ADVERTISEMENT

അമരത്വം (കഥ)

‘‘അച്ഛാ.. അച്ഛാ.. എഴുന്നേൽക്ക്, എന്തൊരു ഉറക്കമാണച്ഛാ ഇത്?, ഞാൻ എത്ര നേരമായി വിളിക്കുന്നു?.’’

 

സഞ്ജുവിന്റെ വിളികേട്ട് അവന്റെ അച്ഛൻ രവീന്ദ്രൻ മാഷ് പതിയെ കണ്ണുകൾ തുറന്നു. മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ എന്നാൽ അതീവാഹ്‌ളാദത്തോടെ അദ്ദേഹം എഴുന്നേറ്റു.

 

‘‘മക്കളേ സഞ്ജു. നീ വന്നോ? ഇന്ന് ഉച്ചയ്ക്ക് എത്തും എന്നല്ലേ നീ പറഞ്ഞെ?. ഇതെങ്ങനെ ഇത്ര വെളുപ്പിന്, മണി മൂന്നാകുന്നേ ഉള്ളു.’’ തൊട്ടടുത്ത് ഇരുന്ന ടൈം പീസിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു, ‘‘രാത്രി കിടക്കുന്നതിന് മുൻപേ നീ വിളിക്കുകയും ചെയ്തു, ഇതെന്തൊരു മാറിമായമാടാ?.  പറഞ്ഞിരുന്നെങ്കിൽ അച്ഛനും അമ്മയും കാത്തിരുന്നേനെ, സർപ്രൈസ് തരാൻ ആയിരുന്നു അല്ലേ നിന്റെ പ്ലാൻ?, ഞാനമ്മയെ വിളിക്കട്ടെ.’’ മാഷിന്റെ അടുത്ത് കിടന്നുറങ്ങുകയായിരുന്ന വത്സല ടീച്ചറെ ഉണർത്താനായി അദ്ദേഹം ആഞ്ഞു.

 

‘‘വേണ്ടഛാ, അമ്മ കുറച്ച് കൂടെ ഉറങ്ങട്ടെ, ഞാൻ വന്നല്ലോ. അമ്മ എണീക്കുമ്പോൾ അറിഞ്ഞാൽ മതി.’’

 

‘‘പക്ഷേ നീ എങ്ങനെ അകത്തു കടന്നു?, വാതിൽ പൂട്ടിയിരിക്കുകയായിരുന്നല്ലോ?’’

 

‘‘എനിക്ക് മുൻപിൽ ഈ വീടിന്റെ വാതിലുകൾ എന്നെങ്കിലും അടഞ്ഞിട്ടുണ്ടോ അച്ഛാ?, അതങ്ങ് തുറന്നു, ഞാൻ കയറി. അതൊക്കെ അവിടെ നിക്കട്ടെ, അച്ഛൻ വരൂ നമുക്ക് പുറത്തോട്ടൊക്കെ ഒന്ന് നടന്ന് വരാം, അച്ഛന്റെ കൃഷിയൊക്കെ ഏത് വരെയായി എന്നെനിക്ക് അറിയണ്ടേ?.’’

 

‘‘ഈ കൊച്ചുവെളുപ്പാൻകാലത്തോ’’, മാഷ് സംശയത്തോടെ ചോദിച്ചു.

 

‘‘അതിനെന്താ?, അച്ഛന് പേടിയുണ്ടോ?. അച്ഛന്റെ കൂടെ ശത്രുരാജ്യങ്ങളിൽ നിന്നും ഈ രാജ്യത്തേയും അതിന്റെ അതിർത്തിയേയും കാത്തു സൂക്ഷിക്കുന്ന സൈനികൻ ആണ് ഉള്ളത്, ക്യാപ്റ്റൻ സഞ്ജയ് രവീന്ദ്രൻ, ഞാൻ ക്യാപ്റ്റൻ ആയതിനു ശേഷമുള്ള ആദ്യത്തെ വരവാണ് ഇത്, വർഷം രണ്ടായില്ലേ ഇങ്ങോട്ടു വന്നിട്ട്. എല്ലാമൊന്ന് കണ്ട് നമുക്ക് കുറച്ചു നേരം സംസാരിക്കാം.’’

