ADVERTISEMENT

കാട്ടുതേൻ (കഥ)

ചാഞ്ഞുകിടക്കുന്ന മരക്കൊമ്പിൽ കെട്ടി ഊഞ്ഞാൽപോലെ തൂക്കിയിട്ട കാട്ടുവള്ളിയിൽ തൂങ്ങിപ്പിടിച്ച്, കാട്ടിലകൾകൊണ്ടു മറച്ച മറയ്ക്കുള്ളിൽ, രണ്ടു കരിങ്കല്ലുകളിൽ ചവിട്ടി തൂറാൻ ഇരിക്കുംപോലെ പ്രസവിക്കാനിരുന്നപ്പോൾ ചീരപ്പെണ്ണിന്റെ കണ്ണിൽനിന്നു ചോര ഇറ്റിറ്റ് വീണതോടൊപ്പം തൊണ്ടകീറിയൊരു വിളി “ന്റെദൈവങ്ങളേ”യെന്ന് ഉള്ളിൽനിന്നു പൊങ്ങി മാനംമുട്ടുന്ന രാക്ഷസമരത്തിന്റെ തുഞ്ചത്തിരിക്കുന്ന കിളിയെ തട്ടിത്തെറിപ്പിച്ച്, ഒത്തൊരുമയോടെ കെട്ടിപ്പിടിച്ചുറങ്ങുന്ന കടന്നലുകളെ വിറപ്പിച്ച് അന്തോംകുന്തോമില്ലാതെ പറപ്പിച്ച്, അങ്ങുദൂരെ ഒട്ടകപ്പാറമുതുകത്ത് കുഞ്ഞിന്റെ മേലിലെ പേൻപെറുക്കിക്കൊറിച്ച കുരങ്ങനെ തള്ളിത്താഴെയിട്ട്, തേന്മലമുകളിലെ മലദൈവങ്ങളെ ധ്യാനത്തിൽ നിന്നുണർത്തി, കാട്ടാറുകടന്ന്, ഈറ്റക്കാട്ടിലെ തണുത്ത മണ്ണിൽ പാമ്പും പഴുതാരയും നോക്കാതെ ഈറ്റ മുറിച്ചുകൊണ്ടു നിന്ന കോരന്റെ ചെവിയെ തുളച്ചു കടന്നുപോയപ്പോൾ ഇടിമിന്നലേറ്റ പോലെ കോരൻ കയ്യിലെ ആയുധം ലക്ഷ്യമില്ലാതെ വലിച്ചെറിഞ്ഞ് ശരം കണക്കെ കാടും മേടും താണ്ടി കുടിലിലേക്കു പാഞ്ഞു.

 

ചീരപ്പെണ്ണേയെന്നു വിളിച്ചുകൊണ്ട് കൊടുങ്കാറ്റുപോലെ പാഞ്ഞുവന്ന കോരന്റെ നിലവിളിപോലത്തെ വിളികേട്ട്, ഉച്ചക്ഷീണത്തിൽ, കരിയിലകൾക്കിടയിൽ പുതഞ്ഞുകൂടി കിടന്നുറങ്ങിയ നായ്ക്കളുണർന്നു. പേടിച്ചരണ്ട അവയുടെ കുര കേൾക്കാതെ, കൂരയ്ക്കുള്ളിൽനിന്ന് ഇഴഞ്ഞുപോയ കൂറ്റൻ വിഷപ്പാമ്പിനെ വകവയ്ക്കാതെ, കുടിലിലേക്കു പാഞ്ഞുകയറിയ കോരൻ ചെളികൊണ്ടു തീർത്ത അരത്തിണ്ണയിൽ തെളിനീർ നിറച്ചുവച്ചിരുന്ന മൺകുടം ഉടഞ്ഞുകിടന്നതും പുൽമേഞ്ഞ മേൽക്കൂരയിലെ താങ്ങായ കാട്ടുകൊമ്പിൽ കെട്ടിയ ചെറിയൊരു ചുണ്ണാമ്പുവള്ളി തൂങ്ങിക്കിടക്കുന്നതും ശ്രദ്ധിക്കാതെ, തൂങ്ങിക്കിടന്നിരുന്ന കൊമ്പുകാണാത്ത വവ്വാലിനെപ്പോലെ ഉള്ളുനൊന്ത്, ചീരപ്പെണ്ണേയെന്നു വിളിച്ചുകൊണ്ട് ഓടിയലഞ്ഞു.

 

ചീരപ്പെണ്ണപ്പോൾ അതൊന്നുമറിയാതെ സ്വർഗ്ഗീയമായൊരു മൗനത്തിലായിരുന്നു. തേന്മലമുകളിലെ ദൈവങ്ങൾ വിളികേട്ടോടിയെത്തി, ചീരപ്പെണ്ണിന്റെ കരഞ്ഞ വായിൽ ഒരു താരാട്ടുനിറച്ചവർ മറഞ്ഞുപോയി. നിറഞ്ഞകണ്ണ് കാട്ടരുവിക്കുളിരായി. വേദനിച്ച വയറ് സുഖാലസ്യത്തിലായി. പിറന്ന കുഞ്ഞിന്റെ കരച്ചിലും വായ്ക്കുരവയും കേട്ട് പൂത്തുമ്പികൾ തേൻ നുകർന്നു. അവർ പറക്കുന്ന പൂക്കളായി.

കോരന്റെ ചാളയ്ക്കകലെ വലിയ മരത്തണലിലെ ഇലമറയ്കരുകിലേക്ക് ഓടിക്കിതച്ചെത്തിയ കോരൻ അണച്ചുനിന്നു. ഊരിലെ പെൺകൂട്ടം മുഴുവനും ഇലമറയ്ക്കു പുറത്ത് കൂടിനിന്നു. അവരുടെ ചുണ്ടിൽ ചിരിയും നാണവുമുണ്ടായിരുന്നു. കോരനെ കണ്ടതും എല്ലാരും പൂത്തിരി കത്തിയ കണ്ണുകളോടെ കോരനെ നോക്കി, ഒന്നിച്ചുകൂടി ഒതുങ്ങിനിന്നു.  

 

“നീയിപ്പോങ്ങട് വരണ്ട.... ചാളേപ്പോയിരി... ഞ്ഞാ വിളിക്കാം” സ്നേഹത്തോടെ മെയ്യത്തള്ള പറഞ്ഞു. മെയ്യത്തള്ളയുടെ തൂങ്ങിക്കിടന്ന ശുഷ്ക്കിച്ച മാറിലെ അറ്റം മാത്രം കഷ്ടിച്ചു മറച്ചുടുത്ത മുണ്ടിൽ നിറയെ ചോരക്കറയുണ്ടായിരുന്നു. കയ്യിലെ പ്രായത്തേക്കാൾക്കൂടുതൽ ചുളുങ്ങിയ തൊലിയിൽ വഴുവഴുപ്പുള്ളതായി കോരൻ കണ്ടു. വലിയൊരു സമാധാനത്തോടെ എന്തോ ചോദിക്കാനാഞ്ഞ കോരൻ മറ്റു പെണ്ണുങ്ങളുടെ മുഖം കണ്ടപ്പോൾ അതു വേണ്ടെന്നു വച്ചു. എങ്കിലും കോരന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ മെയ്യത്തള്ള പറഞ്ഞു- “പെണ്ണാ”

കോരന്റെയുള്ളിൽ ചെറുതേൻ നിറഞ്ഞു. പറഞ്ഞറിയിക്കാനാവാത്ത ആഹ്ളാദത്തോടെ, കുഞ്ഞിനെ ഒരുനോക്കു കാണാനുള്ള അടക്കാനാകാത്ത ആഗ്രഹം ഉള്ളിലൊതുക്കി കോരൻ മെയ്യത്തള്ളയെ അനുസരിച്ച് കുടിലിലേക്കു നടന്നു. ചാളയുടെ ഓടപ്പുല്ലു കെട്ടിയ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അകത്തു കടന്ന് മണ്ണടുപ്പിലെ മൺപാത്രത്തിൽ എന്തെങ്കിലും കഴിക്കാനുണ്ടോയെന്ന് തുറന്നുനോക്കി. കലത്തിൽ കുറച്ച് പഴംകഞ്ഞിയുണ്ടായിരുന്നു. കോരനു നല്ല വിശപ്പു തോന്നി. അതൊരു പാത്രത്തിലേക്ക് പകർത്താൻ ശ്രമിക്കെ കോരൻ ചീരപ്പെണ്ണിനെക്കുറിച്ചോർത്തു. പാവം. ഒഴിഞ്ഞ വയറാണ്. നല്ല വിശപ്പുണ്ടാകും. ഇച്ചിരിയെന്തങ്കിലും കഴിക്കണമെന്നു തോന്നിയാൽ മറ്റൊന്നും ഇവിടെയിരിപ്പില്ല. വേണ്ട. മൺകലം അടച്ചുവച്ച് കോരൻ ചെളിച്ചുവരിനോടു ചേർന്നിരിക്കുന്ന കൂജയിൽനിന്നു തണുത്ത വെള്ളമെടുത്ത് മടമടാ കുടിച്ചു. മതി, ഇതുമതി. ചീരപ്പെണ്ണ് ഇപ്പോൾ സന്തോഷിച്ച് കിടക്കുകയാവും – കോരനോർത്തു.

 

കൂരയിൽനിന്നു പുറത്തേക്കിറങ്ങിയപ്പോളാണ് ആടുകൾ കോരനെക്കണ്ടത്. അതുങ്ങൾ കരയാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് കാടിനു പുറത്തുള്ള നാട്ടിൽ പോയി വരാറുള്ള വയറോണി കൊണ്ടുവന്നു തന്നതാണീ തള്ളയാടിനെ. ആട് പെറ്റുകൂട്ടുന്നതുകണ്ട് മറ്റുള്ളോർക്ക് അസൂയ തോന്നിക്കാണും. വലിയൊരു തട്ടുണ്ടാക്കി അതിൽ ആടുകളങ്ങനെ നിറഞ്ഞു നിൽക്കുന്നതു കണ്ടാൽ ആർക്കാ അസൂയ തോന്നാത്തത്. ആരു കണ്ണുവച്ചിട്ടാണാവോ ആടുകൾ ഓരോന്നോരോന്നായ് കുറഞ്ഞുവന്നു. കള്ളൻ കിണ്ണാവു കട്ടതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് മനസ്സിലായി, പാവം കിണ്ണാവൂനെ പറയണ്ടാ. എല്ലാത്തിനേം കരടി പിടിച്ചതാണ്. പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും കരടിയെ ഓടിച്ചിട്ടും രക്ഷയില്ല. അവസാനം തള്ളേം ഒരുകുഞ്ഞും മാത്രമായി. ഒടിച്ചുവച്ചിരുന്ന ഇലക്കൊമ്പ് തൂക്കിയിട്ട് ആടിന് തിന്നാൻ കൊടുത്തു. മുറ്റം വൃത്തിയാക്കിയിട്ടിരിക്കുന്നതു കണ്ടപ്പോൾ ചീരപ്പെണ്ണിനെ വീണ്ടും ഓർത്തു. പെറണേന്റെ തലേന്ന് ഇന്നലെവരെ നന്നായിട്ട് പണിയെടുത്തു ചീരപ്പെണ്ണ്. പള്ളേൽ കനംവച്ചു തുടങ്ങ്യാൽ നന്നായിട്ട് പണിയെടുക്കണം പെണ്ണുങ്ങള്. ഇല്ലേൽ പുള്ള പുറത്തുവരാൻ ഒത്തിരി കഷ്ടപ്പെടും. മുറ്റത്ത് കരിയിലകൾ അടിച്ചുകൂട്ടിയിട്ടിരിക്കുന്നതിനപ്പുറത്ത് ഒരു കയറുകട്ടിൽ കിടപ്പുണ്ട്. ചീരപ്പെണ്ണിന്റെ കരവിരുതാണത്. അതിൽ കിടന്നൊരു മയക്കം കോരന് പതിവുള്ളതാണ്. പക്ഷേ പകൽ കിടക്കാറില്ല. അങ്ങനെ കിടന്നാൽ അന്നം ഉള്ളിൽചെല്ലില്ല. അധ്വാനിക്കാതെ നിവൃത്തിയില്ല. നല്ല നിലാവുള്ള രാത്രിയിൽ അവിടെ കിടക്കുമ്പോഴുള്ള സുഖം പറഞ്ഞറിയിക്കുക വയ്യ. ഇപ്പോൾ പകലാണെങ്കിലും മനസ്സിൽ നിലാവാണ്. ഈ നിലാവിൽ ആ കട്ടിലിലൊന്നു കിടക്കാൻ കോരനു കൊതി തോന്നി.

 

കിടന്നൊന്ന് മയങ്ങിപ്പോയതറിഞ്ഞില്ല. ആടുകളുടെ കരച്ചിൽ കേട്ടാണുണർന്നത്. കരടിശല്യം വല്ലാതായിരിക്കുന്നു. നോക്കിയപ്പോ തള്ളയാടിനെ വലിച്ചിഴച്ച് കൊണ്ടുപോകാണ്. ഇത്തവണ കരടിയല്ല മനുഷ്യരാണെന്നു മാത്രം. കാട്ടിൽ കാണാത്തവരാണ്. കാടിനോടു ചേരാത്തവരാണ്. നാട്ടിൽനിന്ന് ഒരു രസത്തിന് കാട്ടിലേക്കെത്തിയവരാണ്. അവർക്കിതൊക്കെ ഒരു നേരംപോക്കാണ്. അവർ ഇന്നുവന്ന് നാളെ തിരിച്ചുപോകുന്നവരാണ്. പണവും അധികാരവും ഉള്ളവരാണ്. അവരോട് മല്ലിട്ടു ജയിക്കുക പ്രയാസം. കോരൻ തള്ളയാടിനെ പാറൂ എന്നാണ് വിളിക്കുന്നത്. മനുഷ്യരേക്കാൾ നന്നായി കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാക്കുന്നവളാണ് പാറു കോരനെപ്പോലെതന്നെ ചീരപ്പെണ്ണിനും ജീവനാണ് പാറുവിനെ. കോരൻ ഉണരാൻ വേണ്ടിയായിരിക്കണം പാറു അലമുറയിട്ട് കരയുകയാണ്. കോരൻ വന്നു രക്ഷിക്കുമെന്നൊരു വിശ്വാസം അവസാനനിമിഷം വരെ അവൾക്കുണ്ടായിരുന്നിരിക്കാം. ഇനിയെന്തു പറഞ്ഞാണ് ചീരപ്പെണ്ണിനെ സമാധാനിപ്പിക്കുക. കുഞ്ഞു പിറന്നതിലുള്ള അത്യാഹ്ളാദം തല്ലിയുടച്ച് നാടൻ കഴുകന്മാർ കാട്ടിലെങ്ങോ മറഞ്ഞു. അവരെ കണ്ടുപിടിക്കാൻ പ്രയാസമൊന്നുമില്ല കോരന്. കാട്ടിലെ ഓരോ മുക്കുംമൂലയും കോരനോളം അറിയുന്നവർ ആരുണ്ട്. അവരെ കണ്ടുപിടിച്ചിട്ടെന്തു ഫലം. ഒന്നും ചെയ്യാൻ പറ്റില്ല കോരന്. കരടിയാണ് ആടിനെ പിടിച്ചിരുന്നതെങ്കിൽ സ്വന്തം ജീവൻ പോയാലും അതിനെ കോരൻ രക്ഷിച്ചേനേ. ഇവിടെ സ്വന്തംജീവൻ മാത്രമല്ല ബലി കൊടുക്കേണ്ടിവരിക, ഈ ഊര് മുഴുവനും ഈ രാക്ഷസന്മാർ നശിപ്പിച്ചുകളയും. തലപിളരുന്ന രോഷത്തോടെയും സങ്കടത്തോടെയും കോരൻ ഇരുന്നു.

 

തലകുമ്പിട്ടിരുന്ന കോരനരികിലേക്ക് ചോരക്കുഞ്ഞിനെയുമെടുത്തുകൊണ്ട് മെയ്യത്തള്ള വന്നു.

“ണീക്ക് കോരാ, ന്റെ  പുള്ളെ നോക്ക്.”

തള്ളയാടിനെ നഷ്ടപ്പെട്ടത് മെയ്യത്തള്ളയെന്നല്ല ഊരിലെയാരും അപ്പോൾ അറിഞ്ഞിരുന്നില്ല. ആണുങ്ങളാരും തന്നെ ഊരിലപ്പോൾ ഉണ്ടായിരുന്നില്ല. പെൺകൂട്ടം ചീരപ്പെണ്ണിനു ചുറ്റുമായിരുന്നല്ലോ.

കോരന്റെ കണ്ണുകലങ്ങിയിരിക്കുന്നതു കണ്ട് മെയ്യത്തള്ള പറഞ്ഞു:‘‘എന്താടാ ചെക്കാ....പെണ്ണു വളർന്നാ പുണ്ണാവോന്നൂല്ല. ഒന്നിനും കൊള്ളാത്ത ആണുങ്ങളേക്കാൾ മിടുക്കരാ പെണ്ണുങ്ങള്”

പെൺകുഞ്ഞ് പിറന്നതിലുള്ള ദുഃഖമാണ് കോരനെന്നാണ് മെയ്യത്തള്ള വിചാരിച്ചത്. കോരനപ്പോൾ മെയ്യത്തള്ളയെ കൊല്ലാനുള്ള കലിതോന്നി. തേൻനിറമുള്ള കുഞ്ഞിന്റെ തേനൂറും പുഞ്ചിരി കണ്ടപ്പോൾ കോരന്റെ ഉള്ളുലഞ്ഞു. പാറപൊട്ടി തെളിനീരുറവ വരും പോലെ സ്നേഹം ഇറ്റിറ്റുവീണു. മെയ്യത്തള്ളയുടെ കയ്യിൽനിന്നു കുഞ്ഞിനെ കോരൻ സ്നേഹത്തോടെ വാരിയെടുത്തുമ്മവച്ചു.

 

ന്റെ പൊന്നേ.... – കോരനപ്പോൾ സ്വർഗ്ഗം കീഴടക്കിയപോലെ തോന്നി. ഈ ജന്മം പുണ്യമായി. അച്ഛനായതിലുള്ള സന്തോഷം മറച്ചുവയ്ക്കാനായില്ല. പറഞ്ഞറിയിക്കാനാവാത്ത വലുപ്പത്തിലെന്തോ നേടിയപോലെ കോരൻ എല്ലാം മറന്ന്, നിന്നു. കുഞ്ഞിന്റെ ഓമനത്തമുള്ള മുഖം സ്വന്തം മുഖത്തോടു ചേർത്തുപിടിച്ച്. ആകാശത്ത് മേഘങ്ങൾ നീങ്ങിയതും മാനംമുട്ടിനിന്ന മരങ്ങളിൽ ഇല കൊഴിഞ്ഞതും കാട് ഒരറ്റംമുതൽ നാടായി വെളുത്തതും കാട്ടാറുകൾ വറ്റിയതും കിളികളും മൃഗങ്ങളും കാടുപേക്ഷിച്ചതും കോരനറിഞ്ഞില്ല. മാതാളിക്കുത്തേറ്റ് ചീരപ്പെണ്ണു മരിക്കുമ്പോൾ കോരന്റെ കയ്യിലിരുന്ന കുഞ്ഞിന് തള്ളയാടിന്റെ പൊക്കമുണ്ടായിരുന്നു. 

 

പൊന്നേ... കരളേയെന്നുപറഞ്ഞ് കോരനും ചീരപ്പെണ്ണുംകൂടി കുഞ്ഞിൽമാത്രം ശ്രദ്ധയൂന്നി വളർത്തി. നിലാവു തൂവുന്ന ചന്തിരന്റെ ചന്തത്തോടെയും പ്രസന്നതയോടെയും കുഞ്ഞുവളർന്നു. കുഞ്ഞിന് മാലയെന്നു പേരിട്ട് മുത്തേയെന്നു പുന്നാരത്തോടെ വിളിച്ചു. അമ്മയും മോളും തള്ളാടിനേയും കുഞ്ഞാടിനേയും പോലെ തുള്ളിച്ചാടിനടന്നു. അമ്മയും മോളും കാട്ടരുവിയിൽ കുളിച്ചുവരുമ്പോളാണ് മാതാളിക്കുട്ടം ആക്രമിച്ചത്. വലിയ മരത്തിന്റെ തുഞ്ചത്തെ കൊമ്പിൽ വലിയ പന്തുപോലെ ഉരുണ്ട് തൂങ്ങിക്കിടക്കുന്ന കാട്ടുകടന്നൽക്കൂട്ടത്തെ നോക്കി, വൻതേൻസ്വാദ് നാവിലൂറ്റി കിന്നാരം പറഞ്ഞു നടക്കുകയായിരുന്നു അവർ. പെട്ടെന്നാണ് എവിടെ നിന്നെന്നറിയാതെ വലിയൊരു വെടിയൊച്ച കേട്ടത്. വെടികൊണ്ടത് കടന്നൽകൂട്ടിലായിരുന്നു. വണ്ടിനോളം വലുപ്പമുള്ള ഓരോ കടന്നലും ഞൊടിയിടയിൽ ചുറ്റും മൂളിപ്പറന്നപ്പോഴാണ് ചിരപ്പെണ്ണും കുഞ്ഞും പകച്ചുപോയത്.

 

ചെറുള്ളി മുറിച്ചുതേച്ചിട്ടും ചുണ്ണാമ്പു തേച്ചിട്ടും മാതാളിക്കൊമ്പു പുറത്തുവന്നില്ല. ചീരപ്പെണ്ണിന്റെ മേലാസകലം തടിച്ചുപൊങ്ങി നീരുവീർത്തു. വേദനകൊണ്ടു പുളയുന്ന പെണ്ണിനെക്കണ്ടപ്പോൾ കോരന്റെ കരളുപൊട്ടി. മുത്തിനെ മാറോടുചേർത്തു പൊതിഞ്ഞ് ചീരപ്പെണ്ണ് കടന്നൽക്കുത്തു മുഴുവനും ഏറ്റുവാങ്ങി. മുത്തിന് കുത്തേറ്റില്ലെന്നുതന്നെ പറയാം. മുളങ്കെട്ടിൽ കിടത്തി ചീരപ്പെണ്ണിനെ ചുമന്നുകൊണ്ട് കാടും മേടും താണ്ടി സർക്കാർ ആശുപത്രിയിലേക്കോടുമ്പോൾ വിറച്ച് വിയർത്തൊലിക്കുന്ന കോരന്റെ മെയ്യിന് മനസ്സിനോടൊപ്പം ഓടിയെത്താനായില്ല. മനസ്സെപ്പോഴേ ആശുപത്രിയിലെത്തിക്കഴിഞ്ഞു. പച്ചിലമരുന്നും കിഴങ്ങുകുഴമ്പും പിടിക്കാതായപ്പോഴാണ് കാട്ടുവൈദ്യൻ പരശുവേട്ടൻ ഓടിക്കോളിൻ വടക്കോട്ടെന്നു പറഞ്ഞത്. കോരനൊപ്പം കള്ളൻ കിണ്ണാവുൾപ്പെടെ കാടു മുഴുവനുമുണ്ടായിരുന്നു, മലകേറിയോടാൻ. കോരനോപ്പം കാടു മുഴുവൻ തേങ്ങി. ഉള്ളുനൊന്ത കാടിന്റെ പ്രാർഥന തേന്മലമുകളിലെ മലദൈവങ്ങൾക്ക് ഇരിക്കപ്പൊറുതിയില്ലാതാക്കി. മലദൈവങ്ങൾ സങ്കടം അടക്കാനാവാതെ ഇറങ്ങിയോടി കാലാകാലന്റെ കാൽക്കൽവീണു. എന്നിട്ടും ചീരപ്പെണ്ണിനെ രക്ഷിക്കാനായില്ല. സാക്ഷാൽ പരമശിവൻപോലും നിസ്സഹായാവസ്ഥയിലായിരുന്നു, സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ. 

 

ദൂരങ്ങൾ ഏറെ താണ്ടി കാടുകടന്ന് നാട്ടിലെത്തിയപ്പോൾ കാട്ടിലെ ചിലർക്കൊക്കെ ശ്വാസംമുട്ടി. ചിലർ ഛർദ്ദിച്ചു. കാട്ടിൽ കാണാത്ത വെളിച്ചങ്ങൾ ചിലരുടെ കണ്ണിൽകുത്തി കാഴ്ചകെടുത്തി. തിങ്ങി നിൽക്കുന്ന മരങ്ങളുടെ നിഴലില്ലാത്ത വിശാലമായ ശൂന്യത അവരെ അലോസരപ്പെടുത്തി. പലരും ആദ്യമായി നാടുകാണുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് നാട്ടിൽ വരാറുള്ള വയറോണിക്ക് ഇതൊന്നും ഒരദ്ഭുതമായി തോന്നിയില്ല. വയറോണിയായിരുന്നു നാട്ടിലേക്കുള്ള വഴികാട്ടി. നാടിന്റെ അതിർത്തിക്കപ്പുറത്ത് കാട്ടിലെ വലിയ മരക്കൊമ്പിനിടയിൽ കാട്ടിലുപയോഗിക്കുന്ന വസ്ത്രങ്ങൾ ആരും കാണാതെ അഴിച്ചൊളിപ്പിച്ചുവച്ച് നാട്ടിലെ ഫാഷൻ വസ്ത്രമായ പാൻറ്റ്സിട്ട് കാടിറങ്ങുന്ന വയറോണിയുടെ രഹസ്യം അപ്പോഴും ആർക്കും പിടുത്തംകിട്ടിയില്ല. കാടു മുഴുവൻ ഇളകിവരുന്നതുകണ്ട് നാടൊന്നു ഭയന്നു. പിന്നെ അതൊരു തമാശനിറഞ്ഞ ചിരിയായി നാട്ടിൻകൂട്ടങ്ങളിൽ നിറഞ്ഞു. ചായക്കടകളിലും വായനശാലയിലും നാലാൾകൂടുന്നിടത്തൊക്കെ പറഞ്ഞു രസിച്ചുചിരിക്കാനൊരു വകയായി.

 

പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടമായിരുന്നു സർക്കാർ ആശുപത്രി. പെൻഷൻ പറ്റാറായ ഒരു തള്ളനഴ്സും ഒരു മുശടൻ ഡോക്ടറുമല്ലാതെ ആരും അതിൽ ഉണ്ടായിരുന്നില്ല. കയ്യിലിരിക്കുന്ന മൊബൈൽഫോണിൽ വേണ്ടുവോളം പണി അവർക്കുണ്ടായിരുന്നു. കുറച്ചകലെ വിശാലമായ നെൽപാടം നികത്തി, പുതിയതായി വന്ന ഹോസ്പിറ്റൽ പഞ്ചനക്ഷത്രഹോട്ടൽ പോലെയിരുന്നു. ശിവരാത്രിമണൽപ്പുറത്തെന്നപോലെ അങ്ങോട്ട് ആളുകൾ ഒഴുകിയെത്തി. 

 

ഉടുതുണിക്കു മറുതുണിയില്ലാത്ത കാടന്മാർ സർക്കാർ ആശുപത്രിയിലെ വെള്ളക്കോട്ടിട്ട നഴ്സിനെ കുമ്പിട്ടു. ങ്ടെ ചീരപ്പെണ്ണിനെ രച്ചിക്കണേയെന്നലമുറയിട്ടു. തീട്ടം കണ്ടപോലെ അറച്ചുപോയ നഴ്സ് കാടന്മാർക്കു മനസ്സിലാവാത്ത ഭാഷയിൽ എന്തൊക്കെയോ പുലമ്പി. ഡോക്ടറാണെങ്കിൽ മൊബൈൽ ഫോണിൽനിന്നു കണ്ണെടുക്കാൻതന്നെ മടിച്ചു.

 

വലിയൊരു മഴയത്താണ് പോയപോലെതന്നെ അവർ തിരിച്ചു കാടുകയറിയത്. അപ്പോൾ നാലാൾ താങ്ങിപ്പിടിച്ച മുളങ്കെട്ടിൽ വേദനയില്ലാതെ കിടക്കുകയായിരുന്നു ചീരപ്പെണ്ണ്. അടക്കിപ്പിടിച്ച കരച്ചിൽ നെഞ്ചിൽകെട്ടി കാടെത്താൻ കാത്തുനടന്നു എല്ലാരും. കാട് അവരെ കരുണയോടെ ഏറ്റുവാങ്ങി. 

 

കോരന്റെ ചാളയോടുചേർന്ന് തെക്കുകിഴക്കുമൂലയിൽ, കയറുകട്ടിൽ കിടന്നിടത്ത്, കാടിന്റെ കണ്ണീരിൽ കുളിപ്പിച്ച് ചീരപ്പെണ്ണിനെ അടക്കി.

കോരനപ്പോൾ ഒരു വാശി തോന്നി. മുത്തിനെ വലിയൊരു ഡാക്കിട്ടറാക്കണം. കോരന്റെ ആശ കാടേറ്റെടുത്തു. കള്ളൻ കിണ്ണാവു ഉൾപ്പെടെ അധ്വാനിക്കുന്നതെല്ലാം അതിനുവേണ്ടി മാറ്റിവച്ചു. ഒരുമനസ്സോടെ അവർ മുത്തിനെ നെഞ്ചോടുചേർത്തു.

 

വയറോണി നാട്ടിൽവച്ചു പരിചയപ്പെട്ട രാമു മാഷ് അവരെ സഹായിക്കാമെന്നേറ്റു. അങ്ങനെ എല്ലാരും ഒത്തുപിടിച്ച് മുത്ത് ഡാക്കിട്ടറാവാൻ പഠിച്ചു. മുത്ത് മിടുക്കിയായിരുന്നു. എല്ലാത്തിനും അവൾ ഒന്നാമതായിരുന്നു. പലപ്പോഴും അവഗണനയുടെ മുള്ളുകൾ ചവിട്ടിയിട്ടും അവൾ പതറിയില്ല. കൂടുതൽ കരുത്തുനേടി അവൾ മുന്നേറി. അവൾ കുറിച്ചിട്ട വരികളിൽ രാമുമാഷ് കവിതയുടെ ഇടിമുഴക്കം കണ്ടു. കണ്ണീരും വേദനയും കണ്ടു. അമർഷവും സ്നേഹത്തിന്റെ തണലും കണ്ടു. ആരും കാണാത്ത വേറിട്ടൊരു വഴി വെട്ടിത്തെളിക്കുന്നതു കണ്ടു. രാമൻ മാഷത് പ്രമുഖ വാരികകളിലേക്കയച്ചു കൊടുത്തു. മുത്ത് അങ്ങനെ മുത്തുമാലയെന്ന പേരിൽ പ്രശസ്തയായ എഴുത്തുകാരിയായി. പക്ഷേ മുത്ത് അങ്ങനെ വളർന്ന കാര്യമൊന്നും കാട്ടിലാർക്കും അറിയില്ലായിരുന്നു. അവർ ഇതൊന്നും അറിയുന്നില്ലായിരുന്നു. ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പെടാപാടിലായിരുന്നു അവർ.

 

നാട്ടിലെ തമ്പുരാക്കന്മാർ നാടു മുഴുവനും കൊള്ളയടിച്ചിട്ടും പോരാഞ്ഞ് കാട്ടിലേക്കു തിരിഞ്ഞു. കാടിന്റെ ഓരോ വശവും അനധികൃതമായി കയ്യടക്കി അവർ നീങ്ങി. അതിനു തടസ്സമായതെല്ലാം അവർ തന്മയത്ത്വത്തോടെ തട്ടിനീക്കി. അതിന് അവർ പണവും പ്രതാപവും അധികാരവും ഉപയോഗിച്ചു. മുമ്പിൽ കാണുന്ന ഏറ്റവും വലിയ തടസ്സമാണ് ഈ കാടന്മാർ എന്നവർ മുൻകൂട്ടി കണ്ടു. ഇവരെ ആട്ടിയോടിക്കാൻ അവർ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചു. ഭീഷണിപ്പെടുത്തി, കുടിലിന് തീയിട്ടു, കാടുകത്തിച്ചു, അതും പോരാഞ്ഞ് ചിലരെ മൃഗീയമായി കൊലപ്പെടുത്തി.... ഇങ്ങനെ അവർ താമസിക്കുന്നിടത്തുനിന്ന് അവരെ ഭയപ്പെടുത്തി ഓടിച്ച് കാടിനുള്ളിലേക്കുവിട്ട് അവിടം സ്വന്തമാക്കിയെടുത്തു. എന്നിട്ടും തമ്പുരാക്കന്മാരുടെ ആർത്തി തീരാതെ വീണ്ടും വീണ്ടും ...

 

തോൽക്കാനും ഓടിപ്പോകാനും മനസ്സു വരാതെ ചെറുത്തുനിന്നത് കോരൻ മാത്രം. കോരന് അവിടുന്ന് ഓടിപ്പോകാൻ കഴിയില്ലായിരുന്നു. ചീരപ്പെണ്ണിനെ അടക്കിയിടത്തുനിന്ന് ഒരു നിമിഷംപോലും മാറിപ്പോകാതെ കോരൻ നിന്നു. ഒരു ഭ്രാന്തനെപ്പോലെ കോരൻ ചീരപ്പെണ്ണിനടുത്തു കിന്നാരം പറഞ്ഞു കിടന്നു. ചിലപ്പോഴെല്ലാം കോരൻ തൊട്ടടുത്ത വലിയ പാറക്കെട്ടിനുള്ളിലേക്കു നുഴഞ്ഞു കയറി. അവിടെ സൂക്ഷിച്ചു വച്ചിരിക്കുന്ന ചീരപ്പെണ്ണിന്റെ പഴയ ഉടുതുണികളെടുത്തു മണത്ത്നോക്കി. ചീരപ്പെണ്ണപ്പോൾ പഴയ പോലെ കോരനുമുമ്പിൽ മനംമയക്കുന്ന ചിരിയോടെ നിന്നു. അങ്ങനെ കോരൻ ചീരപ്പെണ്ണിന്റെ ചിരിയിൽ മയങ്ങിക്കിടന്നൊരു ദിവസം ഗുഹക്കുള്ളിൽ തീ പുകഞ്ഞു. ആ പുക കണ്ട് ചീരപ്പെണ്ണുകിടന്നു ചിരിച്ചു. കോരനും ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. ആ ചിരികേട്ടു കൊണ്ട് കുറേപ്പേർ അടച്ചിട്ട ഗുഹയ്ക്കു പുറത്തു നിൽപ്പുണ്ടായിരുന്നു. അവർക്കും ചിരി അടക്കാനായില്ല. കയ്യിലെ പന്തം ദൂരെ വലിച്ചെറിഞ്ഞ് അവരും ചിരിച്ചു, പൊട്ടിപ്പൊട്ടിച്ചിരിച്ചു.

 

Content Summary: Kattuthen, Malayalam short story written by Jayamohan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com