ADVERTISEMENT

കുഞ്ഞൂട്ടൻ (കഥ)

കൊട്ടാരക്കര ശ്രീ മഹാ ഗണപതി ക്ഷേത്രത്തിൽ ഒരു പാക്കറ്റ് ഉണ്ണിയപ്പത്തിന് മൂന്ന് രൂപ കൂട്ടിയ അന്നേ ദിവസമായിരുന്നു നാരായണേട്ടന്റയും ഭാര്യ ശീലയുടെയും മൂന്നാമത്തെയും അവസാനത്തേയും സന്തതി കുഞ്ഞൂട്ടൻ ഇനിഷ്യൽ എൻ രണ്ട് വർഷങ്ങക്കു ശേഷം രാജസ്ഥാനിൽ നിന്ന് നാട്ടിലേക്ക് തിരികെ ലാൻഡ് ചെയ്യുന്നത്.. ദുബായി കുഞ്ഞിരാമനെ പോലെ കല്ല്യാണം കഴിക്കണമെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞൂട്ടനും നാട്ടിൽ വരുന്നത്... ഇത് കുഞ്ഞൂട്ടന്റ കഥയാണ്...

 

പണ്ട്, വേലക്കാരി സൗദാമണി തയ്യൽക്കാരൻ ദാമോദരേട്ടന്റ മകനായ പെങ്കാളി ഷാജിയുമായി കറുത്ത വാവിന്റ തലേന്ന് ഒളിച്ചോടുമെന്ന് വെറ്റില്ലയിൽ ഉജ്ജാല മഷി പുരട്ടി നോക്കി പ്രാവചിച്ച ആസ്ടോനട്ട് സോറി ആസ്ട്രോളോജർ ശ്രീ. അയ്യപ്പൻ പിള്ളയായിരുന്നു കുഞ്ഞൂട്ടന്റയും ജീവിതത്തിൽ ഇന്നേവരേ പത്ത് പുഷപ്പ് പോലും എടുത്തിട്ടില്ലാത്ത എഎൻ പബ്ലിക് സ്കൂളിലെ പി.ടി. മാഷ് ജി.കെ. പ്രഭാകരന്റ ഒറ്റ മക്കൾ സുനന്ദയുടെയും ജാതങ്ങൾ നോക്കി പത്തിൽ എട്ടേ പെയിന്റ് ഒൻപതേ എട്ടേ എന്ന ഡെസിമൽ നമ്പർ പെരുത്തം കുറിച്ചത്... മിഥുന മാസം, 19 തീയതി രാഘു കാലം കഴിഞ്ഞ് 12.15 നും 1.10 ഇടയിലേ സമയമായിരുന്നു പെണ്ണുകാണൽ ചടങ്ങിനായി നിശ്ചയിച്ചത്.. അതേ, ജാനകി സിനിമ കൊട്ടകയിൽ ഫസ്റ്റ് ഷോ തുടങ്ങുന്നതിനു മുൻപ് ... എന്നാൽ, എസ് എസ് എൽ സി പരീക്ഷക്ക് ചേദ്യ പേപ്പർ കിട്ടി കൃത്യം പതിനഞ്ച് മിനിറ്റ് കൂൾ ഓഫ് ടൈം കഴിയുമ്പോൾ ഹാളിൽ നിന്ന് ഇറങ്ങി പോയിരുന്ന കുഞ്ഞൂട്ടൻ പെണ്ണുകാണൽ ചടങ്ങിന്റ ഒരാഴ്ച്ച മുന്നേ തന്നേ നാട്ടിൽ എത്തി എന്നതാണ് പരമ സത്യം..!. 

 

നാട്ടിൽ എത്തിയത്തും ഭാവി വധുവിനേക്കുറിച്ചുള്ള റിസേർച്ച് കുഞ്ഞൂട്ടൻ തുടങ്ങിയിരുന്നു.. ആദ്യം, സജിമോന്റെ ഇ കഫയിൽ പോയി അര മണിക്കൂറിനുള്ളിൽ സുനന്ദയുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ എടുത്ത് മ്യൂച്ചൽ ഫ്രണ്ട്സ് വല്ലോം ഉണ്ടോന്നും, ഓൾ ഫ്രണ്ട്സ് ലിസ്റ്റിൽ എത്ര മെയ്ൽ പ്രൊഫൈൽസും ഉണ്ടെന്ന് നോക്കി തിട്ടപെടുത്തി.. പക്ഷേ കുഞ്ഞൂട്ടൻ പേടിച്ചത് പോലെയല്ലായിരുന്നു കാര്യങ്ങൾ ... അന്ന് തന്നേ കീഴാവുകുളം ശിവ ക്ഷേത്രത്തിൽ മാർക്ക് സക്കർബർഗിന്റ പേരിൽ നൂറ്റിയൊന്ന് ജലധാര കയ്പ്പിക്കാൻ കുഞ്ഞൂട്ടൻ റെഡിയായിരുന്നു..!

 

സുനന്ദയെ ഒന്നു കാണാൻ പശുവിൻ പാലും ആട്ടിൻ പാലും അര ലീറ്റർ വെള്ളവും മിക്സ്‌ ചെയ്ത് രാജാസ്ഥാനിൽ നിന്നുള്ള ഒട്ടകത്തിന്റ പാല് തരാൻ വന്നതാന്ന് പറഞ്ഞ് പതിയേ സുനന്ദയുടെ വീട്ടിൽ റൗണ്ട്സിനു പോയെങ്കിലും സുനന്ദയെ കുഞ്ഞൂട്ടന് കാണാൻ പറ്റീല്ല .!. അന്ന് അതിന്റ ദു:ഖത്തിലായിരുന്നു കുഞ്ഞൂട്ടൻ ..

 

അന്ന് തന്നേ കുറുക്കൻമൂല വളവിന്റെ അടുത്തുള്ള ബിവറേജിൽ നിന്ന് രണ്ട് കുപ്പി സൾസയും വാങ്ങി കൂട്ടിനു ചിയേഴ്സ് പിടിക്കാൻ രണ്ട് സുഹൃത്തകളേയും കൂടെ കൂട്ടി.. ഒരു ഗ്രേഡ് ഇല്ലങ്കിലും ഗ്രേഡ് കൂടിയ സിനിമകൾ മാത്രം കാണുന്ന സിനിമാ പ്രേമി സുഗുണൻ ...

 

‘ശരിയാ ...! നമ്മുക്ക് ഒരു ഐഡിയ വർക്ക് ഔട്ട് ചെയ്താലോ..’ ദാണ്ടോ രണ്ടാമത്തേ മുതല് ഷിബു ..! വായന ദിനത്തിന്റ അന്ന് മുത്തുചിപ്പിയുടെയും, ഫയറിന്റയും പുതിയ എഡിഷൻ ഒരുമിച്ച് ഒറ്റയിരുപ്പിൽ വായിച്ച തീർത്ത മാരക മുതല്! മരിച്ച അപ്പൂപ്പന് റീത്ത് വാങ്ങാൻ ഫാസ്റ്റ് ട്രാക്ക് ടൂർ & ട്രാവൽസിന്റ ഇന്നോവ കാറിന്നു നേരേ ലിഫ്റ്റ് സിഗ്നൽ കാണിച്ച ഗടി!

‘‘കുഞ്ഞൂട്ടാ ..! സുനന്ദയുടെ മനസ്സിൽ ഇയ് എങ്ങനേലും കയറി പറ്റണം... ആ രമേഷേട്ടൻ ഇപ്പോഴും സുനന്ദയുടെ ഫോട്ടോയും ജാതത്തിന്റ കുറുപ്പം കൊണ്ട് നടക്കാ ..’’

