ADVERTISEMENT

എന്റെ തൂലിക മനോരമ ബുക്സ് ചെറുകഥ മത്സരത്തിന്‍ അവസാനപത്തിൽ ഇടം പിടി

 

ഒറ്റക്കോലം (കഥ)

എന്റെ തൂലിക മനോരമ ബുക്സ് ചെറുകഥ മത്സരത്തിന്‍ അവസാനപത്തിൽ ഇടം പിടിച്ച കഥ

 

ഒരാൾ പൊക്കമുള്ള മേലേരിയിലേക്ക് ആവർത്തിച്ച് ചാടുന്ന ഒറ്റക്കോലത്തെ ഇമവെട്ടാതെ നോക്കിയിരിക്കുകയാണ് പവലീന.

 

ഇളം നീല ജീൻസും ഇറക്കം കുറഞ്ഞ വെള്ള ടോപ്പുമിട്ട്, തീയിലമർന്നു നിവരുന്ന തെയ്യത്തെ അന്തം വിട്ട് നോക്കിയിരിക്കുന്ന അവളുടെ ശരീരത്തിലേക്ക് ബാലചന്ദ്രന്റെ കണ്ണുകൾ ആർത്തിയോടെ പല തവണ നീളുന്നുണ്ടായിരുന്നു.. നാട്ടിൽ വന്ന ശേഷം ഒരു രാത്രി പോലും അവളെ അടുത്ത് കിട്ടിയിട്ടില്ല. അയാൾക്ക് നിരാശ തോന്നി.

 

ചെക്കോസ്ലോവാക്യയിൽ ബാലചന്ദ്രൻ ജോലി ചെയ്യുന്ന ഇന്ത്യൻ എമ്പസ്സി വഴി പരിചയപ്പെട്ടതാണ് പവലീനയെ. കേരളീയ കലാരൂപങ്ങളെ കുറിച്ച് പഠനം നടത്തുന്ന സുന്ദരിയായ ചെക് യുവതി. പവലീനയുടെ പല പഠനങ്ങൾക്കും വിവരങ്ങൾ ശേഖരിച്ചു നൽകിയത് ബാലചന്ദ്രനായിരുന്നു. ബന്ധം വേർപെടുത്തിയ മാതാപിതാക്കളുടെ ഒറ്റ മോളായത് കൊണ്ട് തന്നെ ബാലചന്ദ്രന്റെ സൗഹൃദം അവൾക്കൊരു ആശ്വാസമായിരുന്നു.

 

പലപ്പോഴും വഴിവിട്ട് പോയിതുടങ്ങിയിരുന്ന അവരുടെ ബന്ധം ബാലചന്ദ്രനിൽ നേരിയ കുറ്റബോധം ഉളവാക്കിയിരുന്നെങ്കിലും മഞ്ഞു പൊഴിയുന്ന പ്രാഗിലെ പവലീനയുമൊത്തുള്ള ചടുള്ള രാത്രികൾ അയാളെ ലഹരി പിടിപ്പിച്ചിരുന്നു. സൂചിത്രയും കുട്ടികളും ഈ ബന്ധം ഒരിക്കലും അറിയാൻ പോവുന്നില്ലെന്ന് അയാൾ സ്വയം ആശ്വാസം കൊണ്ടു.

 

‘‘എനിക്ക് എല്ലാം നേരിട്ടു കാണണം ബാലൂ. തെയ്യം, കഥകളി, കൂടിയാട്ടം എല്ലാം. തെയ്യത്തിനെ കുറിച്ച് ഒരു തീസിസ് തയ്യാറാക്കണം. ബാലു എന്നെ എല്ലാറ്റിനും സഹായിക്കണം’’

 

ഇത്തവണ നാട്ടിലേക്ക് ലീവിൽ വരുമ്പോൾ താനും കൂടെ വരുന്നുണ്ടെന്ന് പവലീന സൂചിപ്പിച്ചപ്പോൾ മുതൽ സൂചിത്രയുടെ മുന്നിൽ എങ്ങനെ ഇക്കാര്യം അവതരിപ്പിക്കണമെന്നാലോചിച്ചു തലപുകയ്ക്കുകയായിരുന്നു ബാലചന്ദ്രൻ 

 

ഒടുവിൽ ‘‘ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ഒരു മദാമ്മ നാട് കാണാൻ വരുന്നുണ്ട്. അവരെകൊണ്ട് നമുക്ക് വലിയ ശല്യമൊന്നുമുണ്ടാവില്ല’’ എന്നറിയിച്ചപ്പോൾ സൂചിത്രക്ക് വലിയ ആവേശമായിരുന്നു.

 

‘‘ഒരുദിവസം നമുക്കവരെ വീട്ടിലേക്കു വിളിക്കാം ബാലേട്ടാ. എനിക്കൊന്ന് പരിചയപ്പെടാമല്ലോ. കുട്ടികൾക്കും സന്തോഷമാവും’’

 

രാത്രി പരിപാടികൾ കഴിഞ്ഞു ഹോട്ടൽ മുറിയിൽ പവലീനയുമായി കഴിയുക. രാവിലെ വീട്ടിലേക്കു മടങ്ങുക. പുലർച്ചെ വരെ പരിപാടിയായിരുന്നുവെന്ന് സൂചിത്രയെ ബോധിപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

 

പക്ഷേ ബാലചന്ദ്രന് കണക്കു കൂട്ടലുകളൊക്കെ തെറ്റുന്നുണ്ട്. ഇവിടെ വന്നതിന് ശേഷം പവലീനക്ക് തെയ്യത്തെ കുറിച്ചും കഥകളിയെകുറിച്ചും മാത്രമേ പറയാനുള്ളു. കരിഞ്ഞു കരിവാളിച്ചു നിൽക്കുന്ന ഒറ്റക്കോലത്തെ നോക്കുന്തോറും പവലീനക്ക് അസ്വസ്ഥത കൂടി വന്നു.

 

‘‘ഇറ്റ് ഈസ്‌ സോ ക്രൂവെൽ ബാലൂ… നിങ്ങളെന്തു പറഞ്ഞാലും. എനിക്കിതു അംഗീകരിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും അപകടം പറ്റിയാൽ…’’

 

‘‘ദൈവത്തിന്റെ രൂപങ്ങളാണ് തെയ്യം പവലീന. അവർക്ക് പൊള്ളില്ലെന്നാണ് പറയുന്നത്.’’

 

‘‘ഇത്തരം അനുഷ്ഠാനങ്ങള്‍ ആളുകളിൽ എന്ത് ആനന്ദമാണ് സൃഷ്ടിക്കുന്നത്. നിങ്ങൾ ദൈവമെന്ന് വിളിക്കുന്ന ഇവരുടെ ജീവിതം ഇപ്പോഴും കഷ്ടപ്പാട് നിറഞ്ഞതാണ് ’’

 

ബാലചന്ദ്രൻ കൂടുതൽ തർക്കിച്ചില്ല. തെയ്യക്കോലം കെട്ടുന്ന പലരുടെയും ജീവിതം ദാരിദ്ര്യം നിറഞ്ഞതാണ്. അത് എല്ലാവർക്കുമറിയാം. എങ്കിലും ആളുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ഒറ്റക്കോലത്തിന്റെ തീചാട്ടമാണ്.

 

‘‘എനിക്ക് കഥകളി കാണണം. പിന്നെ കൂടിയാട്ടം, ചാക്യാർക്കൂത്ത്.’’

 

പവലീനക്ക് ആവശ്യങ്ങൾ കൂടി വരുകയാണ് ബാലചന്ദ്രന്റെ വീട് കാണണം.

എല്ലാ വിഭവങ്ങളും കൂട്ടി സദ്യയുണ്ണണം. സെറ്റ് സാരി ഉടുക്കണം. അമ്പലത്തിൽ പോണം.

 

*******   *******     *******

 

അടുക്കളയിൽ നിന്നും മടക്കികുത്തിയ സാരി നേരെയാക്കി മുടി ഒന്ന് കൂടി വലിച്ചു കെട്ടി വരുന്ന സൂചിത്രയേ കണ്ടപ്പോൾ ഉള്ളിൽ പൊങ്ങി വന്ന അരിശം ബാലചന്ദ്രൻ കടിച്ചിറക്കി.

മുഷിഞ്ഞ സാരിയുടുത്ത് ഈ കോലത്തിൽ പവലീനയുടെ മുന്നിൽ വരരുതെന്ന് നൂറുവട്ടം അവളോട് പറഞ്ഞിട്ടുള്ളതാണ് 

 

‘‘സുചിത്ര എന്തിനാണ് കരയുന്നത്’’ അൽപ്പം അതിശയത്തോടെ പവലീന ചോദിച്ചത് കേട്ട് ബാലചന്ദ്രൻ ഊറിചിരിച്ചു.

 

‘‘അത് അവൾ ഉള്ളിയരിഞ്ഞതാണ്. ഷീ വാസ് കുക്കിംഗ്‌’’

 

സൂചിത്രയും അത് കേട്ട് ചിരിച്ചു.

 

‘‘ഓ. സുചിത്ര എന്താണ് കുക്ക് ചെയ്യുന്നത് ഇന്നെന്താ സ്പെഷ്യൽ?’’

 

‘‘സാമ്പാർ, അവിയൽ, കൂട്ടുകറി.. പാവലീനക്ക് ഇനിയെന്താ വേണ്ടത് പറഞ്ഞോളൂ’’

 

‘‘സുചിത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടല്ലോ. എന്നേക്കാൾ നന്നായി. ഞങ്ങൾ ചെക്കുകാർക്ക് ഇംഗ്ലിഷ് അങ്ങിനെ വഴങ്ങില്ല.’’

 

‘‘ഇന്ത്യക്കാർ ഏത് ഭാഷയും പെട്ടന്ന് പഠിക്കും. പ്രത്യേകിച്ച് മലയാളികൾ. സുചിത്ര ബി എ. ലിറ്ററേച്ചർ ആയിരുന്നു,’’

 

‘‘ഞാൻ മലയാളം പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ബാലു എന്നെ പഠിപ്പിക്കാമെന്നേറ്റിട്ടുണ്ട്’’ ചിരിച്ചു കൊണ്ട് പവലീന പറയുന്നത് കേട്ട് ബാലചന്ദ്രൻ വിഷയം മാറ്റാൻ ശ്രമിച്ചു.,‘‘സുചിത്ര ഇലയിട്ടോളൂ. പവലീനക്ക് ഇലയിൽ തന്നെ സദ്യ വേണമെന്ന് നിർബന്ധം’’

 

‘‘ബാലേട്ടന് കൂട്ടുകറി ന്ന് വെച്ചാ ജീവനാ.’’

 

കഴിക്കുന്നതിനിടെ സുചിത്രയുടെ വെളിപ്പെടുത്തൽ കേട്ട് ഇലയിൽ വിളമ്പിയ വിഭവങ്ങൾ ഓരോന്നായി നാവിൽ വെച്ചു രുചി നോക്കുന്ന പവലീന മുഖമുയർത്തി നോക്കി.

 

‘‘ഈസ്‌ ഇറ്റ് ബാലു?’’

 

‘‘പിന്നല്ലാതെ. ലോകത്ത് എവിടെപ്പോയാലും എന്റെ കൂട്ടുകറീടെ സ്വാദ് ഒന്നിനും വരില്ല ന്നാ ബാലേട്ടൻ പറയാറുള്ളത്’’ സൂചിത്രയുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞിരുന്നു. 

 

റഷ്യൻ വോഡ്കയും പവലീന ഉണ്ടാക്കാറുള്ള ഉരളക്കിഴങ്ങ് സാൻഡ്വിച്ചുമാണ് ലോകത്തിലെ ഏറ്റവും സ്വാദിഷ്ഠമായ വിഭാവങ്ങളെന്ന് പറഞ്ഞ ഒരോ പ്രണയ നിമിഷവും ഓർത്തെടുത്ത് ബാലചന്ദ്രൻ പവലീനയുടെ മുഖത്തേക്ക് ജാള്യതോടെ നോക്കി.

 

സാമ്പാറിന്റെ എരുവ് നാവിൽ തട്ടിയപ്പോൾ കണ്ണ് നിറഞ്ഞ പവലീന ‘‘സ്’’ എന്ന് ശബ്ദമുണ്ടാക്കി. പിന്നെ ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

 

‘‘ഹൗ സ്വീറ്റ്..’’

 

******   ********    **********

 

വീട് കാണിക്കാൻ സുചിത്ര പവലീനയെ മുകളിലേക്ക് കൊണ്ട് പോവുമ്പോൾ തന്നെകുറിച്ച് ഇനി എന്തൊക്കെ സത്യങ്ങളാണ് വിളിച്ചു പറയാൻ പോവുന്നതെന്ന് ബാലചന്ദ്രൻ പരിഭ്രമത്തോടെ ചിന്തിക്കാതിരുന്നില്ല 

 

പവലീനയാണെങ്കിൽ ഭർത്താവിനെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സൂചിത്രയെ അതിശയത്തോടെ നോക്കുകയായിരുന്നു. സൂചിത്രയുടെ തിളക്കിമില്ലാത്ത മുഖത്തും, കറുത്ത കൺതടങ്ങളിലേക്കും നോക്കി പവലീന ചോദിച്ചു.

 

‘‘സൂചിത്രയെന്താ പരിപാടികൾ കാണാൻ വരാത്തത്. നൃത്തവും പാട്ടുമൊന്നും ഇഷ്ടമല്ലേ’’

 

സുചിത്രയുടെ ചുണ്ടിൽ ഒരു നേരിയ വിഷാദം കലർന്ന ചിരി വിടർന്നു.

 

അവൾ അലമാര തുറന്നു ഒരു ആൽബമെടുത്തു പവലീനയുടെ മുന്നിൽ നിവർത്തി

 

‘‘ഇതാരാണെന്നറിയോ പവലീനക്ക്’’

 

നൃത്തം ചെയ്യുന്ന സുന്ദരിയായ ഒരു പെൺകുട്ടിയുടെ ഫോട്ടോ ചൂണ്ടി സൂചിത്ര ആവേശത്തോടെ ചോദിച്ചു

 

പവലീനയുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

 

‘‘സുചിത്ര നൃത്തം പഠിച്ചിട്ടുണ്ടോ. ആർ യു എ ഡാൻസർ’’

 

‘‘കുറേക്കാലം പഠിച്ചിട്ടിട്ടുണ്ട്. ഭരതനാട്യം. കല്യാണം കഴിഞ്ഞതോടെ അതൊക്കെ നിന്നു’’

 

ഇക്കാര്യം ബാലചന്ദ്രൻ തന്നോട് പറഞ്ഞിരുന്നില്ലല്ലോ എന്നാണ് പവലീന അപ്പോൾ ചിന്തിച്ചത്. എന്നും ഭാര്യയുടെ കുറവുകൾ മാത്രമാണ് അയാൾ അവളോട് പറയാറുള്ളത്.

 

‘‘ബാലുവിന് അറിയാമോ ഇത്’’

 

‘‘ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു. ബാലേട്ടൻ മറന്നതാവും’’

 

‘‘പക്ഷേ സൂചിത്രയോ.എന്ത് കൊണ്ടാണ് സുചിത്ര നൃത്തം അവസാനിപ്പിച്ചത്.’’

 

‘‘ബാലേട്ടൻ ഒരിക്കലും നാട്ടിലുണ്ടാവില്ല. ഞാനെണെങ്കിൽ ഇവിടെ ഒറ്റക്ക്, കുട്ടികളുടെ കാര്യങ്ങൾ, വീട്ട് ജോലികൾ. പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നു പോവാറുണ്ട് പവലീന. പിന്നെ ബാലേട്ടനു ഇതിലൊന്നും താല്പര്യമില്ല’’ സുചിത്ര നെടുവീർപ്പിട്ടു .

