ADVERTISEMENT

ഗൗരി (കഥ)

തുടയുടെ മുകളിലേക്ക് ഉയർത്തപ്പെട്ട സാരി തുമ്പുകൾ താഴേക്ക് കൊണ്ടുവരുന്ന നിമിഷങ്ങൾക്കകം അടുത്ത മനുഷ്യൻ ആ മുറിയിൽ ഇടംപിടിച്ചു കഴിഞ്ഞിരുന്നു. വാതിലുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ശബ്ദങ്ങൾ മാത്രമേ അവൾ ഇപ്പോഴെല്ലാം ശ്രദ്ധിക്കാറുള്ളൂ. 

 

എല്ലാം ഒരേ മുഖങ്ങൾ...

ഒരേ വികാരങ്ങൾ....

 

പാവയായി മാറിയിട്ട് പത്തുപതിനഞ്ച് കൊല്ലം കഴിഞ്ഞിരിക്കുന്നു. വികാരങ്ങൾ അടങ്ങുന്നവരെ മാത്രം ജീവനുള്ള പ്രണയം. കണ്ണുകളടച്ച് കിടക്കുമ്പോൾ, തന്നിൽ പടരുന്ന പലരും കരുതി കാണും വേദനകൾക്ക് തന്നിൽ സ്ഥാനമില്ലെന്ന്. ചിന്തകളുടെ ഇടയിൽ വഴുതിവീണ എപ്പോഴോ അവൾ മുറിയിൽ കടന്നുവന്ന ആ മനുഷ്യനെ പറ്റി ഓർത്തു. അവൾ മനസ്സില്ലാമനസ്സോടെ ആ മാന്യദേഹത്തെ ഒന്നു നോക്കി.

 

കണ്ടാൽ തന്നെ തന്റെ അത്രയും പ്രായമുള്ള വ്യക്തി. മേൽക്കൂര പോലത്തെ മീശയും കുറ്റി താടി രോമങ്ങളും മുടി ചീകി ഒതുക്കി അത്തറിന്റെ മണമുള്ള സുമുഖൻ... അവളുടെ നോട്ടങ്ങൾ തന്റെ അടുത്തേക്ക് ആണെന്ന് തിരിച്ചറിഞ്ഞ അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരി വരുത്തി. ആണിനോട് മനസ്സിൽ എന്നോ മുളപൊട്ടിയ പുച്ഛം മറച്ചുകൊണ്ട് അവളും ചിരിച്ചു അവനോട്.

 

എന്താ പേര് ?

 

അവന്റെ ചോദ്യത്തിൽ അവൾ ഉള്ളുതുറന്ന് ഒന്ന് ചിരിച്ചു. അങ്ങനെ ഒരു ചോദ്യം ആദ്യമായാണ്. അല്ലെങ്കിൽ തന്നെ പ്രാപിക്കുന്നതിന് ഇടയിൽ കാമം എന്ന ചോദ്യത്തിന് ഉത്തരം ശരീരം എന്ന മൗനം അല്ലാതെ മറ്റെന്താണ്.

 

എന്തേ അറിഞ്ഞിട്ട് കെട്ടാൻ ആണോ! 

 

പേര് ഒളിപ്പിച്ചുകൊണ്ട് മറുചോദ്യം അവൾ ചോദിച്ചു.

 

കെട്ടിയാൽ എന്താ? അവനും വിട്ടില്ല . 

 

അവൾ ഒന്നും മിണ്ടാതെ കുറച്ചുനേരം അവനെ നോക്കിയിരുന്നു .

 

‘ഗൗരി’

 

എന്താണ് നിങ്ങളുടെ പേര് ?

 

അവളുടെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രം മറുപടിയായി നൽകിക്കൊണ്ട് അയാൾ പോക്കറ്റിൽനിന്നും ഒരു മുഷിഞ്ഞ പണത്തിന്റെ കെട്ട് അവൾക്കുനേരെ നീട്ടി. അവൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഗൗരിയുടെ മുഖത്തും അത് വ്യക്തമായിരുന്നു. അയാൾ അവൾ കിടന്ന് കീറിത്തുടങ്ങിയ മെത്തയുടെ മുകളിൽ ആ നോട്ടുകെട്ടുകൾ ഉപേക്ഷിച്ചു. കൂടെ ഒരു തുണ്ട് കടലാസും.

 

ഇന്ന് വൈകുന്നേരം അഞ്ച്മണിക്ക്... റൂം നമ്പർ 202 കേട്ടോ ...

 

അയാളെ ഇപ്പോഴും തുറിച്ചുനോക്കുന്ന ഗൗരിയിലേക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചുകൊണ്ട് മുറിയുടെ പുറത്തേക്ക് അയാൾ നടന്നു. ഗൗരി ആകാംക്ഷയിൽ തുണ്ട് കടലാസ് ആദ്യം കൈക്കലാക്കി.

 

ഒരു മേൽവിലാസം! ആരുടേതാണ് ?

 

ഈ നോട്ടുകെട്ടുകൾ അയാൾ എന്തിനാണ് തന്നത്. വെറും ഒരു അപരിചിതൻ ! നോട്ടുകെട്ടുകൾ കൈക്കുള്ളിൽ ഒതുക്കിക്കൊണ്ട് എണ്ണിത്തിട്ടപ്പെടുത്തി. പതിനയായിരം രൂപയോ! ഇത്രയും രൂപ എനിക്ക് തന്നത് എന്തിനാണ് ? ഒന്നും മനസ്സിലാകുന്നില്ല.

 

പക്ഷേ പണം ....

 

ആരുടെയൊക്കെ ആട്ടും തുപ്പും കൊണ്ട് ഉണ്ടാക്കുന്ന ചില്ലറകളെ ഓർത്ത് അവൾ സ്വാർഥയായി. ഗൗരി നോട്ടുകെട്ടുകളിൽ കുറച്ച് ഇടുപ്പിൽ തിരുകി കൊണ്ട് സാരി മറച്ചു. ബാക്കി ബ്ലൗസിന്റെ ഇടയിൽ ചേർത്തു. ചിലപ്പോൾ പണത്തിന്റെ പേരിൽ കൊത്തിവലിക്കുന്ന പുറത്തുനിൽക്കുന്ന കഴുകന്മാർ അതും കൈക്കലാക്കും എന്ന് അവൾക്ക് അറിയാമായിരുന്നു. സാരിത്തുമ്പ് നേരെയാക്കി ഗൗരി പുറത്തിറങ്ങിയപ്പോഴേക്കും മറ്റൊരുവൾ ആ മുറിയിൽ ഇടംപിടിച്ചു മുഖംമൂടിയണിഞ്ഞ ഒരു പകൽ മാന്യനും. 

 

കോണിപ്പടിയിലൂടെ ഇറങ്ങുമ്പോഴും വയറു നിറയ്ക്കാൻ മാനം വിൽക്കുന്ന ബോംബെയുടെ തെരുവോരങ്ങളിലൂടെ നടക്കുമ്പോഴും പലരുടെ കൈകൾ അവളുടെ ശരീരത്തിൽ പതിഞ്ഞതറിഞ്ഞിട്ടും ഗൗരിയുടെ മനസ്സിൽ പല ചിന്തകളും വേലി തീർക്കുകയായിരുന്നു. ഏതോ ഒരു ഘട്ടത്തിൽ അവൾ കൈയ്യിലെ വാച്ചിൽ സമയം നോക്കി മൂന്നുമണി. ഗൗരി ചിന്തകളുടെ സ്വപ്നത്തിനു വിടപറഞ്ഞുകൊണ്ട് ആളുകളാൽ തിങ്ങിനിറഞ്ഞ തെരുവിന്റെ ഇടത്തേ അറ്റത്തുള്ള ബാങ്കിലേക്ക് നടന്നു. ബാങ്കിന്റെ ചില്ലുകൂട്ടിൽ നിന്നും പുറത്തു വരെ ഉറുമ്പ് കൂട്ടം പോലെ പതിയെ ചലിക്കുന്ന നീണ്ടനിര.

 

അതിൽ പലരും അവളെ കണ്ടതോടെ മുഖം ചുളിച്ചു. വേശി എന്ന് അടക്കം പറഞ്ഞു.

 

ആരു പറഞ്ഞാൽ വിശ്വസിക്കും പകലിന്റെ വെട്ടത്തിൽ വേശി എന്ന് വിളിച്ചവർ പലരും ഇരുട്ടിൽ തന്റെ ശരീരത്തിന്റെ കാമുകൻമാരായ കഥ. ഗൗരി ഒരു ദീർഘനിശ്വാസത്തോടെ നീണ്ട നിരയുടെ ഒടുവിലത്തെ കണ്ണിയായി കാത്തുനിന്നു . ജനക്കൂട്ടത്തിന് പിന്നിൽ എത്തിപ്പെട്ട അമർഷത്തിൽ അവൾ പിറുപിറുത്തു. ക്ഷണനേരം കൊണ്ട് അവൾക്കു പിന്നിലായി ആളുകൾ നിറഞ്ഞു. താൻ മാത്രമല്ല എന്ന ആശ്വാസം അവളിൽ നിറഞ്ഞു. മണിക്കൂറുകൾക്കൊടുവിൽ തന്റെ ഊഴം എത്തിയിരിക്കുന്നു. അവൾ യുദ്ധത്തിൽ ജയിച്ച വിജയികളെ പോലെ പിറകിലായി ചേക്കേറിയവരെ ഒന്ന് നോക്കിക്കൊണ്ട് അവിടെനിന്ന് കടലാസിൽ വിവരങ്ങൾ എഴുതി നൽകി. കൂടെ അയാൾ തന്ന നോട്ടുകെട്ടുകളും പിന്നെ രണ്ടുദിവസത്തെ സമ്പാദ്യവും ചില്ലുകൂട്ടിൽ ഏൽപിച്ചു .

 

എഴുതി വിവരങ്ങൾ ശരി തന്നെയാണോ എന്ന ചോദ്യത്തിൽ മൂക്കിൽ ഇരിക്കുന്ന കണ്ണടയുടെ മുകളിലൂടെ പരിഷ്കാരി അമ്മച്ചി അവളെ ഒന്നു നോക്കി. ശരിയാണെന്ന അർഥത്തിൽ അവളും തലയാട്ടി. ഒടുവിൽ ബാങ്കിന്റെ ഉഷ്ണ ശ്വാസത്തിൽ നിന്നും പുറത്തു കടന്നു.

 

ഇനിയും സമ്പാദിക്കണം. കെട്ട് കെട്ടായി നോട്ടുകൾ ഉണ്ടാക്കണം.

 

വെറുതെ പേര് പറഞ്ഞപ്പോൾ തന്നെ പതിനായിരങ്ങൾ വെച്ചുനീട്ടിയ അയാളുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു. അയാൾ പറഞ്ഞ മേൽവിലാസം അനുസരിച്ച് പോകണോ വേണ്ടയോ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു.

 

ഭയമാണോ പെണ്ണേ? അവളിൽ അവൾ തന്നെ ഉയർത്തിയ ചോദ്യത്തിനുത്തരവും ഗൗരി തന്നെ നൽകി .

 

എന്തിനാണ് ഭയക്കുന്നത് ... അവൾ മേൽവിലാസം ഒന്നുംകൂടി ശ്രദ്ധിച്ചു. പോകാം ...

 

ബാങ്കിന്റെ വലത്തെ വശത്തായി കിടന്ന ഓട്ടോറിക്ഷ കൈകാട്ടി അവൾ വിളിച്ചു. ഓട്ടോറിക്ഷ ഒരു ക്ഷണനേരംകൊണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞെത്തി. കൂനിക്കൂടി ഇരിക്കുന്ന വൃദ്ധൻ ഓട്ടോക്കാരനോട് അവളുടെ കൈയ്യിലിരുന്ന കടലാസുകഷണം കാണിച്ചു. അലസതയോടെ ചവച്ചിറക്കിയ മുറുക്കാൻ മറുവശത്തേക്ക് തുപ്പിക്കൊണ്ട് കേറാൻ ആംഗ്യം കാണിച്ചു.

 

അവൾ അനുസരണയുള്ള കുട്ടിയെപ്പോലെ ഓട്ടോറിക്ഷയുടെ അകത്തേക്ക് കയറി. കാറ്റിനെ തള്ളിമാറ്റി സഞ്ചരിക്കുന്ന ഓട്ടോറിക്ഷയുടെ കോണിൽ അവൾ അറിയാതെ കണ്ണുകളടച്ചു.

 

കീറിപ്പറിഞ്ഞ ചുവന്ന സാരി. ആരൊക്കെയോ ചേർന്നു അവളുടെ ദേഹത്ത് മുറിപ്പാടുകൾ കോറി. അതിൽ നിന്ന് രക്തം ഇറ്റിറ്റ് വീഴുമ്പോഴേക്കും അടുത്ത് വന്ന് ആരോ ഒരാൾ കയ്യിലിരുന്ന കത്തി അവളുടെ കഴുത്തിൽ നീട്ടി ...

 

അവളിൽ ഉയർന്ന നിലവിളിയും ഓട്ടോറിക്ഷ നിർത്തിയതും ഒരേ നിമിഷം തന്നെയായിരുന്നു. വിയർത്തുകുളിച്ച് സ്വപ്നത്തിൽ നിന്ന് ഉണർന്ന അവളെ ആ വൃദ്ധൻ തുറിച്ചുനോക്കി. താൻ കണ്ടത് സ്വപ്നം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാലങ്ങൾക്കുശേഷം അവളിൽ ഒരു നാണം വിരിഞ്ഞു. ബ്ലൗസിന് ഇടയിൽനിന്നും ഓട്ടോറിക്ഷയുടെ കൂലി വൃദ്ധനെ ഏല്പിച്ചുകൊണ്ട് ഗൗരി മേൽവിലാസത്തിലേക്ക് നടന്നു. പറയത്തക്ക ഭംഗിയില്ലാത്ത എപ്പോൾ വേണമെങ്കിലും നിലം പൊത്താൻ വെമ്പിനിൽക്കുന്ന ബഹുനിലക്കെട്ടിടം. റൂം  202 

 

താഴെനിന്ന് ചായക്കടക്കാരൻ കൊച്ചുപയ്യന്റെ അടുത്തു ഗൗരി ചോദിച്ചപ്പോൾ ഉടനെ അവൻ മുകളിലേക്ക് എന്ന് കൈ കാണിച്ചു. ആ മരവിച്ച ഇടനാഴിയിലൂടെ നടക്കുമ്പോഴും കോണിപ്പടികൾ കയറുമ്പോഴും സ്വപ്നമായിരുന്നു അവളുടെ മനസ്സിൽ.

 

കൊല്ലുമോ അയാൾ... അങ്ങനെ ചെയ്താൽ ? 

 

അല്ലെങ്കിൽ കൊല്ലട്ടെ, ഭർത്താവ് തന്നെ കൊണ്ടുനടന്ന് ബോംബെയുടെ തെരുവുകളിൽ കാഴ്ചവച്ച പെണ്ണിന് എന്തു ജീവിതം ...

തന്നെ തൊട്ട ഓരോ പുരുഷനും തന്റെ ഭർത്താവിന്റെ അതെ ഗന്ധം തന്നെയായിരുന്നു.

 

ദുഷ്ടൻ...

 

ഒന്നര വയസ്സിനുശേഷം തന്റെ മകനെ താൻ കണ്ടിട്ടില്ല. അവന്റെ മുഖം എങ്ങനെ എന്ന് പോലും അറിയാതെ പോയ ഒരു അമ്മ...

 

അവന്റെ കണ്ണിൽ ഇന്നും മകനെ മറന്ന് സമ്പാദിച്ചുകൂട്ടുന്ന ഒരു അമ്മയാണ് താൻ അല്ലെങ്കിൽ തന്നെ അമ്മ വേശി എന്ന് പറയുന്നതിലും എത്രയോ നല്ലതാണ് തിരക്ക് കാരണം അവനെ മറന്നെന്ന് അവൻ കരുതുന്നത്. 

 

ചിന്തകൾക്കിടയിൽ ഗൗരി യാന്ത്രികമായി ആ മുറിയുടെ വാതിലിന്റെ അടുത്തെത്തി കഴിഞ്ഞിരുന്നു. അപ്പോഴാണ് അവൾ വാച്ചിലെ സമയം ശ്രദ്ധിച്ചത്. അഞ്ച് മണി കഴിഞ്ഞിരിക്കുന്നു .

 

ഗൗരി സംഭവിക്കുന്നത് സംഭവിക്കട്ടെ എന്നു കരുതി വാതിലിൽ മുട്ടി. കുറച്ചു സമയത്തിനകം ആ വാതിലുകൾ അവൾക്കുവേണ്ടി തുറക്കപ്പെട്ടു ഗൗരിയെ കണ്ടതും അയാളിൽ നിഷ്കളങ്കമായ ഒരു ചിരി വിടർന്നു. അവൾക്കുവേണ്ടി വാതിലിന് ഒരു വശത്തേക്ക് മാറി നിന്നു കൊടുത്തു. അവൾ അകത്തേക്ക് കേറി. 

 

മേശയിൽ കൂനകൂട്ടി പുസ്തകങ്ങൾ. കഷ്ടിച്ച് ഒരാൾക്ക് മാത്രം കിടക്കാൻ സാധിക്കുന്ന കട്ടിൽ. ആ മെത്തയിൽ വിരിച്ചിരിക്കുന്ന പൂക്കളുടെ ചിത്രം പതിച്ച ആ വിരിപ്പ് അവൾക്ക് വല്ലാതെ ഇഷ്ടമായി. അതിൽ അവൾ പതുക്കെ കൈകൾ കൊണ്ട് തലോടി .

 

പുതിയതാണോ? ഒന്നും മിണ്ടാതെ നിന്ന അവനോട് അവൾ സംസാരിച്ചുതടങ്ങി.

 

 

അതെ എന്ന് മറുപടി നൽകിക്കൊണ്ട് തുരുമ്പ് സ്ഥാനംപിടിച്ച അലമാരയിൽ നിന്നും അയാൾ പത്രം കൊണ്ട് പൊതിഞ്ഞ ഒരു പൊതി അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങിയില്ല. വീണ്ടും അയാൾ അടുത്തേക്ക് കൊണ്ടുവന്നപ്പോൾ അത് വാങ്ങി തുറന്നു നോക്കി. പുതിയ ചുവന്ന പട്ട് സാരി ! 

 

അവളുടെ അടിവയറ്റിൽ നിന്നും തീഗോളങ്ങൾ നെഞ്ചിലേക്ക് കയറുന്ന പോലെ അവൾക്ക് തോന്നി.

 

കൊല്ലാൻ പോവാണോ ?

 

അവളുടെ വിറയ്ക്കുന്ന ചോദ്യം ആദ്യം അയാളിൽ ഒരു ഞെട്ടലുണ്ടാക്കി എങ്കിലും അത് ഒരു തമാശയായി മാത്രമേ അയാൾ കണ്ടൊള്ളു.

 

എന്തേ കൊല്ലുന്നതിനു മുമ്പ് എന്തേലും ആഗ്രഹമുണ്ടോ ?

 

ഉണ്ട്...

 

കുറച്ചു നേരം അവൾ ഒന്നും മിണ്ടാതെ അയാളെ നോക്കിയിരുന്നു വീണ്ടും അവൾ സംസാരിച്ചു തുടങ്ങി .

 

കുറച്ചു പണം വേണം. 

 

എത്ര വേണം ...

 

എന്റെ ജീവന്റെ വില...

 

എന്നാലും.

 

ഒരു പത്ത് ലക്ഷം !

 

 

അയാൾ പൊട്ടിച്ചിരിച്ചു. അത് നമുക്ക് നോക്കാം താൻ പോയി ഈ സാരി ഉടുത്തു കൊണ്ട് വാ ..

 

അയാള് കുളിമുറി ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. അവൾ മടിച്ചാണെങ്കിലും യജമാനൻ പറയുന്ന കേൾക്കാൻ മാത്രം വിധിക്കപ്പെട്ട ഒരുവൾ എന്ന ബോധം ഉള്ളിൽ വന്നപ്പോഴേക്കും എഴുന്നേറ്റ് കുളിമുറിയിലേക്ക് നടന്നു. വിയർപ്പിൽ മുഷിഞ്ഞ സാരി കുളിമുറിയുടെ കതകിൽ ഇട്ടുകൊണ്ട് പുതുപുത്തൻ സാരി അവളെ ചേർത്തു. ഒരിക്കലും ചേരാത്ത ബ്ലൗസും ചുവന്ന സാരിയും കണ്ട് ഗൗരിക്ക് തന്നെ ചിരിപൊട്ടി.

 

കുളിമുറിയുടെ പുറത്തേക്കിറങ്ങി അവളെ കണ്ടതും അയാൾ എണീറ്റ് വാതിൽ ചാര . എന്നിട്ട് അവളോട് പൂക്കൾ നിറഞ്ഞ വിരിപ്പിനെചൂടി മെത്തയിൽ ഇരിക്കാൻ പറഞ്ഞു. അവൾ അടിമ പോലെ അതനുസരിച്ചു. വീണ്ടും അയാൾ അലമാര തുറക്കുന്നത് ഗൗരി നോക്കിയിരുന്നു. അയാൾ അതിൽനിന്ന് തുണിയിൽ പൊതിഞ്ഞ എന്തോ ഒന്ന് അവൾക്ക് നേരെ നീട്ടി. അവൾ അതെന്താ എന്നുള്ള വിഭ്രാന്തിയിൽ വാങ്ങി തുറന്നു.

 

പണക്കെട്ടുകൾ  !

 

പത്ത് ലക്ഷം ഉണ്ടാകില്ല എങ്കിലും അഞ്ചിൽ കുറയില്ല. ഒരായുസ്സിന്റെ സമ്പാദ്യം...

 

എന്തിനാണ് തനിക്കത് എന്ന് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും അയാൾ കയ്യിലിരുന്ന സിന്ദൂരം കൊണ്ട് അവളുടെ നെറ്റിയിൽ പൊട്ട് പോലെ ചേർത്തു. 

 

ഐശ്വര്യം നിറഞ്ഞു പെണ്ണേ ... താൻ അങ്ങോട്ട് ഇരുന്നെ...

 

ഒരായിരം ചോദ്യം ഉള്ളിലൊതുക്കി അവൾ അതനുസരിച്ചു. കട്ടിലിൽ കാലു നിവർത്തിയിരിക്കുന്ന അവളുടെ മടിയിൽ മുഖം ചേർത്ത് ഗൗരിയെ നോക്കി അയാൾ നീണ്ടുനിവർന്നുകിടന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ ചോദിച്ചു .

 

മകന് സുഖമാണോ ?

 

അയാളുടെ ചോദ്യം അവളുടെ മനസ്സിനെ മരവിപ്പിച്ചു.

എന്നെ എങ്ങനെ ....

 

അവളുടെ ഞെട്ടലിൽ ഉണർന്ന ചോദ്യം എന്താണെന്നറിഞ്ഞു അയാൾ ഇതിനു മറുപടി പറഞ്ഞ് തുടങ്ങി .

 

എല്ലാം അറിയാം. തന്നെക്കൊണ്ട് പണക്കാരനായ അവൻ രണ്ടുവർഷംമുമ്പ് ചത്ത കാര്യങ്ങൾപോലും. ഇതെല്ലാം മൂന്നുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് കേട്ടോ....

 

അവൾ ഒന്നും മിണ്ടാതെ കൂനകൂട്ടിയ പുസ്തകങ്ങളിലേക്ക് നോക്കി തന്നെയിരുന്നു. ചലനമറ്റ ഒന്നായി താൻ മാറിക്കഴിഞ്ഞിരിക്കുന്നു . മൗനങ്ങൾ വീണ്ടും ഇടംപിടിച്ചു തുടങ്ങിയപ്പോൾ വീണ്ടും അയാൾ സംസാരിച്ചു. മൂന്ന് ദിവസം മാത്രം പരിചയമുള്ള നിനക്ക് എന്തിനാണ് എന്റെ ആയുസ്സിന്റെ ശമ്പളം തന്നതെന്ന് അറിയാമോ പെണ്ണേ ?

 

അവൾ ചോദിക്കാൻ മാറ്റിവച്ച ചോദ്യത്തിനുത്തരം കേൾക്കാൻ അവൾ കാതോർത്തു .

 

എന്നെപ്പോലെ പിഴച്ചുപെറ്റ ഒരു മകന്റെ വേശ്യാവൃത്തിയ്ക്ക് അകപ്പെട്ട അമ്മയായി ഇനിയും നീ ജീവിക്കാതെ ഇരിക്കാൻ ....

 

അവളുടെ കണ്ണുകൾ നിറഞ്ഞു . അയാൾ കിടന്നുകൊണ്ട് അവളുടെ നെറ്റി ചുണ്ടോടടുപ്പിച്ച് അയാൾ ആ സിന്ദുരത്തിൽ ചുംബിച്ചു ..

 

‘ന്റെ അമ്മ...’

 

അവൾ അറിയാതെ അയാളുടെ മുടിയിലൂടെ വാത്സല്യത്തിൽ തലോടി .

 

‘മോനെ ...’

 

അയാൾ കണ്ണുകളടച്ചു. അവളുടെ മടിയിൽ തന്നെ തല ചായ്ച്ച് ഉറങ്ങി അവളുടെ നെറ്റിയിൽ നിന്നു വിയർപ്പ്‌തുള്ളിയുമായി ഒലിച്ചിറങ്ങിയ സിന്ദൂരത്തെ കൈ കൊണ്ട് തുടച്ചു. എന്നിട്ട് എതിർവശത്തായി തുരുമ്പ് സ്വന്തമാക്കിയ അലമാരിയിലെ പൊട്ടിയ കണ്ണാടി ചില്ലിൽ കണ്ണോടിച്ചു.

 

ഇല്ല സിന്ദൂരം മാഞ്ഞിട്ടില്ല .... അവൾ വീണ്ടും ശക്തിയായി തുടച്ചു.. മായുന്നില്ല !

 

അയാൾ ചാർത്തിയ സിന്ദൂരം അവളുടെ സിന്ദൂരരേഖയിൽ പടർന്നു...

 

English Summary: Gauri, Malayalam short story by Dishith Balachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com