‘മരണത്തെ എന്നെങ്കിലും മുഖാമുഖം കണ്ടിട്ടുണ്ടോ? മരവിപ്പ് കടന്നു തണുപ്പിലേക്കൊരു യാത്ര... ’

sad-man-in-bathroom
Representative Image. Photo Credit : Perfect Wave / Shutterstock.com
SHARE

ഒറ്റാൽ (കഥ)

കണ്ണുകളിൽ ഇരുട്ട് പരക്കുന്നു. കഷണ്ടി വിരുന്നു വന്നു വശങ്ങളിലൂടെ കയറിത്തുടങ്ങിയ നെറ്റിത്തടം വലിഞ്ഞു, വിയർത്തിരിക്കുന്നു. കൈയെത്തും ദൂരത്ത് എക്സോസ്റ്റ് ഫാൻ കറങ്ങി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇനി ആകെ ആ വിടവിലൂടെ മാത്രമാണ് ആർക്കെങ്കിലും എന്നെ കേൾക്കാൻ കഴിയുക. ഞാൻ ഉറക്കെ വിളിച്ചു...

‘‘ഹെൽപ്... കോയീ ഹെ .. ഹെലോ... ആരേലും...’’ അറിയാവുന്ന ഭാഷകളിൽ എല്ലാം ഞാൻ കൂകി വിളിച്ചുകൊണ്ടിരുന്നു.

അവധിക്കാലം ആയതിനാൽ പ്രവാസികുടുംബങ്ങൾ ഒട്ടേറെ നാട്ടിൽ പോയിക്കാണും. അല്ലെങ്കിൽ അടുത്ത ഫ്ളാറ്റിലെ ആരെങ്കിലും കേട്ടു വന്നേനെ...

എത്രകാലമായി ലീഫ് പൊട്ടിയിട്ട് .....

കഫം ഉറച്ച തൊണ്ടയിലെ ശബ്ദം പോലെ, എന്തോ കറുമുറാ കറുമുറാ ശബ്ദമുണ്ടാക്കിക്കൊണ്ട് അതെന്നും അലോസരപ്പെടുത്തിയിരുന്നു. എന്റെ കുഴിമടി തന്നെ, അന്നൊന്നും തിരിഞ്ഞുനോക്കിയില്ല. ഇതിപ്പോ പറഞ്ഞിട്ടെന്താ, എന്റെ കൂകി വിളികൾ പോലും ആ ശബ്ദത്തിന്റെ ഒപ്പം അലിഞ്ഞില്ലാതാകുന്നു.

ഒറ്റയ്ക്കാകുന്ന ഈ നിമിഷങ്ങളിലാണ് നമ്മുടെ ധൈര്യം നാം പോലും തിരിച്ചറിയുന്നത്. ബാത്ത് റൂമിന്റെ ലോക്ക് തുറക്കാൻ പറ്റാതെ ഞാൻ നിന്നു വിയർത്തു.

*********     *********    ********    ******

മരണത്തെ എന്നെങ്കിലും മുഖാമുഖം കണ്ടിട്ടുണ്ടോ? മരവിപ്പ് കടന്നു തണുപ്പിലേക്കൊരു യാത്ര.... ആകെ മൊത്തം ഹിമപാതത്തിൽ പെടുന്ന അവസ്ഥയാണെന്ന് അത് അന്ന് എന്നോട് നീ പറഞ്ഞിരുന്നു. ഞാൻ പഠിച്ച ശാസ്ത്രത്തിൽ ഒന്നുമുണ്ടായിരുന്നില്ല. നീ പറയുന്ന ഒന്നും തന്നെ. ഒരു കാര്യം മാത്രം എനിക്കിപ്പോൾ, ഈ നിമിഷത്തിൽ ഓർമവരുന്നു. ശാസ്ത്രവും യുക്തിയും. നീയും ഞാനും.

പ്രിയപ്പെട്ടവളെ, നിന്റെ ദൈവങ്ങളെ പുച്ഛിച്ചു തളളിയ ഓരോ നിമിഷത്തെയും ഞാൻ ഇപ്പോൾ വെറുക്കുന്നു.

എന്റെ ശബ്ദം, അതിന്റെ രക്ഷപ്പെടാനുള്ള വെമ്പൽ.. തൊണ്ട പൊട്ടുമാറ് വിളിച്ചിട്ടും, ചുമരിൽ തലതല്ലി വിളിച്ചിട്ടും ആരും കേട്ടില്ല.

ഒരു കാലടിക്ക് വേണ്ടി, ഒരു ഡെലിവറിബോയുടെ വഴിതെറ്റിയ വരവിനുവേണ്ടി അറിയാതെ ആഗ്രഹിച്ചു പോകുകയാണ്... ആഗ്രഹത്തിന് കൂട്ടുവരാൻ യുക്തി മാത്രമില്ല ...

ഇല്ല...!

ഇവിടെ എന്റെ ബോധം യുക്തിയുടെ മതിലുകൾ കടന്നുപോകുകയാണ്. ഈ സമയത്തും ദൈവമുണ്ടോ ?

ദൈവമുണ്ടെങ്കിൽ വന്നുകൂടെ ഒരു നേരം... ആരെങ്കിലുമായി..!

ദൈവം മനുഷ്യനിൽ ആണെന്ന് പറഞ്ഞിട്ട് മനുഷ്യൻ വഴി, ആ രൂപത്തിൽ വന്നുകൂടെ ..

മനസ്സ് പായുകയാണ്. ചിന്തകൾ കോൺക്രീറ്റ് ചുമരുകളിൽ തട്ടിത്തടഞ്ഞു വീണ്ടും തിരിച്ചു വന്നു. മനസ്സിൽ കടന്നു വീണ്ടും അവ തിരിച്ചുപോയി തലതല്ലി അകന്നു.

ശൂന്യതയിൽനിന്ന് ... ഒരു ഒറ്റാൽ തെളിഞ്ഞു വന്നു. അതിനകത്ത് കുടുങ്ങിയ മീനിനെ പോലെ തിരിഞ്ഞും മറിഞ്ഞും ഞാനാകെ ഞാനല്ലാതാകുന്നു ...

സമയം രണ്ടുമണിക്കൂർ കഴിഞ്ഞിരിക്കുന്നു. ആരും കേൾക്കില്ല. ഇനി ആര് !? പ്രതീക്ഷകൾ അസ്തമിച്ചു. നിശബ്ദ പ്രാർത്ഥനയുമായി ഞാൻ ഇരുന്നു. ആരെങ്കിലും ഏതെങ്കിലും... ഒരു കാലടിയെങ്കിലും ഞാൻ കേൾക്കും ..

ദൈവമേ.... എന്നെ ഒന്ന്....

ചുമരിനപ്പുറത്തെ വേസ്റ്റ്റൂമിലേക്ക് വന്നു വീഴുന്ന ഓരോ സാധനങ്ങളും എന്റെ മനസ്സിൽ ഓരോ കാലടികൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.

ഭ്രമകൽപ്പനകളെ ... ആരോ നടന്നു വരുന്ന ശബ്ദം കേട്ടു. അവർ രക്ഷിക്കാനായി കയറിവരുന്നു.

ഒരുപക്ഷേ റൂമിനകത്ത് ആണ് ഞാൻ പെട്ടെതെങ്കിൽ.. അതിത്ര ഭീകരമായ ഒറ്റപ്പെടൽ ആകില്ലായിരുന്നു. നിന്നുതിരിയാൻ സ്ഥലം ഇല്ലാത്ത ഈ ബാത്റൂമിൽ ആയതു കൊണ്ട്....

ഇത് വിശപ്പിന് മാത്രം അവധി കൊടുത്തിരിക്കുന്ന ഞാനല്ല.. സമയം യുഗങ്ങളായി ആണ് കടന്നുപോകുന്നത്.

ഒരു മിനിറ്റ് അതിജീവിക്കാൻ എനിക്ക് കഴിവില്ലാതെ ഇരിക്കുന്നു. ഞാൻ ഏകനാണ്..

പുച്ഛിച്ചുതള്ളിയ ഏതെങ്കിലുമൊരു ‘അവതാരം’ ഇതിലെ വരുമായിരിക്കും ... ഡെലിവറി ബോയ് ആയി, പുതിയ ഓഫർ ഇടുന്ന പയ്യനായി അല്ലെങ്കിൽ മുഖം കറുപ്പിച്ച് യാത്രയാക്കിയ ഏതോ ഒരു കുട്ടിയുടെ രൂപത്തിൽ ...

സംസാരം കുറച്ചു തന്നിലേക്ക് ചുരുങ്ങുമ്പോൾ.. ഒരുമാത്ര പ്രതീക്ഷകൾ അസ്തമിച്ചു ..

വൈറസ് ചിന്തകളൊന്നും തന്നെ ഇല്ലാതെ, കുറച്ചകലെ ക്ലോസറ്റ് സീറ്റില് ചാരി ഞാനിരുന്നു. ബാക്ടീരിയകൾ,

വൈറസ്, കീടാണുക്കൾ.. അങ്ങനെയൊന്നും എന്റെ ചിന്തകളെ ആക്രമിക്കാൻ ഉണ്ടായിരുന്നില്ല.

ശൂന്യം...

എന്റെ ഭ്രമകൽപ്പനകളെല്ലാം അവസാനിച്ചിരിക്കുന്നു. എന്റെ മോളും അവളുടെ അമ്മയും അവരുടെ കളിചിരികളും മനസ്സിൽ കയറിവന്നു. അതിനിടക്ക് ഞാനെപ്പോഴോ കരഞ്ഞിരുന്നു. കണ്ണീരിലെ നനവ് ചുണ്ട് അറിഞ്ഞപ്പോൾ....

ഞാനത് മറന്നു...

ഓർമകളിൽ ഞാൻ അവളോട് യാത്ര പറഞ്ഞു..

പ്രകടിപ്പിക്കാത്ത സ്നേഹം അതിനൊരു വിലയില്ല എന്നവൾ പറയായിരുന്നു. എന്തിനാ ഇങ്ങനെ ഒക്കെ ഉള്ളിലൊതുക്കി വെക്കുന്നെ.. സ്നേഹവും സന്തോഷവും സങ്കടവുമൊക്കെ ഇങ്ങനെ ..

‘‘എനിക്കിഷ്ടമാണ്, എന്നോളം തന്നെ... എന്റെ പാതിജീവൻ അല്ലേ..’’ ചുണ്ടുകൾ പിറുപിറുത്തു.

കളിച്ചു ചിരിച്ച് പാർക്കിൽ ഓടിനടന്ന് മകളും അവളെ കെട്ടിപ്പിടിച്ചു ക്യാമറയിലേക്ക് നോക്കുന്ന നീയും അവസാനം അയച്ച വാട്സാപ്പ് വിഡിയോ അതെന്റെ മനസ്സിൽ ഒരാവർത്തികൂടി വന്നു മാഞ്ഞു. ഒപ്പം പതിയെ കണ്ണുകൾ അടഞ്ഞു.

ജനുവരിയുടെ തണുപ്പും മടുപ്പും പിന്നെ ഞാനും. യാത്ര ; തിരികെ വരുമോ എന്ന് അറിയാത്ത യാത്ര....

********    *********    ***********    **********

നെറ്റിത്തടത്തിലേക്ക് വന്നുവീഴുന്ന വെള്ളത്തുള്ളികൾ ആണ് എന്നെ ഉണർത്തിയത്. പതിയെ അതിന്റെ ശക്തി കൂടി.. ഞാൻ മരവിച്ചങ്ങനെ ഇരുന്നു... കണ്ണ് തുറന്നു ശൂന്യതയിൽ.. പുകമഞ്ഞിൽ സൂര്യൻ തെളിഞ്ഞ പോലെ... ഒരു ചൈതന്യം...

ചുമരിൽ നിർത്താതെയുള്ള അടി കേട്ടാണ് വീണ്ടും ഞാനുണർന്നത്.

‘ബായിജാൻ.. ഡോർ ഓപ്പൺ കരോ..’ ഫ്ളാറ്റിലെ കെയർ ടേക്കർ ആണ്...

‘മുകൾത്തട്ടിലെ വെളളടാങ്കിനു ലീക്ക് ഉണ്ട് അതുകൊണ്ടാണ് വെള്ളം വരുന്നത്.. ഈ താഴത്തെ നിലയിലെ ബാത്റൂമിലെ വാൽവ് പരിശോധിക്കണം...’ അവൻ ഹിന്ദിയിൽ ആരോടോ പറയുന്നു..

ഒരുനിമിഷം തൊണ്ടയിൽ നിന്ന് ഒന്നും വന്നില്ല.. പിന്നെ ഞാനാർത്തുവിളിച്ചു .

ഒടുക്കം ബാത്ത് റൂമിന്റെ ലോക്ക് തകർത്തു, വാതിൽ തുറന്ന് അവരെന്നെ പുറത്തിറക്കി. മനസ്സ് പുറത്തിറങ്ങാൻ ഇനിയും സമയമെടുത്തേക്കും. പ്രപഞ്ചശക്തികളെ നന്ദി..!

Content Summary: Ottal, Malayalam short story written by Jithin Trikkovil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA