ADVERTISEMENT

ദി ഡാർക്ക് ഹെഡ്ജസ് (കഥ)

ഇരുൾ അതിന്റെ മേലാപ്പ്  മെല്ലെ  വിരിക്കാൻ തുടങ്ങി. സമ്മർ  ആണെങ്കിലും രാത്രിയിലെ തണുപ്പിന് കുറവൊന്നുമില്ല. മൂടൽമഞ്ഞിനും. ഇന്നാണ് ആ ദിവസം. ആ വഴിയിലൂടെ സഞ്ചരിക്കാൻ നേരത്തെ  തന്നെ  മാർത്ത  തീരുമാനിച്ച ദിവസം. ഇന്ന് പൗർണ്ണമി രാവും കൂടിയാണ്. അതുകൊണ്ടാണ് ഇന്നത്തെ ദിവസം അവൾ തിരഞ്ഞെടുത്തത്. നിലാവെളിച്ചത്തിൽ ഒറ്റയ്ക്ക് ആ മരങ്ങൾക്കിടയിലൂടെ ഒരു സഞ്ചാരം. ഏകാന്തതയും നിശ്ശബ്ദതയും ഒത്തുചേരുന്നതിന്റെ ആത്മസത്തയെ അനുഭവവേദ്യമാക്കാൻ അവൾ പുറപ്പെട്ടു.

 

രാത്രി പതിനൊന്നുമണിക്കുള്ള ഓട്ടം കൂടി കഴിഞ്ഞു വീട്ടിലേക്കുള്ള വഴിയിലാണ് അയാൾ. ഇന്ന് പതിവിലും താമസിച്ചു. എങ്കിലും സാരമില്ല കോട്ടയം-കുമരകം  റോഡ് തനിക്കു പുത്തരിയല്ല. ശക്തിയായി  മഴ പെയ്യുന്നതിനാൽ സ്വൽപം കാഴ്ചക്കുറവുണ്ടെന്നൊതൊഴിച്ചാൽ തണുത്ത കാറ്റുകൊണ്ട് ഓട്ടോ ഓടിക്കാൻ ഒരു ത്രില്ല് ഉണ്ട്. വഴി വിജനമാണ്. റോഡിനിരുവശവും വളർന്നു നിൽക്കുന്ന മരക്കൊമ്പുകൾ വല്ലാതെ ആടുന്നുണ്ടോ? ഒരു നിമിഷം അയാൾക്ക് തോന്നി.

 

നിലാവുള്ളതിനാൽ  കൈയിൽ മെഴുകുതിരിയുടെയോ  എമർജൻസി ലാംപിന്റെയോ  ആവശ്യമില്ല.നീളൻ കോട്ടും എടുത്തിട്ട് അവൾ പതിയെ നടക്കാൻ തുടങ്ങി. വേലിപോലെ വളർന്നു നിൽക്കുന്ന മരങ്ങളുടെ താഴെ വശത്തു ശിഖരങ്ങളില്ല മുകളിൽ ചെന്ന് കെട്ടു പിണഞ്ഞു  ശിഖരങ്ങളുമായി  നിൽക്കുന്ന ഈ മരങ്ങൾ പണ്ടെങ്ങോ ഒരപ്പൂപ്പൻ നട്ട് വളർത്തിയതാണ്.  മുതുമുത്തച്ഛൻ ബോൺസായ് മരങ്ങൾ എന്ന് വേണമെങ്കിൽ നമുക്ക് വിശേഷിപ്പിക്കാം.  മാർത്ത നടക്കാൻ തുടങ്ങി. ഇംഗ്ലീഷ് ചീവീടുകളുടെ ശബ്ദത്തിനു  എന്തോ ഒരു ഐറിഷ്  ചുവയുള്ളതു പോലെ അവൾക്കു തോന്നി. വഴിയിൽ മുന്നോട്ടു പോകുംതോറും മഞ്ഞിന്റെ കാഠിന്യം കൂടുന്നതുപോലെ. 

