ADVERTISEMENT

താന്തോന്നി (കഥ)

‘‘കുറുക്കത്തെ തൊടീലെ  ഇല്ലി വേലി നീക്കണ ഒച്ച കേൾക്കണ് ണ്ട്. ആരാണാവോ കാലത്തേം നേരത്തും തറവാട്ടീ കേറി വരണത് ?’’ ഓമല പിറുപിറുത്തു.

 

‘‘ഇനീപ്പൊ നെല്ലു ചിക്കാൻ സമയണ്ടാവില്ല. അര്യാട്ടാനും എലമുറിക്കാനും മാധവി തമ്പ്രാട്ടി ഇപ്പൊ വിളിച്ച് പറയും. ഇന്ന് പണി മാറ്റി മോന്ത്യാവണേന്റെ മുമ്പേ കുടീ പോണംന്ന് കരുതീതാ... നാടോടി നടക്കണ രാരു തമ്പ്രാനാണേൽ കൊഴപ്പൊന്നൂല്യാ. ഒരു ഗ്ലാസ് ചായ മതീലോ.’’ കോമ്പായിപ്പെണ്ണ്  ഏറ്റുപിടിച്ചു.

 

‘‘കളപ്പുരേന്നങ്കട്ട് മാറില്ല. നാട്ടിലും മറുനാട്ടിലൂള്ള തമ്പ്രാട്ടികള് പോരാഞ്ഞിട്ടാ. ന്റെ കെട്ട്യോൻ പീരൻ പറേണത് രാരു  തമ്പ്രാന്റെ ഈ സൂക്കട് നിക്കണെങ്കി അയാള് ചാവണംന്നാ.’’

 

ഓമല പറയുന്നതു കേട്ട് കോമ്പായിപ്പെണ്ണ് വിലക്കി.

‘‘ന്നാലും ഓമലേ... അത്രങ്കട്ട് വേണ്ട. ഇവിടത്തെ തമ്പ്രാട്ടീടെ അനിയനാണെന്നു പറഞ്ഞിട്ടെന്താ... ഇത്രയ്ക്കും കയ്യയച്ച് വാരിക്കോരി കൊടുക്കണ സ്വഭാവം രാരു തമ്പ്രാനെ പോലെ വല്ലോർക്കും ണ്ടോ. വണ്ടാർക്കളം തറവാട്ടില് തമ്പ്രാനെപ്പോലുള്ള പരോപകാരി വേറെയുണ്ടോ ?’’

 

കോമ്പായിയുടെ ന്യായീകരണം കേട്ട് ഓമല എതിർത്തു. ‘‘തമ്പ്രാനെപ്പോലെ നേരും നെറീം കെട്ടോരും

വണ്ടാർക്കളം തറവാട്ടിലില്ല. ’’

 

‘‘പിന്ന്യേ ... നിന്റെ പീരന്റെ കാര്യം പറയാണ്ടിരിക്കല്യേ ഭേദം.’’ ഓമലയുടെ നാവടക്കി കോമ്പായി ഗെയ്റ്റ് കടന്നുവരുന്നതാരെന്ന് നോക്കി.

 

രാരു തമ്പ്രാൻ ! നൂറായുസ്സാ... എന്താ ഒരു ധീരത. ഗാംഭീര്യം അതിലേറെ. ഒറ്റക്കടുക്കനിട്ട രാരു തമ്പ്രാൻ ഒരു പ്രതാപി തന്നെ. തോളത്തെ തോർത്തും ചില്ലറ നരകേറി മേലോട്ടു ചീകി വെച്ച മുടിയും. നടത്തത്തിൽ തന്നെ ഒരന്തസ്സുണ്ട്. ആരേയും കൂസാത്ത ഭാവം. അല്പം ധിക്കാരം കണ്ണുകളിലുണ്ട്. ആരെടാന്ന് ചോദിച്ചാൽ എന്തെടാ എന്ന പെരുമാറ്റം.

 

കീഴാളപ്പെണ്ണുങ്ങളിൽ കോമ്പായിപ്പെണ്ണ് ഒരിക്കലും രാരു തമ്പ്രാനെ കുറ്റപ്പെടുത്തില്ല. അത്യാവശ്യം കൂട്ടി വായിക്കാനും എഴുതാനും ചിന്തിക്കാനും കഴിയണ കോമ്പായി  രാരുതമ്പ്രാന്റെ സാഹചര്യങ്ങൾ  അടിയാത്തിപ്പെണ്ണുങ്ങളോട് പറയുമ്പോൾ അവർ മൂക്കത്ത് വിരൽ വെയ്ക്കും.

 

വണ്ടാർക്കളം തറവാട്ടിലെ നാരായണിയമ്മയെ വിവാഹം ചെയ്ത അപ്പുണ്ണി നായർ പ്രദേശത്തെ തമ്പ്രാനായിരുന്നു. നാരായണിയമ്മയ്ക്കും അപ്പുണ്ണി തമ്പ്രാനും രണ്ടു മക്കൾ. മൂത്തവൾ മാധവി. രണ്ടാമത്തേത് മകൻ, രാരു നായർ.  അപ്പുണ്ണി നായർക്ക് മകളെയായിരുന്നു പ്രിയം. മകൻ ചെറുപ്രായത്തിൽ തന്നെ താന്തോന്നി എന്ന പേരു സമ്പാദിച്ചവൻ. തന്റേടവും പൗരുഷ്യവുമുള്ള രാരു നായരെ തറവാട്ടു സ്ത്രീകൾക്കിടയിൽ ചിലർക്ക് സ്നേഹവും ഒപ്പം  ഭയവും , മറ്റു ചിലർക്ക് വീരാരാധന. അതുമല്ലെങ്കിൽ രഹസ്യമായ ഇഷ്ടം ... പ്രണയം. വീരകങ്കണം കയ്യിൽ ധരിച്ച രാരു നായർ തെമ്മാടിയാണെങ്കിലും ആ ആണത്തത്തെ ഇഷ്ടപ്പെട്ട സ്ത്രീകൾ നാട്ടിലേറെയുണ്ടായിരുന്നു.

 

നാരായണിയമ്മയ്ക്ക് രാരുവിനെ ഏറെ സ്നേഹമാണ്. തറവാട്ടിൽ രണ്ടു തലമുറ മുൻപെ ജീവിച്ചിരുന്ന രാവുണ്ണിക്കുട്ടി നായരുടെ സൗന്ദര്യവും പ്രൗഢിയും സ്വഭാവവുമാണ് മകന് ലഭിച്ചിരിക്കുന്നതെന്ന് നാരായണിയമ്മ പറയും. അതവന്റെ കുറ്റല്ല; മുതുമുത്തച്ഛന്റെ സ്വഭാവ സവിശേഷത പകർന്നതാണെന്നാണ് അവരുടെ വിലയിരുത്തൽ.

 

തറവാട്ടിലെ കണക്കില്ലാത്ത ഭൂസ്വത്ത് നാരായണിയമ്മ രണ്ടു മക്കൾക്കും തുല്യനിലയിൽ വീതിക്കുന്നതിനു പകരം, മകൻ രാരുവിന് കൃഷിയിടങ്ങളിലെ കൂടുതൽ പങ്ക് നൽകിയത്രെ. അപ്പുണ്ണി തമ്പ്രാന്റെ എതിർപ്പുകളെ മറി കടന്നാണ് നാരായണിയമ്മ രാരുവിന് ഭൂസ്വത്തുക്കൾ ഇഷ്ടദാനം പോലെ നൽകിയത്.

 

അന്ന് മകൾ മാധവിയുടെ വിവാഹം കഴിഞ്ഞ് ഭർത്താവ് പങ്കുണ്ണി നായർ തറവാട്ടിലുണ്ട്. സാത്വികനും, ഏറെ പഠിപ്പുള്ളവനുമായിരുന്നു പങ്കുണ്ണി നായർ. തന്റെ കാലശേഷം പ്രദേശത്തെ തമ്പ്രാൻ പദവി മകനു കൈമാറാതെ,

മകളുടെ ഭർത്താവിന് ആ സ്ഥാനം നൽകുവാനും അപ്പുണ്ണി നായർ തീരുമാനിച്ചു. അതിൻ പ്രകാരം അധികാരപത്രവും കാര്യങ്ങളും ആരുമറിയാതെ നീക്കി. നാരായണിയമ്മയുടെ അച്ഛൻ ചെയ്തതുപോലെ തന്നെ. വീര പുരുഷനും, തനിക്കു ബോധിച്ച പോലെ നടക്കുന്നവനുമായ നാരായണിയുടെ അനിയനു സ്ഥാനം നൽകാതെ മകളുടെ ഭർത്താവായ അപ്പുണ്ണിനായരെ പരിഗണിച്ചതു പോലെ .

 

അപ്പുണ്ണി തമ്പ്രാൻ നാടുനീങ്ങി. വണ്ടാർ ഗ്രാമം മുതൽ കോങ്ങാട് ചന്തവരെയുള്ള ഭൂപ്രദേശത്തിന്റെ തമ്പ്രാൻ സ്ഥാനം  പങ്കുണ്ണി നായർക്ക് ലഭിച്ചു. നാരായണിയമ്മയ്ക്ക് ഭർത്താവു ചെയ്ത പ്രവൃത്തിയിൽ അശേഷം തൃപ്തി കൈവന്നില്ലെന്നു മാത്രമല്ല, മകൻ രാരുവിന് വേണ്ടി അവർ വാദിച്ചു.

 

മാധവിയമ്മ തയാറായില്ല. അനിയൻ രാരുവിന്റെ തോന്ന്യാസങ്ങൾ കുപ്രസിദ്ധമാണ്. അങ്ങനെയൊരാൾ തമ്പ്രാനായാൽ നാട്ടുകാർക്കിടയിൽ അതൃപ്തിയുണ്ടാവും എന്നറിയിച്ച് അമ്മയെ അനുനയപ്പെടുത്തി.

 

രാരു നായർ സ്ഥാനമോഹിയായിരുന്നില്ല. അയാൾ വണ്ടാർക്കളം പടിയിറങ്ങി. ഇടയ്ക്ക് എപ്പോഴെങ്കിലും കയറി വരും. അമ്മയെ കണ്ടു പോകും.

 

അതിനിടയ്ക്ക് രാരു നായർ പോമോത്ത് തറവാട്ടിലെ ദേവകിയെ വിവാഹം ചെയ്തു. നാരായണിയമ്മ നൽകിയ സ്ഥലത്ത് കുറുക്കത്തെ തറവാടിനോടു ചേർന്ന് ഒരു നാലുകെട്ട് പണിതു. ദേവകിയമ്മ രാരു നായരുടെ പത്നിയായി അവിടെ താമസിച്ചു. കോമ്പായിപ്പെണ്ണ് ഇടയ്ക്ക് സഹായത്തിനെത്തുകയും ചെയ്യും.

 

നാട്ടിലെ ചില തറവാടുകളിൽ സ്ഥിരമായി കയറിയിറങ്ങുന്ന രാരു നായർക്ക് അവിടത്തെ തമ്പ്രാട്ടികളുമായുള്ള രഹസ്യ ബന്ധം നാട്ടിൽ അനുവദനീയമായ ഒരു കീഴ്​വഴക്കമായിരുന്നു. പല തറവാട്ടിലും പിറക്കുന്ന കുഞ്ഞുങ്ങൾ രാരു തമ്പ്രാന്റേതാണെന്നുവരെ കവലകളിൽ സംസാരമുണ്ടായി.

 

താന്തോന്നിക്കും മേന്തോന്നിക്കും മരുന്നില്ലെന്ന ചൊല്ല് രാരുനായരോടു തന്നെ നേരിട്ടു പറഞ്ഞ് തമാശയാക്കുന്നവരും ഗ്രാമത്തിലുണ്ടായിരുന്നു ! പകൽ പോലെ തെളിഞ്ഞ സത്യങ്ങൾ പലതുണ്ടെങ്കിലും ആരും രാരു തമ്പ്രാനെ ചോദ്യം ചെയ്തില്ല. നാട്ടിലെ പ്രശസ്തമായ  തറവാട്ടിലെ സന്തതി. ദേശത്തെ തമ്പ്രാന്റെ മകൻ. അതിലുപരി മിക്ക സ്ത്രീകളുടെയും ആരാധനാപാത്രവും. പോരാത്തതിന് അടിയാളരുടെ പ്രത്യക്ഷ ദൈവവുമാണ്. ചോദിക്കുന്ന സമയത്ത് നെല്ലും കാശും കൊടുക്കും.

 

ദേവകിയമ്മ ഭർത്താവിന്റെ ദുശ്ശീലങ്ങൾ നിശ്ശബ്ദം സഹിക്കും. സ്ഥിരം പണിക്കാരോട് സങ്കടം പറഞ്ഞാൽ പുരുഷ കേസരി രാരു തമ്പ്രാന്റെ പത്നിയായത് മുൻജൻമ സുകൃതമായി കോമ്പായിപ്പെണ്ണ് ചിത്രീകരിക്കും.

 

അമ്മയുടെ കാലശേഷവും പെങ്ങളെ കാണാൻ തറവാട്ടിൽ രാരു നായരെത്തും. മാധവിയമ്മയുടെ അവഗണനയൊന്നും അയാളെ മുറിപ്പെടുത്തിയില്ല. വരാന്തയിൽ ചാരു കസേരയിൽ ദേശത്തെ തമ്പ്രാൻ പങ്കുണ്ണി നായർ ഇരിക്കും. രാരു നായർ വന്നാൽ ആരും ഒന്നും ഉരിയാടില്ല.

 

രാരു നായർ കളപ്പുരയിൽ ചെല്ലും. സ്ത്രീകളെ കാണും കുശലം പറയും, ഉരൽപ്പുരയിൽ പെണ്ണുങ്ങളോടൊപ്പം കറങ്ങും. ഒടുവിൽ അമ്മ  കിടന്നിരുന്ന അകത്തറയിൽ കയറി തിരിച്ചിറങ്ങും. ഉമ്മറത്ത് വരാന്തയിലെ ചാരുപടിയിൽ തൂൺ ചാരിയിരിക്കും.

 

അപ്പോഴേക്കും കോമ്പായി പുറത്തെ അടുപ്പിൽ ചായകൂട്ടി മുന്നിൽ കൊണ്ടു വെയ്ക്കും. കോമ്പായിയുടെ മേലാസകലം കണ്ണുകൊണ്ടുഴിഞ്ഞ്  അയാൾ ചായ കുടിക്കും.

 

‘‘ഞാൻ നടക്കാ മാധവ്യോപ്പോളെ ....’’ എന്ന് ഇറങ്ങുമ്പോൾ കേൾക്കാം.

 

കാലത്തെ തറവാട്ടിൽ എത്തിച്ചേർന്ന രാരു തമ്പ്രാന് ചായ കൊടുക്കുമ്പോൾ കോമ്പായി തമ്പ്രാനെ നോക്കിപ്പറഞ്ഞു.

‘‘തമ്പ്രാന് നൂറായുസ്സാ....’’

 

‘‘അതെന്താ കോമ്പായിപ്പെണ്ണേ ...’’

 

‘‘ഇല്ലി വേലി നീക്കണ ഒച്ച കേട്ടപ്പോ ഞാൻ പറഞ്ഞതാ .... രാരുതമ്പ്രാനായിരിക്കുംന്ന്.’’

 

അയാൾ ചിരിച്ചു.

 

‘‘കോമ്പായിപ്പെണ്ണേ .... എനിക്കിനി ആയുസ്സു കൂടിയാൽ നാട്ടിലെ പെണ്ണുങ്ങൾ കഷ്ടത്തിലാവില്ലേ ?’’

 

‘‘രാരു തമ്പ്രാനെ...’’

 

‘‘ദേവകീല് മാത്രല്ല മക്കള് ... അവിടേം ഇവിടേം ഒക്കെണ്ട്. പക്ഷേ ഞാൻ മരിച്ചാ ... ഒരെണ്ണം വായ്ക്കരീടാനിണ്ടാവില്യാ.’’

 

അയാൾ കോമ്പായിയെ ഒന്നുകൂടി ഉഴിഞ്ഞു.

 

‘‘മന്തിനും എന്റെ താന്തോന്നിത്തത്തിനും ചികിത്സയില്ല. ’’ പഴമൊഴി പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.

 

‘‘ഞാൻ നടക്കാ മാധവ്യോപ്പോളേ ...’’

 

നടന്നകലുന്ന രാരു നായർ ഒരിക്കൽ പോലും തമ്പ്രാൻ പദവി ചോദിച്ചിട്ടില്ല. പെങ്ങളെ വിഷമിപ്പിച്ചിട്ടില്ല.

 

കോമ്പായി പെണ്ണിന്റെ കെട്ടിയവൻ ചത്ത ശേഷം രാരു തമ്പ്രാനാണത്രെ ആ കുടിൽ പോറ്റിയിരുന്നത്. ആ കുടിലിൽ ഇടയ്ക്ക് അയാൾ അന്തിയുറങ്ങുകയും ചെയ്തിരുന്നത്രെ !

 

 പങ്കുണ്ണി നായരുടെ മരണം വരെ ഗ്രാമത്തിൽ തമ്പ്രാൻ വാഴ്ച നിലനിന്നു.

 

തന്റെ കെട്ടിലമ്മ ദേവകി മരിച്ച ദിവസവും അയാൾ നാട്ടിലെ ഒരു തറവാട്ടിനുള്ളിലായിരുന്നത്രെ. അവിടെയെത്തി ഭാര്യയുടെ മരണ വിവരം അറിയിച്ച ആളോട് ‘‘നീ പൊയ്ക്കോ. ഇവിടെ നിൽക്കേണ്ട. ഞാൻ കുറച്ചു കഴിഞ്ഞു വരാം’’ എന്ന് പറഞ്ഞയച്ചത്രെ!

 

കാതിലെ ഒറ്റക്കടുക്കനും തോളത്തെ തോർത്തുമായി ആഢ്യ തമ്പ്രാൻ എന്നും താന്തോന്നിയായി നടന്നു... തെമ്മാടിയായി ജീവിച്ചു.

 

എങ്കിലും അന്നാട്ടുകാർക്കെന്നും കാണപ്പെട്ടവനായിരുന്നു !

 

Content Summary: Thanthonni, Malayalam short story

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com