ADVERTISEMENT

രണ്ടാം വിവാഹം (കഥ)

ഞായറാഴ്ച ദിവസം നേരം വെളുക്കുന്നതിന് മുൻപ് തന്നെ ആരാ ഇങ്ങനെ കോളിംഗ് ബെൽ അടിക്കുന്നത്. ഇരുട്ടിൽ സ്വിച്ചിലേക്ക് കൈകൾ പോയപ്പോൾ പ്രസാദേട്ടൻ അറിയാതെ എഴുന്നേൽക്കാനും സുമ ശ്രദ്ധിച്ചു.കുറച്ച് ദിവസത്തെ ഹോസ്റ്റൽ വാസത്തിന് ശേഷം നാളെ രേഷ്മ മോൾ വീട്ടിൽ വരുന്ന ദിവസം ആണ്. അവൾക്കിഷ്ടപ്പെട്ട ബിരിയാണി പുതിയ സ്റ്റൈലിൽ തയ്യാറാക്കി അവളെ ഞെട്ടിക്കണം. ഇതെല്ലാം മനസിൽ ഓർത്ത് കൊണ്ട് അരണ്ട വെളിച്ചത്തിൽ സമയം നോക്കിയപ്പോ ആറര മണി ആയിരിക്കുന്നു. റൂമിൽ ഇരുണ്ട കർട്ടൻ ഇട്ടതിൽ പിന്നെ സൂര്യൻ ഉദിക്കുന്നതേ അറിയാറില്ല.

 

പ്രസാദേട്ടൻ റെയിൽവേയിൽ നിന്ന് റിട്ടയർ ആയി വന്ന ശേഷം ഉറക്ക കാര്യത്തിലും ഭക്ഷണ കാര്യത്തിലുമെല്ലാം ലേശം പിടിവാശി ഉണ്ട്. ഉറങ്ങുമ്പോൾ ഫോൺ റിംഗ് ചെയ്യുന്നതും മുറിയിൽ ലൈറ്റ് ഇടുന്നതുമൊന്നും ഇഷ്ടമല്ല. ഇരുണ്ട കർട്ടൻ തുണികൾ ഇട്ട് വെച്ച് രാവിലെ വെളിച്ചം മുറിയിൽ കയറാതെ ഉറങ്ങുന്നതാണ് ഇപ്പോഴത്തെ പുതിയ ഇഷ്ടം.

ഓരോന്ന് ഓർത്ത് കോണി പടികൾ ഇറങ്ങുമ്പോഴും കോളിംഗ് ബെൽ അടിക്കുന്നുണ്ടായിരുന്നു.വാതിൽ തുറന്നപ്പോൾ ഗെയിറ്റിന് പുറത്ത് തന്റെ കൂടപ്പിറപ്പ് ശാന്തിയേച്ചി ആണ്. കൂട്ടിൽ കിടക്കുന്ന ടുട്ടുവിനെ ശാന്തിയേച്ചിക്ക് എന്നും ഭയമാണ്. ഗേയിറ്റിന് പുറത്ത് വെച്ച കോളിംഗ് ബെൽ അടിച്ചേ എന്നും വീട്ടിൽ വരുള്ളു.

 

ഇന്ന് എന്തോ പ്രശ്നം കൊണ്ടുള്ള വരവാണെന്ന് കണ്ടാലേ അറിയാം. ഗേയ്റ്റ് തുറന്നതും ചേച്ചി ഓടി വന്ന് സിറ്റ്ഔട്ടിൽ കയറി ഇരുന്ന് കരച്ചിൽ തുടങ്ങി.

 

‘എന്താ ചേച്ചീ... രാവിലെത്തന്നെ ഇങ്ങോട്ട്, എന്തെങ്കിലും പ്രശ്നമുണ്ടോ’?

 

എനിക്ക് വളച്ചുകെട്ടി പറയാൻ സമയം ഇല്ല സുമേ… കാര്യം നേരെ അങ്ങോട്ട് പറയാം.

 

വീട്ടിൽ കൃപ വന്നിട്ട് രണ്ടീസം ആയി. സന്ദീപുമായി എന്തോ ചെറിയ വഴക്കും പിണക്കവുമാണെന്ന് അവളുടെ സംസാരത്തിൽ നിന്ന് മനസിലായി. അതു ഇടക്കിടെ ഉള്ളതായതുകൊണ്ട് ഞാൻ അത്ര കാര്യമാക്കിയില്ല. രണ്ടു ദിവസം കഴിഞ്ഞും പതിവു പോലെ കൂട്ടിക്കൊണ്ട് പോകാൻ സന്ദീപ് വിളിച്ചില്ല. അപ്പോഴാണ് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നിയത്. അവളോട് ചോദിച്ചപ്പോൾ എന്നെ കടിച്ച് കീറിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞ് വാതിൽ അടച്ചു. എനിക്കൊന്നും മനസിലായില്ല. ഞാൻ നേരെ സന്ദീപിനേയും വിളിച്ചു. അവൻ ഒന്നും വിട്ടു പറയാൻ തയ്യാറാകുന്നില്ല. പക്ഷേ ഞാൻ വിളിച്ചത് അറിഞ്ഞതും ഞാൻ സന്ദീപേട്ടന്റെ അടുത്തേക്ക് തന്നെ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി പോയി.

 

എനിക്കെന്തോ പേടിയാകുന്നു സുമേ.. നീയൊന്ന് അത്രേടം വരെ പോകാൻ എന്റെ കൂടെ വരുമോ. പ്രസാദും കൂടെ വരുമെങ്കിൽ വളരെ നന്നായിരുന്നു. എനിക്കൊരു സഹായം ചോദിക്കാൻ നിങ്ങൾ അല്ലാതെ വേറെ ആരുമില്ലെന്ന് അറിയാമല്ലോ. ഭാര്യയുടെ ചേച്ചി ആണെങ്കിലും പ്രസാദിന് സ്വന്തം ചേച്ചിയെ പോലെയാണ് ശാന്തി. ഭർത്താവ് ഉപേക്ഷിച്ച് പോയ ശേഷം മോളെ വളർത്താൻ ചേച്ചി നടത്തിയ ജീവിത പോരാട്ടത്തിന്റെ കഥ സുമയും പ്രസാദും ഇടക്കിടെ ഓർക്കാറുണ്ട്.

 

പ്രഭാത ഭക്ഷണം കഴിച്ചു എന്ന് വരുത്തി കൃപയുടെ വീട്ടിലേക്ക് എത്രയും വേഗം എല്ലാവരും യാത്ര തിരിച്ചു. വീട് അടുക്കാറായതും ശാന്തിക്ക് വല്ലാത്ത പരവേശവും ദേഹത്തളർച്ചയും.

 

പേടിക്കല്ലേ ചേച്ചീ... പത്രത്തിൽ കാണുന്നതും വായിക്കുന്നതുമായ വാർത്തകൾ വെച്ച് മുൻധാരണയിൽ നമ്മൾ അങ്ങോട്ട് പോകരുത്. എന്തു തന്നെയാണെങ്കിലും സമചിത്തതയോടെ കാര്യങ്ങൾ കേൾക്കണം, മനസിലാക്കണം. എടുത്തു ചാടിയുള്ള തീരുമാനങ്ങൾ അരുത്. ബുദ്ധിപൂർവം മാത്രമേ കാര്യങ്ങളെ സമീപിക്കണം. 

 