 

കാറ്റിന്റെ ശക്തിയും മൂടൽ മഞ്ഞും കൂടിക്കൂടി വരുന്നു. റോഡ് ഇരുവശവും പാടങ്ങൾ ആണ്. ഈ പാടങ്ങളിൽ വിളയുന്ന  ധാന്യങ്ങൾ ആർക്കൊക്കെയോ വേണ്ടിയുള്ള  നാളേക്കുള്ള അന്നങ്ങളാണ്.മാർത്ത യാത്ര തുടർന്നു. പാടങ്ങൾക്കങ്ങകലേയുള്ള മുന്തിരിത്തോട്ടങ്ങൾ. അവയോടു തന്നെയുള്ള വൈൻ  നിർമ്മിക്കാനുള്ള ഷെഡ്ഡും വല്യ ജാറുകളും. മുന്തിരിവിളയുന്ന കാലത്തു ഒരു ഉത്സവമാണ്. മാർത്തയും കുഞ്ഞു മൂന്നനുജന്മാരും അച്ഛനും അമ്മയും. എല്ലാരും ഒരുമിച്ചാണ് വൈൻ നിർമ്മാണം. ജാറുകളിൽ നിറച്ചു വയ്ക്കുന്ന വൈൻ കുപ്പികളിലാക്കി തന്റെ ചെറു ട്രാക്ടറിൽ വച്ച് മാർക്കെറ്റിൽ  കൊണ്ട് വിൽക്കുന്നത് മാർത്തയാണ്.  ഈ വഴിയിലൂടെയാണ് എന്നും അവൾ പോകാറുള്ളത്. 

 

പകൽ വഴിയിൽ കൃഷിക്കാരും ചെമ്മരിയാടുകളെ മേയ്ക്കുന്നവരുമായി കുറെ ആളുകൾ കാണും. എല്ലാരുമായും സൗഹൃദത്തിലാണ് മാർത്ത. കഴിഞ്ഞ വർഷവും വൈൻ നിറച്ച കുപ്പികളുമായി മാർക്കറ്റ് ഇത് പോയത് ഓർമ്മിക്കുന്നു അവൾ. പെട്ടെന്നാണ് എന്തോ ശ്മശാനമൂകതക്ക് തുല്യമായ അന്തരീക്ഷം പോലെ തോന്നി അവൾക്ക്. ഒരു ദിവസം മാർക്കറ്റിൽ കടകമ്പോളങ്ങൾ അടയപ്പെടുന്നു. ആളുകൾ ഭയചകിതരായി  മൂക്കും പൊത്തി അന്യോന്യം സംസാരിക്കാതെ ഓടുന്നു. എന്തോ മഹാമാരി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.

 

വൈൻ വിൽക്കാനാവാതെ തിരിച്ചു പോരേണ്ടി വന്നു പലപ്പോഴും അവൾക്ക്. വീട്ടിൽ കരുതിവച്ചിരുന്ന ഭക്ഷണസാധനങ്ങളുടെ തോത് ദിനം പ്രതി കുറഞ്ഞു കൊണ്ടിരുന്നു. അടഞ്ഞു കിടക്കുന്ന കടമ്പോളങ്ങളിൽ എവിടുന്നു പോയി വാങ്ങാൻ. തന്നെയുമല്ല മാർക്കറ്റിൽ പോകുന്നവരെ സമൂഹം അകറ്റി നിർത്താനും തുടങ്ങിയിരിക്കുന്നു. രോഗാണു വാഹകരായും  മരണത്തിന്റെ ദൂതന്മാരായും കാണാൻ ശ്രമിക്കുന്നപോലെ. എങ്കിലും മാർത്ത വേണ്ട മുൻകരുതലുകൾ പാലിച്ചു. എത്ര പെട്ടെന്നാണ് വഴിയിൽ കണ്ട സ്നേഹബന്ധങ്ങൾക്കൊക്കെയും അകലം വച്ചതു. പ്രിയപ്പെട്ടവർ മുഖം തിരിക്കുന്നു. ഇനി മുഖം തന്നാൽ തന്നെ സംസാരിക്കാൻ വിമുഖരെ പോലെ യാത്ര പറയാൻ തിടുക്കം കാട്ടുന്നു. പകലുകൾ,രാത്രികൾ എത്രപോയന്നറിയില്ല.ഒരു യാത്രക്കെന്നു പറഞ്ഞു പോയ തന്റെ പ്രിയനേ കുറിച്ച് ഒരു വിവരവുമില്ലാതായിട്ടു ആഴ്ചകൾ പിന്നിട്ടിരിക്കുന്നു. ഫ്രഡ്‌ഡിയുടെ നീലക്കണ്ണുകളിൽ നോക്കി എത്രയോ തവണ അവൾ തന്റെ പ്രണയം കൈമാറിയിരുന്നു. പകൽ ഈവീഥികളിലൂടെ എത്രയോ തവണ ഫ്രഡ്‌ഡിയും താനും സൈക്കിൾ ഓടിച്ചു പോയിരിക്കുന്നു. വയൽ വരമ്പിലെ തണലിലിരുന്നു എത്രയോ നിറമുള്ള സ്വപ്‌നങ്ങൾ. 

 

ഇന്നു മാർത്ത സ്വതന്ത്രയാണ്‌.സാമൂഹിക അകലത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ പറന്നു നടക്കാം. ഈ ഇരുണ്ട മരങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ, മുന്തിരിത്തോട്ടങ്ങൾക്കിടയിലൂടെ. തന്റെ പ്രിയപ്പെട്ടവരുടെ സന്തോഷങ്ങളിൽ അവരറിയാതെ പങ്കാളിയാവാം. ഏകാന്തതയിൽ നിശ്ശബ്ദമായി അങ്ങകലെ കുറുക്കന്മാരുടെ നീട്ടിയുള്ള കൂവലും മഞ്ഞിനെ ഏറ്റുവാങ്ങി നിൽക്കുന്ന മരങ്ങളുടെ പൊത്തുകളിൽ നിന്നും മൂങ്ങകളുടെ മൂളലും  മാർത്തയുടെ   കർണ്ണപടങ്ങളെ തട്ടിപോയ്‌ക്കൊണ്ടിരുന്നു. പെട്ടെന്നാണ് അവൾ ഒരു ശബ്ദം കേട്ടത്. എങ്ങും ആരുമില്ല വഴിയിൽ. ഒരു നിമിഷം അവൾ നിന്ന സ്‌ഥലത്തെ ആ വലിയ മരത്തിൻെകെട്ടുപിണഞ്ഞ ശിഖരത്തിൽ എന്തോ ഒന്ന് ചലിക്കുന്നത് പോലെ. അവൾ സൂക്ഷിച്ചു നോക്കി. തൂവെള്ള നിറത്തിൽ പഞ്ഞിക്കെട്ടു പോലെ നീണ്ടതാടിയുമായി എന്തോ ഒരു ആൾരൂപം. ആ രൂപം തന്റെ നീണ്ട  കൈനീട്ടി മരങ്ങളുടെ ശിഖരങ്ങൾ എത്തിപ്പിടിച്ചു ഊഞ്ഞാലാടുന്ന പോലെ .ആ രൂപത്തിന്റെ തീക്ഷ്ണമായ കണ്ണുകൾ  തന്നിലേക്കടുത്തു വരുന്നത് പോലെ തോന്നി മാർത്തക്ക്. അവൾ ഭയചകിതയായി ഒന്ന് പിന്നോട്ട് മാറി.

                                                                                          

എത്രയും പെട്ടന്ന് വീട്ടിലെത്തണം. നല്ല വിശപ്പുമുണ്ട്. ഇന്ന് എന്താണാവോ കഴിക്കാൻ. സാധാരണ മഴക്കാലമാവുമ്പോൾ മീനച്ചിലാറ്റിൽ നിന്ന് കിട്ടുന്ന പള്ളത്തി വറുത്തതും ചെറുമീൻന്റെ കറിയുമാണ്  കാണാറ്. ഇത്തവണ എന്താണോ. ചോറ് വെക്കുവാൻ റേഷൻ അരിയുണ്ട്. പള്ളത്തിപിടിക്കുവാൻ ആൾക്കാരെയാണ് ഇപ്പോൾ കിട്ടാത്തത്. ഇനി ഇപ്പൊ മീൻ വിൽക്കുന്നവന്റെ കൈയിൽ നിന്ന്എങ്ങനെ വിശ്വസിച്ചു വാങ്ങും. അവനു വല്ല സൂക്കേടുമുണ്ടെങ്കിലോ. അതുകൊണ്ടു ആരും മീൻ വാങ്ങാതെയായി, മീൻ പിടിക്കാതെയായി. .....

ഉള്ളത് വച്ച് ദിവസം കഴിച്ചു കൂട്ടാൻ എല്ലാരും ശീലിച്ചിരിക്കുന്നു.

 

         

 കാറ്റിന്റെ ശക്തിയും മഴയുടെ ഇരമ്പലും കൂടിക്കൂടി വന്നു. തന്റെ ഓട്ടോയുടെ ലാംപിനു വെട്ടം കുറയുന്നത് പോലെ അയാൾക്ക്‌ തോന്നി. വഴി ഒട്ടും അയാൾക്ക് ദൃശ്യമല്ല. ലാംപ് ഒന്ന്  തുടച്ചാലോ. അയാൾ മഴക്കോട്ടു ഇട്ടു വണ്ടി നിർത്തി പുറത്തേക്കിറങ്ങി. പെട്ടെന്നെന്തോ ഒരു മുരൾച്ചയും മരത്തിന്റെ കൊമ്പൊടിയുന്ന ശബ്ദവും കേട്ടു. അയാൾ  മരത്തിനു മുകളിലേക്ക് നോക്കി.

                                       .

