ADVERTISEMENT

അമല (കഥ)

പാതിരാത്രിയിൽ ഇരുട്ടിന്റെ മറവിൽ, തണുപ്പിൽ, വലിയ ആഞ്ഞിലിമരത്തിന്റെ മുകളിൽ യക്ഷിയോ പക്ഷിയോ പോലെ ആരും കാണാതെ, പതുങ്ങി, വിറച്ച്, കൊമ്പുകൾക്കിടയിൽ ഒതുങ്ങി, ഉറങ്ങാതെ പകൽവെളിച്ചത്തെ കാത്തിരുന്നപ്പോൾ പതിനാറു വയസ്സുകാരിയായ അമല അച്ഛൻ തരുന്ന സുരക്ഷിതത്വത്തെക്കുറിച്ച് ഓർത്തതേയില്ല. കാരണം അച്ഛനിൽനിന്നും അങ്ങനെയൊന്ന് അനുഭവിച്ചിട്ടേയില്ല.

 

കരിഞ്ചേര പോലുള്ള മീശയ്ക്കടിയിലെ കോഴിക്കൊതം പോലുള്ള വായിൽനിന്നു വമിക്കുന്ന കോഴിത്തീട്ടത്തിന്റെ മണമാണ് അച്ഛന്റെ ഓർമ. ആ മണവും ഉറയ്ക്കാത്ത കാലും ചുവന്ന കണ്ണുകളും എന്നും അമല വെറുത്തു. അമലയുടെ അഞ്ചര വയസ്സിൽ അച്ഛൻ മരിക്കുന്നതുവരെ അമലയെയെന്നപോലെ അമ്മയേയും ഈ മണം അസഹ്യപ്പെടുത്തി. ആന ചിന്നം വിളിക്കുമ്പോലെയായിരുന്നു അച്ഛന്റെ അലർച്ച. അലർച്ചകേട്ടുണരുന്നതും ഉറങ്ങാത്തതുമായ രാത്രികളായിരുന്നു അഞ്ചര വയസ്സുവരെ.

 

വലിയപറമ്പിന്റെ നടുവിലെ ഇത്തിരിവീടായിരുന്നു അമലയ്ക്കു സ്വന്തം. എന്നാൽ സ്വന്തമായിട്ടതു തോന്നിയിട്ടേയില്ല. പറമ്പിൽ നിറയെ മാവും പ്ലാവും തെങ്ങും കവുങ്ങും പേരയും നാരകവും ഒക്കെയുണ്ടായിരുന്നു, ഒരുകാലത്ത്. അച്ഛൻ ഓരോന്നായി വിറ്റു. കയ്യിൽ കിട്ടുന്നതു മുഴുവനും തെക്കേപ്പുറത്തെപാടം കടന്ന് രാജന്റെ ഷാപ്പിലെ മേശയിൽ വീണു. അന്ന് കുഞ്ഞായിരുന്നതുകൊണ്ട് ആഞ്ഞിലി രക്ഷപ്പെട്ടു. അച്ഛൻ പോകാൻ കാത്തിരുന്നതുപോലെ അച്ഛന്റെ മരണശേഷം ആഞ്ഞിലി ആർത്തുപിടിച്ചങ്ങു വളർന്നു. പറമ്പുനിറയെ കിളച്ച് കൃഷി ചെയ്യുമായിരുന്നു അമ്മ. പാവയ്ക്കയും മത്തങ്ങയും വെണ്ടക്കയും വെള്ളരിക്കയുമൊക്കെ നിറഞ്ഞ പറമ്പ്. പക്ഷേ, വിളഞ്ഞുകിടക്കുന്ന ഒന്നിന്റെപോലും സ്വാദ് അമ്മയോ അമലയോ അറിഞ്ഞില്ല. അതൊക്കെ അങ്ങാടിയിലെ ഏതോ കടയിൽ ആർക്കോവേണ്ടി കാത്തിരുന്നു. മൂപ്പെത്തിയോയെന്ന് അമ്മയും അമലയും നാളുകളെണ്ണി കൊതിച്ച് കാത്തിരിക്കുമ്പോൾ അച്ഛൻ അരിവാളുമായി ഇറങ്ങും. പിന്നെ പൂരമാണ് അമ്മയും അച്ഛനും. ഒടുവിൽ അച്ഛന്റെ മീശ ചിരിക്കും.

 

അച്ഛൻ ശല്യമെന്നതിനേക്കാൾ പരാജയമായാണ് അഞ്ചര വയസ്സിൽ അമലയ്ക്കു തോന്നിയത്. അച്ഛൻ ഇല്ലാതാകുന്ന നാളുകളിലെ സ്വർഗ്ഗമായിരുന്നു അമലയുടെ സ്വപ്നം. കൃഷിചെയ്യാനുള്ള താത്പര്യം അമ്മയിൽനിന്നു പൂർണ്ണമായും വിട്ടൊഴിഞ്ഞു. പറമ്പ് മുഴുവനും കളകൾ മുളച്ചുപൊന്തി ആനകേറിയാൽ കാണാത്തവിധത്തിലായി. പൊക്കപ്പുല്ലുകൾക്കിടയിലൂടെ പാമ്പുകൾ പുളഞ്ഞുനടക്കുന്നതായി അമലക്കു തോന്നി. ഇത്തിരിവീടും കുഞ്ഞുമുറ്റവുമൊഴിച്ചാൽ ബാക്കിയുള്ളിടത്തേക്കു നോക്കാൻപോലും അമലയ്ക്കു പേടിയായി. പേരയിലും മാവിലും കയറി പേരയ്ക്കയും മാങ്ങയും പറിച്ചു തിന്നുന്നത് അമലയ്ക്കിഷ്ടമായിരുന്നു. തെങ്ങിൽക്കയറി ചിലപ്പോൾ തേങ്ങയുമിട്ടിട്ടുണ്ട്. അതുകണ്ട് അമ്മ അന്തം വിട്ടുനിന്നതും അമലയ്ക്കോർമവന്നു. അച്ഛനെ കാണാതിരിക്കാൻ പ്ലാവിന്റെ മുകളിൽക്കയറി അമല ഇരിക്കുമായിരുന്നു. അച്ഛൻ അമലയെ ശ്രദ്ധിക്കപോലുമില്ല. അങ്ങനെയൊരാൾ അവിടെയുള്ളതായി അച്ഛനറിയാത്തപോലെ. അച്ഛന്റെ നോട്ടം മുഴുവനും അമ്മയുടെ പണസൂക്ഷിപ്പുള്ള കുപ്പികളിലും പാത്രങ്ങളിലുമായിരുന്നു, അച്ഛൻ വീട്ടിൽ വരുന്നതുതന്നെ അങ്ങനെ എന്തോ തിരയാനായിരുന്നു. 

