ADVERTISEMENT

വന്ധ്യം (കഥ)

വേച്ചു വേച്ചു നടക്കാൻ കഴിയുന്നുവെങ്കിലും ഉദരത്തിലൂടെ വേദന ഒരു കൊള്ളിയാനെ പോലെ ഇരച്ചു കയറുന്നുണ്ട്.അടഞ്ഞു കിടക്കുന്ന പീടിക നിരത്തിലൂടെ കയറിയും ഇറങ്ങിയും അവൻ അറ്റത്തുള്ള ഒരു സിമൻറ് തിണ്ണയിൽ അമർന്നിരുന്നു.കോൺക്രീറ്റിലൂടെ പടർന്നു കയറുന്ന തണുപ്പ് ഇടുപ്പിൻറെയും നാഭിയുടെയും വേദന പാരമ്യത്തിലെത്തിച്ചുകൊണ്ടിരുന്നു. ഇരു കാലുകളും ഇറുക്കി പിടിച്ച് അവൻ ഒന്ന് നിശബ്ദമായി ഓളിയിടാൻ ശ്രമിക്കുക മാത്രം ചെയ്തു.

 

ഇരുൾ പടർന്നു പിടിക്കുന്ന തെരുവിനെ അവൻ ഇമവെട്ടാതെ നോക്കി ഇരിക്കയാണ്.അടിവയറ്റിലെ എരിച്ചിൽ അവന്റെ കണ്ണുകളിൽ ഒരു ഉറവയായി പൊട്ടിയൊലിച്ചു.ഒന്ന് മൂത്രമൊഴിക്കണം. നാഭിയിലൂടെ വേദന ഒരു ചുഴലിയായി അവന്റെ ലിംഗത്തെ പൊതിഞ്ഞപ്പോൾ വലതുകാൽ പൊക്കിവച്ച ശേഷം അവൻ നാവ് കടിച്ചു പിടിച്ചുകൊണ്ട് തലചായ്ച്ചു കിടന്നു. ബാൻഡേജിൽ പൊതിഞ്ഞു കെട്ടിയ ലിംഗത്തിലൂടെ തുള്ളികൾ ഇറ്റിറ്റു വീഴാൻ തുടങ്ങി. വേദനയുടെ അതിപ്രസരം അബോധാവസ്ഥയിലേക്ക് അവനെ റാഞ്ചിയെടുക്കാൻ ധൃതിപ്പെടുന്നുണ്ടായിരുന്നു. മുകളിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ദിവസങ്ങളായി പെറ്റു കിടക്കുന്ന പട്ടിക്കുഞ്ഞുങ്ങളുടെ ഞെരുക്കം അവന്റെ കാതുകളെ പോറിക്കൊണ്ട് കടന്നു പോയി. കുഞ്ഞുങ്ങൾ! ജീവിവർഗ്ഗത്തിൻറെ അസ്തിത്വം ഭാരമേൽക്കുന്നവർ.നിസ്സഹായനായി ചാഞ്ഞു കിടക്കുന്ന അവന്റെ മിഴികൾ ചാലുകളായി ഒലിച്ചുകൊണ്ടിരുന്നു.

 

തിണ്ണയുടെ ഓരത്തേക്കു ഒരു വലിയ വാഹനം വന്നു നിന്ന പോലെ. മുനിസിപ്പാലിറ്റിയുടെ പേര് പതിച്ച ഒരു വാൻ. ഭയന്ന് വിറച്ച അവൻ നിശബ്ദനായി ഇരുട്ടിലേക്ക് ഊളിയിട്ടു.അവൻറെ മൂത്രത്തിനൊപ്പം കിനിഞ്ഞു വന്ന ചോരത്തുള്ളികളുടെ നനവിൽ ചവിട്ടി രണ്ടു പേർ മുകളിലെ ശ്വാനക്കൂട്ടത്തെ ലക്ഷ്യമാക്കി ഗോവണി കയറി പോയി.

 

Content Summary : Vandhyam Shortstory By Shafeeque Ummer VC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com