 

‘‘അതെ നീ കൂടെ ഉള്ളപ്പോൾ എനിക്കെന്തിനാ പേടി, വാ മോനെ.’’ അവർ രണ്ടു പേരും പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയതും വലിയൊരു ഇടി വെട്ടി, തീവ്രമായ വെളിച്ചത്തോടെ ഒരു മിന്നലും, കൂടെ ഏതോ മരം ഒടിഞ്ഞു വീണ പോലത്തെ വലിയ ശബ്ദവും കേട്ടു, മുറ്റത്തിന്റെ ഇടത് വശത്തായി നിന്നിരുന്ന ഒരു വലിയ മുരിങ്ങമരം ആണ് ഒടിഞ്ഞു വീണത്.

 

‘‘അയ്യോ മുരിങ്ങയാണല്ലോ, ഇന്നലെക്കൂടെ അമ്മ പറഞ്ഞതേ ഉള്ളു മുരിങ്ങ ചാഞ്ഞു നില്ക്കുന്നു, ഒടിയുന്നതിനു മുൻപേ മുറിക്കണം, മുരിങ്ങ ഒടിഞ്ഞു വീഴാൻ പാടില്ല, അപശകുനമാണ് എന്നൊക്കെ, വെട്ടാൻ ആ ശങ്കരനെ വിളിച്ചിട്ടു വന്നതുമില്ല. തറവാട്ടിൽ അമ്മ സുഖമില്ലാതെ കിടക്കുകയാണ്, ഓർമ  തീരെ ഇല്ല. ഏതായാലും നീ വന്നല്ലോ, നമുക്ക് ഇന്ന് തന്നെ അച്ഛമ്മയെ കാണാൻ പോകണം, കേട്ടോ മക്കളെ?’’, മാഷ് പറഞ്ഞു.

 

‘‘അച്ഛൻ വരൂ, നമുക്ക് ആ തൊടിയിലെ സിമന്റ് ബെഞ്ചിൽ ഇരിക്കാം അൽപനേരം.’’ മാഷ് പറഞ്ഞത് കേട്ട് പതിയെ തലയാട്ടിയതിനു ശേഷം സഞ്ജു അദ്ദേഹത്തെയും ചേർത്ത് പിടിച്ച് തൊടി ലക്ഷ്യമാക്കി  നടന്നു. രണ്ടു വർഷം കൂടിയിട്ട് ആകെയുള്ള ഒരു ആൺതരിയെ കണ്ട സന്തോഷത്താലും നിർവൃതിയാലും  അദ്ദേഹവും അവനോട് ചേർന്ന് നടന്നു.

 

ബെഞ്ചിട്ടിരിക്കുന്നതിന്റെ രണ്ട് വശത്തുമായാണ് മാഷ് നട്ടു പിടിപ്പിച്ച പേരമരവും, പാഷൻ ഫ്രൂട്ടും, ചാമ്പയ്ക്കയും, മാവും, പ്ലാവും ഒക്കെയുള്ളത്. സഞ്ജുവിന്റെ എക്കാലത്തെയും പ്രിയപ്പെട്ട വിശ്രമസ്ഥലവും അവിടെത്തന്നെയാണ്, അവർ അവിടെ ചേർന്നിരുന്നു. അപ്പോഴും അവൻ അച്ഛനെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

 

‘‘എന്നാലും എന്താടാ മക്കളെ നീ പറയാതെ വന്നത്? ഇന്നുച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ ഉണ്ടാക്കാനിരിക്കെയാണ് നിന്റെ അമ്മ നിനക്ക് വേണ്ടി, നിനക്കിഷ്ടപെട്ട അടപ്രഥമനും. ആ സാരമില്ല, സദ്യക്ക് മുൻപേ രാവിലത്തെ പലഹാരത്തിനു നിനക്കിഷ്ടപെട്ട ഇഡ്ഡലിയും സാമ്പാറും, പഴംപൊരിയും കൂടി ആക്കാം, അവൾക്ക് നിനക്ക് വേണ്ടി എന്ത് ചെയ്യാനും ഉത്സാഹം തന്നെയാവും, എന്നാലും അമ്മയെ വിളിച്ചുണർത്തി നിന്നെ കാണിക്കാമായിരുന്നു.‘‘

 

‘‘ഇനി ഞാനിവിടെ ഉണ്ട് അച്ഛാ, അമ്മയ്ക്ക് കാണാമല്ലോ. രാജ്യസേവനം മതിയാക്കിയാണ് പോന്നത്, ഇവിടെയങ്ങു കൂടിയാലോന്നാ ആലോചന, ഈ മണ്ണില് അച്ഛന്റെ കൂടെ, അമ്മയുടെ കൂടെ.’’

 

‘‘സത്യമാണോടാ?, അച്ഛന് സന്തോഷമായി മക്കളെ, നമുക്കിവിടെ എന്തെങ്കിലും നോക്കാം. നീ ഇന്ത്യൻ ആർമിയിൽ ചേർന്ന കാലം തൊട്ടുള്ള നെഞ്ചിടിപ്പാണ്. പിന്നെ എന്നും നിന്റെ ഇഷ്ടങ്ങൾക്ക് കൂട്ട് നിന്നിട്ടേ ഉള്ളു ഞാനും നിന്റെ അമ്മയും. നീ സൈനിക സ്കൂളിൽ പഠിക്കണമെന്ന് പറഞ്ഞപ്പോൾ പോലും നിന്റെ മനസ്സിൽ രാജ്യസേവനം ആണ് ആഗ്രഹം എന്ന് അച്ഛൻ മനസിലാക്കിയില്ല. പന്ത്രണ്ടാം ക്ലാസ്സിൽ ‘‘ബെസ്റ്റ് സ്റ്റുഡന്റ് ഓഫ് ദി ഇയർ’’ അവാർഡ് മേടിച്ച അവസരത്തിൽ അടുത്ത നിന്റെ ലക്‌ഷ്യം നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ ചേരുക എന്നതാണ് എന്നറിഞ്ഞപ്പോഴാണ് അച്ഛൻ ആദ്യമായി നിന്നെയോർത്ത് സങ്കടപ്പെട്ടത്. അമ്മ പക്ഷേ ഉലയാതെ നിന്റെ കൂടെ എന്നും ഉണ്ടായിരുന്നു, എനിക്ക് പക്ഷേ പേടിയായിരുന്നു മക്കളേ.’’

 

‘‘അച്ഛൻ ഇനി പ്രയാസപ്പെടേണ്ട. ഞാൻ ഇനി ഇവിടെ തന്നെ ഉണ്ട്, നിങ്ങൾക്ക് രണ്ടാൾക്കും കാവലായി.  പക്ഷേ ഞാൻ ഒരു സൈനികൻ ആയതിൽ നിങ്ങൾക്ക് അഭിമാനമേ ഉണ്ടായിട്ടുള്ളൂ എന്നാണ് എന്റെ വിശ്വാസം, അങ്ങനെ അല്ലെ മാഷേ?’’, അച്ഛന്റെ താടിയിൽ പിടിച്ച് സഞ്ജു ചോദിച്ചു.

 

‘‘നീ എന്ന മകൻ തന്നെ നമുക്ക് അഭിമാനമല്ലേ സഞ്ജു, പിന്നെ നീ പറഞ്ഞത് ശരിയാണ്, പൂനെയിലെ നാഷണൽ ഡിഫെൻസ് അക്കാഡമിയിലും, ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാഡമിയിലും പാസ്സിങ് ഔട്ട് പരേഡിൽ അവിടത്തെ ഏറ്റവും എഫിഷ്യന്റ് ആയിട്ടുള്ള സ്റ്റുഡന്റ് ആയി പാസ് ഔട്ട് ആയ സഞ്ജയ് രവീന്ദ്രന്റെ അച്ഛനെയും അമ്മയെയും കാണാൻ വന്ന അവിടുത്തെ ഓഫീസർമാരുടെ മുന്നിൽ ഈ സാധാരണക്കാരായ മാഷിന്റെയും ടീച്ചറുടെയും അഭിമാനം വാനോളമാണ് ഉയർന്നത്, ഇപ്പോഴും അതെ അഭിമാനത്തോടെ ജീവിക്കുന്ന ഞങ്ങൾക്ക് ഇതിൽപരം ഈ ജന്മത്തിൽ എന്ത് വേണം മോനെ?’’.

 

‘‘നിനക്കോർമ്മയുണ്ടോ നീ ആർമിയിൽ ചേരാതിരിക്കാൻ നിന്നെ സൈനിക സ്കൂളിൽ പഠിപ്പിച്ച നിന്റെ സാറിനെ കൊണ്ട് നിന്നോട് സംസാരിപ്പിച്ചത്, നിന്റെ മനസ്സ് മാറ്റിക്കാൻ, അന്ന് ഒരു മണിക്കൂറോളം നിന്നോട് സംസാരിച്ചതിനു ശേഷം അദ്ദേഹം എന്നോട് പറഞ്ഞു ‘‘മാഷിന് മകൻ സന്തോഷമായിരിക്കുന്നത് കാണാൻ ആണ് ആഗ്രഹമെങ്കിൽ അവനെ രാജ്യസേവനത്തിന് അയക്കുക’’, പിന്നീട് നിന്നെ ഞാൻ തടഞ്ഞില്ല.’’

 

കൂട്ടിവെച്ച ഓർമകളുടെ കൂടു തുറന്നു വിട്ടത് പോലെ കുറച്ചധികം നേരം അവരുടെ സംഭാഷണം നീണ്ടു.  അച്ഛന്റെയും മകന്റെയും ശബ്ദത്തിനപ്പുറം ഒരു ചെറിയ ഒച്ച പോലും കേട്ടില്ല, ചീവിടുകൾ പോലും അവരുടെ സംഭാഷണത്തിന് ഭംഗം വരാതിരിക്കാൻ അതിന്റെ നാദം പുറത്ത് വരുത്താതിരിക്കാൻ ശ്രദ്ധിച്ചു എന്ന് തോന്നി.

 

മൂന്നിൽ കിടന്ന ചെറിയ സൂചി അതിവേഗം ഓടി അഞ്ചിൽ എത്തി നിൽക്കാറായപ്പോഴാണ് ലാൻഡ്‌ഫോണിന്റെ ബെൽ അടിക്കുന്നത് അവർ കേൾക്കുന്നത്, അപ്പോഴാണ് അവരുടെ സംസാരം മുറിഞ്ഞത്. ചന്ദ്രൻ സൂര്യനു വേണ്ടി മാറിക്കൊടുക്കാൻ തുടങ്ങുന്നതിന്റെ സൂചനയായി ആകാശം ചെറുതായി വെള്ളകീറാൻ തുടങ്ങിയിരുന്നു.

 

മാഷ് പറഞ്ഞു, ‘‘ഇതാരായിരിക്കും ഈ രാവിലെ ഫോണിൽ, ആരാണെന്നു നോക്കട്ടെ, നീ വാ, വന്നു ഫ്രഷ് ആവ്.’’

 

‘‘ആട്ടെ നിന്റെ പെട്ടിയൊക്കെ എവിടെ?’’ വീടിന്റെ മുൻവശത്തേക്ക് നടക്കുന്നതിനിടയിൽ അവിടെയാകെ നോക്കി മാഷ് ചോദിച്ചു.

 

‘‘അതൊക്കെ വരും, അച്ഛൻ പോകൂ, ആരാണ് ഫോണിൽ എന്ന് നോക്കൂ, ഞാൻ വന്നോളാം.’’

 

‘‘ദേ മാഷെ, മാഷെ എഴുന്നേൽക്കു.. ഫോൺ ബെല്ലടിക്കുന്നു.’’ ടീച്ചറുടെ വിളികേട്ട് ഗാഢനിദ്രയിലായിരുന്ന രവീന്ദ്രൻ മാഷ് ചാടിയെഴുന്നേറ്റു.

 

എവിടെ? സഞ്ജു എവിടെ? അദ്ദേഹം ചുറ്റിനും നോക്കി. അപ്പോൾ താൻ ഇത്രയും നേരം ഉറങ്ങുകയായിരുന്നോ?. ഈശ്വരാ, കണ്ടത് മുഴുവനും സ്വപ്നമായിരുന്നോ? അവൻ അപ്പോൾ വന്നില്ലേ? വന്നു എന്ന് തനിക്ക്  തോന്നിയതാണോ? പക്ഷേ, സഞ്ജു.. അവൻ.. തൊട്ടടുത്ത്.. അവന്റെ ശബ്ദം ഇപ്പോഴും തന്റെ ചെവിയിൽ മുഴങ്ങുന്നു, അവന്റെ മണം ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. അതൊരു സ്വപ്നം മാത്രമായിരുന്നു എന്ന് എങ്ങനെ വിശ്വസിക്കും?.

 

ഒരിക്കൽ അടിച്ചു നിന്ന ലാൻഡ് ഫോൺ വീണ്ടും ശബ്ദിക്കാൻ തുടങ്ങി.

 

‘‘മാഷെ വേഗം എടുക്ക്, കുറച്ചു മുന്നേ നമ്മുടെ മുരിങ്ങമരം ഒടിഞ്ഞു വീണു, ഞാൻ പറഞ്ഞതല്ലേ അത് ഉടനെ വെട്ടണമെന്ന്, വലിയ ശബ്ദമായിരുന്നു, പക്ഷേ ശബ്ദം മാഷ് കേട്ടതേ ഇല്ല, അത് കേട്ടിട്ടാണ് ഞാൻ ഉണർന്നത്. തറവാട്ടിൽ അമ്മയ്ക്കെന്തെങ്കിലും പറ്റിയോ ആവോ?‘‘.

 

പതിയെ ഫോണിനടുത്തേക്ക് നീങ്ങുകയായിരുന്ന മാഷ് ഒന്ന് നടുങ്ങി, മുരിങ്ങമരം ഒടിഞ്ഞത് താനും കണ്ടതാണല്ലോ. അപ്പോൾ കണ്ടത് സ്വപ്നം അല്ല, സഞ്ജു വന്നിരുന്നു, അല്ല ഇവിടെ ഉണ്ട്, പലവക ചിന്തകൾ അദ്ദേഹത്തിന്റെ കാലുകളെ കുഴച്ച് കൊണ്ടിരുന്നു, ഫോണിനടുത്തേക്ക് ഇഴഞ്ഞു നീങ്ങാൻ പോലും കെൽപ്പില്ലാതെ തളർന്നു വീണു പോകുമോ എന്ന് ഭയപ്പെട്ടു മാഷ്.

 

സർവ്വദൈവങ്ങളേയും പേരെടുത്ത് വിളിച്ച് മാഷ് വൃഥാ പ്രാർത്ഥിച്ചു മനസ്സിൽ തോന്നിയ അശുഭവാർത്ത കേൾക്കരുതേ എന്ന്. പക്ഷേ മാഷിന്റെ മനസ്സിനെ പ്രയാസപ്പെടുത്തിക്കൊണ്ടിരുന്ന എന്നാൽ ആരും കേൾക്കാൻ ഇഷ്ടപ്പെടാതിരുന്ന വാർത്തയാണ് അങ്ങേത്തലയ്ക്കൽ നിന്നും അറിയിക്കാൻ ഉണ്ടായിരുന്നത്.

 

‘‘കശ്മീരിലെ ഒരു ഉൾനാടൻ ജില്ലയിൽ നടന്ന ട്ടെററിസ്റ്റ്  അറ്റാക്കിൽ തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രൻ നായരുടെയും വത്സല രവീന്ദ്രന്റെയും ഏക മകൻ ക്യാപ്റ്റൻ സഞ്ജയ് രവീന്ദ്രൻ വീരചരമമടഞ്ഞു.  ഇന്നലെ വെളുപ്പിന് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയ്ക്കാണ് ആക്രമണം നടന്നത്.  ആക്രമണത്തിനിടയിൽ രണ്ട് ഭീകരരെ വധിക്കുകയും കൂടി ചെയ്തിട്ടാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്, ഓപ്പറേഷന് കൂടെ ഉണ്ടായിരുന്ന ഒരു സൈനികന്റെ പോലും ജീവൻ നഷ്ടപ്പെടുത്താൻ അദ്ദേഹം അനുവദിച്ചില്ല. പാരച്യുട്ട് റെജിമെന്റ് സ്പെഷ്യൽ ഫോഴ്‌സ്‌സിലെ സെക്കന്റ് ബറ്റാലിയനിൽ ‘‘ദി പ്രെഡേറ്റൊർസ്’’ എന്ന റെഡ് ഡെവിൾ യൂണിറ്റിലെ ഓഫീസർ ആയിരുന്നു ക്യാപ്റ്റൻ സഞ്ജയ്. ഇന്നലെ അവധിക്ക് നാട്ടിൽ വരാൻ ഇരിക്കവേ ആണ് അദ്ദേഹം വീരമൃത്യു വരിച്ചത്.’’ പിറ്റേന്നത്തെ പത്രങ്ങളിലെ എല്ലാം പ്രധാന വാർത്ത ഇതായിരുന്നു.

 

മാഷും ടീച്ചറും എന്ത് കേൾക്കരുതെന്നാണോ ഇത്രയും കാലം പ്രാർത്ഥിച്ചത്, എന്ത് അനുഭവിക്കരുതെന്നാണോ ഇക്കണ്ട കാലം മുഴുവനും ആഗ്രഹിച്ചത്, അത് തന്നെ സംഭവിച്ചു. അവരുടെ കരച്ചിലും സങ്കടവും സഹിക്കാൻ വയ്യാതെ പ്രകൃതി പോലും തേങ്ങി, കാലം തെറ്റി പെയ്ത കൊട്ടിച്ചൊരിയുന്ന മഴയായിരുന്നു അതിനു സാക്ഷി.

 

രണ്ടു ദിവസത്തിന് ശേഷം കൊണ്ടു വന്ന സഞ്ജയുടെ മൃതശരീരം എല്ലാ ബഹുമതികളോടും കൂടി സംസ്കരിക്കാൻ കൂട്ട് നിന്ന സൈനികർക്കും കൂടെ വന്ന റാങ്കുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥനും തളർച്ചയിലും വീഴാതെ പിടിച്ചു നിന്ന മാഷിനോടും ടീച്ചറോടും തങ്ങളുടെ റെജിമെന്റിലെ ഏറ്റവും ധീരനും, വീരനും, എഫിഷ്യന്റും ആയ ഓഫീസർ ക്യാപ്റ്റൻ സഞ്ജയുടെ വീരകൃത്യങ്ങളെക്കുറിച്ച് മാത്രമേ പറയുവാനുണ്ടായിരുന്നുള്ളു. മരിക്കുന്നെങ്കിൽ തീവ്രവാദികളുമായുള്ള യുദ്ധത്തിൽ വീരനായി, ധീരനായി മരിക്കണം എന്ന എക്കാലത്തെയും അവന്റെ ആഗ്രഹത്തെക്കുറിച്ചും അവർ പറയാൻ മറന്നില്ല.

 

‘‘ഒരിക്കൽ കൂടി അച്ഛനെയും അമ്മയെയും വന്നു കണ്ടിട്ട് പോയ്ക്കൂടായിരുന്നോ മക്കളെ സഞ്ജു’’, എന്ന് ടീച്ചർ ഇടയ്ക്ക് പതം പറഞ്ഞു എങ്കിലും മാഷ് പറഞ്ഞില്ല അവൻ തന്നെ കാണാൻ വന്നിരുന്നു എന്ന്, താനും അവനെ കണ്ടു എന്ന്, ഒരുപാട് സംസാരിച്ചു എന്ന്, തന്നെ ചേർത്തുപിടിച്ച് അവൻ ഏറെ നേരം ഇരുന്നു എന്ന്, അവൻ തന്റെ മടിയിൽ തല വച്ചു കിടന്നു എന്ന്, താൻ അവന്റെ മുടിയിഴകളിലാകെ തലോടി തലോടി അവന്റെ വർത്തമാനം കേട്ട് ഇരുന്നു എന്ന്, ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രിയും നിമിഷങ്ങളും തനിക്ക് ദാനമായോ സമ്മാനമായോ തന്നിട്ടാണ് അവൻ പോയത് എന്ന്.

 

ആ രാത്രി അവൻ പറഞ്ഞത് മാഷ് ഓർത്തു, ‘‘അച്ഛാ, ഞാൻ മരിക്കുമ്പോൾ ഞാനുറങ്ങുന്ന സ്ഥലത്ത് അച്ഛൻ ഒരു മാവ് നടണം. പിന്നെ ഞാൻ മരിച്ചു കഴിഞ്ഞാൽ മറ്റ് ലോകത്ത് അച്ഛനെയും അമ്മയെയും സ്വീകരിക്കാൻ ഞാൻ നില്പുണ്ടാവും. സ്വർഗ്ഗമാണോ, നരകമാണോ എനിക്ക് വിധിച്ചിട്ടുണ്ടാവുക എന്നറിയില്ല, ചെന്നാലല്ലേ അറിയൂ. സ്വർഗ്ഗമാണെങ്കിൽ സ്വർഗ്ഗവാതിലിലും, നരകമാണെങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള നിങ്ങളുടെ യാത്രാമധ്യേയും ഞാൻ കാത്തു നിൽപ്പുണ്ടാവും.’’

 

അപ്പോൾ താൻ അവന്റെ തുടയിൽ ഒരു അടി കൊടുത്തിട്ട് പറഞ്ഞു, ‘‘പിന്നേ ഞങ്ങൾ പോകുന്നതിനു മുൻപേ നീ പോകാനോ?, ഞങ്ങൾ ആദ്യം പോയി നിനക്ക് വേണ്ടി കാത്തിരിക്കാം, ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിച്ചിട്ട് വന്നാ മതി പൊന്നുമോൻ, കേട്ടോ, അവന്റെ ഒരു കാര്യം പറച്ചില്.’’

 

നീ പറഞ്ഞത് ശരിയായി, നീ ആദ്യം പോയി, പക്ഷേ നിനക്കു സ്വർഗ്ഗമാണോ നരകമാണോ വിധിച്ചിട്ടുണ്ടാവുക എന്ന് നീ പറഞ്ഞതിൽ അച്ഛന് തെല്ലും സംശയമില്ല.  തികഞ്ഞ ദൈവവിശ്വാസിയും, കുടുംബസ്നേഹിയും, രാജ്യസ്നേഹിയുമായ നിനക്ക് സ്വർഗ്ഗം തന്നെ, അതിലാർക്കാണ് സംശയം?, അല്ലെങ്കിലും നീ എന്നും വ്യത്യസ്തനായിരുന്നു, നിന്റെ കൂട്ടുകാർ കഥാപുസ്തകങ്ങൾ വായിച്ചപ്പോൾ നീ വായിച്ചത് ഭഗവത് ഗീത ആയിരുന്നു, അവർ സിനിമയെ കുറിച്ച് സംസാരിച്ചപ്പോൾ നീ പറഞ്ഞു നടന്നത് ഗീത എന്ത് നിന്നെ പഠിപ്പിച്ചു എന്നാണ്, അവർ വീടിന്റെ സുരക്ഷിതത്വം തേടിയപ്പോൾ നീ കശ്മീരിലെ തീവ്രവാദികളുമായി ഏറ്റുമുട്ടുകയായിരുന്നു, അതെ നീ എന്നും വ്യത്യസ്തനായിരുന്നു, മാഷ് അവനോടായി മനസ്സിൽ പറഞ്ഞു.

 

പണ്ടൊരിക്കൽ ഒരു സന്യാസി വീട്ടിൽ അന്നം ചോദിച്ചു വന്നപ്പോൾ ചെറിയ കുട്ടിയായിരുന്ന സഞ്ജയ് ആണ് അദ്ദേഹത്തിന് ഭക്ഷണം കൊടുത്തത്. അന്ന് അത് സന്തോഷത്തോടെ ഭക്ഷിച്ചു പോകുമ്പോൾ അദ്ദേഹം ആ കുഞ്ഞു തലയിൽ കൈ വച്ച് അനുഗ്രഹിച്ചു പറഞ്ഞു, ‘‘മാർക്കണ്ഡേയന്റെ ജന്മമാണ് നീ, അതിബുദ്ധിമാൻ, പ്രശസ്തനാകും. ‘‘ അച്ഛനന്ന് ഒരുപാട് സന്തോഷിച്ചു എങ്കിലും മാർക്കണ്ഡേയന്റെ അൽപായുസ്സിനെക്കുറിച്ച് ചിന്തിച്ചില്ല, എങ്കിൽ പരമശിവനെ തപസ്സു ചെയ്തിട്ടായിരുന്നു എങ്കിലും, അച്ഛൻ നിന്റെ ആയുസു തിരിച്ചു പിടിച്ചേനെ, അച്ഛനറിഞ്ഞില്ല മക്കളേ’’. സഞ്ജുവിന്റെ യൂണിഫോം ഇട്ട ചിത്രത്തിന് മുന്നിൽ നിന്നും മാഷ് തേങ്ങി.

 

ഇന്ത്യൻ മിലിറ്ററി അക്കാഡമിയിലെ പാസ്സിങ് ഔട്ട്‌ പരേഡിന് മാഷും ടീച്ചറും പോയപ്പോൾ അവിടുത്തെ ബലിദാൻ മന്ദിറിൽ അവൻ അവരെ കൊണ്ട് പോയി. ബലിദാൻ മന്ദിറിൽ രാജ്യത്തിനു വേണ്ടി പോരാടി വീരചരമമടഞ്ഞ സൈനികരുടെ പേരുകൾ കൊത്തി വച്ചിട്ടുണ്ട്. അവൻ അന്ന് ടീച്ചറോടു പറഞ്ഞു, ‘‘അമ്മ ഇതിൽ എഴുതിയിരിക്കുന്നത് വായിച്ചു നോക്കൂ, ‘‘ഈ മരണപ്പെട്ട സൈനികരുടെ അമ്മമാർ തന്റെ ധൈര്യശാലിയായ മകനെ ഓർത്ത് സങ്കടപ്പെടാതെ അഭിമാനിക്കണം എന്ന്.  ഇത് പോലെ എന്റെ പേരും ഇവിടെ കൊത്തി വരുമ്പോൾ അമ്മയും എന്നെ ഓർത്ത് അഭിമാനിക്കണം, പ്രയാസപ്പെടരുത്.’’

 

പിറ്റേ വർഷം റിപ്പബ്ലിക്ക് ദിന ചടങ്ങിൽ ക്യാപ്റ്റൻ സഞ്ജയുടെ അസാമാന്യ ധൈര്യത്തിനും, പോരാട്ട വീര്യത്തിനും, പരമമായ ജീവത്യാഗത്തിനും കിട്ടിയ രാജ്യത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ അശോക് ചക്ര ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിൽ നിന്നും രവീന്ദ്രൻ മാഷ് ഏറ്റു വാങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ കർണ്ണപുടങ്ങളിൽ സഞ്ജു എപ്പോഴും പറയുമായിരുന്ന വാചകങ്ങൾ അലയടിച്ചത്, ‘‘അച്ഛാ, ബഹുമാനപ്പെട്ട ഇന്ത്യൻ പ്രസിഡന്റിന്റെ കൈയിൽ നിന്നും എന്റെ പേരിലുള്ള ഇന്ത്യാസ് ഹൈയ്യെസ്റ്റ് പീസ്‌ടൈം ഗാലന്ററി അവാർഡുകളിൽ ഒന്ന് അച്ഛനെ കൊണ്ട് ഞാൻ വാങ്ങിപ്പിക്കും, അച്ഛൻ കണ്ടോളൂ.’’

 

അന്ന് അവനത് പറയുമ്പോൾ ചിന്തിച്ചിരുന്നില്ല, മരണാനന്തര ബഹുമതിയായി അത് ലഭിക്കുമ്പോഴാണ് തനിക്കത് സ്വീകരിക്കേണ്ടി വരിക എന്ന്.

 

ബഹുമാനപെട്ട പ്രസിഡന്റിനെ അഭിവാദ്യം ചെയ്ത് അശോകചക്ര ഇരുകൈയും നീട്ടി സ്വീകരിച്ചതിന് ശേഷം അദ്ദേഹം നിവർന്നു നിന്ന് ഒരു വലിയ സല്യൂട്ട് സഞ്ജയുടെ ചിത്രത്തിന് നൽകി, മനസ്സ് അവനോട് മാത്രമായി മന്ത്രിച്ചു, ‘‘നീ ആഗ്രഹിച്ച പോലെ ബലിദാൻ മന്ദിറിൽ നിന്റെ പേരും വന്നു, ഇന്ത്യൻ പ്രസിഡന്റിന്റെ കൈയിൽ നിന്നും നിന്റെ പേരിലുള്ള ഹൈയ്യെസ്റ്റ് പീസ് ടൈം അവാർഡായ അശോക് ചക്രയും അച്ഛൻ മേടിച്ചു, ഞങ്ങൾക്കിത് അഭിമാന നിമിഷം തന്നെയാണ് സഞ്ജു, പക്ഷെ നീ ഇനി ഇല്ല എന്നുള്ളത് ഈ ജന്മത്തിലെ ഏകദുഃഖമായി മാറി മോനെ. അച്ഛന്റെ സല്യൂട്ട് ശരിയായോടാ മക്കളേ?, നീ പഠിപ്പിച്ച പോലെ തന്നെ അല്ലെ?’’. ഒളിപ്പിച്ചു വച്ച കണ്ണുനീർ മാഷിന്റെ കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകി, കാണികളിൽ മുൻപന്തിയിൽ ഇരുന്ന വത്സലടീച്ചറുടെയും.

 

അവന്റെ ആഗ്രഹം പോലെ അവനെ ദഹിപ്പിച്ച സ്ഥലത്തു മാഷ് ഒരു മാവിൻ തൈ നട്ടു. ദിവസത്തിലെ മിക്ക സമയവും ആ തൈയ്ക്ക് കൈ ഉറച്ചോ കാലുറച്ചോ എന്ന് നോക്കി അതിനെ ചുറ്റിപറ്റിയായി പിന്നീട് അവരുടെ ലോകം.

 

ചില ദിവസങ്ങളിൽ രാത്രിയാകുമ്പോൾ മാഷ് ആ തൊടിയിലെ ബെഞ്ചിൽ ചെന്നിരിക്കും സഞ്ജു അദ്ദേഹത്തെ കാണുവാനായി വന്നാലോ എന്ന പ്രതീക്ഷയിൽ. അവൻ അവിടെ എവിടെയോ ഉണ്ട് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു, കാരണം നാടിനു വേണ്ടി ജീവത്യാഗം ചെയ്തവർക്ക് മരണമില്ല, അവർ അമരത്വം വരിച്ചവർ.

 

Content Summary: Amarathvam, Malayalam short story

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com