ADVERTISEMENT

‘മിട്ടായി’ക്കള്ളൻ (ഓർമ) 

ഈ കോവിഡ് കാലം നവമാധ്യമങ്ങളുടെ സാധ്യതകളെ ഏറെയും വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരം സാമൂഹിക മാധ്യമങ്ങൾ ഇന്ന് ജനമനസ്സുകളിൽ ഒരു ഉൻമേഷവും ഉത്സാഹവും ഒക്കെ നൽകി വരുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോഴും, വർഷങ്ങൾക്കപ്പുറമുള്ള സുഹൃത്തുക്കളോട് ഇടപഴകുവാൻ അവസരം നൽകിയ സാങ്കേതിക വിദ്യയ്ക്കു നേരെ നാം പഴിചാരേണ്ടതില്ല.

‌പത്തിരുപത്തെട്ട് വർഷം മുൻപെയുള്ള സ്കൂൾ വിദ്യാഭ്യാസ കാലത്തെ ഒരു മിട്ടായിക്കള്ളന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടത് ഈ കോവിഡ് കാലത്താണ് ! അതും വാട്സാപ്പ് ഗ്രൂപ്പിലൂടെ ... യഥാർഥ മിട്ടായിക്കള്ളൻ ക്യാമറയ്ക്കു പിന്നിൽ വിരാജിക്കുന്നു! ഇപ്പോഴും തെളിയാത്ത കേസ്.

 

അന്വേഷണം ഊർജ്ജിതമായി നടക്കുന്നു. മേൽവിചാരത്തിനുള്ള ചുമതല സർവജന സമ്മതനായ ജോസഫിനെ ഏൽപിച്ചിരിക്കുകയാണ്. പണ്ടേ കൃത്യനിർവഹണത്തിൽ അണുവിട വ്യതിചലിക്കാത്ത ജോസഫ് അഞ്ചംഗ സംഘത്തെ രൂപീകരിച്ച് പല നടപടിക്രമങ്ങളും നടത്തിവരുന്നു.

പക്ഷേ ... യഥാർത്ഥ മിട്ടായിക്കള്ളൻ...

 

അതാണ് കഥ.

 

പാലക്കാട് ജില്ലയിലെ കേരളശ്ശേരി എന്ന പ്രദേശം. നാലാം തരം വരെ അടുത്തുള്ള എൽ.പി.സ്കൂളുകളിൽ പഠിച്ച് അഞ്ചാം തരത്തിൽ കേരളശ്ശേരി ഹൈസ്കൂളിൽ പഠിക്കാനെത്തിയ ഞങ്ങൾ. പത്താം ക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ച് ,ഒടുവിൽ പരീക്ഷയ്ക്കു മുൻപുള്ള വികാരനിർഭരമായ രംഗങ്ങൾക്ക് സാക്ഷിയായി.

 

ഓട്ടോഗ്രാഫ്  കുത്തി നിറച്ച് എഴുതിയിട്ടുണ്ട്.

‘‘നീയെന്നെ മറന്നാലും

ഞാൻ നിന്നെ മറക്കില്ല.’’

 

പതിവു ശൈലികൾ .

 

അവസാന പ്രവൃത്തി ദിനം ... ക്ലാസ്സ് ഫോട്ടോയെടുക്കാൻ കോങ്ങാട്ടിൽ നിന്ന് ഫോട്ടോഗ്രാഫർ എത്തിയിട്ടുണ്ട്. സുന്ദരനും സുന്ദരികളുമായി ചമഞ്ഞൊരുങ്ങി. വിശാലമായ ഗ്രൗണ്ടിൽ കുളിർമ പരത്തി നിൽക്കുന്ന തേൻമാവിനു കീഴെ ബെഞ്ചും ഡസ്ക്കും ക്രമീകരിച്ചു. ഓരോരുത്തരും ഫോട്ടോയെടുക്കുമ്പോൾ തങ്ങൾ എവിടെ നിൽക്കണമെന്ന് മനസ്സിൽ കണക്കുകൂട്ടി. പ്രതീക്ഷകളെ അസ്ഥാനത്താക്കി പി.ടി. മാഷ് ഉയരക്രമമനുസരിച്ച് നിരത്തി നിർത്തി. മുൻ നിരയിലുള്ള ബഞ്ചിൽ ക്ലാസ്സിൽ പഠിപ്പിക്കുന്ന അധ്യാപകർ നിരന്നിരിക്കുന്നു. ബയോളജി പഠിപ്പിക്കുന്ന പ്രിയ ശോഭ ടീച്ചറുടെ പിന്നിൽ ഞാൻ തിക്കിത്തിരക്കിനിന്നു. സുഹൃത്തുക്കളെയും ഒഴിവാക്കാൻ വയ്യ. രമയും സ്മിതയും അപ്പുറവും ഇപ്പുറവും . ചിരിച്ചുവോ എന്നുറപ്പിക്കുന്നതിനു മുൻപെ ഫ്ലാഷ് മിന്നി !! അങ്ങനെ പത്താം തരം ‘സി’ വിഭാഗം ഫോട്ടോ സെഷൻ അവിടെ തീർന്നു.

 

ഇനി കാര്യം.

 

കോവിഡ് കാലത്താണ് വാട്സാപ്പ് ഗ്രൂപ്പിൽ കൂടുതൽ പേരെ ആഡ് ചെയ്ത് ഗ്രൂപ്പ് അഡ്മിൻ തന്റെ കഴിവ് തെളിയിച്ചത്. അറേബ്യൻ മണലാരണ്യത്തിലെ പിടിപ്പതു ജോലിത്തിരക്കിൽ നിന്ന് വിടുതൽ കിട്ടിയ കാലം. ഗ്രൂപ്പ് അഡ്മിൻ കൊച്ചു മുറിയിലുള്ള വിരസമായ തന്റെ ദിനങ്ങളെ, ഓരോ സുഹൃത്തുക്കളെ തേടിപ്പിടിച്ച് ഗ്രൂപ്പിൽ ചേർത്ത് ക്രിയാത്മകമാക്കിക്കൊണ്ടിരുന്നു.

 

ഗ്രൂപ്പ് അഡ്മിനെ എല്ലാവരും വാനോളം പുകഴ്ത്തി.

 

ഒരു ദിവസം വൈകീട്ട് പുതിയൊരു ചങ്ങാതിയെ കണ്ടുപിടിച്ച അഡ്മിൻ, മുഖവുരയില്ലാതെ ഗ്രൂപ്പിൽ ആഡ് ചെയ്ത് ഞങ്ങളെ വിസ്മയിപ്പിച്ചു.

 

ഡി .പി. കണ്ടപ്പോൾ ആളെ മനസ്സിലായി. ആർമി ഡ്രസ്സിലാണെങ്കിലും സ്കൂൾ ലീഡറായിരുന്ന അവനെ ആരു മറക്കാനാണ് !

 

പിറ്റേന്ന് ഭർത്താവുമൊത്ത് സംസാരിച്ചിരിക്കുമ്പോൾ രാവിലെ ഒമ്പതു മണിക്ക് ഒരു ഫോൺ .

‘‘എന്നെ ഓർമയുണ്ടോ ? ഞാൻ രജനിയുടെ ക്ലാസ്മേറ്റാണ്. രാകേഷ്.’’

 

സ്വരത്തിലെ മയമില്ലായ്മയും ഗാംഭീര്യവും ആർമിക്കാരന്റെ പട്ടാളചിട്ടയുടെ ഭാഗമെന്നു തീർച്ചപ്പെടുത്തി.

 

സ്കൂൾ ലീഡറെ ആരു മറക്കാനാ രാകേഷ് ? എന്ന എന്റെ ചോദ്യം കേട്ട് പട്ടാളക്കാരൻ ഒന്നമർന്നു മൂളി.

 

‘‘എടോ രജനീ ... സ്കൂളിലെ ഫോട്ടോ സെഷനു ശേഷം ഹെഡ് മാസ്റ്ററുടെ കയ്യിൽ നിന്ന് എനിക്ക് അടി വാങ്ങിച്ചു തന്നത് വല്ല ഓർമയുമുണ്ടോ ?’’

 

ഈശ്വരാ ...ഞാനോ ? ഒന്നും ഓർമയിൽ തെളിഞ്ഞില്ല.

 

‘‘എടോ ..ഇപ്പോഴും ഞാൻ പറയുന്നത് സത്യമാ ..ഞാനല്ല അതെടുത്തത്.’’ രാകേഷ് പറയുന്നതൊന്നും മനസ്സിലാകാത്തതു കൊണ്ട് ഞാൻ പറഞ്ഞു.

‘‘രാകേഷെന്താ പിച്ചും പേയും പറയുന്നത്?’’

 

ബാക്കി ഗ്രൂപ്പിൽ പറയാം എന്ന മറുപടിയോടെ ഫോൺ കട്ട്.

 

അന്ന് രാത്രി എട്ടു മണിക്ക് സ്കൂൾ ലീഡർ ഗ്രൂപ്പിൽ വന്നു.

‘‘പത്താം ക്ലാസ്സ് ... അവസാന ദിവസം നടന്ന നാടകീയ രംഗങ്ങൾ എത്ര പേർക്ക് ഓർമയുണ്ട്?’’ എന്ന ചോദ്യം ഗ്രൂപ്പിൽ തിളങ്ങി.

 

തുരുതുരാ മറുപടി. എനിക്കോർമയുണ്ട്... എന്നാലും ശിവദാസൻ മാഷ് സ്കൂൾ ലീഡറെ അടിക്കരുതായിരുന്നു... സത്യത്തിൽ നീ അറിഞ്ഞിട്ടേയില്ല. അല്ലേ ? ...

 

ആൺപെൺ സുഹൃത് ഭേദമെന്യേ ആരൊക്കെയോ രജനീ .... എന്ന് ഗ്രൂപ്പിൽ നീട്ടി വിളിക്കുന്നു.

 

ദൈവമേ! രാകേഷിന് അടി കിട്ടിയതും ഞാനും തമ്മിലെന്തുബന്ധം ?

 

അവിടെ തീർന്നെന്നു കരുതിയതാണ്. പിറ്റേന്ന് മനോജ് വീണ്ടും ഗ്രൂപ്പിൽ ചർച്ചയ്ക്ക് തിരികൊളുത്തി.

 

‘‘രാകേഷ് ... നീയല്ലേ എടുത്തത് ? അല്ലെങ്കിൽ പിന്നെ ആരാ ?’’

 

‘‘അപ്പൊ, നീയല്ലേ കള്ളൻ ?’’

 

ദൈവമേ ... എന്തെടുത്ത കാര്യമാ ഇവർ പറയുന്നത്?

 

‘‘ഒരെണ്ണമല്ല, രണ്ടെണ്ണമാ കട്ടത്. സ്കൂൾ ലീഡറായാലും ശിക്ഷ കട്ടായം.’’ ലിജി മുഖം നോക്കാതെ പറഞ്ഞു.

 

‘‘സത്യത്തിൽഞാൻ എടുത്തിട്ടില്ല ചങ്ങാതികളെ ... എന്റെ രണ്ടു മക്കളാണേ സത്യം. ’’

 

പിന്നെ ആരാ ?

 

ശ്രീരാജ് രംഗത്തെത്തി. നമുക്ക് കള്ളനെ പിടികൂടണം. ഉടൻ തന്നെ സിന്ധു പണ്ടേ ഗവേഷണ തൽപരനായ ജോസഫിൽ  ഉത്തരവാദിത്തം ചുമത്തി. ഒറ്റയ്ക്കു വയ്യ എന്ന് ജോസഫ് പറഞ്ഞതിൻ പ്രകാരം അഞ്ചംഗ സമിതി പ്രാബല്യത്തിൽ വന്നു. ജോസഫ് , സതീഷ് ,ഹുസൈൻ, ഗീത, സിന്ധു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം കളവ് കണ്ടെത്താനുള്ള കഠിന പ്രയത്നം ആരംഭിച്ചു.

 

പിന്നീട് രമ പറഞ്ഞറിഞ്ഞു. ഫോട്ടോ സെഷൻ കഴിഞ്ഞപ്പോൾ ശോഭ ടീച്ചർ എല്ലാ കുട്ടികൾക്കും രണ്ടു മിട്ടായി വിതരണം ചെയ്തത്രെ. ഞാൻ ഇൻസ്ട്രുമെന്റ് ബോക്സിൽ മിട്ടായി സൂക്ഷിച്ച് വീണ്ടും ഗ്രൗണ്ടിൽ പോയ നേരത്ത് ആരോ അതു മോഷ്ടിച്ചു . തൊണ്ടി മുതൽ തിരഞ്ഞു കിട്ടാതെ കരഞ്ഞ് സ്കൂൾ ലീഡറുടെ തലയിൽ മോഷണശ്രമം കെട്ടിവെച്ചെന്നും രമ വിശദമാക്കി.

 

എന്തു കണ്ടിട്ടാണ് അന്ന് നീ രാകേഷിന്റെ പുറത്ത് മോഷണക്കുറ്റം ചുമത്തിയതെന്ന് രമ ചോദിക്കുമ്പോൾ എനിക്കെല്ലാം നിറം മങ്ങിയ ഓർമകളായി.

 

ദൈവമേ ... എന്തായിരിക്കും ഞാൻ അങ്ങനെ ആരോപിക്കാൻ കാരണം ?

പലപ്പോഴും രാകേഷ് എന്നെ ഓരോന്ന് പറഞ്ഞ് ശുണ്ഠി പിടിപ്പിക്കാറുണ്ട്. ചോദിക്കാതെ ബാഗ് തുറന്ന് പുസ്തകമെടുക്കും. ആവശ്യം കഴിഞ്ഞാൽ തിരിച്ചു വെയ്ക്കുന്ന ശീലമൊന്നുമില്ല. അതുകൊണ്ട് അവനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാമോ? എന്തായാലും അറിവില്ലാത്ത പ്രായത്തിലുള്ള ചപലതയല്ലേ?

 

ജോസഫും സംഘവും മിട്ടായിക്കള്ളനെ പിടികൂടാൻ വാട്സാപ്പ് ഗ്രൂപ്പിലൂടെ ശ്രമിച്ചു.

സത്യം ഗ്രൂപ്പിൽ വിളിച്ചു പറയേണ്ടതില്ല. അഞ്ചംഗ സംഘത്തിലെ ആരേയും സ്വകാര്യമായി അറിയിക്കാം. പശ്ചാത്തപിക്കുന്നെങ്കിൽ കോവിഡ് കാലം കഴിഞ്ഞ്, പത്താം തരത്തിലെ വിദ്യാർത്ഥി കൂട്ടായ്മയിൽ മിട്ടായികൾ വിതരണം ചെയ്യാം.

 

എവിടെ ?

 

പല അടവുകളും പയറ്റി ജോസഫ് തെളിവെടുപ്പു നടത്തി. മാറി മാറി കോൺഫറൻസ് കാൾ. ഫലം തഥൈവ.

 

സ്കൂൾ ലീഡർ രാകേഷിന്റെയും, സത്യാന്വേഷണ സംഘത്തിന്റെത്തിന്റെയും ഉൾപ്പെടെ അതുവരെ ചുരുളഴിയപ്പെടാത്ത പല കള്ളത്തരങ്ങളും പുറത്തു വന്നു. ചിലരുടെ തരികിടകൾ പുറത്തായി. ജോസഫ് മാത്രം അന്നും ഇന്നും വിവാദങ്ങളിൽ പെടാതെ ഒഴിഞ്ഞു നിന്നു.

 

പക്ഷേ ... എവിടെ മിട്ടായിക്കള്ളൻ ?

 

ദീപയുടെ പുസ്തകത്തിൽ മയിൽപ്പീലി ഒളിപ്പിച്ച്, ഒരാഴ്ച കഴിഞ്ഞ് പെറ്റുപെരുകുന്ന മയിൽപ്പീലി പോലെ നമുക്കും കുട്ടികൾ വേണമെന്ന് സ്നേഹിതയുടെ പുസ്തകത്താളിൽ എഴുതിയ വമ്പനെ വരെ തിരച്ചിൽ സംഘം വിചാരണ ചെയ്തു. ഡെസ്ക്കിൽ പച്ചമഷി കൊണ്ട് ‘I love you’ എന്ന് പെൺകുട്ടികൾ ഇരിക്കുന്ന സ്ഥലത്തെഴുതി വയ്ക്കുന്ന ഏകാന്ത കാമുകനെ വരെ പിടികൂടി തൊലിയുരിച്ചു.

 

പക്ഷേ... മിട്ടായിക്കള്ളൻ... വാട്സാപ്പ് ഗ്രൂപ്പിലല്ലെങ്കിലും ഒരു എസ്.എം.എസ് . വഴി കുറ്റം ഏറ്റുപറയുമെന്ന് എല്ലാവരും കരുതി.

 

ഫലം നിരാശ .

 

ജോസഫും സംഘവും നിർത്തിയിട്ടില്ല. വ്യക്തിഹത്യ വരെ നടന്നു. ആകെ നനഞ്ഞു ... ഇനി കുളിച്ചു കേറാം എന്ന നിലപാടിലാണ്. ക്രോസ് വിസ്താരം തുടരുന്നു. കുപ്രചരണങ്ങളെ അവഗണിച്ചും കള്ളനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ്.

 

ഇനീപ്പോ വല്ല പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുമോ ആവോ ??

 

English Summary: Memoir written by Rajani Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com