 

‘‘ഇടക്കൊക്കെ സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടിയും ജീവിക്കണം സുചിത്ര’’

 

പെട്ടന്ന് സൂചിത്രയുടെ കണ്ണുകൾ ഈറനണിയുന്നത് കണ്ടപ്പോൾ പവലീന അടുത്തേക്ക് ചെന്നു.

 

‘‘എന്താ സുചിത്ര വീണ്ടും ഉള്ളിയരിഞ്ഞോ’’

 

ചിരിച്ചു കൊണ്ട് പവലീന സുചിത്രയുടെ കൈകൾ തന്റെ കൈകളിലേക്ക് ചേർത്ത് പിടിച്ചു. ‘‘സുചിത്ര ബാലുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ടല്ലേ…. യു ലവ് ഹിം സോ മച്ച്... ഞാനൊന്ന് ചോദിക്കട്ടെ. ബാലു എന്നും വിദേശത്ത് ഒറ്റക്ക്... ബാലുവിനെ വേറെ ആർക്കെങ്കിലും നഷ്ടപ്പെടുമോ എന്നോർത്ത് സൂചിത്രക്ക് പേടി തോന്നാറില്ലേ’’

സുചിത്ര പവലീനയുടെ മനോഹരമായ നീല കണ്ണുകളുടെ ആഴത്തിലേക്ക് നോക്കി.

 

പവലീന ആസ്വസ്ഥതയുടെ ആ നോട്ടത്തിൽ നിന്നും മിഴികൾ താഴ്ത്തി.

 

‘‘പവലീന തെയ്യത്തെ കണ്ടില്ലേ.. ഒരോ ഒറ്റക്കോലവും കനലിൽ ചാടി പൊള്ളിയമരുന്നത് ഈ നാട്ടുകാർക്ക് വേണ്ടിയാണ്. ഞങ്ങളുടെ വേദനകളും വിഷമങ്ങളും അകറ്റാനാണ് അവർ ദൈവങ്ങളായി മാറുന്നത്. അവരോട് ഒന്ന് മനസ്സുരുകി പ്രാർത്ഥിക്കുകയെ വേണ്ടൂ. ഒരാൾക്കും എന്റെ ബാലേട്ടനെ തൊടാൻ കഴിയില്ല’’

 

പൊള്ളലേറ്റത് പോലെ പവലീന കൈകൾ പിൻവലിച്ചു.

 

‘‘തെറ്റുകൾ ചെയ്യുന്നവരോട് നിങ്ങളുടെ തെയ്യങ്ങൾ ക്ഷമിക്കുമോ’’

 

പവലീനയുടെ ചോദ്യം കേട്ട് സുചിത്ര ചിരിച്ചു.

 

‘‘അതിന് പവലീന തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ ’’

 

*********   ********    **********

 

‘‘ദീനം സങ്കടം മഹാവ്യാധിയിലിട്ട് കളയാതെ ഭാഗ്യത്തെ പൊലിയിച്ച് കാത്ത് രക്ഷിച്ചോള് ന്ന് ണ്ട്. മതിച്ചവന്റെ മതിയും കൊതിച്ചവന്റെ കൊതിയും ഞാന്‍ തീര്‍ത്ത് തരുന്നുണ്ട്.’’

 

മേലേരിയിലേക്ക് നൂറ്റൊന്നാവർത്തി ചാടി കരിവാളിച്ചു വാടിയ ഒറ്റക്കോലം പവലീനയെ തീക്ഷ്ണമായി നോക്കി . നോക്കുന്തോറും തെയ്യത്തിന്റെ മുഖം മാറിവരുന്നു.ഇപ്പോൾ തെയ്യത്തിന് സൂചിത്രയുടെ മുഖമാണ്.

 

പവലീന ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു..

 

********   *********   **********

 

‘‘ഇതെന്താ പെട്ടെന്ന് ഇങ്ങിനെയൊരു തീരുമാനം. ലീവ് കഴിഞ്ഞു തിരിച്ചു പോവുമ്പോൾ എന്റെ കൂടെ മടങ്ങാമെന്നല്ലേ പറഞ്ഞത്?’’

 

‘‘എനിക്ക് മടങ്ങണം ബാലു. എത്തിയിട്ട് കുറച്ചു തിരക്കുണ്ട് ’’

 

പവലീന കള്ളം പറയുകയാണെന്ന് ബാലചന്ദ്രന് ബോധ്യമുണ്ടായിരുന്നു. പെട്ടെന്നുള്ള മനംമാറ്റത്തിന്റെ കാര്യമാണ് മനസിലാവാത്തത്.

 

ഇനി സൂചിത്ര എന്തെങ്കിലും..

 

എയർപോർട്ടിൽ വെച്ച് ട്രോളിയിൽ നിന്നും ബാഗ് എടുത്തു താഴെ വെക്കുമ്പോൾ ബാലചന്ദ്രൻ പറഞ്ഞു 

 

‘‘ഞാൻ അടുത്താഴ്ച തന്നെ ലീവ് ക്യാൻസൽ ചെയ്തു മടങ്ങാം. എനിക്കും ഇവിടെ മടുത്തു തുടങ്ങിയിരിക്കുന്നു.’’

 

പവലീന അയാളുടെ മുഖത്തേക്ക് നോക്കി.

 

‘‘നിങ്ങൾ ഇന്ത്യക്കാർ വിദേശത്തെ ഭാഷയും സംസ്കാരവും പഠിക്കാൻ എത്ര മിടുക്കന്മാരാണ്. സ്വന്തം ഭാര്യയെ കുറിച്ച് പഠിക്കാൻ നിങ്ങളെന്താണ് ശ്രമിക്കാത്തത്?’’

 

ബാലചന്ദ്രൻ അമ്പരപ്പപ്പോടെ പവലീനയുടെ മുഖത്തേക്ക് നോക്കി.

 

‘‘കുടുംബബന്ധങ്ങൾക്ക് അത്രയൊന്നും വിലകൽപ്പിക്കാത്ത നാടാണ് എന്റേത്. അത് കൊണ്ട് തന്നെയാവും ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് തോന്നാതിരുന്നതും പക്ഷേ ഇവിടെ വന്നു സൂചിത്രയേ കണ്ടപ്പോൾ.. സ്വന്തം ഇഷ്ടങ്ങളൊക്കെ ഉള്ളിലൊതുക്കി വേദനകൾ പുറത്തു കാട്ടാതെ ബാലുവിന് വേണ്ടി എരിഞ്ഞു തീരുകയാണ് ആ പാവം. ഒറ്റക്കോലം പോലെ..’’

 

‘‘ബാലുവിന്റെ ഒരോ ചെറിയ ഇഷ്ടങ്ങൾ പോലും സുചിത്ര എത്ര ഓർത്തെടുത്തു മനസ്സിൽ സൂക്ഷിക്കുന്നു പക്ഷേ ബാലുവിന് സൂചിത്രയെ കുറിച്ച് ഒന്നുമറിയില്ല. അവൾ നിങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് പോലും’’

 

‘‘എനിക്ക് ബാലുവിനോട് തോന്നിയത് ഒരിക്കലും പ്രണയമായിരുന്നില്ല. ബാലുവിന് എന്നോടും’’

 

പവലീനയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു.

 

ബാലചന്ദ്രന് ശ്വാസം നിലച്ചു പോവുന്നത് പോലെ തോന്നി.

 

‘‘ഗുഡ്ബൈ ബാലു.. നമ്മളിനി ഒരിക്കലും കണ്ടുമുട്ടില്ല ’’

 

ട്രോളിയുന്തി പവലീന നടന്നു പോവുന്നത് ബാലചന്ദ്രൻ നോക്കി നിന്നു. കാറ്റിൽക്കൂടി  എവിടെനിന്നോ തോറ്റൻപാട്ടിന്റെ ഈരടികൾ ഒഴുകി വന്നു. ദൂരെയെവിടെയോ ഒറ്റക്കോലത്തിന് വേണ്ടി വീണ്ടുമൊരു മേലേരി ഒരുങ്ങുന്നുണ്ടായിരുന്നു.

 

English Summary: Ottakkolam, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com