‘എന്റെ കൊറോണപുണ്യാളാ, ഈ സൂക്കേടു വരുത്തി എന്നെക്കൂടെ അങ്ങെടുത്തോണേ’ ചിത്രഗുപ്തനെ ഞെട്ടിച്ച അഭ്യർഥന

elderly-woman-sad-look-closeups
Representative Image. Photo Credit : yevgeniy11 / Shutterstock.com
SHARE

സ്പോട്ട് ഡിസിഷൻ (കഥ)

മെസേജുകളുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. ഈയിടെയായി എന്നും ഇതുതന്നെയാണ് അവസ്ഥ. തിരക്കോടു തിരക്ക്. പക്ഷേ എത്ര തിരക്കായാലും അന്നന്നത്തെ മെസേജുകളിലൂടെ ഒന്നോടിച്ചുനോക്കിപ്പോകണമെന്ന് നിർബ്ബന്ധമുണ്ട്. ഡീറ്റെയ്ൽഡായ വായനയൊന്നും നടക്കില്ല. കൂടുതലും റിക്വസ്റ്റുകളാണ്; സ്വന്തം ആവശ്യത്തിനും വളരെ അടുത്ത ബന്ധുക്കൾക്കും ഒക്കെ വേണ്ടിയുള്ളവ. താങ്ക്സ് പറഞ്ഞുകൊണ്ടുള്ള വളരെ കുറച്ചെണ്ണവും കാണും.

അങ്ങനെ നോക്കി വരുമ്പോഴാണ് ഒരു മെസേജിൽ കണ്ണുടക്കിയത്. 

‘‘എന്റെ കൊറോണപുണ്യാളാ...’’ എന്ന തുടക്കം കണ്ടപ്പോൾത്തന്നെ കരുതി ഇന്ററസ്റ്റിംഗ് ആണല്ലോ! കൊറോണ ഇതെപ്പം പുണ്യാളനായി? (അതു പിന്നെ പണ്ടേയുള്ള ഒരു ശീലമാണല്ലോ.....)

‘‘ഈ സൂക്കേടു വരുത്തി എന്നെക്കൂടെ അങ്ങെടുത്തോണേ.. ’’

ചിത്രഗുപ്തൻ എന്ന ഞാൻ കൂടി മലച്ചു പോകുന്ന ഈ അഭ്യർത്ഥന ആരുടേതാണാവോ? ഈ കിടക്കുന്ന റിക്വസ്റ്റുകൾ മുഴുവൻ അസുഖം വരാതിരിക്കാനോ മരിക്കാതിരിക്കാനോ ഉള്ളതാണ്. അപ്പോഴാണ് ഇങ്ങനെ ഒന്ന്.....

ഒരു ക്ലിക് പോലും വേണ്ട, വെറുതെയൊന്നു വിചാരിച്ചാൽ തന്നെ ആളുടെ ഡീറ്റെയ്ൽസ് മുഴുവനും മുന്നിൽ കാണാം; വിത് ലൊക്കേഷൻ ആൻഡ് പ്രസൻറ് കണ്ടീഷൻ. പ്രപഞ്ചമുണ്ടായകാലം മുതൽ ഇവിടെ ഇങ്ങനെയാണ്. ഇവിടെ എന്നു പറഞ്ഞാൽ ഈ പരലോകത്ത്. ഭൂമിയിൽ ഈ കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ഇന്നലെ വന്നതായിട്ടും നിങ്ങൾ മനുഷ്യർക്ക് എന്താ ഒരു അഹങ്കാരം! നിങ്ങളുടെ വിചാരം ചിത്രഗുപ്തനിപ്പോഴും  വലിയൊരു നോട്ടുപുസ്തകം തുറന്നു വച്ച് കണക്കു കൂട്ടിക്കൊണ്ടിരിക്കുകയാണെന്നാണ്. അതിന് ഒരു പേരുമിട്ടിട്ടുണ്ട് - ‘ആയുസ്സിന്റെ കണക്കുപുസ്തകം!’ അങ്ങനെയായിരുന്നെങ്കിൽ ഈ കോടാനുകോടി ജീവജാലങ്ങളുള്ളിടത്ത്, ആരെങ്കിലും മനസ്സിൽ വിചാരിക്കുന്ന മാത്രയിൽ ഇവിടെ വിവരം കിട്ടുമായിരുന്നോ! ഓരോരുത്തരുടെയും വിവരങ്ങൾ നോക്കിവരുമ്പോൾത്തന്നെ എത്രകാലം എടുക്കുമായിരുന്നു! വിവരമില്ല, മണ്ടൻമാർ....

അല്ലെങ്കിലും  ബുദ്ധിരാക്ഷസന്മാരെന്നു സ്വയം കരുതുന്ന നിങ്ങളീ മണ്ടന്മാരു കാരണമാണല്ലോ ഇപ്പോഴത്തെ അവസ്ഥ വന്നുഭവിച്ചത്! എന്തു മനോഹരമായ ഗ്രഹമായിരുന്നു ഈ ഭൂമി! പ്രപഞ്ചഗോളങ്ങളിൽ ഏറ്റവും സുന്ദരവും ഫലഭൂയിഷ്ഠവുമായത്. മനുഷ്യനെന്നു പറയുന്ന ജീവികളെ ഇതിലേക്കു ജീവിക്കാൻ സൃഷ്ടിച്ചു വിട്ടതേ അബദ്ധമായി. പരസ്പരം കൊന്നും കൊലവിളിച്ചും പോരാഞ്ഞ് മണ്ണും വെള്ളവും പാറയും അന്തരീക്ഷവും വരെ കൊള്ളരുതാത്തവന്മാര് നശിപ്പിച്ചു. ഇപ്പോൾ മറ്റു ജീവജാലങ്ങളുടെ നിലനിൽപ്പുപോലും അപകടത്തിലായി. അതൊന്നും പോരാഞ്ഞ് മറ്റ് ആകാശഗോളങ്ങളിലും കൈവച്ചു തുടങ്ങിയത് പൊറുക്കാൻ പറ്റില്ല.