 

ഒരു രാത്രി ഞെട്ടിയുണർന്ന അമലയ്ക്കു സഹികെട്ടു. അഞ്ചര വയസ്സുവരെ പിടിച്ചുനിന്ന ദേഷ്യവും വെറുപ്പും പുറത്തുചാടി. ബഹളംതന്നെ ബഹളം. അമ്മയെ കുനിച്ചുനിർത്തി അച്ഛൻ തൊഴിക്കുകയാണ്. ‘ഒന്നു നിർത്തടാ പട്ടീ’ എന്ന് അമല ഒച്ചവച്ചു. അതച്ഛൻ കേട്ടതേയില്ല. പെട്ടെന്ന് അമലയ്ക്കുതോന്നി, ഇതിന്ന് അവസാനിപ്പിച്ചേ പറ്റൂ. അമല രണ്ടും കല്പിച്ച് അടുക്കളയിലേക്കോടി. പഴയ ഒരു ഉലക്ക അവിടെയിരുപ്പുണ്ടായിരുന്നെങ്കിലും അതു പൊക്കാനുള്ള ശേഷി അമലയ്ക്കുണ്ടായിരുന്നില്ല. പിന്നെ കണ്ടത് അമ്മ കറിക്കരിയുന്ന കത്തിയാണ്. കത്തി കയ്യിലെടുത്തു. അന്ന് കറിവച്ച ചാള അറുത്ത മണം കത്തിയിലുണ്ടായിരുന്നു. മൂക്കത്ത് ഒന്നുകൂടി മണപ്പിച്ച് ‘ശ്ശ്ശ്ശോ’ന്നൊരു ഒച്ചയോടെ കത്തിതാഴ്ത്തിപ്പിടിച്ച് അമല അച്ഛന്റെ അടുത്തേക്കോടി. ഒറ്റക്കുത്തിന് വയറിൽനിന്ന് കുടൽമാല പുറത്തുചാടിക്കണം; രാവിലെ മീനറുത്തപ്പോൾ അമ്മ ചാടിച്ചപോലെ.

 

അച്ഛനടുത്തെത്തുന്തോറും അച്ഛന്റെ വായിലെ കോഴിക്കാഷ്ഠ മണം മുറിയിൽനിറഞ്ഞ് തല മുരടിക്കുന്നതായി അമലയ്ക്കുതോന്നി. പിന്നെ അമല കണ്ടത് അച്ഛന്റെ വായ മൂടിക്കെട്ടിയിരിക്കുന്നതാണ്. പിടയുന്ന മുരൾച്ചയോടെ അച്ഛൻ തല വെട്ടിക്കുന്നതും. അച്ഛന്റെ കൈ രണ്ടും കീറിയ പഴയ തോർത്തിട്ട് കെട്ടുകയായിരുന്നു അമ്മ. അച്ഛനെ പൊക്കിയെടുത്ത് കട്ടിലിന്റെ മുകളിലേക്കെറിഞ്ഞത് അമ്മയായിരുന്നില്ല. മറ്റൊരാളായിരുന്നു. അന്നേവരെ കാണാത്തൊരു മുഖം. ആരാണിയാൾ, ഇയാളീ രാത്രിയിലിവിടെ എങ്ങനെവന്നു എന്നൊക്കെ ആലോചിച്ചു നിൽക്കെ ‘എടീ, ആ കാലൊന്നുകൂട്ടിക്കെട്ടടീ ആ സാരിയെടുത്ത്’ എന്നമ്മ വിളിച്ചു പറഞ്ഞു. അച്ഛൻ കാലുവച്ച് എതിർക്കുകയായിരുന്നു. കാലിൽ പിടിച്ചപ്പോൾ കുതറിമാറാൻ അച്ഛൻ ആഞ്ഞു ചവിട്ടുമെന്നാണ് അമല വിചാരിച്ചത്. എന്നാൽ ചവിട്ടാൻ പൊന്തിയ കാല് പതുക്കെ താഴ്ത്തിത്തന്നു അച്ഛൻ. അത് ഇപ്പോളോർക്കുമ്പോൾ അമലയ്ക്കു മനസ്താപം തോന്നി. മകളെ ചവിട്ടാൻ പ്രാണന്റെ പിടയലിനിടയിലും അച്ഛനു മനസ്സുവന്നില്ല. കാല് കൂട്ടിക്കെട്ടിയ അമല ഇനി എന്തുചെയ്യണമെന്ന് നോക്കിനിൽക്കെ ‘ആ തലേണയിങ്ങെടുത്തേ’യെന്ന് അയാൾ വിളിച്ചുപറഞ്ഞു. അതു കേട്ടപാതി അമല തലയിണയെടുത്ത് അയാൾക്ക് എറിഞ്ഞുകൊടുത്തു. അപ്പോഴും അയാൾ ആരാണെന്ന് അമലയ്ക്കു മനസ്സിലായില്ല.

 

എവിടെന്നോ ഞങ്ങളെ രക്ഷിക്കാൻ വന്നൊരാൾ. എങ്ങനെയോ അയാൾ ഇവിടെ എത്തിപ്പെട്ടു. അയാൾ അച്ഛന്റെ മുഖത്ത് തലയിണ അമർത്തിയിട്ട് അമലയോട് അതിൽക്കയറി ഇരിക്കാൻ പറഞ്ഞു. അങ്ങനെ അച്ഛന്റെ മുഖത്തുകയറി അമല ആഞ്ഞാഞ്ഞ് ഇരുന്നു, അഞ്ചര വയസ്സിന്റെ പ്രസരിപ്പോടെ. തലപൊക്കി അച്ഛൻ മകളെ കുടഞ്ഞിടുമെന്നാണ് അമല കരുതിയത്. എന്നാൽ അച്ഛൻ മകളിരുന്നത് ആസ്വദിച്ചു കിടക്കുകയായിരുന്നിരിക്കണം എന്ന് വർഷങ്ങൾ എത്രയോ കഴിഞ്ഞ് പതിനാറാം വയസ്സിൽ പാതിരാത്രിയിൽ മരത്തിന്റെ മുകളിൽ ഇരിക്കുമ്പോൾ അമലക്കു തോന്നി. അച്ഛൻ പിന്നെ അനങ്ങിയതേയില്ല. അന്ന്, അച്ഛൻ മരിച്ചപ്പോൾ തോന്നിയ ഒരാശ്വാസം അമലയ്ക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

 

സാരിയിൽ അച്ഛനെ ഉത്തരത്തിൽ കെട്ടിത്തൂക്കുമ്പോൾ അമ്മ പറഞ്ഞു: ‘നോക്കിനിൽക്കാതെയൊന്നു പിടിക്കടീ.’ അതിലും കുട്ടിക്കാലത്തെപ്പോഴോ എന്തോ വിശേഷത്തിന് അമ്മയെ സഹായിക്കാൻ, ഓട്ടോറിക്ഷയിൽ നിന്നിറക്കിയ ലഡുവിന്റെ പാത്രം പിടിച്ചതുപോലെ അമല അച്ഛനെ പൊക്കാൻ സഹായിച്ചു.

 

കളിപ്പാവ തൂക്കിയിട്ടതുപോലെ അച്ഛൻ തൂങ്ങിക്കിടന്നു. പുറത്ത് ഇരുട്ടും മഴയും. അച്ഛനെ തൂക്കിയിട്ട് കൈയും മുഖവും കഴുകിവന്ന അയാൾ അമ്മയെ നോക്കി ചിരിച്ചു. അമ്മ നാണിച്ചുനിന്നു. അമലയുടെ കുഞ്ഞിക്കവിളിൽ സ്നേഹത്തോടെ തൊട്ടു. ‘ഇന്ന് അങ്കിള് എന്റെ മോൾടെയടുത്ത് കൂട്ടിനു കിടക്കാം എന്താ’ -   അങ്കിൾ ചോദിച്ചു. അമലയ്ക്ക് അത് സന്തോഷമായിരുന്നു. പായ വിരിച്ച് അമ്മയ്ക്കും അമലയ്ക്കും നടുക്ക് അയാൾ കൂട്ടായി കിടന്നു. ക്ഷീണംകൊണ്ട് അമല പെട്ടെന്നുറങ്ങിപ്പോയെങ്കിലും ഇടയ്ക്കിടയ്ക്കുണർന്നു. അപ്പോഴെല്ലാം അമ്മയുടെ ചിരികേട്ടു. എന്തോക്കെയോ പിറുപിറുത്തുകൊണ്ട് അമ്മ മണികിലുക്കും പോലെ ചിരിച്ചു. അമ്മ ചിരിക്കുന്നത് ആദ്യമായി കേൾക്കുകയായിരുന്നു അമല. ആ ചിരി ആസ്വദിച്ച് അമല കിടന്നു. ഇടയ്ക്കിടക്ക് അച്ഛന്റെ സ്നേഹത്തോടെ അയാൾ അമലയെ കെട്ടിപ്പിടിച്ചു.

 

നേരം വെളുത്തപ്പോൾ ഒരു സ്വപ്നം പോലെയായിരുന്നു കാര്യങ്ങൾ. അമ്മയുടെ അലർച്ച കേട്ടാണുണർന്നത്. അമ്മ ലോകം നടുങ്ങുമാറുച്ചത്തിൽ കരയുകയായിരുന്നു. എന്തുപറ്റിയെന്നു വിചാരിച്ച് അമല ചാടിയെഴുന്നേറ്റു. അപ്പോൾ ആളുകൾ വീട്ടിലേക്കോടി വരുന്നുണ്ടായിരുന്നു. സ്വപ്നത്തിലെന്നപോലെ അച്ഛൻ തൂങ്ങിക്കിടന്നു. അച്ഛന്റെ കാലിൽപിടിച്ചു വലിച്ച് അമ്മ കരഞ്ഞു. വന്നവർ വന്നവർ പകച്ചുനിന്നു. ആരൊക്കെയോ ചേർന്ന് അച്ഛനെ നിലത്തിറക്കി കിടത്തി. അക്കൂട്ടത്തിൽ ഇന്നലെ കണ്ടയാൾ ഉണ്ടായിരുന്നില്ല. അയാൾ എവിടെയെന്ന് ഓടിനടന്ന് അമല നോക്കി. എങ്ങും കണ്ടില്ല. അമ്മയുടെ കരച്ചിൽമാത്രം അന്തരീക്ഷത്തിൽ മുഴങ്ങി. ഇടയ്ക്ക് അമ്മ അമലയെ വാരിയെടുത്തു കരഞ്ഞു. അമലയ്ക്ക് ഒരു തുള്ളി കണ്ണുനീർ വന്നില്ല. എന്തിനാണമ്മ കരയുന്നതെന്നും അമലയ്ക്ക് മനസ്സിലായില്ല. ‘പാവം കുഞ്ഞ്, അവളെന്തു പിഴച്ചു അവൾക്കിതു കാണേണ്ടിവന്നല്ലോ’യെന്ന് ഏതോ അമ്മൂമ്മ പറഞ്ഞു. ‘ഈ കൊച്ചിന്റെ കാര്യമെങ്കിലും അവൻ ഓർക്കേണ്ടായിരുന്നോ’ എന്ന് ഏതോ ഒരാൾ ആരോടെന്നില്ലാതെ പറഞ്ഞു. ‘പാവം ഉഷ’ യെന്ന് ഏതോ ഒരാന്റിയും അമ്മയെപ്പറ്റി പറഞ്ഞു. അച്ഛന്റെ ശരീരം ദഹിപ്പിക്കാനെടുത്തപ്പോൾ അച്ഛന്റെ മുഖത്ത് ഉമ്മ വച്ചമ്മ കരഞ്ഞു. അതുകണ്ട് ചില പെണ്ണുങ്ങളും കരഞ്ഞു. അന്നു രാത്രി അയൽവീട്ടിലെ കുഞ്ഞമ്മയും അമ്മായിയും രണ്ടുമൂന്നു പെണ്ണുങ്ങളും അവിടെ കൂട്ടിനു കിടന്നു.

 

അച്ഛന്റെ കർമങ്ങളെല്ലാം നന്നായിട്ടു നടത്തണമെന്നും യാതോരു കുറവും വരരുതെന്നും അമ്മ കരഞ്ഞുകൊണ്ടു വീട്ടുകാരോടു പറഞ്ഞു.

‘ഇത്രേം ദിവസായില്ലേ, ഇനീം നിനക്കു കരച്ചിൽ മാറീല്ലേ മോളേ. ഇനി ഈ കൊച്ചിന് ആരാ ഉള്ളേ നീയല്ലാണ്ട്. മനസ്സിന് ധൈര്യം കൊട് മോളേ’ എന്ന് അമ്മായി വിഷമത്തോടെ പറഞ്ഞു. അതുകേട്ടപ്പോൾ അമ്മയ്ക്ക് കരച്ചിലടക്കാനായില്ല. ‘ഇത്തിരി കുടിക്കുമെങ്കിലും ചേട്ടനായിരുന്നു ഈ വീട്ടിലെല്ലാം. എനിക്കിനി ജീവിക്കണംന്ന് തോന്നണില്ല ചേച്ചീ’ യെന്ന് അമ്മ വിങ്ങി. ‘എന്തിനാ ചേട്ടനിതു ചെയ്തതെന്നെനിക്കിപ്പോഴും മനസ്സിലാവണില്ല ചേച്ചീ’ യെന്നും കരഞ്ഞു. ‘ഇനിയതോന്നും ഓർക്കേണ്ടാ മോളേ’ യെന്ന് അമ്മായിയും സങ്കടപ്പെട്ടു..

 

അച്ഛന്റെ മരണശേഷം വീട്ടിൽനിന്ന് അവസാനത്തെയാളും ഒഴിഞ്ഞുപോകുന്നതുവരെ അമ്മ കട്ടിലിൽ ചുരുണ്ടുകൂടി വിഷമം നടിച്ച് കിടന്നു. ആഹാരം തൊണ്ടയിൽനിന്ന് ഇറങ്ങുന്നില്ലെന്നു പറഞ്ഞ് ആഹാരം കഴിക്കാൻ കൂട്ടാക്കിയില്ല. അതുകണ്ട് പലരും അമ്മയെ സ്നേഹത്തോടെ ഉപദേശിച്ചു. ‘ഒരു കുഞ്ഞുമോളില്ലേ, അതിനു നീയല്ലേയുള്ളൂ. നീയിങ്ങനെ വിഷമിച്ചാൽ അവളുടെ കാര്യം ആലോചിച്ചുനോക്ക്. അവൾക്കു വേണ്ടിയെങ്കിലും നിനക്കിനി ജീവിക്കേണ്ടേ. പോയവര് പോയി യെന്നു വിചാരിക്കാൻ പറ്റില്ലെങ്കിലും ഇനി അങ്ങനെ വിചാരിച്ചല്ലേ പറ്റൂ. അവന്റെ ആത്മാവ് മുകളിലിരുന്ന് നിന്റെ ഈ അവസ്ഥ കണ്ട് സങ്കടപ്പെടുന്നുണ്ടാവില്ലേ. അവന് മോക്ഷം കിട്ടണമെങ്കിൽ നീ സമാധാനിച്ചിരുന്നാലല്ലേ പറ്റൂ’..... ഉപദേശങ്ങൾ ഇങ്ങനെ നീണ്ടു.

 

അതൊക്കെ അന്ന് ഉള്ളിൽ ചിരിയോടെയായിരിക്കണം അമ്മ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളഞ്ഞതെന്ന് അമല മരത്തിന്റെ മുകളിലിരിക്കുന്ന ഈ നിമിഷം ഓർത്തു.

“അവളുടെ സങ്കടം കണ്ടുനിൽക്കാൻ പറ്റണില്ല. എന്തോരു സ്നേഹാ അവൾക്ക് രഘുവിനോട്” എന്ന് അമ്മായി വേറൊരു വല്ല്യമ്മയോട് പറയണകേട്ടു. 

ഒരു ദിവസം അമ്മായി അമ്മയോടു പറഞ്ഞു – “എനിക്കിനി പോകാതെ വയ്യ മോളേ ഇത്രേം ദിവസായില്ലേ ഇനീം നിന്നാൽ അങ്ങേര് കയറുപൊട്ടിക്കും.”  

“ചേച്ചി ഒരാശ്വാസമായിരുന്നു, എങ്കിലും ചേച്ചി പൊക്കോള്ളൂ” എന്നമ്മ മനസ്സില്ലാമനസ്സോടെയെന്നവണ്ണം സമ്മതിച്ചു.

“എന്നാ നീ ഏണീക്ക്. കഞ്ഞി ഞാൻ അടുപ്പത്തു വച്ചിട്ടുണ്ട്. എന്തെങ്കിലും ഒരു കറിയുണ്ടാക്കി ആ കുഞ്ഞിനും കൊടുത്തു കഴിക്ക്”

“ഞാൻ ചെയ്തോള്ളാം, ചേച്ചി പോക്കോ. സമാധാനായിട്ട് പൊക്കോ-“ വിഷമത്തോടെ അമ്മ പറഞ്ഞു.

അമ്മായി പടികടന്ന് പോയിക്കഴിഞ്ഞപ്പോൾ അമ്മയുടെ മട്ടും ഭാവവും അങ്ങട് മാറണ കണ്ടു. ഒരാൾക്ക് ഇങ്ങനെ മാറാൻ പറ്റുമോയെന്ന് അമല ഈ നിമിഷം ഓർത്തു. അന്ന് ഇതെന്നല്ല ഒന്നും തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ലല്ലോ.

 

അടുക്കളയിൽ വന്ന് എന്തൊക്കെയുണ്ടോ അതൊക്കെ വാരിവലിച്ചു തിന്നു. “ആ തള്ള കാരണം എന്റെ കോലംങ്ങട് കെട്ടു” യെന്ന് അമ്മായിയെ കുറ്റം പറഞ്ഞു. “എന്തു ചെയ്താ പോകൂല്ല ശല്യം.”  

അമ്മ കുളിച്ച് പൊട്ടുകുത്തി സുന്ദരിയായി ആരേയോ കാത്തിരിക്കുംപോലെ നിന്നു. 

അമ്മയോട് അപ്പോൾ ചോദിക്കണമെന്നു തോന്നി – “അന്ന് നമ്മളെ സഹായിച്ച അങ്കിളിനെ പിന്നെ കണ്ടില്ലല്ലോ”. പിന്നെ എന്തുകൊണ്ടോ ചോദിക്കേണ്ടെന്നു വച്ചു.

എല്ലാവരും പോയി. അമ്മയും അമലയും മാത്രമായി. വല്ലാത്തൊരു മൂകത.

 

അച്ഛനുള്ളപ്പോൾ ഒച്ചപ്പാടും ബഹളവുമായിരുന്നു രാത്രിയിൽ. അച്ഛന്റെ മരണശേഷം അമ്മായിയുൾപ്പെടെ ആരെങ്കിലുമൊക്കെ രാത്രിയിൽ ഉണ്ടായിരുന്നല്ലോ. ഇന്ന് ആരുമില്ല. അമലയ്ക്ക് ചെറിയൊരു പേടിതോന്നി. അമ്മ ഉത്സാഹവതിയായി കാണപ്പെട്ടു. കിടന്നിട്ട് ഉറക്കം വരുന്നില്ലെന്ന് അമ്മയോടു പലതവണ പറയാൻ ആഞ്ഞതാണ്. അമ്മയുടെ അടുത്തേക്ക് തിരിഞ്ഞുകിടന്നപ്പോൾ അമ്മ ഉറക്കത്തിലെന്നപോലെ അപ്പുറത്തേക്ക് തിരിഞ്ഞുകിടന്നു. ഉറങ്ങുകയാണെങ്കിൽ ശല്യപ്പെടുത്തിയാൽ അമ്മ വഴക്കു പറയും. വേണ്ട. അങ്ങനെ കിടന്നുകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിന്റെ ആഴങ്ങളിലെവിടേയോ ഒരു പരുത്തകൈ അമലയെ കെട്ടിപ്പിടിച്ചു. ഉറക്കത്തിലും ആ കൈ തപ്പിനോക്കി. അമലയ്ക്ക് ആശ്വാസമായി. പേടി എവിടേയോപോയി ഒളിച്ചു. അങ്കിൾ എപ്പഴാ വന്നേ എന്ന് ചോദിക്കണമെന്ന് അമലയ്ക്കുതോന്നി. ഉറക്കം അതിന് സമ്മതിച്ചില്ല. വീണ്ടും ഉറങ്ങിയുറങ്ങിപോകേയും അമല അമ്മയുടെ ഇക്കിളിപ്പെടുത്തുന്ന ചിരികിലുക്കം കേട്ടു. രാവിലെ ഉണർന്നപ്പോൾ അമ്മ തളർന്നുറങ്ങുകയായിരുന്നു, അങ്കിളിനെ കണ്ടില്ല. അമല ചാടിയെഴുന്നേറ്റ് വീടിനു ചുറ്റും നോക്കി. എങ്ങും കണ്ടില്ല. അങ്കിൾ വന്നിരുന്നോ, ഉറക്കത്തിൽ സ്വപ്നം കണ്ടതാണോയെന്നെല്ലാം അമല ആലോചിച്ചു. ഇനി അങ്ങനെ ഒരങ്കിളുണ്ടോ അതും സ്വപ്നമാണോ. ഉണ്ടെങ്കിൽ രാത്രി മാത്രം വരുന്നതെന്ത്യേ. അച്ഛൻ മരിച്ച് ഇത്രേം ദിവസമായിട്ടും ഒരിക്കൽപോലും ആ അങ്കിളിനെ കണ്ടില്ലല്ലോ. ഇതെല്ലാം തോന്നലാണോ. അമ്മ ഉണർന്നാൽ ചോദിക്കുകതന്നെ.

 

അമ്മ ചിരിയോടുകൂടിയാണ് എഴുന്നേറ്റതെങ്കിലും അമലയെ കണ്ടപ്പോൾ ചിരിമാഞ്ഞു. ഇനി ചോദിക്കുന്നത് പന്തിയല്ലെന്ന് അമലക്കും തോന്നി. എന്നാൽ പിന്നത്തെ രാത്രിയിൽ കെട്ടിപ്പിടിച്ച രോമക്കൈ പിടിച്ചുകൊണ്ട് അമല അലറി :. “വെളിച്ചമിട്.”

അങ്കിൾ ഒന്ന് പകച്ചുകാണണം. 

“എന്താ മോളേ” – അമ്മ അതേവരെയില്ലാത്ത സ്നേഹത്തിൽ ചോദിച്ചു. 

“വെളിച്ചമിടാനല്ലേ പറഞ്ഞേ....”

അങ്കിൾ ചാടിയെഴുന്നേറ്റു വെളിച്ചമിട്ടു. അമ്മയ്ക്ക് തടുക്കാനായില്ല. അമ്മ പുതപ്പുവാരിപ്പുതച്ചു.

“അങ്കിളല്ലേ.... മോളു പേടിച്ചോ.... മോള്ടെ അച്ഛനെപ്പോലെ കരുത്യാമതി” -

അങ്കിൾ പറഞ്ഞു തീരുന്നതിനുമുമ്പേ അമല പറഞ്ഞു. – “ങ്ങാ... മതി... ലൈറ്റണച്ച്കിടന്നോ”  - അമലയ്ക്ക് സമാധാനമായി. അങ്കിൾ സ്വപ്നമല്ല.

 

അങ്കിളിനും അമ്മയ്ക്കും ഒന്നും മനസ്സിലായിക്കാണില്ല. അവർ എന്താണാവോയെന്നു വിചാരിച്ച് ലൈറ്റണച്ചു കിടന്നു. കുറേ നേരത്തേക്ക് ഇക്കിളിച്ചിരി കേട്ടില്ല. പിന്നെ ഉറക്കത്തിലെവിടേയോ അമ്മ ചിരിയോടൊപ്പം പിറുപിറുക്കുന്നതു കേട്ടു. അതെന്താണെന്ന് അമലയ്ക്ക് വ്യക്തമായില്ല. എങ്കിലും അങ്കിളിനെ കണ്ട സന്തോഷത്തോടെ അമല ഉറങ്ങിപ്പോയി. ലൈറ്റിട്ട് അങ്കിളിനെ കണ്ടില്ലായിരുന്നെങ്കിൽ നാളെ രാവിലെ അങ്കിൾ ഒരു സ്വപ്നമായിരുന്നോയെന്ന് ചിന്തിക്കേണ്ടിവന്നേനേ അമലയ്ക്ക്.

പുറകേലമ്മൂമ്മയാണ് ഇപ്പോൾ അമലയ്ക്കൊരുകൂട്ട്. അമല വളർന്ന് വലുതായിരിക്കുന്നു. പുറകേലമ്മൂമ്മ എപ്പോഴും പറയും –“കെട്ടിക്കാറായി പെണ്ണിനെ”.

 

അമ്മയ്ക്ക് പുറകേലമ്മൂമ്മയെന്നല്ല ആരേം അത്രയ്ക്കങ്ങട് ഇഷ്ടല്ല. “ഒക്കെ ഒരു ജാതികള്” എന്ന് അമ്മ പറയും. “ആരുമായും അത്ര കൂട്ടുകൂടണ്ട. ഇല്ലാത്തതൊക്കെ പറഞ്ഞെണ്ടാക്കണ വർഗ്ഗങ്ങള്.” 

അച്ഛന്റെ മരണശേഷമുള്ള നാളുകളിലാണ് പുറകേലമ്മൂമ്മയുമായി അമല അടുത്തത്. ഇടയ്ക്ക് പടിഞ്ഞാറെ വേലിക്കൽ കൊണ്ടുതരുന്ന ചക്കയട, ശർക്കര വച്ച കൊഴിക്കട്ട, കായുപ്പേരി.... ഇങ്ങനെ തുടങ്ങി ബന്ധം. ചിലപ്പോൾ വാഴച്ചോട്ടിലിരുന്ന് കൊത്തങ്കല്ലു കളിക്കും. പ്ലാവിന്റെ തടിയൻ വേരിലിരുന്ന് തലയിലെ പേൻ നോക്കിത്തരും. ശ്ശ്ശ്ശ്... ന്നൊരോച്ചയോടെ കിട്ടിയ പേനെ ഇരുതള്ളവിരൽ നഖങ്ങൾക്കിടയിൽ വച്ച് കൊല്ലും. പുഴുത്തുകിടക്കാ തല യെന്നു പറയും. നിന്റമ്മയ്ക്ക് ഇതൊന്നും നോക്കാൻ നോരോല്ലേയെന്നു ചോദിക്കും. ഇതെല്ലാം വേലിനൂണ്ട് അപ്പുറത്തുചെന്നാലേ ഉള്ളെട്ടോ. പുറകേലമ്മൂമ്മ വേലിക്കിപ്പുറത്തേക്കു കടന്നിട്ടേയില്ല. “പണ്ടുമുതലേ അവിടെ മുഴ്വൻ രണ്ടാൾപൊക്കം പുല്ലല്ലേ. അതൊന്ന് വെട്ടാൻ പോലും നിന്റമ്മയ്ക്ക് താൽപര്യോംല്ല. അതെങ്ങന്യാ, വെട്ട്യാൽപിന്നെ ഒന്നും നടക്കൂല്ലല്ലോ. ഞാനെത്ര കണ്ടിരിക്കുന്നു രഘു മരിക്കുന്നതിനുമുമ്പുതന്നെ പുല്ലുകളുടെ ഇളക്കം. എനിക്കെല്ലാം അറ്യാം. നിന്നെ ഒരുത്ത്യേ ഓർത്തിട്ടാ”.- പുറകേലമ്മൂമ്മ പുലമ്പുന്നത് കേട്ടില്ലെന്നു നടിക്കും.

വളർന്ന നാളുകളിൽ പലപ്പോഴും ഇതു കേട്ടിട്ടുണ്ടെങ്കിലും പുറകേലമ്മൂമ്മ ഇത് മറ്റാരോടും പറഞ്ഞിട്ടേയില്ല. എത്ര നല്ല മനസ്സ്. പലരുടെയും, നേരിൽ കണ്ട പല രഹസ്യങ്ങളും പുറകേലമ്മൂമ്മയുടെ മനസ്സിൽ കുന്നുകൂടിക്കിടക്കുകയാണെന്നു തോന്നി. ഒരിക്കൽ പൊട്ടിച്ചാൽ തകർന്നുവീഴുന്ന കുടുംബബന്ധങ്ങളെയോർത്ത് അത് മനസ്സിൽ സൂക്ഷിച്ചു, മരണംവരെയും. രാത്രിയിൽ ഉറങ്ങാൻ കിടന്ന പുറകേലമ്മൂമ്മ നേരംവെളുത്തിട്ടും ഉണർന്നില്ല. സുഖമരണം.

 

പിന്നെ പറയത്തക്ക കൂട്ടൊന്നും അമലയ്ക്കുണ്ടായിരുന്നില്ല. രോഹിണിയായിരുന്നു മറ്റൊരു കൂട്ട്. രോഹിണി കുറച്ചുനാൾമുമ്പ് ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി. അങ്കിൾ വീട്ടിൽ സ്ഥിരതാമസമായി. 

ആദ്യമൊക്കെ നാട്ടുകാരുടെയും വീട്ടുകാരുടെയും പല എതിർപ്പുകളുമുണ്ടായി. അതെല്ലാം അമ്മ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. എന്നെയും എന്റെ മോളെയും അയാൾ പൊന്നുപോലെ നോക്കും ഞങ്ങൾക്കതുമതി എന്നമ്മ ചിലരോടൊക്കെ പറഞ്ഞു. അമ്മ പറഞ്ഞതിലും കാര്യമുണ്ട്. അങ്കിൾ ഒരിക്കൽ സ്നേഹത്തോടെ പറഞ്ഞു അമലയോട്. “മോളേ, ഞാൻ നിന്റെ അങ്കിളല്ല, ഇനി അച്ഛനാണ്, രണ്ടാനച്ഛൻ.” അതു കേട്ടപ്പോൾ അമലയ്ക്ക് അച്ഛന്റെ നഷ്ടം നികന്നതായിതോന്നി. അച്ഛനിൽനിന്നും കിട്ടാത്ത സ്നേഹം രണ്ടാനച്ഛൻ വാരിക്കോരിത്തന്നു. പിന്നെ വീടൊരു സ്വർഗ്ഗമായിതോന്നി. അമ്മയുടെ ഇടയ്ക്കുള്ള ചില മുറുമുറുപ്പുകളൊഴിച്ചാൽ. അത് വകവയ്ക്കേണ്ടെന്ന് രണ്ടാനച്ഛൻ പറയും. അമല വളരുന്തോറും അമ്മയുടെ മുറുമുറുപ്പുകൾ കൂടിവരുന്നുണ്ടെന്ന് അമലയ്ക്കു മനസ്സിലായി.

 

അമ്മ അമലയെ ആ വീട്ടിൽനിന്നു മാറ്റിനിറുത്തുവാനുള്ള ചില കരുക്കളൊരുക്കുന്നുണ്ടെന്നും അത് സമ്മതിക്കരുതെന്നും രണ്ടാനച്ഛൻ പറഞ്ഞു. എന്തിനാണ് അമ്മ അങ്ങനെ ചെയ്യുന്നതെന്ന് അമലയ്ക്ക് മനസ്സിലായില്ല. പിന്നെപ്പിന്നെ കാര്യങ്ങൾ മറ്റൊരുവഴിക്കു പോകുന്നത് അമല മനസ്സിലാക്കി. എവിടേയോ പന്തികേടുതോന്നി.

 

പ്രായത്തിന്റെ പക്വതയിൽ അമല പുറകേലമ്മൂമ്മയുടെ വാക്കുകളോർത്തു. “നിന്റമ്മ ഒരു പൊട്ടിയാണ്. അവളുടെ സുഖത്തിനുവേണ്ടി അവൾ എന്തും ചെയ്യും, എന്തിനും വഴങ്ങും. അവസാനം അതവൾക്ക് പാരയാകും. നീ അവനെ സൂക്ഷിക്കണം നിന്റെ രണ്ടാനച്ഛനെ.” പലപ്പോഴും കുറേ ഉപദേശങ്ങൾ പുറകേലമ്മൂമ്മ തന്നു. അതൊക്കെ അമല ഉള്ളിൽകൊണ്ടു. അതുകൊണ്ട് മാറിവരുന്ന സാഹചര്യങ്ങൾ അമലയ്ക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റി. ഇല്ലായിരുന്നെങ്കിൽ തകർന്നുപോയേനേ.

രണ്ടാനച്ഛൻ ദൈവമാണെന്ന വിചാരത്തിൽനിന്നു ചെകുത്താനാണെന്നു മനസ്സിലാക്കാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല.

 

രാത്രി. വാതിലിൽ മുട്ടുകേട്ടു. അച്ഛന്റെ മരണശേഷം, അമ്മയുടെ നിർബന്ധത്താൽ അമല അടുക്കളയിൽ കിടപ്പുതുടങ്ങി. അടുക്കള വാതിൽ അത്ര ഉറപ്പുള്ളതല്ല. വാതിൽ തുറന്നപ്പോൾ രണ്ടാനച്ഛൻ.

“മോളേ നിനക്കു പേടിയാകുന്നുണ്ടോ”

“ഇല്ല”

“എനിക്കങ്ങനെ തോന്നി. കിടന്നിട്ട് ഉറക്കം വന്നില്ല. അമ്മ നല്ല ഉറക്കാ. ഞാൻ മോള്ടെ അടുത്തുകിടക്കാം”

“വേണ്ട... അമ്മേടടുത്തു കിടന്നാമതി” – അമല, അലറിയോയെന്നു തോന്നി. കുഴപ്പമില്ല, ഇത്തിരി അലറണം എന്നും തോന്നി.

“ശരി മോളേ... പേടിയില്ലെങ്കി മോളുകിടന്നോ.”

ഒന്നും സംഭവിക്കാത്തപോലെ രണ്ടാനച്ഛൻ പോയി.

പിറ്റേന്നും അതുപോലെതന്നെ അദ്ദേഹം വന്നു തിരിച്ചുപോയി. 

 

ഇതു കൂടുതൽ അപകടത്തിലേക്കാണെന്ന് അമലയ്ക്കു മനസ്സിലായി. അതുകൊണ്ടാണ് അമല രണ്ടുദിവസമായി രാത്രിയിൽ ഇങ്ങനെയൊരു സാഹസത്തിനു പുറപ്പെട്ടത്. ഊണുകഴിഞ്ഞ് അടുക്കളയിൽ കിടക്കുന്നതിനായി വാതിലടച്ച് പുറവാതിൽ തുറന്ന് പുറത്തേക്കിറങ്ങും. അച്ഛൻ മരിച്ചതിനുശേഷം വളർന്നു പന്തലിച്ചു നിൽക്കുന്ന ആഞ്ഞിലിമരത്തിലേക്കു പിടിച്ചുകയറും. മരത്തിനു മുകളിൽ അങ്ങനെ ഇരിക്കുമ്പോൾ അമലയ്ക്കു തോന്നി, അച്ഛന്റെ ആത്മാവും കൂടെ ഇരിക്കുന്നുണ്ടെന്ന്. അപ്പോൾ ഇത്തിരി ധൈര്യമൊക്കെ കിട്ടും.

 

ആഞ്ഞിലിമരത്തിന്റെ കൊമ്പുകളിൽ ഇലകൾക്കിടയിലാണ് ആദ്യം ഇരുട്ടുചേക്കേറുന്നതെന്ന് അമല കണ്ടിട്ടുണ്ട്. കട്ടപിടിച്ച ഇരുട്ട് പകൽ വന്നാലും അവിടുന്ന് പോകില്ല. കൊമ്പുകൾ തമ്മിൽപോലും കാണാത്ത ഇരുട്ട്. സ്വന്തം കാലും കയ്യും തപ്പിനോക്കിയാലേ കാണൂ. ആ ഇരുട്ടിൽ ഒരിലയനക്കം. ഉള്ളൊന്നു കിടുങ്ങി. പാമ്പുകൾ ഇണചേരുകയാണോ. എന്തോ തൊട്ടു അമലയെ. ഞെട്ടിത്തരിച്ചപ്പോൾ അടക്കിയ ശബ്ദം.

 

“മോൾക്ക് പേടിയാകണ്ടായെന്നു വിചാരിച്ചു വന്നതാ. അങ്കിളിനെ, അല്ല, രണ്ടാനച്ഛനെ കെട്ടിപ്പിടിച്ച് ഇരുന്നോ.”

 

കയ്യിലിരുന്ന കറിക്കത്തി പ്രയോഗിക്കാൻ അമലയ്ക്കൊട്ടും ആലോചിക്കേണ്ടിവന്നില്ല. മുകളിൽനിന്ന്, തേങ്ങയോ ചക്കയോ ഇടുമ്പോലെ തള്ളി നിലത്തേക്കിട്ടു.നിലത്തുവീഴുന്ന ശബ്ദം ശരിക്കും കേട്ടു.

പെട്ടെന്ന് അമല ഇറങ്ങി. വളർന്നുനിന്ന പുല്ലുകൾക്കിടയിലൂടെ ഓടി. പാടവും പറമ്പും പുഴയും മലയും കടന്ന് ഓടി.എങ്ങോട്ടാണ് ഓടിപ്പോയതെന്ന് ഇതേവരെ ആർക്കും അറിയില്ല.

 

English Summary: Amala, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com