കറുത്ത കമ്പിളി പുതച്ച ഒരു അവ്യക്ത രൂപം  മരത്തിന്റെ ചില്ലയിൽ ഇരിക്കുന്നതുപോലെ അയാൾക്ക് തോന്നി. പേടി തോന്നിയെങ്കിലും പുറത്തു കാണിക്കാതെ അയാൾ ഉച്ചത്തിൽ ചോദിച്ചു ആരാ അത്? ആരാ മരത്തിനു മുകളിൽ ഈ മഴയത്ത്? ഉത്തരമൊന്നും കിട്ടിയില്ല. പകരം കണ്ടത് ആ രൂപം മെല്ലെ അതേ മരത്തിന്റെ മറ്റൊരുശാഖയിലോട്ടു ഇഴഞ്ഞു നീങ്ങുന്നു. അതിന്റെ കൈകളിൽ കൂർത്തനഖങ്ങളും രോമവും ഉള്ളത് അപ്പോഴുണ്ടായ മിന്നലിന്റെ വെളിച്ചത്തിൽ അവൻ വ്യക്തമായി കണ്ടു. എങ്കിലും ആരായിരിക്കും ഈ അസമയത്ത്. കുമരകത്തും ഉള്ള ഒട്ടുമിക്കവരും തന്നെ അറിയുന്നവരാണ്. പക്ഷേ ഇത്..? ഒന്നുകൂടി സ്വരം ഉയർത്തി അയാൾ വീണ്ടും ചോദിച്ചു ആരാണെന്നു ചോദിച്ചത് കേട്ടില്ലേ? എന്തിനു മഴ നനയുന്നു? ഇറങ്ങി വരൂ. ഞാൻ വീട്ടിൽ കൊണ്ടുചെന്നാക്കാം.

 

പെട്ടന്നൊരു കാറ്റു വീശിയതും ആരൂപം തന്റെ ഓട്ടോയിൽ ചാടിക്കയറിയതും അയാൾ കണ്ടു. ഒന്നും പറയാതെ ആയാലും വണ്ടിയിൽ കയറി വണ്ടി സ്ർറ്റാർട്ട് ആക്കി. കുമരകം റോഡിലൂടെ വണ്ടി മുന്നോട്ട് ഏകദേശം ഒരു കിലോമീറ്റർ മുന്നോട്ടുപോയ ശേഷം അയാൾ ചോദിച്ചു എവിടെയാണ് നിങ്ങൾക്ക് പോകേണ്ടത്? സ്‌ഥലം പറയൂ? ഉത്തരമൊന്നും അയാൾക്ക്‌ കിട്ടിയില്ല. മഴയുടെ ഇരമ്പലിൽ ആ ഉത്തരം ലയിച്ചുപോയതാവാമെന്നു അയാൾ വിചാരിച്ചു. പാലത്തിനടുത്തെത്തിയപ്പോൾ ഓട്ടോയ്ക്കു എന്തോഒരു പുളളിങ്‌ പവർ  കുറയുന്നത് പോലെ. വണ്ടി പെട്ടെന്ന് നിന്നു. അപ്പോഴേക്കും മഴ സ്വല്പം ശമിച്ചിരുന്നു. അയാൾ പുറകിലത്തെ സീറ്റ് ലേക്ക് നോക്കി . ആരെയും കാണാനില്ല. പകരം പാലത്തിനടുത്തുള്ള ആ വലിയ മരത്തിന്റെ ശിഖരങ്ങൾ ശക്തിയായി  ആടുന്നത് അയാൾ കണ്ടു.

 

പിറ്റേന്ന് രാവിലെ ബേക്കർ സായിപ്പിന്റെ ബംഗ്ലാവിനടുത്തൂടെ നടന്നു പോകുന്നവർ പിറുപിറുത്തു. കുറച്ചു നാൾ മുൻപ് അയർലണ്ടിൽ നിന്നെത്തിയ ഫ്രഡ്‌ഡി സായിപ്പിന്റെ കൂടെ നടന്നിരുന്ന ആ പയ്യന്റേതല്ലേ  ഈ ഓട്ടോ. കോട്ടയത്ത് ഏതോ ട്രാവെൽസിൽ കുറച്ചു നാൾ ടൂർ ഗൈഡായി ജോലിചെയ്തിരുന്നു.   ഈയിടെ ആണ് ഓട്ടോ വാങ്ങി ഓടിക്കാൻ തുടങ്ങിയത്. ഈ വാക്കുകൾ അവിടുത്തെ കാറ്റിലിളകി യാടുന്ന ഇലകൾ ഏറ്റുവാങ്ങുന്നത് പോലെ തോന്നി .  .

 

Content Summary : The Dark Hedges Shortstory By Manshad angalathil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com