എല്ലാം കേട്ട് സാരിത്തുമ്പുകൊണ്ട് ശാന്തി കണ്ണുതുടച്ച് ഓർത്തു. താലി കെട്ടി കൊണ്ടു വന്ന ഭർത്താവിന്റെ അവഗണനയും അമ്മായിയമ്മയുടെ ക്രൂരതകളും എല്ലാം സഹിച്ചത് നൊന്തു പ്രസവിച്ച ഈ മകൾക്ക് വേണ്ടിയായിരുന്നു. അമ്മയുടെ വാക്കു കേട്ട് ഭാര്യയെ ഉപേക്ഷിക്കാൻ അയാൾ തയ്യാറായപ്പോഴും മറുത്തൊരു വാക്ക് ചോദിക്കാനോ പറയാനോ ഇല്ലാതെ മകളെ നെഞ്ചോട് ചേർത്ത് വെച്ചു. വിവാഹ മോചനം കഴിഞ്ഞ് ഇരുപത് വർഷങ്ങൾ കഴിഞ്ഞു. രണ്ടു പേരും പുനർവിവാഹം ചെയ്യാതെ കാലത്തെയും ജാതകത്തെയും പഴിച്ചു ജീവിച്ചു. അതുകൊണ്ടു തന്നെ സന്ദീപിന്റെ വിവാഹ ആലോചന വന്നപ്പോൾ ഉള്ളിൽ ഭയമായിരുന്നു. അവന്റെ അമ്മയും എന്റെ മോളെ ഉപേക്ഷിക്കാൻ പറഞ്ഞാൽ അവൻ അത് ചെയ്യുമോ എന്ന് ഭയന്ന് ഓരോ നിമിഷവും ജീവിച്ചു.

 

ദൈവാനുഗ്രഹത്താൽ ഈ നിമിഷം വരെയും മറുത്തൊരു ചിന്ത വരാൻ അവർ ഇടയാക്കിയിട്ടില്ല. എന്നാലും താൻ അവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നുണ്ടോ എന്ന തോന്നൽ സുമയും പ്രസാദും പറഞ്ഞപ്പോഴാണ് തിരിച്ചറിവും വന്നത്.

 

അമ്മായിയമ്മ പോരിന്റെ ബാക്കിയായി എന്റെ ഭർത്താവിന്റെ അമ്മ ആവശ്യപ്പെട്ടത് വിവാഹ മോചനം ആയിരുന്നു. അതു ആവർത്തിക്കപ്പെടുമോ എന്ന ഭയം കീറി മുറിച്ചു. ഒരു ദിവസം ഗത്യന്തരമന്യേ ഞാൻ അത് സന്ദീപിനോട് പറയുകയും ചെയ്തു. തുടർന്ന് അവർ കുടുംബ സമേതം വന്ന് കൃപ ഞങ്ങളുടെ മരുമകൾ അല്ലല്ലോ ഞങ്ങളുടെ മകളല്ലേ എന്ന് പറഞ്ഞപ്പോൾ ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത സന്തോഷവും സമാധാനാവും ലഭിച്ചതായിരുന്നു.

 

അതെല്ലാം കഴിഞ്ഞ് ഒരു മാസം ആയതേ ഉള്ളു. ഇപ്പോൾ ഉണ്ടായ സംഭവം എന്റെ നെഞ്ചിൽ കിടന്ന് പുകയുന്നു. നെഞ്ചു തടവി കാറിന്റെ പിൻ സീറ്റിൽ ശാന്തി ചാരി ക്കിടന്നു. ഒരു വളവും കൂടി കഴിഞ്ഞാൽ സന്ദീപിന്റെ വീട് എത്തി. അവൾ സുമയുടെ കൈയ്യിൽ മുറുകെ പിടിച്ചു. ഒന്നുമില്ലെന്ന് പറഞ്ഞ് ചേച്ചിയെ ചേർത്ത് പിടിച്ചു.

 

അവർ ഇറങ്ങിയതും സന്ദീപിന്റെ അച്ഛനും അമ്മയും ചിരിച്ചു കൊണ്ടാണ് വരവേറ്റത്. ആകെയൊരു നിശബ്ദതയാണ്. ശാന്തിയുടെ കണ്ണുകൾ ചുറ്റിലും പരതി. സന്ദീപിന്റെ മുഖത്ത് ചെറിയൊരു ഗൗരവം ഉണ്ടോ എന്ന് സംശയമുണ്ട്. കൃപ തലതാഴ്ത്തി മ്ലാനവദനയായി നിൽക്കുന്നു. മുഖത്തേക്ക് നോക്കാൻ കൂട്ടാക്കുന്നില്ല. അടുത്തേക്ക് ചെന്ന് അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. സന്ദീപ് അടിച്ച പാടുകൾ ഉണ്ടോ എന്ന് നോക്കുകയായിരുന്നു. മുഖത്ത് ഒന്നും കാണാൻ ഇല്ല, കൈകളിലും ഇല്ല.

