അധ്യാപകൻ സ്വാർഥതയില്ലാതെ, എല്ലാ വിദ്യാർഥികളുടെയും മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ആളായിരിക്കണം

young-girl-talking-her-upset-friend
Representative Image. Photo Credit : VGstockstudio / Shutterstock.com.
SHARE

മാവേലി (കഥ)  

റാം സാറിന്റെ ഇലക്ട്രോണിക്സ് ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാവരും ബോറടിച്ചിരിക്കുകയാണ്. അല്ലെങ്കിലും റാം സാറിന്റെ ക്ലാസ്സിൽ എല്ലാവരും ഉറക്കം തൂങ്ങിയിരിക്കുകയാണ് പതിവ്. സർ ഓരോരുത്തരുടെ പേര് വിളിച്ചു ചോദ്യം ചോദിക്കാൻ തുടങ്ങി. ആർക്ക് ഉത്തരം കിട്ടാനാണ്. അപ്പോഴാണ് സർ ശുഭയെ നീട്ടിവിളിച്ചത്. ശുഭ വിളി കേട്ടില്ല. ശുഭ അന്നും വന്നിട്ടില്ലായിരുന്നു.

‘‘ഈ കുട്ടിയെന്താ ഇന്നും വന്നിട്ടില്ലേ. എന്താ ഈ കുട്ടിക്ക് പഠിക്കണമെന്നുള്ള താല്പര്യമില്ലേ.’’

ഇങ്ങിനെ ഓരോന്ന് പിറുപിറുത്തു സർ ക്ലാസ്സ്‌ എടുത്ത് തുടങ്ങി.

തിങ്കളാഴ്ച  ദിവസം അങ്ങിനെയാണ്. ബോറടിച്ചു ചാവും എല്ലാവരും. കാരണം ഫസ്റ്റ് രണ്ട് പീരിയഡ് റാം സാറിന്റെ ക്ലാസ്സാണ്. അത് കഴിഞ്ഞ് ഒരു പരുവമായിട്ടാവും ലാബിലേക്ക് പോവുക.. അവിടെയും സാറിന്റെ വായിൽ തോന്നിയ ചീത്ത കേൾക്കണം.. ശരിക്കും പറഞ്ഞാൽ അവധി കഴിഞ്ഞു വരുന്ന ആദ്യ ദിവസം പോക്കാണ്. പലപ്പോഴും തോന്നിയിട്ടുണ്ട്.. സർ ഞങ്ങളെയും ഞങ്ങൾ സാറിനെയും ശപിച്ചിട്ടായിരിക്കും ക്ലാസ്സ്‌ തുടങ്ങുന്നതെന്ന്.

‘‘എന്താ കുട്ട്യോളെ സ്വപ്നം കണ്ടു നിൽക്കാണോ.. വേഗം എക്സ്പിരിമെന്റ് ചെയ്തു അവസാനിപ്പിക്കാൻ നോക്ക്.’’

റാം സർ പറയുന്നത് കേട്ടാണ് ഞാൻ പെട്ടെന്ന് ആലോചനയിൽ നിന്നും തിരികെ വന്നത്.

‘‘ഈ സാറിനു എന്തിന്റെ കേടാണ്.. റിട്ടയേർമെന്റ് ആകാൻ പോവുകയല്ലേ. അതിന്റെ ബുദ്ധിമുട്ടാണ് സാറിന്. എപ്പോൾ നോക്കിയാലും നമ്മളെ ചീത്ത പറഞ്ഞുകൊണ്ടിരിക്കും. എന്നെങ്കിലും നല്ല വാക്ക് പറയുമെന്ന് എനിക്ക് തോന്നുന്നില്ല.’’ നിഷ വിഷമത്തോടെ പറഞ്ഞു.

‘‘നീ മിണ്ടാതിരി.. ഇനി ഇത് കേട്ടിട്ട് എന്തെങ്കിലും മാർക്ക്‌ കുറച്ചാൽ അത് മതി.. ഇപ്രാവശ്യം സപ്ളിമെന്ററി  ഇല്ലാതെ രക്ഷപ്പെട്ടു പോവണ്ടേ.. അതിന് കുറച്ചു സഹിച്ചേ പറ്റൂ.’’ ഞാൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

അന്ന് പലവട്ടം എക്സ്പെരിമെന്റ്  ചെയ്തിട്ടും റീഡിങ് ശരിക്ക് കിട്ടിയില്ല. അതിനും സർ പഴിപറഞ്ഞു. മൊത്തത്തിൽ ഒരു സുഖമില്ലാതെയാണ് അന്ന് കോളേജിൽ നിന്നും ഇറങ്ങിയത്. പുറത്തേക്കിറങ്ങിയപ്പോൾ ദാ നിൽക്കുന്നു പൂവാലകൂട്ടം..