 

കുഞ്ഞൂട്ടൻ ഞെട്ടി!! ഇന്ന് മാട്രിമണിയിൽ റജിസ്റ്റർ ചെയ്യുന്നതിന് തുല്യമായിരുന്നു രമേഷേട്ടന്റടുത്ത് ബ്രോക്കർ ഫീസും ഫോട്ടോയും കൊടുക്കുന്നത്.. ഹൈലി പ്രഫഷണൽ ...! സ്വന്തം മക്കൾക്ക് നാട്ടിലും വിദേശത്തുമായി രണ്ട് വിവാഹം കഴിപ്പിച്ച ബ്രോക്കർ രമേഷേട്ടനേ പേടിക്കാതെ പിന്നേ..!!.

 

‘ഓള്, ആ സി.വി.എസ്. സ്പോർട്ട്സ് അക്കാദമിയിൽ അല്ലേ ശനിയാഴ്ച നീന്തൽ ക്ലാസ്സിന് പോണേ.’

 

ഇത് കേട്ടതും കുഞ്ഞൂട്ടന്റ മനസ്സിൽ നൂറ്റിഎഴുപത് വാൾട്ടിന്റ രണ്ട് ടങ്സ്റ്റൺസ്റ്റൺ ഫിലമന്റ് ബൾബ് കത്തി! സുനന്ദയെ ഒന്ന് ഇംപ്രസ് ചെയ്യാൻ ഒരു ഐഡിയയും പോക്കറ്റിൽ ഇട്ട് കുഞ്ഞൂട്ടൻ ശനിയാഴ്ച്ച സി.വി.എസ്. സ്പോർട്സ് അക്കാദമിയിൽ നീന്തൽ ക്ലാസ്സിനു ജോയിൻ ചെയ്യാൻ തീരുമാനിച്ചു ... പെണ്ണുങ്ങൾക്ക് രാവിലെ 9.00 മണി മുതൽ ഉച്ചക്ക് 12.00 മണി വരെയും ആണ്ണുങ്ങൾക്ക് 12.00 മണി മുതൽ 3.00 മണി വരേയുമാണ് സി.വി.എസ്. അക്കാദമിയിലെ നീന്തൽ സമയം... ടൗണിലെ ശ്രീ കൃഷ്ണ ടെക്സ്‌ടൈൽ ഷോപ്പിൽ നിന്നും വാങ്ങിയ കിളി പച്ച കളർ സ്വിമ്മിങ് സ്യൂട്ട് കഞ്ഞി വെള്ളത്തിൽ കഴുകി , ഇസ്തിരിയിട്ട് തേച്ച് കുഞ്ഞൂട്ടൻ ശനിയാഴ്ച്ച സി.വി.എസ്. സ്പോർട്സ് അക്കാദമിയിൽ അതുമായി വലതുകാൽ വച്ചു... സ്വിമ്മിങ് ക്ലാസ്സ് കഴിഞ്ഞ് പുറത്തേക്കു വരുന്ന സുനന്ദയോട് സംസാരിക്കാനുള്ള സംഭാഷണം മനസ്സിൽ എഡിറ്റ് ചെയ്തു കൊണ്ടിക്കുമ്പോഴാണ്, സ്വിമ്മിങ് റൂമിന്റ അകത്ത് നിന്നും ‘പാമ്പ് ....!!!’ ന്ന് അലറി വിളിച്ചു കൊണ്ട് സുനന്ദയും, മറ്റു പെണ്ണുങ്ങളും പുറത്തേക്ക് ഓടി വരുന്നത്.... ‘പാമ്പോ...’ കുഞ്ഞൂട്ടനും ഞെട്ടി..! ശബ്ദം കേട്ട് സി.വി.എസ്. സ്പോർട്സ് അക്കാദമിയുടെ മാനേജറായ അറുപതു വയസ്സുകാരൻ രാജപ്പൻ ചേട്ടനും ചൂലുമായി ഓടി വന്നു... ‘‘എനിക്ക് ജന്മനാ സർപ്പ ദോഷമുള്ളതാ ... ’’ ന്ന് പറഞ്ഞ് രാജാപ്പൻ ചേട്ടൻ ഒരു മൂലയിലേക്ക് പെട്ടന്ന് തന്നേ മാറി നിന്നു ...

 

നാട്ടിലെ ആകെയുള്ള പാമ്പ് പിടുത്തക്കാരനായ നാരാട്ടണകുട്ടി ചേട്ടൻ ആഫ്രിക്കയിൽ നിന്ന് വന്ന അനാകോണ്ടയേ നേരിൽ കാണാൻ തിരുവനന്തപുരത്തേ മൃഗശാലയിലേക്ക് കുടുംബശ്രീ യൂണിറ്റിന്റെ കൂടെ ടൂർ പോയിരിക്കുന്നു... എന്ത് ചെയ്യണമെന്നറിയാതെ എല്ലാവരും വായും പൊളിച്ച് നിൽക്കുമ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി മണികുട്ടൻ ചേട്ടൻ സുനന്ദയെ നോക്കി നിൽക്കുന്ന കുഞ്ഞൂട്ടനെ ശ്രദ്ധിച്ചത്... 

‘‘അല്ല... കുഞ്ഞൂട്ടാ ... ഇയിക്ക് പാമ്പിനേ പിടിക്കാൻ പറ്റ്യൂലേ ?!’’ എല്ലാവരും കുഞ്ഞൂട്ടനെ നോക്കി... സുനന്ദയും!! 

‘‘കുഞ്ഞൂട്ടൻ പണ്ടേ ധൈര്യശാലിയാ ... ’’ സെക്രട്ടറി തുടർന്നു...

‘‘കുഞ്ഞൂട്ടാ നീ ഒന്ന് ശ്രമിച്ച് നോക്ക്.. അന്നേ കൊണ്ട് പറ്റും..’’

സുനന്ദയും ചെറുതായി ചിരിച്ചതോടെ കുഞ്ഞൂട്ടൻ ചാവു കടലിൽ സ്കൂബ ഡൈവിംഗ് ചെയ്യാനും റെഡിയായിരുന്നു..!

 

ഒരു ചെറിയ തടി കമ്പുമായി കുഞ്ഞൂട്ടൻ നീന്തൽ റൂമിന്റ അകത്തേക്ക് കടന്നു... 

ശരിയാ!! ദാണ്ടേ. സ്വിമ്മിങ് പൂളിന്റ വെള്ളത്തിൽ ഒരു പാമ്പ് പൊങ്ങി കിടക്കുന്നു... കുഞ്ഞൂട്ടൻ ആ തടി കമ്പ് കൊണ്ട് പാമ്പിനെ ഒന്ന് തട്ടി നോക്കി... പാമ്പ് അനങ്ങുന്നില്ല... ഞാൻ എപ്പോഴേ ചത്തു ടാ മോനേ ന്ന് പറഞ്ഞ് കിടക്കുന്ന പാമ്പ് ... ‘കുഞ്ഞൂട്ടാ ... സുനന്ദയുടെ മുന്നിൽ ആളാവാൻ ഇതിലും പറ്റിയ അവസരം ഇനി കിട്ടില്ല.’ വേറാരുമല്ല... കുഞ്ഞൂട്ടന്റ തന്നേ ഡബിൾ പേർസണാലിറ്റിയുടെ ശബ്ദമായിരുന്നു. കുഞ്ഞൂട്ടന്റ മനസ്സിൽ ഒരേ സമയം ആയിരത്തിയൊന്ന് ലഡു പൊട്ടി... പൽവാൾദേവനെ കൊന്ന ജൂനിയർ ബാഹുബലിയേ പോലെ ആ പാമ്പിനെ തടി കമ്പിൽ എടുത്തുകൊണ്ട് കുഞ്ഞൂട്ടൻ പുറത്തേക്കു വന്നു... കുഞ്ഞൂട്ടന്റ മാസ് എൻട്രി കണ്ട് എല്ലാവരും ഞെട്ടി!!!

 

‘‘പാമ്പിനെ എനിക്ക് കൊല്ലേണ്ടി വന്നു...’’ ഈ പഞ്ച് ഡയലോഗ് പറഞ്ഞതിനു ശേഷം കുഞ്ഞൂട്ടൻ സുനന്ദയെ നോക്കി... സുനന്ദയുടെ കണ്ണിലേ 916 ന്റ തിളക്കം കുഞ്ഞൂട്ടന് നല്ല പോലെ കാണാമായിരുന്നു... പാമ്പിനെ ഒരു പ്ലാസ്റ്റിക് കവറിലേക്കിട്ട അതേ സമയത്തായിരുന്നു സുനന്ദയുടെ അച്ഛൻ പഴയ ബജാജിന്റെ സ്കൂട്ടറിൽ അവിടെ എത്തിയത് ... കാര്യം വിശദമായി തിരക്കിയ സുനന്ദയുടെ അച്ഛൻ ആ പാമ്പിനെ തന്റെ സ്കൂളിലെ സുവോളജി ലാബിലേക്ക് ആസിഡ് ഇട്ട് വക്കുവാൻ വേണ്ടി കുഞ്ഞൂട്ടന്റ കൈയിൽ നിന്നും ഏറ്റുവാങ്ങി... ഒരു പി. ടി മാഷിനു സ്കൂളിലെ സുവോളജി ഡിപാർട്ട്മെന്റിനോട് എന്തിനാ ഇത്ര കൂറെന്ന് വിചാരിക്കുന്നെണ്ടെങ്കിൽ തെറ്റി... ഭർത്താവ് ഗൾഫിലായിരുന്ന ജലജ ടീച്ചറുടെ മുന്നിൽ ഷൈൻ ചെയ്യാനുള്ള ബ്രമാസ്ത്രമായിരുന്നു ആ ചത്ത പാമ്പ്... ഒരേ സമയം ഭാവി വധുവിനേയും ഭാവി അമ്മായിയച്ചനെയും ഇംപ്രസ് ചെയ്യാൻ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു കുഞ്ഞൂട്ടൻ ... അന്ന് തന്നേ വീടിന്റ അടുത്തുള്ള സർപ്പ കാവിൽ ഇരുപത്തിയഞ്ച് കോഴി മുട്ടയും, അര ലിറ്റർ പാലിൽ ഒരു ലിറ്റർ വെള്ളം ചേർത്ത പാപാലും നാഗദൈവങ്ങൾക്ക് കുഞ്ഞൂട്ടൻ നേർച്ചയായി സമർപ്പിച്ചു... എന്നാൽ പിറ്റേ ദിവസം രാവിലെയായിരുന്നു അത് സംഭവിച്ചത്. സ്വന്തം ഭാവി അമ്മായച്ഛൻ ജി.കെ. പ്രഭാകരനെ പൊലീസ് അറസ്റ്റ് ചെയ്തു... പാമ്പിനെ കൊണ്ട് സ്കൂളിലെ സുവോളജി ടീച്ചറെ കടിപ്പിച്ചു എന്നതായിരുന്നു കേസ്... അതേ, ബ്രമാസ്ത്രം പാളി പോയി... പാമ്പ് മരിച്ചിട്ടില്ലായിരുന്നു. അങ്ങനെ കുഞ്ഞൂട്ടന്റയും സുനന്ദയുടെയും കല്യാണം പെണ്ണുകാണൽ ചടങ്ങിനു മുന്നേ ഫുൾസ്റ്റോപ്പിട്ടു..! ശുഭം!

 

Content Summary: Kunjuttan, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com