ADVERTISEMENT

രജനി എന്ന സ്ത്രീ ലോകത്തിലെ ഏതൊരു സ്ത്രീക്കും നല്ലൊരു  മാതൃകയാണ്.!  ഇത് സംശലേശമന്യേ തന്നെ എനിക്ക് പറയാൻ കഴിയും..!  

1989.! ബാംഗ്ലൂർ,

 

എനിക്ക് അന്ന് ഇരുപതുവയസ്സുള്ളപ്പോഴാണ് ഞാൻ രജനിയെ അവിടെ വച്ച് ആദ്യമായി കാണുന്നത് അന്നവർക്ക് ഇരുപത്തിനാലുവയസ്സേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവർ വിവാഹം കഴിഞ്ഞു രണ്ടു കുട്ടികളുടെ  അമ്മയായിക്കഴിഞ്ഞിരുന്നു.! 

 

ബാംഗ്ലൂരിലെ എന്റെ ബാച്ചലർ ജീവിതത്തിലെ മുരടിപ്പുമാറ്റാനായി ഞാൻ അന്നു കാലത്തു തിരഞ്ഞെടുത്തത് നഗരഹൃദയത്തിൽ ഉള്ള കബ്ബൺ പാർക്കായിരുന്നു. വൈകുന്നേരമാവുമ്പോഴേക്കും പലവിധഭാഷ സംസാരിക്കുന്ന നാനാവിഭാഗജനങ്ങൾ അവിടെ പലയിടത്തായി തമ്പടിക്കും. ഇന്നും അങ്ങനെതന്നെയാണ് എന്ന് തോന്നുന്നു. എന്നെ അതിലേക്കുനയിച്ച ചേതോവികാരത്തിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്! 

 

1870-ലാണ് ആ പാർക്ക് അവിടെ നിർമ്മിക്കപ്പെട്ടത് അക്കാലത്തെ മൈസൂർ സംസ്ഥാനത്തിന്റെ ചീഫ് എഞ്ചിനീയർ ആയിരുന്ന ബ്രിട്ടിഷ് അധികാരി ‘റിച്ചാർഡ്‌ സാൻകി കബ്ബൺ’ നിർമിച്ചതുകൊണ്ടാണ് അതിനു ഈ പേരുവന്നത്.! ഏകദേശം 300 ഏക്കറോളം ആണ് പാർക്കിന്റെ വിസ്താരം.!  

വൈകുന്നേരങ്ങളിൽ അതിന്റെ ഓരങ്ങളിലൂടെയുള്ള വായ് നോക്കി നടത്തം ഞാൻ പതിവാക്കിയത്   അന്നത്തെ എന്റെ ആത്മാർഥ സുഹൃത്തും റൂംമേറ്റുമായിരുന്ന ‘കൊച്ചുണ്ണി പെരിയ മഠത്തിന്റെ’ ആവശ്യാർത്ഥമായിരുന്നു!  

 

നഗരഹൃദയത്തുള്ള  സിഎംഎസ് കമ്പ്യൂട്ടർ ഡിവിഷനിൽ ജൂനിയർ പ്രോഗ്രാം ഡിസൈനർ ആയ അദ്ദേഹത്തിന് മഹാരാഷ്ട്രക്കാരിയായ ഒരു പെൺകുട്ടിയോട് അന്നു കാലത്തുതോന്നിയ ഒരു മഹാപ്രണയം.! അവരുടെ സല്ലാപത്തിനിടയിൽ കൊച്ചുണ്ണിയെ അറിയുന്ന ആരെങ്കിലും വന്നാൽ അറിയിപ്പ് നൽകാൻ എന്ന രീതിയിലുള്ള ഒരു സിഗ്നൽ പോസ്റ്റായി പാർക്കിന്റെ ഒരു കവാടത്തിനരുകിൽ നിലകൊണ്ടുരുന്ന ഏതോ ഒരു അവസരത്തിൽ ആണ് രണ്ടു ചെറിയ കുഞ്ഞുങ്ങളുടെ കയ്യും പിടിച്ചുകൊണ്ട് ഒട്ടും സുഖകരമല്ലാത്ത ഒരു വിഷാദമുഖഭാവത്തോടെ പാർക്കിൽ വന്നിരുന്നു കുഞ്ഞുങ്ങളെ കളിപ്പിക്കുന്ന രജനി എന്ന സ്ത്രീയെ ഞാൻ ആദ്യമായി കണ്ടത്.!  

 

കൊച്ചുണ്ണിയുടെ പ്രേമ സല്ലാപം തുടർന്നു പോകുന്ന വേളകളിൽ പിന്നെയും പലപ്പോഴായി ഞാൻ അവരെ കണ്ടു. തമ്മിൽ അറിയാതെ ഒരു നോട്ടം അതുപരസ്പരം മനസ്സിലായാൽ രണ്ടുപേരും മുഖം തിരിക്കുമായിരുന്നു.! ഒരു ദിവസം ഞാൻ ധൈര്യപൂർവ്വം അവരോടു ചോദിച്ചു.!