 

‘എന്താ മോളേ എന്താ പ്രശ്നം? എനിക്ക് ഈ ഭൂമിയിൽ ആകെ നീ മാത്രമേ ഉള്ളു. നിനക്ക് എന്ത് പ്രശ്നം വന്നാലും അമ്മ കൂടെയുണ്ട്. നിന്റെ സന്തോഷം മാത്രമല്ല എന്നോട് പറയേണ്ടത്.’

 

ഇത്രയും കേട്ടതും കൃപ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് അകത്തെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി വാതിൽ അടച്ചു.

സുമയും പ്രസാദും ആശങ്കയോടെ സോഫയിൽ നിന്നും എഴുന്നേറ്റ് പരസ്പരം നോക്കി.

 

മുറിയിലെ ലൈറ്റ് കൃപ ഇട്ടപ്പോൾ മുന്നിൽ തെളിഞ്ഞു വന്ന ആൾ രൂപത്തിൽ ശാന്തിയുടെ നെഞ്ചിലൂടെ കൊള്ളിയാൻ പടർന്നു. ഇരുപത് വർഷം മുൻപ് ആർക്കെല്ലാമോ വേണ്ടി തന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയ മഠത്തിൽ വീട്ടിൽ ശേഖരൻ. പ്രതീക്ഷിക്കാതെ മുൻ ഭർത്താവിനെ തൊട്ടു മുന്നിൽ കണ്ടപ്പോൾ പരിഭ്രമിച്ച് ഒരു വാക്കു പോലും പറയാതെ ശാന്തി മുറിയിൽ നിന്നും അമർഷത്തോടെ പുറത്തിറങ്ങുമ്പോൾ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ കണ്ട വികാരമായിരുന്നു.

 

തൊട്ടു പിന്നാലെ മുറിയിൽ നിന്നും വന്ന ശേഖരനെ കണ്ടപ്പോൾ സുമയുടെ സർവ്വ നിയന്ത്രണവും വിട്ടു.

 

ഇയാൾ... ഇയാൾ എന്താ ഇവിടെ. സുമയുടെ തൊണ്ട ഇടറി. വാക്കുകൾ പുറത്തേക്ക് വരാതെ അവൾ വിഷമിച്ചു. ഇക്കാലമത്രയും ചേച്ചിയെ കണ്ണുനീർ കുടിപ്പിച്ച ആൾ തൊട്ടുമുന്നിൽ നിന്നും ഒന്നും പറയാൻ കഴിയാത്ത വിധം അവൾ തളർന്ന് കൃപയെ നോക്കി. ‘എന്താ മോളെ ഇതെല്ലാം. നീ എന്തിന് ഇത് ചെയ്തു?’ മുടിയിൽ തഴുകി കൊണ്ട് അവൾ ചോദിച്ചു.

 

ഇക്കാലമത്രയും അച്ഛൻ അമ്മക്ക് മുന്നിൽ വരാതിരുന്നത് സ്നേഹം ഇല്ലാതല്ല, അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാത്ത കാരണമാണ്. അച്ഛൻ ഇടക്കിടെ എന്നെ കാണാൻ വന്നിരുന്നത് അമ്മ അറിയരുതെന്ന് നിർബന്ധം പിടിച്ചിരുന്നു. അതു പോലും അമ്മയെ തളർത്തുമെന്ന് അച്ഛൻ വിശ്വസിച്ചിരുന്നു. എന്റെ കല്യാണത്തിന് അന്യനെ പോലെ ദൂരെ നിന്നിരുന്ന അച്ഛൻ മനസ്സിൽ ഇന്നും വിങ്ങലാണ്. മറ്റുള്ളവർക്കു വേണ്ടി ചാടിയിറങ്ങി സ്വന്തം ജീവിതം നശിപ്പിച്ചതിൽ വർഷങ്ങൾക്ക് ശേഷമാണ് അച്ഛനിൽ നഷ്ടബോധം ഉണ്ടായത്. മക്കൾ അച്ഛനമ്മമാരെ വിമർശിക്കുന്നത് പലയിടത്തും തെറ്റാകാം. പക്ഷേ സ്വന്തം ജീവിതം വല്ലവർക്കും വേണ്ടി നശിപ്പിച്ച ഇരുവരും തുല്യമായി അതിന് ഉത്തരവാദികളല്ലേ. വർഷങ്ങളായുള്ള എന്റെ ആഗ്രഹമാണ് ഒരു ദിവസമെങ്കിലും ഇരുവർക്കുമൊപ്പം സന്തോഷമായി ജീവിക്കണം. ഒരു മകൾ എന്ന നിലയിൽ എനിക്കതിന് അവകാശമില്ലേ ചെറിയമ്മേ?

 

എന്റെ മനസിലെ വിഷമം അറിഞ്ഞപ്പോൾ സന്ദീപേട്ടനും ഇവിടത്തെ അച്ഛനും അമ്മയുമെല്ലാം അത് വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ഞങ്ങൾ അച്ഛനെ ഇവിടെ കൊണ്ടു വന്നു.അമ്മയെ ഇതുപോലെ ഇങ്ങോട്ട് വരുത്താൻ വേണ്ടി മാത്രമാണ് പിണക്കം ഭാവിച്ച് ഞാൻ വീട്ടിൽ വന്നത്. ചെയ്ത് പോയത് അമ്മക്ക് വിഷമമായെങ്കിൽ എന്നോട് ക്ഷമിക്കണം എന്ന് കൃപ പറഞ്ഞു തീരും മുൻപ് അവളുടെ അച്ഛനും അമ്മയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മകളുടെ മനസിന്റെ നൊമ്പരങ്ങൾ കാണാതെ പോയതിൽ അവളെ ചേർത്ത് പിടിച്ച് കണ്ണീരിൽ കുതിർന്ന മാപ്പ് പറഞ്ഞു.

 

നഷ്ടപ്പെട്ട ജീവിതം തിരിച്ചു കൊണ്ടുവരാൻ ആകില്ലെങ്കിലും പരസ്പര വിദ്വേഷം മറന്ന് രണ്ടാം വിവാഹം നടത്തിയാലോ എന്ന സന്ദീപിന്റെ ചോദ്യത്തിൽ പുതിയ ഇണക്കുരുവികൾ മരുമകന് മൗനസമ്മതം കൊടുത്തു.

 

ഒരിക്കൽ അതിഥിയായി വന്ന് ചായകുടിച്ച പരിചയത്തിൽ നിന്നും തുടങ്ങിയ വിവാഹം നിറം മങ്ങി പോയെങ്കിലും വീണ്ടും അതേ അതിഥി രണ്ടാം പകുതി ജീവിതത്തിലേക്ക് നിറക്കൂട്ടുകൾ തുന്നി പിടിപ്പിക്കുന്ന കാഴ്ച എല്ലാവർക്കും സന്തോഷമായപ്പോൾ കൃപയുടേയും സന്ദീപിന്റേയും ജീവിതമാണ് ഇരുവർക്കും അത്ഭുതമായത്. ഭാര്യയെ അടുത്ത സുഹൃത്തായി കാണുന്ന മരുമകനും, കണ്ടതും അറിഞ്ഞതും കേട്ടതുമായ അമ്മായിയമ്മ പോരില്ലാതെ മരുമകളെ സ്വന്തം മകളായി സ്നേഹിക്കുന്ന വീട്ടുകാരും അവരുടെ മനസിനെ കുളിരണിയിച്ചു. രണ്ടാം വിവാഹത്തോടെ ജീവിതത്തിലെ മറ്റൊരു വസന്തം അവിടെ പൂവിടുന്നു.

 

Content Summary :  Randam Vivaham Short Story By Anitha Ammanath  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT