ADVERTISEMENT

അതങ്ങനെ ആയതു കൊണ്ട് ! (കഥ)

ജീവിതത്തിന്റെ ചില വഴിത്തിരിവുകളിൽ, ഒരാമുഖം മാത്രമെഴുതി ചിലർ വിടവാങ്ങാറുണ്ട്. നമ്മുടെ ലക്ഷ്യത്തിലേക്ക്, നമ്മൾ തനിയെ എത്തിക്കൊള്ളും എന്ന ധാരണയോടെ ....

 

പുതിയ എൽഇഡി ലാംപ് , അതിന്റെ നട്ടെല്ലില്ലാത്ത ശരീരം വളച്ചു ഡയറിയിലേക്കു ഒന്നൂടെ എത്തി നോക്കി..., നീരസത്തോടെ അതിനു താഴെ, ശുഭരാത്രി പറഞ്ഞു ഞാൻ വിരാമമിട്ടു.

 

മായാ ഉറങ്ങിയിരിക്കയാണ്, ഇന്നും നേരം വൈകി. ഉറക്കത്തിലും വികൃതിയാണ് അവൾ... മുടി ഇഴകളിലൂടെ കൈയോടിച്ചു ഇത്തിരി നേരം...

 

കോഡെഴുത് തുടങ്ങിയിട്ട് കുറച്ചായി ഇപ്പോൾ. മകളുടെ ബെസ്റ്റ് ഫ്രണ്ട് ഇമേജ് അത് എന്റെ സ്വാതന്ത്ര്യത്തെ കുറയ്ക്കുന്നു... ചിലപ്പോൾ എന്റെ ഡയറി പോലും അവളെടുത്തു വായിക്കും. അതിലാണെങ്കിൽ, ആൾക്കാരും സംഭവങ്ങളും കഥയിലെന്ന പോലെ വലിയ വിലാസങ്ങളില്ലാതെ വന്നും പോയുമിരുന്നു...

 

അറിയേണ്ടാത്തതും അറിയേണ്ടതും, വകതിരിവ് വരട്ടെ അവൾക്ക്, അപ്പോഴാകാം ഒക്കെ... കാലവർഷം ഇനിയും വൈകുമത്രേ ... ഫാൻ സ്പീഡ് ഒന്നുടെ കൂട്ടി അവൾ കിടന്നു.

 

*******     ********     ********     ********

 

അത് ... അതങ്ങനെ ആയതു കൊണ്ട് !

 

ചെറുപ്രായത്തിലേ ഒരുപാട് ചോദ്യങ്ങൾ ചോദിക്കുമായിരുന്നു അവൾ, പ്രപഞ്ച സത്യങ്ങളും ആത്മീയ രഹസ്യങ്ങളും തേടി നടന്നവൾ. എന്നാൽ പതിവിലുമേറെ പരിചിത ചോദ്യങ്ങൾ ആയിരിക്കും ചിലപ്പോൾ. വിനോദിനെ കുറിച്ചാകുമ്പോൾ... അവളുടെ അച്ഛനെ കുറിച്ചാകുമ്പോൾ ഞാൻ ഒരു മരീചിക ആവും

 

എന്റെ ഉത്തരങ്ങൾ ഉൾക്കൊള്ളാനുള്ള പ്രായം അവൾക്കായില്ല എന്നതായിരുന്നു എന്റെ ചിന്ത.

 

 

‘അത് അങ്ങനെ ആയതു കൊണ്ട് ...’ എത്രത്തോളം അരോചകമാണ് ഈ ഉത്തരം...

 

മടുപ്പിന്റെ, നിസ്സംഗതയുടെ ഒക്കെ പ്രതിധ്വനി നിറയുന്നു... വിപ്ലവങ്ങൾക്ക് ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന പല്ലവിയും ഇത് തന്നെ ആയിരിക്കണം. ചില പ്രപഞ്ച സത്യങ്ങളുടെ പിന്നിലെ കഥ അറിയാതിരിക്കുന്നതല്ലേ നല്ലത്...! ഒക്കേത്തിനും ഉത്തരം തിരഞ്ഞിരുന്ന ആറുവയസുകാരി, എന്റെ കൊഞ്ചും കിളിമകളല്ല ഇന്നവൾ.

