ADVERTISEMENT

നെഞ്ചിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു. എന്തോ എനിക്ക് ഒരു സമാധാനവും കിട്ടിയില്ല. കാണികള്‍ക്കിടയില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്നവര്‍... ആ നാലു പേരും എന്റെ മനോധൈര്യം കെടുത്താനുള്ള കൊട്ടേഷൻ എടുത്ത് വന്ന പോലെ ഉണ്ടായിരുന്നു. ഞാൻ സ്റ്റേജിൽ കയറിയാൽ അവർ കൂവുമോ എന്ന് ഞാന്‍ ഭയന്നു.തിരിച്ച് പോയാലോ.....

 

ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടു. അവർ നോട്ടം കൊണ്ടെന്നെ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. ടെൻഷൻ സഹിക്കാനാവാതെ കണ്ണുകൾ ഇറുക്കി അടച്ച് കൈകൾ മുറുക്കി പിടിച്ച് ഞാന്‍ അവിടെ തന്നെ നിന്നു.

‘‘ചേച്ചി...’’ ആ വിളി കേട്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്.

‘‘പേടി ഉണ്ടോ?’’

‘‘കണ്ടിട്ട് എന്ത് തോന്നുന്നു?’’ ഞാൻ അവനോട് ചോദിച്ചു. 

‘‘കുറച്ച്‌ പേടിയൊക്കെ ഉണ്ട്... എന്നെ പറ്റിക്കാനൊന്നും നോക്കണ്ട, ചേച്ചി എന്തിനാ പേടിക്കുന്നെ... പോയി അസ്സലായി പറഞ്ഞിട്ട് വാ. ഉച്ചക്ക് ഞാന്‍ ചേച്ചിക്ക് ബിരിയാണി വാങ്ങി തരുന്നുണ്ട്...’’

 

ഇതും പറഞ്ഞ്‌ ഒരു ചിരിയോടെ അവന്‍ എന്റെ കൈ പിടിച്ചു കുലുക്കുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന ഭയത്തെ കുറിച്ച് പോലും ഞാൻ മറന്നു പോയിരുന്നു. വേദിയില്‍ നിൽക്കുമ്പോൾ മുന്നില്‍ ഇരിക്കുന്ന ആ നാലു പേരെ ഞാൻ കണ്ടതേ ഇല്ല. ആ മൂന്നാം ക്ലാസുകാരന്റെ നിഷ്കളങ്കമായ ചിരി മാത്രമായിരുന്നു മനസ്സിൽ. 

 

സ്റ്റേജിൽ നിന്ന് ഇറങ്ങി നോക്കിയപ്പോ ആളെ അവിടൊന്നും കണ്ടില്ല. 

എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോകുന്ന തിരക്കില്‍ ആയതു കൊണ്ട് ആരോടും ചോദിക്കാനും പറ്റിയില്ല. ചോദിക്കാനായിട്ട് എനിക്ക് അവന്റെ പേര്‌ അറിയില്ലെന്നത് ആയിരുന്നു മറ്റൊരു സത്യം. 

 

ഉച്ചക്ക് വീണു കിട്ടുന്ന ഒരല്‍പ്പം സമയത്ത് വരാന്തയില്‍ നിൽക്കുമ്പോൾ സ്കൂൾ ഗ്രൗണ്ടിൽ  ഓടിക്കളിക്കുന്ന ആ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട്. 

പക്ഷേ ഒരു നോട്ടം കൊണ്ട്‌ പോലും ഞങ്ങൾ പരിചിതർ ആയിരുന്നില്ല. 

ഒരു വാക്ക് കൊണ്ട്‌ പോലും എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കാത്ത കൂട്ടുകാർ... ചിലപ്പോ എന്റെ ടെന്‍ഷന്‍ അവര്‍ക്ക് മനസ്സിലായി കാണില്ലായിരിക്കും (അങ്ങനെ കരുതാന്‍ ആണ് എനിക്ക് ഇഷ്ടം). 

ക്ലാസ്സ് മേറ്റ്സ് ആണെങ്കിലും എന്നെ നിരുത്സാഹപ്പെടുത്താൻ കച്ച കെട്ടി ഇറങ്ങിയ നാല് പേര്‍  ...

തന്നെ മാത്രം ഉറ്റു നോക്കുന്ന കാണികള്‍...

ഇതൊന്നും പോരാത്തതിന് എപ്പോഴും കൂടെയുള്ള എന്നാൽ ഒരു ആവശ്യവും ഇല്ലാത്ത പേടിയും വെപ്രാളവും...

അതിനിടയില്‍ ഒരു ചെറിയ കുട്ടിയുടെ പുഞ്ചിരി... രണ്ട് വാക്കുകള്‍... അത് പകർന്ന ആശ്വാസം ചെറുതായിരുന്നില്ല. 

 

ഞാന്‍ ഇന്നും ആലോചിച്ചു... എനിക്ക് ധൈര്യം പകരാന്‍ വന്നപ്പോൾ എന്തായിരുന്നു ആ കുഞ്ഞു മനസ്സിൽ. ഞാന്‍ പങ്കെടുത്ത ഇവന്റിന്റെ പേരു  പോലും അവനറിയാൻ സാധ്യത ഇല്ല. എന്നിട്ടും എനിക്ക് കൂട്ട് നിന്നു. അന്ന് എന്നോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. അറിഞ്ഞു കൊണ്ടാണോ അതോ എന്നെ കളിപ്പിക്കാൻ പറഞ്ഞതോ എന്ന് അറിയില്ല... അവന്‍ പറഞ്ഞ പോലെ അന്ന് എനിക്കും കിട്ടി ബിരിയാണി. അന്ന് പ്രോഗ്രാം പ്രമാണിച്ച് എല്ലാവർക്കും ബിരിയാണി ഉണ്ടായിരുന്നു. 

 

അന്ന് സമ്മാനം വാങ്ങി വേദിയില്‍ നില്‍ക്കുമ്പോഴും കൈയടിക്കുന്ന കാണികള്‍ക്കിടയിൽ അവനെ മാത്രമേ ഞാൻ കണ്ടുള്ളൂ. അന്നത്തെ എട്ടാം ക്ലാസുകാരി ഇന്ന് കോളജിൽ പഠിക്കുമ്പോഴും ഏതൊരു ടെന്‍ഷനു മുന്നിലും വെറുതെ ആ മൂന്നാം ക്ലാസുകാരനെ ഓര്‍ക്കും. ധൈര്യത്തിന്റെ പുറം മോടിയണിയാൻ പലപ്പോഴും ആ ഓര്‍മകള്‍ എനിക്ക് കൂട്ടായി വന്നിട്ടുണ്ട്. 

 

ഇപ്പോൾ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളിലും അവന്റെ മുഖം കാണാനാണ് എനിക്ക് ഇഷ്ടം. സൗഹൃദങ്ങളിൽ ആ സഹോദര സ്നേഹം മാത്രമാണ് ഞാന്‍ ആഗ്രഹിക്കാറ്. സ്കൂൾ പഠനം കഴിഞ്ഞതില്‍ പിന്നെ അവനെ കണ്ടിട്ടില്ല. എന്നാലും ഏതൊരു ആള്‍ക്കൂട്ടത്തിലും ഞാൻ വെറുതെ തിരയും... അവന്റെ നിഷ്കളങ്കമായ ചിരി കാണാന്‍...

വെറുതെ ചേച്ചി എന്നൊരു വിളി കേള്‍ക്കാന്‍...

 

English Summary: Memoir written by Anagha P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com