‘വൈകിട്ട് വരുമ്പോൾ പൂക്കൾ വാങ്ങി വരണം’ കുട്ടികൾ അയാളോട് പ്രത്യേകം പറഞ്ഞതാണ്, പക്ഷേ...

onam
ചിത്രം – മനോരമ
SHARE

ഓർമപ്പൂക്കൾ (കഥ)

നാളെ അത്തമാണ്! അതിന്റെ തിരക്ക് ആ  പൂമാർക്കറ്റിന്റെ എല്ലായിടത്തും കാണാനുണ്ടായിരുന്നു. ആ നഗരത്തിലെ മാത്രമല്ല, തൊട്ടടുത്ത സ്ഥലങ്ങളിലെ ആഘോഷങ്ങൾക്കുപോലും പൂക്കൾ കൊണ്ടുപോയിരുന്നത് ആ പൂമാർക്കറ്റിൽ നിന്നായിരുന്നു. ഇരുപത്തിനാലു മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ആ മാർക്കറ്റിൽ പക്ഷേ ഇതാദ്യമായി പൂക്കളുടെ സ്റ്റോക്ക് തീർത്തും ഇല്ലാതായിരിക്കുന്നു! ഇനി തോവാളയിൽനിന്നോ ഡിണ്ടിഗലിൽനിന്നോ വണ്ടികളെത്തണം. ആളുകൾ അപ്പോഴും പിരിഞ്ഞു പോകാതെ അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു നിൽക്കുന്നുണ്ടായായിരുന്നു.

അയാൾ അക്ഷമയോടെ വാച്ചിലേക്ക് നോക്കി. എത്രനേരമായി ഈ നിൽപ്പ് തുടങ്ങിയിട്ട്..! ഒരുവേള തിരിച്ചുപോയാലോന്ന് ആലോചിച്ചതുമാണ്. പക്ഷേ, കുട്ടികളുടെ കാര്യമോർക്കുമ്പോൾ...

പിറന്നുവീണ വീടും പിച്ചവച്ച മുറ്റവും നിറയെ പൂക്കളുള്ള വിശാലമായ തൊടിയുമെല്ലാം നിമിഷനേരം കൊണ്ട് അയാളുടെ ഉള്ളിൽ മിന്നിമറഞ്ഞു. പിന്നെ ഊഞ്ഞാലാടിയതും ഉപ്പേരി കൊറിച്ചതും തെങ്ങിന്റെ ഇളന്തോലകൊണ്ടുണ്ടാക്കിയ പന്തുവച്ച് തലപ്പന്ത് കളിച്ചതും വള്ളംകളി കാണാൻ പോയതുമുൾപ്പടെ അങ്ങനെ പലതും!

രാവിലെ ഓഫീസിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ കുട്ടികൾ അയാളെ പ്രത്യേകം ചട്ടംകെട്ടിയതാണ്-വൈകിട്ട് വരുമ്പോൾ പൂക്കൾ വാങ്ങി വരണം! അവർക്ക് അത്തപ്പൂവിടാനാണ്. അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ അതിനായി പ്രത്യേക മത്സരം ഇത്തവണത്തെ ഓണത്തോടനുബന്ധിച്ച് അവിടെ ക്രമീകരിച്ചിട്ടുണ്ട്. അതിനുവേണ്ടി ഇന്നൽപ്പം നേരത്തെതന്നെ അയാൾ ഓഫീസിൽ നിന്നും ഇറങ്ങിയതുമാണ്. പക്ഷേ...

അയാൾ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റെടുത്ത് തീ കൊളുത്തി. പുറത്തേക്കു തെറിച്ച അതിന്റെ പുകച്ചുരുളുകളോടൊപ്പം  അയാളുടെ ഓർമകളും വീണ്ടും പുറകോട്ട് നീങ്ങി.

മഴയുടെ ആരവങ്ങളൊഴിഞ്ഞ് ഓണത്തുമ്പികൾ വട്ടമിട്ടു പറക്കുന്ന ചിങ്ങവെയിൽ. പൂക്കുടയും പൂവിളിയുമായി തുമ്പയും തുളസിയും തെച്ചിയും മുക്കൂറ്റിയുമൊക്കെ തേടി അത്തം നാളിൽ അതിരാവിലെ തന്നെ തൊടിയിലേക്കിറങ്ങുന്ന കുട്ടിക്കൂട്ടങ്ങൾ. വേലിപ്പടർപ്പിലും പാടവരമ്പത്തുമൊക്കെയുള്ള പേരറിയുന്നതും അറിയാത്തതുമായ പൂക്കൾ മൊത്തം ശേഖരിച്ചുകൊണ്ടായിരിക്കും ആഹ്ളാദത്തോടെയുള്ള അവരുടെ മടക്കയാത്രകൾ..!

അന്നൊക്കെ തൊടിയിലും പാടവരമ്പത്തുമൊക്കെയായി നിറയെ പൂക്കളുണ്ടായിരുന്നു. പുൽപ്പടർപ്പിൽ ഹൃദ്യമായ മന്ദഹാസത്തോടെ ‘എന്നെയിറുത്തോളൂ’ എന്ന് മാടിവിളിച്ചുകൊണ്ട് തലയാട്ടി നിൽക്കുന്ന നിരവധി പൂക്കൾ..!

ഇന്ന് പുക്കളെവിടെ..?! പൂക്കളമെവിടെ..?!! അതിന് പൂത്തറയെവിടെ..?!!! മുറ്റംപോലും കോൺക്രീറ്റ് ചെയ്തു കെട്ടുന്ന വീടുകൾ..! വീടുകളുടെ സ്ഥാനത്ത് മാനംമുട്ടെ ഉയരുന്ന ഫ്ളാറ്റുകളും..!!! 

നഗരങ്ങളിലെ കാര്യമാണ് അതിലും കഷ്ടം. അപ്പാർട്ടുമെന്റുകൾക്ക് മുൻപിൽ പാർക്കിങ്ങിനു തന്നെ സ്ഥലം കമ്മി. അതിനപ്പുറം ഏതുസമയവും വണ്ടികളിരമ്പി പായുന്ന റോഡും  കാൽനടയാത്രക്കാരെ വരെ ആ തിരക്കിലേക്ക് ഇറക്കിവിടുന്ന ഫുട്പാത്ത് കച്ചവടക്കാരും.

ആൾക്കൂട്ടത്തിന്റെ ആരവങ്ങളിൽ അയാളുടെ ഓർമകൾ മുറിഞ്ഞു. പൊടി പറത്തിക്കൊണ്ട് ലോറികൾ കടന്നുവരുന്നത് അയാൾ കണ്ടു. വലിച്ചുകൊണ്ടിരുന്ന സിഗരറ്റിന്റെ കുറ്റി നിലത്തേക്കിട്ട് ചവിട്ടിയരച്ചിട്ട് അയാളും ആ ആരവങ്ങൾക്കൊപ്പം ചേർന്നു. പക്ഷേ പൂക്കളുടെ വില കേട്ടപ്പോഴായിരുന്നു അയാൾ ശരിക്കും ഞെട്ടിയത്. വ്യർഥമെന്നു തോന്നിച്ച ഒരു കാത്തുനിൽപ്പിന്റെ നിരാശയും കോപവും ഉള്ളിലടക്കി വെറുംകൈയ്യോടെ വീട്ടിലേക്കു മടങ്ങുമ്പോൾ കുട്ടികളോട് എന്തു പറയണമെന്ന് ആലോചിക്കുകയായിരുന്നു അയാൾ !

English Summary : Ormapookkal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;