‘ആ സ്ത്രീയും അവരുടെ ഉദരത്തിലുണ്ടായിരുന്ന കുഞ്ഞും മരിച്ചിരിക്കുന്നു, അവന്റെ ഉള്ളാകെ വിറങ്ങലിച്ചു പോയി’

pregnant-woman-holding-hands
Representative Image. Photo Credit : Nastyaofly / Shutterstock.com
SHARE

ട്രാജഡി (കഥ)

അജയൻ തന്റെ വീടിന്റെ കോലായിലെ പടിക്കലിരുന്നു കൊണ്ട് രണ്ട് ദിവസം മുൻപ് ശാസ്താംകോട്ടയിൽ വെച്ചുണ്ടായ ട്രെയിൻ അപകടത്തിന്റ പത്രവാർത്ത വായിക്കുകയായിരുന്നു. അവൻ പതുക്കെ പത്രത്തിൽ നിന്നും മുഖമുയർത്തി നടുമുറ്റത്തിന്  മുമ്പിലത്തെ പൊന്തക്കാടുകൾ വളർന്നു പന്തലിച്ചു നിൽക്കുന്നതിനിടയിൽ അവിടവിടെയായി പൂത്തു നില്ക്കുന്ന കനകാംബരത്തെയും കുണ്ഡലപാലയെയും നോക്കി. എല്ലാം വാടി കരിഞ്ഞുപോയിരിക്കുന്നു. മെലിഞ്ഞുണങ്ങിയ അജയന്റെ ശരീരം കണ്ടാൽ എല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് പോലെയുണ്ട്. നിറം മങ്ങിയ വെള്ള ഷർട്ടും ചുമലിൽ ഒരു തോർത്തും  കാവി മുണ്ടുമാണ് അവന്റെ വേഷം. പൊന്തക്കാടിനപ്പുറം കുറെ ദൂരം പരന്നു കിടക്കുന്ന പാടവും, പാടത്തിന്റെ കര ചേർന്ന് നിലകൊള്ളുന്ന വയസ്സൻ തണൽ വൃക്ഷങ്ങൾക്കുമപ്പുറം നീണ്ടും ചെരിഞ്ഞും കാറ്റിലുലയുന്ന തെങ്ങിൻ കൂട്ടങ്ങൾക്കും അകലെ ഒരു തെരുവിൽ സ്ഥിതി ചെയ്യുന്ന  ക്രൈസ്തവ പള്ളിയിൽ നിന്നും മണികൾ മുഴങ്ങുന്നത് അവന്റെ കാതുകളിൽ കേട്ടു.

അകത്ത് അടുക്കളയിൽ നിന്നും പാത്രം തറയിൽ വീഴുന്ന അലോസരപ്പെടുത്തുന്ന അനക്കം കേട്ടാണ് അജയൻ തന്റെ പകൽക്കിനാവിൽ നിന്നും മുക്തനായി വാസ്തവികത്വത്തിലേക്ക് മടങ്ങി എത്തിയത്. പത്രം മടക്കി കക്ഷത്തിൽ വെച്ചു, ചുമലിൽ കിടന്ന തോർത്തെടുത്തു കണ്ണീരൊപ്പിക്കൊണ്ട് അവൻ പടിക്കൽ നിന്നുമെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി വീടിന്റെ തെക്ക് ഭാഗത്തെ പറമ്പിലേക്ക് വളരെ വ്യസനത്തോടെ നടന്നു. അവിടെ മൂന്ന് ജീവശ്വാസങ്ങൾ കത്തിയെരിഞ്ഞ് ചാരമായി കഴിഞ്ഞതിന്റെ പുക പത്തി വിടർത്തിയ സർപ്പം വായുവിലേക്ക് കുതിച്ചു പൊങ്ങി ഇഴയുന്നതു പോലെ അന്തരീക്ഷത്തിൽ സംക്രമിച്ചുകൊണ്ടിരുന്നു.

അജയന്റെ അച്ഛനും അമ്മയും സഹോദരിയും തന്റെ ജീവിതത്തിൽ നിന്നുമെന്നെന്നേക്കുമായി പോയി മറഞ്ഞിരിക്കുന്നു. അമ്മയുടെ വാത്സല്യമേറിയ പരിചരണവും, നിർബന്ധിച്ചു പ്രാതൽ കഴിപ്പിക്കുന്നതും അച്ഛന്റെ പരുക്കമായ വാക്കുകളിൽ സ്നേഹം ഒളിപ്പിച്ച ഭാവവും, കരുതലും, പിന്നെ തന്റെ എല്ലാ തല്ലുകൊള്ളിത്തരത്തിനും തന്നോട് എപ്പോഴും അനുകൂലിച്ചു സംസാരിക്കുകയും വഴക്കിടുകയും വിഷമഘട്ടത്തിൽ താങ്ങാവുകയും ചെയ്തിരുന്ന സഹോദരിയും ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന യഥാർഥ്യത്തെ സത്യമെന്ന് വിശ്വസിക്കാൻ അജയൻ നന്നേ പണിപ്പെട്ടു. കൈയിൽ ഒരു ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ സമയത്തിനു പിറകിലേക്ക് യാത്ര ചെയ്ത് അവർ മൂന്നുപേരുടെയും ക്ഷേത്രദർശനം തടയാമായിരുന്നു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തൊഴാൻ പോയ തന്റെ കുടുംബം രണ്ട് ദിവസം മുൻപുണ്ടായ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമായി ഏറ്റ ഈ ആഘാതം അജയന്റെ മനസിനെയും ശരീരത്തെയും വല്ലാതെ തളർത്തിയിരിക്കുകയാണ്. അവന്റെ ഹൃദയം വ്യസനം കൊണ്ട് നുറുങ്ങുകയായിരുന്നു. ഈശ്വരന്റെ ആനൂകുല്യങ്ങൾ നഷ്ടപെട്ട ഒരു മനുഷ്യനെ പോലെ നിസ്സഹായനായി നിറകണ്ണുകളോടെ മൂന്നു ചിതകളെയും അജയൻ മാറി മാറി നിരീക്ഷിച്ചു. അവരുടെയൊപ്പം താനും ക്ഷേത്ര ദർശനത്തിനു പോയിരുന്നെങ്കിൽ, അതിനൊപ്പം തന്റെയും ചിത വരുന്നതായി അവൻ സങ്കൽപ്പിച്ചു നോക്കി.