ഇവർക്കൊന്നും വേറെ പണിയില്ലേ.. നിഷക്ക് ദേഷ്യം അരിച്ചു കയറി.

കാരണം അവളുടെ പിന്നാലെ നടക്കുന്ന പൂവാലൻ അവളെ നോക്കി  വെള്ളമിറക്കി നിൽപ്പുണ്ട്..

‘‘അവനിന്ന് നല്ല കുശാലായിരിക്കും. അല്ലെങ്കിലേ ഇവൾക്ക് ഇന്നത്തെ ദിവസം പോക്കാണ്..’’ ഞാൻ മനസ്സിൽ പറഞ്ഞു.

അവൻ മമ്മൂട്ടി സ്റ്റൈലിൽ അവളുടെ അടുത്തേക്ക് വന്നതും അവൾ 

‘‘പോ മരങ്ങോടാ’’ എന്ന് പറഞ്ഞതും ഒരുമിച്ചായിരുന്നു.

അവിടെ കൂടി നിന്നവരെല്ലാം കൂട്ടച്ചിരി തുടങ്ങി.. അത് കണ്ട് അയാൾ ഒരു സെക്കന്റ് കൊണ്ട് അപ്രത്യക്ഷമായി.

‘‘ഇതൊക്കെ നമ്മളുടെ ജീവിതത്തിൽ ഒരു രസമല്ലേടാ.’’ ഞാൻ നിഷയോട് പറഞ്ഞു.

‘‘കോളേജ് ജീവിതത്തിൽ നമ്മൾക്ക് കിട്ടുന്ന ഇങ്ങിനെയുള്ള ഓരോരോ തമാശകൾ. അത് നമ്മൾ ആസ്വദിക്കണം’’ ഞാൻ പിന്നെയും അവളെ അശ്വസിപ്പിക്കാൻ തുടങ്ങി.

‘‘നിനക്ക് അതൊക്കെ പറയാം. ഇതെനിക്ക് തമാശയല്ലെടീ.. എനിക്ക് കോളേജിലെ കാര്യം ആലോചിക്കുമ്പോഴാണ് വിഷമം. ഇതു നമ്മുടെ ഫൈനൽ ഇയർ ആണ്. എനിക്ക് നല്ല മാർക്കില്ലെങ്കിൽ നിനക്കറിയാലോ എന്റെ അവസ്ഥ. അതാലോചിക്കുമ്പോൾ പേടി തോന്നാണ്. റാം സാറിന് എന്നെ കണ്ടൂടാ.. കഴിഞ്ഞ പ്രാവശ്യം അയാൾ എനിക്ക്  ഇന്റേണൽ മാർക്ക്‌ കുറച്ചത് നല്ല ഓർമയുണ്ട്. ഇപ്പോഴും അതാവർത്തിച്ചാൽ എനിക്കറിയില്ല.. എന്റെ കാര്യം പോക്കാ.. നിനക്ക് പ്രശ്നമൊന്നുമില്ലല്ലോ.. നിനക്കെന്തിനാ ജോലി. ഇത് കഴിഞ്ഞാൽ നിന്നെ നിന്റെ വീട്ടുകാർ ഏതെങ്കിലും പണച്ചാക്കിന്റെ തലയിൽ വെച്ചു കെട്ടും.. പിന്നെ നിന്റെ കാര്യം ഉഷാർ.. നമ്മൾ പാവങ്ങൾ എങ്ങിനെയെങ്കിലും ജീവിക്കണ്ടേ.. ’’

അത് പറയുമ്പോൾ അവളുടെ മുഖത്തുള്ള നീരസം എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു.

പിന്നെ ഞങ്ങൾ രണ്ട് പേരും ഒന്നും മിണ്ടിയില്ല. നിഷക്ക് അമ്മയും ഒരു കൊച്ചനുജത്തിയുമാണ് ഉള്ളത്. അവൾ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ ബൈക്കപകടത്തിൽ മരിച്ചു. ആ സംഭവത്തിന് ശേഷം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അവൾ.. ആ അവസ്ഥയിൽ നിന്നും തിരിച്ചു വരാൻ ഒരു വർഷമെടുത്തു.. എല്ലാത്തിനും അന്നും ഇന്നും ഞാൻ അവൾക്ക് കൂട്ടുണ്ട്..

