ADVERTISEMENT

എന്റെ മഴപീലി (കഥ)

യാത്രയ്ക്കിടയിൽ കാറിന്റെ പിൻഭാഗത്തിരുന്ന് ഉണ്ണി കണ്ണടച്ച് മയങ്ങാൻ തുടങ്ങി. കുറച്ച് കാലങ്ങൾക്കുശേഷം തറവാട്ടിലേക്കുള്ള യാത്രയാണ്. അച്ഛനെയും അമ്മയേയും കാണണം. തറവാട്ടിലെത്താൻ ഇനിയും മൂന്നുമണിക്കൂർ യാത്രയുണ്ട്. ഉണ്ണി ഉറക്കത്തിലേക്ക് വഴുതിവീണു. സ്വപ്‌നങ്ങൾ കണ്ടു. നാലാം ക്ലാസ്സ്കാരന്റെ കുസൃതികൾ. ഉണ്ണിയും കൂട്ടുകാരൻ അരവിന്ദും ഒരുമിച്ചാണ് ക്ലാസ്സിൽ പോകുന്നത്. അച്ഛൻ രാവിലെ എഴുന്നേറ്റ് ആഹാരം ഉണ്ടാക്കും, കുളിപ്പിക്കും, സ്കൂളിൽ വിടാൻ മുഖത്ത് പൗഡറിട്ടുതരും യൂണിഫോം ഇട്ടുതരും ചോറുപാത്രം ബാഗിൽ വച്ചുതരും. ദൈവത്തോടൊപ്പമുള്ള അമ്മയുടെ ചിത്രത്തിന് മുൻപിൽ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതിനുശേഷം ഉണ്ണിയുടെ കൈപിടിച്ചു അച്ഛൻ വീട്ടിൽനിന്നും സ്കൂളിലേക്കിറങ്ങും.

 

ഉണ്ണി അവന്റെ അമ്മയെ നേരിൽ കണ്ടിട്ടില്ല. അതിന്റെ വിഷമവും ഉണ്ണിക്കുണ്ട്. അച്ഛൻ തന്നെയാണ് അമ്മയും. അമ്മയില്ലാത്തതിന്റെ കുറവ് അച്ഛൻ അറിയിച്ചിട്ടില്ല. എന്നാലും ചിലപ്പോഴൊക്കെ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചുപോയി. ക്ലാസ്സിൽ എല്ലാവരും അവരുടെയൊക്കെ അമ്മയെപറ്റി പറയുമ്പോൾ സ്വന്തം അമ്മയെ കാണാൻപറ്റിയിരുന്നെങ്കിൽ എന്നവന് തോന്നിപ്പോയി. സ്കൂളിന്റെ പടിവാതിൽവരെ അച്ഛൻ ഉണ്ണിയെ സൈക്കിളിൽ കൊണ്ടുവിടും. അവിടെന്ന് അരവിന്ദും ഉണ്ണിയും ഒരുമിച്ചാണ് ക്ലാസ്സിലേക്ക് പോകുന്നത്. 

 

ക്ലാസ്സിൽ പോകുന്നതിന് മുൻപ് ഉണ്ണിക്കും കൂട്ടുകാരനും ഉണ്ണീടെ അച്ഛൻ നാരങ്ങമിട്ടായി വാങ്ങിക്കൊടുക്കും. രണ്ടുപേരും മിട്ടായിനുണഞ്ഞു ചെറിയകാര്യങ്ങൾ പറഞ്ഞ് ക്ലാസ്സിൽപോകും. അങ്ങനെ ഒരുദിവസം ഓണപരീക്ഷയുടെ മാർക്ക് പറഞ്ഞു. ഉണ്ണി ബാക്കിയെല്ലാ വിഷയത്തിനും ജയിച്ചുവെങ്കിലും കണക്കിൽ തോറ്റു. ടീച്ചർ അച്ഛന്റെ ഒപ്പ് വാങ്ങിവരണം എന്ന് പറഞ്ഞപ്പോൾ ഉണ്ണി വളരെ സങ്കടപെട്ടുപോയി. അച്ഛൻ വഴക്കുപറയുമോ എന്നപേടി. സ്കൂൾവിട്ട് വരുമ്പോൾ അരവിന്ദ് ഉണ്ണിക്ക് ഒരു സൂത്രം കാണിച്ചുകൊടുത്തു. ഒരു മയിൽ‌പീലി ആയിരുന്നു അത്. ഈ മയിൽ‌പീലി ഒരു ബുക്കിൽവച്ച് അതിന് മുകളിൽ കുറച്ച് പൗഡർതട്ടി ഒരായ്ച്ച അടച്ചുവച്ചാൽ മയിൽ‌പീലി പ്രസവിക്കും. ഒരുപാട് മയിൽ‌പീലികളുണ്ടാകും. ആഗ്രഹങ്ങൾ സാധിച്ചുതരും. പക്ഷേ രണ്ടാഗ്രഹങ്ങൾ മാത്രമേ മയിൽ‌പീലി സാധിച്ചുതരികയുള്ളു. അരവിന്ദിന്റെ വാക്കുകൾ ഉണ്ണി വിശ്വസിച്ചു. 

