‘ആ പ്രണയലേഖനങ്ങൾ അവനു വേണ്ടി ഞാൻ എഴുതിയതായിരുന്നു, ആ കടലാസുകളില്‍ എന്റെ ഹൃദയം കൂടി ഉണ്ട്’

man-sitting-sunset
Representative Image. Photo Credit: osmanpek33 / Shutterstock.com
SHARE

ഇന്നലെ നീ എന്റെ വാക്കുകൾ വായിച്ചു. അല്ല, ഇന്നലെയാണ് എന്റെ വാക്കുകൾ നീ വായിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്. മുഖപുസ്തക കടലിൽ നിന്റെ പേര് ഞാൻ എത്രയോ തവണ തിരഞ്ഞതാണ്. പേരുകൾ കണ്ടെങ്കിലും മുഖം നിന്റേതായിരുന്നില്ല. പക്ഷേ ഞാൻ തിരഞ്ഞത് നിന്റെ പഴയ പേരാണ്. ഭർത്താവിന്റെ പേര് കൂട്ടി ചേർത്ത പുതിയ പേരല്ല .

ഇവിടെ ഇരുന്നാണ് ഞാൻ നിന്നെ തിരഞ്ഞത്. എന്റെയും നിന്റെയും ഈ ഗ്രാമത്തിലിരുന്ന്... ഞാൻ എന്തൊക്കെയോ എഴുതുന്നുണ്ടെന്ന് നിന്നെ അറിയിക്കാനാണ് നിന്നെ ഞാൻ തിരഞ്ഞത്. അത് സാധിച്ചില്ല. ഇന്നലെ കാറ്റ് പോയ ബലൂൺ പോലെ ഉള്ളൊഴിഞ്ഞ് ഇരിക്കുമ്പോൾ ഫോണിന്റെ വെളിച്ചത്തിൽ, മുഖപുസ്തക കടലിൽ നിന്റെ മുഖം... എന്റെ സ്വപ്നങ്ങളിൽ ഒരു കാലം നിറഞ്ഞു നിന്ന അതേ മുഖം ...

എന്നെ കുറിച്ച് നീ എഴുതിയിരിക്കുന്നു. ഞാനൊരു എഴുത്തുകാരനാണെന്ന് നീ കരുതുന്നു. അംഗീകരിക്കുന്നു. അപ്പോൾ... അത് വായിച്ചപ്പോൾ തോന്നിയ വികാരങ്ങളെ പകർത്താനുള്ള ഭാഷപോലും ഇല്ലാത്തവനാണ് ഞാനെന്ന് നീ അറിയുന്നുണ്ടോ ...?

ഓർക്കുന്നു ...

നിന്റെ വീട്ടുമുറ്റത്ത് വിരിഞ്ഞു നിന്ന പേരറിയാപ്പൂക്കളെ ... നീ വെട്ടി ഒതുക്കിയ പച്ചപ്പുൽത്തകിടികളെ... അതിന്മേൽ പെയ്തു തോർന്ന മഴകളെ ... നിന്റെ വീട്ടുമുറ്റത്ത് വീണ വെയിലിനെ... നിന്റെ പുൽക്കൊടി തുമ്പുകളിൽ സൂര്യനെ കാത്തു നിന്ന മഞ്ഞുതുള്ളികളെ...

ഓർക്കുന്നു ...

എന്റെ ഇരുപതുകളെ, നിന്റെ വസന്തങ്ങളെ, കണ്ണുകളിൽ നീ വിരിയിരിച്ച വന ജോത്സ്യനകളെ, ചെറിയ നെറ്റിയിൽ കുമ്പളക്കുരു പോലെ തെളിഞ്ഞു നിന്ന ചുവന്ന പൊട്ടുകളെ... നിന്നെ കാണാനായി മാത്രം ആ പാതയിലൂടെ നടന്ന ഒരുപാട് യൗവ്വനങ്ങളെ...

ഓർക്കുന്നു ...

രാത്രി സിനിമകൾ കഴിഞ്ഞ് മഴ നനഞ്ഞ് വരുമ്പോൾ മിന്നൽ വെളിച്ചത്തിൽ തെളിഞ്ഞ നിന്റെ ജാലകങ്ങളെ ... ആ ജാലക വിരികൾകൾപ്പുറത്ത് ഉറങ്ങാതിരുന്ന് നീ വായിക്കുമായിരുന്നു...  നിന്റെ കാറ്റാടി മരങ്ങൾ ചില്ലകൾ താഴ്ത്തി എന്റെ കാഴ്ചകളെ മറയ്ക്കുമായിരുന്നു. 