 

 

ശീലമായി കഴിഞ്ഞിരിക്കുന്നു അവൾക് എന്റെയീ വഴക്കം, പാവം ഒന്നുമേ ചോദിക്കാറില്ല അവൾ ഈ അടുത്ത കാലത്തായിട്ട് .. കളിച്ചും ചിരിച്ചും, എന്റെ ലോകത്തിന് അർഥം പകരും അവൾ...

 

മറന്നിട്ട വഴികളിലൂടെ ഒരു ഏകാന്ത സഞ്ചാരം, അതെന്റെ ഒരു മെഡിറ്റേഷൻ ആണ്, അത്, അത് മാത്രമാണ് എന്നെ നിലനിർത്തുന്നത്.. അറിയപ്പെടുന്ന ഒരു ഫാഷൻ ഡിസൈനർ ആകും മുൻപേ, അപരിചിതനായ ഒരു നായർ തറവാടിക്ക് എന്നെ തീറെഴുതും മുൻപേ, എന്റേതായ ഒരു ലോകം ഉണ്ടായിരുന്നു എനിക്ക്.

 

ഇന്ന് തൊണ്ണൂറുകളിലെ സിനിമകൾക്ക് മാത്രം തിരിച്ചുതരാൻ കഴിയുന്ന ആ ലോകം... പൊട്ടിക്ക പറിച്ചും കശുമാവിൻ കൊമ്പത്ത് കയറി ഞങ്ങളുടേതായ ഫാന്റസി റൈഡ് ഉണ്ടാക്കി കളിച്ച കാലം... മരം കേറി എന്ന പേര് കിട്ടിയത് മിച്ചം...

 

നല്ല നെല്ലുകുത്തരി കഞ്ഞിക്ക് ഒപ്പം ഇച്ചിരി പശുവിൻ നെയ്യും തേങ്ങയും ഒഴിച്ച, കിണ്ണത്തിൽ പ്ലാവില കുമ്പിൾ കുത്തിയെടുത്ത്, ഹാ... കണ്ണടച്ചാൽ എത്തും ഓർമകൾ... ഇന്നത്തെ വാട്ട്സാപ്പ് മെസ്സേജുകളിൽ നിറയുന്ന ഗൃഹാതുരത ...

 

എവിടെയോ തുടങ്ങി, എങ്ങോ അവസാനിക്കുന്ന അശ്വമേധങ്ങൾ, മനസ്സിന്റെ ഏഴുകുതിരയെ പിടിച്ചു കെട്ടാനാവാതെ ഞാനും..! ചിന്തകൾക്കിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് ...!

 

******    *******    ******     ******   ******

 

ഒരുപാട് നാളത്തെ ആഗ്രഹം, പ്രഫസർ ശിവകാർത്തികേയനെ ഒന്നു കാണണം, നേരിട്ട് ഒന്നു സംസാരിക്കണം. കരിയർ ഗൈഡൻസ് ക്ലാസ്സിന്റെ ഒടുക്കം പകർന്ന തീപ്പൊരി നിറഞ്ഞ ചിന്തകൾ,..

 

അത് മാത്രമായിരുന്നില്ല മായക്ക് അത് .

 

എഐഐഎംസ് പരീക്ഷയുടെ പഠനത്തിരക്കിൽ കൂടുകാരൊക്കെ മുഴുകി ഇരിക്കുമ്പോഴും, ഓം ശാന്തി ഓശാനയ്ക് ശേഷം നിവിന്റെ കട്ട ഫാൻസ്‌ ആയി പെമ്പിള്ളേരൊക്കെ പോയപ്പോഴും പഠനത്തിൽ ശ്രദ്ധ കൈവിടാതിരുന്ന അവൾക്ക്, ആ ശ്രദ്ധ നഷ്ടമായിരിക്കുന്നു...

 

വാക്കുകളും വ്യക്തിത്വവും ആയിരുന്നില്ല ശിവ സാറിലേക്ക് അവളെ അടുപ്പിച്ചത്... സയൻസ് ക്ലബ് ചെയർമാൻ നവാസിന്റെ കമന്റ് ആയിരുന്നു... പിറകെ തിരഞ്ഞു പിടിച്ചു അവൾ.. വർഷങ്ങൾക്കു മുന്നേ ഗർഭിണിയായ ഭാര്യയെ കാലം തിരികെ വിളിച്ചപ്പോൾ ഏകനായ ഒരു മനുഷ്യന്റെ ജീവിതകഥ...

 

തനിക്ക് പയ്യനെ നോക്കേണ്ട സമയത്ത് അമ്മയ്‌ക്ക് ആളേം നോക്കി നടക്കണ ടീം എന്ന് പറഞ്ഞു കൂട്ടുകാർ അവളെ പരിഹസിച്ചു പോയി,

 

ഒരു ഹർത്താൽ ദിനത്തിന്റെ തലേന്നു കൂടണയാൻ തിരക്കിടുന്ന ഒരു വമ്പൻ ജനാവലിയുടെ തിരക്ക് മാനിക്കാതെ, ഒരുപാട് അന്വേഷണങ്ങൾക്കിപ്പുറം കിട്ടിയ ആ വിലാസമെഴുതിയ പേപ്പർ കൈയിൽ പിടിച്ച് അവളിറങ്ങി.

 

തോട്ടിന്റെ വരമ്പത്തെ ബസ്റ്റോപ്പിൽ അധികം പേര് ഇറങ്ങാൻ ഉണ്ടായിരുന്നില്ല... നഗരത്തിനടുത്തു തന്നെ ഇങ്ങനെ ഒരു ഗ്രാമം.,

മാളിയേക്കൽ, പൂർത്തിയാക്കേണ്ടി വന്നില്ല ചോദ്യങ്ങൾ ഒന്നും തന്നെ... നാട്ടുകാർക്ക് ഒക്കെ സുപരിചിതം...

 

സഖാവ് ശിവേട്ടന്റെ വീട്ടിലേക്കാ കുട്ടി... ഓട്ടോക്കാരൻ ചേട്ടൻ മറ്റേ ആളോട് പറഞ്ഞു... അദ്ദേഹത്തിന്റെ മറ്റൊരു ഡിമെൻഷൻ...!!

 

മിനുറ്റുകൾക്കകം ഞാനാ വീട്ടുമുറ്റത്തെത്തി...

 

രണ്ടായിരത്തി പതിനേഴിന്റെ ആരവങ്ങൾ ഒക്കെ ഒരു ചങ്ങല കിലുക്കത്തോടെ അകന്നു മാറി. തുറന്ന ഗേറ്റ് വീണ്ടും അടച്ച ഞാൻ അകത്തേക്കു കയറി...

 

നാട്ടുമാവിന്റെ ഇലകൾ അങ്ങിങ്ങായി വീണു കിടപ്പുണ്ട്, മുറ്റത്തിനപ്പുറത്തെ ഏതോ മരത്തിന്റെ ചില്ലയിൽ, കൂടണഞ്ഞു തുടങ്ങിയിരിക്കണ പേരറിയാത്ത പക്ഷികളുടെ കിന്നാരം പറച്ചിലുകൾ... മേടമാസത്തിലും കുളിർ കാറ്റ്.

 

‘‘ത്രിസന്ധ്യയാകാറായി, ഈ ജാനു ഏടത്തി എവിടാണാവോ ...’’ താനെ സംസാരിച്ചു കൊണ്ട്, കുറുമ്പുകാരിയായ ഒരു പശുക്കിടാവുവിനെ വലിച്ചുകൊണ്ട് സാർ വന്നു...

 

 

ഒരു മാത്ര, അപരിചിതത്വം സൃഷ്‌ടിച്ച മൗനത്തിനപ്പുറത്, അദ്ദേഹം ചോദിച്ചു...

 

 

കുട്ടി, ഏതാ, ഞാൻ എവിടോ കണ്ടിട്ടുണ്ടല്ലോ...

 

 

പ്രായം തീർത്തതല്ല; മനസ്സ് തീർത്ത കണ്ണാടിച്ചില്ല് ഉയർത്തിവെച്ചു എന്നെയൊന്നു സൂക്‌ഷിച്ചു നോക്കി.

 

അഹ്, മോളിരിക്കുക, എന്താ ഈ നേരത്ത്?

 

പറയാൻ ഒരുപാടുണ്ട്, ജന്മം തന്ന അച്ഛനെ അറിയില്ലേലും, മുൻജന്മ ബന്ധം തോന്നുന്നു എനിക്ക് സാറിനോട്, ഒരുപാടിഷ്ടം. ഒരച്ഛന്റെ സ്നേഹം എന്താ എന്നറിയില്ലെനിക്ക്. അമ്മയാണ്, എന്റെ ലോകം.!

 

കലുങ്കിന് മേലെ ചടഞ്ഞിരിക്കുന്ന അയല്പക്കത്തെ വഷളന്മാരുടെ കന്റുകൾക് ചെവി കൊടുക്കാറില്ലെങ്കിലും..., അറിയാതെ ആഗ്രഹിച്ചു പോയിരിക്കണു, ചോദിക്കാനും പറയാനും സുരക്ഷിതത്വത്തിന്റെ തണലായി ആരേലും ഉണ്ടായിരുന്നെങ്കിലെന്ന്.

 

‘എന്താ മോളെ, ഒന്നും പറയാതെ,? എന്താ പറ്റിയെ ?’ ആ ചോദ്യം എന്നെ ഉണർത്തി.

 

അത്രയും നേരം ഞാൻ ബ്ലാങ്ക് ആയി നോക്കി ഇരിക്കുകയായിരുന്നു...!!

 

 

ഈ ജാനുഏടത്തിയെ ആണേൽ കാണാനും ഇല്ലാലോ .. ത്രിസന്ധ്യയായി വിളക്കു വെക്കാൻ നേരാവുന്നു ...

 

വീടിന്റെ ആധികൾ അറിയുന്നൊരാൾ, അങ്ങനെ ഒരാളെ എനിക്കും വേണം, അമ്മയ്ക്കൊരു തുണ വേണം, ദേഷ്യക്കാരിയായി ഭാവിക്കുമെങ്കിലും, പാവമാണ് ഉള്ളിന്റെ ഉള്ളിൽ. ഒരു ശുദ്ധ നാട്ടിൻപുറത്തുകാരി.

 

ഞാനെന്താ പറയുക സാറിനോട്.,,,

 

ഒന്നൂല്ല സർ, ഞാൻ അന്നെഴുതിയ കവിത ഇഷ്ടായി എന്ന് പറഞ്ഞില്ലേ..., ഒന്ന് നിർത്തി അവൾ തുടർന്നു, എല്ലാരും കൂടെ എന്റെ കവിതകൾ ഒരു കവിതാസമാഹാരം ആയി ഇറക്കിയാലോ എന്നാലോചിക്കുക ആണ് .... സാറിന്റെ അഭിപ്രായം അറിയണം ...

 

 

‘സ്പാനിഷ് മസാല’ നെൽസൺ ചേട്ടന്റെ കഴിവുകൾക്കപ്പുറത്തേക്ക് ഒന്നും വളർന്നിട്ടില്ല എന്റെ കവിതകൾ എന്നെനിക്കു നല്ലവണ്ണം അറിയാം, എന്നാലും... സാറിനൊപ്പം കുറച്ചുനേരം, അതെനിക്ക് വേണം... ഞാൻ വീണ്ടും നേഴ്സറി കൊച്ചാവുകയാണ് ; വയസ്സിന്റെ പക്വത കാണിക്കാൻ ആകണെ എന്ന പ്രാർഥനയോടെ ഞാൻ ഇരുന്നു...

 

വരാന്തയിലെ ചാരുകസേരയിലേക്ക് ഒന്നൂടെ ചാഞ്ഞിരുന്നു, ഞാൻ കൊടുത്ത പുസ്തകം ശ്രദ്ധയോടെ വായിക്കാൻ തുടങ്ങിയെങ്കിലും, ജാനുവേടത്തിയുടെ അസാന്നിധ്യം ആ മധ്യവയസ്കനെ വല്ലാതെ അലോസരപ്പെടുത്തി ...

 

‘‘സാരോല്ല, സാറ് നോക്കുമ്പോഴേക് ഞാൻ വിളക്ക് വെച്ചുകൊള്ളാം, പൂജാമുറി എവിടന്നു കാണിച്ചു തന്നാൽ മതി..’’

 

കുസൃതി കൊഞ്ചലോടെ മായ പറഞ്ഞു...

 

ദേവി പോയേപ്പിന്നെ, ആരുമെന്റെ ലോകത്തേക്ക്, എന്റെ മാത്രം ജീവിതത്തിലേക്ക് ഇത്ര സ്വാതന്ത്ര്യത്തോടെ കയറി വന്നിട്ടില്ല, പിന്നെ അന്ന് പിറക്കാതെ പോയ എന്റെ സന്താനം... അറിയില്ല, ഉണ്ടായിരുന്നെങ്കിൽ ഇവളുടെ പ്രായം കാണും, കാന്താരി ആയിരിക്കും ഇവളെ പോലെ..

 

ഒരു മന്ദഹാസം മാത്രമായിരുന്നു പുറത്തേക്ക് വന്നത്... ഒരു തലയാട്ടൽ മാത്രം കാത്തിരിക്കുകയായിരുന്നു അവൾ...

 

അകത്തെ.. വലത്തേ മുറി.. അയാൾ പറഞ്ഞു.

 

********   ********    ********   *******

 

 

‘‘വിപ്ലവം നല്ലതാണ്, അതിനു ആത്മാർത്ഥ ലക്ഷ്യവും വീര്യവും ഉണ്ടാകുമ്പോൾ. അന്നന്നത്തെ ആക്രോശങ്ങളായി മാറുന്ന ഓരോ വിപ്ലവങ്ങളുടെയും ചരിത്രം ഒത്തുതീർപ്പുകളിൽ ആവുമ്പോൾ, നിങ്ങൾക്കു മടുക്കും, ശരിയാണ് ... പക്ഷേ ’’

 

 

അമ്മെ ഇങ്ങട്ടു വന്നേ ഇതൊന്നു നോക്കിക്കേ ശിവൻ സാറിന്റെ പുതിയ സ്പീച്ച്.

 

മായ ഉറക്കെ വിളിച്ചു, പുതിയ പ്രസന്റേഷൻ വർക്ക് സേവ് ചെയ്ത് അവളാ ടാബ് വാങ്ങി .

 

... പക്ഷേ ക്ഷയിക്കുന്നത് നമ്മെ നാമാക്കിയ ഒരു പാർട്ടിയുടെ ആത്മാവാണ്, അണികളാണ്, പാർട്ടി പ്രവർത്തകനിൽ നിന്ന് അനുഭാവിയിലേക്കും പിന്നെ പയ്യെ അരാഷ്ട്രീയ വാദിയിലേക്കും.......

 

അതൊരിക്കലും സംഭവിക്കരുത്...

 

 

ഇടയ്ക്കിടെ ഉയരുന്ന ശബ്ദത്തിനൊപ്പം ചുരുട്ടി ഉയർത്തുന്ന കൈകളും... കണ്ണിലെ തീഷ്ണതയ്ക്കൊപ്പം എരിയുന്ന ആത്മാവ്.

 

 

ശിവൻ...!

 

അന്നത്തെ പോലെ ഇന്നും, ഇരുത്തം വന്ന ഒരു മ്യൂസിക് കംപോസറെ പോലെ, കേൾവിക്കാരെ ആകെ തന്റെ കൈകളിൽ ഒതുക്കുകയാണ്.

 

ഒന്നൂടെ അമ്മയുടെ ചേർന്നിരുന്നു മായ, പയ്യെ തോളത്തു തല ചായ്ച്ചു കൊണ്ട് അവൾ ചോദിച്ചു,

 

എന്റെ കല്യാണം കഴിഞ്ഞു ഞാൻ പോയാൽ പിന്നെ അമ്മയ്‌ക്കൊപ്പം ആരാ ഉള്ള , എനിക്ക് അമ്മയെ ആരുടെയേലും കൈയ്യിൽ പിടിച്ചു കൊടുത്തു വേണം സ്വസ്ഥമായി ഒന്ന് കെട്ടാൻ... ചിരിച്ചു കൊണ്ട്, പക്ഷേ തികഞ്ഞ പ്ലാനിങ്ങോടെ അവൾ ചോദിച്ചു.

 

ദിവസത്തിൽ ഒരു തവണ എങ്കിലും സംസാരിക്കാതിരുന്നിട്ടില്ല, ശിവൻ സാറിനെ പറ്റി. ഇനി അമ്മയുടെ ഊഴം ആണ്. പക്ഷേ ഭാവഭേദങ്ങൾ ഒന്നുമില്ലാതെ ഇരിക്കുകയാണ് അമ്മ.

 

പിന്നെ നീയെന്താ പറഞ്ഞെ, വിഡിയോയിൽ നിന്ന് കണ്ണെടുത്ത അവൾ ചോദിച്ചു.

 

‘ശിവൻ സാറിന്റെ ഭാര്യയുടെ പേരു ദേവി എന്നായിരുന്നോ..’

 

‘അതെ അമ്മ .., എന്തേ’

 

ഹേ ഒന്നൂല്ല ...

 

*******    ********    *******    ********    ******

 

തന്റെ ആദ്യപ്രണയം, കാലങ്ങൾക്കിപ്പുറത്തു മുന്നിൽ, കലാലയജീവിതവും സ്വപ്നങ്ങളും തമ്മിലാണല്ലോ ബന്ധം കൂടുതൽ, യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങുമ്പോഴേയ്ക്ക് ഞാൻ തന്നെ മുറിച്ച ബന്ധം.

 

പ്രണയം വിട്ടുവീഴ്‍ചക്കളിലാണെന്നു വിശ്വസിച്ച ഒരാളും, മാറ്റങ്ങളില്ലാതെ കൂട്ടുവരുന്നതാണ് പ്രണയം എന്ന് കരുതിയ ആളും തമ്മിലെ ഒരു വിട പറയൽ മുറിവുകളുണ്ടാക്കിയിട്ടുണ്ട് , രണ്ടുപേരിലും....

 

എനിക്ക് മടുത്തു, അമ്മയുടെ ഈ മൗനം, ഞാൻ ഒന്നാം ക്ലാസ് കുട്ടി ഒന്ന്വല്ല. എന്റെ വാക്കുകൾക്കും വിലയുണ്ട്... മായ തുടർന്നു കൊണ്ടിരുന്നു ...

 

 

അമ്മയ്‌ക്കെന്താ മാഷിനെ ഒന്ന് കണ്ടാൽ, ഞാൻ അവസാനം മാഷിനെ പറഞ്ഞുപറഞ്ഞ എസ് പറയിപ്പിച്ചപ്പോ... അമ്മ ഇങ്ങനെ..

 

ഒന്നൂല്ലെടാ അമ്മയ്ക്കാവില്ലെടാ, അനുനയത്തിന്റെ ഭാഷയിൽ അവൾ ശ്രമിച്ചു... അത് കൊണ്ടൊന്നും തടുക്കാനാവുമായിരുന്നില്ല മായയുടെ രോഷം...

 

പിന്നെ മൗനം, സുദീർഘമായ മൗനം.

 

ഒടുക്കം, ഉത്തരം നൽകാനാഗ്രഹമില്ലാത്ത ചോദ്യങ്ങൾക്കു പുറം തിരിഞ്ഞു നിന്ന് അവൾ തന്നിലേക്കു മടങ്ങി..

 

വേലിക്കു പുറത്തെ ബോർഡിൽ ഇങ്ങനെ എഴുതിയിരുന്നു.

 

അത് അങ്ങനെ ആയതു കൊണ്ട് .!!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com