 

‘‘താങ്കളെ  ഞാൻ ഒട്ടുമിക്ക ദിവസവും കാണാറുണ്ട് പക്ഷേ എന്തോ ഒരു വലിയ ദുഃഖഭാരം മനസ്സിൽ കൊണ്ട് നടക്കുന്നതുപോലെ തോന്നുന്നു. എവിടെയാണ് താമസം ഹസ്ബൻഡ് എന്ത് ചെയ്യുന്നു..?’’

അന്നതിനവർ മറുപടിപറയാതിരുന്നത് എനിക്കു വലിയ ഒരു നിരാശയായിതോന്നി.! 

 

ഒരു പക്ഷേ അവർ എന്നെ തെറ്റിദ്ധരിച്ചിരിക്കാം എന്ന തോന്നലിൽ ഞാൻ എന്റെ വാച്ച്മാൻ പണി തുടർന്ന് അവിടെ തന്നെ നിൽക്കവേ പതിവിലും നേരത്തെ അവർ കുഞ്ഞുങ്ങളെയും കൂട്ടി അവിടെ നിന്നും വേഗം സ്ഥലം കാലിയാക്കിയത് എനിക്ക് മനസ്സിൽ വല്ലാത്തൊരു വിമ്മിഷ്ടമുണ്ടാക്കിയിരുന്നു അവർ ശരിക്കും എന്നെ അവഹേളിച്ചപോലെ ഒരു തോന്നൽ..! 

 

അന്ന് രാത്രി അത്താഴം കഴിക്കാൻ നേരം ഉണ്ണിയോട് ഞാൻ നടന്നസംഭവങ്ങൾ സൂചിപ്പിച്ചപ്പോൾ അദ്ദേഹം മറ്റൊരു ലോകത്തിലായിരുന്നു അദ്ദേഹത്തിന് ‘നതാഷ’ എന്ന പെൺകുട്ടിയുടെ കാര്യങ്ങൾ പറയാനേ താല്പര്യമുണ്ടായിരുന്നുള്ളൂ.! 

 

അവളുടെ ഡ്രസ്സിങ് ചോയ്‌സ്.! അവളുടെ ചെരുപ്പ് ..! അവളുടെ പുതിയ വാച്ച്‌.! അവൾക്ക് അവളുടെ അച്ഛൻ വാങ്ങിക്കൊടുത്ത പുതിയ ടൂ വീലർ കൈനറ്റിക് ഹോണ്ട .! അവൾക്കായി അദ്ദേഹം വാങ്ങി കൊടുത്ത സ്വർണ്ണമാല.! 

സത്യം പറഞ്ഞാൽ എനിക്ക് വല്ലാത്ത ദേഷ്യവും നിരാശയുമാണ് തോന്നിയതെങ്കിലും ഞാനതു പുറത്തുകാണിച്ചില്ല.

 

പിന്നെ കുറച്ചു ദിവസങ്ങൾ രജനി കുട്ടികളെ കൂട്ടി പാർക്കിൽ വന്നതേയില്ല എന്ന് മനസ്സിലായി. ദിവസവും എന്റെ കണ്ണുകൾ അവരെ എന്നും എവിടെയും പരതുമായിരുന്നു, പക്ഷേ..!   

അങ്ങിനെ ഒരു ദിവസം ജോലികഴിഞ്ഞു ഞാൻ റൂമിലേക്ക് മടങ്ങവേ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത് അവന്റെ ‘ലാമ്പി’ബ്രാൻഡ്  സ്‌കൂട്ടറിൽ എന്നെ തേടി ഞാൻ ബസ്സു കാത്തുനിൽക്കുന്ന സ്റ്റാന്റിൽ എത്തി.

അവൻ വല്ലാതെ പരിഭ്രമത്തിൽ ആയിരുന്നു. 

‘‘ഡാ നിന്റെ ബ്ലഡ് ഗ്രൂപ്പ് ബി നെഗറ്റീവ് അല്ലെ.! നമ്മുടെ അഡ്മിൻ വിളിച്ചുപറഞ്ഞു നിന്നെ കൂട്ടി  ഉടൻ വിക്ടോറിയാ ഹോസ്പിറ്റലിൽ എത്താൻ! ഓരോ എംബ്ലോയിയുടെയും ബയോ ഡാറ്റനോക്കി ബ്ലഡ് ഗ്രൂപ് മനസ്സിലാക്കി അദ്ദേഹം ഓരോരുത്തരെയായി കോൺടാക്റ്റ് ചെയ്യുന്നുണ്ട് പക്ഷേ ബി നെഗറ്റീവ് ആയി നിന്നെമാത്രമേ കിട്ടിയുള്ളൂ എന്ന് നീ വേഗം വണ്ടിയിൽ കയറ്.!’’

‘‘എന്താഡാ  കാര്യം എന്തുപറ്റി.?’’ 

 

അദ്ദേഹത്തിന്റെ സഹോദരന് ഒരു അപകടമുണ്ടായി.! ആളിത്തിരി വെള്ളത്തിലായിരുന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു പോകും വഴി ആരോ തലമണ്ട അടിച്ചുപൊളിച്ചു. അയാളുടെ  കയ്യിലുള്ള വച്ചും മോതിരവും കണ്ണടയും എല്ലാം അപഹരിച്ചുവെന്നാണ് പറഞ്ഞത്. കുറച്ചു സീരിയസ് ആണ് അത്യാവശ്യമായി ബ്ലഡ് വേണം അതും റെയർ ഗ്രൂപ്പായ ബി നെഗറ്റീവ്.! 

പ്രാഥമിക ടെസ്റ്റുകൾ കഴിഞ്ഞു ഞാൻ വിക്ടോറിയാ ഹോസ്പിറ്റലിലെ ബ്ലഡ് ഡൊണേഷൻ ഡിവിഷനിൽ പാതി ചാരിവച്ച ഒരു കട്ടിലിൽ മലർന്നു കിടന്നു.!

 

തൃശൂർക്കാരിയായ ഒരു സിസ്റ്റർ വന്നു വലതുകൈയിലെ ഞരമ്പ് തപ്പിപിടിച്ചുകൊണ്ടൊരു യുദ്ധം.! അവസാനം എന്റെ രക്തം ഒരു പ്ലാസ്റ്റിക് കവറിൽ ബ്രൗൺ നിറത്തിൽ നിറയുന്നത് കയ്യിൽ ഒരു പന്തും പിടിച്ചു ഞെക്കി കൊണ്ട് ഞാൻ നോക്കി കിടന്നു.!         

 

അവിടെ നിന്നും ഇറങ്ങാൻ നേരം ഒരു കുപ്പി പാലും ഒരു പാക്കറ്റ് പാർലെ ബിസ്ക്കറ്റും ഒരു ആപ്പിളും കിട്ടി അത് കയ്യിൽ പിടിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങവേ ഐ സി യു വിനു മുന്നിൽ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ അടക്കി പിടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന രജനിയെ ഞാൻ കണ്ടു.! ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ അഡ്മിൻ മാനേജരും അദ്ദേഹത്തിന്റെ ഭാര്യയും അവരോടൊപ്പം ഉണ്ടായിരുന്നു അവർ എല്ലാവരും എന്നെ ഒന്നു നോക്കി.. ഞാൻ അവരെയും.!

 

അഡ്മിനായ സഹോദരൻ ഞാൻ അവരുടെ അടുത്തേക്ക് ചെല്ലുന്നതിനുമുന്നേ തന്നെ എന്റടുത്തേക്കുവന്നുകൊണ്ടു നന്ദി ബോധിപ്പിച്ചു..!

 

എന്റെ സുഹൃത്ത് പറഞ്ഞു– ‘‘വാടാ നിന്നെ ഞാൻ റൂമിൽ വിടാം നമ്മുടെ ഓഫീസിൽ നീ മാത്രേ ബി നെഗറ്റീവ് ഉള്ളൂ  ഇനിയും വേണ്ടിവന്നാൽ പ്രശ്നമാവും എനിക്ക് രണ്ടുമൂന്നു സ്ഥലങ്ങളിൽ കൂടി ഒന്ന് നോക്കണം’’

 

എന്റെ മനസ്സിൽ ആ സമയത്തൊരു തീ ഗോളമായിരുന്നു ഉണ്ടായിരുന്നത്.! അവരുടെ ജീവിതത്തിൽ എന്തോ ഒരു അസ്വാരസ്യം ഉണ്ട് എന്ന് എനിക്ക് മനസ്സിലായികഴിഞ്ഞിരുന്നു.!  ദിവസങ്ങൾ കടന്നുപോകവേ ഞാൻ ആ കാര്യം അഡ്മിൻ മാനേജരിൽ നിന്നും ചോദിച്ചറിഞ്ഞു.

 

അതെ.! രജനിയുടെ ഭർത്താവ് ഒരു മുഴുകുടിയൻ ആയിരുന്നു..! അഡ്മിൻ മാനേജരുടെ പിടിപാടുവച്ചുകൊണ്ട് അയാൾക്ക്‌ പല നല്ല ജോലികളും ശരിയാക്കി കൊടുക്കുമായിരുന്നുവെങ്കിലും ആദ്യത്തെ കുറച്ചു നാളുകൾ നന്നായി പോയി കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അയാളുടെ തനി സ്വഭാവം പുറത്തുവരുകയും പിന്നീട് അതയാളുടെ ജോലിയെ ബാധിക്കുകയും ചെയ്യുന്നതോടെ രജനി വല്ലാത്തൊരു അവസ്ഥയിൽ പെട്ടുപോകുമെന്നും ആ കുഞ്ഞുങ്ങളുടെ മുന്നിലിട്ട് രജനിയെ അടിച്ചു പരുവമാക്കുമെന്നും തുടങ്ങി പലകാര്യങ്ങളും അറിയാൻ കഴിഞ്ഞു.! 

 

എന്നെ സംബന്ധിച്ചതൊരു  വല്ലാത്ത ഷോക്കായിരുന്നു കാരണം വളരെ ചെറിയപ്രായത്തിൽ തന്നെ എന്തുമാത്രം സഹിക്കാൻ വിധിക്കപെട്ടുപോയ ഒരു സ്ത്രീയായിരിക്കുന്നു അവർ.!   

രജനി- അവർ  കാണാൻ അതി സുന്ദരിയാണ്.! നല്ല പ്രായത്തിൽ തന്നെ അവർക്കൊരു ഫുൾസ്റ്റോപ് ജീവിതത്തിൽ ഉണ്ടായിരിക്കുന്നു. രണ്ടു കൊച്ചു കുഞ്ഞുങ്ങൾ.! അവരുടെ ജീവിതത്തിൽ എന്തായിരിക്കും ഇനി ഉണ്ടാവാൻ പോകുന്നത് അവർ എങ്ങനെ അതിനെ തരണം ചെയ്യും തുടങ്ങി ആയിരമായിരം ചോദ്യങ്ങൾ എന്റെ മനസ്സിൽ വല്ലാത്ത ഒരു വേപഥുവോടെ നടമാടിക്കൊണ്ടിരുന്നു.!     

 

കുറച്ചാഴ്ചകൾ  കൊണ്ട് പരിപൂർണ്ണ ആരോഗ്യവാനായി അദ്ദേഹം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജായി എന്ന് പിന്നീട് അറിഞ്ഞു.! കൊച്ചുണ്ണി അപ്പോഴേക്കും നതാഷയെ കൂട്ടി ഭാരതം വിട്ടു കാനഡയിൽ സെറ്റിലായികഴിഞ്ഞിരുന്നു.! വളരെ ചെറിയപ്രായത്തിൽ തന്നെ ഇഷ്ട്ടപെട്ട പെണ്ണിനെ, ജോലിയുടെ പേരും പറഞ്ഞുകൊണ്ട് വീട്ടുകാരിൽ നിന്നും സമ്മതത്തോടെ അകറ്റി, അടിച്ചുമാറ്റികൊണ്ടു കാനഡയിൽ പോയി ഒരുമിച്ചു ജീവിക്കാൻ പ്രാപ്തനായ അദ്ദേഹത്തെ ഞാൻ ഇന്നും മനസ്സാനമിക്കുന്നു.!

കൊച്ചുണ്ണി പോയിരുന്നു എങ്കിലും  കുട്ടികളുടെ കയ്യും പിടിച്ചുള്ള  രജനിയുടെ വരവും പ്രതീക്ഷിച്ചു കുറച്ചു ദിവസങ്ങൾ, ആല്ല ആഴ്ചകൾ ഞാൻ ആ പാർക്കിൽ കാത്തുനിന്നു പക്ഷേ പിന്നീടൊരിക്കലും അവർ വന്നില്ല അതോടെ എന്റെ വായ്നോട്ടത്തിനും ചില ഫുൾസ്റ്റോപ്പുകൾ വന്നു.! 

 

എനിക്ക് അന്ന് കിട്ടിയിരുന്ന ശമ്പളവും അതിൽ നിന്നും വാടകക്ക് എടുത്ത ഫ്ളാറ്റിലെ ചിലവും എല്ലാം കൂടി എന്നെ വിമ്മിഷ്ടത്തിൽ ആക്കിയ ഒരു ദിവസം ഞാൻ ദുബായ് എന്ന സ്വപ്നനഗരിയെ മനസ്സിൽ ആവാഹിച്ചുകൊണ്ടൊരു ഇന്റർവ്യു അറ്റന്റ് ചെയ്തു.! 

 

നല്ലമഴയുള്ള ഒരു ദിവസം നനഞ്ഞു കുളിച്ചാണ് ഞാൻ ആ ട്രാവൽ ഏജൻസിയിൽ എത്തിയത്.! അങ്ങോട്ട് കയറാൻ അനുവദിക്കാതെ അവിടുത്തെ ഒരു എംബ്ലോയി എന്നെ പുറത്തുപിടിച്ചിരുത്തി.!  അവസാനം അവർ നിശ്ചയിച്ച സമയം കഴിഞ്ഞദ്ദേഹം ഇറങ്ങിപ്പോകാൻ നേരം ഞാൻ ഇടിച്ചുകയറി മുന്നിൽ ചെന്നുകാര്യം പറഞ്ഞു അദ്ദേഹം അതെല്ലാം ക്ഷമയോടെ  കേട്ടതിനു ശേഷം പ്ലാസ്റ്റിക് പേപ്പറിൽ നനയാതെ പൊതിഞ്ഞു പിടിച്ച എന്റെ പേപ്പറുകൾ കൈ നീട്ടി വാങ്ങിക്കൊണ്ടു പോയി.! 

 

എനിക്ക് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. ഒരു കൂടിക്കാഴ്ചയുടെ യാതൊരുവിധ മാന്യതയും പുലർത്താൻ കഴിയാത്ത എനിക്ക് പക്ഷേ ആ കമ്പനിയിൽ ജോലികിട്ടി.! അങ്ങിനെ 1996 ആഗസ്ത് മൂന്നാം തീയതി ഞാൻ ദുബായിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ചെറിയ ഒരു തസ്തികയിൽ ജോയിൻ ചെയ്തു! 

പിന്നീട് ഒന്നുരണ്ടാഴ്ചകൾ കഴിയവേ രജനിയുടെ  വീട്ടിലെ ലാൻഡ് ലൈൻ തപ്പി പിടിച്ചുകൊണ്ടൊരു ദിവസം അന്ത്തെ യു എ ഇ യിലെ പബ്ലിക് ടെലിഫോൺ ബൂത്തിൽ ഒരുപാടുനേരം ക്യു നിന്നൊന്നു വിളിച്ചു.! 

 

അവരോടു പ്രേമമായിരുന്നോ അതോ സഹതാപമായിരുന്നോ അതോ മറ്റു വല്ല ചേതോവികാരമായിരുന്നോ എന്നൊന്നും എനിക്കറിയാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഒന്ന് പറയാം അതൊരു കരുതൽ ആയിരുന്നു! ഒന്നും ചെയ്യാൻ കഴിയാതെ പോയ ഒരു സാധാരണ മനുഷ്യന്റെ സങ്കടവും

‘‘ഹലോ ഇത് രജനിയുടെ വീടല്ലേ..?’’

‘‘അല്ല.. മകളെ സ്‌കൂളിൽ ചേർത്താറായില്ല.! മകൻ പോയി തുടങ്ങി.!’’  

‘‘ഹലോ.. ഇത് ഞാനാണ് അന്ന് പാർക്കിൽ വാച്ചുകണ്ട.. ഭർത്താവിന് ആക്സിഡന്റ് ആയപ്പോൾ ആശുപത്രിയിൽ ബ്ലഡ് കൊടുക്കാൻ വന്ന ബി-നെഗറ്റീവ് കാരൻ..!’’

‘‘ആ ഞാൻ നോക്കീട്ടു പറയാം ശരി.!’’

ഫോൺ കാട്ടാവുന്നതിനുമുന്നെ.. ‘‘ആരാടീ അത് നിന്റെ മറ്റവനോ നായിന്റെ മോളെ’’ എന്നൊരു വാചകം ഞാൻ കേട്ടിരുന്നു.!

 

അതോടെ ഞാൻ എന്റെ  ജിജ്ഞാസക്ക് കടിഞ്ഞാണിട്ടു.! പിന്നീട് പലവിധ തിരക്കുകളിൽ ആ പറക്കമുറ്റാത്ത കുട്ടികളും എന്നിലെവിടെയോ ഉണ്ടായിരുന്ന രജനി എന്ന ആ സ്ത്രീയും മറവിയുടെ മൂടുപടത്തിൽ മുങ്ങിപ്പോയി .!  

 

ഇങ്ങു വർഷങ്ങൾക്കപ്പുറം .! 2018 ഒരു ഡിസംബർ മാസം എംപ്ലോയീ സെലക്ഷന് വേണ്ടി മുംബൈയിൽ ഞാൻ ഊഴം കാത്തുനിന്ന ആ ഓഫിസിലും അതിന്റെ തുടർച്ചയായി തിരുനെൽവേലിയിലും വന്നതായിരുന്നു ഞാൻ.! മുംബയിലെ ജോലികഴിഞ്ഞു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ സാന്താക്രൂസ് വിമാനത്താവളത്തിൽ പ്രാഥമിക ചെക്കിങ്ങുകൾക്കു ശേഷം ലോഞ്ചിൽ വിശ്രമിക്കവേ അവിടെ ഇരുന്നിരുന്ന ഒരു പഴയ പരിചിതമുഖം ഞാൻ ഉടൻ തന്നെ തിരിച്ചറിഞ്ഞു അത് മറ്റാരുമല്ല രജനിയായിരുന്നു.! 

 

അവർക്കൊരുമാറ്റവും ഇല്ലായിരുന്നു എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഒട്ടും പേടിയില്ലാതെ ഞാൻ അടുത്ത് ചെന്ന് ഒച്ചയനക്കി സ്വയം പരിചയപ്പെടുത്തിയപ്പോൾ അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.!

 

‘‘ആ എനിക്കോർമ്മയുണ്ട്.. പക്ഷേ പണ്ട് താൻ ഫോൺ ചെയ്തപ്പോൾ ഞാൻ സംസാരിക്കാൻ കഴിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. എന്റെ സഹോദരങ്ങൾക്ക് പോലും എന്നെ വിളിക്കാൻ പാടില്ലായിരുന്നു മാത്രമല്ല  പിന്നീട് താൻ വിളിച്ചതും ഇല്ല.!’’

 

അവരുടെ യാത്രയും തിരുവനന്തപുരത്തേക്കായിരുന്നു എന്നത് യാദൃച്ഛികം മാത്രം.! 

ആ ഫ്ലൈറ്റിൽ ബിസിനസ് ക്‌ളാസില്ലായിരുന്നു എങ്കിലും  മുന്നിൽ അവർ ഇരിക്കുന്നസീറ്റിനടുത്തുതന്നെ എനിക്കിരിക്കാൻ സുന്ദരിയായ ക്യാബിൻ ക്രൂ അവസരമുണ്ടാക്കി തന്നിരുന്നു.!

 

തിരുവനന്തപുരം വരെ ഞങ്ങൾ രണ്ടുപേരും തങ്ങളുടെ ജീവിതത്തിലുണ്ടായ പരിണാമത്തിലെ പലഘട്ടങ്ങളിലൂടെ കടന്നുപോയി. എന്നുമാത്രമല്ല നല്ലൊരു സുഹൃദമെന്നപോലെ ഉള്ള ഒരു അവസ്ഥയിൽ എത്തിച്ചേർന്നുകഴിഞ്ഞിരുന്നു! 

 

അവരുടെ ഭർത്താവിനുണ്ടായ അന്നത്തെ  അപകടത്തിന് ശേഷം അയാൾ ഒന്നുകൂടി ക്രുരനായി മാറിയിരുന്നുവത്രേ.! മുഴുവൻ സമയ ആൽക്കഹോളിസത്തിനുപുറമേ രജനിയെ മുഴുസംശയവും കൂടെ പൈസ കയ്യിലില്ലാത്ത അവസ്തവരുമ്പോൾ സ്ത്രീധനവിഷയം കൂടി എടുത്തിട്ട് വല്ലാതെ ഉപദ്രവിക്കുമായിരുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ അഞ്ചു പൈസപോലും വേണ്ട എന്നുപറഞ്ഞു തീരുമാനിച്ചുറപ്പിച്ചു ചെയ്ത എന്റെ വിവാഹത്തെകുറിച്ചോർത്ത് അഭിമാനിച്ചുപോയി .! 

 

ബാംഗ്ലൂരിലെ നരകതുല്യമായ ആ  ജീവിതത്തോടൊപ്പം ഒരു നിമിഷം പോലും ഇനി നില്ക്കാൻ കഴിയില്ല എന്ന് മനസ്സിലായതും തന്റെ രണ്ടു കൈകുഞ്ഞുങ്ങളേയും എടുത്തുകൊണ്ടൊരു സുപ്രഭാതത്തിൽ അവർ ആരോടും പറയാതെ ഡൽഹിയിലേക്ക് ട്രെയിൻ കയറി.! ഡൽഹിപോലീസിൽ കോൺസ്റ്റബിളായ ഇളയ സഹോദരനായിരുന്നു ലക്‌ഷ്യം.! 

 

അദ്ദേഹത്തിന്റെ തണലിൽ ചെറിയൊരു ഒറ്റമുറി വീട്ടിൽ താമസിച്ച്  ജീവിതത്തോട് പടപൊരുതികൊണ്ട്   ഓരോ പടവുകളും കയറിയുള്ള അവരുടെ യാത്രയും അത്രമേൽ അതികഠിനമായിരുന്നു എന്നുതന്നെ വേണം പറയാൻ.!  ആദ്യം ഒരു കമ്പനിയിൽ ചെറിയ ശമ്പളത്തിന് സ്റ്റെനോഗ്രാഫറായി കയറി.! നല്ലവേതനം ലഭിക്കുന്നിടത്തേക്ക് ആരെയും ആശ്രയിക്കാതെ മാറാനും പലപ്പോഴും പലസ്ഥലത്തുനിന്നും തനിക്കു നേരെ നീണ്ടുവന്നിരുന്ന കരങ്ങളെ നിഷ്പ്രയാസം തകർക്കാനും അവർ പഠിച്ചു.! രണ്ടു കുഞ്ഞുങ്ങളുടെ ഭാവിയും തന്റെ സുരക്ഷിതത്വവും മാത്രമായിരുന്നു അവരുടെ ലക്‌ഷ്യം.! അവർ അതിൽ വിജയിച്ചു.!   

 

കുട്ടികളെ നല്ല രീതിയിൽ പഠിപ്പിച്ചു കൊണ്ട് മകനെ അവർ ഭാരതീയ വായുസേനയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനാവാൻ പ്രാപ്തനാക്കി. മുംബൈയിലെ  അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള തിരിച്ചു യാത്രയിൽ ആയിരുന്നു അവർ.!

അവരുടെ അത്ഭുതപൂർവ്വമുള്ള ജീവിതവിജയയാത്രയുടെ കഥകൾ കേട്ടിരിക്കേ ഞാൻ യാന്ത്രികമായി ചോദിച്ചു ‘‘താങ്കളുടെ മകൾ എന്ത് ചെയ്യുന്നു.?’’

അവർ എന്റെ മുഖത്തുനോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് വിമാനത്തിലെ ബെൽ ബട്ടണിൽ വിരൽ അമർത്തി.! 

 

നേരത്തെ പിന്നിൽ ഇരുന്നിരുന്ന എന്നെ മുന്നിൽ കൊണ്ടുവന്ന് അവരുടെ കൂടെ ഇരുത്തിയ ക്യാബിൻ ക്രൂവായ ആ പെൺകുട്ടി  ചിരിച്ചുകൊണ്ട് അവിടേക്കുവന്നതും അവർ ആ കുട്ടിക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് എന്നോട് പറഞ്ഞു

‘‘ദാ ഇതാണ് താൻ അന്നുപാർക്കിലും ആശുപത്രിയിലും വച്ചുകണ്ട  ആ കുഞ്ഞുപെൺകുട്ടി ഇവളോടൊപ്പം തിരുവനന്തപുരത്തുള്ള വീട്ടിലാണ് ഞാൻ താമസിക്കുന്നത് ഇവളുടെ ഭർത്താവാണ് ഈ ഫ്ലൈറ്റിലെ ഒരു വൈമാനികൻ.!’’

അവൾ കൈനീട്ടിചിരിച്ചുകൊണ്ട് എന്നെ വിഷ് ചെയ്തു.! 

‘‘ഹൈ അങ്കിൾ ഐ ആം വൈഗാമേനോൻ, കുറച്ചുമുൻപ് അങ്കിളിന്റെ കാര്യം അമ്മ പറഞ്ഞു കെട്ടോ, അല്ല അങ്കിൾ ഈ പത്തിരുപത്തെട്ടുവർഷം കഴിഞ്ഞിട്ടും അമ്മയെ മറന്നില്ല അല്ലെ.?’’

 

ഞാൻ ഒരു ചമ്മിയ ചിരിയോടെ ആ കുട്ടിക്ക് എഴുന്നേറ്റു കൈകൊടുത്തുകൊണ്ടു പറഞ്ഞു.

‘‘അന്ന് അമ്മ മോളെയും മോനെയും കൂട്ടി കബ്ബൺ ഗാർഡനിൽ വരുമ്പോൾ കണ്ടിട്ടുണ്ട് അക്കാലത്ത് വല്ലാത്ത ഒരു  അടുപ്പം തോന്നിയിരുന്നു എന്നുള്ളത് സത്യമാണ് ഇന്നും അതുപോലെ തന്നെയാണ് മോളെ.! പിന്നെ അന്ന് അച്ഛന് അപകടം പറ്റിയപ്പോൾ ഞാൻ ആശുപത്രിയിൽ വന്നു ബ്ലഡ് കൊടുത്തിരുന്നു ആ പരിചയമേ ഉള്ളൂ എങ്കിലും മറന്നില്ല ഇന്ന് എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ തന്നെ അമ്മയെ മനസ്സിലായി ചില മുഖങ്ങൾ എപ്പോഴും എനിക്ക്  ഓർക്കാൻ മാത്രമായി എന്തെങ്കിലും വച്ചുകൊണ്ടുകടന്നുപോയിട്ടുണ്ട്, മോളെ അതിലൊരു മുഖമാണ് മോൾടെ അമ്മയുടേത് നിങ്ങളുടെ ജീവിതവിജയം കൂടി കണ്ടപ്പോൾ അതിയായ സന്തോഷം. നന്ദി .!’’

 

‘‘ശരി അങ്കിൾ ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ പോകുന്നു സീറ്റുബെൽറ്റിട്ടുകൊണ്ടിരുന്നോളൂ ട്ടോ അമ്മയും ഇട്ടോളൂ രണ്ടാളും സേഫ് ആയിരിക്കൂ. ഞാൻ അനൗൺസ് ചെയ്യട്ടെ’’ എന്നുപറഞ്ഞുകൊണ്ടവൾ പോയതിനു ശേഷം ഞാൻ ഒരു നിമിഷം നിർവികാരാനായി ഒന്നും മിണ്ടാതിരുന്നു.

 

എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷമാണ് തോന്നിയത്..! തകർന്നു തരിപ്പണമായ തന്റെ ജീവിതത്തെ നോക്കി പേടിച്ചുകൊണ്ട് കുട്ടികളേയും കൊന്നു സ്വയം ആൽമഹൂതി നടത്തുന്ന അനേകം സ്ത്രീകളുടെ ജീവിതം നമ്മൾ കണ്ടിട്ടുണ്ടല്ലോ..! അന്നവരുടെ ഭർത്താവിന്റെ ചെയ്തികളിൽ മനം മടുത്തവിടെനിന്നും ഇറങ്ങിപ്പോകാൻ അവർ കാണിച്ച ആ ഒരു നിമിഷത്തെ ധൈര്യം തന്നെയാണ് അവരുടെ ജീവിത വിജയത്തിന്റെ ആദ്യത്തെ ചവിട്ടുപടിയും എന്നെനിക്കു നിസ്സംശയം പറയാം.! കുറച്ചുനേരത്തെ മൗനത്തിനു ശേഷം ഞാൻ അവരോടുചോദിച്ചു.    

 

‘‘ക്ഷമിക്കണം ഇവരുടെ  അച്ഛനിപ്പോൾ എവിടെയാണ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു  ബാംഗ്ലൂരിൽ ഞാൻ ട്രെയിനിയായി കയറിയ കമ്പനിയുടെ അഡ്മിൻ മാനേജർ എന്നെനിക്കറിയാം’’