അമ്മ എൽ.ഐ.സി ഏജന്റ് ആണ്.. വളരെയധികം ബുദ്ധിമുട്ടിയാണ് ഓരോ മാസവും അവർ തള്ളിനീക്കുന്നത്. ഞാൻ അവളെ പലപ്പോഴും സഹായിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതവൾ ഇന്നേവരെ സ്വീകരിച്ചിട്ടില്ല. അതിലവൾ അഭിമാനിയാണ്..

അന്ന് കുറേ നേരം കാത്തു നിന്നിട്ടാണ് ബസ് കിട്ടിയത്.. അതും നല്ല തിരക്കായിരുന്നു. അവൾക്ക് വേണ്ടിയാണ് ഞാനും ബസിൽ പോകുന്നത്. അച്ഛൻ വാങ്ങിത്തന്ന സ്കൂട്ടിയിൽ അവളുമായി കോളേജിലേക്ക് പോകാമെന്നു വെച്ചപ്പോൾ അതിലും അവളുടെ അഭിമാനം സമ്മതിച്ചില്ല. അതുകൊണ്ട് അവൾക്ക് വേണ്ടി ഞാനും ബസിൽ കയറാൻ തീരുമാനിച്ചു.. അവളുടെ വിഷമങ്ങൾക്ക് നടുവിൽ എന്റേതൊന്നും ഒരു പ്രശ്നമേയല്ല.. വീടിന്റെയടുത്തുള്ള സ്റ്റോപ്പിൽ ഞാൻ ഇറങ്ങുമ്പോഴും അവളുടെ മുഖത്ത് ഒരു സന്തോഷവും അപ്പോഴും ഉണ്ടായിരുന്നില്ല.

ഒരു സ്റ്റോപ്പിന്റെ വ്യത്യാസമേ ഞങ്ങളുടെ വീടുകൾ തമ്മിലുള്ളൂ. എല്ലാം ശരിയാകുമെന്നുള്ള ഒരാത്മവിശ്വാസം അവൾക്ക് നൽകിയാണ് ഞാൻ ബസിൽ നിന്നിറങ്ങിയത്.

‘‘നീ എന്താ മോളെ.. ഇന്നും നേരം ഒത്തിരി വൈകിയല്ലോ. നിന്നോട് സ്കൂട്ടിയിൽ പോകാൻ പറയുന്നതല്ലേ.. ഇവിടെ വണ്ടിയുള്ളപ്പോഴല്ലേ ഈ ബസിൽ കയറി കഷ്ടപ്പെട്ട് പോകുന്നത്..’’

അമ്മ പരിഭവം പറഞ്ഞു.

‘‘കുഴപ്പമില്ല അമ്മേ.. എന്റെ നിഷക്ക് വേണ്ടിയല്ലേ.. അവൾക്കില്ലാത്ത ഒരു സന്തോഷവും എനിക്കും വേണ്ട.’’

‘‘നല്ല കഥ.. സൗഹൃദം തലക്ക് പിടിച്ചാൽ എന്താ ചെയ്യാ..’’

അമ്മ ഓരോന്നും പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.

കുളിയൊക്കെ കഴിഞ്ഞ് നാമം ജപിച്ചു നിഷക്ക് വേണ്ടി ദൈവത്തിനോട് ഒത്തിരി പരിഭവിച്ചാണ് ഞാൻ അന്ന് ഉറങ്ങിയത്.

പിറ്റേ ദിവസം പ്രശ്നങ്ങളൊന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചാണ് കോളേജിലേക്ക് പോയത്. അന്ന് ഉച്ചക്ക് ശേഷമായിരുന്നു റാം സാറിന്റെ ക്ലാസ്സ്‌. അന്ന് സാറിന് ശുഭയെന്ന ഇരയോടായിരുന്നു കലി മുഴുവൻ.

‘‘താനെന്താ, മാവേലി ഓണത്തിന് നാട് കാണാൻ വരുന്ന പോലെയാണോ കോളേജിൽ വരുന്നത്. ഇനി ഇങ്ങനെ ക്ലാസ്സ്‌ മുടങ്ങാനാണ് തീരുമാനമെങ്കിൽ കോളേജിലേക്ക് വരണമെന്നില്ല. മനസ്സിലായോടോ ?..’’