പകലുകളിൽ സന്ധ്യകളിൽ നീ കയ്യിലൊരു പുസ്തകവുമായി ആ വരാന്തയിലൂടെ നടന്നു. നിന്റെ ഒരു നോട്ടത്തിനും പുഞ്ചിരിക്കുമായി നമ്മുടെ ഗ്രാമത്തിലെ യൗവ്വനങ്ങൾ മുഴുവൻ നിന്റെ വീടിനു മുമ്പിലെ ആ പാതയിലൂടെ നടന്നു. നീ ആരെയും നോക്കിയില്ല, ആരോടും പുഞ്ചിരിച്ചില്ല. നീ വായിക്കാനായി ഞാൻ നിന്റെ വീട്ടുമുറ്റത്തേക്ക് കവിതകളെഴുതി ചുരുട്ടിക്കൂട്ടി ഇട്ടു. ആ ചുരുളുകൾ നിവർത്തി എന്റെ വാക്കുകൾ നിനക്ക് വായിക്കേണ്ടി വന്നില്ല. എന്നും പുലർച്ചെ നിന്റെ അമ്മ അതൊക്കെ അടിച്ചു വാരി കത്തിച്ചു. ആ പുകച്ചുരുളുകൾ പറഞ്ഞ പ്രണയമൊഴികൾ ഒന്നും നീ കേട്ടതേയില്ല...

എന്റെ കവിതകൾക്കും ഭ്രാന്തിനും സ്വപ്നങ്ങൾക്കും മേൽ, നിന്നെ പ്രണയിച്ച എന്റെ കൂട്ടുകാരൻ, നെറ്റിയിൽ ചന്ദനക്കുറി തൊട്ട വെള്ളാരംകണ്ണൻ ഇളംനീല കടലാസ് വിരിച്ചു വെച്ചു. എന്നിട്ടതിൽ നിനക്കുള്ള പ്രണയ വാചകങ്ങൾ എഴുതാൻ എന്നോട് പറഞ്ഞു.

ബഷീറിനെയും വിജയനേയും കൂട്ടിക്കുഴച്ച് ഞാൻ എഴുതിയ ആ പ്രണയ വാചകങ്ങൾ നിന്റെ പുസ്തകത്താളുകളിൽ വിശ്രമിക്കുന്നത് ഞാൻ പിന്നീട് കണ്ടു. നിന്റെ കണ്ണുകളിൽ അവനു വേണ്ടി നക്ഷത്രങ്ങൾ പൂക്കുന്നതും, മനോഹരമായ നിന്റെ ചുണ്ടുകൾ അവനോട് ചിരിക്കുന്നതും ഞാൻ കണ്ടു. എന്നെയും കൂട്ടിയാണ് അവൻ നിന്റെ വീടിനു മുമ്പിലൂടെ നടന്നത്. ആ നടത്തങ്ങളിലെല്ലാം എന്റെ തല താഴ്ന്നു തന്നെ ഇരുന്നു.

നീ അവന് വേണ്ടി എഴുതിയ മറു മൊഴികളിൽ പ്രശംസിച്ചത് എന്റെ വാക്കുകളെയായിരുന്നുവെന്ന് ഒരിക്കലും നീ അറിഞ്ഞില്ല. പലപ്പോഴും അത് പറയാനായി നിന്റെ മുമ്പിലെത്തിയ എനിക്ക് അവന്റെ സൗഹൃദം തടയിട്ടു.  

എനിക്കോർമയുണ്ട്... ബഷീറിന്റെയോ വിജയന്റെയോ വാക്കുകളല്ലാതെ ഞാൻ എഴുതിയിട്ട വാക്കുകളെയാണ് നീ ഇഷ്ടപ്പെട്ടത്. അപ്പോൾ എന്റെ ഉള്ളിൽ വിരിഞ്ഞ പൂവുകൾക്ക് നിന്റെ നിറമായിരുന്നു. നിന്റെ ഗന്ധമായിരുന്നു. നിന്റെ പാഠപുസ്തകങ്ങളിൽ ഒളിച്ചിരുന്ന എന്റെ വാക്കുകൾക്ക് നീയെഴുതിയ മറുപടികളെല്ലാം അവനെനിക്ക് കാണിച്ചു തന്നിട്ടുണ്ട്.