‘‘അവരുടെ അച്ഛൻ ഞങ്ങളുടെ കൂടെ തന്നെയുണ്ട്  കുട്ടികൾ വലുതായപ്പോൾ അവർ തന്നെ അദ്ദേഹത്തെ ഞങ്ങളുടെ തിരുവനന്തപുരത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു പിന്നീട്  മദ്യപാനം നിർത്താൻ വേണ്ടി  തിരുവനന്തപുരത്തുതന്നെയുള്ള ഒരു  ആശുപത്രിയിൽ കുറേക്കാലം കിടത്തി ചികിൽസിച്ചു.മദ്യാസക്തിയിൽ നിന്നും പൂർണ്ണമായും മുക്തനായിട്ടില്ല എങ്കിലും  മക്കളെ പേടിയുള്ളതുകൊണ്ടൊരു കൺട്രോൾ ഒക്കെയുണ്ട്..! ആ  ഇനിയുള്ള കാലം അങ്ങനെ പോകട്ടെ’’

‘‘ഭർത്താവിന്റെ സഹോദരൻ ബാംഗ്ലൂരിൽ തന്നെയാണോ ഇപ്പോഴും’’

 

‘‘അറിയില്ല അറിയുകയും വേണ്ട, അന്വേഷിച്ചിട്ടില്ല അന്വേഷിക്കുകയും ഇല്ല.! ബാംഗ്ലൂരിലെ എന്റെ ജീവിതം നരകതുല്യമായതിൽ അയാൾക്കും ഒരു വലിയ പങ്കുണ്ട് എന്നെ ആദ്യം പെണ്ണന്വേഷിച്ചു വന്നത് അയാൾക്കുവേണ്ടിയായിരുന്നു പക്ഷേ ജാതകം ചേർന്നില്ല. കുടിയനായ സഹോദരനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിച്ചതിനും അയാൾക്ക്‌ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.!’’

 

എനിക്ക് അപ്പോൾ അന്ന് നടന്ന കാര്യങ്ങളെ കുറിച്ചൊരു ഉൾക്കാഴ്ച കിട്ടിക്കഴിഞ്ഞിരുന്നു.! 

ഫ്ലൈറ്റ് ലാൻഡ് ചെയ്തു ലഗ്ഗേജ് എടുത്തു എയർപോർട്ടിന് പുറത്തിറങ്ങവേ രജനിയെ ഞാൻ ഒരു പ്രാവശ്യം കൂടി കണ്ടു. കസ്റ്റംസ് ഓഫിസിനുമുന്നിൽ അവരോടു  കുശലം പറഞ്ഞുനിന്നിരുന്ന അവർ എന്നെ കണ്ടതും അങ്ങോട്ട് വന്നു. 

 

അവർ മോളെയും മരുമകനേയും കാത്തുനിൽപ്പായിരുന്നു എന്നെനിക്കു മനസ്സിലായി.     

‘‘തന്നെ ഞാൻ നേരത്തേ സോഷ്യൽ മീഡിയായിൽ കണ്ടു  മനസ്സിലാക്കിയിരുന്നു.! അതും ഒരു  അഞ്ചുകൊല്ലം മുന്നേ തന്നെ..! പിന്നെ താൻ എഴുതിയ പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട് മാത്രമല്ല  തന്റെ ഫോട്ടോ വച്ച് ആനുകാലികങ്ങളിൽ വരുന്ന ആർട്ടിക്കുകളും വായിക്കാറുണ്ടായിരുന്നു എങ്കിലും ഞാൻ മിണ്ടിയില്ല..!  കാരണം ഞാൻ പരിചയപ്പെട്ട പുരുഷന്മാരിൽ ഒട്ടുമിക്കവരും സ്ത്രീകൾക്ക് മുന്നിൽ  നല്ലൊരു പുകമറ സൃഷ്ട്ടിച്ചുകൊണ്ടു ചതിക്കുന്നവരായിരുന്നു.! അതുകൊണ്ടുതന്നെ ഒരാളെയും എനിക്ക് വിശ്വാസമില്ല..,ഒരാളെയും.! അതുകൊണ്ട് ഇനി തമ്മിൽ കാണാതിരിക്കാൻ നമ്മൾക്ക് പരസ്പരം ശ്രമിക്കാം അല്ലെ.?’’

 

എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. എന്റെ പേരെഴുതിയ ഒരു ബോർഡും പിടിച്ചുകൊണ്ടുനടന്നൊരാൾ ‘‘വെൽക്കം സാർ..!  എൻ പേര് വന്തു സെൽവം സർ ഉങ്കളെ കൂട്ടി പോകതുക്കാകെ വന്തതു സർ’’ എന്നുപറഞ്ഞുകൊണ്ട് വന്ന് എന്റെ കയ്യിലെ ബാഗിൽ പിടുത്തമിട്ടതും രജനിക്ക് നേരെ ഞാൻ യാന്ത്രികമായി കയ്യുയർത്തി വീശി.! 

 

അവർക്കു പിന്നിലായി നടന്നുവന്നിരുന്ന സുന്ദരാനായ പൈലറ്റും സുന്ദരിയായ ക്യാബിൻ ക്രൂവും എന്നെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായതും ഞാൻ സെൽവം കാണിച്ചുതന്ന കാറിലേക്ക് കയറി.!

അപ്പോൾ രജനി ഒരു ഗൂഡമായ ചിരിയോടെ എന്നെ തന്നെ നോക്കി ആ എയർപോർട്ടിന് വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.!  

 

Content Summary: Memoir written by Haridasan Kariyattil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com