 

ഉണ്ണി വീട്ടിലെത്തി. അച്ഛൻ പറമ്പിൽ വാഴ നടുകയായിരുന്നു. ഉണ്ണി അച്ഛന്റടുത്തേക്ക് പോയി അച്ഛനെ കെട്ടിപിടിച്ചു. അച്ഛൻ ഉണ്ണിക്ക് മുത്തം നൽകിയിട്ട് പടിയിൽനിന്ന് താഴെയിറക്കി ഉണ്ണിയുടെ കൈകൾക്കൊണ്ട് കദളിവാഴ നടുവീച്ചു. അതിനുശേഷം ഉണ്ണിയെ കുളുപ്പിച്ചു ആഹാരം വായിൽവച്ചുകൊടുത്തു ശേഷം അച്ഛന്റെ ചാരുകസേരയിൽ അച്ഛന്റെ നെഞ്ചത്തുകിടത്തി ഉറക്കി. അത്താഴത്തിനു മുൻപ് എഴുന്നേറ്റപ്പോഴാണ് ഉണ്ണി മയിൽ‌പീലിയെക്കുറിച്ച് ഓർത്തു. അവൻ ബാഗിലെ ബുക്കിൽനിന്നും മയിൽ‌പീലിയെടുത്തു വേറൊന്നും എഴുതാത്ത ബുക്കിൽ മയിൽ‌പീലിവച്ചിട്ട് അതിന് മുകളിൽ കുറച്ച് പൗഡർതട്ടി അടച്ചുവച്ചു. അതിന് താഴെ അവൻ തന്റെ രണ്ടാഗ്രഹങ്ങൾ എഴുതി. ഒന്നാമത്തെ ആഗ്രഹം എനിക്ക് ഒരുതവണയെങ്കിലും അമ്മയെ കാണണം. രണ്ടാമത്തെ ആഗ്രഹം ഈ ബുക്കിൽവയ്ക്കുന്ന കണക്കുപരീക്ഷയുടെ ഉത്തരകടലാസ്സിലെ മാർക്ക് കൂട്ടിത്തന് ജയിപ്പിക്കണം.

 

അത്താഴത്തിനുശേഷം ഉണ്ണി അച്ഛനെ ഉത്തരകടലാസ്സുകൾ കാണിച്ചു. കണക്കിന്റെ മാത്രം കിട്ടിയില്ല എന്ന് പറഞ്ഞു. അച്ഛൻ പറഞ്ഞു മോന് ഇത്തിരി മാർക്ക് കുറഞ്ഞാലും കുഴപ്പമൊന്നുമില്ല അച്ഛൻ വഴക്കൊന്നും പറയില്ല. മോൻ അടുത്ത പരീക്ഷക്ക് നന്നായി പഠിച്ചാൽമതി. എപ്പോഴും അച്ഛൻ പറയുന്നതിങ്ങനെയാണ് പക്ഷേ നാലാം ക്ലാസ്സിലെ കണക്കുപരീക്ഷക്ക് തോറ്റത് അച്ഛന്റടുത്തു പറയാൻ പേടിയായിരുന്നത്കൊണ്ടാണ് കിട്ടിയില്ല എന്നുപറഞ്ഞത്. അടുത്തദിവസം പതിവുപോലെ അച്ഛൻ കുളുപ്പിച്ച് റെഡിയാക്കി ശേഷം അമ്മയെ തൊഴുതു സ്കൂളിലേക്ക്പോയി. സ്കൂളിൽവച്ചു അരവിന്ദ് ഉണ്ണിയോട് ചോദിച്ചു നീ മയിൽ‌പീലി ബുക്കിൽ വച്ചോ. ഉണ്ണി ഉവ്വ് എന്നുപറഞ്ഞു. ഞാനും വച്ചു ഒരായ്ച്ച കഴിഞ്ഞു നോക്കുമ്പോൾ പ്രസവിക്കും അരവിന്ദ് പറഞ്ഞു. അന്ന് വൈകിട്ട് അച്ഛൻ സൈക്കിളുമായ് സ്കൂളിൽ വന്നു. ഉണ്ണിയെ സൈക്കിളിൽ കയറ്റി സൈക്കിൽചവിട്ടി. സുധാകരൻ അപ്പൂപ്പന്റെ കടയിൽ സൈക്കിൾ നിർത്തി കാൻഡിമാൻ മിട്ടായിയും ബാലരമയും വാങ്ങി.

 

അന്നൊക്കെ കാൻഡിമാൻ മിട്ടായിയുടെകൂടെ സ്റ്റിക്കർ കിട്ടും. ആ സ്റ്റിക്കർ മുറിയുടെ വാതിലിൽ ഒട്ടിച്ചാൽ രാത്രിയാകുമ്പോൾ തിളങ്ങും. പച്ചവെളിച്ചം വരും. ഉണ്ണി സ്റ്റിക്കറിലെ പച്ചവെളിച്ചം കണ്ട് ആനന്ദിച്ചു. രാത്രിയിൽ പവർഓഫ്‌ ആകുമ്പോൾ തിളക്കം കൂടുതലായി തോന്നും. കറന്റ് വന്നതിന്ശേഷം ഉണ്ണിക്ക് ഭക്ഷണം കൊടുത്തിട്ട് അച്ഛൻ നെഞ്ചത്തുകിടത്തിയുറക്കി. അങ്ങനെ ഒരായ്ച്ച കഴിഞ്ഞപ്പോൾ ഉണ്ണി ബുക്കിതുറന്നു നോക്കുമ്പോൾ അത്ഭുതം. മയിൽ‌പീലി പ്രസവിച്ചിരിക്കുന്നു. കൂടെ അമ്മയുടെ ഫോട്ടോയും ഉത്തരകടലാസ്സിൽ നാല് മാർക്കിന്‌ പകരം നാല്പതു മാർക്കും. ഉണ്ണി ഒരുപാട് സന്തോഷിച്ചു. അവൻ ഇക്കാര്യമത്രെയും അച്ഛനോട് പറഞ്ഞു. അച്ഛൻ ഉണ്ണിയോട് പറഞ്ഞു മോനെ മയിൽ‌പീലി ജീവിതത്തിൽ ഒരിക്കലേ പ്രസവിക്കുകയുള്ളു. മോന്റെ രണ്ടാഗ്രഹങ്ങളും മയിൽ‌പീലി സാധിച്ചുതന്നു. ഇനി കഠിന പ്രയത്നത്തിലൂടെ ആഗ്രഹങ്ങൾ സാധിക്കണം. അമ്മയെ കാണാൻ അതിയായ ആഗ്രഹം തോന്നുമ്പോൾ അമ്മ മോന്റെ മുൻപിൽ മഴയായി വരും. പഠിക്കണം, വളരണം ആഗ്രഹങ്ങൾക്ക് വേണ്ടി പ്രയത്നിക്കണം. ആ വാക്കുകൾ നാലാം ക്ലാസ്സ്കാരന്റെ മനസ്സിനെ സ്വാധീനിച്ചു. പിന്നെ അച്ഛൻ പലതവണയായി പറഞ്ഞുതന്ന ഈ വാക്കുകൾ അവനെ എങ്ങനെ ജീവിക്കണമെന്ന് പല സാഹചര്യങ്ങളിലും മനസിലാക്കി കൊടുത്തു. 