അന്നേ എന്റെ മുൻഗാമികൾ സ്രഷ്ടാവിനോട് (അതേ നിങ്ങളുദ്ദേശിച്ച ആൾ തന്നെ, എന്റെ ബോസ്, സാക്ഷാൽ ദൈവം ) പറഞ്ഞതാണ് ‘ഇവറ്റോള് പണിയാവും, വേണ്ട കേട്ടോ’ എന്ന് . എവിടെ കേൾക്കാൻ? ‘‘അന്നേരം വഴികണ്ടോളാം’’ എന്നായിരുന്നു മറുപടി. തിരുവായ്ക്ക് എതിർവാ ഇല്ലല്ലോ. അവര് വായടച്ചു.

 --നിങ്ങളോർക്കുന്നപോലെ ഈ ‘ചിത്രഗുപ്തൻ’, ‘യമധർമ്മൻ’ അഥവാ ‘കാലൻ’ ഇതൊന്നും ഞങ്ങളുടെ സ്വന്തം പേരല്ല. അതൊക്കെ സ്ഥാനപ്പേരുകളാണ്, നിങ്ങൾ പ്രസിഡന്റ്, അംബാസിഡർ എന്നൊക്കെ പറയുന്ന പോലെ... കാലാകാലങ്ങളിൽ ഓരോരുത്തർ മാറിമാറി വരും. ഭൂമീന്നു കൊണ്ടു പോകുന്നവരിൽ അനുയോജ്യരായ അപൂർവ്വം ചിലരെയൊക്കെ ഇങ്ങനത്തെ പോസ്റ്റുകളിലേക്ക് പരിഗണിക്കും. ഇവിടെ ഏകാധിപത്യ ഭരണമാണെങ്കിലും അവശ്യ സന്ദർഭങ്ങളിൽ അത്യാവശ്യം സ്വാതന്ത്ര്യമൊക്കെ അനുവദിച്ചുകിട്ടുന്ന കൊണ്ട്, ചില അഭിപ്രായ വ്യത്യാസങ്ങളൊക്കെ തോന്നിയാലും വലിയ കുഴപ്പമില്ലാതെ പോകുന്നു. നിങ്ങളെപ്പോലെ ജനാധിപത്യവും പാർട്ടിയും യൂണിയനുമൊക്കെ ആയിരുന്നെങ്കിൽ എന്നേ അടിച്ചു പിരിഞ്ഞ് പ്രപഞ്ചപരിപാലനം ഒരു വഴിക്കായേനേ!!

കാര്യങ്ങളൊക്കെ ഒരു വിധം സ്മൂത്തായി അങ്ങനെ  പൊയ്ക്കോണ്ടിരിക്കുകയായിരുന്നു. മുകളിൽ നിന്നു കിട്ടുന്ന ഓർഡർ അനുസരിച്ചുള്ളവരുടെ ലിസ്റ്റ് ഉണ്ടാക്കി അവരെ മാത്രം കൊണ്ടുവരാൻ ആളെ അയച്ചാൽ മതിയായിരുന്നു. വലിയ തിരക്കൊന്നുമില്ല. അപ്പോഴാണ് നിങ്ങളിങ്ങനെ പൊറുതിമുട്ടിക്കുന്നത്. നിങ്ങളുടെ മാത്രമല്ലല്ലോ, മറ്റു ജീവജാലങ്ങളുടെയും, ഭൂമി മുതൽ എല്ലാ പ്രപഞ്ചഗോളങ്ങളുടെയും, പരാതി കൂടി ഇവിടെ പരിഗണിക്കപ്പെടുമെന്ന് നിങ്ങളോർത്തില്ല! അതാ ഞാൻ നിങ്ങളെ ‘മണ്ടൻമാരെ’ന്നു വിളിച്ചത്. അതു മാത്രമല്ല, ഒരുപാട് കാര്യങ്ങൾ വേറെയുമുണ്ട് - അതൊക്കെ വഴിയേ മനസ്സിലാകും.....

‘അന്നേരം വഴി കണ്ടോളാം’ എന്നു പറഞ്ഞില്ലേ? വഴി കണ്ടു. എല്ലാം പെട്ടെന്നായിരുന്നു. ഒരു കമ്മറ്റി രൂപീകരിക്കപ്പെട്ടു. (നിങ്ങൾ വേണമെങ്കിൽ നിങ്ങൾക്കു പരിചയമുള്ള പേരിൽത്തന്നെ വിളിച്ചോ ‘കൊറോണ കമ്മറ്റി’ എന്നോ മറ്റോ.... ഞങ്ങൾക്കിവിടെ തസ്തികകൾക്കല്ലാതെ ഒന്നിനും പേരില്ല; ആളുകൾക്കു പോലും. ചില നമ്പരുകളും സിംബലുകളും ഒക്കെയേ ഉള്ളു.) ടാസ്കും കൊടുത്തു. കുറഞ്ഞ സമയം-കൂടുതൽ ടാർഗറ്റ്! ഇവിടുന്നു പുതിയതായി ഒന്നും അങ്ങോട്ടു വിട്ടിട്ടില്ല. മനുഷ്യരുടെ തലയിലുദിച്ച നശീകരണ പദ്ധതി അവരുടെ ഇടയിൽത്തന്നെ ഇട്ടുകൊടുത്തു; അത്രേയുള്ളു. ഇപ്പം ദേ സർവ്വജീവജാലങ്ങളുടെയും അധികാരിയായി സ്വയം പ്രഖ്യാപിച്ച് അഹങ്കരിച്ച് അടക്കിഭരിച്ചും തടവിലിട്ടും ജീവിച്ചവൻ, ജീവിയെന്നുപോലും പറയാൻ കഴിയാത്ത ഒരു സൂക്ഷ്മാണുവിനെ പേടിച്ച് മൂക്കും വായുമെല്ലാം മൂടിക്കെട്ടി വീട്ടിനുള്ളിൽ സ്വയം തടവിലിരിക്കുന്നു!! എന്തൊരു വിരോധാഭാസം! ‘വാളെടുത്തവൻ വാളാൽ’ എന്നു നിങ്ങൾതന്നെയാണല്ലോ പറഞ്ഞുവച്ചതും!  ഞങ്ങൾക്ക് മാക്സിമം ആത്മാക്കളെ ഇവിടെ കൊണ്ടുവരിക, അവരെ മാനേജ് ചെയ്യുക ഇതൊക്കെയാണ് ഡ്യൂട്ടി. 

പറയുന്നതുപോലെ അതത്ര എളുപ്പമല്ല. മുമ്പ് ഏതാനും തവണ ഇങ്ങനത്തെ ഓവർലോഡ് അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇത് അതുക്കും മേലെയാണ്. ഇത്രയധികം പേർക്കുള്ള സംവിധാനങ്ങൾ ഒരുക്കണ്ടേ? ഒരു നിമിഷം ഒഴിവില്ലാത്ത തിരക്ക്. അഡീഷണലായി കുറച്ചധികം സ്റ്റാഫിനെ വയ്ക്കേണ്ടി വന്നു. എനിക്കും കിട്ടി രണ്ടു മൂന്ന് അസിസ്റ്റന്റുമാരെ. അതിലൊരുത്തനാണെങ്കിൽ മിടുമിടുക്കൻ. ഒന്നുമങ്ങോട്ട് പറയേണ്ട, മനസ്സറിഞ്ഞു ചെയ്തോളും. യമധർമ്മനുമുണ്ട് ഇഷ്ടം പോലെ അസിസ്റ്റന്റുമാർ. എല്ലായിടത്തും എത്തണ്ടേ?  

ഇഷ്ടം പോലെ ഫ്രണ്ട്സ് പുതിയതായി വന്നുചേർന്നകൊണ്ട് പോത്തും ഹാപ്പിയാണ്. പോത്തിനു പിന്നെ ഈ ജോലി പണ്ടേ ഇഷ്ടമാണ്. കാരണം പുള്ളിക്കു മനുഷ്യരോട് ഇത്തിരി വിരോധം കൂടുതലാണ്. പോരെങ്കിൽ ഈയിടത്തെ വർദ്ധിച്ച കൊലയും ബീഫ് വിവാദവും ഒക്കെക്കൂടി അതങ്ങു പെരുപ്പിച്ചുകളഞ്ഞു! ആ വിരോധം തന്നെയാണ് അതിന്റെ ഇന്ധനവും. അതേതായാലും നന്നായി ! നിങ്ങടെ നാട്ടിലെപ്പോലെ വല്ല പെട്രോളോ ഡീസലോ അടിക്കേണ്ട വാഹനമായിരുന്നെങ്കിൽ ഞങ്ങൾ പണ്ടേ പൂട്ടിക്കെട്ടിപ്പോയേനേ! 

ശ്ശെ, മെസേജ് ആരുടെയാണെന്നു നോക്കിയില്ലല്ലോ.....

അതൊരു അമ്മച്ചീടെ പ്രാർത്ഥനയായിരുന്നു. വേറെങ്ങുമല്ല, നിങ്ങടെ നാട്ടിൽത്തന്നെ - കൊച്ചുകേരളത്തിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന - അറുപത്തിമൂന്നുകാരി ഒരമ്മച്ചി. അമ്മച്ചീടെ ഡീറ്റെയ്ൽസെല്ലാം കണ്ടുകഴിഞ്ഞപ്പോൾ തോന്നി- അങ്ങനെ പ്രാർത്ഥിച്ചതിൽ അമ്മച്ചിയെ തെറ്റുപറയാൻ പറ്റില്ല. 

അമ്മച്ചി മകന്റെയും ഭാര്യയുടെയും കൂടെയാണ് താമസം. മകനും ഭാര്യയും അമ്മച്ചീടെ കൂടെയാണെന്നു പറയുന്നതായിരിക്കും കുറേക്കൂടി നല്ലത്. ഈ മകൻ തീരെ ചെറിയ കുട്ടിയായിരിക്കുന്ന കാലത്ത് അമ്മച്ചീടെ കെട്ട്യോൻ മരിച്ചതാണ്. ആരു പറഞ്ഞിട്ടും വേറെ ജീവിതമൊന്നും തേടി പോയില്ല. മകനെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടു. കണ്ടോരുടെ അടുക്കളയിലും പറമ്പിലും എല്ലുമുറിയെ പണിയെടുത്താണ് ജീവിച്ചത്. മകനാകട്ടെ, വളർന്നു എന്നല്ലാതെ നന്നാകണമെന്ന വിചാരം ഒട്ടുമില്ലാത്തവനായിരുന്നു. ഇല്ലാത്ത കാശുണ്ടാക്കി പഠിപ്പിക്കാൻ വിട്ടിട്ട് ആ നിലയിലോ നന്നായില്ല. എന്നാൽ തടിമിടുക്കുകൊണ്ട് വല്ല പണിയെടുത്തും ജീവിക്കാം എന്നുള്ള വിചാരവും ചെക്കന് തീരെയില്ലായിരുന്നു. വല്ലപ്പോഴും എന്തെങ്കിലും തട്ടിമുട്ടുപണിക്ക് പോയാലായി. കിട്ടുന്ന കാശ് അവന്റെ വട്ടച്ചെലവിനുതന്നെ തികയില്ല. പിന്നെ അമ്മച്ചി പണിയെടുത്തു കിട്ടുന്നതും കൂടെ ചോദിച്ചു മേടിക്കും. ആദ്യം സ്നേഹം ഭാവിച്ചും പിന്നെപ്പിന്നെ ഭീഷണിപ്പെടുത്തിയും. പുകവലി, മദ്യപാനം- അതും ‘പണിയില്ലാത്തവന്റെ കുടി’ - ആദിയായ ദു:ശീലങ്ങൾ കൂടി ആയപ്പോൾ പണത്തിനാവശ്യം ഏറിവന്നു. 

ഇതിനിടയ്ക്ക് അവൻ ഒരു പെണ്ണിനെക്കൂടി വിളിച്ചോണ്ടുവന്നു. എന്നാൽ ഇനിയെങ്കിലും പണിയെടുത്ത് രണ്ടുപേരും ജീവിച്ചോളുമല്ലോ എന്ന്  അമ്മച്ചി പ്രതീക്ഷിച്ചതാണ്. അതും വെറുതെയായി. അവൾ അവനു ചേർന്നവളായിരുന്നു, എന്തെങ്കിലുമൊരു ജോലിക്ക് പോകാൻ അവൾക്കും താത്പര്യമില്ല. അമ്മച്ചി അവളെ സ്വന്തം മോളായിട്ട് കരുതി സ്നേഹിച്ചെങ്കിലും അവൾക്ക് അവരെ കണ്ടുകൂടാ. ചുരുക്കം പറഞ്ഞാൽ അമ്മച്ചിക്ക് ഈ പ്രായത്തിലും കഷ്ടപ്പെട്ട് അവരെക്കൂടി പോറ്റേണ്ട ഗതികേടാണ്. കെട്ടുകഴിഞ്ഞ് കുറച്ചു കൊല്ലങ്ങളായെങ്കിലും അവർക്ക് കുട്ടികളില്ല. അല്ലെങ്കിൽ അവരെക്കൂടി  അമ്മച്ചിക്ക് നോക്കേണ്ടി വന്നേനെ. വന്നു വന്ന് എല്ലാ ദിവസവും വീട്ടിൽ വഴക്കാണ്. മോനും മരുമോളും തമ്മിൽ വഴക്ക്, രണ്ടു പേരുംകൂടി അമ്മച്ചിയോട് വഴക്ക് - എന്നു വേണ്ട ആകെ പ്രശ്നം....

നിലവിലിപ്പോൾ അമ്മച്ചീടെ ഇടതുകൈ ഒടിഞ്ഞു പ്ലാസ്റ്ററുമിട്ട് ഇരുപ്പാണ്. നാട്ടിൽ മഹാമാരി  കാരണം പുറത്തിറങ്ങാൻ വിലക്കുള്ളതുകൊണ്ട് അമ്മച്ചിക്ക് പണിയൊന്നും ഇല്ല. അതുകൊണ്ട് വരുമാനവും ഇല്ല. അതിന്റെ വഴക്കാണ് ഈയിടെ. കൈയൊടിഞ്ഞത് അയകെട്ടാൻ സ്റ്റൂളിട്ട് കയറിയപ്പോൾ തെന്നിവീണിട്ടാണെന്നാണ് അമ്മച്ചി പുറത്തു പറഞ്ഞത്. മരുമകളും അതു സപ്പോർട്ട് ചെയ്തു. അല്ലാതെ മകൻ അടിച്ചൊടിച്ചതാണെന്നു പറയാൻ പറ്റുമോ? പരാതിപ്പെട്ടാൽ പോലീസുകാര് മകനെക്കൊണ്ടുപോയി തല്ലിയാലോ? അതൊന്നും പാവം അമ്മച്ചിക്ക് സഹിക്കാൻ കഴിയില്ല. എങ്ങാനും വഴക്കിനിടയിൽ താൻ മരിച്ചുപോയാലും മകനും മരുമകൾക്കും ശിക്ഷ കിട്ടുമല്ലോ എന്നാണ് അമ്മച്ചീടെ പേടി. എങ്ങനേലും ഒന്ന് ജീവൻ പോയിക്കിട്ടിയാൽ മതിയെന്നായി. കൊറോണ വന്നു മരിച്ചാൽപ്പിന്നെ കുഴപ്പമില്ലല്ലോ? താൻ രക്ഷപ്പെടുകയും ചെയ്യും. ആർക്കും പഴി വരികയുമില്ല....

കഷ്ടം! പുത്രസ്നേഹം വരുത്തുന്ന ഓരോ വിനകൾ! ഇവനൊക്കെ എന്തു തരം മകനാണ്!  ആ പെങ്കൊച്ചാണേലും എന്തൊരു സ്ത്രീയാണ്! എന്തൊക്കെ ചെയ്തിട്ടും ഒരു കുറ്റമോ ചീത്തയോ ഒന്നും പറയാതെ താൻ മരിച്ചാൽ പോലും അവർക്കു പ്രശ്നം വരരുതെന്നു കരുതുന്ന ഒരമ്മായിയമ്മയെ എവിടെ കിട്ടും! സ്നേഹത്തിന്റെയും ബന്ധത്തിന്റെയും ഒക്കെ വില ഇവരൊക്കെ അറിയാനിരിക്കുന്നതേയുള്ളു. 

ആ അമ്മച്ചീടെ അപേക്ഷ എന്തായാലും പരിഗണിക്കണമെന്ന് അപ്പോഴേ തീരുമാനിച്ചു. അവരെ രക്ഷപ്പെടുത്തുകതന്നെ വേണം. നേരത്തെയായിരുന്നെങ്കിൽ മുകളിൽ നിന്നുള്ള അപ്രൂവൽ കിട്ടിയാലേ ഒരാളെ കൊണ്ടുവരാൻ കഴിയുമായിരുന്നുള്ളു. ഇപ്പോൾ തത്ക്കാലസാഹചര്യം കണക്കിലെടുത്ത് സ്പോട്ട് ഡെസിഷൻ എടുക്കാനുള്ള പെർമിഷൻ ഉണ്ട്.  സാധാരണയായി യമധർമ്മനെയും അനുയായികളെയും ഒക്കെ ചുമതലപ്പെടുത്തുകയാണ് പതിവ്. ഇതിപ്പോ ഒരു സ്പെഷ്യൽകേസായ കൊണ്ട് ഞാനങ്ങു നേരിട്ട് പോയേക്കാം. പണ്ട് ഒന്നു രണ്ടു പ്രാവശ്യം ഇങ്ങനെ പോയിട്ടുണ്ടെങ്കിലും അടുത്ത കാലത്തൊന്നും അതിനിടവന്നിട്ടില്ലായിരുന്നു. എവിടെയൊക്കെയോ ചിലയിടത്ത് എനിക്കിത്തിരി സോഫ്ട് കോർണർ ഉണ്ടെന്ന് ബോസിന് പരാതിയുണ്ട് (അതുകൊണ്ടാണല്ലോ ഞാനിപ്പോൾ നിങ്ങളോടിതൊക്കെ പറയുന്നത് ) -അതിന്റെ പേരിൽ ഒന്നു രണ്ടു തവണ വാണിംഗും കിട്ടിയിട്ടുണ്ട്. പിന്നെ, ഡ്യൂട്ടിയിൽ ഞാൻ നിഷ്ഠയുള്ളവനായ കൊണ്ടും, ഒരു പിരിച്ചുവിടലും പുതിയ അപ്പോയ്ന്റ്മെൻറും അത്ര ഈസിയല്ലാത്തതുകൊണ്ടും അങ്ങു ക്ഷമിച്ചുകളഞ്ഞതാണ്.

ഞാൻ പറഞ്ഞില്ലേ എന്റെ പുതിയ മിടുമിടുക്കൻ അസിസ്റ്റന്റിനെപ്പറ്റി? ഞാൻ പോകാൻ തീരുമാനിച്ചെന്നു മനസ്സിലാക്കിയ ഉടനെതന്നെ എന്റെ വാഹനം റെഡിയാക്കി നിർത്തി. (എനിക്കുമുണ്ട് സ്വന്തആവശ്യങ്ങൾക്കായി ഒന്ന്. കൂടുതലും ഇവിടെത്തന്നെയുള്ള യാത്രകൾക്കാണ് ഉപയോഗിക്കാറ്. പിന്നെ അപൂർവ്വമായി ഇത്തരം ഔട്ട് സ്റ്റേഷൻ യാത്രകൾക്കും.) പിന്നെ കൊണ്ടുവരുന്ന ആളെ  പാർപ്പിക്കുന്നതിനുള്ള അറേഞ്ച്മെന്റ്സ് ചെയ്യാനായി പോയി. അങ്ങനെ പറയുമ്പോൾ ഇവിടുത്തെ സിസ്റ്റത്തെപ്പറ്റിയും അറിയണമല്ലോ?

നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നപോലെ സ്വർഗ്ഗം, നരകം എന്നിങ്ങനെ രണ്ടു ലോകമൊന്നും ഇവിടെയില്ല. അതു കൊണ്ടാണ് ഞാൻ ആദ്യമേ പരലോകം എന്നു വിളിച്ചാൽ മതിയെന്നു പറഞ്ഞത്. എന്തായാലും നിങ്ങളുടെ ദൃഷ്ടിയിൽ നിന്നു മറഞ്ഞുതന്നെയാണ് ഇപ്പോഴും ഇവിടമെന്നതാണ് ആകെയുള്ള ഒരു സമാധാനം!

ഇതു ശരിക്കും പറഞ്ഞാൽ ഒരു സോൾ ബാങ്ക് പോലെയാണ്. ഭൂമിയിൽനിന്നും ആത്മാക്കളെ കൊണ്ടുവരികയും സൂക്ഷിക്കുകയും ഓരോയിടത്തെയും  ആവശ്യാനുസരണം അതിൽ നിന്ന് അനുയോജ്യമായവയെ തെരഞ്ഞെടുത്ത് വീണ്ടും ജനിക്കാൻ അയയ്ക്കുകയും ചെയ്യുന്ന പ്രക്രിയ. അതിനു കുറേയധികം മാനദണ്ഡങ്ങളൊക്കെയുണ്ട്. ഭൂമിയിൽ നിന്നും ഒരാളെ കൊണ്ടുവന്നാൽ ഇവിടുത്തെ വാതിൽ കടക്കുമ്പോൾ തന്നെ (മിക്കവാറും അവിടന്നു പുറപ്പെടുമ്പോൾത്തന്നെ) അവർ കഴിഞ്ഞ ജീവിതവും ബന്ധങ്ങളുമെല്ലാം മറന്നുപോകുന്നു. പക്ഷേ  ഭൂമിയിലെ അവരുടെ  ജീവിതവും പ്രവൃത്തികളുമെല്ലാം ഇവിടെ റെക്കോഡഡ് ആണ്. അതിനനുസരിച്ചാണല്ലോ ഇവിടെ അവർക്കുള്ള ജോലികൾ നിശ്ചയിക്കപ്പെടുന്നത്. വളരെയധികം കഷ്ടപ്പെട്ടിട്ടുള്ളവർക്കും പരോപകാരികളായി ജീവിച്ചിട്ടുള്ളവർക്കുമൊക്കെ റെസ്റ്റാണ്. അവർക്ക് കഷ്ടപ്പാടില്ല. പക്ഷേ, അവിടെ ദുഷ്ടതയും ചതിയും ഒക്കെ ചെയ്തിട്ടു വന്നവർക്ക് ഇവിടെ എട്ടിന്റെ പണിയാണ് കിട്ടുന്നത്. ആ അടിസ്ഥാനത്തിൽ വേണമെങ്കിൽ സ്വർഗ്ഗം, നരകം എന്നൊക്കെ പറയാം. കഷ്ടപ്പെടുമ്പോൾ എന്തായാലും മനസ്സിലാകുമല്ലോ ഭൂമിയിൽ നല്ലതൊന്നും ചെയ്തേച്ചല്ല വന്നതെന്ന്...

ആത്മശാന്തീം രോഗസൗഖ്യോം ഇഷ്ടഫലസിദ്ധീം അനുഗ്രഹോം ഒക്കെ ചൊരിഞ്ഞ് സ്വയം ദൈവങ്ങളായി പ്രഖ്യാപിച്ച് മെയ്യനങ്ങാതെ വിലസിയിരുന്നോരൊക്കെ ഇവിടെക്കിടന്ന് അറഞ്ചം പുറഞ്ചം പണിയെടുക്കുന്ന കണ്ടാൽ - എന്റെ പൊന്നോ- ചിരി നിർത്താൻ പറ്റില്ല!

ഇടയ്ക്കൊന്നു പറയട്ടെ, കുഞ്ഞുങ്ങൾക്ക് ഇവിടെ സുഖമാണു കേട്ടോ. ഒരു ബുദ്ധിമുട്ടുമില്ല. അവർക്ക് എന്താവശ്യവും നിർവ്വഹിച്ചു കൊടുക്കാനും പരിചരിക്കാനും ഇഷ്ടം പോലെ പരിചാരകരുണ്ട്. അവരെ കൊണ്ടുവരാൻ പറയുന്ന കാര്യത്തിൽ ആദ്യമൊക്കെ എനിക്ക് കുറച്ചൊരു മനസ്താപമുണ്ടായിരുന്നു. എന്നാൽ വിശിഷ്ട പദവികളിലേക്ക് നിയോഗിക്കപ്പെടാനാണ് അവരെ തിരിച്ചുവിളിക്കുന്നതെന്നറിഞ്ഞപ്പോൾ അതങ്ങു മാറി.

പിന്നെ, സ്വർഗ്ഗത്തിൽ ചെന്ന് ദൈവത്തിന്റെ തൊട്ടടുത്തിരിക്കാമെന്നും മടിയിലിരിക്കാമെന്നും ഒന്നും ആരും കരുതിയേക്കരുത്. അങ്ങനെയായാൽ എന്തുമാത്രം പേരെ ഇരുത്തണം? അടുത്തെന്ന് പോയിട്ട് ആ ഏരിയായുടെ എട്ടയലത്തുപോലും ആർക്കും പ്രവേശനമില്ല! എന്തിന്, ഈ ഞങ്ങൾക്കു പോലും അങ്ങനിങ്ങനൊന്നും ചെല്ലാൻ പറ്റില്ല. എന്തെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ പറയണമെങ്കിൽ അത് മെസേജുകളിലൂടെയാണ്. പിന്നെ കുഞ്ഞുങ്ങളെ ഇടയ്ക്കു വന്ന് സന്ദർശിക്കും. അതുപക്ഷേ മറ്റുള്ളവരെയെല്ലാം  അവിടെനിന്നും മാറ്റിയിട്ടാണ്. എന്തായാലെന്താ, നിങ്ങൾ ഏതു രൂപത്തിൽ സങ്കല്പിച്ചാലും, ഏതു പേരിൽ വിളിച്ചാലും, നിങ്ങളുടെ ന്യായമായ ഒട്ടുമിക്ക ആവശ്യങ്ങളൊക്കെ പരിഗണിച്ചുകിട്ടുന്നില്ലായിരുന്നോ? 

പിന്നെ ഇവിടെയുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്ന അമൃതുപോലെയുള്ള സ്വർഗ്ഗീയ ഫലം! എന്റെ വിഡ്ഢികളേ! യഥാർത്ഥ സ്വർഗ്ഗീയഫലങ്ങളൊക്കെ നിങ്ങൾടെ അടുത്തല്ലേ ? എന്തുമാത്രം വ്യത്യസ്ത രുചികളുള്ള ആഹാരപദാർത്ഥങ്ങളാ അവിടുള്ളത്! ഒന്നുംവേണ്ട, ആ പറമ്പിലൊക്കെയുള്ള ചക്കയും മാങ്ങയുമൊക്കെ പോരേ, അതിനേക്കാൾ മാധുര്യമുള്ള ഏതു സ്വർഗ്ഗീയഫലമാണുള്ളത്? അതൊക്കെ കളഞ്ഞേച്ച് ഇങ്ങോട്ടു നോക്കിയിരുന്നോളും! ഇവിടെയുള്ളതിന് പ്രത്യേകിച്ച് ഒരു ടേസ്റ്റും ഇല്ല: ഏതാണ്ട് നിങ്ങളുടെ പച്ചവെള്ളം പോലെ. ഇവിടെ എല്ലാ ജീവജാലങ്ങളും, ഞാനടക്കം, അതു തന്നെയാണ് കഴിക്കുന്നത്. വേറെ ചോയ്സൊന്നുമില്ല. അപ്പോൾ നിങ്ങളോർക്കും ചുമ്മാ ചെന്ന് എടുത്തങ്ങു കഴിച്ചാൽ മതിയെന്ന്. അല്ലേയല്ല, പാകമായാൽ പറിച്ചെടുക്കാൻ പോലും വളരെ ബുദ്ധിമുട്ടുള്ളതാണ്. മരങ്ങളെ പരിപാലിക്കണം, വിളവെടുക്കണം - ഇതെല്ലാം ഇവിടുത്തെ ജോലികളിൽ പെട്ടതാണ്. എന്നു വച്ചാൽ എട്ടിന്റെ പണി കിട്ടുന്നവർക്കുള്ള പണികളിൽപ്പെട്ടത്. അവരാണ് മറ്റുള്ളവർക്കും മനുഷ്യരല്ലാത്ത മറ്റു ജീവജാലങ്ങൾക്കും ഒക്കെ വേണ്ടി ഇതെല്ലാം ചെയ്യേണ്ടത്. 

പിന്നെ സ്വർഗ്ഗലോകത്തെ സോമരസം, വിനോദത്തിന് തരുണീമണിമാരുടെ നൃത്തങ്ങൾ - എന്നു വേണ്ട ഭാവനകൾക്ക് നിങ്ങൾക്കൊരു പഞ്ഞവുമില്ലല്ലോ! അല്ലെങ്കിൽത്തന്നെ അതൊക്കെ അതിമോഹമല്ലേ? ഏതെല്ലാം തരം ലഹരികൾ, ഏതൊക്കെ ഇനങ്ങളിൽ - രസിച്ചുകുടിച്ച്, വിറ്റു കുടിച്ച് പിന്നെ കുടിച്ചു നശിച്ച് - ഒക്കെ കഴിഞ്ഞ് ഇവിടെവന്നും വേണമെന്നു ചിന്തിച്ചാൽ അതിത്തിരി കടന്ന കൈയ്യല്ലേ? എന്നാൽ കേട്ടോ, ഇവിടെ ലഹരികളൊന്നും തന്നെ അനുവദനീയമല്ല, ലഭ്യവുമല്ല.

അല്ല, കുട്ടികളുടെ ഫീസടയ്ക്കുക, പലചരക്കുകടയിലെ പറ്റുതീർക്കുക തുടങ്ങി ഷെയർമാർക്കറ്റിലെ അനിശ്ചിതാവസ്ഥ വരെയുള്ള ജീവിതത്തിന്റെ സങ്കീർണ്ണതകളൊന്നും ഇല്ലാത്ത ഇവിടെ നിങ്ങൾക്കെന്തിനാ കുടിക്കാനും മാത്രം ടെൻഷൻ?

വിനോദത്തിന് ആകെയുള്ള മാർഗ്ഗം കുട്ടികളുടെ അടുത്തുപോയി അവരുമായി സമയം ചെലവഴിക്കുക എന്നതാണ്. അല്ലെങ്കിൽപ്പിന്നെ തൊട്ടടുത്തുതന്നെയാണ് ജന്തുജാലങ്ങളുടെ വിഭാഗം. അവിടം ചെന്നു കാണാം. അവിടെ എന്തു സന്തോഷത്തിലാണെന്നോ അവറ്റകൾ കഴിയുന്നത്! ഇരതേടേണ്ട ആവശ്യമൊന്നുമില്ലാത്തകൊണ്ട് ഒന്നിനും ഒന്നിനോടും ഭയമില്ല. സിംഹവും മാനുമൊക്കെ ഒരേ പാത്രത്തിൽ നിന്ന് ഒരേ ഭക്ഷണം കഴിക്കുന്നതു കണ്ടാൽ നിങ്ങൾ ഞെട്ടും. 

വർഷത്തിലൊരു ദിവസം (അവിടുത്തെ വർഷമല്ല ഇവിടുത്തേത്)  കിളിവാതിലുകൾ തുറന്ന് ഭൂമിയിലെ കാഴ്ചകൾ കാണിക്കും. അന്നു കേൾക്കുന്ന നെടുവീർപ്പുകൾ മാത്രം മതി ഇവിടുള്ളവർ ഭൂമിയിലേക്ക് തിരിച്ചുപോയി ജീവിക്കാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ടെന്നറിയാൻ. ഇവിടെ എത്തിക്കഴിഞ്ഞാൽ ബന്ധങ്ങളില്ലല്ലോ. ആരും ആരുടെയും ആരുമല്ല. ഓരോരുത്തരും ഒറ്റയാണ്. എന്തൊക്കെ സൗകര്യങ്ങളും അധികാരങ്ങളും ഉണ്ടെങ്കിലും ഈ ഞാൻ തന്നെ എത്രയധികം ആഗ്രഹിക്കുന്നുണ്ട് ആരുടെയെങ്കിലും മകനായി, സഹോദരനായി, ഭർത്താവായി, അച്ഛനായി - ഒക്കെ ജീവിക്കാൻ! അതിന്റെയൊക്കെ വില അറിയണമെങ്കിൽ നിങ്ങളിവിടെ വരണം.