‘‘ടാ നിനക്ക് പനിയല്ലേടാ.. മിണ്ടാതെ ഇവിടെ മര്യാദക്ക് അടങ്ങി  കിടന്നോ നീയ്..’’

തന്റെ അച്ഛൻ കാർക്കശ്യത്തോടെ അങ്ങനെ പറഞ്ഞതു കൊണ്ട് തിരിച്ച് ഒന്നും പറയാൻ അജയന്റെ  നാവ് പൊന്തിയില്ല. പിന്നീട് തന്റെ അമ്മയോട് തനിക്കും അവരോടൊപ്പം ക്ഷേത്രത്തിൽ വരണമെന്ന് പറഞ്ഞു നിർബന്ധവും പ്രകടിപ്പിച്ചില്ല.

‘‘മോനെ അജയാ...’’

അത് തന്റെ അച്ഛന്റെ സഹോദരി ലക്ഷ്മിയാണ്. അവർ കോലായിലെ പടിക്കലിറങ്ങി  നിന്ന് കൊണ്ട് അവനെ വിളിച്ചു.

‘‘നേരം നല്ല ഇരുട്ടാവാറായിരിക്കുന്നു അവിടെ നിക്കണ്ട ഇങ്ങു പോര്.’’

അന്ന് അജയന്റെ കുടുംബം ക്ഷേത്രദർശനത്തിനു പോയപ്പോൾ ലക്ഷ്മിയായിരുന്നു സുഖമില്ലാതെ കിടന്ന തന്നെ രോഗിയെ ശുശ്രുഷിക്കുന്ന ധാത്രിയെ പോലെ പരിചരിച്ചത്.

അജയൻ ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. ശരിയാണ് നേരം ഇരുട്ടവാറായിരിക്കുന്നു.ചിതകൾക്കടുത്തു നിന്നും അവൻ പതുക്കെ കോലായിലേക്ക് നടന്നു. അപ്പോൾ ലക്ഷ്മി കോലായിലെ പടിക്കൽ നിന്നും കയറി തൂണിൽ ചാരി നിൽക്കുകയാണ്.

‘‘നീ വല്ലതും കഴിക്കുന്നുണ്ടോ അജയാ രാവിലെ തൊട്ട്  ഒന്നും കഴിച്ചില്ലല്ലോ’’

‘‘വേണ്ട ചെറിയമ്മേ.’’

അജയ് കോലായിലേക്ക് കയറി തന്റെ അച്ഛൻ ഇരിക്കാറുള്ള ചാരുകസേരയിൽ കണ്ണുകളടച്ചു പിടിച്ച് ചാഞ്ഞ് കിടന്നു.

‘‘ചെറിയമ്മ എന്നാ പോകുന്നത്.’’

‘‘ന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം...!!’’

‘‘ഉം.’’ അജയ് വെറുതെ ഒന്ന് മൂളി.

‘‘നീ കുറച്ചു ദിവസം അവിടെ ചെറിയമ്മേടെ കൂടെ വന്നു നിക്ക്. ഇവിടെ എങ്ങനെയാ ആരും ഇല്ലാതെ ഒറ്റക്ക് നിക്കുന്നെ’’

‘‘ഉടനെ വേണ്ട ചെറിയമ്മെ. നാളെ എന്തായാലും ചെറിയമ്മ പോകെ അല്ലെ. അത് മുടക്കണ്ട.’’

കണ്ണുകളടച്ചുകൊണ്ട് തന്നെ അജയ് മറുപടി നല്കി.

‘‘അങ്ങനെ പറഞ്ഞാൽ പറ്റില്ല. നിന്നെ ഈ ഓണംകേറാ മൂലേല് തനിച്ചാക്കി ഇട്ടിട്ട് പോകാൻ പറ്റില്ല. എനിക്കും ചില ഉത്തരവാദിത്വങ്ങളൊക്കെ ഇല്ലേ.’’

തന്റെ സഹോദരന്റെ മകനോട് ഒരു പ്രത്യേകതരം അധികാരത്തോടും വാത്സല്യത്തോടും കൂടി ലക്ഷ്മി പറഞ്ഞു.

അവർ ഇനിയും നിർബന്ധിച്ചുകൊണ്ടിരിക്കുമെന്ന് അജയനറിയാമായിരുന്നു. കണ്ണുകൾ തുറന്ന് ചാരുകസേരയിൽ നിന്നും അല്പം മുന്നോട്ട് ചാഞ്ഞു സാവധാനം മുഖമുയർത്തി തന്നെ സ്നേഹത്തോടെ നോക്കി നില്ക്കുന്ന ലക്ഷ്മിയുടെ കണ്ണുകളിലേക്ക് ഒരു നോട്ടം അയച്ചുകൊണ്ട് അജയൻ പറഞ്ഞു ; ‘‘ഞാൻ നാളെ ചെറിയമ്മയെ ബസ്റ്റാന്റിൽ വിട്ടിട്ട് കോളേജ് ഹോസ്റ്റലിലേക്ക്  പോകും. ഇനിയിപ്പോ പരീക്ഷയൊക്കെ വരുന്നതല്ലേ ക്ലാസ്സ്‌ മുടക്കാൻ പറ്റില്ല. ഒരാഴ്ച്ച കഴിഞ്ഞ് അവധിയാണ്. അപ്പോൾ.. ഞാൻ അങ്ങോട്ട് വന്നേക്കാം.’’

ആ മുഖത്തു നോക്കി കളവു പറയാൻ അവനു തോന്നിയില്ലെങ്കിലും വളരെ ആയാസപെട്ടുകൊണ്ട് അങ്ങനെ പറയേണ്ടി വന്നു.

‘‘നീ അന്ന് വരോ അജയാ’’

‘‘വരാം.’’

ലക്ഷ്മി സമാധാനപ്പെട്ടു.

നാവിനു ദാഹവും വയറിനു വിശപ്പും തോന്നിയില്ല. രണ്ടും അജയന്റെ മനസ്സിനായിരുന്നു. ലക്ഷ്മി നേരത്തെ ഉറങ്ങി പോയതുകൊണ്ടാവാം ഭക്ഷണം കഴിക്കാൻ അവർ അജയനെ വീണ്ടും നിർബന്ധിച്ചില്ല. അതൊരു കണക്കിനു നന്നായി എന്നവൻ കരുതി. ഉറക്കം വരാതെ അവൻ കണ്ണു തുറന്നു കിടന്നു. നിദ്ര അല്പം പോലും കരുണ കാണിക്കാതെ ചന്ദ്രന്റെ നേർത്ത കിരണങ്ങൾ ജനലഴികളിൽ തട്ടി പ്രതിഫലിച്ച്‌ അവന്റെ കണ്ണുകളിലേക്ക് ആലിംഗനം ചെയ്തു. ഭൂതകാലത്തിനും ഭവിക്കുമിടയിൽ മനസ്സ് അലമുറയിട്ട് വിരഹിക്കുകയും, ഉഷ്ണം മതി മറന്നു നൃത്തമാടുകയും ചെയ്തപ്പോൾ അജയൻ കണ്ടത് തന്നിലേക്ക് വന്നു ചേർന്ന രണ്ടു മാലാഖമാരെയാണ്. ഒന്ന് കടും ചുവപ്പു നിറമുള്ള നരകത്തിന്റെ തീക്കട്ടപോലെ ഭയാനകമായത്. മറ്റൊന്ന് ആകാശത്തിന്റെ ശാന്തതയും കുളിരു പകരുന്ന നേർത്ത ചാറ്റൽമഴയെപ്പോലെ അശ്വസിപ്പിക്കുന്നതുമാണ്.

‘‘തന്റെ കുടുംബം ഇപ്പോൾ എവിടെയായിരിക്കും? സ്വർഗ്ഗത്തിലോ  അതോ നരകത്തിലോ?’’

അത് അജയന്റെ മനസ്സിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു.

രാവിലെ നല്ല വെയിലുണ്ടായിരുന്നു. അവൻ ലക്ഷ്മിയെ ചിറ്റൂർ ബസ്റ്റാന്റിൽ വിട്ട് യാത്ര പറഞ്ഞു തിരിച്ചു വീടെത്തിയപ്പോൾ ഉച്ചയായി. വന്നപാടെ ക്ഷീണം കൊണ്ട് അജയൻ അൽപനേരം മയങ്ങി. പിന്നീട് മച്ചിൻപുറത്ത് എന്തോ ഒച്ചകേട്ടാണ്  ചാടിയെഴുന്നേറ്റത്. ഉടനടി പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടതുണ്ടെന്ന് അവൻ പെട്ടെന്നോർത്തു. സമയം വൈകിയതുകൊണ്ട് കുളിപ്പുരയിൽ കയറി കൈയും കാലും മുഖവും കഴുകി വെള്ള ഷർട്ടും ജീൻസ് കാലുറയും ധരിച്ച്‌  അത്യാവശ്യം വരുന്ന കുറച്ചു വസ്ത്രങ്ങൾ തോൾഞ്ചിയിലാക്കി തന്റെ അച്ഛന്റെ ഏ.ടി എം കൈക്കലാക്കി വീടും പൂട്ടി അവൻ ഇറങ്ങി. പോകുന്നതിനു മുൻപ് അല്പനേരം തേക്കുഭാഗത്തെ ചിതകൾക്കരികിൽ നിന്ന് മൗനിയായി പ്രാർത്ഥിച്ചു.

പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ എത്തേണ്ട സമയത്തിനും അഞ്ചു നിമിഷം വൈകിയാണ് അജയൻ എത്തിയെങ്കിലും തനിക്ക് പോകേണ്ടുന്ന സ്ഥലത്തേക്കുള്ള ട്രെയിൻ അരമണിക്കൂർ വൈകിയാണ് വരുന്നതെന്ന് അറിയിപ്പ് ലഭിച്ചു. കൗണ്ടറിൽ നിന്നും ഗോരഖ്പൂരിലേക്കുള്ള ടിക്കറ്റ് എടുത്ത ശേഷം അവൻ പ്ലാറ്റ്ഫോമിലെ ഇരിപ്പിടത്തിൽ കാത്തിരുന്നു. ഒരു ആസൂത്രണവുമില്ലാത്ത തന്റെയീ യാത്ര തുടങ്ങാൻ ഇനി കുറച്ചു സമയവുംകൂടിയെ ഉള്ളു. അപരിചിതരായ കുറെ ആളുകൾ പ്ലാറ്റ്ഫോമിലൂടെ അങ്ങോട്ടുമിങ്ങോട്ടും കടന്നു പൊയ്കൊണ്ടിരുന്നു. ചിലർ ഇരിപ്പിടത്തിലും നിന്നും ചാരിയുമൊക്കെ തല വളച്ചു സെല്ലുകുത്തികളായി സമയത്തിന്റെ വേഗത കൂട്ടികൊണ്ടിരുന്നു. അന്നേരമാണ് അജയൻ ഓർത്തത് തന്റെ മൊബൈൽ ഫോൺ എടുക്കാൻ മറന്നുവെന്ന്. അവൻ എന്തൊക്കെയോ ഓർത്തും നിരീക്ഷിച്ചും മൂകതപാലിച്ചിരുന്നു.

ട്രെയിൻ പ്ലാറ്റ്ഫോമും ഇരിപ്പിടങ്ങളും വിറപ്പിച്ചു കൊണ്ട് സ്റ്റേഷനിൽ എത്തിച്ചേർന്നു. അജയൻ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് തനിക്ക് കയറേണ്ടുന്ന സെക്കന്റ്‌ ക്ലാസ്സ്‌ കംപാർട്മെന്റ് ലക്ഷ്യമാക്കി നടന്നു. ആളുകളുടെ തിക്കും തിരക്കും വളരെ കുറവായിരുന്നതിനാൽ ഉള്ളിലേക്ക് കയറാൻ ബുദ്ധിമുട്ടിയില്ല. ഒരാൾക്ക് മാത്രം ഇരിക്കാവുന്ന സിംഗിൾ വിൻഡോ സീറ്റിലാണ് അവൻ ഇരുന്നത്. ഇരുന്നതിനു ശേഷം അജയ് ചുറ്റുപാടുമൊന്ന് കണ്ണോടിച്ചു. അവിടെയും സമയത്തെ മറികടക്കാൻ ചില സെല്ലുകുത്തികളെ കണ്ടു. അല്പ സമയത്തിനു ശേഷം വളരെ സാവധാനത്തിൽ ട്രെയിൻ നീങ്ങി തുടങ്ങി. പുറത്ത് സന്ധ്യയും കലരാൻ ആരംഭിച്ചിരുന്നു. പതുക്കെ പാലക്കാട് സ്റ്റേഷൻ അകന്ന് അകന്ന് മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. യാത്രാ മധ്യേ എപ്പോഴോ അജയന്റെ കണ്ണുകളിലേക്ക് ഉറക്കം ബന്ധിച്ചപ്പോൾ ഗാഢമായ നിദ്രയിലേക്ക് അവൻ വഴുക്കിപ്പോയി. ഉറങ്ങുന്നുണ്ടെങ്കിലും ട്രെയിനിന്റെ വേഗത കൂടുംതോറും പുറത്തുനിന്നു വീശുന്ന തണുത്ത കാറ്റ് അവന്റെ ശരീരത്തിലൂടെ അരിച്ചു കയറുന്നത് അനുഭവപ്പെടുന്നുണ്ടായിരുന്നു.

‘‘ബച്ചേ.. കെ ഷട്ടർ കെ ബന്ദ് കരെ.. യഹ് വാസ്തവ് മേം ഠംടാ ലഗാ രഹാ ഹെ.’’ (അതെ.. ഷട്ടർ ഒന്നടച്ചിടാമോ വല്ലാതെ തണുക്കുന്നു.)

അജയൻ പെട്ടെന്ന് കണ്ണുകൾ തുറന്ന് പുറത്തെ ഇരുട്ടിലേക്ക് നോക്കിയ ശേഷം തന്റെ മുന്നിലേക്ക് നോക്കി. പൂർണ്ണ ഗർഭിണിയായ  ഒരു സ്ത്രീയായിരുന്നു അത്. അവൻ ഷട്ടർ വലിച്ചിട്ടു. ട്രെയിൻ കുറെ ദൂരം താണ്ടിയതായി അജയന് മനസ്സിലായി. മറ്റ്‌ കുറെയധികം സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും താൻ ഇരിക്കുന്നിടത്ത് എന്തിന് ഈ സ്ത്രീ വന്നിരിക്കുന്നുവെന്ന് അവൻ ആലോചിച്ചു. അവരോട് എന്തെങ്കിലും സംസാരിച്ചാലോ എന്ന് അജയൻ വിചാരിച്ചു. പക്ഷേ തന്നെ കൊണ്ട് അതിനു കഴിയില്ല. അവർ തന്റെയരികിൽ നിന്നും മറ്റേതെങ്കിലും സീറ്റിലേക്ക് മാറിയിരിക്കണമേയെന്ന് അജയൻ ഉള്ളിൽ പ്രാർത്ഥിച്ചു.

അവൻ കണ്ണുകളടച്ചുപിടിച്ച് ഉറക്കം നടിച്ചിരുന്നു. ഒറ്റക്കിരിക്കാൻ ഭയന്നിട്ടാകുമോ? ഇവരുടെ കൂടെ വേറെയാരെയും കാണുന്നില്ലല്ലോ. എന്തായാലും അവർ അവിടെ ഇരിക്കട്ടെ ഒന്നും സംസാരിക്കാതിരുന്നാൽ കൊള്ളാം. അവൻ വീണ്ടും തന്റെ കുടുംബത്തെക്കുറിച്ചൊർത്തു കൊണ്ടിരുന്നു.

‘‘ആപ്കേ സാത് കോയി നഹിം ?’’

അജയൻ കണ്ണു തുറന്നു. നിറ വയറിൽ കൈവെച്ചുകൊണ്ട് ആ സ്ത്രീ അജയനെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവൻ വല്ലാതെയൊന്ന് പതറി. അജയൻ അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ചിരിക്കാൻ ശ്രമിക്കുന്ന ഭാവത്തോടെ അവൻ ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി.

‘‘ബച്ചേ.. നിന്റെ മുഖം കണ്ടിട്ട് എന്തോ പ്രശ്നം ഉള്ളതുപോലെ തോന്നുന്നു. എന്തുപറ്റി.’’

അവരുടെ ബച്ചെ വിളി അജയന് ഇഷ്ടമായില്ല. താൻ അത്രയും ചെറിയ കുട്ടിയായിട്ടാണോ അവർക്കു കണ്ടപ്പോൾ  തോന്നിയത്. തനിക്ക് ഇരുപത്തിനാലു വയസ്സുണ്ടെന്ന് ആ സ്ത്രീയുടെ മുഖത്തുനോക്കി പറയണമെന്ന് അജയന് തോന്നി. പക്ഷേ അവന് ആരോടും ഒന്നും ചോദിക്കാനോ പറയാനോ കഴിയില്ല. ഒന്നും. ആ സ്ത്രീ അവരുടെ ഭാഷയിൽ ഓരോ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. അജയൻ താൻ ഇരിക്കുന്ന സീറ്റിൽ നിന്നുമെണീറ്റ് ഗൗരവത്തോടെ ഇടതുവശത്തെ നീളൻ സീറ്റിലേക്ക് തോൾ സഞ്ചി തലയിണയായി വെച്ച് മലർന്നുകിടന്നു.

ആ സ്ത്രീ തന്റെ നിറവയറിൽ കൈവെച്ചു അജയനെ നിരീക്ഷിച്ചു കൊണ്ട് ഹനുമാന്റെ ശ്ലോകം ചൊല്ലിക്കൊണ്ടിരുന്നു.

‘‘രാമസ്കന്തം ഹനുമന്ദം വൈനദേയം വൃകോദരം ശയനയയഹ സ്മരേ നിത്യം ദുഃസ്വപനം തസ്യനശ്യതി.. ഓം രാമസ്കന്തം ഹനുമന്ദം വൈനദേയം വൃകോദരം ശയനയയഹ സ്മരേ നിത്യം ദുഃസ്വപനം തസ്യനശ്യതി  ഓം...’’

മനസ്വസ്ഥതയോടെ ഉറങ്ങുന്നതിനും, ദുസ്വപ്നങ്ങൾ കാണാതിരിക്കുവാനും വേണ്ടി അവർ ഹനുമാന്റെ ശ്ലോകം ചൊല്ലിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അജയന് അഭിമുഖമായുള്ള നീളൻ സീറ്റിൽ അവരും കിടന്നു.

നേരം പാതിരാവായി ട്രെയിൻ വളരെ വേഗത്തിൽ നീങ്ങിക്കൊണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ അജയൻ ഉറക്കം വെടിഞ്ഞ് കുറെ നേരം കണ്ണുതുറന്നു കിടന്നു. കുറച്ചു സമയത്തിനു ശേഷം തന്റെ തൊട്ടപ്പുറത്തെ നീളൻ സീറ്റിൽ കിടക്കുന്ന ആ സ്ത്രീ അവരുടെ രണ്ട് കൈപ്പത്തികളും വയറ്റിൽ അമർത്തിപ്പിടിച്ചു ഞരങ്ങുന്നത് അജയൻ കേട്ടു. അവൻ സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റവരെ നോക്കി. അവർക്ക് പേറ്റുനോവ് അനുഭവപ്പെടാൻ തുടങ്ങിയെന്ന് അജയന് മനസ്സിലായി.

‘‘ദീതി ക്യാ ഹുആ?’’

അജയൻ സംഭ്രാമത്തോടെ ചോദിച്ചു. അവന്റെ ഉള്ളിൽ ചെണ്ടമേളം നടക്കുന്നുണ്ടായിരുന്നു. വിയർപ്പ് ചാലിട്ടൊഴുകി ധരിച്ചിരുന്ന വെള്ള ഷർട്ട്‌ നനഞ്ഞു കുതിർന്നു. അവൻ സഹായത്തിനായി മറ്റുള്ള ക്യാബിനുകളിലേക്ക് ആരെങ്കിലുമുണ്ടോയെന്ന് നോക്കി. അവർ രണ്ടുപേരുമല്ലാതെ വേറെയാരും ആ കംപാർട്മെന്റിൽ ഉണ്ടായിരുന്നില്ല. അവൻ ആ സ്ത്രീയുടെ അരികിലേക്ക് തിരിച്ചെത്തി അവരെ ആശ്വസിപ്പിച്ചു. അവരുടെ കൈകൾ അവന്റെ കൈകളിലേക്ക് ചേർത്തു വെച്ചുകൊണ്ട് പറഞ്ഞു ; ‘‘ദീതി അടുത്ത സ്റ്റേഷനിപ്പോൾ എത്തും. നമുക്ക് അവിടെ ഇറങ്ങി ആശുപത്രിയിലേക്ക് പോകാം. സമാധാനപ്പെടു.’’

കർണ്ണാടകയിലെ അറസാലു എന്ന സ്റ്റേഷനിൽ ട്രെയിൻ നിന്നു. രാത്രി ഏറെ കനത്തിരുന്നു. ഒറ്റ മനുഷ്യർ പോലും പ്ലാറ്റ്ഫോം പരിസരത്തുണ്ടായിരുന്നില്ല. അജയൻ സ്ത്രീയെ താങ്ങിപിടിച്ചുകൊണ്ട് ട്രെയിനിൽ നിന്നിറങ്ങി പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് ഇരിപ്പിടത്തിൽ കിടത്തിയ ശേഷം വേഗം ട്രെയിനിൽ കയറി തന്റെയും ആ സ്ത്രീയുടെയും യാത്രാ സഞ്ചികൾ എടുത്തു. അപ്പോഴേക്കും ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി. അജയൻ പെട്ടെന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടിയിറങ്ങി. അവരുടെ പേറ്റുനോവ് സമയം കഴിയുംന്തോറും വലിയ നിലവിളിയായി പരിണമിച്ചു. അവൻ  വേഗം തന്നെ സ്റ്റേഷൻ  പരിസരത്ത് ആരെങ്കിലുമുണ്ടോയെന്ന് പരതി ദൈവകൃപയാൽ ഒരാൾ ഒരു ബെഞ്ചിൽ മൂടി പുതച്ചു കിടക്കുന്നുണ്ടായിരുന്നു. അജയൻ അയാളെ വിളിച്ചുണർത്തി തനിക്ക് അറിയാവുന്ന തമിഴിൽ കാര്യം പറഞ്ഞു സഹായത്തിനപേക്ഷിച്ചു. അയാൾ വളരെ കരുണയോടെ പെട്ടെന്ന് അജയാനൊപ്പം ആ സ്ത്രീയുടെ അരികിലേക്ക് ഓടിയെത്തി.

ആ സ്ത്രീയുടെ കാലുകൾക്കിടയിൽ നിന്നും ചോര ഒഴുകികൊണ്ടിരുന്നു. നിലവിളി കഠിനമായി. അവർ രണ്ടുപേരും അവരെ വാരിയെടുത്തുകൊണ്ട് സ്റ്റേഷന് പുറത്തേക്കിറങ്ങി. ഓട്ടം കിട്ടാതെ ഒരു ഓട്ടോറിക്ഷ മുഷിഞ്ഞ് അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. അജയൻ അത്യുച്ചത്തിൽ ഓട്ടോക്കാരനെ വിളിച്ചു.

ആശുപത്രിയിലേക്കുള്ള വഴി ടാറിടാത്ത കുണ്ടും കുഴിയും നിറഞ്ഞ പാതയായിരുന്നു. ഇരുപതു മിനിറ്റോളം സമയം വേണ്ടി വന്നു അവർക്ക് ആശുപത്രിയിൽ എത്താൻ. അവിടെ എത്തിയപ്പോഴേക്കും അവർ വേദനകൊണ്ട് നിലവിളിച്ച് കരഞ്ഞു തളർന്നിരുന്നു.

മണിക്കൂറുകൾക്ക് മുൻപ് മാത്രം പരിചയമുള്ള ആ സ്ത്രീ, അവർ അനുഭവിക്കുന്ന കടുത്ത വേദനയിൽ നിന്നും മുക്തയാക്കി സുഖപ്രസവം അവർക്കുണ്ടാകണമേയെന്ന് അജയൻ മനസുരുകി പ്രാർത്ഥിച്ചു. തന്നെ സഹായിക്കാൻ കരുണകാട്ടിയ ആളിന്റെയും തന്റെയും ധരിച്ചിരുന്ന വസ്ത്രത്തിൽ അവിടവിടെയായി ചോരക്കറ പറ്റിയിരുന്നു. രണ്ടുപേരും പ്രസവമുറിയുടെ പുറത്തെ ബെഞ്ചിൽ അക്ഷമരായി പ്രതീക്ഷയോടെ കാത്തിരുന്നു. പത്തു മിനിറ്റിനു ശേഷം ഡോക്ടറും ഒരു നഴ്സും മങ്ങിയ ഇരട്ട കണ്ണാടി വാതിൽ തുറന്ന് അജയന്റെയും സഹായിച്ചയാളിന്റെയും അരികിലേക്ക് വന്നു. രണ്ടു പേരും പ്രതീക്ഷയോടെ എണീറ്റ് നിന്നു. ഡോക്ടറെയും നഴ്സിനെയും അജയൻ മാറി മാറി നോക്കി. അവർക്ക് വളരെ മനസ്താപത്തോടെ അശുഭകരമായ ഒരു കാര്യം പറയാനുണ്ടായിരുന്നു.

‘‘എന്തായി’’ അജയനെ സഹായിച്ചയാൾ ഡോക്ടറോട് കന്നഡയിൽ ചോദിച്ചു.

‘‘ചോര ഒരുപാട് പോയിരുന്നു. അവർ മരിച്ചു.’’

നിസ്സഹായതയോടെ ഡോക്ടർ പറഞ്ഞു.

‘‘അപ്പോൾ കുഞ്ഞ്?’’ അജയൻ ഇടറിയ ശബ്ദത്തോടടെ ചോദിച്ചു.

ഒരു നോട്ടംകൊണ്ട് അതും ഡോക്ടർ അറിയിച്ചു. അജയൻ നടുങ്ങി. ആ സ്ത്രീയും അവരുടെ ഉദരത്തിലുണ്ടായിരുന്ന ജീവശ്വാസവും മരിച്ചിരിക്കുന്നു. ആ നിമിഷം അവന്റെ ഉള്ളാകെ വിറങ്ങലിച്ചു പോയി. സഹായിച്ചയാളും ആ അശുഭ വാർത്തകേട്ട് വിഷമിച്ചു. അജയൻ ബെഞ്ചിൽ തളർന്നിരുന്നു. നിശബ്ദമായ കുറെ നിമിഷങ്ങൾ. മണിക്കൂറുകൾക്ക് മുൻപ് തണുത്ത കാറ്റ് പുറത്തു നിന്നും വീശുന്നതുകൊണ്ട് ട്രെയിനിന്റെ  ‌ജാലകത്തിന്റെ  ‌ഷട്ടർ താഴ്ത്തിയിടാൻ തന്നോട് കൽപ്പിച്ച ആ സ്ത്രീ ഇപ്പോൾ മരിച്ചുവെന്നോ.?

എന്താണ് അവരുടെ പേര്?

എങ്ങോട്ടായിരുന്നു അവർ യാത്ര ചെയ്തത്?

അവരെ തനിച്ചാക്കി വിട്ടിട്ട് അവരുടെ ഭർത്താവ് എങ്ങോട്ട്പ്പോയി?

ഇനി എങ്ങോട്ടെങ്കിലും രക്ഷപെട്ടു പോയതായിരിക്കുമോ?

അങ്ങനെ ഒത്തിരി ചോദ്യങ്ങളുടെ നിരാശയിൽ അജയൻ ഒരു പൊട്ടികരച്ചിലിലേക്ക് കുമ്പിട്ടു. ഡോക്ടറും നഴ്സും അത് നിസ്സഹായതയോടെ നോക്കി നിന്നു. സഹായിച്ചയാൾ അജയന്റെ ചുമലിൽ കൈവെച്ചു ആശ്വസിപ്പിച്ചു. ചിലപ്പോൾ അയാൾ വിചാരിച്ചിട്ടുണ്ടാകും ആ സ്ത്രീ അജയന്റെ ബന്ധുവോ സുഹൃത്തോ സഹോദരിയോ അങ്ങനെ ആരൊക്കെയോ ആയിരിക്കുമെന്ന്. ആ സ്ത്രീ തന്റെയാരുമല്ല എന്നിട്ടും തന്റെ കരച്ചിലിനെ നിയന്ത്രിക്കാൻ അജയന് കഴിഞ്ഞില്ല. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായതിനു ശേഷം സഹായിച്ചയാൾ കരഞ്ഞു തളർന്നിരിക്കുന്ന അജയനെ തട്ടി വിളിച്ചു.

‘‘എനിക്ക് പോകാൻ അല്പം ധൃതിയുണ്ട്. ആ സ്ത്രീയുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. പിന്നെ നിങ്ങൾ സഹയാത്രികരായിരുന്നു അല്ലെ? അവർ രക്ഷപ്പെട്ടില്ലെങ്കിൽ പോലും നിങ്ങൾ നല്ലൊരു കാര്യമാണ് ചെയ്തത്.’’ അയാൾ അത് കന്നഡയിലാണ് പറഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയായ കാര്യം ഒഴിച്ചാൽ മറ്റൊന്നും അജയന് മനസിലായില്ല.

ആ സ്ത്രീയുടെ സഞ്ചി അയാൾ അജയന് കൊടുത്തു. ശേഷം കാലുറയുടെ കീശയിൽ കൈയിട്ട് കുറച്ചു നോട്ടുകൾ അയാൾ അജയന്റെ പോക്കറ്റിലേക്ക് വെച്ചുകൊടുത്തിട്ട് വന്ന ഓട്ടോയിൽ തന്നെ അയാൾ തിരികെ പോയി. അവൻ സഞ്ചി തുറന്നു നോക്കി. അതിൽ കുറെ തുണികൾ കുത്തിതിരുകി വെച്ചിട്ടുണ്ടായിരുന്നു.വളരെ തിടുക്കപ്പെട്ടു വെച്ചതുപോലെയായിരുന്നു അത് കണ്ടപ്പോൾ അജയന് തോന്നിയത്. അതിന്റെ ചെറിയ ഒരു രഹസ്യ അറയുടെ സിബ്ബ്‌ തുറന്നപ്പോൾ അവരുടെ ഒരു ഐഡി കാർഡ് അവന് കണ്ടുകിട്ടി. അതിൽ ആ സ്ത്രീയുടെ പേരുണ്ടായിരുന്നു.

‘സുജാതാ രവീന്ദർ’

അപ്പോൾ ഇതിലെ വിവരങ്ങൾ വെച്ചിട്ടായിരിക്കും സഹായിച്ചയാൾ സുജാതയുടെ ബന്ധുക്കളെ അറിയിച്ചതെന്ന് അജയന് മനസ്സിലായി. എല്ലാം നോക്കിയശേഷം സഞ്ചി ബെഞ്ചിൽ വെച്ച് അജയൻ ആശുപത്രി വരാന്തയിലൂടെ ഒരു അനാഥപ്രേതത്തെ പോലെ വെറുതെ ചുറ്റി നടന്നു.

ഓരോ ആളുകളും ജീവിതത്തിലേക്ക് കടന്നു വരുന്നത് ഓരോ കാര്യങ്ങൾ ‘പരിചിന്തനം’ ചെയ്യാൻ വേണ്ടിയാണ്. ഇത് വെറുമൊരു വാക്യമോ വാചകമോ അല്ല. താൻ അനുഭവിച്ചറിയുന്ന സത്യമാണ്. അച്ഛൻ, അമ്മ, സഹോദരി, സഹോദരൻ, കാമുകി, കാമുകൻ, മുത്തശ്ശൻ, മുത്തശ്ശി, അപരിചിതർ, സുഹൃത്തുക്കൾ അങ്ങനെ ആ ആളുകളുടെ നിര നീണ്ടു നീണ്ടുപോകുന്നു. ഓരോരുത്തർക്കും ഓരോ പാത്രധർമ്മമുണ്ട്. ഒരുപാട് ആളുകളെ പരിചയമുണ്ട് അല്ലെങ്കിൽ ഒരുപാടുപേരുമായി സൗഹൃദം ഉണ്ടെന്ന് പറയുമ്പോഴും പലർക്കും അറിയില്ല ഇതിൽ എത്രപേർ കൂടെയുണ്ടാകുമെന്ന്. ആശുപത്രി വരാന്തയിലൂടെ ആ  രാത്രിമുഴുവൻ നടക്കുമ്പോൾ അജയന് മനസിലായ യാഥാർഥ്യം ആരും കൂടെയില്ല എന്നതാണ്. ഇങ്ങനെയൊക്കെ അവൻ ചിന്തിക്കുമ്പോൾ മനുഷ്യർ പറയാറുള്ള സ്ഥിരമൊരു വാചകമുണ്ട്'ദൈവം കൂടെയുണ്ടെന്ന്. ആ ദൈവം എന്താണെന്ന് അജയൻ അപ്പോൾ തിരിച്ചറിയുകയാണ്. എപ്പോഴും തന്റെ കൂടെയുണ്ടെന്ന് ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്ന ആ ദൈവം അത് മറ്റൊന്നുമല്ല തന്റെ ജീവശ്വാസം തന്നെയാണ്. അജയ് തന്റെ ജീവശ്വാസവുമായി നടക്കുമ്പോൾ അവിടെ സ്നേഹിക്കുന്ന ഒരുപാട് മുഖങ്ങളെ അവൻ കണ്ടു. ഭാര്യമാരുടെ പ്രസവം കാത്തുനിൽക്കുന്ന ഭർത്താക്കന്മാർ, തന്റെ കുഞ്ഞിന്റെ ചോര തുടിക്കുന്ന മുഖം കാണാൻ കൊതിക്കുന്ന അച്ഛന്മാർ, മകളെ നോക്കുന്ന അമ്മമാർ, കാവൽക്കാർ, നഴ്സുമാർ, ഡോക്ടർമാർ അങ്ങനെയെല്ലാവരും നമ്മൾ കൂടെയുണ്ടെന്ന് വിശ്വസിക്കുന്ന ജീവശ്വാസത്തിനായാണ് പ്രയത്നിക്കുന്നത്. അങ്ങനെ ജീവിതത്തെ കുറിച്ച് അതിന്റെ പ്രാധാന്യത്തെ ദാർശനികമായും സത്യപൂർണമായും ചിന്തിച്ചുകൊണ്ട് ആ സ്ഥലം വിട്ടുപോകാൻ അജയൻ തീരുമാനിച്ചു. 

അവൻ ശുചിമുറിയിൽ കയറി ചോരപുരണ്ട അവന്റെ വെള്ള വസ്ത്രം മാറ്റി മറ്റൊന്ന് ധരിച്ച്  വെള്ള വസ്ത്രത്തെ ചുരുട്ടികൂട്ടി ചവറ്റുകുട്ടയിൽ ഇട്ടു. ഡോക്ടറെ കണ്ട് തനിക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അജയൻ തന്റെ പേരും വിലാസവും നല്കിയ ശേഷം ആശുപത്രിയിൽ നിന്നുമിറങ്ങി. സുജാതയുടെ ബന്ധുക്കൾ വരുന്നത് വരെയും അജയന് കാത്തിരിക്കാമായിരുന്നു. പക്ഷേ ഇനിയും ദുഃഖകരമായ കോലാഹലങ്ങൾക്ക് സാക്ഷിയായി മനസ്സിനെ സ്വയം നിയന്ത്രിച്ചു നിർത്താനുള്ള മനക്കരുത്ത് അവനില്ലായിരുന്നു അറസാലു റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ തന്റെ വീടിന്റെ തെക്കേ അറ്റത്ത് കത്തിയെരിഞ്ഞു ചാരമായ മൂന്നു ചിതകളെക്കുറിച്ച് അജയൻ ആലോചിച്ചു. ലക്ഷ്യമില്ലാത്ത ശാന്തത തേടിയുള്ള അനന്തമായ യാത്ര. ഇതിനു ശ്വാസം നിലക്കുന്നതുവരെ അവസാനമില്ല.

സ്റ്റേഷനിലെത്തി മറ്റൊരു അജ്ഞാത നഗരത്തിലേക്കുള്ള ടിക്കറ്റും എടുത്തുകൊണ്ട് അടുത്ത ട്രെയിനിനു വേണ്ടി അജയൻ പ്ലാറ്റ്ഫോമിലെ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇരുന്നു. ഉറക്കത്തിന്റെ ആലസ്യം ഉള്ളതുകൊണ്ട് അവൻ കണ്ണുകൾ അടച്ചു. കണ്ണിലെ ഇരുട്ടിൽ ഭൂതകാലത്തിനും ഭാവിക്കുമിടയിൽ അജയന്റെ മനസ്സ് പിന്നെയും അലമുറയിട്ട് വിരഹിക്കുകയും, ഉഷ്ണം മതിമറന്നു തന്റെ മുമ്പിൽ നൃത്തമാടുന്ന, തന്റെ  അരികിലേക്ക് വന്നു ചേർന്ന ആ രണ്ടു മാലാഖമാരെ വീണ്ടും അജയൻ കണ്ടു. ഒന്ന് കടും ചുവപ്പു നിറമുള്ള നരകത്തിലെ തീക്കട്ടപോലെ ഭയാനകമായത്. മറ്റൊന്ന് ആകാശത്തിന്റെ ശാന്തതയും കുളിരു പകരുന്ന നേർത്ത ചാറ്റൽ മഴയെപോലെ ആശ്വസിപ്പിക്കുന്നതുമാണ്. മൺമറഞ്ഞു ചാരമായി പോയ തന്റെ കുടുംബത്തെക്കുറിച്ച് ഒരിക്കൽ കൂടി അജയൻ  ഓർത്തു. ഒപ്പം അപരിചിതയായ സുജാത എന്ന സ്ത്രീയെയും അവരുടെ ഉദരത്തിലുണ്ടായിരുന്ന നിഷ്ഫലമായ കുഞ്ഞിനെയും. ട്രെയിൻ പ്ലാറ്റ്ഫോമും ഇരിപ്പിടവും വിറപ്പിച്ചുകൊണ്ട് മന്ദഗതിയിൽ സ്റ്റേഷനിൽ എത്തിച്ചേർന്നു. അജയൻ കണ്ണുകൾ തുറന്ന് ഹതാശനായി ആകാശത്തിലേക്ക് നോക്കി.

‘‘അവർ ഇപ്പോൾ എവിടെയായിരിക്കും സ്വർഗ്ഗത്തിലോ അതോ നരകത്തിലോ’’

English Summary: Tragedy, Malayalam short story 

                                  

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;