ഇപ്പോൾ ഞാനും നീയും കാണാത്തൊരു ദേശത്ത് ഭാര്യയും കുട്ടികളുമൊത്ത് അവൻ ജീവിക്കുന്നു. ഇടയ്ക്ക് വിളിക്കുമ്പോൾ ഞാനവനോട് നിന്റെ കാര്യം ചോദിക്കാറുണ്ട്. അതിനു മറുപടിയായി അവൻ പറയാറുള്ളത് ‘‘അതൊക്കെ ഒരു പ്രായത്തിന്റെയല്ലേടാ ...’’ എന്നാണ്.

അതെ ! ആ പ്രായത്തിൽ നിന്ന് നമ്മൾ മൂന്നുപേരും വളർന്നിരിക്കുന്നു. നീ വിവാഹിതയായി ഈ ഗ്രാമം വെടിഞ്ഞു പോയത് എന്നെ അറിയിച്ചതു പോലും അവനാണ്. അരിയുടെയും പലചരക്കിന്റേയും, പച്ചക്കറികളുടെയും, ദിവസക്കണക്ക്  കൂട്ടിയൊപ്പിക്കാനായി ഈ പാതയിലെ നിന്റെ വീട്ടുമുറ്റത്ത് കൂടെ കയ്യിൽ പെയിന്റ് പാട്ടയും ബ്രഷും പിടിച്ച് ഓടുമ്പോൾ എന്റെയുള്ളിൽ നീ ഉണ്ടായിരുന്നില്ല. പനിച്ചു പൊള്ളുന്ന എന്റെ മകളുടെ ദേഹവും ചുമന്ന് ബസ്സ് കൂലി പോലും കയ്യിലില്ലാതെ, ധർമ്മാശുപത്രിയിലേക്ക് നാല് കിലോമീറ്റർ നടക്കുന്നവന്റെയുള്ളിൽ ഭൂതകാലം ഉണ്ടാവില്ല. പൂക്കളും കവിതയും പ്രണയവും സംഗീതവും ഉണ്ടാവില്ല. അവനൊരിക്കൽ എനിക്ക് എഴുതി.

‘നീ  ഇപ്പോഴും ആ കത്തുകൾ സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന് ...’

അക്കാലത്ത് നീ നിന്റെ കുഞ്ഞിനോടൊപ്പം ഈ ഗ്രാമത്തിലുണ്ടായിരുന്നു. അവശ്യസാധനങ്ങളുടെ നീണ്ട ലിസ്റ്റും പോക്കറ്റിലെ പണവും എത്ര ഒത്തു നോക്കിയിട്ടും പൊരുത്തപ്പെടാതെ കവലയിൽ ഞാൻ അന്തിച്ച് നിൽക്കുമ്പോൾ മകന്റെ കൈയ്യും പിടിച്ച് നീ എന്റെ അരികിലേക്ക് വന്നു. എനിക്കോർമയുണ്ട്... കറുപ്പിൽ ചുവന്ന കരയുള്ള സാരിയായിരുന്നു നിന്റെ വേഷം. പഴയ വേഷത്തേക്കാൾ നിനക്ക് ചേരുന്നത് ഈ വേഷമാണെന്ന് ഞാൻ ഓർക്കുകയും ചെയ്തു. 

നീ എന്നോട് എന്തോ ചോദിച്ചു. ഞാനതിന് ഉത്തരം പറഞ്ഞോന്ന് ഇപ്പോൾ ഓർത്തെടുക്കാനാവുന്നില്ല. പഞ്ചസാര വെട്ടിക്കുറച്ചാൽ എന്റെ കുട്ടികൾക്ക് മധുരമില്ലാത്ത ചായ കുടിക്കേണ്ടി വരുമല്ലോ എന്നാവും ഞാൻ അപ്പോൾ ഓർത്തിട്ടുണ്ടാവുക. പെരുമഴകൾ നനഞ്ഞ് നിന്നെ ഒരു നോക്ക് കാണാൻ ഞാൻ നടന്ന പാതകളൊന്നും എന്റെ ഉള്ളിൽ അപ്പോൾ ഉണ്ടായിരുന്നില്ല .

കുറച്ച് കാലം നീ നമ്മുടെ പട്ടണത്തിൽ ജോലിയെടുത്തു. ആ കാലത്താണ് ഞാൻ നിന്റെ ഭർത്താവിനെ കണ്ടത്. എന്നെക്കൊണ്ട് പ്രണയ മൊഴികൾ എഴുതിച്ച വെളളാരം കണ്ണനേക്കാൾ എന്തുകൊണ്ടും നിനക്ക് ചേർച്ച ഇയാളാണല്ലോ എന്ന് ഞാൻ ഓർക്കുകയും ചെയ്തു. നമ്മൾ തമ്മിൽ കണ്ടിരിക്കണം... എന്നും താഴ്ത്തി പിടിക്കാൻ വിധിക്കപ്പെട്ട എന്റെ ശിരസിനു മേൽ അപ്പോൾ ജീവിതമെന്ന വലിയ ഭാരം കൂടി ഉണ്ടായിരുന്നു. നിന്റെ കാലിൽ തിളങ്ങി നിന്ന സ്വർണ്ണക്കൊലുസ് പണയം വെച്ചാൽ കിട്ടുന്ന പണത്തിന്റെ കണക്കുകളേ ഞാനപ്പോൾ കൂട്ടിയിട്ടിട്ടുണ്ടാവുകയുള്ളൂ...

നിന്റെ നെറ്റിയിൽ കുമ്പളക്കുരുവിന്റെ ചുവന്ന പൊട്ടുകൾ ഉണ്ടായിരുന്നില്ല. സീമന്ത രേഖയിൽ സിന്ദൂരം ഉണ്ടായിരുന്നു. വിയർപ്പിൽ അലിഞ്ഞ സിന്ദൂര ചാലുകളെക്കാൾ ഞാൻ നോക്കിയിട്ടുണ്ടാവുക നിന്റെ കാതിലെ സ്വർണ്ണക്കമ്മലുകളെയാവും.

ജീവിതം ഇങ്ങനെയാണ്... കാഴ്ചകൾ ഇങ്ങനെയാണ്. എല്ലാത്തിലുമപരി ഞാൻ ഇങ്ങനെയൊക്കെയാണ്.....

നീ സൂക്ഷിച്ചു വെച്ച ആ പ്രണയമൊഴികളിൽ എന്റെ ഹൃദയം കൂടി ഉണ്ടെന്ന് ഈ കുറിപ്പ് വായിക്കാനിടയായാൽ നീ അറിയും... അറിഞ്ഞാൽ എന്നെ കുറിച്ചുള്ള നിന്റെ ധാരണകൾ തകിടം മറിയും. എന്റെ തലമുടിയിലും നിന്റെ തലമുടിയിലും ആയുസൊടുങ്ങുന്നതിന്റെ ആദ്യ സൂചനയായ നര വീണു കഴിഞ്ഞു. ദാഹിക്കുമ്പോൾ ലഭിക്കാതെ പോകുന്ന ജലത്തിന്റെ നോവ് വാക്കുകളിലേക്ക് പകർത്താനാവില്ല  

എങ്കിലും കൊടുങ്കാറ്റ് പോലെ കടന്നു പോയ ആ കാലം എന്റെയുള്ളിലുണ്ട്. ഒരു പഞ്ചസാര കണക്കിനും ഹോസ്പിറ്റൽ ബില്ലിനും മായ്ച്ചുകളയാൻ ആവാത്തവിധം, ആ വരാന്ത എന്റെയുള്ളിലുണ്ട്. കുമ്പളക്കുരുവിന്റെ ചുവന്ന പൊട്ടുകളും അഴിച്ചിട്ട മുടിയും പുസ്തകം പിടിച്ച മെലിഞ്ഞ വിരലുകളും ആ വിരൽ നഖങ്ങളിലെ വയലറ്റ് വർണ്ണവും ഉള്ളിലുണ്ട്. 

ചിലപ്പോഴൊക്കെ ഞാനാ കാലത്തിന്റെ പെരുമഴയത്ത് ചെന്ന് നിൽക്കാറുണ്ട്. കാഴ്ചകളെ മറയ്ക്കുന്ന ആ കാറ്റാടിമരങ്ങൾ ഇപ്പോഴും അവിടെയുണ്ട്. 

നിനക്ക് വായിക്കാനായി അവനു വേണ്ടി ഞാനെഴുതിയ വാക്കുകളുടെ ബാക്കി എന്റെയുള്ളിലെ ചെറിയ നോട്ടുബുക്കിൽ ഇപ്പോഴുമുണ്ട് .ആരും വായിക്കാത്ത ആ വാക്കുകൾ ചിതലെടുക്കാതെ മഴ നനയാതെ ഞാൻ ഇക്കണ്ട കാലമത്രയും സൂക്ഷിച്ചതാണ് .

‘എന്തിന് ...?’ എന്ന് ചോദിക്കരുത്. ചില ചോദ്യങ്ങൾക്ക് ഉത്തരം ഇല്ലല്ലോ... ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുടെ  ആകത്തുകയാണല്ലോ ജീവിതമെന്ന വലിയ ഈ കണ്ണീർത്തുള്ളി...

Content Summary: Memoir written by Abbas TP

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA