സംസാരിക്കാൻ പോലും കഴിയാത്ത പാവം മനുഷ്യൻ; മക്കൾക്ക് എങ്ങനെ തോന്നി ഉപേക്ഷിക്കുവാൻ?

melvilasam-nashttapettavan-short-story-by-suni-shaji
Representative Image. Photo Credit: Chris Piason / Shutterstock.com
SHARE

മേൽവിലാസം നഷ്ടപ്പെട്ടവൻ (കഥ)

സംസാരിക്കാൻ പോലും കഴിയാത്ത പാവം മനുഷ്യൻ; മക്കൾക്ക് എങ്ങനെ തോന്നി ഉപേക്ഷിക്കുവാൻ?

വറ്റി വരണ്ട തന്റെ ചുണ്ടുകൾ ആയാസപ്പെട്ട് തുറക്കുമ്പോൾ അയാളുടെ വായിലേയ്ക്ക് പതിവുപോലെ കഞ്ഞി കോരി കൊടുത്തു കൊണ്ട്, സ്പൂൺ കുത്തിയിറക്കിയില്ല മരുമകൾ സുനന്ദ. മുറുമുറുപ്പും,ദേഷ്യമൊന്നുമില്ലാതെ ഒരു ചെറു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ച് അവൾ പറഞ്ഞു - ദാ...ഇതുകൂടി...

ഏറെ നേരമായി അടക്കിവച്ച വിശപ്പ് കൊണ്ട് അയാൾ ആർത്തിയോടെ അത് മുഴുവനും കുടിച്ചു...

അപ്പോഴും തന്റെ ചെവികൾ വട്ടം പിടിക്കുകയായിരുന്നു രാഘവൻ.

‘കിഴവന്റെ ആക്രാന്തം...’ എന്ന പതിവ് പല്ലവിയ്ക്കായി.

ചുണ്ടിൽനിന്നും ഇറ്റുവീണ വഴു വഴുത്ത കഞ്ഞി വെള്ളം തുടച്ചു മാറ്റുമ്പോഴും ശാപവാക്കുകൾ ചൊരിഞ്ഞില്ലയവൾ.

അന്തം വിട്ട് തന്റെ മരുമകളെ നോക്കുകയായിരുന്നു രാഘവനപ്പോൾ.

എല്ലാവരും വീട്ടിൽ എത്തിയിട്ടുണ്ടെന്നും എന്തോ ആഘോഷം നടക്കുന്നുവെന്നും അയാൾ ഊഹിച്ചു.

തനിക്ക് ചുറ്റും ഓടിക്കളിക്കുന്ന കൊച്ചുമക്കളെ കൈയാട്ടി വിളിക്കണമെന്നും, സംസാരിക്കണമെന്നും അയാൾ

ആഗ്രഹിച്ചു. പക്ഷേ...ജീവിതത്തിന്റെ പാതിവഴിയും നടന്നു തളർന്നു വീണവന്റെ വേദന ആര് കാണാൻ.

ശരീരത്തിന്റെയും നാവിന്റെയും ചലനശേഷി നഷ്ടപ്പെട്ട് നിർവികാരനായി കിടക്കുകയാണ് രാഘവൻ.

ഭാര്യ സരസ്വതി മരിച്ചിട്ട് രണ്ടു വർഷമായി. മക്കൾ മൂന്നു പേര്. രണ്ടാണും ഒരു പെണ്ണും. അച്ഛൻ ശരീരം തളർന്നു വീണപ്പോൾത്തന്നെ

ഓർമ്മശക്തി നഷ്ടപ്പെടുമെന്ന് പറഞ്ഞു സ്വത്ത്‌ മുഴുവനും ഭാഗം വച്ചിരുന്നു അവർ. അതനുസരിച്ച്... തറവാട് വീതമായി കിട്ടിയ ഇളയമകന്റെ കൂടെയാണ് രാഘവന്റെ താമസം. വീടിന്റെയുള്ളിൽ നിന്നും നല്ല കറികളുടെ മണം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്.

എന്നും വിവിധതരം ഭക്ഷണത്തിന്റെ ഗന്ധങ്ങൾ അവിടെയൊക്കെ നിറയുമെങ്കിലും അയാളുടെ നാവിൽ എന്നും ഒരേ രുചിയായിരുന്നു..!

ഗതകാല സ്മരണയിൽ ഗദ്ഗദങ്ങൾ നിറയുമ്പോൾ അയാൾക്ക് ശ്വാസം മുട്ട് അനുഭവപ്പെടുമായിരുന്നു.

ചുമച്ചും കിതച്ചും വീട്ടിലെ ബഹളത്തിനിടയിൽ അയാൾ,സാവധാനം ഉറക്കത്തിലേക്ക് വഴുതിവീണു.

ഗാഢനിദ്രയിലേക്ക് ആണ്ടു പോകവേ അയാൾക്ക് മുൻപിലൊരു  സ്വപ്നലോകം പിറന്നു.

ഉറക്കത്തിൽ തന്നെ ആരെക്കെയോ എടുത്തു ഉയർത്തുന്നതായും,മേഘങ്ങളിൽ കൊണ്ട് കിടത്തുന്നതായും... ആ മേഘങ്ങൾ പറന്നു പോകുന്നതായും അയാൾ കണ്ടു.  ചുറ്റും നരച്ച പ്രകാശമാണ്. മങ്ങിയ കാഴ്ചകൾ... യാത്രയിലുടനീളം അവർ എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്.

അവ്യക്തമായ  സംസാരങ്ങൾ... ദൂരെനിന്നും കേൾക്കുന്നത് പോലെയായിരുന്നു  ആ സ്വരങ്ങൾ...

ഒഴുകുന്ന വെള്ളത്തിന്റെ മർമ്മരങ്ങൾ പോലെയെങ്കിലും ചിലത് അയാളുടെ കാതുകൾ പിടിച്ചെടുത്തു...

‘വെളുത്ത മുണ്ട് ആണ് നല്ലത്   ആരും തിരിച്ചറിയില്ല...’

‘ഷർട്ട്  ഊരിമാറ്റിയേക്ക്, അതിൽ പേരുണ്ടാവും...’

എന്തൊക്കെയാണ് താൻ കേൾക്കുന്നത്..? ആരാണിവർ..?

കണ്ണുകൾ തുറക്കാനുള്ള അയാളുടെ ശ്രമം വിഫലമായി. പീള കെട്ടിയ കണ്ണുകൾ വല്ലാതെ വേദനിക്കുന്നു. എങ്കിലും അയാൾ തിരിച്ചറിഞ്ഞു തന്റെ ഷർട്ട് ഊരി മാറ്റപ്പെട്ടിരിക്കുന്നുവെന്ന്. കാറ്റു വീശി അടിക്കുന്നുണ്ട്.. ശരീരം വല്ലാതെ തണുക്കുന്നു. കൂടെ വന്നവരുടെ സ്വരം അകലങ്ങളിലേയ്ക്ക് മാഞ്ഞു പോകുന്നത്  അറിഞ്ഞപ്പോൾ...

‘പോവരുത്...എന്നെ തനിച്ചാക്കി പോവരുത്..’ എന്ന് കെഞ്ചിയെങ്കിലും ശബ്ദം പുറത്തു വന്നില്ല. കൈ കാലുകൾ അനക്കാൻ ശ്രമിച്ചുവെങ്കിലും

പരാജയം സമ്മതിക്കേണ്ടിയും വന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കണ്ണ് തുറന്നു രാഘവൻ.

ചുറ്റും നരച്ച പ്രകാശമാണ്. സ്വപ്‌നത്തിൽ കണ്ടത് പോലെതന്നെ...ഒന്നും വ്യക്തമല്ല.

താൻ  എവിടെയാണ് കിടക്കുന്നതെന്നും, എന്താണ് തനിക്കു സംഭവിച്ചതെന്നുമറിയാതെ അയാൾ ഉഴറി.

മരണത്തിലേക്കായിരുന്നോ താൻ ഉറങ്ങിയത്...?

നരച്ച നിറം മെല്ലെ  തെളിഞ്ഞുവരുന്നു... ആരുടെയൊക്കെയോ ആരവങ്ങൾ കേൾക്കുന്നു...

തനിക്ക് ചുറ്റുമൊരു പുരുഷാരം നിറയുന്നത് കണ്ടു അയാളുടെ മിഴികൾ നിറഞ്ഞു.

ബോധം  മറയാത്ത ഓർമ്മയിൽ അയാൾ എന്തൊക്കെയോ പുലമ്പി. തിരിച്ചറിവിന്റെ നിമിഷങ്ങൾ ആയിരുന്നു അത്...

താൻ കിടക്കുന്നത് തെരുവിൽ ആണെന്നും കണ്ടതൊന്നും സ്വപ്‌നം അല്ലായിരുന്നുവെന്നും അറിഞ്ഞ നിമിഷം ആ ഹൃദയത്തിനേറ്റ മുറിവ്

അയാളെ ഭ്രാന്തനാക്കി.

മക്കളെ പേരെടുത്തു ചൊല്ലി വിളിച്ചു അയാൾ..

പക്ഷേ പുറത്ത് വന്നത് അവ്യക്തമായ ചില ശബ്ദങ്ങൾ മാത്രം

‘ദൈവമേ കണ്ടില്ലേ... ഒരു വൃദ്ധനെ ആരോ റോഡിൽ ഉപേക്ഷിച്ചിരിക്കുന്നു...’

‘കഷ്ടം... നാവ് തളർന്നയാൾ ആണല്ലോ...’

നാട് ഏതാണ്...?

പേര് എന്താണെന്ന്...?

വീട്ടിൽ ആരെക്കെയുണ്ട്...?

ആരാണ് ഇവിടെ കൊണ്ട് ഇട്ടത്..?

ചോദ്യങ്ങൾ ഉയരുമ്പോൾ  അയാളുടെ തളർന്നുകിടക്കുന്ന നാവിൻതുമ്പിൽ തടവിലാക്കപ്പെട്ട വാക്കുകൾ ശാപ മോക്ഷം കിട്ടാതെ  തലതല്ലി കരഞ്ഞു...

മനസ്സിൽ നിറയുന്ന കാര്യങ്ങൾ  പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരാളുടെ നിസ്സഹായാവസ്ഥ...

വാക്കുകൾ തൊണ്ടക്കുഴിയിൽ വച്ച് തന്നെ ഭ്രൂണഹത്യ ചെയ്യപ്പെടുന്ന നിമിഷങ്ങൾ.. മനുഷ്യൻ എത്ര നിസ്സാരനാവുന്നു

അയാളിൽനിന്നും പുറപ്പെടുന്ന ശബ്ദങ്ങൾ കേട്ട്  ആളുകൾ പതം പറഞ്ഞു...

‘സംസാരിക്കാൻ പോലും കഴിയാത്ത പാവം മനുഷ്യൻ...’

‘മക്കൾക്ക് എങ്ങനെ തോന്നി... വഴിയിൽ ഇങ്ങനെ ഉപേക്ഷിക്കുവാൻ...’

‘അതും ഈ മഹാമാരി താണ്ഡവ നൃത്തം ചെയ്യുന്ന സാഹചര്യത്തിൽ...’

‘നിരാലംബനായ ഒരു വൃദ്ധനെ തെരുവിൽ ഉപേക്ഷിച്ച മക്കളെത്ര നീചരാണ്...?’

ഫോട്ടോയെടുപ്പും വീഡിയോയെടുപ്പും ആകെ ബഹളം... ഒടുവിൽ പൊലീസും ആരോഗ്യപ്രവർത്തകരുമെത്തി  അയാളെ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ ആശുപത്രി രജിസ്റ്ററിൽ  മേൽവിലാസം നഷ്ടപ്പെട്ട അജ്ഞാതനെന്ന് അയാളുടെ പേര് എഴുതി ചേർക്കപ്പെട്ടു.

Content Summary : Writers Blog - Melvilasam Nashttapettavan, short story by Suni Shaji

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;