ശുഭ അത് കേട്ടതും വല്ലാതാകുന്ന പോലെ തോന്നി.

ശുഭയുടെ മുഖപ്രസാദമൊക്കെ പോയിരിക്കുന്നു. എന്താണ് ഈ കുട്ടിക്ക് പറ്റിയത്. ഞാൻ എന്റെ സംശയം നിഷയുമായി പങ്കുവെച്ചു.

‘‘നീ ഇനി അതും ആലോചിച്ചു ഇരുന്നോ. ആ കുട്ടി അതിന് ആരോടും മിണ്ടാറില്ല.. പിന്നെ നമ്മൾ എങ്ങിനെയാ അറിയാ. എനിക്കതിനു താൽപ്പര്യവുമില്ല. നിനക്ക് വേണമെങ്കിൽ പോയി ചോദിക്ക്.’’

നിഷയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

എന്നാലും എന്റെ മനസ്സിൽ ഓരോരോ സംശയങ്ങൾ വന്നു കൊണ്ടേയിരുന്നു. ശുഭയോട് കാര്യങ്ങൾ അന്വേഷിക്കണമെന്നുണ്ടായിരുന്നു.. നിഷയോടുള്ള പേടി കൊണ്ട് അത് വേണ്ടെന്ന് വെച്ചു.

പിന്നെയുള്ള ദിവസങ്ങളിൽ ശുഭ കോളേജിലേക്ക് വരാതെയായി. ചിലർ പറഞ്ഞു. റാം സർ കാരണമായിരിക്കും ശുഭ വരാത്തത്. സർ കംപ്ലയിന്റ് കൊടുത്തു കാണും. എന്തോ എനിക്കത് വിശ്വസിക്കാൻ പറ്റിയില്ല. എങ്ങിനെയെങ്കിലും അതിനെക്കുറിച്ചു അന്വേഷിക്കണമെന്നെനിക്ക് തോന്നി.

ഞാൻ സ്റ്റാഫ്‌ റൂമിൽ പോയി കമ്പ്യൂട്ടർ ടീച്ചറോട് കാര്യങ്ങൾ തിരക്കി.

ടീച്ചർ വളരെ സൗമ്യ സ്വഭാവിയാണ്. ഞങ്ങൾക്കെല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ടീച്ചർ ആണ് കമ്പ്യൂട്ടർ ടീച്ചർ.

ശുഭക്ക് എന്തോ അസുഖമുള്ളത് കൊണ്ടാണ് ഇങ്ങിനെ മുടങ്ങുന്നതെന്ന് മാത്രമേ അറിയുള്ളുവെന്ന് പറഞ്ഞു.

ഇത് കേട്ടതും എന്റെ സംശയം കൂടി. പിന്നെ എന്തായാലും സത്യാവസ്ഥ അറിയാനുള്ള ആകാംക്ഷ കൂടി.. രണ്ടും കല്പിച്ചു നിഷയോട് കാര്യങ്ങൾ പറഞ്ഞു.

‘‘നമ്മൾക്ക് ശുഭയുടെ വീട് വരെ പോയാലോ.’’

മനസ്സില്ലാമനസ്സോടെ ആണെങ്കിലും നിഷ സമ്മതിച്ചു.

അങ്ങിനെ ഞങ്ങൾ രണ്ട് പേരും കൂടി ഓഫീസിൽ നിന്നും ശുഭയുടെ അഡ്രസ് കളക്ട് ചെയ്തു വീട്ടിലേക്ക് പോയി. അവിടെ ഞങ്ങൾ കണ്ട കാഴ്ച്ച വളരെ വേദനാജനകമായിരുന്നു.

ശരിക്കും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കൊച്ച് ഓടിട്ട വീട്.. രണ്ട് കുട്ടികൾ വീട്ടുമുറ്റത്തു കളിക്കുന്നുണ്ടായിരുന്നു. കളിക്കുന്നുണ്ടെങ്കിലും അവരുടെ മുഖത്തും എന്തോ വിഷമം നിഴലിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ അവർക്ക് ശുഭയുടെ  കൂട്ടുകാരികളാണെന്ന് മനസ്സിലായി. ഞങ്ങളുടെ യൂണിഫോമിൽ നിന്നും മനസ്സിലായതാകാം.

‘‘അമ്മേ... ചേച്ചിയുടെ കൂട്ടുകാരികൾ വന്നിട്ടുണ്ട്.’’ അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

അത് കേട്ടതും ശുഭയുടെ അമ്മ പെട്ടെന്ന് തന്നെ ഓടി വന്നു. വളരെയധികം  ക്ഷീണിച്ചു എല്ലുകളെല്ലാം ഉന്തി നിൽക്കുന്ന ഒരു രൂപം.. ആ മുഖത്തു നിന്നും അവരനുഭവിക്കുന്ന വേദനയുടെ ചിത്രം വായിച്ചെടുക്കാം..

‘‘കുട്ട്യോള് ഇവിടെ ഇരിക്കു.. സൗകര്യങ്ങളൊക്ക വളരെ കുറവാണ്..’’

അങ്ങിനെ പറഞ്ഞുകൊണ്ട് അവർ രണ്ട് ചൂരൽ കസേര ഞങ്ങൾക്കിരിക്കാൻ ഇട്ടു തന്നു..

ചൂരൽകസേരയുടെ മേൽഭാഗത്തുള്ള വള്ളികളെല്ലാം പൊട്ടിയിരിക്കുന്നു..

ആ അമ്മയെ വിഷമിക്കേണ്ടെന്ന് കരുതി മനസ്സില്ലാമനസ്സോടെ അവിടെ ഇരുന്നു. നിഷ എല്ലാം നോക്കിക്കൊണ്ട് ഒന്നും മിണ്ടാൻ പറ്റാതെയിരിക്കുകയാണെന്ന് മനസ്സിലായി. ഞാൻ മൗനം ഭേദിച്ചു കൊണ്ട് ശുഭയെക്കുറിച്ചന്വേഷിച്ചു.

‘‘അപ്പോൾ നിങ്ങൾ ഒന്നും അറിയാതെയാണോ വന്നത്. ശുഭക്ക് ബ്ലഡ്‌ കാൻസർ ആണ്. അതുകൊണ്ടാണ് അവൾ ഇടക്കിടക്ക് ക്ലാസ്സ്‌ മുടങ്ങിയിരുന്നത്. കഴിഞ്ഞയാഴ്ച മുതൽ അവളുടെ കീമോ തുടങ്ങി. ഞങ്ങൾ ക്ലാസ്സിൽ അന്ന് പോകേണ്ട എന്ന് പറഞ്ഞതാ. അവൾ പോയി കോളേജൊക്കെ ഒന്ന് കണ്ടു വരാം അമ്മേ.. ഇനി അത് കാണാനുള്ള ഭാഗ്യം ദൈവം തന്നില്ലെങ്കിലോ എന്ന് പറഞ്ഞു പോയതാ എന്റെ കുട്ടി. അവിടെ റാം സർ മോളെ മാവേലി എന്ന് വിളിച്ചു കളിയാക്കിയതെല്ലാം അവൾ പറഞ്ഞു. അച്ഛന് അത് കേട്ട് വിഷമമായി പ്രിൻസിപ്പാളിനോട് പറഞ്ഞിരുന്നു. പക്ഷേ ശുഭക്ക് ഒരേ നിർബന്ധം ആരോടും അവളുടെ അസുഖത്തേക്കുറിച്ച് പറയരുതെന്ന്. അതുകൊണ്ട് പ്രിൻസിപ്പാളിനോട് എല്ലാം രഹസ്യമാക്കി വെക്കണമെന്ന് പറഞ്ഞു. അവളങ്ങിനെയാണ്. എല്ലാ ദുഃഖങ്ങളും ഉള്ളിൽ ഒതുക്കുന്ന സ്വഭാവമാണ്. അവൾ പഠിപ്പെല്ലാം കഴിഞ്ഞു ജോലിയൊക്കെ നേടിയിട്ട് വേണം അച്ഛനെയും അമ്മയെയും  വെറുതെയിരുത്തണമെന്ന് എപ്പോഴും പറയും.. ആ എന്റെ കുട്ടിയാ ഇപ്പോൾ മരണത്തോട് മല്ലടിച്ചു ആശുപത്രിയിൽ കിടക്കുന്നത്. ’’

എന്ന് പറഞ്ഞു കൊണ്ട് അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി.

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ രണ്ട് പേരും അങ്ങിനെ തന്നെ കുറേ നേരം ഇരുന്നു.

‘‘ഞാൻ ഓരോന്നും പറഞ്ഞു മക്കളെ കൂടി വിഷമിപ്പിച്ചുവല്ലേ.. പ്രിൻസിപ്പാൾ പറഞ്ഞിട്ട് വന്നതാകുമെന്നാണ് അമ്മ വിചാരിച്ചത്. ഇവിടെയിരിക്കൂ.. ഞാൻ ചായ ഇട്ടു കൊണ്ട് വരാം.’’

അതും പറഞ്ഞു അവർ വീടിനുള്ളിലേക്ക് പോയി.

ആ സമയം ഞങ്ങൾ രണ്ടു പേരും അവിടെ നിന്നും ഇറങ്ങി. ആ അമ്മയോട് യാത്ര പറയണമെന്നോ എന്ത് ചെയ്യണമെന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. എന്ത് പറഞ്ഞാണ് ഞങ്ങൾ അവരെ ആശ്വസിപ്പിക്കാ. ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. ഒന്നും അറിയില്ലായിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്കും വാക്കുകൾ നഷ്ടപെട്ടപോലെ..

ഒരു കാര്യം ഞങ്ങൾക്ക് മനസ്സിലായി.. നമ്മളുടെ ദുഃഖമാണ് ഈ ലോകത്ത് വലുതെന്നു വിചാരിച്ചു നടക്കുമ്പോൾ നമ്മളറിയുന്നില്ല മറുഭാഗത്തു നമ്മളെക്കാൾ വേദനിക്കുന്ന ഒരു സമൂഹമുണ്ടെന്ന്..

ഒരാഴ്ച്ചക്ക് ശേഷം അന്നൊരു ദിവസം കോളേജിൽ എത്തിയപ്പോൾ അവിടെ കറുത്തകൊടി നാട്ടിയിരിക്കുന്നു. നിഷയാണ് ആദ്യം കണ്ടത്. അവളത് കണ്ടതും ഓഫീസിലേക്ക് ഓടി കാര്യമന്വേഷിച്ചു. ഞങ്ങൾ പേടിച്ചപോലെതന്നെ സംഭവിച്ചു.. ശുഭ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. നിഷ എന്തോ ക്രോധഭാവത്തിൽ സ്റ്റാഫ്‌ റൂമിലേക്കോടി.. ഞാനും അവളുടെ പിന്നാലെ പോയി. അവൾ നേരെ പോയത് റാം സാറിന്റെ അടുത്തേക്കാണ്..

‘‘നിങ്ങൾക്ക് സമാധാനമായല്ലോ.. മാവേലി ഇനി വരില്ല.. എന്നെന്നേക്കുമായി അവൾ ദൈവത്തിന്റെ അടുത്തേക്ക് പോയി..’’

നിഷ തേങ്ങിത്തേങ്ങി കരയുകയായിരുന്നു..

റാം സർ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ പറഞ്ഞു..

‘‘നിങ്ങൾ ഓരോ കുട്ടികളോടും സ്വാർഥതയോടു കൂടി പെരുമാറുമ്പോൾ അവരെ ഏത് തരത്തിൽ അത് ബാധിക്കുന്നുവെന്ന് നിങ്ങൾ ചിന്തിക്കുന്നില്ല. അവരുടെ കുടുംബം, കുടുംബപശ്ചാത്തലം അതിനെക്കുറിച്ചൊക്കെ നിങ്ങൾ അന്വേഷിച്ചിരുന്നെങ്കിൽ.. അതിന് പകരം ഓരോ കാരണങ്ങൾ കണ്ടെത്തി കുറ്റപ്പെടുത്താനല്ലേ നിങ്ങൾ ശ്രമിച്ചിട്ടുള്ളു.. ഒരധ്യാപകൻ സ്വാർഥതയില്ലാത്ത എല്ലാ വിദ്യാർഥികളുടെയും മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവരുടെ പേര് ചരിത്രത്തിൽ കുറിക്കപ്പെടും.’’ അതും പറഞ്ഞു ഞാൻ നിഷയെയും കൂട്ടി ശുഭയുടെ വീട്ടിലേക്ക് പുറപ്പെട്ടു..

പലതും മനസ്സിൽ കുറിച്ചുകൊണ്ട്.. ആ അമ്മക്ക് ജീവിച്ചിരിക്കുന്ന രണ്ട് പെൺചുണകുട്ടികളുണ്ടെന്ന് ഓർമപ്പെടുത്താൻ...

Content Summary : Maveli, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA