‘അമ്മാ, നമ്മളെ കേൾക്കാൻ ഒരാൾ ഇല്ലെങ്കിൽ നമുക്കും ഭ്രാന്ത് വരുമോ?’

man-sitting-alone-felling-sad
Representative Image. Photo Credit : Love the wind / Shutterstock.com
SHARE

ഒരിടത്ത് ഒരു കേൾവികാരനെ തേടി (കഥ)

പള്ളികവലയുടെ സൂര്യൻ ഉണർന്നതും ഉറങ്ങിയതും അന്തോണിയെ കണ്ടു കൊണ്ടാണെന്നു വേണം പറയാൻ.

‘അന്തോണി’. പേര് പോലെ തന്നെ അന്തോണിയോസ് പുണ്യാളനുമായി വലിയ അടുത്ത ബന്ധം ഉള്ള ആളാണ്. കവലയുടെ ഒത്തനടുക്ക് പുണ്യാളന്റെ ഒരു രൂപക്കൂട് ഉണ്ട്, അവിടെയാണ് അന്തോണിയുടെ താമസം. അത്കൊണ്ടുതന്നെ പുണ്യാളനും അന്തോണിയും എപ്പോളും ഒരുമിച്ചാണ്.

ജനിച്ചു പത്തുവർഷം കഴിഞ്ഞെങ്കിലും എല്ലാ വേനലവധിക്കും പള്ളികവലയിലേക്കുള്ള വരവും രണ്ടുമാസത്തെ അവിടത്തെ താമസവും എന്തിനാന്നെന്ന് എനിക്ക് മനസ്സിലായിരുന്നില്ല, അത് ഞാൻ ഒട്ടും ഇഷ്ടപ്പെട്ടിരുന്നുമില്ല.

അവിടുത്തെ ആ ചെറിയ വലിയ വീടിനുള്ളിൽ എന്നെ രസിപ്പിക്കുന്നതായി ഒന്നും ഉണ്ടായിരുന്നില്ല.

വെളിച്ചം ഇല്ലാത്ത നാട്ടിലേക്കു പോകുന്നതായാണ് എനിക്ക് തോന്നിയിരുന്നത്. ചുറ്റും നാലുപാടും മരങ്ങളും, ചീവിടിന്റെ കരച്ചിലും, ചക്കയുടെ മണവും, ഇരുട്ടുന്റെ രുചിയുമായിരുന്നുആ നാടിന്.

സാറാമ്മച്ചിയുടെ മീൻകറി അല്ലാതെ എന്റെ കണ്ണുകൾക്ക് കുളിർമ നൽകുന്ന ഒരു കാഴ്ചയും ആ ചുറ്റുപാടും ഉണ്ടായിരുന്നില്ല.

ടൗണിലെ എന്റെ വീടിൽ ഉള്ള ഒരു സൗകര്യവും അമ്മയുടെ ഈ വീടിന് ഇല്ല എന്നായിരുന്നു എപ്പോഴും എന്റെ വാദം. ഇങ്ങനെയൊക്കെ ആണെങ്കിലും കവലയിലെ ജോസ്സുകുട്ടിയുടെ ചായക്കടയിലെ പഴംപൊരിയോട് ഉള്ള എന്റെ പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു.

അങ്ങനെയിരിക്കെ ഒരു വേനൽക്കാലത്ത് പ്രണയംമൂത്ത് ഇരിക്കാൻ പറ്റാതെയപ്പോൾ സാറാമ്മച്ചിയേയും കൂട്ടി ജോസ്സുകുട്ടിയുടെ ചായക്കടയിലേക്ക് നേരെവിട്ടു.

ജോസ്സുകുട്ടി എടുത്തുതന്ന എന്റെ പ്രാണനാഥനെയും കൈയിൽ പിടിച്ച് അവനിട്ടു ഒരു കടിയും കടിച്ചു തിരിയുമ്പോളാണ് ഞാൻ അന്തോണിയെ ആദ്യമായി കാണുന്നത്.

‘‘സാറാമ്മച്ചി, അത് ആരാ ആ രൂപകൂടിന്റെ അടുത്തു നിൽക്കുന്നെ?’’

‘‘അത് ആ കിറുക്കൻ അന്തോണിയാണ്, അവന്റെ അടുത്തൊന്നും പോകണ്ട നീ.’’

കിറുക്കൻ എന്നാൽ എന്താണെന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ലെങ്കിലും പുള്ളിക്കാരൻ എന്തോ  കുഴപ്പക്കാരനാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു. അടുത്ത 5 -10 മിനിറ്റ് അന്തോണി എന്റെ മനസ്സിൽ നിന്നെങ്കിലും പഴംപൊരിയോടുള്ള പ്രണയത്തെ മറികടന്ന് എന്റെ മനസ്സിൽ കയറാൻ അന്തോണിക്കു കഴിഞ്ഞില്ല.

പിന്നീട് ആ വീടിനുള്ളിലുള്ള 3, 4 മുഷിഞ്ഞ ദിവസങ്ങളിൽ ഒരു വൈകുന്നേരം അമ്മയോട് അന്തോണിയെക്കുറിച്ച് ചോദിച്ചപ്പോളാണ് അയാൾ ഒരു ഭ്രാന്തനാണെന്ന് എനിക്ക് മനസ്സിലായത്.

ഭ്രാന്തിനെ പറ്റി കേൾക്കുന്നതും അത് ഉള്ള ഒരു മനുഷ്യനെ നേരിൽ കാണുന്നതും ആദ്യമായിരുന്നു.

അടുത്ത ദിവസം തന്നെ ചാച്ചന്റെ കൂടെ കവലവരെ പോയി, അന്തോണിയെ കാണാൻ ഉള്ള ആഗ്രഹമാണോ അതോ അന്തോണിയെക്കുറിച്ച് അറിഞ്ഞത് മുതൽ ഉള്ള ജിജ്ഞാസയാണോ എന്നറിയില്ല കവല എത്തിയതും കണ്ണ് ആദ്യം പോയത് രൂപകൂട്ടിനുയടുത്തേയ്ക്കാണ്. ആൾ അവിടെയിരിപ്പുണ്ട്. വലിയ സംസാരമാണ്, എപ്പോഴും സംസാരമാണ്. ആരോടാണ് എന്നു മാത്രം അറിയില്ല.

ഒരു സുഖിയനും വാങ്ങി തന്ന് പള്ളിവരെ പോയേച്ചും വരാം എന്നു പറഞ്ഞു ചാച്ചൻ എന്നെ ജോസ്സുകുട്ടീടെ പീടികയുടെ മുമ്പിൽ ഇരുത്തി. ചാച്ചൻ പോയതക്കം നോക്കി ഞാൻ അന്തോണിയുടെ അടുത്തേക്ക് നടന്നു.

‘‘ആരോടാ ഈ സംസാരിക്കുന്നെ?’’, ഞാൻ ചോദിച്ചു. അന്തോണി എന്നെ ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് ആരോടെന്നില്ലാതെ പിന്നെയും സംസാരം തുടർന്നു. ഞാൻ കയ്യിലിരുന്ന സുഖിയൻ അന്തോണിക്കു കൊടുത്ത് അയാൾ കഴിക്കുന്നത് കണ്ടുനിന്നു.

അമ്മ പറഞ്ഞു തന്ന ഭ്രാന്തിന്റെ അർഥമോ അതിന്റെ നിർവചനങ്ങളോ ഞാൻ അയാളുടെ കണ്ണിൽ കണ്ടില്ല. ചുറ്റുമുള്ള എല്ലാ മനുഷ്യരുടെ കണ്ണിലേക്കും ഞാനൊന്ന് ഓടിച്ചുനോക്കി അന്തോണിയുടെ കണ്ണിലുള്ള ആ ഒരു പ്രത്യേക തിളക്കം മറ്റൊരു മനുഷ്യനിലും ഞാൻ കണ്ടില്ല. നോക്കി നോക്കി വന്നപ്പോൾ ആണ് പുണ്യാളന്റെ കണ്ണിലേക്ക് ഒന്നു നോക്കിയത്. അത്ഭുതം, പുണ്യാളനും ഉണ്ട് അതേ തിളക്കം. ഇനിയിപ്പോ പുണ്യാളന് ഭ്രാന്ത് ഉണ്ടായിരുന്നോ? എന്നൊക്കെ ആലോചിച്ചു നിൽക്കുമ്പോഴാണ് ചാച്ചൻ വരുന്നത് കണ്ടത്.

‘‘ഞാൻ നാളെ വരാം, അന്തോണിച്ചാ.’’ എന്നും പറഞ്ഞു ഞാൻ ജോസ്സുട്ടിയുടെ പീടികയിലേക്ക് ഓടി ചെന്ന് ഇരുന്നു. പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി കവലയിൽ പോകുന്നതും അന്തോണിയെ കാണുന്നതും പതിവാക്കി.

ഒരു ദിവസം കൊച്ചുയേച്ചിയുമൊത്തു സാറ്റ് കളിച്ചു ഞാൻ ഒളിക്കാൻ ഓടിയെത്തിയത് പള്ളിയിലേക്കായിരുന്നു.

അന്നേരം അവിടെ എന്തോ ഓടിനടന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു അന്തോണി.

‘‘അന്തോണിച്ചാ, എന്താ ഈ തിരയുന്നെ?’’, ഞാൻ ചോദിച്ചു.

ആര് കേൾക്കാൻ, വലിയ തിരക്കിട്ട് പള്ളിയുടെ നാലുപാടും അന്വേഷിക്കുകയാണ്. ഞാൻ പിന്നെയും ചോദിച്ചു

‘‘എന്താ എന്ന് പറഞ്ഞാൽ ഞാൻ കണ്ടു പിടിച്ചു തരാം.’’

ആവർത്തിച്ചുള്ള എന്റെ ചോദ്യംചെയ്യൽ കേട്ട് അരിശം വന്ന് എന്റെ കയ്യിൽ മുറുകെപ്പിടിച്ച് അന്തോണി പറഞ്ഞു,

‘‘മനുഷ്യനെ,ഒരു മനുഷ്യനെയെങ്കിലും!’’

‘‘മനുഷ്യനെയോ? എനിക്കു മനസ്സിലായില്ല അന്തോണിച്ചാ’’, ഞാൻ പറഞ്ഞു.

‘‘അതെ എന്നെ കേൾക്കാൻ ഒരു മനുഷ്യനെയെങ്കിലും. അതാണ് ഞാൻ വർഷങ്ങളായി തിരയുന്നത്. തരുമോ എനിക്ക്? മോൾ കേൾക്കാമോ എന്നെ പറ പറ?’’

അന്തോണി പറഞ്ഞതും, ചുറ്റും ആരുമില്ല എന്ന തിരിച്ചറിവും, അയാൾ എന്നെ എന്തോ ചെയ്യാൻ പോകുകയാണെന്ന് ഉള്ള തോന്നലും എന്നെ വല്ലാതെ ഭയപ്പെടുത്തി ഞാൻ കരയാൻ തുടങ്ങി...

എന്റെ കരച്ചിൽ കേട്ടു ആരൊക്കെയോ ഓടി വന്നു, അന്തോണിയെ പിടിച്ചുമാറ്റി. അപ്പോഴേക്കും കൊച്ചുയേച്ചി ഓടിവന്ന് എന്നെയും കൊണ്ട് വീട്ടിലേക്കു പോയി. നടന്ന് അകലുമ്പോഴും പുറകിൽനിന്നും

‘‘മോളെ നീ എങ്കിലും എന്നെ ഒന്ന് കേൾക്കൂ’’ എന്ന കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു. അന്ന് രാത്രി തീരെ ഉറക്കം വന്നില്ല അന്തോണിയുടെ കണ്ണിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നുവെന്നും ഞാനയാളെ ഒന്ന് കേൾക്കാമായിരുന്നുവെന്നും എനിക്ക് തോന്നി. വർഷങ്ങളായിട്ട് അയാൾ എല്ലാവരോടും എന്തൊക്കെയോ പറയാൻ ആഗ്രഹിച്ചിരുന്നു.

പിറ്റേദിവസം എഴുന്നേറ്റത് ചാച്ചൻ സാറാമ്മച്ചിയോട്,

‘‘ആ അന്തോണി ഇന്ന് രാവിലെ കുരിശടിയുടെ മുന്നിൽ മരിച്ചു കിടപ്പുണ്ടായിരുന്നു’’, എന്ന് പറയുന്നത് കേട്ടായിരുന്നു.

ആ വാർത്ത എന്നെ ആ ഒരു ദിവസം മുഴുവൻ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അന്ന് രാത്രി ഞാൻ അമ്മയോട് ചോദിച്ചു,

‘‘അമ്മാ, നമ്മളെ കേൾക്കാൻ ഒരാൾ ഇല്ലെങ്കിൽ നമുക്കും ഭ്രാന്ത് വരുമോ?’’

‘‘വരും ’’

പിന്നീടുള്ള എല്ലാ വേനലവധിക്കും ഞാൻ അന്തോണിയെ ഓർത്തു.

തന്നെ കേൾക്കാൻ ഇപ്പോൾ എങ്കിലും ഒരാളെ അന്തോണിക്ക്  കിട്ടിയിട്ടുണ്ടായിരിക്കുമോ എന്ന് ആലോചിച്ചു.....

              

Content Summary: Short Story written by Acsa Leya Mathews

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA