‘ഐറ കേസ് വാർത്തപ്രാധാന്യം നേടി, പ്രതിയായ പ്രമുഖനെ അനൂകൂലിച്ചും പ്രതികൂലിച്ചും ചർച്ച നടന്നു’

woman-eyes-close-reflected
Representative Image. Photo Credit : By ra66 / Shutterstock.com
SHARE

മലയാള മനോരമ– എന്റെ തൂലിക സാഹിത്യക്കൂട്ടായ്മ ഓൺലൈൻ ചെറുകഥാ മത്സരത്തിൽ അവസാനലിസ്റ്റിൽ ഉൾപ്പെട്ട കഥ

ഒരു രണ്ടാം ശനിയാഴ്ച്ച... (കഥ)

‘‘ഞാൻ നിനക്കെതിരെ എന്റെ കരമുയർത്തുകയും നിന്നെ ജനതകൾക്കു കവർച്ച ചെയ്യാൻ  വിട്ടുകൊടുക്കയും ചെയ്യും. ജനതകളിൽ നിന്നുതന്നെ ഞാൻ നിന്നെ വിച്ഛേദിക്കും, ഞാൻ നിന്നെ  നശിപ്പിക്കും, ഞാനാണ് കർത്താവെന്ന് അപ്പോൾ നീ അറിയും.’’

ക്ഷീണിച്ച് അവശനായ അയാളുടെ കണ്ണുകളിൽ നോക്കി ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. അയാൾ  മുൻവാതിൽ ശക്തിയായി കൊട്ടിയടച്ചു. ഞാൻ പ്രതീക്ഷയോടെ, പാതിതുറന്ന ജനലിലൂടെ, അയാളുടെ  മുറിയിലേക്കു നോക്കിനിന്നു. എന്നത്തേയും പോലെ മുറിയിലെ ഫാൻ ചെറുതായി കറങ്ങി കൊണ്ടിരിന്നു. ഇരുണ്ട കോണുകളിൽ എവിടെയോ നിന്ന് അയാൾ എന്നെ നോക്കുന്നുണ്ടാവുമെന്ന്  എനിക്കറിയാമായിരുന്നു, ഞാൻ അയാൾക്കു വാങ്ങിയ പലവ്യഞ്ജനങ്ങൾ അവിടെ വച്ച് ഇറങ്ങി നടന്നു.

കഴിഞ്ഞ ഒരുവർഷമായി, എല്ലാ രണ്ടാമത്തെ ശനിയാഴ്ച്ചകളിലും, ഞാൻ അയാളെ കാണാനായി അവിടെ  എത്തുമായിരുന്നു. ആദ്യമായി അവിടെ വരുമ്പോൾ അയാളുടെ വീട്ടിലേക്കുള്ള വഴിയുടെ ഇരു വശങ്ങളിലും പല നിറത്തിലുള്ള റോസാപൂക്കളുള്ള റോസച്ചെടികളുണ്ടായിരുന്നു. ആരും കാണാതെ അതിലേ പൂമൊട്ടുകൾ എല്ലാം ഞാൻ എടുത്തിരിന്നു, ശേഷം റോസാപൂക്കൾ വളരെ ഇഷ്ടമുള്ള ഞാൻ ,അവയെല്ലാം ഒരു ഭരണിയിൽ സൂക്ഷിച്ചു വച്ചു. ഇപ്പോൾ ആ റോസാച്ചെടികളെല്ലാം അയാളെ പോലെ  കരിഞ്ഞുണങ്ങി നിൽക്കുന്നു. ഒരു കുഞ്ഞു റോസയിൽ മാത്രം ഒരു ചെറിയ നാമ്പ്, അതിനെവേരോടെ പിഴുതെറിഞ്ഞു, ഗൂഢ സന്തോഷത്തോടെ ഞാൻ തിരിഞ്ഞു നോക്കി, അയാൾ ആ കാഴ്ച്ച  കണ്ടിട്ടുണ്ടാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

ഏകദേശം രണ്ടുവർഷം മുമ്പാരുന്നു അയാളെ ആദ്യമായി കണ്ടത്. ഞാൻ പുതിയതായി ജോലിക്ക് കയറിയ വില്ലേജ് ഓഫീസിൽ ഒരു അതിർത്തി തർക്കവുമായി ബന്ധപ്പെട്ട്, ഒരു സ്ത്രീയോടൊപ്പം അയാളും വന്നിരിന്നു. അവിടത്തെ പ്രാദേശിക നേതാവാണെന്നും, സാമൂഹ്യ പ്രവർത്തകനാണെന്നും സ്വയം  പരിചയപ്പെടുത്തി അയാൾ എന്റെ മുമ്പിൽ നിന്നു. അവരുടെ പക്ഷത്തു ന്യായമില്ലാത്തതുകൊണ്ടും രാഷ്ട്രീയ ഇടപ്പെടലുകൾ ഇഷ്ടമില്ലാത്തതുകൊണ്ടും അവർക്ക് അനൂകൂലമായി ഞാൻ  ഒന്നും ചെയ്തില്ല. പിന്നെയും പലവട്ടം അയാൾ ഓരോരോ കാര്യങ്ങൾക്ക് ഓഫീസിൽ വന്നിരിന്നു, എന്റെ ഇഷ്ടക്കേട് മനസ്സിലാക്കിയ ആൾ പിന്നെ എന്റെടുത്ത് ഒരു ആവിശ്യത്തിനും വന്നില്ല.

സ്ഥലകച്ചവടവുമായി ബന്ധപ്പെട്ടാണ് ഞാൻ ഇയാളുമായി ചങ്ങാത്തത്തിലാവുന്നത്, വാടകവീട്ടിലെ താമസം മതിയാക്കി സ്വന്തം വീട് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായി സ്ഥലം വാങ്ങാൻ തീരുമാനിച്ചപ്പോൾ ഇയാൾ സഹായത്തിനു വന്നു. രാഷ്ട്രീയത്തോടൊപ്പം റിയൽ എസ്റ്റേറ്റ് കച്ചവടവും അയാൾക്കുണ്ടായിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടും ഒന്നും നടക്കാതിരുന്നപ്പോഴാണ് അയാൾ ഒരു  സ്ഥലത്തേയും വീടിനേയും കുറിച്ച് പറഞ്ഞത്. ഓഫീസ് സമയം കഴിഞ്ഞു ഞാൻ അയാളോടൊപ്പം അന്ന് ആ സ്‌ഥലം കാണാൻ പുറപ്പെട്ടു, അയാളെ എനിക്ക് വിശ്വാസമായിരുന്നു, അന്നും ഒരു ശനിയാഴ്ച്ചായായിരിന്നു.

ഊട് വഴികളിലൂടെ യാത്ര ചെയ്ത് അയാൾ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ നേരം വൈകി, ചെറിയ ഓടിട്ട വീട്ടിനുള്ളിൽ കയറിപ്പോഴാണ് അയാളുടെ സ്വഭാവം മാറിയത്, ‘‘നീ എന്നെ പുച്ഛത്തോടെ അവഗണിച്ചപ്പോഴേ ഞാൻ ഇതു മനസ്സിൽ കുറിച്ചിട്ടിതാ! നിന്റെ അഹങ്കാരം ഇന്നത്തോടെ തീരും എത്ര നിലവിളിച്ചാലും നിന്നെ സഹായിക്കാൻ ആരും വരില്ല, ഒരു നിയമവും എന്നെ തൊടില്ല’’ ഇത്രയും പറഞ്ഞു കൊണ്ടു അയാൾ എന്റെ മുഖത്തേക്കുകൈകൾ ആഞ്ഞു വീശിയടിച്ചു. ഭിത്തിയിൽ മുഖമിടിച്ചു ഞാൻ താഴേക്കുവീണുപോയി.

പിറ്റേന്ന് പകുതി ബോധത്തോടെയാണ് ഞാൻ പൊലീസ് സ്റ്റേഷനിൽ പോയത്, രണ്ടു ദിവസത്തിനകം ‘ഐറ കേസ്’ വാർത്തപ്രാധാന്യം നേടി. പീഡന കേസിൽ പ്രതിയായ രാഷ്ട്രീയക്കാരനായ പ്രമുഖനെ അനൂകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ കൊടുമ്പിരികൊണ്ടു. വില്ലേജ് ഓഫീസിൽ ജോലിയുള്ള, നിലപാടുള്ള യുവതിയുടെ അവസ്ഥയിൽ സ്ത്രീസംഘടനകൾ രോഷം കൊണ്ടു. അറസ്റ്റ് ചെയ്ത അതേ  വേഗതയിൽ തന്നെ അയാൾ പുറത്തിറങ്ങി. ദിവസങ്ങൾ കഴിയവേ അയാൾ കൂടുതൽ  ശക്തനായി, ഐറ  കേസ് ഒരു രാഷ്ട്രീയ പകപ്പോക്കലായി അയാളുടെ വക്കീൽ സമർദ്ധിച്ചു.

‘വേലിചാടിയ അമ്മയുടെ മകൾ’ പുതിയ വിശേഷണങ്ങൾ എനിക്ക് ചാർത്തപ്പെട്ടു. ആരുടെയും ഔദാര്യം  ഇല്ലാതെ, അധ്വാനിച്ച് അഭിമാനത്തോടെ ജീവിച്ച അന്യമതസ്ഥരായ അയ്യപ്പന്റേയും സാറയുടേയും മകളാണ് ഐറ എന്ന ഞാൻ. ബന്ധുജനങ്ങളും സംഘബലവും ഇല്ലെങ്കിലും എന്റെ വീഴ്ച്ചയിൽ അവർ എന്റൊപ്പം നിന്നു.

അവിവാഹിതയായ, കാര്യവിവരമുള്ള യുവതി എന്താടിസ്ഥാനത്തിൽ ഒറ്റയ്ക്ക് അസമയത്തു  പരിചയമില്ലാത്തിടത്തു പോയി? ചോദ്യങ്ങൾ, കുറ്റപ്പെടുത്തെലുകൾ, വിളിപ്പേരുകൾ എന്നെ ശ്വാസം മുട്ടിച്ചു. നിരാശയോടെ തല താഴ്ത്തി ഞാൻ കോടതിയിറങ്ങുമ്പോൾ, അയാൾ തലയുയർത്തി  അഹങ്കാരത്തോടെ എന്റെ മുന്നിലൂടെ നടന്നു. അന്ന് ആ വെള്ളിയാഴ്ച്ചയാണ് ഞാനാ തീരുമാനമെടുത്തത്. 

പിറ്റേന്ന് ഒരു അവധിദിവസമായിരുന്നു, ഒരു രണ്ടാം ശനിയാഴ്ച്ചയായിരിന്നു, നിറയേറോസാപൂക്കളുള്ള  വഴിയിലൂടെ നടന്ന് അയാളുടെ വീട്ടിൽ എത്തിയപ്പോൾ അവൾ തുണി അലക്കുകയായിരിന്നു. അവൾ  പത്മ, അയാളുടെ ഭാര്യ. ഞാൻ ഐറ എന്ന് അവളെ പരിചയപ്പെടുത്തിയപ്പോൾ വിശ്വസിക്കാനാകാതെ  ആശ്ചര്യത്തോടെ എന്നെ നോക്കി.

പെട്ടന്നാണ് അയാളുടെ അമ്മ എന്റെ നേരെ ചീറി കൊണ്ട് വന്നത് ‘എന്റെ കുടുംബം നശിപ്പിക്കാനായിട്ട് എന്തിനാടീ ഇങ്ങോട്ട് വന്നത്’ അവർ കൂടുതൽ എന്തെങ്കിലും പറയുന്നതിനു  മുമ്പ് ഞാൻ പറഞ്ഞു

‘‘യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ ധാന്യത്തെ ശ്രദ്ധിക്കേണമേ! നീ,ദുഷ്ടതയിൽ  പ്രസാദിക്കുന്ന ദൈവമല്ല ! അഹങ്കാരികൾ നിന്റെ സന്നിധിയിൽ നിൽക്കയില്ല, നീതികേടു  പ്രവൃത്തിക്കുന്നവരെ നീ നശിപ്പിക്കും!’’

ആ സ്ത്രീ ഭയത്തോടെ ഉൾവലിഞ്ഞു, ദൈവ വചനങ്ങളുടെ ശക്തി അന്നാണ് എനിക്ക് മനസ്സിലായത്. അവർ ഒരു വിശ്വാസിയാണെന്നു മനസിലാക്കിത്തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്, അവർ മാത്രമല്ല അവരുടെ മകനും അങ്ങനെതന്നെയണെന്നു എനിക്കറിയമായിരുന്നു. അവർക്കെതിരെയുള്ള എന്റെ  ബ്രഹ്മാസ്ത്രമായിരുന്നു ദൈവ വചനങ്ങൾ. അയാൾ ആ പകുതി തുറന്ന ജന്നലിന്റെ മറവിൽ എവിടെയോയുണ്ടെന്നു എനിക്കറിയമായിരുന്നു.

അടുത്ത മാസം രണ്ടാം ശനിയാഴ്ച്ച ഞാൻ വീണ്ടും അവിടേക്കു പോയി. അയാളുടെ അമ്മ അവിടം വിട്ട് അവരുടെ മകളുടെ കൂടെ പോയെന്നു പത്മ പറഞ്ഞു. അയാൾ വീട്ടിൽ തന്നെയുണ്ടെന്നും സ്ഥല കച്ചവടങ്ങൾക്കൊന്നും കൂട്ടുകാർ വിളിക്കാറില്ലെന്ന് അവൾ പറഞ്ഞു. ഞാനപ്പോൾ നീനയ്ക്കു മനസ്സിൽ നന്ദി പറഞ്ഞു. എന്റെ നിർദ്ദേശപ്രകാരമാണ് നീന അയാളുടെ കൂട്ടുകാരെ വിളിച്ച് പീഡനകേസിൽ പ്രതിയായായ ആളെ ഒഴിവാക്കിയാൽ പറഞ്ഞുറപ്പിച്ച സ്ഥലമിടപാടുമായി മുന്നോട്ട് പോകാം എന്ന് പറഞ്ഞത്. അയാളുടെ കൂട്ടുകാർ അയാളെ ഒറ്റപ്പെടുത്തി തുടങ്ങിയിരിക്കുന്നു, ഞാൻ വളരെ  സന്തോഷത്തോടെയാണ് അന്നു വീട്ടിൽ പോയത്.

അടുത്ത തവണ  പത്മയെ കണ്ടപ്പോൾ അവൾ  വല്ലാതെ ക്ഷീണിച്ചിരുന്നു. ഉണ്ടായിരുന്ന കുറച്ചു സമ്പാദ്യം അയാൾ കേസിനുവേണ്ടി ചിലവാക്കി, അയാൾ പുറത്തേക്കിറങ്ങാറില്ല,കുട്ടികൾക്കു അയാളെ ഭയമാണ്,ജീവിക്കാൻ വേറെ വഴിയില്ലെന്ന് പറഞ്ഞവൾ പൊട്ടികരഞ്ഞു. ഈ ഒരവസരത്തിനായി  കാത്തിരുന്ന ഞാൻ,  വില്ലേജ് ഓഫീസിൽ ഒരു താത്കാലിക ജോലി ശരിയാക്കി കൊടുത്തു, അവൾക്കും കുട്ടികൾക്കും താമസിക്കാൻ ഒരു വാടക വീടും.

അവൾ പത്മ, വളരെ പെട്ടെന്ന് തന്നെ ഏല്ലാവരുടേയും പ്രിയപ്പെട്ടവളായി. അപേക്ഷകൾ പൂരിപ്പിച്ചു കൊടുത്തും, ജീവനക്കാർക്ക് ചായ വാങ്ങികൊടുത്തും, ഓഫീസ് കെട്ടിടം വൃത്തിയാക്കിയും അവൾ  എല്ലാവരുടേയും പ്രീതി സമ്പാദിച്ചു. ഇടവേളകളിൽ, ഇത് ഒരു താത്കാലിക ജോലി മാത്രമെന്നു ഞാനവളെ ഓർമപ്പെടുത്തി, മത്സര പരീക്ഷകൾക്കു പഠിക്കാൻ നിർബന്ധിച്ചു.

അവൾ, അയാളെ പൂർണമായും മറന്നെന്ന് എനിക്ക് തോന്നി. പക്ഷേ എല്ലാ രണ്ടാം ശനിയാഴ്ച്ചയും ഞാൻ  അയാളെ തേടി പൊയ്‌കൊണ്ടിരിന്നു.

ഒരിക്കൽ മാത്രം എന്നോട്, അയാളെ കാണാൻ പോകാറുണ്ടോ, എന്നവൾ ചോദിച്ചു ഞാൻ ഉവ്വെന്നു തലയാട്ടിയപ്പോൾ അവൾ പതുക്കെ ചോദിച്ചു ‘ചേച്ചിടെ ഉദ്ദേശ്യം എന്താണ്?’

‘‘ഒരു മുഴം കയർ അല്ലെങ്കിൽ ഒരു കുപ്പി വിഷം, പക്ഷേ രണ്ടാമത്തത് അയാൾക്ക്‌ സാധ്യമല്ല, അതിനുള്ള  പൈസ പോലും ഇപ്പം അയാളുടെ അടുത്തില്ല’’ ഞാൻ അവളുടെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു.

ഒരു നിമിഷം അവളൊന്നു പതറി. പതിനെട്ടാം വയസ്സിൽ അയാളോടൊപ്പം ഒളിച്ചോടിയവൾ, ഇരുപതാം  വയസ്സിൽ രണ്ടു കുട്ടികളുടെ അമ്മയായവൾ, തിരിച്ചു പോകാൻ ഇടമില്ലാത്തതിനാൽ അയാളുടെ  വഞ്ചനകൾ സഹിച്ചവൾ, എന്നേക്കാൾ ഒരു വയസ്സിനിളയവൾ, എനിക്കൊപ്പം നിന്നവൾ. ഞാനോ  കല്യാണം പോലും വേണ്ടന്നു വച്ചു സ്വപ്നങ്ങൾക്ക് പിറകെ പായുന്നവൾ, മനസ്സിനുറപ്പുള്ളവൾ, ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്തവൾ, സ്വന്തം ലക്ഷ്യങ്ങൾക്കായി അവളെ ആയുധമാക്കിയവൾ. അവൾ എന്നെ ധർമസങ്കടത്തിലാക്കി.

പിറ്റേദിവസം എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അവൾ സന്തോഷത്തോടെ ഓടിയെത്തി, അവളുടെ അമ്മയും സഹോദരനും അവളെ കാണാൻ വന്നെന്നും അവധി ദിവസങ്ങളിൽ കുട്ടികളെ അമ്മ നോക്കുമെന്നും, ക്ലാസ്സിനു പോകാൻ തീരുമാനിച്ചെന്നും ഒറ്റശ്വാസത്തിൽ പറഞ്ഞു. അവളുടെ വാക്കുകൾ എനിക്കാശ്വാസമായി.

ഓരോ രണ്ടാം ശനിയാഴ്ച്ചയും ഒടുങ്ങാത്ത പകയുമായി ഞാൻ  അയാളെ കാണാൻ പോയി. വീടിനു പുറത്തിറങ്ങാതെ, ആരോടും സംസാരിക്കാതെ, അയാൾ ഇരുട്ടിന്റെ മറവിൽ ഒളിച്ചു. എന്റെ സന്ദർശങ്ങൾ അയാളുടെ മനസ്സിനെ കൂടുതൽ അസ്വസ്ഥമാക്കി. ഞാൻ ദാനമായി കൊടുത്തിരുന്ന ഭക്ഷണത്തിലാണയാൾ വിശപ്പടക്കിയിരുന്നത്. അവസാനമായി എന്റെ മുന്നിൽ വാതിൽ കൊട്ടിയടക്കുമ്പോൾ, അതിന്റെ ജാള്യത അയാളുടെ മുഖത്തുണ്ടായിരുന്നു.

വീണ്ടും ഒരു രണ്ടാം ശനിയാഴ്ച്ച, അയാളോട് പറയാനുള്ള ദൈവ വചനങ്ങൾ മനസ്സിൽ ഉരുവിട്ടുകൊണ്ട്, ഇടറാത്ത പാദങ്ങളും, തകരാത്ത മനസ്സുമായി ഞാൻ അയാളുടെ വീട്ടിലേക്ക്. ദൂരനിന്നേ ചെറിയൊരു ആൾകൂട്ടം ഞാൻ അവിടെ കണ്ടു, അടുത്തെത്തിയപ്പോൾ തുറന്നിട്ട ജനാലയിലൂടെയാണ് ഞാൻ ആ കാഴച്ച കണ്ടത്, ഫാനിൽ തൂങ്ങിയാടുന്ന അയാളുടെ ശരീരം. ഒരു നിമിഷം ഞാൻ കണ്ണുകളടച്ചു, നാളുകളായി ഞാൻ കാണാൻ ആഗ്രഹിച്ചത്, ഞാൻ ആ കാഴ്ച്ചയെ എന്നിലേക്ക് ആവാഹിച്ചു. പിന്നെ ഞാൻ അവളെ, പത്മയെ വിളിച്ചു വിവരം പറഞ്ഞു, ഞാൻ ക്ലാസ്സിലാണ് ചേച്ചി എന്ന് മാത്രം അവൾ മറുപടി നൽകി. പലരും എന്നെ ശ്രദ്ധിച്ചു തുടങ്ങി, ഞാൻ തിരിഞ്ഞു നടന്നു.

അയാൾ, ഐസക്ക്, പേരിൽപോലുമുള്ള സാമ്യത കൊണ്ടാണ് ഞാനയാളെ സഹോദരനായി കണ്ടത്, അയാളെ വിശ്വസിച്ചു അയാൾക്കൊപ്പം പോയത്.

ചെറിയൊരു നഷ്ടബോധം മാത്രം, എന്നെ പോലെ അയാളും ആഗ്രഹിച്ചിരുന്നു, ആ കാഴ്ച്ച ഞാൻ ആദ്യം  കാണണമെന്ന്, അല്ലെങ്കിൽ പിന്നെ എന്തിനാണ് അയാൾ, ആ ജനാല പൂർണ്ണമായും തുറന്നിട്ടിരിന്നത്.

ഐസക്ക് നീ അറിയുക ‘‘പാപത്തിന്റെ ശമ്പളം മരണമത്രേ.’’

ഇത് എന്റെ നീതി...

English Summary: Oru randam saniyazhcha, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA
;