ADVERTISEMENT

വാടക മുറികൾ (കഥ)

മുറിയുടെ വടക്കേ അറ്റത്തുള്ള ജനാലക്ക് എന്തോ പ്രത്യേകത ഉണ്ടെന്ന് സുധക്ക് പലപ്പോഴും തോന്നിട്ടുണ്ട്. പുസ്തകങ്ങളിലൂടെ, അറിയാത്ത പല മനുഷ്യരെ അറിഞ്ഞതും കാണാത്ത ലോകങ്ങൾ കണ്ടതും അവിടെയിരുന്നായിരുന്നു. മയ്യഴിയിലെ ദാസനെയും മറയൂരിലെ സൂസന്നയെയും ഒക്കെ പരിചയപ്പെട്ടതും ആ ജനാലക്ക് അരികിൽ വെച്ചായിരുന്നു.

 

നട്ടുച്ചക്ക് അതിലൂടെ വരുന്ന വെയിൽ കണ്ടതായി അവൾ ഒരുഅക്ഷരം മിണ്ടിയിരുന്നില്ല.

അവളെ എന്നും കാണാൻ എത്തുന്ന ഒരു അതിഥിയെ പോലെ അവൾ അതിനെ സ്വീകരിച്ചിരുന്നു.

 

പക്ഷേ ആ മുറിയിലെ രാത്രികളെപ്പറ്റി സുധ ഓർക്കാൻ ഇഷ്ടപെട്ടിരുന്നില്ല. കാരണം ഒരിക്കൽ രാത്രികളെ  പ്രണയിച്ചവൾക്ക് ഇന്ന് ഈ മുറിയിലെ രാത്രികളെകുറിച്ച് ആലോചിക്കുമ്പോൾ തമ്മിൽ മല്ലടിക്കുന്ന കാളകൂറ്റങ്ങളെയാണ് ഓർമ വരിക.

 

നിലാവ് ഉറങ്ങിയ ദിവസങ്ങൾക്കു പോലും കാവൽ ഇരുന്ന രാത്രികൾ. പെയ്തൊഴിയാഞ്ഞതോ പെയ്യാത്തതോ ഇനി ഒരിക്കലും പെയ്യാൻ ഇടവരാത്തതുമായുള്ള മഴക്ക് വേണ്ടി കാത്തിരുന്നിട്ടുള്ള രാത്രികൾ. കണ്ണുനീർ ഉറവകളിൽ പ്രണയത്തിന്റെയും ജീവിതത്തിന്റെയും വഞ്ചി മുങ്ങിയും പൊങ്ങിയും നിന്ന രാത്രികൾ. കാലത്തിന്റെ കുത്തൊഴുക്കിൽ ചിലതൊക്കെ ഓർമകളായി മാറുക തന്നെ ചെയ്യണം എന്ന തിരിച്ചറിവ് തന്ന രാത്രികൾ.

 

അങ്ങനെ കഴിഞ്ഞപോയ 548 രാത്രികളോട് സുധക്ക് കടപ്പാടും അതിലുപരി വെറുപ്പും ഉണ്ട്. 

 

എന്നാലും ഈ 548 ദിനരാത്രികളേക്കാൾ ഇന്ന് സുധയുടെ മനസ്സിൽ തങ്ങി നിൽക്കുന്നത് വിജയന്റെ മുഖമാണ് ....

വിജയൻ സുധയുടെ ജീവിതത്തിലെ സന്തോഷമോ സങ്കടമോ അല്ല, മറിച്ച് ഇതിന്റെ രണ്ടിന്റെയും ഇടയിലെ ഒരു നേർത്ത വരയാണ്. വിജയനെ കണ്ടതിനും കേട്ടതിനും ഒക്കെ സാക്ഷ്യം വഹിച്ചതും അതെ ജനാലകളായിരുന്നു.

 

ഒരിക്കൽ, കൃത്യമായി പറഞ്ഞാൽ ഒരു വെള്ളിയാഴ്ച വിജയനുമായുള്ള സംഭാഷണത്തിന് ഇടയിൽ വെച്ച് സുധക്ക് തോന്നി താൻ അന്വേഷിക്കുന്ന മയ്യഴിയിലെ തന്റെ ദാസൻ ആണോ ഈ വിജയൻ എന്ന്.

 

പിന്നീട് ചില രാത്രികളിൽ സുധക്ക് തോന്നി തന്റെ സ്നേഹം മനസ്സിലാകാതെ മറയൂരിലെ സൂസന്നയെ കാണാൻ പോയ അലിയാണ് ഈ വിജയൻ എന്ന്. ചിലപ്പോൾ ഖസാക്കിലെ രവിയായിട്ടും, ബഷീറിന്റെ മജീദായിട്ടും, മഞ്ഞിലെ തിളങ്ങുന്ന നീലക്കണ്ണുള്ള ചെറുപ്പകാരനായിട്ടും, അങ്ങനെ പല രൂപങ്ങളാണ് വിജയനെപ്പറ്റി സുധയുടെ മനസ്സിൽ ....

വിജയനെകുറിച്ച് ആലോചിച്ചതും സുധയുടെ കണ്ണുകൾ നിറഞ്ഞതും ഒരുമിച്ചായിരുന്നു.

പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു നേർത്ത ശബ്ദത്തിൽ കൃഷ്ണൻനായർ പറഞ്ഞത്, ‘‘മുറിയിൽ നിന്ന് ഇറങ്ങുകയാണെങ്കിൽ സന്ധ്യ ഇരുട്ടും മുന്നേ എനിക്ക് മുറി  പൂട്ടാമായിരുന്നു.’’

 

ആ കെട്ടിടത്തിന്റെയും ആ മുറികളുടെയും ഒക്കെ ഉടമസ്ഥനാണ് കൃഷ്ണൻനായർ.

സുധ പതിയെ മുറിയിൽ നിന്ന് എഴുന്നേറ്റ് പുറത്തോട്ട് ഇറങ്ങി കൃഷ്ണൻനായരോട് പറഞ്ഞു, 

‘‘മുറി പൂട്ടിക്കോളു കൃഷ്ണേട്ടാ ഞാൻ ഇറങ്ങുകയായി.’’

 

താമസിച്ചു കഴിഞ്ഞ് ഇറങ്ങുമ്പോൾ ആ മുറിക്ക് ഒരു പേര് നൽകുന്ന പതിവുണ്ടായിരുന്നു സുധക്ക്.

പക്ഷേ ഈ മുറിയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ആ ജനാലകൾ ആണോ അതോ ഇവിടെ നിന്ന് ലഭിച്ച വിജയൻ ആണോ എന്ന് അവൾക്കു ഒരു തിരഞ്ഞെടുപ്പു നടത്താൻ കഴിയാഞ്ഞതിനാൽ ആ മുറിക്ക് ഒരു പേര് നൽകാതെ സുധ കോണിപ്പടികൾ ഇറങ്ങി.

 

താഴെ എത്തിയപ്പോൾ കൃഷ്ണൻനായരുടെ വക ഒരു ചോദ്യം ,

‘‘മോളെ സുധാ, ഇനി എങ്ങോട്ടാ? എത്ര കാലമാ ഇങ്ങനെ വാടകക്ക്, സ്വന്തമായി ഒരു കൂര പണിയാൻ നേരമായിലെ?.’’

 

‘‘സ്വന്തമാക്കിയ ഒരു മുറിക്ക് ചിലപ്പോൾ പലതരം അനുഭവങ്ങൾ നൽകാൻ കഴിയില്ല കൃഷ്ണേട്ടാ അവിടെ നമുക്ക് ലഭിക്കുന്ന കാഴ്ചകൾ വളരെ പരിമിതമായിരിക്കും .

എന്നെ കാത്തിരിക്കുന്ന ഒരുപാട് വാടകമുറികളും, ജനാലകളും, മനുഷ്യരും ഇനിയുമുണ്ട്.’’

 

അത്രയും പറഞ്ഞുകൊണ്ട് സുധ റോഡിലേക്കിറങ്ങി തന്റെ വാടകമുറികളിലേക്കുള്ള യാത്ര തുടർന്നു ...

 

English Summary: Vadakamurikal, Malayalam short story

                  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com