ADVERTISEMENT

റോസ് (കഥ)

 

‘‘എടാ അപ്പു ഓടല്ലേടാ... നിക്ക്’’

 

‘‘ഓ... ഒന്ന് വേഗം വാ പെണ്ണേ ദാ... നോക്കിയേടി’’

 

‘‘ഹായ്... എന്ത് രസം ആണല്ലേ. മയിൽ പീലി വിടർത്തി നിൽക്കുന്ന കാണാൻ’’

 

‘‘ഹം വാ മഴക്കാറുണ്ട് തിരിച്ചു പോവാം’’

 

‘‘ഹാ.. വാ’’

 

രണ്ടു പേരും തിരിച്ചു വീട്ടിലേക്ക് നടന്നു. അപ്പുവും റോസും ചെറുപ്പം മുതലേ കൂട്ടുകാരാണ്. ഇണപിരിയാത്ത സുഹൃത്തുക്കൾ എന്നൊക്കെ വേണമെങ്കിൽ പറയാം. രണ്ടുപേർക്കും പിരിഞ്ഞിരിക്കാൻ വയ്യ. അത്രയും കൂട്ടാണ്. ഇന്നിപ്പോ തൊട്ടപ്പറത്തുള്ള തോട്ടത്തിൽ ഒരു മയിൽ പീലി വിടർത്തി നിൽക്കുന്നത് കാണാനായി പോയതാണ് രണ്ടു പേരും കൂടെ. ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും രണ്ടുപേരും വളർന്നു. ശരീരം വളർന്നതിനൊപ്പം മനസ്സും വളർന്നു. രണ്ടുപേർക്കും പരസ്പരം ഒരു ഇഷ്ടമൊക്കെയുണ്ട്. പക്ഷെ അവരുടെ സൗഹൃദത്തിന്റെ ആഴം ആ ഇഷ്ടത്തിനേക്കാൾ വലുതായതുക്കൊണ്ടാവാം രണ്ടുപേരും ആ ഇഷ്ടം തുറന്നുപറഞ്ഞില്ല. അങ്ങനെയിരിക്കെ ട്യൂഷൻ ക്ലാസ്സിൽ പുതിയതായി വന്ന ഒരു പെൺകുട്ടിയുമായി അപ്പു കൂട്ടായി. എന്തോ റോസിന് അത് ഇഷ്ടപ്പെട്ടില്ല. ഒന്നും രണ്ടും പറഞ്ഞ് രണ്ടു പേരും വഴക്ക് കൂടി.

 

‘‘നിനക്കിപ്പോ എന്നെ വേണ്ടല്ലോ’’ എന്നും പറഞ്ഞു റോസ് പിണങ്ങി പോയി.

 

അപ്പുവാണെങ്കിലോ ഇതു കേട്ട് ദേഷ്യം വന്നപ്പോ...‘‘ആ എനിക്കു വേണ്ട നിന്റെ കൂട്ട്.. നീ പൊക്കോ’’

 

എന്നും പറഞ്ഞു വീട്ടിലേക്ക് പോന്നു. രണ്ടു പേരും പൊതുവെ പിണങ്ങിയാലും ഉറങ്ങുന്നതിനു മുന്നേ വിളിച്ചു പിണക്കം തീർക്കാറുണ്ടായിരുന്നു. അന്നും പതിവുപോലെ പിണക്കം തീർക്കാൻ റോസ് വിളിച്ചു. പക്ഷെ വാശി കാരണം അവൻ ഫോൺ എടുത്തില്ല.

 

ഓഹോ.. ഇവൻ അത്രയ്ക്കയോ.. ഇവന്റെ പിണക്കം നാളെ തന്നെ മാറ്റിയിട്ടേ ഇനി വേറെന്തും ഉള്ളു എന്ന് മനസ്സിലുറപ്പിച്ച് റോസ് കിടന്നു. പിറ്റേന്ന് ശനിയാഴ്ച ആയിരുന്നു. തിങ്കൾ മുതൽ കൊല്ലപരീക്ഷ  തുടങ്ങും.അവനു ഏറ്റവും ഇഷ്ടമുള്ള തേൻമിട്ടായിയും വാങ്ങി അവൾ അവനെ കാണാൻ ചെന്നു. വീട്ടിൽ ചെന്നപ്പോൾ അവൻ ടിവി കാണുകയായിരുന്നു.

 

‘‘അപ്പൂ’’

 

അവൾ നീട്ടി വിളിച്ചു. അവൻ ആണെങ്കിൽ ഒന്നും കേൾക്കാത്ത ഭാവത്തിൽ മുഖവും വീർപ്പിച്ചിരുന്നു.

