ADVERTISEMENT

മഴയുടെ പ്രണയിനി (കഥ)

ഇരുണ്ട മേഘങ്ങൾക്കിടയിലൂടെ കുന്നിറങ്ങി വരികയാണ് ആ ആനവണ്ടി. അവൻ ജനലോരം ചേർന്നിരുന്നു. തണുത്ത കാറ്റ് അവനെ തഴുകി കടന്നു പോയതറിഞ്ഞില്ല. മുടിയിഴകൾ പാറി കളിക്കുന്നതറിഞ്ഞില്ല.

വഴിയോരത്തെ കാഴ്ചകൾ ഒന്നും മനസ്സിൽ പതിഞ്ഞില്ല. ആസ്വാദനം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അവൻ മെല്ലെ കണ്ണുകളടച്ചുകൊണ്ട് തല കൂടുതൽ പുറത്തേക്കു ചേർത്ത് വെച്ചു. ആ കുളിരവനെ തണുപ്പിച്ചില്ല. അന്തരീക്ഷം പോലെ തന്നെ ആകെ കലുഷിതമാണ് അവന്റെ മനസ്സും. എവിടെയും ഇരുണ്ടുകൂടിയ കാർമേഘങ്ങൾ മാത്രം! 

 

ഒരുപാടു കാലത്തിനു ശേഷമുള്ള യാത്രയാണ്. അവൾ തന്നെ മറന്നു കാണുമോ? അസാധ്യം! ഈ ലോകത്തു അവൾക്ക് ഓർമിക്കുവാൻ മറ്റെന്താണുള്ളത്? തന്നോട് പിണക്കമായിരിക്കുമോ ഇത്രെയും കാലം കാണാതെയിരുന്നതിന്?  ഇല്ല, അവൾക്കതിനു കഴിയില്ല. സ്നേഹം മാത്രമേ ആ മനസ്സിലുള്ളൂ, എല്ലാവരോടും എല്ലാ ജീവജാലങ്ങളോടും. മഴ തുവുന്നുണ്ട്. മുത്ത് പോലെ തുള്ളികൾ അവന്റെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു. താനിന്ന് വരുന്ന കാര്യം പറഞ്ഞിട്ടില്ല ആരോടും. പക്ഷേ തന്റെ ഈ വരവ്  മഴയ്ക്ക് അറിയാമെന്ന് തോന്നുന്നു. ആസ്വദിക്കുകയായിരിക്കണം. 

 

മഴയെ പ്രണയിച്ചവളാണവൾ. മഴയും കണ്ടുകൊണ്ടങ്ങനെ ആ ഗന്ധം ആസ്വദിച്ചു, ആ ശബ്ദത്തിൽ ലയിച്ചങ്ങനെ ഇരിക്കുമവൾ, എത്ര നേരം വേണമെങ്കിലും. ഇടയ്ക്കു മഴയത്ത് ഇറങ്ങി നിൽക്കും. ഒരു കൊച്ചുകുട്ടിയെപ്പോലെ. അവളുടെ നൊമ്പരങ്ങളെ അലിയിച്ചുകൊണ്ട് മഴ അവളിലൂടെ അങ്ങനെ പെയ്തിറങ്ങും. 

 

ഒരിക്കൽ ഇതുപോലൊരു മഴയത്ത് ആനവണ്ടിയുടെ ഒരത്തിരുന്നവൾ മഴത്തുള്ളികൾ തന്റെ പുറത്തേക്കു തെറിപ്പിച്ചത് അവൻ ഓർത്തു. മഴ പെയ്യുമ്പോൾ വണ്ടിയുടെ ജനൽച്ചില്ലകൾ അവൾ അടയ്ക്കുകയില്ല. എത്ര വഴക്കു പറഞ്ഞാലും. ബൈക്കിലാണെങ്കിൽ എവിടെയും കയറി നിൽക്കാനും സമ്മതിക്കില്ല. അവൾക്കെപ്പോഴും മഴയിൽ അലിഞ്ഞു ചേരണം. പെട്ടെന്നു പുറകിൽ നിന്നൊരലർച്ച ‘‘ആ ഷട്ടർ ഒന്നിടുവോ.. വെള്ളം വീഴുന്നു.’’ അവൻ വേഗം ഷട്ടറിട്ടു. താനുമാകെ നനഞ്ഞിരിക്കുന്നു, അവളെപ്പോലെ. അതുമവൻ അറിഞ്ഞില്ലായിരുന്നു. ചുറ്റിനും ഇരുട്ട് പരന്നു, കാഴ്ചളും ജീവിതവും ഒരുപോലെയായി. ഉള്ളിലൊരു ഭയം തളം കെട്ടുന്നു. എന്തിനെന്നറിയാതെ. കുറ്റബോധത്താൽ നിറഞ്ഞതാണോ? അവളെ എന്നാലും ഇത്രെയും നാൾ കാണാതിരുന്നതെന്തിന്? അവൾ ഒരുപാട് കാത്തിരുന്ന് വിഷമിച്ചിട്ടുണ്ടാകില്ലേ? എന്ത് പറഞ്ഞാണവളെ സമാധാനിപ്പിക്കുക? അവൾ ഇപ്പോഴും തനിയ്ക്കായി കാത്തിരിക്കുകയല്ലേ? അറിയില്ല. എന്തുകൊണ്ടോ കഴിഞ്ഞില്ല പോകാൻ. ഇന്ന് അവളുടെ ജന്മദിനമാണ്. ഒരുപാട് ജന്മദിനങ്ങൾ ഇതിനകം കഴിഞ്ഞുപോയിരുന്നു. അന്നൊന്നും കാണാൻ ധൈര്യം വന്നില്ല, ഇന്നു രണ്ടും കൽപ്പിച്ചങ്ങിറങ്ങിത്തിരിച്ചു. അല്ലെങ്കിൽ തന്നെ അനാഥാലയത്തിലെ കുട്ടിക്കു എന്ത് ജന്മദിനം? മഴ കുറഞ്ഞു. അവൻ ഷട്ടർ പൊക്കി നോക്കി. വണ്ടി പട്ടണത്തിലേക്കെത്തിയിരിക്കുന്നു.  ഇനി കുറച്ചും കൂടെയുണ്ട്, പട്ടണത്തിൽ നിന്നും തീരദേശത്തേക്ക്. അവൻ പുറത്തേക്കു നോക്കി ഇരുന്നു. എന്തെല്ലാം മാറ്റങ്ങൾ! മാറാത്തതായി ഒന്നു മാത്രം അവളോടുള്ള തന്റെ പ്രണയം!

 

ഇറങ്ങേണ്ട സ്ഥലമായിരിക്കുന്നു. അവൻ പതിയെ എഴുന്നേറ്റു വാതിൽക്കലേക്കു നീങ്ങി നിന്നു. ബസ് ഒരു പഴയ ചായ പീടികയുടെ മുന്നിൽ നിർത്തി. ബസ് ഇറങ്ങി അവൻ നേരെ പീടികയിലേക്ക് നടന്നു. ഒരിക്കൽ സായാഹ്നങ്ങൾ മനോഹരമാക്കിയതിൽ ഈ പീടികയ്ക്കുമോണ്ടല്ലോ നല്ലൊരു പങ്ക്. അവൻ കടയിലേക്കു കയറി ഒരു കസേരയിൽ ഇരുന്നുകൊണ്ട് ഒട്ടും തന്നെ ആലോചിക്കാതെ പറഞ്ഞു ‘‘ചേട്ടാ ഒരു കാപ്പിയും പഴംപൊരിയും.’’  കൂടുതൽ എന്താണിത്ര ആലോചിക്കാനതിൽ?  ഇതല്ലാതെ മറ്റൊന്നും ഇന്നുവരെയിവിടുന്ന് കഴിച്ചിട്ടില്ല. ഇത് അവളുടെ ശീലമാണ്, അത് തന്നിലേക്കും പടരുകയായിരുന്നു. കടക്കാരൻ അവനെ ഒന്ന് നോക്കി, എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ചുണ്ടുകളിൽ ഒരു ചിരി തൂകി. തണുത്ത കാറ്റു വീശുന്നുണ്ട്. മേഘങ്ങൾ ഇപ്പോഴും ഇരുണ്ട് തന്നെ, തെളിഞ്ഞിട്ടില്ല. ആവി പറക്കുന്ന കാപ്പിയും പഴംപൊരിയും മുന്നിലേക്കു വന്നു. മനസ്സിനെ ഭൂതകാലത്തേക്ക് മേയാൻ വിട്ടുകൊണ്ട് അവൻ പതിയെ കഴിച്ചുകൊണ്ടിരുന്നു. മഴ വീണ്ടും തൂവാൻ തുടങ്ങി. അവൻ പതിയെ ആവിപറക്കുന്ന ഗ്ലാസ്സുമായി പീടികയുടെ ഉമ്മറത്തെ ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. മഴയിപ്പം ശാന്തമാണ്. തന്നോട് ചേർന്നിവിടെയിരുന്ന് മഴയും നോക്കി ഒരു കുഞ്ഞു കുട്ടിയുടെ കൗതകം കണ്ണുകളിൽ ഒളിപ്പിച്ചുകൊണ്ടു കാപ്പി കുടിക്കുന്ന അവളെ അവനോർത്തു. കുടിച്ചു തീർന്നതറിഞ്ഞില്ല. പൈസ കൊടുത്തിട്ടു പുറത്തേക്കു ഇറങ്ങി കുട നിവർത്തി മഴവെള്ളത്തിലൂടെ അവൻ നടന്നു.

 

മഴത്തുള്ളികൾ ചിതറുന്ന പോലെ അവളുടെ ചിരി കാതുകളിൽ മുഴങ്ങി നിൽക്കുന്നു. എന്നും അവളോടൊപ്പം നടന്ന അതേ വഴികൾ. തന്റെ കുടകീഴിൽ നിന്ന് ഓടി മഴയത്തു നിന്നവൾ. ചിരിച്ചുകൊണ്ട് മഴവെള്ളം തന്റെ പുറത്തേക്ക് തെറിപ്പിച്ചവൾ. ചെവിക്കു പിടിച്ചു അവളെ ശാസിച്ചപ്പോഴും അതേ ചിരിയുയർന്നു. തന്റെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാതെ വാതോരാതെ സംസാരിക്കുന്നവൾ. എന്നും അവൾക്ക് പറയാൻ മാത്രമൊരായിരം കാര്യങ്ങൾ ഈ ഭൂമിയിലുണ്ടാകുന്നത് എന്നെ അതിശയിപ്പിച്ചു. കൈകളിലെ വളകിലുങ്ങുന്നതുപോൽ ആ ശബ്ദമിങ്ങനെ തന്റെ ചെവിയിൽ മുഴങ്ങികൊണ്ടിരുന്നു. അവിടമാകെ ഇന്നും അവളുടെ കളിചിരികളാണ്. അവളുടെ കണ്ണുകൾ നിറയുന്നതിതുവരെ താൻ കണ്ടട്ടില്ല. എന്നും ചിരി മാത്രം വിരിയുന്ന മുഖം. ഭാഗ്യവതി! ചിരിക്കാൻ കഴിയുകയെന്നതും ഒരു ഭാഗ്യം അല്ലേ? തന്നിൽ നിന്നും ആ കഴിവെന്നോ നശിച്ചു. താൻ ചിരിക്കാൻ മറന്നിരിക്കുന്നു! 

 

നടന്നു നടന്ന് അവൻ കടൽത്തീരത്തെത്തി. അവിടെ കടലിലേക്ക് പ്രൗഢമായി നോക്കി നിൽക്കുകയാണ് ആ വലിയ പള്ളി. അവിടമാണ് എല്ലാത്തിന്റെയും തുടക്കം. അവൻ പള്ളിയുടെ അകത്തേക്ക് കയറി മുട്ടുകുത്തി കുരിശിലേക്ക് നോക്കി നിന്നു. പ്രാർഥിച്ചില്ല. എന്താണ് അല്ലെങ്കിലും തനിക്ക് പ്രാർഥിക്കാനുള്ളത്? അവിടെയങ്ങനെ നിൽക്കുമ്പോൾ ഒരു രംഗം മാത്രം മനസ്സിൽ. അവളെ ആദ്യമായി കണ്ടതിവിടെയാണ്, ഇതുപോലൊരു സായാഹ്നത്തിൽ. കൈകളിലെ മെഴുകുതിരികളുടെ വെളിച്ചത്തിൽ ആ മുഖം. വെളുത്ത് തുടുത്ത കാന്തിപ്രഭകളില്ല. തിളങ്ങുന്ന കരിമഷിയിട്ട കണ്ണുകൾ മാത്രം എന്റെ മനസ്സിൽ പതിച്ചു. പിന്നെ അതൊരു പതിവായി. പതിയെ ആ കണ്ണുകൾ തന്നോട് സംസാരിക്കുവാൻ തുടങ്ങി. അവളുടെ കൂടെയുള്ള ഓരോ നിമിഷവും താൻ മറ്റേതോ ലോകത്തായിരുന്നു.

 

ഈ പള്ളിയോടു ചേർന്നുള്ള അനാഥാലയമാണ് അവളുടെ കുടുംബം. അവിടുത്തെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാനാണ് അവൾക്കെപ്പോഴുമിഷ്ടം. അതുകൊണ്ട് ബാഗിൽ കുട്ടികൾക്കായി നിറയെ ചോക്ലേറ്റ് ബോക്സ് കരുതിയിരുന്നു. തന്നെ കണ്ടതും സിസ്റ്ററമ്മ ആശ്ചര്യത്തോടുകൂടി അടുത്തേയ്ക്ക് വന്നു ‘‘എല്ലാ ബെർത്ത്ടെയ്ക്കും ഓർക്കും, എന്നെങ്കിലും വരുമെന്ന് ഉറപ്പായിരുന്നു.’’ കുറ്റബോധം കൊണ്ടായിരിക്കണം അവന്റെ തല കുനിഞ്ഞു. ‘‘വരാതിരിക്കാൻ കഴിയില്ലല്ലോ സിസ്റ്ററേ’’ അവൻ മറുപടി നൽകികൊണ്ട് മിട്ടായി പെട്ടികൾ പുറത്തു നിന്ന കുട്ടികൾക്കായി കൊടുത്തു. 

‘‘അവൾക്ക് എന്നോട് പിണക്കമായിരിക്കും അല്ലെ?’’ സിസ്റ്റർ മൗനം പാലിച്ചു. 

അവൻ അവിടെന്നുമിറങ്ങി നടന്നു അവളെ കാണാനായി.

 

അവൾ എവിടെയായിരിക്കുമെന്ന് അവനു നന്നായി അറിയാം. അവസാനമായി കണ്ടതും അവിടെവെച്ചാണ്. ഒരുപാട് നാളുകൾക്കു ശേഷം താൻ അവളെ കാണാൻ പോകുന്നു. കാലങ്ങളായി മനസ്സിൽ സൂക്ഷിച്ചതൊക്കെയും അവളോട് ഇന്ന് പറയണം. തന്റെയീ വരവ് തന്നെ അതിനു വേണ്ടിയാണ്. പോകുന്ന വഴിയിൽ ഒരു പൂക്കടയിൽ നിന്നും ഒരു ചുവന്ന റോസ പുഷ്പം വാങ്ങി ധൃതിയിൽ നടന്നു. അവളെ കാണുന്നതിന്റെ ആവേശവും ഭയവും ഒരുപോലെ അലയടിക്കുന്നുണ്ട്. പ്രതീക്ഷിക്കാത്ത നേരത്താണ് തന്റെവരവ്. അവൾ ഒന്നു ഞെട്ടാതിരിക്കില്ല. എന്നും എനിക്കാണ് അവൾ സർപ്രൈസ് നൽകാറ്, ഇതാദ്യമായി താൻ അവൾക്കു സർപ്രൈസ് കൊടുക്കാൻ പോകുന്നു. അവളുടെ ആ കലപില ശബ്ദം കേൾക്കണം. എത്രയെത്ര വിശേഷങ്ങളുണ്ടാകുമവൾക്ക് പറയാൻ. മഴ വീണ്ടും തൂവുന്നുണ്ട്. റോസാ പുഷ്പം പുറകിൽ ഒളിപ്പിച്ചു വെച്ചുകൊണ്ട് മഴയിലൂടെ അവൻ നടന്നു. 

 

അവൾ കിടക്കുകയാണ്. മഴത്തുള്ളികളിൽ കുളിച്ചു മഴ ആസ്വദിച്ചുകൊണ്ടങ്ങനെ. വെണ്ണക്കല്ലിൽ പവിഴമുത്തുകൾ പോലെ മഴത്തുള്ളികൾ അവളുടെ മേലാസകനം വാരിവിതറിയിരിക്കുന്നു. അവൻ അവളുടെ അടുത്ത് മുട്ടുകുത്തി നിന്നു. പരിഭവം തെല്ലുമില്ലാതെ അവൾ തന്നെനോക്കി പുഞ്ചിരിക്കുന്നു. കൈകളിൽ ഒളിപ്പിച്ചുവെച്ച ആ ചുവന്ന റോസാപുഷ്പം അവൾക്കു ചൂടിക്കൊടുത്തു. അവൾ ഞെട്ടിയില്ല! ഇതവൾ കാലങ്ങളായി പ്രതീക്ഷിക്കുകയായിരുന്നോ? അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ കഴിയുന്നില്ല. അവൾ അതീവ സുന്ദരിയായിരിക്കുന്നു. അവളെ ചുംബിക്കണമെന്നുണ്ട്, ആലിംഗനം ചെയ്യണമെന്നുണ്ട്. അവന്റെ കണ്ണുകൾ അവളോട് സംസാരിച്ചു. അവളെ കേട്ടിരുന്ന് ആ മനസ്സ് അവൻ തൊട്ടറിഞ്ഞു. അവളുടെ കാത്തിരിപ്പിന്റെ കഥകൾ. അവന്റെ കണ്ണുകളിൽ നിന്നും മുത്തുകൾ അടർന്നു അവളുടെ മേൽ വീണു. അരുതെന്ന് അവൾ പറയുന്നുണ്ടാകാം, ആ കണ്ണുകൾ അവൾ തുടയ്ക്കുന്നുണ്ടാകാം. നിയന്ത്രണം നഷ്ടപ്പെട്ടയവൻ അവളുടെ പാദങ്ങളെ ചുംബിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു നടന്നു. അവളോട് പറയാനുള്ളത് വീണ്ടും ബാക്കിയാക്കി. തന്നെ ഇത്രേയുമധികം അറിഞ്ഞവൾക്ക് താൻ പറയാതെ തന്നെ എല്ലാം അറിയില്ലേ? അന്നിതുപോലൊരു സഹയാഹ്നമാണ് എല്ലാം നഷ്ടപ്പെട്ടു നിയത്രണം വിട്ടു ഒരു ഭ്രാന്തനെ പോലെ താൻ ഇറങ്ങി ഓടിയത്. 

 

അവൻ പള്ളിയുടെ മുന്നിലെ ബീച്ചിലേക്ക് നടന്നു. എന്നും ഒരുമിച്ചിരുന്നു കണ്ട സൂര്യാസ്തമയങ്ങൾ ഒരിക്കൽ കൂടെ തനിച്ചു കാണാൻ. മണൽതരികളിൽ ഇരുന്നു കൊണ്ട് അവൻ പരന്നു കിടക്കുന്ന കടലിന്റെ അഗാധതയിലേക് കണ്ണ് നട്ടിരുന്നു. അസ്തമയ സൂര്യന്റെ ചുവന്ന രശ്മികൾ കടലിനെ സുന്ദരിയാക്കി. അവളുടെ പാദങ്ങൾ പതിഞ്ഞ ആ മണൽപരപ്പിൽ കൈ വിരലുകൾ കൊണ്ട് അവൻ എഴുതി വെച്ചു, അവളോട് പറയാൻ ഇക്കാലമത്രയും ബാക്കിവെച്ചത്.  

‘‘Will you marry me?’’

 

അവൻ അവളുടെ മറുപടിക്കായി കാതോർത്തു. വെള്ളാരം കല്ലുകൾ പോലെ ആകാശത്തിൽ നിന്നും മഴത്തുള്ളികൾ ഉതിർന്നുവീണു. അവയിലൂടെ അവൾ അവനെ തൊട്ടറിഞ്ഞു, അവനെ തന്നിലേക്ക് ആവാഹിച്ചു. അവനെ പുണർന്നുകൊണ്ട് അവൾ അങ്ങനെ പെയ്തിറങ്ങി. ആ മഴയെ ചേർത്തുപിടിച്ച് ആ മാറിൽ ഉറങ്ങാൻ അവൻ കൊതിച്ചു. ഈ മഴ അവളുടെ സന്തോഷമാകാം, കണ്ണുനീരാകാം, സമ്മതമാകാം. അവരെ ഒരുമിപ്പിക്കുവാൻവേണ്ടി, അവർക്കുവേണ്ടിയാകാം. മഴയെ പ്രണയിച്ചവൾക്ക് വേണ്ടി!

 

Content Summary: Mazhayude Prenayini, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com