 

മകന്റെ ആഗ്രഹങ്ങൾക്ക് കോട്ടം വരാതിരിക്കാൻ കുഞ്ഞുമനസ്സ് വേദനിക്കാതിരിക്കാൻ അച്ഛൻ തന്നെയാണ് ഉണ്ണി ഒളിപ്പിച്ച് വച്ചത് കണ്ടതിനുശേഷം അമ്മയുടെ ഫോട്ടോവച്ചതും ഉത്തരകടലാസ്സിലെ മാർക്ക് കൂടുതലാക്കിയതും. ഉണ്ണി കണ്ണുതുറന്നു. കാർ തറവാട്ടിലേക്കിറങ്ങി. കാര്യസ്ഥൻ ശങ്കുണ്ണി നായർ ഓടിവന്ന് ഡിക്കിയിൽ നിന്നും സാധനങ്ങൾ എടുക്കാൻ ഡ്രൈവറെ സഹായിച്ചു. ഉണ്ണി കാറിൽ നിന്നിറങ്ങി ശങ്കുണ്ണിയോട് കുറച്ച് കുശലം പറഞ്ഞതിനുശേഷം തറവാട്ടിലേക്ക് കയറി. താൻ വരുന്നത് പ്രമാണിച്ച് ശങ്കുണ്ണി തറവാടൊക്കെ വൃത്തിയായി ഇട്ടിരിക്കുന്നു. ഉണ്ണി അച്ഛന്റെ ചാരുകസേരയിൽ ഇരുന്നു. ഭിത്തിയിലേക്ക് നോക്കി അച്ഛന്റെയും അമ്മേയുടെയും ചിത്രങ്ങൾ അടുത്തടുത്തായി ഭിത്തിയിൽ. പെട്ടെന്ന് കണ്ണ് നിറഞ്ഞുപോയി. ആ കണ്ണീരിന്റെ മങ്ങലിൽ ഇടതുവശത്തെ ചുമർത്തറയിൽ അമ്മ ഇരിക്കുന്നതായും ചാരുകസേരയുടെ തൊട്ടടുത്തായി അച്ഛൻ നിൽക്കുന്നതായും തോന്നി. 

 

മോനെ എന്തൊക്കെയുണ്ടെടാ വിശേഷങ്ങൾ. മോന് വല്ലപ്പോഴൊക്കെ അച്ഛനെയും അമ്മയേയും കാണാനായി വന്നൂടെ എന്നൊക്കെ അച്ഛനും അമ്മയും ചോദിക്കുന്നതുപോലെ തോന്നി. കണ്ണിലെ നീർത്തുള്ളി താഴെ പതിച്ചപ്പോൾ ചുറ്റും ആരെയും കണ്ടില്ല. ഉണ്ണി ചാരുകസേരയിൽ നിന്നെഴുനേറ്റു. അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിലേക്ക് പോയി. വിളക്ക് കത്തിച്ചു മനസുകൊണ്ട് സംസാരിച്ചു. പെട്ടെന്ന് മഴ പെയ്തുതുടങ്ങി. ഉണ്ണി സന്തോഷത്തോടെ ആ മഴ നനഞ്ഞു. എവിടെനിന്നോ ഒരു മയിൽ‌പീലി അസ്ഥിത്തറയിൽ വന്നുപതിച്ചു. ഉണ്ണി അതെടുത്തുകൊണ്ട് ഓർത്തു. ഈ മയിൽ‌പീലി എന്റെ അച്ഛനാണ്. അമ്മയുടെ ആനന്ദകണ്ണിരാണ് ഈ മഴയും. എന്റെ മയിൽ‌പീലി. അവൻ സ്വയം തിരുത്തി. അല്ല എന്റെ മഴപീലി. അച്ഛനും അമ്മയും.

 

English Summary : Ente Mazhapeeli Short Story By Aromal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com