 

‘‘എടാ നിനക്ക് എന്നോട് മിണ്ടിയ എന്താടാ’’ എന്ന് ചോദിച്ച് അവൾ റിമോട്ട് എടുത്ത് ടിവി ഓഫ്‌ ചെയ്തു അവന്റെ അടുത്തേക്ക് ചെന്നു. കൈയിലിരുന്ന പൊതി അവനു നേരെ നീട്ടി. ഇതു കണ്ട്  കലി വന്ന അപ്പു ആ പൊതി തട്ടി തെറിപ്പിച്ചു മുറിയിൽ പോയി കതകടച്ചു.അവൾ കരഞ്ഞുകൊണ്ട് അവന്റെ മുറിക്കു പുറത്തു ചെന്നു നിന്നു.

 

‘‘എടാ.... സോറി... എന്നോട് മിണ്ടാതിരിക്കല്ലേ. പരീക്ഷ കഴിഞ്ഞാൽ ഞാൻ നാട്ടിൽ പോവും. പിന്നെ രണ്ടു മാസം കഴിയാതെ ഞാൻ വരില്ലാട്ടോ.... വാതിൽ തുറക്കെടാ’’

 

കുറെ നേരം കരഞ്ഞു പറഞ്ഞിട്ടും അവൻ വാതിൽ തുറന്നില്ല. എന്നാ ഇനി ഒരിക്കലും നീ എന്നോട് മിണ്ടണ്ട എന്നും പറഞ്ഞ് അവളും വീട്ടിൽ നിന്നും ഇറങ്ങി പോയി. പരീക്ഷ കഴിഞ്ഞു. റോസ് നാട്ടിലേക്ക് പോകാൻ ഒരുങ്ങി.

ഇനി 2 മാസം അവളെ കാണാതെ ഇരിക്കുന്ന കാര്യം ഓർത്തിട്ട് അപ്പുവിന് ഇരിക്കപ്പൊറുതി ഇല്ല. പിണക്കം തീർത്തിട്ട് അവളെ നാട്ടിലേക്ക് വിടാം എന്നു കരുതി ഉടനെ അവൻ അവളുടെ വീട്ടിലേക്ക്  പോയി. പക്ഷെ അവൻ ചെന്നപ്പോഴേക്കും അവൾ പോയിരുന്നു.വല്ലാത്ത കുറ്റബോധം തോന്നി അവന്.

 

വീട്ടിലേക്ക് വന്നു നേരെ ചെന്നു കിടന്നു. കരഞ്ഞു കരഞ്ഞു എപ്പഴോ അവൻ ഉറങ്ങി പോയി. പിറ്റേന്ന് രാവിലെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അപ്പു എണീക്കുന്നത്. ഫോണെടുത്ത് 

 

‘‘ഏഹ്ഹ്.... അയ്യോ.. എപ്പോ എന്റെ ഈശ്വര’’എന്ന് പറഞ്ഞ് അമ്മ  നിലവിളിക്കുന്നത് കണ്ട് അവൻ ഒന്നും മനസ്സിലാവാതെ നിന്നു. നാട്ടിലേക്ക് പോയ റോസിന്റെ കുടുംബം ഒരു അപകടത്തിൽ പെട്ടു. റോസ്  മാത്രം മരണപ്പെട്ടു.

അവനു തല പെരുക്കുന്നത്  പോലെ തോന്നി. പിണക്കം മാറ്റാൻ അവൾ പല വട്ടം വന്നിട്ടും അവളെ ഒഴിവാക്കി വിട്ടതിന്റെ കുറ്റബോധം കൊണ്ട് അവന്റെ ഉള്ളു നീറി. ഇനി ഒരിക്കലും മിണ്ടാൻ വരണ്ട എന്ന് അവൾ പറഞ്ഞത്   സത്യമായല്ലോ എന്നോർത്തു അവന്റെ മനസ്സ് തകർന്നു. റോസ് ഇല്ലാതെ അപ്പു വളർന്നു.പക്ഷെ ഇന്നും മനസ്സുകൊണ്ട് അവൻ അവളോട് മാപ്പ് ചോദിക്കുന്നുണ്ട്. രാത്രി ആകാശത്തു വിരിയുന്ന നക്ഷത്രങ്ങളുടെ ചിത്രം 

 ക്യാമറയിൽ    ഒപ്പിയെടുക്കുമ്പോൾ അതിലൊന്ന്  അവന്റെ കാന്താരി കൂട്ടുകാരി ആയിരിക്കും എന്ന്  മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുകയാണ് അപ്പു.

 

Content Summary : Rose Short Story By Livya Wilson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com