................

യമധർമ്മൻ റെഡിയായി വന്നു. ശ്ശോ, ഈ അസിസ്റ്റന്റു പയ്യന്റെ ഒരു കാര്യം! കണ്ടമാനം തിരക്കുള്ള സമയത്ത് യമനെക്കൂടി ബുദ്ധിമുട്ടിക്കേണ്ടായിരുന്നു....

ഇനിയിപ്പോ ഒരുങ്ങി വന്നിട്ട് വരണ്ടെന്നു പറഞ്ഞാൽ ആൾക്ക് വിഷമമാകും...

എന്നാലും ഒരു മുഖസ്തുതിക്ക് പറഞ്ഞു ....

‘‘യമനു ബുദ്ധിമുട്ടല്ലേ? ഞാൻ തന്നെ പൊയ്ക്കോളാരുന്നല്ലോ?’’

‘‘എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. അങ്ങ് ഒറ്റയ്ക്ക് ഭൂമിയിലോട്ടുപോയിട്ട് ഒത്തിരിക്കാലമായില്ലേ? ഒരു സഹായത്തിന് -- ’’

‘‘ശരി. എന്നാലങ്ങനെ ആയ്ക്കോട്ടെ, വൈകണ്ട, നമുക്കു പുറപ്പെടാം.’’

- ഞങ്ങൾ പുറപ്പെട്ടു. യമന് ആ ഏരിയായൊക്കെ സുപരിചിതം. ഈയിടെയായി എത്ര വരവു വന്നതാണ് ! അമ്മച്ചീടെ വീടിനടുത്തെത്തിയപ്പോഴേ കണ്ടു, കണ്ടെയ്ൻമെന്റ് സോണാണ്. വീടിനകത്ത് മൂന്നു പേരും നല്ല ഉറക്കമാണ്. പനിയും ചുമയുമൊക്കെ ഉള്ളതുകൊണ്ട് മരുന്നൊക്കെ കഴിച്ച് ഉറങ്ങിയതാണ്. 

അമ്മച്ചിയുടെ കട്ടിലിനടുത്തു ചെന്നു. പാവം വയ്യാത്ത കയ്യും മേലെവച്ച് വലതുവശം ചരിഞ്ഞുറങ്ങുന്നു. അവിടെ നിന്നു നേരെ മകന്റെ അടുക്കൽ വന്ന് ഉറക്കത്തിൽനിന്നുണർത്താതെ പതിയെ പൊക്കിയെടുത്ത് പോത്തിന്റെ പിന്നാമ്പുറത്ത് വച്ചു. അതുകണ്ട് യമൻ ചോദിച്ചു.

‘‘അമ്മച്ചിയെ രക്ഷപ്പെടുത്താനെന്നല്ലേ പറഞ്ഞത്? എന്നിട്ട് - ?’’

‘‘രക്ഷപ്പെടുത്താനെന്നല്ലേ പറഞ്ഞുള്ളു. എന്റെ യമാ. അമ്മച്ചിക്ക് ഇനീം കുറെക്കാലം കൂടി ആയുസ്സുണ്ട്. ഇത്രയും കാലം മന:സമാധാനം എന്തെന്നറിയാതെ ജീവിച്ച സ്ത്രീയാ. അവരു കുറേക്കാലം സ്വസ്ഥമായി ജീവിക്കട്ടെ. കൊറോണ വന്നു മകൻ മരിച്ച വിഷമമൊക്കെ കുറച്ചു കഴിയുമ്പോൾ അങ്ങു മാറിക്കോളും. അല്ലെങ്കിലും ഇവനൊക്കെ ഇരുന്നിട്ടെന്തിനാ?’’

ലോഡുവച്ചു കഴിഞ്ഞു പോത്തിന്റെ പുറത്തുകയറിക്കഴിഞ്ഞാൽ പരലോകത്തിന്റെ വാതിൽ കടക്കുന്നതുവരെ തിരിഞ്ഞു നോക്കരുതെന്നാണ് നിയമം. അതുകൊണ്ട് യമനോട് അനുഗമിച്ചോളാൻ പറഞ്ഞ് പുറപ്പെട്ടു.

വാതിൽ കടന്ന്, കാത്തുനിന്ന അസിസ്റ്റന്റു പയ്യനെ ലോഡ് ഏല്പിക്കുമ്പോൾ പിന്നിൽ നിന്നൊരു ശബ്ദം, ‘‘ഇന്നാ ഇതൂടി പിടിച്ചോ !’’

- ചെക്കന്റെ ഭാര്യ!

‘‘യമാ?’’

‘‘അല്ല, ആ അമ്മച്ചി സ്വസ്ഥമായിട്ടു ജീവിക്കാനല്ലേ അങ്ങ് ആ ചെറുക്കനെ പൊക്കിയത്? ഇതിനെ അവിടെ വിട്ടേച്ചു പോന്നാൽ അവർക്കു സമാധാനം കിട്ടുമോന്നോർത്തതുകൊണ്ട്....’’

യമധർമ്മൻ വിനയാന്വിതനായി.

മൂർത്തിയേക്കാൾ വല്യ ശാന്തിയുള്ള കാലമല്ലേ, അതുകൊണ്ട് ഞാൻ പറഞ്ഞു: ‘‘മുത്തേ, നീ യമധർമ്മനല്ലാട്ടോ - മനോധർമ്മനാ., മനോധർമ്മൻ !!...’’

English Summary: Spot decision, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA
;