ADVERTISEMENT

കൂടണയാൻ (കഥ)

ആൻസിയുടെ വരവും കാത്ത് മണിയറ കട്ടിലിൽ ബോബൻ കിടക്കുകയായിരുന്നു. ചിന്തകൾ അവനെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആൻസി കതക് തുറക്കുമ്പോൾ മാത്രമാണ് അവന് പരിസര ബോധമുണ്ടായത്. തന്റെ ചിന്തകളുടെ വിഷാദ ഭാവം മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ആൻസിയിൽ നിന്നും അത് മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് സാധ്യമായില്ല. അതുകൊണ്ട് ആൻസി അത് മനസ്സിലാക്കി കാണുമെന്ന് ബോബന് ബോധ്യമായി. ആൻസിയോട് തനിക്ക് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെന്ന് അവൾക്ക് തോന്നിയാലോ എന്നുകരുതി ബോബൻ അവളോട് പറഞ്ഞു. ആൻസി... എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.  അത് പറഞ്ഞു കഴിഞ്ഞാൽ മാത്രമേ എന്റെ മനസ്സിന് ഒരു ആശ്വാസം ലഭിക്കുകയുള്ളൂ. 

 

അതുവരെ അവന്റെ ഭാവങ്ങൾ ഇട കണ്ണിൽ കൂടി നോക്കിക്കൊണ്ടിരുന്ന ആൻസി മറുപടി പറഞ്ഞു. എനിക്ക് കുറേക്കാലമായി ബോബനെ അറിയാവുന്നതല്ലോ നമ്മുടെ ജീവിതം തുടങ്ങുന്ന ഈ വേളയിൽ തനിക്കുള്ള എന്ത് പ്രശ്നവും എന്നോട് പങ്കു വയ്ക്കാം. ആ.. എന്താണ് കേൾക്കട്ടെ... അവൾ അടുത്തുള്ള കസേരയിൽ ഇരുന്നു അവനെ കേൾക്കാനായി കാതുകൂർപ്പിച്ചു. 

 

ആൻസി... അത് മറ്റാരെക്കുറിച്ചുമല്ല. സ്നേഹനിധിയായിരുന്ന നിന്റെ പപ്പയെക്കുറിച്ചുള്ള ഓർമ്മകൾ ആണ്.  ആറു വർഷങ്ങൾക്ക് മുമ്പ് ഗൾഫിലേക്ക് പോകുമ്പോൾ ജീവിതചര്യകൾ ഒന്നും അറിയാൻ പാടില്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നു ഞാൻ. ഇന്ന് എന്നെ ഒരു മനുഷ്യനാക്കുന്ന പക്വതയിലേക്ക് എത്തിച്ചത് ആന്റോ അങ്കിൾ ആയിരുന്നു. അവന്റെ ചിന്തകൾ പിറകിലേക്ക് പോയി. ഒരു ബന്ധുവഴിയാണ് ദുബായിൽ എനിക്ക് ജോലി തരപ്പെട്ടത്. താമസത്തിനായി ആന്റോ അങ്കിളിന്റെ റൂമും. അങ്ങനെ ഒരു വെള്ളിയാഴ്ച വൈകുന്നേരം ഞാൻ അവിടെ എത്തിച്ചേർന്നു. അങ്കിളിനെ കൂടാതെ മൂന്ന് പേർ കൂടി ആ റൂമിൽ ഉണ്ടായിരുന്നു. എല്ലാവരുടേയും അളിയനായി ബാബു ചേട്ടനും. ആരുടെ ആവശ്യങ്ങൾക്കും അളിയനാണ് സഹായി. ഞാൻ റൂമിൽ എത്തിയപ്പോൾ സഹതാമസക്കാരനായ തോമസ് ചേട്ടൻ ആന്റോ അങ്കിളിനോട് പറയുന്നതു കേട്ടു ‘അങ്ങനെ ഒരാളും കൂടി കൂടണഞ്ഞു എന്ന്’ എനിക്ക് അതിന്റെ അർഥം അപ്പോൾ മനസ്സിലായില്ല. എന്നാൽ ജീവിതം എന്താണെന്നുള്ള അധ്യായങ്ങൾ അന്നുമുതൽ പഠിച്ചു തുടങ്ങിയിരുന്നു. 

 

സ്വന്തം കാര്യങ്ങൾ ചെയ്ത് ശീലമില്ലാത്ത, എന്നാൽ പല കാര്യങ്ങളിലും സ്വാർത്ഥത ഉണ്ടായിരുന്ന എനിക്ക് അവിടുത്തെ ഒറ്റ റൂമിലെ സൗകര്യങ്ങൾ മാനസിക പിരിമുറുക്കം ഉണ്ടാക്കി. എന്നാൽ ഇന്നു മുതൽ സ്വയംപര്യാപ്തത നേടിയാൽ മാത്രമേ എനിക്ക് മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ എന്ന് ബോധ്യമായി. കൊണ്ടുവന്ന ബാഗ് വെക്കാൻ സ്ഥല പരിമിതികളുണ്ട്. കിടക്ക വിരിക്കാൻ ലഭിച്ച സ്ഥലത്തിന് അരികിലായി അത് വച്ചു. കുറേ ദിവസം വച്ച് കഴിക്കാനായി പലഹാരങ്ങളും ചിപ്സും മിച്ചറും അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെ അമ്മ തന്നു വിട്ടിരുന്നു. ഒരു പാത്രമെടുത്ത് പലഹാരങ്ങൾ എല്ലാവർക്കും കുറച്ച് നൽകി. ബാക്കി എനിക്ക് കഴിക്കാൻ ഭദ്രമായി ബാഗിൽ തന്നെ സൂക്ഷിച്ചു. 

 

രാത്രിയിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അളിയൻ തന്നെ എനിക്കുള്ള പാത്രവും എടുത്തുകൊണ്ടു വന്നു.  കഴിച്ചു കഴിഞ്ഞു ഞാൻ ആ പാത്രം അതുപോലെ വെച്ചിട്ട് പോയത് ആരാണെന്നറിയില്ല കഴുകി വച്ചിട്ടുണ്ടായിരുന്നു. രണ്ടു നാൾ ഇങ്ങനെ കടന്നുപോയി.  മൂന്നാം നാൾ ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകാൻ ഇട്ടപ്പോൾ അങ്കിളും അളിയനും കൂടി പുറത്തേക്ക് പോകുന്നു എന്ന് പറഞ്ഞു പോയി. എനിക്ക് ഒരു ജോലിയും തന്നു. പാത്രങ്ങളെല്ലാം കഴുകി വെക്കണം. റൂമിലെ പാചകത്തിന് സഹായിക്കാതിരുന്ന എനിക്ക് അന്നുമുതൽ ഒരു സ്ഥിരം ജോലി കിട്ടി പാത്രം കഴുകൽ. പരസ്പര സഹകരണം എന്താണെന്നുള്ള ആദ്യപാഠം അന്നുമുതൽ ഞാൻ പഠിച്ചു തുടങ്ങി. എനിക്ക് കഴിക്കാനായി അമ്മ തന്നു വിട്ട അച്ചാറും ചമ്മന്തിയും രാത്രികാല ഭക്ഷണങ്ങളിൽ വിളമ്പേണ്ടി വന്നു. എനിക്ക് കൊറിക്കാൻ തന്നു വിട്ട ചിപ്സും മിക്ചറും അളിയൻ ടച്ചിങ്‌സിനായി എടുത്തു. സ്വാർത്ഥമതിയായിരുന്ന എന്നിൽ അത് നീരസം ഒന്നുമുണ്ടാക്കിയില്ല. ഉള്ളത് പങ്കുവെയ്ക്കാൻ അപ്പഴേക്കും ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. 

 

ദിനങ്ങൾ കഴിഞ്ഞപ്പോൾ പുറത്തേ കാഴ്ചകൾ കാണാൻ എനിക്ക് മോഹമായി. കൂടെ കൂട്ടാൻ സമയ സൗകര്യമുള്ളത് അളിയൻ മാത്രമാണ്. അങ്ങനെ ആദ്യ ശമ്പളം കിട്ടി കഴിഞ്ഞ് അളിയനുമായി പുറത്തുപോയി.  കാര്യങ്ങളെല്ലാം വീക്ഷിച്ചു ആന്റോ അങ്കിൾ റൂമിൽ തന്നെ ഇരുന്നു. ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ ആന്റോ അങ്കിൾ പറഞ്ഞു മക്കളേ നേരത്തെ കൂടണയണേ എന്ന്. വൈകിട്ടത്തെ ചുറ്റിക്കറങ്ങലിനു ശേഷം ഞങ്ങൾ ഒരു റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. സംസാര വേളയിൽ ഞാൻ അളിയനോട്‌ ചോദിച്ചു. അതെന്താ ഇടയ്ക്കിടയ്ക്ക് ആന്റോ അങ്കിൾ കൂടണയണം എന്ന് സൂചിപ്പിക്കുന്നത്. അപ്പോൾ അളിയന്റെ അറിവിലുള്ള കാര്യം പറഞ്ഞു. ആന്റോ അങ്കിൾ നാട്ടിലായിരുന്നപ്പോൾ പക്ഷിമൃഗാദികളെയൊക്കെ വളർത്തിയിരുന്നു ചിലപ്പോൾ അന്നത്തെ ചിന്തകൾ വല്ലതും വച്ചു  പറയുന്നതായിരിക്കും. എങ്കിലും എന്റെ മനസ്സിൽ നിന്നും മായാതെ അതങ്ങനെ കൂടെ കൂടി. ബില്ലു വാങ്ങി പണം കൊടുക്കാൻ അളിയൻ തയ്യാറായെങ്കിലും ഞാനത് പേ ചെയ്തു. കാഴ്ചകൾ കാണാൻ താല്പര്യം ഉണ്ടായിരുന്നതിനാൽ പലപ്പോഴും ഞങ്ങൾ കറങ്ങാൻ പോയി. അങ്ങനെ മിതവ്യയക്കാരനായ എന്നെ ചിലവ് ചെയ്യാൻ അളിയൻ പഠിപ്പിച്ചു. 

 

ആന്റോ അങ്കിൾ അഡ്മിനിസ്ട്രേഷനിൽ ജോലിചെയ്തിരുന്നതിനാൽ ഇംഗ്ലീഷിൽ ഡ്രാഫ്റ്റ് ചെയ്യാൻ എന്നെ വളരെയധികം സഹായിച്ചു. എല്ലാ കാര്യങ്ങൾക്കും ഒരു രക്ഷകർത്താവിന്റെ സ്ഥാനമായിരുന്നു അങ്കിളിന്. ആ ഒരു ബഹുമാനവും ഞാൻ അദ്ദേഹത്തിനു നൽകിയിരുന്നു. ആൻസിയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങൾക്ക് ശേഷം അളിയൻ മുഖേന എന്നെ ആൻസിക്ക് വേണ്ടി പ്രപ്പോസ് ചെയ്തിരുന്നു. നാട്ടിൽ വന്നപ്പോൾ പലപ്രാവശ്യം ഞാൻ ആൻസിയെ കണ്ടിട്ടുള്ളതാണ്. എന്നാൽ സമ്മതം മൂളാൻ എനിക്ക് കഴിഞ്ഞില്ല.  കാരണം ഞാൻ അദ്ദേഹത്തിനു നൽകിയ സ്ഥാനം അങ്ങനെ ആയിരുന്നു. എന്റെ മനസ്സ് അറിഞ്ഞതിന് ശേഷമാണ് ആൻസിക്ക് വേണ്ടി അങ്കിൾ മറ്റ് ആലോചനകളിലേക്ക് തിരിഞ്ഞത്. എന്നാൽ ജോലി നഷ്ടപ്പെട്ട് വളരെ പെട്ടെന്ന് അദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചു പോരേണ്ടി വന്നു. 

 

ബോബന്റെ കഴിഞ്ഞകാല അനുഭവങ്ങളെല്ലാം ആൻസി സാകൂതം കേൾക്കുകയായിരുന്നു. എന്താണ് ഇനി ബോബനു പറയാനുള്ളത് എന്നതും അവളെ ആകാംക്ഷ ഭരിതയാക്കി. 

 

ബോബൻ തുടർന്നു അങ്ങനെ മൂന്നുമാസം കഴിഞ്ഞു ഒരു തിങ്കളാഴ്ച ദിവസം രാവിലെ ജോലിക്ക് പോകാനായി ഒരുങ്ങിക്കഴിഞ്ഞപ്പോൾ റൂമിൽ എല്ലാവരുടെ മുഖത്തൊരു വിഷാദഭാവം. ഞാൻ കാര്യമന്വേഷിച്ചപ്പോൾ അളിയൻ പറഞ്ഞു. ‘ആന്റോ അങ്കിൾകൂടണഞ്ഞു.’ 

 

അതൊരു മിന്നൽപിണർ എന്നിലുളവാക്കി. അങ്കിൾ പറഞ്ഞിരുന്ന ആ വാക്കിന് വിശാലമായ ഒരു അർത്ഥം ഉണ്ടായിരുന്നെന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഇന്നേ ദിനം അങ്കിൾ ദൈവസന്നിധിയിൽ കൂടണഞ്ഞിരിക്കുന്നു. അങ്കിൾ പറഞ്ഞത് വളരെ ശരിയല്ലേ. പ്രകൃതി നമുക്ക് ഒരുപാട് അനുഭവങ്ങൾ നൽകുന്നു. മക്കൾ വീട്ടിലെത്തി കൂടണയാൻ കാത്തിരിക്കുന്ന മാതാപിതാക്കൾ, ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും വിട്ട് ദേശാടന പക്ഷികളെപ്പോലെ അന്യരാജ്യങ്ങളിൽ അന്നത്തിനു വക തേടി അവിടങ്ങളിൽ കൂടണയുന്ന ചെറുപ്പക്കാർ, ഒരുനേരത്തെ ആഹാരത്തിനും താമസ സൗകര്യത്തിനുമായി പൊതുനിരത്തുകളിലെ ചെറു ഇടങ്ങളിൽ കൂടണയുന്ന പാവങ്ങൾ, ദൈവത്തിന്റെ മണവാളനും മണവാട്ടിയുമായി തീരാൻ സ്വഭവനങ്ങളെ വിട്ട് സന്യാസാശ്രമങ്ങളിൽ കൂടണയുന്ന യുവതീ യുവാക്കൾ. 

 

ആന്റോ അങ്കിളിന്റെ ആഗ്രഹം നിറവേറ്റി ഞാനിപ്പോൾ ആൻസിയെ വിവാഹം കഴിച്ചിരിക്കുന്നു. ഇന്നിതാ ആ കുടുംബത്തെ വിട്ട് എന്നോടൊപ്പം കൂടണയാൻ ആൻസിയും. 

 

ഇന്നേവരെ നമ്മൾ കണ്ടും കേട്ടുമിരുന്ന ആദ്യ രാത്രി സങ്കല്പങ്ങളെ മാറ്റിമറിച്ചുകൊണ്ട് ആൻസി ബോബന്റെ നെറുകയിൽ ചുംബിച്ചു പറഞ്ഞു നിങ്ങളുടെ സ്നേഹം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു... 

 

മണിയറയിലെ കട്ടിലിൽ കിടക്കുമ്പോൾ രണ്ടു പേരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

 

English Summary: Koodanayan, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com