഞ്ഞു തുടങ്ങി.

ജനലിലൂടെ ഞാൻ ഇങ്ങനെ നോക്കിയിരിക്കുമ്പോൾ തൂക്കണം കുരുവികളുടെ നാലു കൂടുകൾ തീപ്പെട്ടിമരത്തിന്റെ കമ്പിൽ തൂങ്ങിക്കിടക്കുന്നുണ്ട്. ആൺകിളിയാണ് ഈ കൂടുകൾ മുഴുവൻ ഉണ്ടാക്കിയത്. ഇണകൂടുന്നതിനു മുമ്പു കണവന്റെ വീടുണ്ടാക്കൽ വൈഭവം പെൺകിളി ചുറ്റിപ്പറന്നു നോക്കും. ഓരോ കൂട്ടിലും കയറിയിറങ്ങി, മുട്ട ഇടാനും അടയിരിക്കാനും കൂട്ടിൽ പറ്റുമോ എന്നും നോക്കും. കൂട് ഇഷ്ടമായെങ്കിൽ മാത്രമേ ആൺകിളിയെ പെൺകിളി കൂട്ടുകാരനാക്കൂ.

പക്ഷേ, മനുഷ്യന്മാർക്കിടയിൽ കൂടും കുട്ടിയുമായി കഴിയുമ്പോഴാണ് പുതിയ വീടിനെക്കുറിച്ചു ചിന്തിക്കുന്നത്. എന്നെപ്പോലെ ചില കിളികൾക്കു കൂട് ഉണ്ടാക്കിക്കൊടുക്കാൻ മാത്രമാണ് വിധി. ഞങ്ങൾ ഉണ്ടാക്കിയ കൂട്ടിൽ ഞങ്ങളുടെ കൂടപ്പിറപ്പും അവരുടെ ഭർത്താവും കുട്ടികളുമൊക്കെയാണു താമസം.

നാല് അനിയത്തിമാരെ രക്ഷപ്പെടുത്താനാണു കടൽ കടന്നത്. ഓരോരുത്തരുടെയും പഠനവും വിവാഹവും പേറും കഴിഞ്ഞപ്പോൾ കൊറോണ വന്നു; ഈ കിളിയുടെ ജോലിയും പോയി.

കൊറോണ നെഗറ്റീവ് ആയാലും ഏഴു ദിവസം റൂം ക്വാറന്റീൻ വേണം. ആശുപത്രി വിട്ടാലും മറ്റെവിടെയെങ്കിലും താമസിക്കാമോ എന്നാണ് ഒരു അനിയത്തി ചോദിക്കുന്നത്.

സ്വന്തമായി ജോലിയോ വീടോ ഇന്നില്ല. ഇനിയിതൊക്കെ ആദ്യം മുതൽ ഉണ്ടാക്കാനുള്ള വഴി തെളിയുന്നുമില്ല. ഇങ്ങനെ വഴിമുട്ടിപ്പോകുന്ന ആദ്യ പ്രവാസിയല്ല എന്നറിയാം.

സ്വന്തം ആഗ്രഹത്തിനു കൂടി വേണ്ടി പണിയെടുത്തില്ലെങ്കിൽ ചുറ്റുമുള്ളവർ നിങ്ങളെ എടിഎം മെഷീൻ ആക്കി മാറ്റും. മറ്റുള്ളവരുടെ ആഗ്രഹത്തിനായി സ്വന്തം ഇഷ്ടം ബലികൊടുക്കുന്നവർക്ക് ഒറ്റപ്പെടലിന്റെ ഉപ്പുനീരായിരിക്കും കുടിക്കേണ്ടി വരിക. ഈ ആശുപത്രിയിൽ നിന്നു തൽക്കാലത്തേക്കാണെങ്കിൽ പോലും എവിടേക്കു മാറിനിൽക്കണം എന്ന് ഒരു തിട്ടവുമില്ല.

വാക്കുകളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. സമത പൊട്ടിപ്പൊട്ടി കരഞ്ഞുപോയി. അമൽ ഫോൺ കട്ട് ചെയ്തു. കൂടൊരുക്കിയ ആൺകിളി മരക്കൊമ്പിൽ ഇരുന്നു ചിലച്ചു കൊണ്ടേയിരുന്നു.

വീടില്ലാത്തതിനാൽ കൊറോണ നെഗറ്റീവ് ആകരുതേ എന്ന പാപ്പുച്ചേട്ടന്റെ പ്രാർഥന ദൈവം കേട്ടില്ല. ദൈവം ചിലപ്പോൾ ചെകിടനാണെന്ന് ഓർക്കുമ്പോൾ ഷിൻസിയുടെ ഫോൺ വീണ്ടും റിങ് ചെയ്യുന്നു.

പ്രോഗ്രാം ലൈവ് ആയിരുന്നു എന്നും സമതയുടെ സങ്കടം കേട്ട് എലിൻ കൺസ്ട്രക്‌ഷൻ പണിയുന്ന ഫ്ലാറ്റുകളിൽ ഒന്ന് സമതയ്ക്കു നൽകാമെന്ന് അവർ അറിയിച്ചെന്നും അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

സമതയ്ക്കോ അമലിനോ വിശ്വസിക്കാൻ പറ്റിയില്ല. മാസ്ക് മാറ്റി രണ്ടു പേരും ചിരിച്ചു... ചിരി സമതയ്ക്കു കരച്ചിലായി മാറി.

കണ്ണീരു തുടച്ചുകൊണ്ട് ഒരു കാര്യം കൂടി ഓർമിപ്പിച്ചു. ‘‘പാപ്പുച്ചേട്ടനും വീട് ആയി എന്നു പറ‍ഞ്ഞേക്കൂ’’. 

Content Summary : Ellayipozhum Negativayirikatte - Short story by D. Dhanasumodh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com