ADVERTISEMENT

നിരപരാധി (കഥ)

മുണ്ട് ഒന്നഴിച്ച് വയർ ഇറുക്കി ഉടുത്തു. കുടലെല്ലാം കുറുകിപ്പോയ പോലെ തോന്നി. ഒരിറ്റു വറ്റിറങ്ങിയിട്ട്  ഇന്നേക്ക് രണ്ടര ദിവസമായി. സഞ്ചിയിൽ നിന്ന് കഠാര പുറത്തെടുത്ത് മൂർച്ച ഒന്നും കൂടി  ഉറപ്പു വരുത്തി.  ഒരുത്തന്റെ മാറ് പിളർത്തി ചങ്ക് പുറത്തെടുക്കാൻ ഇത് മതി. തലപ്പ് പാഴ്ത്തുണിയിൽ പൊതിഞ്ഞ് കഠാര  അരയിൽ തിരുകി. അല്ലേൽ വലിച്ചൂരുമ്പോൾ പുറം മുറിയും.

 

സന്ധ്യ തുടങ്ങിയിട്ടില്ല. തെരുവിലെ തിരക്കിനും കുറവില്ല. കവലയുടെ അങ്ങേയറ്റത്തു നിന്ന്  നത്തോലിമുരളിയുടെ നീട്ടിയുള്ള വിളി കേൾക്കാം. രാത്രിചന്ത ഉണർന്നു കഴിഞ്ഞു. ഇപ്പോൾ അങ്ങോട്ടു  ചെന്നാൽ ചാള, അയല, ചൂര, കാര, കണവ, ചെങ്കലവ....  അങ്ങനെ മിക്കവാറും എല്ലാ മത്സ്യങ്ങളും  ഐസ്പെട്ടിയുടെ മേലുള്ള തടിപ്പലകയിൽ നിരത്തി വച്ചിരിക്കുന്നത് കാണാം. പണ്ട് അമ്മ പുത്തരിച്ചോറും  തോട്ടുപുളി ഇട്ട് വറ്റിച്ച നല്ല അയലക്കറിയും വെച്ചിട്ട് വിളിക്കും. നാക്കിന്റെ ഉണങ്ങിക്കരിഞ്ഞ സ്വാദ്മുകുളങ്ങളിൽ ഇന്നും ആ പുളിയുണ്ട്. ആ ഓർമ്മയുടെ രുചി. അക്കാലത്ത് അമ്മ ഒരു താരാട്ട് പാടുമായിരുന്നു. എന്തായിരുന്നത്....? മറന്നു. എന്നാലും മറക്കാൻ പാടില്ലായിരുന്നു. 

 

കടത്തിണ്ണ വിട്ട് നിരത്തിലേക്ക് ഇറങ്ങി. വഴിയോരക്കടക്കാർ പെട്രോമാക്സുകൾ തെളിക്കുകയാണ്. നേരെ പടിഞ്ഞാട്ട് അരമൈല് നടന്നാൽ അമ്പലം പിടിക്കാം. തിരിഞ്ഞ് താൽക്കാലിക അഭയസ്ഥാനമായിരുന്ന തിണ്ണയെ നോക്കി, മനസ്സാലെ നന്ദി പറഞ്ഞു.

 

മുന്നോട്ടുള്ള ഓരോ ചുവടുകളിലും ഇരുട്ട് വീഴുന്നു. പിന്നിൽ നിന്ന് ആരോ വിളിക്കുന്നില്ലേ.....!

 

ആ ‘പേരി’ട്ട്...! ചുറ്റും നോക്കി. ഇല്ല. ആരുമില്ല... തോന്നിയതാകണം. ഇന്ന് ബ്ലേഡ്പരമു കട തുറന്നില്ല. എന്തു പറ്റിയോ...? ആവോ...? അല്ലെങ്കിൽ അവനാണ് കഠാരയ്ക്ക് ഇരയാകേണ്ടിയിരുന്നത്...! 

ഒന്നു തല ചായ്ക്കാനാണ് പാതിരായ്ക്ക് അവന്റെ പീടികത്തിണ്ണയിലോട്ട് പോയത്. വിശപ്പിന്റെ പരാധീനത മൂലം അന്തമില്ലാതെ ചിലപ്പോ ഉറങ്ങിപ്പോയെന്നിരിക്കും. ഒന്നു തട്ടി വിളിച്ചാൽ തീരാവുന്നതേയുള്ളു. എന്നാലും ഈ സാമദ്രോഹിക്ക് തിളച്ച വെളളം മോന്തക്ക് ഒഴിക്കാതെ പറ്റില്ല. ഏതേലും ഓരത്ത് കഴിച്ചു കൂട്ടുന്ന തെണ്ടികളെ കാണുമ്പോൾ എല്ലാ നായീന്റെ മക്കൾക്കും ഉള്ള സൂക്കേടാണിത്. ഒരു വെള്ളപ്പൊക്കത്തിൽ തീരാവുന്ന മേൽക്കൂര ഉള്ളതിന്റെ കഴപ്പ്. അങ്ങനെയുളള ഒരുത്തനെ പിടിച്ച് ഇന്ന് തീർക്കണം. എല്ലാം ഒരായിരം വട്ടം ആലോചിച്ച് ഉറപ്പിച്ചതാണ്. ഇതാണ് മാർഗ്ഗം, ഇതേയുള്ളു മാർഗ്ഗം. 

 

അമ്പലം എത്തിയതറിഞ്ഞില്ല. ഇരുട്ടിന്റെ തിരശ്ശീലയെ കീറിമുറിച്ച് കൊണ്ട് ദീപങ്ങൾ തെളിഞ്ഞു നിന്നു. ആൽത്തറയിലോട്ട് വലിയ വെളിച്ചമടിക്കുന്നില്ല. അവിടിരുന്നാൽ ആരും ശ്രദ്ധിക്കുകയുമില്ല. 

 

മുമ്പൊക്കെ കേറി ചെല്ലാൻ ഒരു കുടി ഉണ്ടായിരുന്നു. കാത്തിരിക്കാൻ ഒരു പെണ്ണും കുഞ്ഞും ഉണ്ടായിരുന്നു. എല്ലാം കളഞ്ഞ് കുളിച്ചതാണ്. ആർക്കും ഉപകരിക്കാത്ത ഒടുക്കത്തെ ആവേശം! അന്നൊക്കെ അല്ലറ ചില്ലറ തല്ലും പിടിയും യൂണിയൻ വർക്കൊക്കെയായി കഴിയുമ്പോഴാണ് ഒരു വമ്പൻ കോള് വന്ന് തടഞ്ഞത്. പാർട്ടിക്ക് സംശുദ്ധനായ നേതാവിന്റെ പേരിലുള്ള കേസ് എടുത്ത് വയ്ക്കാനായി ഒരു പ്രവർത്തക-പെടലി ആവശ്യമുണ്ടായിരുന്നു. ആശങ്കലേശമന്യേ ഞാൻ എന്റെ പെടലി നീട്ടിക്കൊടുത്തു.

 

ഒന്നും വേണ്ടായിരുന്നു....!

 

യാതൊരു പ്രകോപനവും കൂടാതെ കുറ്റം സമ്മതിച്ചിട്ടും പൊലീസ് ഏമാന് ദഹിച്ചില്ല. അത് അവരുടെ ജാതിക്ക് നാണക്കേടാണത്രെ...! സ്ഥലത്തെ പ്രധാന ജന്മിയെ കുത്തിക്കൊന്ന കേസിലെ പ്രതി ഒന്നുരുട്ടാതെ സമ്മതിക്കുന്നതിൽ ഒരു രസവുമില്ലെന്ന്. 

അവർ ഉരുട്ടി...

മാംസത്തെ തുടയെല്ലിൽ നിന്ന് പിഴിഞ്ഞ് മാറ്റി. മലർത്തി കെടത്തി ലാത്തിചാർജ് നടത്തി, കൈയ്യും മെയ്യും നെയ്യായി ഉരുക്കി. അന്ന് ചാർത്തി കിട്ടിയ പേരാണ് “കൊലയാളി”.....!!!

 

വാക്ക് പറഞ്ഞവരെല്ലാം ഒറ്റി. നേതാവ് ഒറ്റി! പാർട്ടിയും ഒറ്റി! കൂടെ കെടന്ന പെമ്പറന്നോത്തിയും ഒറ്റി!

 

പങ്ക് വയ്ക്കലാണ് കമ്മ്യൂണിസം എന്ന് പണ്ടാരോ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ വിശ്വാസം ഞാനിവർക്ക് പകുത്ത് കൊടുത്തു. ജീവിതവും പകുത്ത് കൊടുത്തു. എന്നാൽ എനിക്കാരും ഒരിത്തിരി വറ്റ് പോലും പകുത്ത് തന്നില്ല. ഒന്നും പകുത്ത് തന്നില്ല.

 

ക്ഷേത്രത്തിൽ നിന്ന് ഭക്തജനം തൊഴുതിറങ്ങുന്നുണ്ട്. വഴിയിൽ നിലാവിന്റെ ചെറുവെട്ടമുണ്ട്. പക്ഷേ ഈ ചുട്ടെരിക്കുന്ന വിശപ്പ് കാരണം കണ്ണിലൊന്നും തെളിയുന്നില്ല. ഈ വിശപ്പിനേക്കാളും നോവിച്ചത് ‘കൊലയാളി’ എന്ന വിളിയാണ്. പത്ത് മാസം കഴിഞ്ഞ് കോടതി വെറുതെ വിട്ടെങ്കിലും ആ പേര് കൂടെ പോന്നു. തച്ച് കൊന്നോൻ, പിറകീന്ന് കുത്തി കൊന്നോൻ, കഴുത്തറുത്ത് കൊന്നോൻ.... അങ്ങനെ ചെറുത് തൊട്ട് വലുത് വരെ എല്ലാ എണ്ണവും വിളിച്ചു. എന്തിനാണ്ടാ ന്റെ പിളേള കൊന്നേന്ന് ചോദിച്ച് ചത്തോന്റെ തള്ള കാർക്കിച്ച് തുപ്പി. ഇല്ല ഞാൻ കൊന്നില്ല ... ഞാൻ ആരെയും കൊന്നില്ല. പലരോടും കെഞ്ചി. ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞു.

ആരും കേട്ടില്ല...

 

വീട്ടുകാരും കൂട്ടുകാരും എന്നെ മറന്നിരുന്നു. അവർ കണ്ടത് കൊലയാളിയെയാണ്...!

ഭാര്യ അങ്ങനല്ലാത്ത ഒരുവനെ കുടിയിരുത്തിച്ചു. അവസാനം ആകെയുള്ള മോളും ചോദിച്ചു അച്ഛൻ കൊന്നോന്ന്...? ഭൂമി തുറന്ന് അതിലാണ്ട് പോയാ മതീന്ന് തോന്നി. ആദ്യം എല്ലാവർക്കും പേടിയായിരുന്നു. പിന്നെ വെറുപ്പായി. ഒരാളും അടുപ്പിച്ചില്ല. ഒരു പണിയും കിട്ടിയതുമില്ല. വയറ് വെന്ത് വെണ്ണീറായി. പഞ്ചായത്ത് പൈപ്പിലെ വെള്ളം കുടിച്ച് നിറച്ചിട്ടും അണഞ്ഞില്ല. ഒരു ചെറുപഴത്തിനായി ചായക്കാരൻ രാമുവണ്ണന്റെ കാലു പിടിച്ചു. അയാള് ചവിട്ടി പുറത്താക്കി. എന്നിട്ടും ഞാൻ കട്ടില്ല.

ഞാൻ കള്ളനല്ലല്ലോ...!!!

കൊലയാളിയല്ലേ...!!!

അന്നാണ് ഇവറ്റകളെയെല്ലാം കൊന്ന് തിന്ന് വിശപ്പടക്കാൻ ഉറപ്പിച്ചത്. ജയിലിൽ കെടന്നാ അന്നത്തിനു മുട്ടുണ്ടാകില്ല.

 

നട അടച്ചു. ആളുകൾ കൊഴിഞ്ഞ് കൊഴിഞ്ഞ് പോകുന്നു. അവസാനം ഒരു വയസ്സൻ പതുക്കെ വേച്ച് വേച്ച് നടന്ന് വരുന്നു. അയാൾ ഷർട്ടഴിച്ച് ചുമലിൽ ഇട്ടിരുന്നു. വേറെയാരും ചുറ്റുമില്ല. ഇതു തന്നെ അവസരം. പതിയെ ആൽത്തറയിൽ നിന്നിറങ്ങി, വയസ്സന്റെ പിന്നാലെ കൂടി. അടുത്ത വളവ് കഴിഞ്ഞാ പിന്നെ കാടാണ് വെളിച്ചമില്ല. അവിടെ വെച്ച് കാര്യം നടത്തണം. കെളവനായതു കൊണ്ട് വലിയ പ്രതിഷേധം ഒന്നും കാണിക്കില്ല. 

 

കൈയ്യിലേക്ക് ഒരു തരിപ്പ് പടർന്നു. വിറയ്ക്കരുത്... കൊലയാളിയാണ് താൻ...! ആരെയും കൊല്ലാൻ മടിക്കാത്ത ക്രൂരൻ...! എന്നിട്ടും വിറ മാറുന്നില്ല. മരിച്ചു പോയ അച്ഛന്റെ പ്രായമുളള വൃദ്ധനാണ്.

ഇല്ല... കൊല്ലണം...! ഒരു നശിച്ച സഹതാപം. മനുഷ്യനെ തീറ്റിക്കാതെ ദൈവത്തിനു വെച്ച് വിളമ്പുന്നവരാണ് ഇവർ. കൊല്ലണം...ഹേ... അയാൾ എന്താ നടത്തം നിർത്തിയത്..?

ശ്ശെ...!  മനസ്സിലായിക്കാണും. കുറച്ച് കൂടി കരുതലോടെ നടക്കേണ്ടതായിരുന്നു. അല്ലേലും ഈ മുടിഞ്ഞ വിശപ്പ് ഒന്നിനും സമ്മതിക്കില്ല. അയാൾ തിരിഞ്ഞ് നോക്കുന്നുണ്ട്. ഇരുട്ടത്ത് മുഖം വ്യക്തമാവുന്നില്ല.

“ ആരാണത്.....? ’’ അയാൾ ചോദിച്ചു. ഞാൻ അനങ്ങിയില്ല.

അയാൾ അടുത്തോട്ട് വരുന്നു. ആരേലും കാണുന്നതിനു മുന്നേ തീർക്കണം. അരയിൽ നിന്ന് കഠാര പുറത്തെടുത്തു. പാഴ്ത്തുണി അഴിഞ്ഞ് തറയിലേക്ക് വീണു. ഇരുട്ടത്ത് വജ്രം പോലെ കഠാര തിളങ്ങി.

 

“രാമൻ കുട്ടിയല്ലേ...?”

 

വയസ്സൻ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ തന്നെ ഈ കൊലയാളിയെ അറിയാത്ത ആരാണ് ഈ നാട്ടിലുളളത്. കഠാരയിലെ പിടി മുറുക്കി. ഒറ്റ വീശിന് പള്ള പൊളിക്കണം. അവിടെയാണല്ലോ ജീവനുള്ളത്.

“നിന്നെ ആരാണ്ടൊക്കെ കൂടി കളളക്കേസില് കുടുക്കീന്ന് അറിഞ്ഞു. എനിക്ക് അന്നേ അറിയാരുന്ന് നീ അങ്ങനെ ഒന്നും ചെയ്യൂല്ലാന്ന്....”

നാഡികളിലൂടെ ഒരു തണുപ്പ് ഇരച്ചുകയറി. കഠാര കയ്യിൽ നിന്ന് ഊർന്നിറങ്ങി താഴേക്ക് വീണു. കണ്ണ് നിറഞ്ഞു. വിണ്ട് കീറിയ അന്നനാളത്തിലൂടെ ഒരു കൊളളിയാൻ പാഞ്ഞു പോയി. വയറ്റത്ത് ഒരു അയവ് തോന്നുന്നു. ഒരു ഗരുഡൻ തൂക്കിൽ കൊളുത്തിക്കെടന്ന എന്നെ വീണ്ടെടുത്ത ഇദ്ദേഹം ആരാണെന്നുള്ള ചോദ്യം ബുദ്ധിയിൽ നുരഞ്ഞു പൊന്തി വന്നു.

“നീ എന്തൊരു പാവാമായിരുന്നു... ഇത് ഞാനാടാ! കേളുമാസ്റ്ററ്. നിന്നെ പത്തില്...”

മുഴുമുപ്പിച്ചില്ല. ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽ വീണു. വരണ്ട പാദങ്ങൾ ചേർത്തു പിടിച്ച് ഏങ്ങലടിച്ചു. തുരുമ്പിച്ച ഹൃദയത്തിന്റെ ഏതോ കോണിൽ നിന്നും അമ്മയുടെ ആ പഴയ താരാട്ട് ഉറവ പൊട്ടി ഒഴുകുന്നു. അത് ഹൃദയം നിറയ്ക്കുന്നു, വയറ് നിറയ്ക്കുന്നു, ശരീരമാകെ നിറഞ്ഞ് കവിയുന്നു.

 

ദൂരത്ത് നിന്ന് അവളെ ഞാൻ കണ്ടു. കണ്ണുകൾ പാതിയടഞ്ഞ്, കവിളുകൾ കറുത്ത് മങ്ങി, ചിരിക്കാൻ മറന്ന ഒരു പാവയെപ്പോലെ നിൽക്കുകയാണ്. പാവം ഒരുപാട് കരഞ്ഞിരിക്കണം. ഒന്നിക്കുന്നതിനു മുന്നേ പിരിയേണ്ടി വന്നവരാണ് നാം. പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട പ്രണയ കാവ്യത്തിന്റെ ബാക്കിപത്രങ്ങൾ.... ഓർമ്മകളിൽ തളയ്ക്കപ്പെട്ടവർ. അവൾ എന്നെ കണ്ടു. കണ്ണുകൾ ഉടക്കി. വിട പറയുകയാണ്. ഇനിയും കാത്തിരിക്കരുത്. എന്നെ ഒരിക്കലും പ്രണയിക്കരുതായിരുന്നു.പ്രതീക്ഷകളില്ലാത്തവൻ മരിച്ചവനാണ്. 

ഞാൻ എന്നേ മരിച്ചിരുന്നു..

 

ഇനി ഈ ശവത്തിനായി ഒരു തുളളി കണ്ണ്നീര് പോലും പൊഴിക്കരുത്. നമ്മൾ ഇനി ഒരിക്കലും നമ്മളായിരിക്കുകയില്ല. നീയും ഞാനും എന്നായി മാറിയിരിക്കുന്നു.അടങ്ങാത്ത ചുംബനങ്ങൾക്ക് മേൽ ഒരു പിടി മണ്ണ് വാരിയിട്ടിട്ട് നടന്നകലാം....

 

English Summary : Niraparadhi, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com